പൗർണ്ണമി വ്രതം എങ്ങനെ? ഫലസിദ്ധി എന്താണ്?

Share this :

പൗർണ്ണമി വ്രതം:

കലണ്ടറിലോ അല്ലെങ്കിൽ ഏകീകരണമുള്ള നല്ലൊരു പഞ്ചാംഗത്തിലോ പൗർണ്ണമി (വെളുത്തവാവ്) എഴുതിയിരിക്കുന്ന ദിവസം പ്രഭാതത്തിൽ വ്രതം ആരംഭിക്കുക. തലേദിവസം പരിപൂർണ്ണമായി ഒരിക്കൽ ആവശ്യമില്ല. എന്നാൽ മത്സ്യ-മാംസങ്ങൾ-മദ്യം എന്നിവ ഒഴിവാക്കണം. ശാരീരിക ശുദ്ധിയും ഉണ്ടായിരിക്കണം. അശുദ്ധിയുള്ള സ്ത്രീകൾ ഏഴാംദിവസമായാൽ വ്രതം ആചരിക്കാം. പുലയുണ്ടെങ്കിൽ 15 രാത്രി കഴിഞ്ഞും, വാലായ്മ ഉണ്ടെങ്കിൽ 10 രാത്രി കഴിഞ്ഞും വ്രതം ആചരിക്കാം. ശ്രദ്ധിക്കുക: പുല, വാലായ്മ അവരവരുടെ സമുദായ ആചാരപ്രകാരം ചെയ്തുകൊള്ളണം.

പൗർണ്ണമി വ്രതം ആരംഭിക്കുന്നത് ഓരോ മാസത്തിലെയും പൗർണ്ണമി ദിനത്തിൽ സാധാരണയായി സൂര്യോദയത്തിന് മുമ്പ് കുളിച്ച് ശുദ്ധിയായി ക്ഷേത്രദർശനത്തോടെയാണ്. ക്ഷേത്രദർശനത്തിന് സാഹചര്യമില്ലെങ്കിൽ ദേവതകളെ ധ്യാനിച്ച് വ്രതം ആരംഭിക്കാവുന്നതുമാണ്. ഇത് ചന്ദ്രൻ പൗർണ്ണമി തിഥിയിൽ വരുമ്പോൾ അനുഷ്ഠിക്കുന്ന വ്രതമാണ്. ദേവീ-പ്രീതി, ദേവ-പ്രീതി, ഐശ്വര്യം, ദോഷശാന്തി, ആഗ്രഹസിദ്ധി എന്നിവക്കായി എല്ലാ മാസവും നോൽക്കാം, പ്രത്യേകിച്ചും 18 എണ്ണം ചിട്ടയായി നോറ്റാൽ ഫലം ലഭിക്കും. 41 പൗർണ്ണമിവ്രതം (ഏകദേശം മൂന്നര വർഷം) അതീവ ഫലസിദ്ധിയുണ്ടാക്കുമെന്ന് അനുഭവമുണ്ട്. ഇപ്രകാരം തന്റെ മകന്റെ വിദ്യാഭ്യാസം കഴിഞ്ഞാൽ ഉടൻ ഒരു തൊഴിൽ ലഭിക്കണമെന്ന പ്രാർത്ഥനയോടെ അതീവ ചിട്ടയോടെ 41 പൗർണ്ണമിവ്രതമെടുത്ത ഒരു ഭക്ത, നാല്പത്തിയൊന്നാമത്തെ തന്റെ പൗർണ്ണമിവ്രത ദിവസം ആ മകന് ക്യാമ്പസ് സെലക്ഷനിലൂടെ നല്ല ജോലി ലഭിച്ചതിന്റെ സന്തോഷവും ദേവീകടാക്ഷവും ഇന്നും നന്ദിയോടെ സ്മരിക്കുന്നത് ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന് നേരിട്ട് അറിവുള്ളതാകുന്നു.

എങ്ങനെ അനുഷ്ഠിക്കണം?

പ്രഭാത സ്നാനം: സൂര്യോദയത്തിന് മുൻപ് എഴുന്നേറ്റ് കുളിച്ച് ശുദ്ധിയാകുക.

ക്ഷേത്രദർശനം: അടുത്തുള്ള ക്ഷേത്രത്തിൽ പോയി ദേവിയെ തൊഴുക, വഴിപാടുകൾ കഴിക്കുക.

ജപം: ദേവി സ്തുതികൾ, ലളിതാ സഹസ്രനാമം, അല്ലെങ്കിൽ മൂലമന്ത്രങ്ങൾ ജപിക്കുക.

വ്രതാനുഷ്ഠാനം: ഒരിക്കലൂണ് മാത്രം കഴിക്കുക, അല്ലെങ്കിൽ പഴങ്ങൾ മാത്രം കഴിക്കുക, രാത്രിയിൽ അരിയാഹാരം ഒഴിച്ച് മറ്റ് ഭക്ഷണമാകാം. എന്നാൽ രാത്രി ഭക്ഷണം പൊതുവെ ഒഴിവാക്കുന്നതാണ് ആചാരം. രോഗാവസ്‌ഥയുള്ളവരും കുട്ടികൾക്ക് മുലപ്പാൽ നൽകുന്നവരും അത്യാവശ്യം ഭക്ഷണം കഴിക്കണം.

സന്ധ്യാ പൂജ: സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ദേവി നാമങ്ങൾ ജപിക്കുക.

പൗർണ്ണമി വ്രതത്തിന്റെ ഗുണങ്ങൾ:

ദുരിതശാന്തിയും ഇഷ്ടകാര്യസിദ്ധിയും: 18 മാസം ചിട്ടയായി നോറ്റാൽ ഫലം ഉറപ്പ്.

ചന്ദ്രദോഷ പരിഹാരം: ജാതകത്തിലെ ചന്ദ്രന്റെ ദോഷം കുറയ്ക്കാൻ സഹായിക്കും.

വിദ്യാർത്ഥികൾക്ക് ഗുണം: പഠനത്തിൽ ഉയർച്ച നൽകുന്നു.

ഐശ്വര്യവും ആരോഗ്യവും: സമ്പൽ സമൃദ്ധിയും ആയുരാരോഗ്യ സൗഖ്യവും ലഭിക്കും.

മാതൃ-പിതൃ സ്ഥാനീയർക്ക്: മംഗല്യവതികൾ മുക്കുറ്റി ചൂടുന്നത് ഭർതൃസുഖത്തിനും പുത്രഭാഗ്യത്തിനും നല്ലതാണ്.

പൗർണ്ണമി വ്രതം എന്തിന്?

ഓരോ മാസത്തെയും പൗർണ്ണമി വ്രതത്തിന് ഹിന്ദു ധർമ്മത്തിൽ വലിയ പ്രാധാന്യമാണുള്ളത്. മനസ്സിന്റെ കാരകനായ ചന്ദ്രൻ പൂർണ്ണരൂപത്തിൽ പ്രകാശിക്കുന്ന ദിനമായതിനാൽ, ഈ ദിവസം നടത്തുന്ന പ്രാർത്ഥനകൾക്കും വ്രതാനുഷ്ഠാനങ്ങൾക്കും ഫലം ഇരട്ടിയാണ്.

പൗർണ്ണമി വ്രതം-ഓരോ മാസത്തെയും ഫലങ്ങൾ:

ഓരോ മാസത്തെയും പൗർണ്ണമി വ്രതം അനുഷ്ഠിച്ചാലുള്ള പ്രത്യേക ഫലങ്ങൾ താഴെ പറയും വിധമാണ്:

ചിങ്ങം: സമ്പൽസമൃദ്ധി, കുടുംബത്തിൽ ഐശ്വര്യം.

കന്നി: ശത്രുദോഷ ശമനം, വിജയപ്രാപ്തി.

തുലാം: രോഗശാന്തി, ദീർഘായുസ്സ്.

വൃശ്ചികം: പാപമോചനം, മാനസിക ശാന്തി.

ധനു: ഭക്തി വർദ്ധനവ്, സൽസന്താന ഭാഗ്യം.

മകരം: പിതൃക്കളുടെ അനുഗ്രഹം, തൊഴിൽ പുരോഗതി.

കുംഭം: വിദ്യാലാഭം, പാണ്ഡിത്യം.

മീനം: ദാമ്പത്യ സൗഖ്യം, വിവാഹ തടസ്സങ്ങൾ നീങ്ങുക.

മേടം: കർമ്മഗുണം, അധികാര പ്രാപ്തി.

ഇടവം: സുഖഭോഗങ്ങൾ, ഭൂമി ലാഭം.

മിഥുനം: ബുദ്ധിശക്തി വർദ്ധിക്കുക, കലാരംഗത്ത് ശോഭിക്കുക.

കർക്കടകം: മനഃശക്തി, മാതൃസൗഖ്യം.

തുടർച്ചയായ 41 പൗർണ്ണമി വ്രതമെടുത്താലുള്ള ഫലം:

പൗർണ്ണമി വ്രതം സാധാരണയായി ഒരു ദിവസമാണ് അനുഷ്ഠിക്കുന്നത്. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെ തുടർച്ചയായി 41 പൗർണ്ണമി വ്രതങ്ങൾ (ഏകദേശം മൂന്നര വർഷത്തോളം) മുടങ്ങാതെ അനുഷ്ഠിക്കുന്നത് അതിശക്തമായ ഫലങ്ങൾ നൽകുമെന്ന് ഗുരുനാഥന്മാർ പറഞ്ഞിട്ടുണ്ട്. ഇതിന് വ്യക്തമായതും നിർദ്ദോഷകരവുമായ ഒരു ആഗ്രഹവും കൂടി ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, സന്താനങ്ങളുടെ ഉന്നതിക്ക് അല്ലെങ്കിൽ സ്വഭാവദൂഷ്യം മാറാൻ അതുമല്ലെങ്കിൽ തൊഴിൽ വിജയത്തിന് അങ്ങനെ അതിപ്രധാനമായ ഒരു കാര്യത്തിനായി മാത്രമാണ് 41 പൗർണ്ണമിവ്രതം വിശ്വാസികൾ അനുഷ്ഠിക്കുന്നത്.

ആഗ്രഹസാഫല്യം: കഠിനമായ വ്രതാനുഷ്ഠാനത്തിലൂടെ മനസ്സിനെ ഏകാഗ്രമാക്കുന്നത് വഴി അസാധ്യമായ കാര്യങ്ങൾ പോലും സാധ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഗ്രഹദോഷ ശാന്തി: ജാതകത്തിലെ ചന്ദ്രദോഷം, ശനിദോഷം എന്നിവ പരിഹരിക്കാൻ ഈ ദീർഘകാല വ്രതം ഉത്തമമാണ്.

ആത്മീയ ഉന്നതി: തുടർച്ചയായ വ്രതം മനസ്സിനെ ശുദ്ധീകരിക്കുകയും ദൈവീക ചിന്തകളിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നു.

കുറിപ്പ്: സാധാരണയായി 18 പൗർണ്ണമികൾ തുടർച്ചയായി അനുഷ്ഠിക്കുന്ന രീതിയും നിലവിലുണ്ട്. 41 എന്നത് അതീവ ഭക്തിയോടെ ചെയ്യേണ്ട ഒന്നാണ്.

വ്രതാനുഷ്ഠാന രീതി:

ശുദ്ധി: പൗർണ്ണമി ദിവസം പുലർച്ചെ കുളിച്ച് വെളുത്ത വസ്ത്രം ധരിക്കുക. തലേന്ന് ഒരിക്കൽ നിർബ്ബന്ധമല്ല. എന്നാൽ ശുദ്ധമായിരിക്കണം.

ഉപവാസം: പകൽ പൂർണ്ണമായും ഉപവസിക്കുകയോ അല്ലെങ്കിൽ ഒരിക്കൽ (ഒരു നേരം അരിഭക്ഷണം) അനുഷ്ഠിക്കുകയോ ചെയ്യാം. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്തെന്നാൽ ആദ്യ ദിവസം ഉച്ചയ്ക്ക് എന്ത് ഭക്ഷണമാണോ കഴിച്ചത്, അതേ ഭക്ഷണം തന്നെയാണ് പിന്നെയുള്ള എല്ലാ പൗർണ്ണമി ഉപവാസത്തിലും തുടരുകതന്നെ ചെയ്യണമെന്നത് നിർബ്ബന്ധമാകുന്നു. പ്രഭാതത്തിലും സന്ധ്യക്കും മറ്റ് ഭക്ഷണം കഴിക്കാം. ഏത് വ്രതത്തിലും മൂന്ന് നേരം സ്നാനവും മൂന്ന് നേരം പ്രാർത്ഥനയും നിർബ്ബന്ധമാണ്. സാധിക്കുന്നവർ അപ്രകാരം ചെയ്യണം. അതിന് സാധിക്കാത്തവർ വിഷമിക്കേണ്ടതില്ല. പകരം ശുദ്ധമനസ്സോടെ മന്ത്രജപം നടത്തുകയോ ശ്രവിക്കുകയോ മതി.

പൗർണ്ണമി ദിവസം പഴങ്ങൾ മാത്രം കഴിച്ചും ചില വിശ്വാസികൾ വ്രതം അനുഷ്ഠിക്കാറുണ്ട്. ഇതിന് ഫലപ്രാപ്തി കൂടുതലാണെന്ന് പൊതുവെ പറയപ്പെടുന്നു.

ആരാധന: ഭഗവതി (ദേവി), മഹാവിഷ്ണു അല്ലെങ്കിൽ സത്യനാരായണ സ്വാമിയെ ഭജിക്കുന്നത് അതീവ ഗുണകരമാണ്.

പ്രാർത്ഥനാ രീതി: പ്രഭാതത്തിൽ വിഷ്ണുസഹസ്രനാമം ജപിക്കണം. ശാരീരികക്ലേശം നീങ്ങാനാണ് പൗർണ്ണമിവ്രതം പിടിക്കുന്നതെകിൽ ധന്വന്തരീമൂർത്തിയെ ഭജിച്ചുകൊണ്ട് വിഷ്ണുസഹസ്രനാമം ജപിച്ച് തുടങ്ങണം. സന്ധ്യാസമയത്ത് നിലവിളക്ക് തെളിച്ച് വെളുത്ത പുഷ്പങ്ങൾ വെച്ച് ലളിതാസഹസ്രനാമം ജപിച്ച്, പ്രാർത്ഥിച്ച് വ്രതം അവസാനിപ്പിക്കാം. മറ്റ് സമയങ്ങളിൽ സഹസ്രനാമം ശ്രവിക്കാം അല്ലെങ്കിൽ മറ്റ് ദേവീമന്ത്രങ്ങളും ജപിക്കാം.

ശ്രീചക്രത്തിലെ ദേവതാസ്ഥാനങ്ങളെ പ്രകീർത്തിക്കുന്നതും അതീവ ശക്തിയുള്ളതുമായ ഒന്നാണ് ശ്രീ ദേവീ ഖഡ്ഗമാലാ സ്തോത്രം. ഇത് പാരായണം ചെയ്യുന്നത് ശ്രീചക്ര പൂജ നടത്തുന്നതിന് തുല്യമായ ഫലം നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഖഡ്ഗമാലാ സ്തോത്രം ജപിക്കുന്നതോ കേൾക്കുന്നതോ പൗർണ്ണമി വ്രതത്തിൽ നിർബ്ബന്ധമാകുന്നു.

പൗർണ്ണമി വ്രതത്തിൽ തീർച്ചയായും ജപിക്കുകയോ കേൾക്കുകയോ ചെയ്യേണ്ടതായ “ഖഡ്ഗമാലാ സ്തോത്രം” വിശ്വാസികളുടെ അറിവിലേക്കായി ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം ചുവടെ എഴുതുന്നു:

ശ്രീ ദേവീ ഖഡ്ഗമാലാ സ്തോത്രം:

ധ്യാനം: “ധ്യായാമി ദേവീം നവചക്രരൂപിണീം, ശ്രീചക്രരാജനിലയാം ശ്രിതകാമധേനും. പ്രകാശവിമർശമയീം പ്രസന്നവദനാം, പരമാനന്ദരൂപിണീം പരദേവതാം.”

പ്രാർത്ഥന:

ഹ്രീങ്കാര സരസിജ ശൃംഗാന്തര പ്രസന്ന രൂപാം | ശ്രീചക്ര രാജ രഥാരൂഢാം ലളിതാംബികാം വിഭാവയാമി ||

ന്യാസം:

ഐം ഹ്രീം ക്ലീം സൗഃ | ഹ്രീം ശ്രീം ഐം ക്ലീം സൗഃ | ശ്രീ വിദ്യാം ച പ്രണമാമി | നമസ്തേ ത്രിപുരസുന്ദരി | വിശ്വമാതാ | വിശ്വപ്രസവിത്രീ | വിശ്വധാത്രീ | വിശ്വസംഹർത്രീ | നിത്യാ | ക്ലിന്നാ | മദദ്രവാ | കാമേശ്വരീ | മോഹിനീ | കാമരൂപിണീ | ഭഗവതീ | സർവ്വഭൂതഹൃദയാ | വാഗ്‌ദേവതാ | അശ്വാരൂഢാ | രാജമാതംഗീ |

ആവരണ ദേവതകൾ:

1. പ്രഥമാവരണ ദേവതകൾ (ത്രൈലോക്യമോഹന ചക്രം): അണിമാ സിദ്ധേ | ലഘിമാ സിദ്ധേ | മഹിമാ സിദ്ധേ | ഈശിത്വ സിദ്ധേ | വശിത്വ സിദ്ധേ | പ്രകാമ്യ സിദ്ധേ | ഭുക്തി സിദ്ധേ | ഇച്ഛാ സിദ്ധേ | പ്രാപ്തി സിദ്ധേ | സർവ്വകാമ സിദ്ധേ | ബ്രഹ്മീ | മാഹേശ്വരീ | കൗമാരീ | വൈഷ്ണവീ | വാരഹീ | മാഹേന്ദ്രീ | ചാമുണ്ഡേ | മഹാലക്ഷ്മീ | സർവ്വസംക്ഷോഭിണീ | സർവ്വവിദ്രാവിണീ | സർവ്വാകർഷിണീ | സർവ്വവശങ്കരീ | സർവ്വോന്മാദിനീ | സർവ്വമഹാങ്കുശേ | സർവ്വഖേചരീ | സർവ്വബീജേ | സർവ്വയോനേ | സർവ്വത്രിഖണ്ഡേ | ത്രൈലോക്യമോഹന ചക്രസ്വാമിനീ | പ്രകട യോഗിനീ |

2. ദ്വിതീയാവരണ ദേവതകൾ (സർവ്വാശാപരിപൂരക ചക്രം): കാമാകർപ്പിണീ | ബുദ്ധ്യാകർപ്പിണീ | അഹങ്കാരാകർപ്പിണീ | ശബ്ദാകർപ്പിണീ | സ്പർശാകർപ്പിണീ | രൂപാകർപ്പിണീ | രസാകർപ്പിണീ | ഗന്ധാകർപ്പിണീ | ചിത്താകർപ്പിണീ | ധൈര്യാകർപ്പിണീ | സ്മൃത്യാകർപ്പിണീ | നാമാകർപ്പിണീ | ബീജാകർപ്പിണീ | ആത്മാകർപ്പിണീ | അമൃതാകർപ്പിണീ | ശരീരാകർപ്പിണീ | സർവ്വാശാപരിപൂരക ചക്രസ്വാമിനീ | ഗുപ്ത യോഗിനീ |

3. തൃതീയാവരണ ദേവതകൾ (സർവ്വസംക്ഷോഭണ ചക്രം): അനംഗകുസുമേ | അനംഗമേഖലേ | അനംഗമദനേ | അനംഗമദനാതുരേ | അനംഗരേഖേ | അനംഗവേഗിനീ | അനംഗാങ്കുശേ | അനംഗമാലിനീ | സർവ്വസംക്ഷോഭണ ചക്രസ്വാമിനീ | ഗുപ്തതര യോഗിനീ |

4. ചതുർത്ഥാവരണ ദേവതകൾ (സർവ്വ സൗഭാഗ്യദായക ചക്രം): സർവ്വസംക്ഷോഭിണീ | സർവ്വവിദ്രാവിണീ | സർവ്വാകർഷിണീ | സർവ്വഹ്ലാദനീ | സർവ്വസംമോഹിനീ | സർവ്വസ്തംഭിനീ | സർവ്വജൃംഭിണീ | സർവ്വവശങ്കരീ | സർവ്വരഞ്ജിനീ | സർവ്വോന്മാദിനീ | സർവ്വാർത്ഥസാധികേ | സർവ്വസമ്പത്തിപൂരിണീ | സർവ്വമന്ത്രമയീ | സർവ്വദ്വന്ദ്വക്ഷയങ്കരീ | സർവ്വ സൗഭാഗ്യദായക ചക്രസ്വാമിനീ | സമ്പ്രദായ യോഗിനീ |

5. പഞ്ചമാവരണ ദേവതകൾ (സർവ്വാർത്ഥസാധക ചക്രം): സർവ്വസിദ്ധിപ്രദേ | സർവ്വസമ്പത്പ്രദേ | സർവ്വപ്രിയങ്കരീ | സർവ്വമംഗളകാരിണീ | സർവ്വകാമപ്രദേ | സർവ്വദുഃഖവിമോചനീ | സർവ്വമൃത്യുപ്രശമനീ | സർവ്വവിഘ്നനിവാരിണീ | സർവ്വാംഗസുന്ദരീ | സർവ്വ സൗഭാഗ്യദായനീ | സർവ്വാർത്ഥസാധക ചക്രസ്വാമിനീ | കുലോത്തീർണ്ണ യോഗിനീ |

6. ഷഷ്ഠാവരണ ദേവതകൾ (സർവ്വരക്ഷാകര ചക്രം): സർവ്വജ്ഞേ | സർവ്വശക്തേ | സർവ്വൈശ്വര്യപ്രദായിനീ | സർവ്വജ്ഞാനമയീ | സർവ്വവ്യാധിവിനാശിനീ | സർവ്വാധാരസ്വരൂപേ | സർവ്വപാപഹരേ | സർവ്വാനന്ദമയീ | സർവ്വരക്ഷാസ്വരൂപിണീ | സർവ്വപ്സിതപ്രദേ | സർവ്വരക്ഷാകര ചക്രസ്വാമിനീ | നിഗർഭ യോഗിനീ |

7. സപ്തമാവരണ ദേവതകൾ (സർവ്വരോഗഹര ചക്രം): വശിനീ | കാമേശ്വരീ | മോദിനീ | വിമലേ | അരുണേ | ജയിനീ | സർവ്വേശ്വരീ | കൗളിനീ | സർവ്വരോഗഹര ചക്രസ്വാമിനീ | രഹസ്യ യോഗിനീ |

8. അഷ്ടമാവരണ ദേവതകൾ (സർവ്വസിദ്ധിപ്രദ ചക്രം): ബാണിനീ | ചാപിനീ | പാശിനീ | അങ്കുശിനീ | മഹാകാമേശ്വരീ | മഹാത്രിപുരസുന്ദരീ | സർവ്വസിദ്ധിപ്രദ ചക്രസ്വാമിനീ | അതിരഹസ്യ യോഗിനീ |

9. നവമാവരണ ദേവതകൾ (സർവ്വാനന്ദമയ ചക്രം): ശ്രീ ശ്രീ മഹാഭട്ടാരികേ | സർവ്വാനന്ദമയ ചക്രസ്വാമിനീ | പരാപരരഹസ്യ യോഗിനീ |

ശ്രീ ദേവി ഖഡ്ഗമാലാ സ്തോത്രം:

(എല്ലാ ഭക്തർക്കും ജപിക്കാനായി സ്തോത്രം ചുവടെ എഴുതുന്നു. പ്രത്യേകിച്ച് പൗർണ്ണമി വ്രതം ആചരിക്കുന്നവരും മറ്റ് ദേവീ ഭക്തർക്കും ശ്രീ ദേവി ഖഡ്ഗമാലാ സ്തോത്രം ജപിക്കാം)

ധ്യാനം (ആദ്യം ഒരു പ്രാവശ്യം ജപിക്കണം):

താദൃശീം ലളിതാം രൂപാം വിചിന്തയേത് സദാ ബുധഃ |
സച്ചിദാനന്ദ രൂപാം താം പരാശക്തിം പരാംബികാം ||

സ്തോത്രം:

ഓം ഐം ഹ്രീം ശ്രീം ഐം ക്ലീം സൗഃ ഓം നമസ്ത്രിപുരസുന്ദരി,
ഹൃദയദേവി, ശിരോദേവി, ശിഖാദേവി, കവചദേവി, നേത്രദേവി, അസ്ത്രദേവി,
കാമേശ്വരി, ഭഗമാലിനി, നിത്യക്ലിന്നേ, ഭേരുണ്ഡേ, വഹ്നിവാസിനി,
മഹാവജ്രേശ്വരി, ശിവദൂതി, ത്വരിതേ, കുലസുന്ദരി, നിത്യേ, നീലപതാകേ,

വിജയേ, സർവ്വമംഗളേ, ജ്വാലാമാലിനി, ചിത്രേ, മഹാനിത്യേ,
പരമേശ്വരപരമേശ്വരി, മിത്രേശമയി, ഷഷ്ഠീശമയി, ഉദ്ഡീശമയി,
ചര്യാനാഥമയി, ലോപാമുദ്രാമയി, അഗസ്ത്യമയി,
കാലതാപശമയി, ധർമ്മാചാര്യമയി, മുക്തകേശീശ്വരമയി, ദീപകലാനാഥമയി,

വിഷ്ണുദേവമയി, പ്രഭാകരദേവമയി, തേജോദേവമയി, മനോജദേവമയി,
കല്ല്യാണദേവമയി, വാസുദേവമയി, രത്നദേവമയി, ശ്രീരാമാനന്ദമയി,
അണിമാസിദ്ധേ, ലഘിമാസിദ്ധേ, ഗരിമാസിദ്ധേ, മഹിമാസിദ്ധേ,
ഈശിത്വസിദ്ധേ, വശിത്വസിദ്ധേ, പ്രാകാമ്യസിദ്ധേ, ഭുക്തിസിദ്ധേ,

ഇച്ഛാസിദ്ധേ, പ്രാപ്തിസിദ്ധേ, സർവ്വകാമസിദ്ധേ, ബ്രാഹ്മി,
മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, മാഹേന്ദ്രി, ചാമുണ്ഡേ,
മഹാലക്ഷ്മി, സർവ്വസങ്ക്ഷോഭിണി, സർവ്വവിദ്രാവിണി, സർവ്വാകർഷിണി,
സർവ്വവശങ്കരി, സർവ്വോന്മാദിനി, സർവ്വമഹാങ്കുശേ, സർവ്വഖേചരി, സർവ്വബീജേ,

സർവ്വയോനേ, സർവ്വത്രിഖണ്ഡേ, ത്രൈലോക്യമോഹന ചക്രസ്വാമിനി, പ്രകടയോഗിനി,
കാമാകർഷിണി, ബുദ്ധ്യാകർഷിണി, അഹങ്കാരാകർഷിണി, ശബ്ദാകർഷിണി,
സ്പർശാകർഷിണി, രൂപാകർഷിണി, രസാകർഷിണി, ഗന്ധാകർഷിണി,
ചിത്താകർഷിണി, ധൈര്യാകർഷിണി, സ്മൃത്യാകർഷിണി, നാമാകർഷിണി,

ബീജാകർഷിണി, ആത്മാകർഷിണി, അമൃതാകർഷിണി, ശരീരാകർഷിണി,
സർവ്വാശാപരിപൂരകചക്രസ്വാമിനി, ഗുപ്തയോഗിനി,
അനംഗകുസുമേ, അനംഗമേഖലേ, അനംഗമദനേ, അനംഗമദനാതുരേ,
അനംഗരേഖേ, അനംഗവേഗിനി, അനംഗാങ്കുശേ, അനംഗമാലിനി,

സർവ്വസങ്ക്ഷോഭണചക്രസ്വാമിനി, ഗുപ്തതരയോഗിനി,
സർവ്വസങ്ക്ഷോഭിണി, സർവ്വവിദ്രാവിനി, സർവ്വാകർഷിണി, സർവ്വഹ്ലാദിനി,
സർവ്വസമ്മോഹിനി, സർവ്വസ്തംഭിനി, സർവ്വജൃംഭിണി, സർവ്വവശങ്കരി,
സർവ്വരഞ്ജനി, സർവ്വോന്മാദിനി, സർവ്വാർത്ഥസാധികേ, സർവ്വസമ്പത്തിപൂരിണി,

സർവ്വമന്ത്രമയി, സർവ്വദ്വന്ദ്വക്ഷയങ്കരി, സർവ്വസൗഭാഗ്യദായകചക്രസ്വാമിനി,
സമ്പ്രദായയോഗിനി, സർവ്വസിദ്ധിപ്രദേ, സർവ്വസമ്പത്പ്രദേ, സർവ്വപ്രിയങ്കരി,
സർവ്വമംഗളകാരിണി, സർവ്വകാമപ്രദേ, സർവ്വദുഃഖവിമോചനി, സർവ്വമൃത്യുപ്രശമനി,
സർവ്വവിഘ്നനിവാരിണി, സർവ്വാംഗസുന്ദരി, സർവ്വസൗഭാഗ്യദായിനി,

സർവ്വാർത്ഥസാധകചക്രസ്വാമിനി, കുലോത്തീർണ്ണയോഗിനി,
സർവ്വജ്ഞേ, സർവ്വശക്തേ, സർവ്വൈശ്വര്യപ്രദായിനി, സർവ്വജ്ഞാനമയി,
സർവ്വവ്യാധിവിനാശിനി, സർവ്വാധാരസ്വരൂപേ, സർവ്വപാപഹരേ,
സർവ്വാനന്ദമയി, സർവ്വരക്ഷാസ്വരൂപിണി, സർവ്വേപ്സിതഫലപ്രദേ,

സർവ്വരക്ഷാകരചക്രസ്വാമിനി, നിഗർഭയോഗിനി, വശിനി, കാമേശ്വരി,
മോദിനി, വിമലേ, അരുണേ, ജയിനി, സർവ്വേശ്വരി, കൗലിനി,
സർവ്വരോഗഹരചക്രസ്വാമിനി, രഹസ്യയോഗിനി,
ബാണിനി, ചാപിനി, പാശിനി, അങ്കുശിനി, മഹാകാമേശ്വരി,

മഹാവജ്രേശ്വരി, മഹാഭഗമാലിനി, സർവ്വസിദ്ധിപ്രദചക്രസ്വാമിനി, അതിരഹസ്യയോഗിനി,
ശ്രീ ശ്രീമഹാഭട്ടാരികീ, സർവ്വാനന്ദമയചക്രസ്വാമിനി, പരാപരാതിരഹസ്യയോഗിനി,
ത്രിപുരേ, ത്രിപുരേശി, ത്രിപുരസുന്ദരി, ത്രിപുരവാസിനി, ത്രിപുരാശ്രീഃ, ത്രിപുരമാലിനി,
ത്രിപുരാസിദ്ധേ, ത്രിപുരാംബ, മഹാത്രിപുരസുന്ദരി, മഹാമഹേശ്വരി, മഹാമഹാരാജ്ഞി,

മഹാമഹാശക്തേ, മഹാമഹാഗുപ്തേ, മഹാമഹാജ്ഞപ്തേ, മഹാമഹാനന്ദേ,
മഹാമഹാസ്കന്ധേ, മഹാമഹാശയേ, മഹാമഹാ ശ്രീചക്രനഗരസാമ്രാജ്ഞി,
നമസ്തേ നമസ്തേ നമസ്തേ നമഃ |

പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ:

ഈ സ്തോത്രം ഭക്തിപൂർവ്വം ജപിക്കുന്നത് ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങാനും ഐശ്വര്യം വർദ്ധിക്കാനും സഹായിക്കും. ജാതകവശാൽ ചന്ദ്രൻ, വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളുടെ ദോഷങ്ങൾ അനുഭവിക്കുന്നവർക്ക് ഈ സ്തോത്ര പാരായണം വലിയൊരു ആശ്വാസമായിരിക്കും.

ഖഡ്ഗമാലാ സ്തോത്രം ജപിച്ചാലുള്ള ഫലങ്ങൾ:

ശത്രുദോഷ ശമനം: ഖഡ്ഗം എന്നാൽ വാൾ എന്നാണ് അർത്ഥം. ഈ സ്തോത്രം ഭക്തനെ സംരക്ഷിക്കുന്ന ഒരു കവചമായി (വാൾ പോലെ) പ്രവർത്തിക്കുന്നു.

ഐശ്വര്യം: ദാരിദ്ര്യം നീങ്ങാനും സാമ്പത്തിക അഭിവൃദ്ധിക്കുമായി ഇത് ജപിക്കാറുണ്ട്.

ശ്രീചക്ര പൂജാഫലം: നിത്യവും ശ്രീചക്ര പൂജ ചെയ്യാൻ കഴിയാത്തവർ ഖഡ്ഗമാലാ സ്തോത്രം ഭക്തിയോടെ ജപിച്ചാൽ ആ ഫലം ലഭിക്കും.

ശ്രദ്ധിക്കുക: ഈ സ്തോത്രം അതീവ ശക്തിയുള്ളതായതിനാൽ ശുദ്ധിയോടെയും ഏകാഗ്രതയോടെയും വേണം ജപിക്കാൻ. വ്യാഴാഴ്ചകളിലോ പൗർണ്ണമി ദിനങ്ങളിലോ ജപിക്കുന്നത് കൂടുതൽ ഗുണകരമാണ്.

പൗർണ്ണമി ദർശനം: സന്ധ്യക്ക് നിലവിളക്ക് തെളിച്ചശേഷം ചന്ദ്രനെ ദർശിച്ച് പ്രാർത്ഥിക്കുന്നത് വ്രതത്തിന്റെ പൂർണ്ണതയ്ക്ക് അത്യാവശ്യമാണ്. അപ്പോൾ “ഓം സോമായ നമഃ ഓം ഉമായൈ നമഃ” എന്ന മന്ത്രം 11 പ്രാവശ്യം ഭക്തിയോടെ ജപിക്കണം. കൈകൾ തലയ്ക്ക് മുകളിൽ കൂപ്പി ചന്ദ്രനെ ദർശിച്ച് മന്ത്രം ജപിക്കുന്നത് അത്യുത്തമം. എന്നാൽ കാലാവസ്‌ഥ മോശമായാൽ ചന്ദ്രബിംബം കാണാൻ സാധിച്ചെന്ന് വരില്ല. അപ്പോൾ ആയൊരു സങ്കല്പത്തിൽ പ്രാർത്ഥിച്ച് മന്ത്രം ജപിക്കണം.

മന്ത്രങ്ങൾ:

വ്രതസമയത്ത് താഴെ പറയുന്ന മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമമാണ്:

ദേവി മന്ത്രം: “സർവ്വമംഗള മാംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ”

ചന്ദ്ര മന്ത്രം: “ദധിശംഖ തുഷാരാഭം ക്ഷീരോദാർണ്ണവ സംഭവം നമാമി ശശിനം സോമം ശംഭോർ മകുട ഭൂഷണം”

പൗർണ്ണമി വ്രതം ആചരിക്കുന്ന എല്ലാ വിശ്വാസികൾക്കും ആശംസകൾ നേരുന്നു.

അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം.

Share this :