ആഴ്‌ചയിലെ വ്രതങ്ങൾ

Share this :

ഓരോ ആഴ്ചയിലും ആചരിക്കേണ്ടതായ വ്രതങ്ങളെക്കുറിച്ച് എഴുതുന്നു.

ഞായറാഴ്ച വ്രതം:
————-
ഗ്രഹനിലയില്‍ ആദിത്യന്‍ 3, 6, 10, 11 എന്നീ ഭാവങ്ങളില്‍ അല്ലാതെ നില്‍ക്കുന്നവരും, ആദിത്യന്‍ ഇടവം, തുലാം, മകരം, കുംഭം രാശികളില്‍ നില്‍ക്കുന്നവരും ദോഷപ്രദമായ ആദിത്യ ദശാപഹാരം അനുഭവിക്കുന്നവരും ദോഷപരിഹാരത്തിനായി ഞായറാഴ്ച വ്രതം അനുഷ്ടിക്കണം.

സര്‍വ്വപാപനാശനത്തിനും സര്‍വൈശ്വര്യസിദ്ധിക്കും ഞായറാഴ്ച വ്രതം അനുഷ്ടിക്കുന്നത് ഉത്തമമാണ്.
ശനിയാഴ്ച ഒരിക്കലുണ്ട് ഞായറാഴ്ച വ്രതമെടുക്കണം. രാവിലെ കുളിച്ച് നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൂര്യന് ചുവപ്പ് പൂക്കള്‍ സമര്‍പ്പിച്ച്‌ അര്‍ച്ചന കഴിക്കുക. ആദിത്യഹൃദയമന്ത്രം, സൂര്യന്‍റെ അഷ്ടോത്തരം മറ്റ് സൂര്യപ്രീതി മന്ത്രങ്ങള്‍ ഇവ ഭക്തിപൂര്‍വ്വം ജപിക്കണം.

മാസത്തിലൊരു ഞായറാഴ്ച സൂര്യോദയ സമയത്ത് ആദിത്യപൊങ്കാല വീട്ടിൽ ചെയ്യുന്നതും അത്യുത്തമം ആകുന്നു. ഞായറാഴ്ച വ്രതം പിടിക്കാൻ സാധിക്കാത്തവർ മാസത്തിലൊരു ഞായറാഴ്ച ഉദ്ദിഷ്ടകാര്യത്തിനായി ആദിത്യപൊങ്കാല ചെയ്യുന്നത് ഗുണപ്രദം തന്നെ ആകുന്നു.

ഞായറാഴ്ചയും ഒരിക്കലൂണ് മാത്രം. ഉപ്പ്, എണ്ണ ഇവ വ്രതദിനത്തില്‍ ഉപേക്ഷിക്കുന്നത് ഉത്തമമായിരിക്കും. അസ്തമയത്തിനു മുന്‍പ് കുളിച്ച് ആദിത്യഭജനം നടത്തണം. അസ്തമയശേഷം ആദിത്യ സ്തോത്രങ്ങള്‍, മൃത്യുഞ്ജയമന്ത്രം ഇവ ജപിക്കരുത്‌.

ശിവക്ഷേത്രദര്‍ശനമോ അതിന് സാധിക്കാത്തവര്‍ മാനസപൂജയോ ചെയ്യണം. മാനസപൂജയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് സന്ദര്‍ശിക്കുക: https://uthara.in/manthram/

ശിവന് അഭിഷേകം, ധാര, കുവളത്തിലകൊണ്ട് അര്‍ച്ചന, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ നടത്തുന്നത് അത്യുത്തമം ആകുന്നു.

ത്വക്-രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഇവയുടെ ശമനത്തിനും ഞായറാഴ്ച വ്രതാനുഷ്ടാനം ഫലപ്രദമാണ്.

“ഓം ഭാസ്ക്കരായ വിദ്മഹേ
ദിവാകരായ ധീമഹി
തന്വോ സൂര്യ: പ്രചോദയാത്”

എന്ന സൂര്യഗായത്രി ജപിക്കാം. അല്ലെങ്കില്‍ സൂര്യന്റെ ശാന്തിമന്ത്രം അക്ഷരത്തെറ്റ് വരുത്താതെ ജപിക്കാം.

ജാതകത്തിലെ സൂര്യദോഷപരിഹാരത്തിന് സൂര്യന്‍റെ അധിദേവതയായ ശിവനാണ് പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത്. ഏതൊരു ഗ്രഹശാന്തികര്‍മ്മത്തിനും ആദ്യം സൂര്യനെ പ്രീതിപ്പെടുത്താറുണ്ട്. ഉദാഹരണമായി, ഒരു നവഗ്രഹക്ഷേത്രത്തില്‍ വ്യാഴത്തിനും ശനിയ്ക്കും അര്‍ച്ചന ചെയ്യേണ്ടി വന്നാല്‍ ഉത്തമനായ കര്‍മ്മി ആദ്യം സൂര്യന് അര്‍ച്ചന ചെയ്തിട്ടുമാത്രമേ വ്യാഴത്തിനും ശനിയ്ക്കും അര്‍ച്ചന ചെയ്യുകയുള്ളൂ.

സൂര്യദോഷപരിഹാരം ചെയ്യേണ്ടവര്‍:

സൂര്യന്‍റെ ദശാപഹാരം ഉള്ളവര്‍, ചാരവശാല്‍ സൂര്യന്‍ പ്രതികൂലമായി നില്‍ക്കുന്നവര്‍ (ചാരവശാല്‍ സൂര്യന്‍ 1, 2, 4, 5, 7, 8, 9, 12 എന്നീ ഭാവങ്ങളില്‍ സഞ്ചരിക്കുന്നവര്‍, ഞായറാഴ്ച ജനിച്ചവര്‍, കാര്‍ത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാര്‍, സൂര്യന്‍ ഗ്രഹനിലയില്‍ ദോഷസ്‌ഥാനത്ത് നില്‍ക്കുന്നവര്‍, തുലാം, മകരം, കുംഭം എന്നീ രാശികളില്‍ സൂര്യന്‍ നില്‍ക്കുന്നവര്‍, ചതയം, ഉതൃട്ടാതി, തിരുവാതിര, പൂയം, ചോതി, അനിഴം എന്നീ നക്ഷത്രക്കാര്‍, സൂര്യന് ശനിയുടെയോ രാഹുവിന്‍റെയോ കേതുവിന്‍റെയോ ദൃഷ്ടിയോ യോഗമോ വന്നവര്‍ എന്നിവരൊക്കെയും അവരുടെ സൂര്യദശാപഹാരകാലത്ത്‌ പരിഹാരം ചെയ്യണം.

സൂര്യപ്രാര്‍ത്ഥന – ഉത്തമസമയം, സംഖ്യ:

ഞായറാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള സൂര്യകാലഹോരസമയം സൂര്യഭജനത്തിന് അത്യുത്തമം ആകുന്നു. വീട്ടില്‍ നെയ്‌വിളക്ക് കത്തിച്ചുവെച്ച് സൂര്യശാന്തിമന്ത്രം 9 ഉരു ജപിക്കാം. ജപിക്കുമ്പോള്‍ കുടുംബത്തുള്ള എല്ലാ അംഗങ്ങളുടെയും പേരും നക്ഷത്രവും പറഞ്ഞതിനുശേഷം മന്ത്രം ജപിക്കണം. ഈ സമയത്ത് മാണിക്യമോതിരം ധരിക്കാം, ആദിത്യഹൃദയം ജപിക്കാം, സൂര്യനെ ഭജിച്ചുകൊണ്ട് ഭാഗ്യസൂക്തവും ജപിക്കാം.

സൂര്യശാന്തിമന്ത്രം:
————–
“ഓം ആസത്യേന രജസാ വര്‍ത്തമാനോ നിവേശയന്നമൃതം മര്‍ത്ത്യഞ്ച
ഹിരണ്യയേന സവിതാ രഥേനാ ദേവോയാതി ഭുവനാ വിപശ്യന്‍

അഗ്നിം ദൂതം വൃണീമഹേ ഹോതാരം വിശ്വവേദസം
അസ്യ യജ്ഞസ്യ സുക്രതും

യേഷാമീശേ പശുപതി: പശൂനാം ചതുഷ്‌പദാമുത ച ദ്വിപദാം
നിഷ്ക്രീതോയം യജ്ഞിയം ഭാഗമേതു രായസ്പോഷാ യജമാനസ്യ സന്തു

അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ ആദിത്യായ നമ: ശംഭവേ നമ:”

ഇത് നവഗ്രഹശാന്തി മന്ത്രത്തിലെ സൂര്യമന്ത്രം ആകുന്നു. അക്ഷരത്തെറ്റ് വരാതെയും, ശത്രുനിഗ്രഹം ആഗ്രഹിക്കാതെയും ഭയഭക്തിയോടെ ജപിക്കുക. ഫലം സുനിശ്ചിതം ആയിരിക്കും.

ദാരിദ്ര്യശമനം, രോഗശമനം (പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖം), സര്‍ക്കാര്‍ സംബന്ധമായ ആനുകൂല്യം എന്നിവയ്ക്ക് സൂര്യശാന്തി മന്ത്രം അത്യുത്തമം ആകുന്നു.
*********************

തിങ്കളാഴ്ച വ്രതം:
————
ഇത് അതികഠിനമായ ഒരു വ്രതമാണെന്ന് പറയേണ്ടി വരും.

ഇഷ്ടപ്പെട്ട ഭര്‍ത്താവിനെ ലഭിക്കാന്‍, ഭര്‍ത്താവിന്‍റെ ആയുരാരോഗ്യസൗഖ്യത്തിനായി അഥവാ ദീര്‍ഘസുമംഗലി ആയിരിക്കാന്‍ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണ്. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതും തുല്യഫലം നൽകുന്നതാണ്. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിയായി കരുതപ്പെടുന്നു.

മാന്യമായ ഒരു കാര്യസാദ്ധ്യത്തിനായും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാവുന്നതാണ് (ഉദാഹരണം: സ്വന്തമായി വീടും വസ്തുവും വാങ്ങാന്‍, സത്പുത്ര ജനനത്തിനായി…)

സ്ത്രീജാതകത്തിൽ അഷ്ടമാധിപൻ ഏഴാംഭാവത്തിൽ നിൽക്കുന്നുവെങ്കിൽ അവർ സ്‌ഥിരമായി തിങ്കളാഴ്ചവ്രതം പിടിച്ച് പ്രാർത്ഥിക്കുന്നത് ഭർത്താവിന് അതീവഗുണപ്രദമായിരിക്കും. ഉത്തമനായ ഒരു ജ്യോതിഷിയുടെ ഉപദേശപ്രകാരവും തിങ്കളാഴ്ചവ്രതം പിടിക്കാവുന്നതാണ്. ഭർത്താവിന്റെ സ്വഭാവഗുണത്തിനായും തിങ്കളാഴ്ചവ്രതം പിടിക്കാം. തീർച്ചയായും ഉത്തമഫലം ലഭിക്കും.

തലേദിവസം ഒരിക്കലൂണ്, വീടും പരിസരവും ശുചിയാക്കണം. തിങ്കളാഴ്ച പ്രഭാതത്തില്‍ ശുദ്ധമായി ശിവക്ഷേത്രദര്‍ശനം, പ്രാര്‍ത്ഥന. ‘നമഃശിവായ’ മന്ത്രമോ പ്രണവസഹിതമായ ‘ഓം നമഃശിവായ’ മന്ത്രമോ ജപിക്കണം. ഉമാമഹേശ്വര മന്ത്രങ്ങളും ജപിക്കാം. ശിവപുരാണം പാരായണം ചെയ്യാം.

പരദൂഷണം പറയരുത്, കേള്‍ക്കരുത്. ദു:ഖകരമായ ഒരു കാര്യവും പറയട്ടെ; ചില ക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച വ്രതം പിടിച്ച് ഭജിക്കുന്നവര്‍ സ്വകാര്യ വിഷയങ്ങളില്‍ വാഗ്വാദമോ, സംഭാഷണമോ നടത്തുകയും മറ്റുള്ളവര്‍ അത് കേട്ടുകൊണ്ട് ഇരിക്കുന്നതും കാണേണ്ടി വന്നിട്ടുണ്ട്. അവരൊക്കെ എത്ര തിങ്കളാഴ്ച വ്രതം പിടിച്ചാലും ഫലപ്രാപ്തി ലഭിക്കുന്നതല്ല. ആകയാൽ വ്രതം വളരെ കൃത്യതയോടെ ചെയ്യേണ്ടതാണെന്ന ബോധവും ഉണ്ടായിരിക്കണം.

അസുഖം ഉണ്ടെങ്കില്‍ ഉച്ചയ്ക്ക് അരവയര്‍ അരിയാഹാരം കഴിക്കാം. ഇല്ലെങ്കില്‍ അരിയാഹാരം പാടില്ല. ദീപാരാധന കണ്ടുതൊഴുത്, ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന തീര്‍ത്ഥം, പടച്ചോര്‍, എന്നിവ കഴിക്കാവുന്നതാണ്. (ഓര്‍ക്കുക: വൈകിട്ട് അഭിഷേകം ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ദീപാരാധനശേഷം തീര്‍ത്ഥം ലഭിക്കുന്നതല്ല. ആകയാല്‍, വ്രതം ഉണ്ടെങ്കില്‍ ക്ഷേത്രം മേല്‍ശാന്തിയെ അറിയിക്കേണ്ടതാണ്. അവര്‍ തീര്‍ത്ഥം തയ്യാറാക്കി വെക്കും)

ചൊവ്വാഴ്ച പ്രഭാതത്തില്‍ കുളിച്ച് ശുദ്ധമായി വ്രതം അവസാനിപ്പിക്കാം.

സാധാരണയായി 11 അല്ലെങ്കില്‍ 13 തിങ്കളാഴ്ച വ്രതമാണ് (മാസത്തിലൊന്ന് – ശുദ്ധ-അശുദ്ധ സൗകര്യാര്‍ത്ഥം) പിടിക്കുന്നത്. ആത്മാര്‍ത്ഥമായി ഈ വ്രതം പിടിക്കുന്നവര്‍ക്ക് കൃത്യം മൂന്നാമത്തെ വ്രതത്തോടെ കാര്യസാദ്ധ്യം നടക്കാറുണ്ടെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും വ്രതം പൂര്‍ത്തിയാക്കേണ്ടതുമാണ്.

സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. നല്ല ഭര്‍ത്താവിനെ ലഭിക്കാനായും, ഭർത്താവിന്‍റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി ഈ വ്രതം ആചരിക്കുന്നു. സർവ്വശക്തനായ പരമേശ്വരന്‍റെ പ്രീതി ലഭിക്കാനായി മിക്ക സ്ത്രീകളും തിങ്കളാഴ്ച വ്രതം ആചരിക്കാറുണ്ട്‌.
*******************

ചൊവ്വാഴ്ച വ്രതം:
————
ഭദ്ര, മുരുക, ഹനുമദ് പ്രീതിക്കായി ചൊവ്വാഴ്ചവ്രതം അനുഷ്ഠിക്കുന്നു. ജാതകത്തില്‍ ചൊവ്വ പ്രതികൂലമായി നില്‍ക്കുന്നവര്‍ ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം ആയിരിക്കും. ചൊവ്വയുടെ അനിഷ്ടഭാവസ്ഥിതി മൂലം വിവാഹതടസ്സം നേരിടുന്നവരും ചൊവ്വാഴ്ച വ്രതമനുഷ്ഠിക്കുന്നത് നല്ലതാണ്.

ചൊവ്വാഴ്ച അതിപുലര്‍ച്ചെ കുളിച്ച് ശുദ്ധമായി, വിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ച്, ഹനുമല്‍ക്ഷേത്രത്തിലോ ഭദ്രകാളീക്ഷേത്രത്തിലോ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലോ ദര്‍ശനവും വഴിപാടുകളും കഴിക്കുക. സിന്ദൂരം, രക്തചന്ദനം, മഞ്ഞള്‍പ്പൊടി, ചുവന്ന പുഷ്പങ്ങള്‍ എന്നിവകൊണ്ടുള്ള വഴിപാടുകള്‍ നടത്താം. കടുംപായസം, ഹനുമാന് കുങ്കുമം, അവില്‍ എന്നിവ വഴിപാടായി കഴിക്കാം. സുബ്രഹ്മണ്യന് പഞ്ചാമൃത നിവേദ്യം, കുമാരസൂക്ത പുഷ്പാഞ്ജലി എന്നിവയും നടത്താം. ചൊവ്വാഴ്ച ദിവസം ഒരിക്കലൂണ് മാത്രം. രാത്രി ലഘുഭക്ഷണം. അതില്‍ ഉപ്പു ചേര്‍ക്കരുത്.

ചൊവ്വാഴ്ച വ്രതദിവസം ചൊവ്വയുടെ മൂലമന്ത്രം, സ്തോത്രം, സുബ്രഹ്മണ്യ ‘രായം’ ഇവയിലൊന്ന് ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം.

മൂലമന്ത്രം:
“ഓം അംഗാരകായ നമ:”

ചൊവ്വാസ്തോത്രം:
“ധരണീ ഗര്‍ഭസംഭൂതം
വിദ്യുത്കാന്തി സമപ്രഭം
കുമാരം ശക്തിഹസ്തം
തം മംഗളം പ്രണമാമ്യഹം”

സുബ്രഹ്മണ്യ രായം:
“ഓം ശരവണ ഭവ:”

കടങ്ങള്‍ നീങ്ങാനും സഹോദരങ്ങളുമായുള്ള വിദ്വേഷങ്ങള്‍ നീങ്ങാനും, ശാരീരിക ബലം വര്‍ദ്ധിക്കാനും ചൊവ്വാഴ്ച വ്രതം അത്യുത്തമം ആകുന്നു.
********************

ബുധനാഴ്ച വ്രതം:
————-
സര്‍വ്വാഭീഷ്ടസിദ്ധിക്കായി ബുധനാഴ്ചവ്രതം അത്യുത്തമം ആയിരിക്കും. ജാതകത്തില്‍ ബുധന്‍ ബലമില്ലാതെ നില്‍ക്കുന്നവരും, ബുധദശയോ അപഹാരമോ നടക്കുന്നവരും, വിദ്യാര്‍ത്ഥികളും, തൊഴില്‍ അന്വേഷിക്കുന്നവരും, ആയില്യം, തൃക്കേട്ട, രേവതി എന്നീ നക്ഷത്രക്കാരും, മിഥുനക്കൂറുകാരും, കന്നിക്കൂറുകാരും ബുധനാഴ്ചവ്രതം പിടിക്കുന്നത് നല്ലതാണ്.

ജാതകത്തിൽ ബുധൻ പന്ത്രണ്ടാംഭാവത്തിൽ നിൽക്കുന്നവർ, ബുധദശയിൽ, ബുധാപഹാര കാലങ്ങളിൽ തീർച്ചയായും ബുധനാഴ്‌ചവ്രതം പിടിക്കുന്നത് അത്യുത്തമം ആയിരിക്കും.

പ്രഭാതത്തില്‍ കുളിച്ച് വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷം ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനം നടത്തി പച്ചപ്പട്ട് അല്ലെങ്കില്‍ പച്ച ഉടയാട, പൂമാല, നെയ്‌വിളക്ക്, തൃക്കൈവെണ്ണ, ഭാഗ്യസൂക്തപുഷ്പാഞ്ജലി എന്നീ അഞ്ച് കൂട്ടം വഴിപാടുകളോ അല്ലെങ്കില്‍ യഥാശക്തി ഏതെങ്കിലുമോ നല്‍കി പ്രാര്‍ത്ഥിക്കണം. ഒരിക്കലൂണ് മാത്രമാണ് ഭക്ഷണം. സന്ധ്യയ്ക്ക് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തണം. അടുത്ത ദിവസം പ്രഭാതത്തില്‍ കുളിച്ച് പ്രാര്‍ത്ഥിച്ച് വ്രതം അവസാനിപ്പിക്കാം.

ജപത്തിന് ബുധഗ്രഹസ്തോത്രം അത്യുത്തമം ആകുന്നു.

സ്തോത്രം:

“പ്രിയംഗുകലികാശ്യാമം
രൂപേണാ പ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം”

ശ്രീകൃഷ്ണ പ്രീതികരങ്ങളായ മറ്റ് മന്ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍ എന്നിവയും അതീവ ഗുണപ്രദമാണ്. കൂടുതൽ മന്ത്രങ്ങൾക്ക്: https://uthara.in/manthram/
***************************

വ്യാഴാഴ്ച വ്രതം:
————
അതീവ പ്രാധാന്യമുള്ള മറ്റൊരു വ്രതമാണ് വ്യാഴാഴ്ചവ്രതം. ഏതൊരു ജാതകത്തില്‍ വ്യാഴം 3, 6, 8, 12 ഭാവങ്ങളില്‍ നില്‍ക്കുന്നുവെങ്കില്‍ അവരും, ഇടവം, തുലാം, മകരം രാശികളില്‍ നില്‍ക്കുന്നവരും അവരുടെ വ്യാഴ ദശാപഹാര കാലങ്ങളില്‍ ഈ വ്രതം ആചരിക്കണം. കൂടാതെ, ചാരവശാല്‍ വ്യാഴം സഞ്ചരിക്കുന്നത് 1, 3, 4, 6, 8, 10, 12 എന്നീ ഭാവങ്ങളില്‍ ആണെങ്കില്‍ അവരും വ്യാഴാഴ്ച വ്രതം ആചരിക്കണം.

വ്യാഴം ചാരവശാല്‍ അതീവദോഷപ്രദമായ 1, 4, 10 ല്‍ ആണെങ്കില്‍ വ്യാഴാഴ്ചവ്രതം അത്യുത്തമം ആയിരിക്കും.

രാഹൂര്‍ദശയിലെ അവസാനത്തെ ആറുമാസം മുതല്‍ വ്യാഴദശയിലെ ആദ്യത്തെ ആറുമാസം വരെയുള്ള ഒരുവര്‍ഷത്തെ ദശാസന്ധിക്കാലം അതീവ ദോഷപ്രദമാകയാല്‍ ഈ കാലയളവിലും വ്യാഴാഴ്ചവ്രതം അത്യുത്തമം ആയിരിക്കും.

തലേദിവസം സന്ധ്യമുതല്‍ വ്രതം ആരംഭിക്കും. വ്യാഴാഴ്ച പ്രഭാതത്തില്‍ കുളിച്ച് ശുദ്ധമായി സ്വഭവനത്തില്‍ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ചതിനുശേഷം മഹാവിഷ്ണുക്ഷേത്രദര്‍ശനം നടത്തി ജപം, അരയാല്‍ പ്രദക്ഷിണം (ഏഴ് പ്രദക്ഷിണം), യഥാശക്തി വഴിപാടുകള്‍ എന്നിവ നടത്താം. രാമായണം, ഭാഗവതം എന്നിവയും പാരായണം ചെയ്യാം.

‘മുപ്പെട്ട്’ വ്യാഴം (മലയാളമാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച) വ്രതമായി ആചരിക്കുന്നവരുമുണ്ട്.

ജപിക്കാവുന്ന മന്ത്രങ്ങള്‍:

അരയാല്‍ പ്രദക്ഷിണ സമയത്ത്:

“ഓം ബുധേശായ നമ:
ഓം ശ്രവ്യായ നമ:
ഓം ശ്രേയായ നമ:
ഓം ഐശ്വര്യവരദായ നമ:
ഓം ജ്ഞാനമയായ നമ:
ഓം പ്രഥമപൂജിതായ നമ:
ഓം വിശ്വസ്ഥാണവേ നമ:
ഓം ആനന്ദപൂരിതായ നമ:
ഓം ഷഡ്ഗുണസേവിതായ നമ:
ഓം കനകധാരിണേ നമ:
ഓം വിഷ്ണവേ നമ:
ഓം പരമാത്മനേ നമ:”

എന്ന ദ്വാദശമന്ത്രമോ അല്ലെങ്കില്‍ “ഓം കൃഷ്ണായ നമ:” എന്ന ശ്രീകൃഷ്ണമന്ത്രമോ ഭക്തിയോടെ ജപിക്കാവുന്നതാണ്.

വെള്ളിയാഴ്ചവ്രതം:
————–
ഇത് ദേവീപ്രീതികരവും രാഹൂര്‍പ്രീതികരവുമാകുന്നു. ശുക്രദശാപഹാരമുള്ളവര്‍ക്ക് വെള്ളിയാഴ്ച വ്രതം അത്യുത്തമം ആയിരിക്കും. ഒരു ഗ്രഹനിലയില്‍ ശുക്രന്‍ അനിഷ്ടമായോ നീചരാശിയായ കന്നിയില്‍ നിന്നാലോ ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങളില്‍ ജനിച്ചവരും, ഈ നക്ഷത്രങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങളുടെ ശുക്രദശയില്‍ മിക്ക മാതാപിതാക്കൾക്കും ദാമ്പത്യപ്രശ്നം, കുടുംബപ്രശ്നം എന്നിവയുണ്ടാകാമെന്നതിനാൽ ആ കുഞ്ഞുങ്ങൾക്കുവേണ്ടി അവരുടെ മാതാപിതാക്കളും വെള്ളിയാഴ്ചവ്രതം പിടിക്കുന്നത് അതീവ ശുഭപ്രദമായിരിക്കും.

രാഹൂര്‍ദോഷപരിഹാരമായും വെള്ളിയാഴ്ചവ്രതം ഭക്തിയോടെ ആചരിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ അന്ന് പകല്‍നേരത്തുള്ള രാഹുകാലസമയത്ത് (ഏകദേശം 10.30 മുതല്‍ 12 വരെയുള്ള സമയം. ഓര്‍ക്കുക: കലണ്ടറില്‍ നല്‍കിയിരിക്കുന്ന രാഹുകാലസമയം കൃത്യമല്ല. ഏകദേശം അരമണിക്കൂര്‍ വ്യത്യാസം വരെയുണ്ടാകാം) ദുര്‍ഗ്ഗാക്ഷേത്രത്തില്‍ രാഹൂര്‍വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കാറുണ്ട്. ഇത് തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാര്‍ക്കും രാഹൂര്‍ ദശയോ അപഹാരമോ നടക്കുന്നവര്‍ക്കും അത്യുത്തമം ആകുന്നു. ഓരോ മാസത്തെയും കൃത്യമായ രാഹുകാലം അറിയുന്നതിന്: https://uthara.in/masapanchangam/

മംഗല്യഭാഗ്യം, ദീര്‍ഘദാമ്പത്യം എന്നിവയ്ക്കായി പൊതുവേ വെള്ളിയാഴ്ചവ്രതം ആചരിച്ചുവരുന്നു.

പൂര്‍ണ്ണ ഉപവാസമായോ ഒരിക്കലൂണായോ വ്രതം പിടിക്കാം. പ്രഭാതസ്നാനം കഴിഞ്ഞ് സ്വഭവനത്തില്‍ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ച് ദുര്‍ഗ്ഗാക്ഷേത്രം, മഹാലക്ഷ്മീക്ഷേത്രം, അന്നപൂര്‍ണ്ണേശ്വരീക്ഷേത്രം ഇവയിലൊന്നില്‍ ദര്‍ശനം നടത്താം. ഇവരുടെ ഇഷ്ടമന്ത്രങ്ങള്‍, അഷ്ടോത്തരം എന്നിവയും ജപിക്കാം.
******************

ശനിയാഴ്ചവ്രതം:
————
ശനിയാഴ്ചവ്രതത്തെക്കുറിച്ച് അറിയുന്നതിനുമുമ്പ് ശനിദോഷങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. അവ ആദ്യം എഴുതുന്നു.

ഏഴരശ്ശനി, ജന്മശ്ശനി, കണ്ടകശ്ശനി:
————-
ഒരാളിന്‍റെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയാണ് അവരുടെ ‘കൂറ്’ അഥവാ ‘രാശി’. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ തൊട്ടുപിന്നിലുള്ള (അതായത് പന്ത്രണ്ടാംഭാവം) രാശിയില്‍ ശനി രണ്ടരവര്‍ഷം, പിന്നെ അവരുടെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ രണ്ടരവര്‍ഷം‍, പിന്നെ അവരുടെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ മുന്നിലുള്ള രാശിയില്‍ (രണ്ടില്‍) രണ്ടരവര്‍ഷം. അങ്ങനെ മൂന്ന്‍ രാശികളിലുമായി മൊത്തം ഏഴരവര്‍ഷം കൊണ്ട് ‘ഏഴരശ്ശനി’ പൂര്‍ത്തിയാകുന്നു.

ഒരാളിന്റെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ നാലാംഭാവത്തില്‍ ശനി നില്‍ക്കുന്നതും, ഏഴാംഭാവത്തില്‍ ശനി നില്‍ക്കുന്നതും, പത്താംഭാവത്തില്‍ ശനി നില്‍ക്കുന്നതും ‘കണ്ടകശ്ശനി’ എന്ന് അറിയപ്പെടുന്നു.

ഒരാളിന്റെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ ശനി നിന്നാല്‍ ‘ജന്മശ്ശനി’ എന്ന് അറിയപ്പെടുന്നു. ഇത് ഏഴരശ്ശനിയും കണ്ടകശ്ശനിയും ചേര്‍ന്നുവരുന്ന സമയം ആകയാല്‍ ദോഷപ്രദം തന്നെയായിരിക്കും.

ഏഴരശ്ശനി, ജന്മശ്ശനി, കണ്ടകശ്ശനി എന്നിവ ഒട്ടുമിക്ക ജനങ്ങളും വളരെയേറെ ഭയത്തോടെയാണ് കാണുന്നത്. അവരവര്‍ ചെയ്യുന്നതിന്റെ ഗുണദോഷങ്ങള്‍ ഭൂമിയില്‍ വെച്ചുതന്നെ അനുഭവിച്ചുതീര്‍ക്കാനുള്ള സര്‍വ്വേശ്വരന്റെ ലളിതമായ ഒരു പ്രക്രിയ മാത്രമായി കണ്ടാല്‍ ശനിദോഷത്തെ ഇത്രയേറെ ഭയപ്പെടേണ്ടതില്ല.

രക്ഷകര്‍ത്താക്കളെയും സംരക്ഷിക്കേണ്ടതായ രക്തബന്ധുക്കളെയും അതിനുതുല്യരായവരെയും സംരക്ഷിക്കുകയും പരിപാലിക്കുകയും മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുകയും ചെയ്യുന്നവരെ ശനിദോഷം ബാധിക്കുന്നില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും.

എന്റെ അഭിവന്ദ്യ ഗുരുനാഥന്‍ ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിയുടെ ജന്മശ്ശനിക്കാലത്താണ് (18-10-1999 ല്‍ – 1175 തുലാം 01-) ശബരിമല മേല്‍ശാന്തിയായി നറുക്ക് വീണത്. അങ്ങനെ അദ്ദേഹം ശബരിമലയിലെ അഞ്ചാമത് പുറപ്പെടാശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ശനിദോഷത്തെ ഭയപ്പെടേണ്ടതില്ല എന്നതിന് ഇതിലും വലിയൊരു തെളിവ് ആവശ്യമില്ലല്ലോ…

കുടുംബത്ത് പകുതിയിലധികം അംഗങ്ങള്‍ക്ക് ശനിദോഷം ഭവിച്ചാല്‍ ശനിദോഷശാന്തി തീര്‍ച്ചയായും അനുഷ്ഠിക്കേണ്ടതാണ്.

ശനിദശയോ അപഹാരമോ ഉളളവര്‍, ചാരവശാല്‍ ശനി 1 (ജന്മശ്ശനി), 2 (ഏഴരശ്ശനി), 4 (കണ്ടകശ്ശനി), 5ൽ, 7 (കണ്ടകശ്ശനി), 8 (അഷ്ടമശ്ശനി), 9ൽ, 10 (കണ്ടകശ്ശനി), 12 (ഏഴരശ്ശനി) എന്നീ ദോഷമുള്ളവര്‍, പൂയം, അനിഴം, ഉതൃട്ടാതി എന്നീ നക്ഷത്രക്കാര്‍, ജാതകത്തില്‍ ശനി ‘വക്ര’ഗതിയില്‍ ഉള്ളവര്‍, ശനിദശയുടെ ആദ്യത്തെ ആറുമാസക്കാലത്തിലൂടെ കടന്നുപോകുന്നവർ എന്നിവരൊക്കെയും ശനിയാഴ്ചവ്രതം ആചരിക്കണം.

പ്രഭാതസ്നാനം കഴിഞ്ഞ് സ്വഭവനത്തില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിച്ച് ശാസ്താ, വിഷ്ണു, ഗണപതി, ഹനുമാന്‍ ക്ഷേത്രങ്ങളിലൊന്നില്‍ ദര്‍ശനം നടത്തി യഥാശക്തി വഴിപാടുകള്‍ നടത്തണം. ഉടയാട (പട്ട്), പൂമാല എന്നിവ അതീവ ഗുണപ്രദം.

ശാസ്താക്ഷേത്രത്തില്‍ നീരാജനം നല്‍കി പ്രാര്‍ത്ഥിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്:

ശാസ്താപ്രീതിക്കായി ഇന്ന് വ്യാപകമായി ചെയ്തുവരുന്നത് ‘നീരാജനം’ കത്തിക്കുക എന്ന ‘എളുപ്പമാര്‍ഗ്ഗ’മാണല്ലോ? നാളീകേരം ഉടച്ച്, അതിലെ വെള്ളം ഒഴിവാക്കി, അതില്‍ എള്ളുകിഴിവെച്ച്, എള്ളെണ്ണ ഒഴിച്ച്, വിളക്കില്‍ നിന്നും തീനാളം എള്ളുകിഴിയില്‍ പകര്‍ന്ന് നാളീകേരത്തില്‍ വെച്ച്, പിന്നെ നീരാജനം കത്തിനില്‍ക്കുന്ന രണ്ട് നാളീകേരവും എടുത്ത് ശാസ്താവിനെ ഉഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്നതാണ് നീരാജനം. തുടര്‍ന്ന് അത് ബിംബത്തിനുമുന്നില്‍ സൗകര്യപ്രദമായ സ്ഥലത്ത് വെക്കുന്നു.

നീരാജനം നടത്തുന്നതിന്, ഇതൊരു കച്ചവടമായി ലക്ഷ്യം വെക്കാത്ത ക്ഷേത്രങ്ങള്‍ തെരഞ്ഞെടുക്കണം. രണ്ട് നാഴിക നേരമെങ്കിലും (48 മിനിറ്റ്) നീരാജനം കത്തിനില്‍ക്കണം. തൊട്ടടുത്ത ദിവസം ആ ബിംബത്തിന് നിങ്ങള്‍ യഥാശക്തി ഒരു അഭിഷേകവും നടത്തണം. പക്ഷേ ഇപ്പോള്‍ കണ്ടുവരുന്ന രീതി, നാളീകേരത്തില്‍ എണ്ണയൊഴിക്കാതെ എള്ളുകിഴിയെടുത്ത് എണ്ണയില്‍ പേരിനൊന്ന് മുക്കി, കത്തിച്ച് നാളീകേരത്തില്‍ വെക്കും. രണ്ട് മിനിറ്റ് ആകുമ്പോഴേക്കും എള്ളുകിഴി കത്തിത്തീരുമല്ലോ? നാളീകേരത്തില്‍ എണ്ണയൊഴിക്കാത്ത ക്ഷേത്രങ്ങളിലെ കര്‍മ്മികളേയോ സംഘാടകരെയോ നിങ്ങള്‍ സധൈര്യം ചോദ്യം ചെയ്യണം. അല്ലെങ്കില്‍ ആ ക്ഷേത്രത്തില്‍ നീരാജനം ചെയ്യാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

അങ്ങനെ ക്ഷേത്രങ്ങളില്‍ നിന്നും സന്തോഷം നിങ്ങള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ഭവനത്തില്‍ ശാസ്താപ്രീതിക്കായി നീരാജനം നല്‍കി പ്രാര്‍ത്ഥിക്കാവുന്നതാണ്‌. വീട്ടിലാണ് ഇത് ചെയ്യുന്നതെങ്കിൽ നാളീകേരം മറിഞ്ഞുപോകാതിരിക്കാൻ ഒരു പാത്രത്തിൽ അരിയിട്ട് അതിൽ നാളീകേരം വെക്കണം. ശേഷം അത് പൂർണ്ണമായി കത്തിത്തീരുംവരെ പ്രാർത്ഥന നടത്തണം. ശേഷം, അവയൊക്കെ അണച്ച്, നീക്കം ചെയ്തിട്ടേ പോകാവൂ. കാരണം, ചെറിയ കുട്ടികളുള്ള വീടാണെങ്കിൽ അത്യധികമായ ശ്രദ്ധ ഉണ്ടായിരിക്കണമല്ലോ.

ശാസ്താവിന് എള്ള്പായസം, നവഗ്രഹക്ഷേത്രത്തില്‍ ശനീശ്വരന് എള്ളുകിഴി, എണ്ണ സമര്‍പ്പണം എന്നിവയും അത്യുത്തമം തന്നെയാകുന്നു.

ശനിയാഴ്ചവ്രതം പിടിക്കുന്നവര്‍ അര്‍ഹതയുള്ള ഒരാള്‍ക്കെങ്കിലും യഥാശക്തി സഹായം (അന്നമോ വസ്ത്രമോ ധനമോ) നല്‍കേണ്ടതുമാകുന്നു. വികലാംഗരെ ദ്രോഹിക്കരുത്. മാതാപിതാക്കളെയും, സഹോദരങ്ങളെയും തിരിഞ്ഞുനോക്കാത്ത യാതൊരാളും ശനിയാഴ്ചവ്രതം പിടിക്കേണ്ടതുമില്ല.

ആഴ്ചവ്രതങ്ങള്‍ സമാപ്തം.

ദിവസേനയുള്ള ജ്യോതിഷ വിവരങ്ങള്‍ ലഭിക്കുന്നതിന്
LIKE ചെയ്യുക: https://www.facebook.com/uthara.astrology
Anil Velichappadan, www.uthara.in
9497 134 134, 0476-296 6666.

Share this :
× Consult: Anil Velichappadan