ഗ്രഹനിലയും സ്വയംതൊഴിലും

Share this :

സ്വന്തമായി നിങ്ങളൊരു ബിസിനസ്സ്‌ ആരംഭിക്കുന്നതിമുമ്പ്‌ ഗ്രഹനിലയിലെ പതിനൊന്നാംഭാവം ആദ്യം പരിശോധിക്കേണ്ടതാകുന്നു. നിര്‍ഭാഗ്യവശാല്‍ മിക്കവരും ധനസ്‌ഥാനമായ രണ്ടാംഭാവം മാത്രം പരിശോധിക്കുന്ന ഒരു രീതിയാണ്‌ കണ്ടുവരുന്നത്‌. എന്നാല്‍ ഉത്തമനായ ഒരു ജ്യോതിഷി അവരുടെ ഗ്രഹനിലയിലെ ധനസ്‌ഥാനം, കര്‍മ്മസ്‌ഥാനം, ലാഭസ്‌ഥാനം എന്നിവ തീര്‍ച്ചയായും പരിശോധിക്കും. കാരണം ബിസിനസ്സിന്റെ ഭാവസ്‌ഥാനമായ പതിനൊന്ന്‌ ലാഭകരമായി മുന്നോട്ട്‌ നീങ്ങണമെങ്കില്‍ തൊഴിലും ധനവും ഉണ്ടാകണമല്ലോ.

ലാഭസ്‌ഥാനമായ പതിനൊന്നിന്റെയും ധനസ്‌ഥാനമായ രണ്ടിന്റെയും കാരകഗ്രഹം വ്യാഴം തന്നെയാകുന്നു. കര്‍മ്മസ്‌ഥാനമായ പത്തിന്റെ കാരകഗ്രഹങ്ങള്‍ സൂര്യനും ശനിയും ബുധനുമാകുന്നു. പ്രസ്‌തുതഗ്രഹങ്ങളുടെ ബലാബലംകൊണ്ടാണ്‌ ഒരു ജാതകന്‍ സ്വന്തം ബിസിനസ്സില്‍ തിളങ്ങുന്നതും നശിക്കുന്നതും.

പതിനൊന്നാംഭാവാധിപനായ ഗ്രഹത്തിന്‌ അനിഷ്‌ടരാശി, ഭാവം എന്നിവയില്‍ സ്‌ഥിതിവന്നാല്‍ അവരുടെ ബിസിനസ്സില്‍ വളരെയേറെ പ്രതിസന്ധികളുണ്ടാകുന്നതാണ്‌. അങ്ങനെ സംവഭിച്ചാല്‍ പ്രസ്‌തുത ഗ്രഹങ്ങളുടെ അധിദേവതകളെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കണം.

ഭംഗമില്ലാതെ നില്‍ക്കുന്ന കേമദ്രുമയോഗമുള്ളവരും, ശകടയോഗമുള്ളവരും, ദരിദ്രയോഗമുള്ളവരും, ദുര്യോഗമുള്ളവരും, പരിഹാരമില്ലാതെ പത്താംഭാവാധിപന്‍ മൂന്നില്‍ നില്‍ക്കുന്നവരും, നാല്‍പ്പത്‌ വയസ്സിനുശേഷമുള്ള പാപഗ്രഹങ്ങളുടെ ദശയില്‍ മാത്രം സംഭവിക്കുന്ന രേകായോഗമുള്ളവരും സ്വന്തമായി ബിസിനസ്സ്‌ ചെയ്യുന്നത്‌ ദോഷകരമായി ഭവിക്കും.

പതിനൊന്നാംഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങളുടെ ഫലം:

സൂര്യന്‍ നിന്നാല്‍ ധനം അനുസ്യൂതം ഒഴുകിയെത്തും. എന്നാല്‍ സഹോദരങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാകും.
ചന്ദ്രന്‍ നിന്നാല്‍ ബുദ്ധിയിലൂടെ ധനസമ്പാദനം നടത്തും. എന്നാല്‍ ബലമില്ലാത്ത ചന്ദ്രന്‌ കുജ-പാപന്മാരുടെ നോട്ടം വരികയും മീനം, കര്‍ക്കടകം, വൃശ്‌ചികം, മകരം രാശികളിലൊന്നിലെ സ്‌ഥിതി വരുകയും ചെയ്‌താല്‍ മദ്യപാനം, ചൂതുകളി, ലോട്ടറി, മറ്റ്‌ ലഹരിവസ്‌തുക്കള്‍ എന്നിവയില്‍ താല്‍പര്യം ഉണ്ടാകുകയും അതുമൂലം വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുകയും ചെയ്യും.

ചൊവ്വ നിന്നാല്‍ ധനവും സുഖവും ലഭിക്കുന്നതാണ്‌.

ബുധന്‍ നിന്നാല്‍ ബിസിനസ്സില്‍ ശോഭിക്കാന്‍ കഴിയും. പതിനൊന്നില്‍ നില്‍ക്കുന്ന ബുധന്‍ സമ്പത്ത്‌ നല്‍കുന്നതില്‍ വളരെയേറെ സഹായിക്കും. വ്യാഴം നിന്നാല്‍ ധനവരവ്‌ കൂടും. എന്നാല്‍ പിശുക്കരാണെന്ന പേരും സമ്പാദിക്കും. സ്വന്തം ജീവിതസുഖം കുറച്ചിട്ടായാലും ശരി സാമ്പത്തികസ്‌ഥിതി മെച്ചപ്പെടുത്തും.

പതിനൊന്നാംഭാവ മെന്നത്‌ ജ്യേഷ്‌ഠസഹോദരസ്‌ഥാനം കൂടിയാകയാല്‍ പതിനൊന്നിലെ വ്യാഴം ജ്യേഷ്‌ഠസഹോദരന്‌ ഗുണപ്രദമാകില്ല. കാരണം, കാരകഗ്രഹം പ്രസ്‌തുതഭാവത്തില്‍ നിന്നാല്‍ ജീവനുമായി ബന്ധമുള്ള കാര്യങ്ങള്‍ക്ക്‌ തടസ്സമുണ്ടാക്കുമല്ലോ.പണം, ജീവനില്ലാത്തതാകയാല്‍ പതിനൊന്നിലെ വ്യാഴം പണം നല്‍കും. ജ്യേഷ്‌ഠസഹോദരന്‍ എന്നത്‌ ജീവനുമായി ബന്ധമുള്ളതാകയാല്‍ അത്‌ ദോഷപ്രദവുമായി ഭവിക്കും.

പതിനൊന്നാംഭാവത്തില്‍ ശുക്രന്‍ നിന്നാല്‍ ധനമുണ്ടാകും. സദാചാരം പുലര്‍ത്തുന്ന പ്രകൃതവുമായിരിക്കും. എന്നാല്‍ ദാമ്പത്യത്തില്‍ സംശയങ്ങള്‍ ഉടലെടുക്കും.

ഒരു ബിസിനസ്സില്‍ ആരംഭിച്ച്‌ പല ബിസിനസ്സില്‍നിന്നും ലാഭം നേടുന്നതായിരിക്കും. ശനി നിന്നാല്‍ ചെയ്യാനുറച്ച കാര്യത്തില്‍നിന്നും പിന്മാറില്ല. ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യും. ധനവും ഉയര്‍ന്ന ജീവിതനിലവാരവും കൈവരുന്നതാണ്‌. പതിനൊന്നിലെ ശനി നില്‍ക്കുന്നത്‌ ശനിയുടെ ഉച്ചക്ഷേത്രമായ തുലാത്തിലാണെങ്കില്‍ അത്യുത്തമം കൂടിയാകുന്നു.

രാഹുനിന്നാല്‍ സമ്പത്തും ഐശ്വര്യവും അനുഭവത്തില്‍ വരുന്നതാണ്‌. അന്യസമുദായാംഗങ്ങളില്‍നിന്നും ധനവരവ്‌ പ്രതീക്ഷിക്കാവുന്നതുമാണ്‌. ചെവിക്ക്‌ അസ്വസ്‌ഥതകളും സംഭവിക്കുന്നതാണ്‌.

കേതുനിന്നാല്‍ ഐശ്വര്യവും ധനവും സര്‍ക്കാര്‍വഴി പാരിതോഷികവും ലഭിക്കും. പതിനൊന്നിലെ കേതു പ്രതാപം നല്‍കുന്നതില്‍ മുമ്പനാണ്‌.

ഗുളികന്‍ നിന്നാല്‍ വാഹനവും ധനവും ഉണ്ടാകുന്നതാണ്‌. ഉദ്ദേശിക്കുന്ന സമയത്ത്‌ വാഹനവും ധനവും എത്തിച്ചേരുന്നതാണ്‌.

പതിനൊന്നാംഭാവാധിപനായ ഗ്രഹം നില്‍ക്കുന്ന ഭാവത്തെയും ചിന്തിക്കേണ്ടതാകുന്നു. അനിഷ്‌ടമായ ആറ്‌, എട്ട്‌, പന്ത്രണ്ട്‌ എന്നിവയിലൊന്ന്‌ സ്‌ഥിതിവന്നാല്‍ ബിസിനസ്സ്‌ വളരെ കുഴപ്പത്തിലാകുകയും ചെയ്യും.

ഭാവാധിപഫലം:

പതിനൊന്നാംഭാവാധിപന്‍ ലഗ്നം, രണ്ട്‌, നാല്‌, അഞ്ച്‌, ഏഴ്‌, ഒമ്പത്‌, പത്ത്‌, പതിനൊന്ന്‌ എന്നിവയിലൊന്നില്‍ നിന്നാല്‍ ധനലാഭമുണ്ടാകും.

പതിനൊന്നാംഭാവാധിപന്‍ മൂന്നില്‍ നിന്നാല്‍ ബുദ്ധിയും സാമര്‍ത്ഥ്യവും ഉണ്ടാകും. പക്ഷേ, ധനവരവ്‌ കൂടുതലായി ഉണ്ടാകുകയില്ല എന്നൊരുപക്ഷവുമുണ്ട്‌.

പതിനൊന്നാംഭാവാധിപന്റെ നാലിലെയും അഞ്ചിലെയും സ്‌ഥിതി മന്ത്രിസ്‌ഥാനം വരെ നല്‍കും.

പതിനൊന്നാംഭാവാധിപന്‍ നില്‍ക്കുന്നത്‌ ആറ്‌, എട്ട്‌, പന്ത്രണ്ട്‌ എന്നീ ഭാവങ്ങളിലൊന്നിലാണെങ്കില്‍ ദാരിദ്ര്യം, കടം, രോഗം, അന്യദേശവാസം എന്നിവ നല്‍കും. എന്നാല്‍, പതിനൊന്നാംഭാവാധിപന്റെ ദശയില്‍ ധനലാഭം ഉണ്ടാകുകയും ചെയ്യുന്നതാണ്‌. അതായത്‌, പതിനൊന്നാംഭാവാധിപന്റെ ദശയല്ലാതെയുള്ള കാലം പ്രത്യേക ശ്രദ്ധ ആവശ്യമായി വരുന്നതായിരിക്കും.

ഇതോടൊപ്പം ധനസ്‌ഥാനമായ രണ്ടാംഭാവവും രണ്ടാംഭാവത്തിന്റെ അധിപന്‍ നില്‍ക്കുന്ന ഭാവവുംകൂടി ചിന്തിക്കേണ്ടതാകുന്നു.

രണ്ടാംഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങളുടെ ഫലം:

രണ്ടില്‍ നില്‍ക്കുന്ന സൂര്യനും ശനിയും, രാഹുവും കേതുവും ഗുളികനും സാമ്പത്തിക തകര്‍ച്ചയുണ്ടാക്കും.

ചൊവ്വ നിന്നാല്‍ വളരെയേറെ സമ്പത്തുണ്ടാക്കും. പക്ഷേ, അതൊക്കെയും താമസമില്ലാതെ ചെലവാക്കിക്കളയും എന്നൊരു ദോഷംകൂടിയുണ്ട്‌. രണ്ടില്‍ നില്‍ക്കുന്ന ബുധനും വ്യാഴവും ശുക്രനും വളരെയേറെ സമ്പത്ത്‌ നല്‍കും. മറ്റ്‌ ഗ്രഹങ്ങള്‍ വന്നാല്‍ അവയുടെ അധിദേവതയുടെ യന്ത്രം ധരിക്കുന്നതും മറ്റ്‌ യഥാശക്‌തി വഴിപാടുകള്‍ നടത്തുന്നതും ഗുണപ്രദമായിരിക്കും.

രണ്ടാംഭാവാധിപന്‌ ലഗ്നം, രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌ എന്നിവയിലൊന്നില്‍ സ്‌ഥിതിവന്നാല്‍ സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. എന്നാല്‍ രണ്ടാംഭാവാധിപന്റെ മൂന്നിലെയും നാലിലെയും സ്‌ഥിതി സ്‌ത്രീഗമനതല്‌പരതയുമുണ്ടാക്കും. രണ്ടാംഭാവാധിപന്റെ ആറിലെ സ്‌ഥിതി ശത്രുക്കളില്‍നിന്നും ധനലാഭമുണ്ടാക്കും. അര്‍ഹമായ കേസുകളില്‍ നഷ്‌ടപരിഹാരം ലഭ്യമാകും.

രണ്ടാംഭാവാധിപന്റെ ഏഴിലെ സ്‌ഥിതിയും സ്‌ത്രീഗമനതല്‌പരതയുണ്ടാക്കും. അതുവഴി കുടുംബാംഗങ്ങള്‍ നിരാശരാകും.

രണ്ടാംഭാവാധിപന്റെ അഷ്‌ടമത്തിലെ സ്‌ഥിതിമൂലം അപ്രതീക്ഷിതഭൂമിലാഭം ഉണ്ടാകും. വസ്‌തുക്കച്ചവടക്കാര്‍ക്ക്‌ ഇത്‌ ഗുണപ്രദമായിരിക്കും.

ഉപചയത്തില്‍ ചന്ദ്രനും കേന്ദ്രത്തില്‍ വ്യാഴവും ഭവിച്ചാല്‍ ആ ജാതകന്‌ ഭൂമിയിലൂടെ വലിയ ലാഭം ലഭിക്കുന്നതാണ്‌.

രണ്ടാംഭാവാധിപന്‍ ഭാഗ്യസ്‌ഥാനമായ ഒമ്പതില്‍ നിന്നാല്‍ ധനം കൂടുതലായി ഉണ്ടാകും. എന്നാല്‍ ചെറുപ്പകാലം ക്ലേശകരവുമായിരിക്കും.

രണ്ടാംഭാവാധിപന്‍ പത്തില്‍ നിന്നാലും ധനലാഭമുണ്ടാകും. പക്ഷേ, പുറത്തുപറയാന്‍ കഴിയാത്ത ചില രഹസ്യങ്ങള്‍ ഉണ്ടായെന്നും വരാം.

രണ്ടാംഭാവാധിപന്‍ പതിനൊന്നാംഭാവത്തില്‍ നിന്നാല്‍ അധികധനലാഭമുണ്ടാകും. സ്നേഹബന്ധങ്ങളുമുണ്ടാകും.

രണ്ടാംഭാവാധിപന്‍ പന്ത്രണ്ടില്‍ നിന്നാല്‍ നാട്ടിലാണെങ്കില്‍ സേവന-വേതനവ്യവസ്‌ഥയിലുള്ള തൊഴിലും, വിദേശമാണെങ്കില്‍ അത്യധികമായ ധനവരവും ഉണ്ടാകും. എങ്കിലും, ധനം മതിയാവുന്നില്ല എന്ന ചിന്ത എപ്പോഴും പിന്തുടരും.

പത്താംഭാവത്തില്‍ ഒന്നിലധികം കാരകഗ്രഹങ്ങള്‍ നില്‍ക്കുന്നതും പത്താംഭാവാധിപന്‌ മൗഢ്യം വരുന്നതും സ്വന്തം ബിസിനസ്സില്‍ നഷ്‌ടങ്ങളുണ്ടാക്കും.

പരിഹാരം:

സ്വന്തമായി ബിസിനസ്സ്‌ ചെയ്യുന്നവരുടെ ഗ്രഹനിലയില്‍ രണ്ടില്‍ നില്‍ക്കുന്നത്‌ സൂര്യനാണെങ്കില്‍ നക്ഷത്രദിവസങ്ങളില്‍ ശിവന്‌ ഭാഗ്യസൂക്‌തംകൊണ്ട്‌ ഇളനീര്‍ അഭിഷേകവും ശനിയാണെങ്കില്‍ ശാസ്‌താവിന്‌ ഭാഗ്യസൂക്‌തംകൊണ്ട്‌ നെയ്യഭിഷേകവും രാഹു ആണെങ്കില്‍ ആയില്യം ദിവസം സര്‍പ്പാഭിഷേകവും കേതു ആണെങ്കില്‍ ‘ലക്ഷ്‌മീവിനായകമന്ത്രം’ കൊണ്ട്‌ ഗണപതിഹോമവും ഗുളികനാണെങ്കില്‍ മാതാവിന്റെയും പിതാവിന്റെയും കുടുംബക്ഷേത്രദര്‍ശനവും യഥാശക്‌തിവഴിപാടും നടത്തി പ്രാര്‍ത്ഥിക്കണം. കൂടുതല്‍ ജപമന്ത്രങ്ങള്‍ക്ക്: https://uthara.in/manthram/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

ഇതുകൂടാതെ, പതിനൊന്നാംഭാവാധിപന്‍ നില്‍ക്കുന്നത്‌ അനിഷ്‌ടഭാവങ്ങളിലൊന്നിലാണെങ്കില്‍ പ്രസ്‌തുത ഗ്രഹങ്ങളുടെ അധിദേവതകളെ പ്രീതിപ്പെടുത്തുന്ന കര്‍മ്മം അഷ്‌ഠിക്കുന്നതും രണ്ട്‌, പത്ത്‌, പതിനൊന്ന്‌ എന്നീ അധിപന്മാടെ രത്നം അനുകൂലമാണെങ്കില്‍ ധരിക്കുന്നതും പ്രസ്‌തുത ഗ്രഹത്തിന്റെ അധിദേവതയുടെ രക്ഷായന്ത്രം ധരിക്കുന്നതും അത്യുത്തമമായിരിക്കും.


അനില്‍ വെളിച്ചപ്പാടന്‍.
VISIT: https://uthara.in/
ജാതകത്തിന്: https://uthara.in/jatha
kam/ 

Share this :
× Consult: Anil Velichappadan