മുഹൂര്‍ത്തം

മുഹൂര്‍ത്തരാശി വളരെ പ്രധാനപ്പെട്ടതാകുന്നു. അശുഭമായ മുഹൂര്‍ത്തം സകലപുണ്യങ്ങളെയും ആട്ടിയകറ്റും. എന്നാല്‍ ശുഭകരമായ ഒരു മുഹൂര്‍ത്തം സകലദോഷങ്ങളെ നീക്കുകയും ചെയ്യും. ഒരാള്‍ക്ക് അത്യുത്തമം ആയൊരു മുഹൂര്‍ത്തം കിട്ടുകയെന്നത് മഹാഭാഗ്യമാണ്. മുഹൂര്‍ത്തത്തിലെ സകല കണക്കുകളും കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കുന്ന മുഹൂര്‍ത്തം തീര്‍ച്ചയായും നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുകതന്നെ ചെയ്യും. ചരട്കെട്ട് (പേരിടീല്‍ ചടങ്ങ്), ചോറൂണ്, കാത്കുത്ത്, വിദ്യാരംഭം, വിദ്യാഭ്യാസം, വിവാഹനിശ്ചയം, വിവാഹം, ഗൃഹാരംഭം, ഗൃഹപ്രവേശം, ആശുപത്രിയിലെ ചികിത്സ തുടങ്ങി എല്ലാ നല്ല കാര്യങ്ങളും ശുഭദിനത്തില്‍ ആരംഭിക്കുന്നത് ഉത്തമം ആയിരിക്കും.

ഉത്തമം ആയൊരു മുഹൂര്‍ത്തം ലഭിക്കുന്നതും, ആ മുഹൂര്‍ത്തത്തില്‍ കര്‍മ്മം ചെയ്യാന്‍ കഴിയുന്നതും മഹാഭാഗ്യം തന്നെയാകുന്നു. 

നാമകരണം (ചരടുകെട്ട്)

ജനിച്ച ദിവസം ഒന്ന്‍ എന്ന് കൂട്ടി, കൃത്യം ഇരുപത്തിയെട്ടാം ദിവസം എടുക്കണം. എന്നാല്‍ കുഞ്ഞിന്‍റെ ജന്മനക്ഷത്രദിവസം ഈ ചടങ്ങ് നടത്തുകയും ചെയ്യരുത്. മിക്കപ്പോഴും ഈ ദിവസം കുഞ്ഞിന്‍റെ നക്ഷത്രം വന്നേക്കാം. അങ്ങനെ വന്നാല്‍ ഒരു ദിവസം മുന്നോട്ടോ പിന്നോട്ടോ നല്ല ദിവസം നോക്കി മാറ്റണം. അതുകൊണ്ടാകാം, ആണ്‍കുഞ്ഞിന് 27 എന്നും പെണ്‍കുഞ്ഞിന് 28 എന്നും ഒരു തെറ്റിദ്ധാരണ വന്നത്.

അല്ലാതെ ആണിന് 27 എന്നും പെണ്ണിന് 28 എന്നും യാതൊരു കണക്കുമില്ല.

————————————-

അന്നപ്രാശം (ചോറൂണ്)

കുഞ്ഞിന് ആദ്യമായി ചോറൂണിന് ശുഭപ്രദമായ സമയങ്ങള്‍ ഇവയാണ്:

ജനിച്ച ദിവസം ഒന്ന്‍ എന്ന് കൂട്ടി, 149 ദിവസം മുതല്‍ അടുത്ത 34 ദിവസം വരെ (അതായത്, 149 ദിവസം മുതല്‍ 183 ദിവസം വരെ) ചോറൂണിന് വിധികാലമാണ്. അതിന് ശേഷം വരുന്ന 30 ദിവസം ഒഴിവാക്കണം. അതുകഴിഞ്ഞുവരുന്ന ദിവസങ്ങളും സ്വീകരിക്കാം.

ആണ്‍കുഞ്ഞിന് ഇത്ര മാസം, പെണ്‍കുഞ്ഞിന് ഇത്ര മാസം എന്നൊക്കെ ആളുകളുടെ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞുനടക്കുന്നതാണ്.

അങ്ങനെയെങ്കില്‍ ചോറൂണിന് ഉത്തമം:
————————————————–
1) കുട്ടി ജനിച്ച് 149 ദിവസം മുതല്‍ 183 ദിവസം വരെയും ഉത്തമം.
2) അല്ലെങ്കില്‍, 214 ദിവസം മുതല്‍ പിന്നെ എപ്പോഴും ഉത്തമം.

ചോറൂണിന് ഒഴിവാക്കേണ്ടവ:
—————————————
1) കുഞ്ഞിന്‍റെ ഏഴാംമാസം
2) ഹരിവാസരം
3) മുഹൂര്‍ത്തരാശിയില്‍ സൂര്യനോ ചന്ദ്രനോ പാടില്ല
4) നാലാംഭാവത്തില്‍ വ്യാഴം പാടില്ല
5) അഷ്ടമത്തില്‍ ചൊവ്വ പാടില്ല
6) ഒമ്പതില്‍ ബുധന്‍ പാടില്ല
7) പത്തില്‍ യാതൊരു ഗ്രഹവും പാടില്ല
8) മേടം, വൃശ്ചികം, മീനം എന്നീ രാശികള്‍ പാടില്ല
9) കുഞ്ഞിന്‍റെ ജന്മനക്ഷത്രം പാടില്ല
10) വിഷദ്രേക്കാണം പാടില്ല
11) മറ്റ് അശുഭങ്ങള്‍ (നക്ഷത്രം, തിഥി, ഗ്രഹണം മുതലായവ) പാടില്ല.

ഓര്‍ക്കേണ്ടവ:
—————–
മിക്ക ക്ഷേത്രങ്ങളിലും നമ്മുടെ മുഹൂര്‍ത്തത്തില്‍ ചോറൂണ് നടത്താല്‍ സാധിക്കണമെന്നില്ല. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ നമ്മള്‍ പാലിക്കുകതന്നെ ചെയ്യണം.

ഉത്തമമുഹൂര്‍ത്തം ലഭിക്കുന്നതും ആ മുഹൂര്‍ത്തത്തില്‍ കര്‍മ്മം ചെയ്യാന്‍ കഴിയുന്നതും മഹാഭാഗ്യം തന്നെയാകുന്നു.

വിദ്യാരംഭം

ക്ഷിപ്രനക്ഷത്രങ്ങൾ അത്യുത്തമവും ചര-മൃദു നക്ഷത്രങ്ങൾ ഉത്തമവും സ്‌ഥിരനക്ഷത്രങ്ങൾ മദ്ധ്യമവും ബാക്കിയുള്ളവ അശുഭങ്ങളും ആകുന്നു. ഉഭയരാശികൾ അത്യുത്തമവും എന്നാൽ അതിൽ മീനം രാശി മദ്ധ്യമവും (എന്നാൽ മീനം രാശിയിൽ ശുക്രനോ വ്യാഴമോ നിന്നാലോ വ്യാഴം ഏഴിൽ നിന്ന് ദൃഷ്ടി ചെയ്താലോ മീനം രാശിയും ഉത്തമം) ചരരാശികൾ മദ്ധ്യമവും സ്‌ഥിരരാശികൾ മോശവും ആകുന്നു. സൂര്യോദയരാശിയും ചന്ദ്രോദയരാശിയും ഞായറാഴ്ചയും തിങ്കളാഴ്ചയും മദ്ധ്യമം ആകുന്നു. സപ്തമി-ത്രയോദശി തിഥികളും മറ്റ് ഒഴിവാക്കേണ്ട തിഥികളെപ്പോലെ ഒഴിവാക്കുകയും ചെയ്യണം.

രാത്രിയെ മൂന്നായി ഭാഗിച്ചാൽ അതിന്റെ ആദ്യ രണ്ടുഭാഗങ്ങളും ഒഴിവാക്കണം. ബുധമൗഢ്യം, മുഹൂർത്തരാശിയുടെ അഷ്ടമത്തിൽ ചൊവ്വ, രണ്ടിലും അഞ്ചിലും പാപന്മാർ ഉള്ളപ്പോഴും ചൊവ്വാഴ്ചയും ശനിയാഴ്ചയും ജന്മനക്ഷത്രവും വിദ്യാരംഭത്തിന് ഒഴിവാക്കണം.

വിജയദശമി ദിനത്തിൽ ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ നടത്തപ്പെടുന്ന വിദ്യാരംഭത്തിന് കുഞ്ഞിന്റെ ജന്മനക്ഷത്രം നോക്കേണ്ടതുമില്ല. എന്നാൽ മറ്റ് ദിവസങ്ങളിലെ വിദ്യാരംഭത്തിന് ജന്മനക്ഷത്രം ഒഴിവാക്കണം.

വിദ്യാരംഭത്തിന്റെ അടുത്ത ദിവസം സാദ്ധ്യായ ദിവസവും ആയിരിക്കണം.

വിവാഹമുഹൂര്‍ത്തം 

ഊണ്‍നക്ഷത്രങ്ങള്‍, കറുത്തപക്ഷത്തിലെ അഷ്ടമിയും നല്ലത്, വ്യാഴ-ശുക്ര ഗ്രഹങ്ങളുടെ യൗവ്വനകാലം, ചിങ്ങം, തുലാം, വൃശ്ചികം, മകരം, മീനം പകുതിവരെയും, മേടം, ഇടവം, മിഥുനം എന്നീ മാസങ്ങളും വിവാഹത്തിന് ശുഭപ്രദം. 

മുഹൂര്‍ത്തരാശിയില്‍ ചന്ദ്രന്‍ പാടില്ല. അഷ്ടമത്തില്‍ രാഹുവോ ചൊവ്വയോ പാടില്ല. ഏഴില്‍ യാതൊരു ഗ്രഹവും പാടില്ല. കര്‍ക്കിടകം, കന്നി, ധനു, കുംഭം, മീനമാസം 15 മുതല്‍ അവസാനം വരെ എന്നീ മാസങ്ങളും വിവാഹം നടത്താന്‍ എടുക്കരുത്. ഗുരു-ശുക്ര പരസ്പര ദൃഷ്ടി, വരന്‍റെ ജന്മനക്ഷത്രം (ഓര്‍ക്കുക: വധുവിന്‍റെ നക്ഷത്രം ഊണ്‍നക്ഷത്രമാണെങ്കില്‍ അന്നും വിവാഹം നടത്താവുന്നതാണ്), ശലാകാവേധം, വധുവിന്‍റെയും വരന്‍റെയും വേധനക്ഷത്രങ്ങള്‍, വിഷദ്രേക്കാണം, വധുവിന്‍റെയും വരന്‍റെയും ഏഴാംകൂറില്‍ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന കാലം, മറ്റ് മുഹൂര്‍ത്തദോഷങ്ങള്‍, ചൊവ്വ, ശനി ആഴ്ചകള്‍ ഇവയൊക്കെയും വിവാഹത്തിന് എടുക്കരുത്.

ആവശ്യമെങ്കില്‍ അസ്തമയശേഷമുള്ള ഒരു ശുഭരാശിയും വിവാഹത്തിന് എടുക്കാവുന്നതാണ്. കറുത്തപക്ഷത്തിലെ അഷ്ടമിയും വിവാഹത്തിന് കൊള്ളാം.

വിവാഹമുഹൂര്‍ത്തവും ആ രാശിയും അതീവ ശ്രദ്ധയോടെ മാത്രമേ ഒരു ജ്യോതിഷി കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ ഇന്ന് പൊതുവേ കണ്ടുവരുന്നത്, ഇരുവീട്ടുകാരുടെയും ആഡിറ്റോറിയത്തിന്‍റെയും സൗകര്യം നോക്കിയാണ് മുഹൂര്‍ത്തം എടുത്തുകൊടുക്കുന്നത്. അവയില്‍ മിക്ക മുഹൂര്‍ത്തവും ‘അഭിജിത്’ മുഹൂര്‍ത്തമാണ് എടുക്കുന്നത്. ‘അഭിജിത്’ മുഹൂര്‍ത്തം എന്നത്, ആര്‍ക്കും എപ്പോഴും എടുത്തുകൊടുക്കാന്‍ പറ്റുന്ന ഒരു മുഹൂര്‍ത്തമല്ല.  

ഗൃഹാരംഭം (ശിലാസ്ഥാപനം)

മേടം, തുലാം, മകരം എന്നീ രാശികളും നാലില്‍ യാതൊരു ഗ്രഹവും, അഷ്ടമത്തില്‍ ചൊവ്വയും, മിഥുനം, കര്‍ക്കിടകം, കന്നി, ധനു, മീനം എന്നീ മാസങ്ങളും, കാര്‍ത്തിക ഞാറ്റുവേല, വേധനക്ഷത്രങ്ങള്‍, ഞായര്‍, ചൊവ്വ ദിവസങ്ങളും പാടില്ല.

ഗൃഹപ്രവേശം

ആദിത്യോദയ രാശി, കര്‍ക്കിടകം, കന്നി, കുംഭം എന്നീ മാസങ്ങള്‍ പാടില്ല. മുഹൂര്‍ത്തരാശിയുടെ അഷ്ടമത്തില്‍ ചൊവ്വ പാടില്ല.

ജലരാശി, ശുക്രദൃഷ്ടിയുള്ള രാശി, ശുഭനക്ഷത്രങ്ങള്‍, ഇടവം രാശി, ഞായറും ചൊവ്വയും ഒഴികെയുള്ള ദിവസങ്ങള്‍, മറ്റ് ശുഭമുഹൂര്‍ത്തങ്ങള്‍ എന്നിവ അത്യുത്തമം.

———————————————

കൃത്യമായ മുഹൂര്‍ത്തം (ആവശ്യമെങ്കില്‍ ദോഷപരിഹാരവും) ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം എടുത്തുനല്‍കുന്നു.

നിങ്ങളുടെ മുഹൂര്‍ത്തത്തിനായി  ഇവിടെ ക്ലിക്ക് ചെയ്യുക

× Consult: Anil Velichappadan