രാമായണ പാരായണം – അറിയേണ്ടതെല്ലാം:
കർക്കടക മാസത്തിൽ രാമായണ പാരായണം 30 ദിവസത്തേക്ക് ക്രമീകരിക്കുന്ന രീതി പരമ്പരാഗതമായി നിലവിലുണ്ട്. എന്നാൽ മാസദിനങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരുമ്പോൾ (29 ദിവസമോ 31 ദിവസമോ ആകുമ്പോൾ) പാരായണം ചിട്ടപ്പെടുത്തേണ്ട രീതി താഴെ പറയുന്നതാണ്:
ആദ്യ ദിവസം: രാമായണ മഹാത്മ്യം.
തുടർന്നുള്ള ദിവസങ്ങൾ: ബാലകാണ്ഡം മുതൽ ഉത്തരകാണ്ഡം വരെയുള്ള ഭാഗങ്ങൾ 30 ദിവസങ്ങളിലായി വിഭജിക്കുന്നു.
അവസാന ദിവസം: പട്ടാഭിഷേകം/അയോധ്യാപ്രവേശം.
മാസത്തിൽ ദിവസങ്ങൾ കൂടുമ്പോഴോ കുറയുമ്പോഴോ ഉള്ള ക്രമീകരണം:
മാസത്തിന്റെ ദൈർഘ്യം മാറുന്നത് പാരായണത്തെ ബാധിക്കാതിരിക്കാൻ താഴെ പറയുന്ന രീതികൾ സ്വീകരിക്കാം:
1) 29 ദിവസമുള്ള മാസം (ക്ഷയമാസം):
മാസത്തിൽ 29 ദിവസമേ ഉള്ളൂവെങ്കിൽ, പാരായണം പൂർത്തിയാക്കാൻ അവസാന ദിവസങ്ങളിൽ പാരായണം അല്പം വേഗത്തിലാക്കുകയോ, അല്ലെങ്കിൽ ഒരു ദിവസം രണ്ട് ഭാഗങ്ങൾ (ഉദാഹരണത്തിന് അവസാനത്തെ കാണ്ഡങ്ങളിലെ ചില ഭാഗങ്ങൾ) ഒന്നിച്ച് വായിക്കുകയോ ചെയ്യാം. പാരായണത്തിന്റെ ഉദ്ദേശ്യം രാമായണം മുഴുവൻ മാസാവസാനത്തിനുള്ളിൽ പൂർത്തിയാക്കുക എന്നതാണ്. അതിനാൽ 29-ാം ദിവസം കൊണ്ട് പട്ടാഭിഷേകം പൂർത്തിയാകുന്ന രീതിയിൽ ക്രമീകരണം വരുത്തുക.
2) 31 ദിവസമുള്ള മാസം (അധികമാസം):
മാസത്തിൽ 31 ദിവസമുണ്ടെങ്കിൽ പാരായണം കൂടുതൽ സാവധാനത്തിൽ ചെയ്യാം.
ആദ്യ ദിവസം: രാമായണ മഹാത്മ്യം വായനയ്ക്ക് തന്നെ മാറ്റിവെക്കാം.
അധികമുള്ള ഒരു ദിവസം: ഏതെങ്കിലും ഒരു വലിയ കാണ്ഡത്തിലെ വായന രണ്ട് ദിവസങ്ങളിലായി വിഭജിക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും പ്രധാനപ്പെട്ട ഭാഗങ്ങളിൽ അല്പം കൂടി മനനം ചെയ്തുകൊണ്ട് വായന നീട്ടുകയോ ചെയ്യാം. ചിലർ ഒരു ദിവസം കൂടുതൽ ഭജനയ്ക്കോ കീർത്തനാലാപനത്തിനോ ആയി മാറ്റിവെക്കാറുണ്ട്.
പ്രധാനപ്പെട്ട നിർദ്ദേശം:
രാമായണ പാരായണത്തിന്റെ പരമമായ ലക്ഷ്യം ഭക്തിയും നിഷ്ഠയുമാണ്. ദിവസങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ട് പാരായണത്തിന്റെ പുണ്യത്തിന് കുറവൊന്നും സംഭവിക്കുന്നില്ല.
നിഷ്ഠ പ്രധാനം: ദിവസങ്ങൾ കുറവായാലും കൂടുതലായാലും നിശ്ചയിച്ച ദിവസത്തിനുള്ളിൽ രാമായണം സമ്പൂർണ്ണമായി വായിച്ചുതീർക്കുക എന്നതാണ് പ്രധാനം.
സൗകര്യം: അധിക ദിവസമുണ്ടെങ്കിൽ വിശേഷാൽ ശ്ലോകങ്ങൾക്കോ സ്തുതികൾക്കോ കൂടുതൽ സമയം കണ്ടെത്താം. ദിവസങ്ങൾ കുറവാണെങ്കിൽ പാരായണം അല്പം കൂടി ശ്രദ്ധയോടെ വേഗത്തിലാക്കി പട്ടാഭിഷേകം 29-ാം ദിവസം തന്നെ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.
കർക്കടക മാസത്തിൽ രാമായണം ഭക്തിപുരസ്സരം പാരായണം ചെയ്യുന്നത് മനസ്സിന് ശാന്തിയും ഐശ്വര്യവും നൽകുമെന്ന് വിശ്വാസികൾ കരുതുന്നു.
ഓരോ ദിവസവും വായന കഴിഞ്ഞാൽ “പൂർവ്വം രാമ-തപോവനാധിഗമനം, ഹത്വാമൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായുമരണം, ലങ്കാപുരീദാഹനം, പശ്ചാത് രാവണ കുംഭകർണ നിധനം ഹ്യേ തദ്ധി രാമായണം” എന്ന ഏകശ്ലോകരാമായണം ചൊല്ലിയിരിക്കണം.
രാമായണ പാരായണക്രമം:
ഒന്നാം ദിവസം : രാമായണ മാഹാത്മ്യം.
രണ്ടാം ദിവസം : ശ്രീരാമാവതാരം.
മൂന്നാം ദിവസം : വിശ്വാമിത്രാഗമനം, താടകാ വധം, യാഗരക്ഷ.
നാലാം ദിവസം : അഹല്യാമോക്ഷം, സീതാസ്വയം വരം.
അഞ്ചാം ദിവസം : പരശുരാമദർശനം, അയോദ്ധ്യാവാസം.
ആറാം ദിവസം : അഭിഷേക വിഘ്നം.
ഏഴാം ദിവസം : ശീരാമന്റെ വനയാത്ര.
എട്ടാം ദിവസം : ഗുഹസംഗമം.
ഒൻപതാം ദിവസം : ചിത്ര കൂട പ്രവേശം, ഭരതാഗമനം.
പത്താം ദിവസം: പാദുകപട്ടാഭിഷേകം.
പതിനൊന്നാം ദിവസം : ദണ്ഡ കാരണ്യപ്രവേശം, അഗസ്ത്യസ്തുതി.
പന്ത്രണ്ടാം ദിവസം : ജടായുസംഗമം, പഞ്ചവടിവാസം, ശൂർപ്പണഖാഗമനം.
പതിമൂന്നാം ദിവസം : സീതാപഹരണം.
പതിനാലാം ദിവസം: ജടായുമോക്ഷം, ശബരീമുക്തി.
പതിനഞ്ചാം ദിവസം : ഹനുമദ് സംഗമം, സുഗ്രീവസഖ്യം, ബാലിവധം.
പതിനാറാം ദിവസം : താരോപദേശം, സ്വീതാന്വേഷണാരംഭം.
പതിനേഴാം ദിവസം : സ്വയംപ്രഭാ ചരിതം, സമുദ്രലംഘനം.
പതിനെട്ടാം ദിവസം : ലങ്കാദഹനം.
പത്തൊമ്പതാം ദിവസം : സമുദ്ര തീരപ്രാപ്തി.
ഇരുപതാം ദിവസം : വിഭീഷണ ശരണാഗതി.
ഇരുപത്തൊന്നാം ദിവസം : രാമേശ്വര പ്രതിഷ്ഠ.
ഇരുപത്തിരണ്ടാം ദിവസം: സേതുബന്ധനം.
ഇരുപത്തിമൂന്നാം ദിവസം : ലങ്കാവിവരണം.
ഇരുപത്തിനാലാംദിവസം : യുദ്ധാരംഭം.
ഇരുപത്തഞ്ചാംദിവസം : കുംഭകർണ്ണവധം, നാരദസ്തുതി.
ഇരുപത്തിയാറാം ദിവസം : മേഘനാദവധം, രാമരാവണയുദ്ധം.
ഇരുപത്തിയേഴാംദിവസം : അഗസ്ത്യാഗമനം, ആദിത്യസ്തുതി.
ഇരുപത്തെട്ടാം ദിവസം : രാവണവധം, വിഭീഷണ പട്ടാഭിഷേകം.
ഇരുപത്തൊമ്പതാം ദിവസം : സീതാസ്വീകരണം, മടക്കയാത്ര, ഭരതസംഗമം.
മുപ്പതാം ദിവസം : അയോദ്ധ്യാ പ്രവേശം, പട്ടാഭിഷേകം (ബ്രാഹ്മമുഹൂർത്തത്തിൽ ഇത് ഭക്തിയോടെ വായിച്ച് പൂർത്തിയാക്കി, സൂര്യോദയത്തിൽ ആദിത്യപൊങ്കാലയും നൽകി സർവ്വകാര്യ വിജയത്തിനായി പ്രാർത്ഥിക്കുന്നത് ചില ദേശങ്ങളിലും ചില ക്ഷേത്രങ്ങളിലും ഇന്നും വലിയ ആചാരമായി തുടരുന്നുണ്ട്)
(മാസത്തിൽ ദിവസം മുപ്പതിൽ കൂടുകയോ കുറയുകയോ ചെയ്താൽ മുകളിൽ എഴുതിയ രീതി അവലംബിക്കണം)
രാമായണം വായിക്കുന്ന ചിട്ടകൾ:
ഭവനത്തിലാണ് വായിക്കുന്നതെങ്കിൽ ഉത്തമസമയം സന്ധ്യയ്ക്ക് ഏഴുമണി കഴിഞ്ഞ് പത്തുമണി വരേയ്ക്കുള്ള ദുർഗ്ഗായാമമാണ്. പകൽ വായിക്കുന്ന രീതിയാണ് കൂടുതൽ പ്രചാരത്തിലുള്ളത്. ക്ഷേത്രത്തിൽ വ്യത്യസ്ഥവുമാകുന്നു. അവിടെ പകൽ നേരത്ത് പൂർത്തിയാക്കുന്നു. അതും ശരിയാണ്. തെക്കോട്ട് തിരിഞ്ഞിരുന്ന് വായിക്കരുത്. ഏത് സമയത്തും ഭക്തിയോടെ വായിക്കാവുന്ന ഒരേയൊരു ആദ്ധ്യാത്മിക ഗ്രന്ഥം രാമായണം തന്നെയാകുന്നു.
മുന്നിൽ കത്തിച്ചുവെച്ച നിലവിളക്ക് ഉണ്ടാവണം. വിളക്കിൽ പാർവ്വതീ-പരമേശ്വരന്മാരും ഗണപതിയും ഹനുമാനും മറ്റെല്ലാ ദേവതകളും സാന്നിദ്ധ്യം ചെയ്യുന്നു. പലകമേലോ വിരിപ്പിന്മേലോ മറ്റോ ഇരുന്നു പാരായണം ചെയ്യണം. മുന്നിൽ അൽപ്പം ഉയർന്ന പീഠത്തിൽ രാമായണം വെച്ചിരിക്കണം.
കുളികഴിഞ്ഞ് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് മന:ശുദ്ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ. തുളസിയോ പൂക്കളോ കൊണ്ട് വിളക്കുപൂജ ചെയ്യുന്നതും നന്ന്. വായിച്ച് തുടങ്ങുമ്പോൾ വാല്മീകി, തുഞ്ചത്ത് എഴുത്തച്ഛൻ, ഗുരുക്കന്മാർ, ഗണപതി, സരസ്വതി, പാർവ്വതി, ശ്രീ മഹാദേവൻ, വിഷ്ണു, ഹനുമാൻ എന്നിവരെ സ്മരിക്കുകയും അറിയുമെങ്കിൽ ഇവരുടെ ശ്ലോകങ്ങൾ ചൊല്ലുകയും വേണം.
രാമായണ പാരായണത്തിന് മുൻപായി ശ്രീരാമനെ സ്തുതിക്കുന്നത് ഭക്തിപരമായും ആത്മീയമായും വളരെ പ്രധാനമാണ്. രാമായണ പാരായണത്തിന് മുൻപ് സാധാരണയായി ഉപയോഗിച്ചുവരുന്ന ചില പ്രധാന സ്തുതികൾ താഴെ പറയുന്നവയാണ്:
ശ്രീരാമ നാമജപം: “ശ്രീരാമ ജയരാമ ജയ ജയ രാമ” എന്ന മന്ത്രം ഭക്തിയോടെ ജപിക്കുന്നത് വളരെ ഉത്തമമാണ്.
ശ്രീരാമ അഷ്ടകം: ശ്രീരാമചന്ദ്രന്റെ ഗുണഗണങ്ങളെ വർണ്ണിക്കുന്ന മനോഹരമായ സ്തുതിയാണിത്.
രാമ രക്ഷാ സ്തോത്രം: ഭക്തരെ ദുരിതങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി ജപിക്കുന്ന അതിശക്തമായ സ്തോത്രമാണിത്.
ശ്രീരാമ കർണ്ണാമൃതം: ശ്രീരാമന്റെ രൂപത്തെയും ഗുണങ്ങളെയും വാഴ്ത്തുന്ന വരികൾ.
ഇവ കൂടാതെ, അദ്ധ്യാത്മ രാമായണത്തിലെ ഓരോ കാണ്ഡം ആരംഭിക്കുമ്പോഴും ചൊല്ലുന്ന പ്രാർത്ഥനാ ശ്ലോകങ്ങളും പാരായണത്തിന് വളരെ അനുയോജ്യമാണ്.
പാരായണസ്ഥലത്ത് വീട്ടുകാർ എല്ലാരും ഒരുമിച്ചിരിക്കുകയും അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്ധിക്കുകയും വേണം. ഓരോ ദിവസവും പറഞ്ഞിരിക്കുന്ന ക്രമത്തിൽ വായന പൂർത്തിയാക്കണം. ഏതെങ്കിലും കാരണത്താൽ (പുല-വാലായ്മ) വായന മുടങ്ങിയാൽ അതിനുശേഷം ആ മുടങ്ങിയ ഭാഗങ്ങൾകൂടുതലായി ഉൾപ്പെടുത്തി വായന പൂർത്തിയാക്കുകയും വേണം.
രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈ വരുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് വിശ്വാസികൾ ‘ഭാഗവതം കെട്ടിച്ച്’ നോക്കുന്നത്. മനുഷ്യന്റെ ജീവിതത്തിലെ എല്ലാ കാലങ്ങളും രാമായണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ശരാശരി 20 മിനിറ്റുവെച്ച് പാരായണം ചെയ്താൽ കർക്കടകമാസത്തിൽ രാമായണം വായിച്ച് പൂർത്തിയാക്കാം. ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചു തീര്‍ക്കണമെന്നാണ് സങ്കല്പം. ഇതില്‍ ഏതു വായിക്കണമെന്ന് ആദ്യം നിശ്ചയിക്കണം. പിന്നീട് കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം. അപ്പോൾ അതിന് ആനുപാതികമായി ദിവസങ്ങൾ ക്രമീകരിക്കുകയുംവേണം.
കർക്കടകം കഴിഞ്ഞ് ചിങ്ങത്തിലേക്ക് സൂര്യൻ സംക്രമിക്കുന്ന സമയത്തിന് മുമ്പായി രാമായണപാരായണം പൂർത്തിയാക്കണം. ഈ വർഷത്തെ ചിങ്ങത്തിലെ സൂര്യസംക്രമം ചിങ്ങം 01 (17-8-2026) തിങ്കളാഴ്ച രാവിലെ 07.58.32 സെക്കന്റിന് ആകയാൽ പാരായണക്കാരെ ബാധിക്കില്ല.
കർക്കടക പാരായണം പൂർത്തിയായാൽ “രാമായണത്തിലെ സീതാ-രാമാദി സകല ദേവതകളും പട്ടാഭിഷേക രൂപത്തിൽ വരുന്ന ഒരുവർഷക്കാലം മുഴുവൻ ഞങ്ങളുടെ ഉള്ളിൽ സാന്നിദ്ധ്യം ചെയ്യണേ” എന്ന പ്രാർത്ഥനയോടെ ഓരോരുത്തരും രാമായണം ഇരുകൈകളുടേയും വിരൽത്തുമ്പുകളിൽതൊട്ട് കണ്ണുകളിൽവെച്ച് തൊഴുത് നമസ്കരിച്ച് ഉദ്വസിയ്ക്കണം. തുടർന്ന് അർഹരായ ആർക്കെങ്കിലും യഥാശക്തി അന്ന-വസ്ത്ര-ദാനാദി കർമ്മങ്ങളും ചെയ്യാം (സാധിക്കുമെങ്കിൽ)
ഇത് കൂടാതെ മറ്റ് വിശേഷദിവസങ്ങളിലും രാമായണപാരായണം സ്വവസതിയിൽ ചെയ്യാവുന്നതാണ്. ഗൃഹപ്രവേശദിവസം രാമായണം പൂർണ്ണമായി വായിക്കുന്നത് അത്യുത്തമം തന്നെയാകുന്നു.
ഏവർക്കും രാമായണമാസ ആശംസകൾ…
അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ആസ്ട്രോളജി.









