കേരളത്തിൽ മാത്രം വിനായക ചതുർത്ഥി 15-9-2026ന്??

Share this :

കേരളത്തിൽ മാത്രം വിനായക ചതുർത്ഥി 15-9-2026 ചൊവ്വാഴ്ച ആചരിക്കണമെന്ന് പഞ്ചാംഗ ഗണിതാക്കൾ അറിയിക്കുന്നു. കേരളത്തിന് പുറത്ത് വിനായക ചതുർത്ഥി പക്ഷെ, 14-9-2026 തിങ്കളാഴ്ച തന്നെയാകുന്നു:

‘വിനായക ചതുർത്ഥി’ നിർണ്ണയം എപ്രകാരമാണ്? നമുക്കൊന്ന് പരിശോധിക്കാം.

1. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന (വെളുത്തപക്ഷം അഥവാ വെളുത്തവാവിലേക്ക് ചന്ദ്രൻ വരുന്ന കാലം) ചതുർത്ഥി തിഥി ആയിരിക്കണം.

2. അന്ന് മദ്ധ്യാഹ്‌നം വരുന്ന സമയത്താണ് ഗണപതിയുടെ ജനനം എന്നതിനാൽ വിനായക ചതുർത്ഥി ആചരിക്കുന്ന ദിവസം മദ്ധ്യാഹ്നത്തിൽ ചതുർത്ഥി ഉണ്ടായിരിക്കണം.

3. അന്ന് സൂര്യൻ ഉദിക്കുന്ന സമയം മുതൽ മുക്കാൽ നാഴിക അഥവാ 18 മിനിറ്റ് നേരമെങ്കിലും ചതുർത്ഥി തിഥി ഉണ്ടായാലും മതി.

ഇനി, രണ്ട് ദിവസങ്ങളിൽ നക്ഷത്രമോ തിഥിയോ വന്നാൽ ‘പിറന്നാൾ ആചരണീയ’ പ്രകാരം രണ്ടാം ദിവസം എടുക്കണം. അപ്പോൾ രണ്ടാം ദിവസം സൂര്യോദയം മുതൽ കുറഞ്ഞത് ആറ് നാഴികയെങ്കിലും തിഥി ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ആദ്യത്തെ ദിവസം എടുക്കണം.

പുതിയ പഞ്ചാംഗത്തിലും കലണ്ടറുകളിലും ചിലതിൽ ആദ്യത്തെ ദിവസം വിനായക ചതുർത്ഥിയെന്നും എന്നാൽ മറ്റ് ചിലതിൽ രണ്ടാമത്തെ ദിവസം വിനായക ചതുർത്ഥിയെന്നും അച്ചടിച്ച് വന്നിട്ടുള്ളത് വിശ്വാസികളിലും ക്ഷേത്രങ്ങളിലും വലിയ കൺഫ്യൂഷൻ വന്നിട്ടുണ്ടെന്ന കാര്യം സത്യമാണ്.

ഏത് ദിവസമാണ് ശരി?

രണ്ട് ദിവസമായി തിഥി വന്നാൽ ശുഭകർമ്മത്തിന് രണ്ടാംദിനം എടുക്കണമെങ്കിൽ ആ രണ്ടാംദിവസം ഉദയശേഷം 6 നാഴികയെങ്കിലും തിഥി ഉണ്ടായിരിക്കണമെന്നും അങ്ങനെ വരുന്നില്ലെങ്കിൽ ആദ്യത്തെ ദിവസം എടുക്കണമെന്നുമുള്ള ജ്യോതിഷ നിയമപ്രകാരവും, ഉച്ചയ്ക്ക് ചതുർത്ഥി തിഥി വരണമെന്ന ജ്യോതിഷ നിയമപ്രകാരവും മലയാള മനോരമ (കാണിപ്പയ്യൂർ തിരുമേനി), കേരള ജ്യോതിഷ പരിഷത് പഞ്ചാംഗം എന്നിവർ ആദ്യത്തെ ദിവസമായ 14-9-2026 തിങ്കളാഴ്ച്ച വിനായക ചതുർത്ഥി എന്ന് രേഖപ്പെടുത്തി. ഇത് തെറ്റെന്ന് പറയാൻ സാധിക്കില്ല.

“ചിങ്ങം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ (ചിങ്ങമാസത്തിൽ), വെളുത്തപക്ഷ ചതുർത്ഥി തിഥി, ഉദയത്തിന് ശേഷം ഒരു യാമം (ഏകദേശം മൂന്ന് മണിക്കൂർ) എങ്കിലും വ്യാപിച്ചു നിൽക്കുകയാണെങ്കിൽ, ആ ദിവസം വിനായക ചതുർത്ഥിയായി ആചരിക്കണം. മുക്കാൽ നാഴികയെങ്കിലും വ്യാപനം ഉണ്ടെങ്കിൽ അതും പുണ്യദിനമായി കണക്കാക്കാം” എന്ന ജ്യോതിഷ പ്രമാണ പ്രകാരം കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ പഞ്ചാംഗത്തിലും കലണ്ടറിലും, മറ്റ് പഞ്ചാംഗ ഗണിതാക്കളും ആയിട്ടുള്ള ഗുരുവായൂർ ദേവസ്വം, ഭാരതപഞ്ചാംഗം, ജ്യോതിഷഭൂഷണം എന്നിവരൊക്കെ രണ്ടാംദിവസമായ 15-9-2026 ചൊവ്വാഴ്ച്ച വിനായക ചതുർത്ഥി എന്ന് രേഖപ്പെടുത്തി. മുകളിൽ പറഞ്ഞ ഒരേയൊരു വാചകം മാത്രമാണ് (‘മുക്കാൽ നാഴികയെങ്കിലും വ്യാപനം ഉണ്ടെങ്കിൽ അതും പുണ്യദിനമായി കണക്കാക്കാം’) ഇവർ മുഖവിലക്കെടുത്തതും ഇപ്പോൾ രണ്ടുകൂട്ടരും ചേർന്ന് പത്രവാർത്ത നൽകി, ഈ രണ്ടാംദിവസം വിനായക ചതുർത്ഥിയായി ആചരിക്കാൻ ധാരണ ആയിട്ടുള്ളതും.

കേരളത്തിലെ പ്രമുഖ പഞ്ചാംഗ ഗണിതാക്കളായ ജ്യോതിഷ പണ്ഡിതന്മാർ കൂടിയാലോചിച്ച്, പഞ്ചാംഗത്തിലും കലണ്ടറിലും സംഭവിച്ച അവരുടെ തെറ്റുകൾ തിരുത്തി ഐകകണ്ഠേനയെടുത്ത തീരുമാനത്തെ ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം വളരെയധികം ബഹുമാനിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ ഞങ്ങൾക്ക് ചില ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. ആ ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകുന്നു:

തിഥി നിർണ്ണയത്തിലെ സൂക്ഷ്മമായ ഗണിതവശങ്ങളും പൂർവ്വവിദ്യയും വ്യക്തമാക്കുന്ന ചില കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്.

1. ചിങ്ങമാസത്തിൽ ഉച്ചയ്ക്ക് വെളുത്തപക്ഷ ചതുർത്ഥി വന്നാൽ അന്ന് വിനായക ചതുർത്ഥി എന്നല്ലേ?

അതേ, തികച്ചും ശരിയാണ്. മുൻപ് സൂചിപ്പിച്ചതുപോലെ ഹേമാദ്രി (ചതുർവർഗ്ഗ ചിന്താമണി), ധർമ്മസിന്ധു തുടങ്ങിയ പ്രമാണ ഗ്രന്ഥങ്ങൾ അനുസരിച്ച് വിനായക ചതുർത്ഥി ‘മധ്യാഹ്നവ്യാപിനി’ (ഉച്ചസമയത്ത് നിലനിൽക്കുന്ന തിഥി) ആയിരിക്കണം.

“സിംഹമാസസ്യ ശുക്ലചതുർത്ഥ്യാം മദ്ധ്യാഹ്നവ്യാപിന്യാം ഗണപതിപൂജനം”

ഗണപതി ജനിച്ചത് മദ്ധ്യാഹ്ന സമയത്തായതിനാലാണ് ഉച്ചയ്ക്ക് ചതുർത്ഥി വരുന്ന ദിവസം ഇതിനായി സ്വീകരിക്കുന്നത്. അതിനാൽ ആദ്യ ദിവസം ഉച്ചയ്ക്ക് ചതുർത്ഥി തിഥി ഉണ്ടെങ്കിൽ അന്ന് തന്നെയാണ് വിനായക ചതുർത്ഥി ആചരിക്കേണ്ടത്.

2. രണ്ട് ദിവസങ്ങളിലായി ചതുർത്ഥി വന്നാൽ ശുഭകാര്യത്തിന് രണ്ടാമത്തെ ദിവസം എടുക്കണമെങ്കിൽ ആ രണ്ടാം ദിവസം ഉദയശേഷം മിനിമം 6 നാഴികയെങ്കിലും ചതുർത്ഥി തിഥി വേണ്ടേ?

തീർച്ചയായും വേണം. ജ്യോതിഷത്തിലെ പൊതുവായ ഒരു നിയമമനുസരിച്ച് ഒരു തിഥി ശുഭകർമ്മങ്ങൾക്കോ വ്രതങ്ങൾക്കോ രണ്ടാമത്തെ ദിവസം (പരദിനം) സ്വീകരിക്കണമെങ്കിൽ, ആ രണ്ടാം ദിവസം സൂര്യോദയത്തിന് ശേഷം ചുരുങ്ങിയത് 6 നാഴികയെങ്കിലും (ഏകദേശം 2 മണിക്കൂർ 24 മിനിറ്റ്) ആ തിഥി നിലനിൽക്കണം. ഇതിനെ ‘ഷഡ്‌ഘടികാ വ്യാപ്തി’ എന്ന് പറയുന്നു.

ഇവിടെ രണ്ടാം ദിവസം (സെപ്റ്റംബർ 15-ന്) ഉദയത്തിന് ശേഷം വെറും 3 നാഴിക 35 വിനാഴിക മാത്രമേ ചതുർത്ഥിയുള്ളൂ. അതുകൊണ്ട് തന്നെ ആചാരപരമായി രണ്ടാം ദിവസം വിനായക ചതുർത്ഥിയായി സ്വീകരിക്കുന്നതിന് ശാസ്ത്രീയമായ അടിത്തറയില്ല. എന്നാൽ ആദരണീയനായ കാണിപ്പയൂർ തിരുമേനി എഴുതിയ കൃത്യമായ ദിവസംപോലും ഇവിടെ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കപ്പെട്ടു.

3. ആദ്യ ദിവസം വിനായക ചതുർത്ഥി ആചരിക്കണമെന്ന് കാണിപ്പയ്യൂർ തിരുമേനി പറഞ്ഞിരിക്കുന്നത്, ആദ്യദിവസം ഉച്ചയ്ക്ക് ചതുർത്ഥി വരുന്നത് കൊണ്ടായിരിക്കുമോ?

അതേ, ലക്ഷണം കൊണ്ടും പ്രമാണം കൊണ്ടും അത് തന്നെയാണ് കാരണം. ഒന്നാം ദിവസം (സെപ്റ്റംബർ 14) സൂര്യോദയ സമയത്ത് തൃതീയയാണെങ്കിലും, രാവിലെ തന്നെ (2 നാഴിക 2 വിനാഴികയ്ക്ക് ശേഷം) ചതുർത്ഥി ആരംഭിക്കുന്നുണ്ട്. അതിനർത്ഥം വിനായക ചതുർത്ഥി പൂജകൾ ചെയ്യേണ്ട മദ്ധ്യാഹ്ന സമയത്ത് (ഉച്ചയ്ക്ക്) പൂർണ്ണമായും ചതുർത്ഥി തിഥിയാണ് നിലനിൽക്കുന്നത്. കാണിപ്പയ്യൂർ തിരുമേനിയെപ്പോലുള്ള പ്രമുഖ ഗണിതജ്ഞർ ‘മദ്ധ്യാഹ്നവ്യാപ്തി’ എന്ന തർക്കമില്ലാത്ത ശാസ്ത്രപ്രമാണത്തെ അടിസ്ഥാനമാക്കിയാണ് സെപ്റ്റംബർ 14 വിനായക ചതുർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.

4. ആദ്യ ദിവസം ഉദയത്തിന് തൃതീയ ആണെങ്കിലും ആചരിക്കേണ്ടത് അന്ന് തന്നെയല്ലേ? രണ്ടാം ദിവസം ഉച്ചയ്ക്ക് ചതുർത്ഥിയില്ലല്ലോ, അപ്പോഴെങ്ങനെ ശരിയാകും?

ഈ യുക്തിയാണ് ഇവിടെ ഏറ്റവും നിർണ്ണായകം. കേരളത്തിന് പുറത്ത് മറ്റെല്ലാ സ്‌ഥലങ്ങളിലും വിനായകചതുർത്ഥി ആചരിക്കുന്നത് ആദ്യദിവസമായ, “മദ്ധ്യാഹ്നവ്യാപിനീ ചതുർത്ഥി” എന്ന പ്രമാണം സ്വീകരിച്ചുകൊണ്ടാണ്. എന്നാൽ കേരളത്തിൽ ഗണിത നിർണ്ണയത്തിലെ പ്രമാണങ്ങൾ സ്വീകരിച്ചുകൊണ്ട് ഉദയത്തിനോട് ചേർന്നുള്ള മുക്കാൽ നാഴികയിൽ കൂടുതൽ ചതുർത്ഥി ഉള്ളതിനാൽ രണ്ടാമത്തെ ദിവസം (15-9-2026, ചൊവ്വാഴ്ച) വിനായകചതുർത്ഥി ആചരിക്കാൻ പ്രമുഖ പഞ്ചാംഗ ഗണിതസമിതി ഐകകണ്ഠേന തീരുമാനിച്ചു. ഇത് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച് വന്നിട്ടുള്ളതുമാകുന്നു. അതെന്താണ്, കേരളത്തിൽ ഒരു പ്രമാണം, കേരളത്തിന് പുറത്ത് മറ്റൊരു പ്രമാണം? അവർക്കും നമുക്കും യുക്തി എന്നൊന്ന് ഉണ്ടായിരിക്കുമല്ലോ…

ഒന്നാം ദിവസം: ഉദയത്തിന് തൃതീയയാണെങ്കിലും ഉച്ചയ്ക്ക് (മദ്ധ്യാഹ്നത്തിൽ) ചതുർത്ഥിയുണ്ട്.

രണ്ടാം ദിവസം: ഉദയത്തിന് ചതുർത്ഥിയുണ്ടെങ്കിലും അത് വെറും 3 നാഴിക 35 വിനാഴിക കൊണ്ട് (ഉച്ചയാകുന്നതിന് വളരെ മുൻപ്) അവസാനിക്കുന്നു. അതായത് രണ്ടാം ദിവസം ഉച്ചയ്ക്ക് ചതുർത്ഥി തിഥി ഇല്ലേയില്ല.

മധ്യാഹ്നവ്യാപ്തി ഇല്ലാത്തതും, സൂര്യോദയത്തിന് ശേഷം 6 നാഴിക തികച്ചില്ലാത്തതുമായ രണ്ടാം ദിവസം (സെപ്റ്റംബർ 15) വിനായക ചതുർത്ഥിയായി രേഖപ്പെടുത്തിയ മാതൃഭൂമി കലണ്ടറിലെ ഗണിതം ശാസ്ത്രീയമായി തെറ്റാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. കേവലം സൂര്യോദയ സമയത്ത് ഏത് തിഥിയാണോ അത് ആ ദിവസത്തെ വ്രതമായി എടുക്കുക എന്ന പൊതുവായ (സ്ഥൂലമായ) രീതി അവലംബിച്ചതു കൊണ്ടാണ് മാതൃഭൂമിക്ക് ഇത്തരത്തിൽ പ്രസിദ്ധീകരിക്കേണ്ടതായി വന്നിട്ടുള്ളതെന്ന് അനുമാനിക്കാം. വിനായക ചതുർത്ഥി പോലുള്ള പ്രത്യേക വ്രതങ്ങൾക്ക് ‘മദ്ധ്യാഹ്നവ്യാപ്തി’ എന്ന സൂക്ഷ്മ നിയമം തന്നെയാണ് കാണിപ്പയ്യൂർ തിരുമേനിയും കേരള ജ്യോതിഷ പരിഷത് പഞ്ചാംഗവും പരിഗണിച്ചത്. ഓരോരുത്തരും പറയുമ്പോൾ അവരുടെ ഭാഗം ശരിയാണെന്ന് തോന്നും; വാദിക്കും. ഇവിടെ വളരെ കൃത്യമായി പഞ്ചാംഗത്തിലും കലണ്ടറിലും വിനായക ചതുർത്ഥി രേഖപ്പെടുത്തിയ കാണിപ്പയ്യൂർ തിരുമേനി സവിനയം പിൻവാങ്ങി എന്നതിൽ ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രവും പിന്നെ ഓരോ വിശ്വാസിയും അദ്ദേഹത്തെ വളരെയേറെ ബഹുമാനിക്കുന്നു; അഭിമാനിക്കുന്നു…

എന്നാൽ ഒന്നിലധികം പ്രമാണങ്ങൾ ഒത്തുവരുന്ന പതിനാലാം തീയതി ഒഴിവാക്കി, ഒരേയൊരു പ്രമാണം വരുന്ന രണ്ടാംദിവസമായ പതിനഞ്ചാം തീയതി വിനായക ചതുർത്ഥിയായി എടുക്കുന്നത് എന്താണെന്നും കേരളത്തിന് പുറത്ത് ഈ പറഞ്ഞ ‘മുക്കാൽ നാഴിക ചതുർത്ഥി’ ഒഴിവാക്കി, ആദ്യദിവസം തന്നെ വിനായക ചതുർത്ഥി ആചരിക്കുന്നത് എന്താണെന്നും ചോദിച്ചാൽ ഒരുപക്ഷെ കേരളത്തിലെ പ്രമുഖ പഞ്ചാംഗ ഗണിതാക്കൾക്ക് മറുപടി ഉണ്ടാകില്ല.

ഇത്തരം ഗണിത വൈരുദ്ധ്യങ്ങൾ ഒഴിവാക്കാൻ പഞ്ചാംഗകർത്താക്കൾ തങ്ങളുടെ പിടിവാശികൾ മാറ്റിവെച്ച് കൃത്യമായ പ്രമാണങ്ങളുടെ വെളിച്ചത്തിൽ ഒരുമിച്ച് മുൻകൂട്ടി തീരുമാനമെടുക്കേണ്ടതും അത് ഒരേപോലെ അച്ചടിപ്പിച്ച് പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ഒരിക്കൽക്കൂടി താഴ്മയായി അഭ്യർത്ഥിക്കുന്നു.

അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ആസ്ട്രോ റിസേർച്ച് സെന്റർ
കരുനാഗപ്പള്ളി, Mob: 9497 134 134.

Share this :