വാവുബലി വീട്ടിൽ ചെയ്യണം. ഉദയം മുതൽ 10.51 വരെ ഉത്തമം

Share this :

കർക്കടകവാവ് ബലികർമ്മം വീട്ടിൽ ചെയ്യാം:
(സൂര്യോദയം മുതൽ 10.51 വരെ ഉത്തമം. നാളത്തെ സൂര്യോദയം: 06.18.43സെക്കന്റ്-കൊല്ലം ജില്ല)

08-08-2021 (1196 കർക്കിടകം 23) ഞായറാഴ്ച കർക്കടകവാവ്. തലേ ദിവസം സന്ധ്യയ്ക്ക് 7.11.44 സെക്കന്റ് മുതൽ ഞായറാഴ്ച വൈകിട്ട് 7.19.57 സെക്കന്റ് വരെ കറുത്തവാവ് അഥവാ അമാവാസി ആകുന്നു. പാതിരാത്രിയിലെ അല്ലെങ്കിൽ അസമയത്തെ ബലികർമ്മം ദോഷപ്രദമാകയാൽ നേരം പുലർന്നുകഴിഞ്ഞുള്ള ബലികർമ്മം ചെയ്യുന്നതാണ് ഉത്തമം.

ക്ഷേത്രങ്ങളൊക്കെ ഭക്തർക്കായി തുറന്നുകൊടുക്കാൻ സാധിക്കാത്ത ഈ കാലത്ത് നമ്മൾ, വിശ്വാസികൾക്ക് വീട്ടിൽ അല്ലെങ്കിൽ താമസസ്ഥലത്ത് ബലികർമ്മം ചെയ്യാവുന്നതാണ്. നമ്മൾ സ്വന്തമായി ചെയ്യുന്ന സദ്കർമ്മങ്ങൾ എപ്പോഴും സന്തോഷപ്രദമായി ഭവിക്കും. ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ എന്നുമാത്രമല്ല, എല്ലാ വർഷവും സ്വന്തമായി വീട്ടിൽ ബലികർമ്മം ചെയ്യാവുന്നതുമാണ്.

എങ്ങനെ ബലികർമ്മം ചെയ്യാം?
———-
തലേദിവസം വ്രതം, ഒരിക്കലൂണ് അനുഷ്ഠിക്കണം.

ആവശ്യമുള്ള സാധനങ്ങൾ:
———-
നിലവിളക്ക്, കിണ്ടി അല്ലെങ്കിൽ മൊന്ത അല്ലെങ്കിൽ ഗ്ലാസ്സ്, 3 പഴം, വാഴയില-2 (തൂശനില), കുറച്ച് തുളസിയില, കുറച്ച് പൂവ്, 50 ഗ്രാം എള്ള് അല്പം വെള്ളത്തിൽ മിക്സ് ചെയ്ത് ഒരു ചെറിയ പാത്രത്തിൽ വെച്ചത്, വേവിച്ച ചോറിൽ എള്ള് ചേർത്ത് കുഴച്ച് ഉരുളയാക്കിയത് – 5 ഉരുള, പിന്നെ കുറച്ച് ചോറും എള്ളും ഉരുളയാക്കാതെയുള്ളത്, ഉപ്പില്ലാതെ വേവിച്ചെടുത്ത 3 അട (ബലികർമ്മം കഴിഞ്ഞ് വീട്ടിൽ ‘ചാവ് വെക്കാൻ’ ഉള്ളതാണ് അട)

നിലവിളക്ക് 5 തിരിയിട്ട് കൊളുത്തി, അതിനുമുന്നിൽ വാഴയിലയിട്ട്, കിണ്ടിയിലെ/ഗ്ളാസ്സിലെ വെള്ളത്തിൽ ഗംഗാദേവിയെ ഭജിച്ച് അല്പം തുളസിയിലയിട്ട്, ആ വെള്ളം നമ്മുടെ ശരീരത്തിലും പൂജാസാധനങ്ങളിലും ബലിചെയ്യുന്ന സ്‌ഥലത്തും തളിച്ച് ശുദ്ധി വരുത്തി, ഗണപതിയെ പ്രാർത്ഥിച്ച് അവിടെ അല്പം പൂവ് വെക്കണം.

അപ്പോൾ നിലവിളക്കിന് മുന്നിൽ ഒരു വാഴയിലയിൽ ഗണപതിയ്ക്കും പിന്നെ അതിന് കിഴക്കായി മറ്റൊരു വാഴയില തെക്കുഭാഗത്തേക്ക് തുമ്പ് വരുന്ന രീതിയിലും വെക്കേണ്ടതാകുന്നു. ആ വാഴയിലയുടെ പിന്നിൽ (വടക്കുവശം) നമ്മൾ തെക്കോട്ട് നോക്കി സ്വസ്‌ഥമായി ഇരുന്ന് (മുട്ടിൽ ഊന്നി ഇരിക്കാൻ മിക്കവർക്കും പൊതുവെ പ്രയാസമായിരിക്കുമല്ലോ) നമുക്ക് ഏറ്റവും ലളിതമായി ബലികർമ്മം ചെയ്തു തുടങ്ങാം.

അഞ്ച് പിണ്ഡം വെച്ചതിൽ നിന്നും ഒരെണ്ണമെടുത്ത് നമ്മുടെ കുടുംബത്തെയും അച്ഛന്റെയും അമ്മയുടെയും കുടുംബത്തെയും പരമ്പരയിൽപ്പെട്ട സകല പിതൃക്കൾക്കുമായി ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഇലയുടെ മദ്ധ്യഭാഗത്തായി ആദ്യത്തെ പിണ്ഡം വെക്കണം.

രണ്ടാമത്തെ പിണ്ഡം കയ്യിലെടുത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും കുലത്തിൽ മരണപ്പെട്ടവർക്കും എന്റെ ഗുരുക്കന്മാർക്കും അവരുടെ കുലത്തിൽപ്പെട്ട പിതൃക്കൾക്കും സകല ആശ്രിതർക്കും മോക്ഷത്തിനായി ഞാൻ ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ആദ്യം വെച്ച പിണ്ഡത്തിന്റെ മുന്നിൽ അതായത് തെക്ക് വശത്തായി രണ്ടാമത്തെ പിണ്ഡം വെക്കണം.

മൂന്നാമത്തെ പിണ്ഡം കയ്യിലെടുത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും കുലത്തിലെ ഏതെങ്കിലും പിതൃക്കൾ നരകയാതന അനുഭവിക്കുന്നെങ്കിൽ അവരുടെ മോചനത്തിനായും ഞാൻ ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നടുക്ക് ആദ്യം വെച്ച പിണ്ഡത്തിന്റെ വടക്ക്, അതായത് പിന്നിലായി ഒന്നുകൂടി പറഞ്ഞാൽ ആദ്യം നടുക്കുവെച്ച പിണ്ഡത്തിനും നമ്മുടെയും ഇടയിലായി മൂന്നാമത്തെ പിണ്ഡം വെക്കണം. ഇപ്പോൾ ആ മൂന്ന് പിണ്ഡവും തെക്കുവടക്ക് ക്രമത്തിൽ ആയിട്ടുണ്ടാകും.

നാലാമത്തെ പിണ്ഡമെടുത്ത് എന്റെയും മാതാവിന്റെയും പിതാവിന്റെയും കുലം വിട്ടൊഴിഞ്ഞ് പോയവരും കുലം ഇല്ലാതായവരുടെയും പിതൃ-പ്രീതിക്കായും മോക്ഷത്തിനായും ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നടുക്ക് ആദ്യം വെച്ച പിണ്ഡത്തിന്റെ ഇടതുഭാഗത്ത് അതായത് കിഴക്ക് ഭാഗത്തായി വെക്കണം.

അഞ്ചാമത്തെ പിണ്ഡമെടുത്ത് എന്റെ ബന്ധത്തിലെയും അന്യരുടെ ബന്ധത്തിലേയും സകല പിതൃക്കൾക്കുമായി ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നടുക്ക് ആദ്യം വെച്ച പിണ്ഡത്തിന്റെ വലതുഭാഗത്ത് അതായത് പടിഞ്ഞാറ് ഭാഗത്തായി വെക്കണം. ഇപ്പോൾ നടക്കും കിഴക്കുപടിഞ്ഞാറായി മൂന്ന് പിണ്ഡം ഉണ്ടായിരിക്കും.

അഞ്ച് പിണ്ഡവും പിന്നെ കുറെ ചോറും എള്ളും കുഴച്ചത് നമ്മൾ ആദ്യമെടുത്ത് ഒരു പാത്രത്തിൽ വെച്ചിരുന്നല്ലോ. അതിൽ ഇനി ബാക്കിയുള്ളത് കുറച്ച് ചോറ് മാത്രമായിരിക്കും. ആ ചോറ് എല്ലാം കൂടി കയ്യിലെടുത്ത് (ഉരുള ആക്കരുത്) എല്ലാ പിണ്ഡങ്ങളുടെയും മുകളിലായി ചൊരിഞ്ഞിട്ട് ഇവയും കൂടി സ്വീകരിച്ച് സന്തോഷമാകണം എന്ന് പ്രാർത്ഥിക്കണം.

അതിനുശേഷം കുറച്ച് എള്ളും വെള്ളവും ചേർത്ത് (ഇവ ഒരു പാത്രത്തിൽ മിക്സ് ചെയ്ത് ആദ്യം തന്നെ വെച്ചിട്ടുണ്ടല്ലോ) ആ അഞ്ച് പിണ്ഡങ്ങളുടെയും പുറത്തായി വിതറുക.

പിന്നെ ‘ഞങ്ങളെക്കൊണ്ട് കഴിയുന്നത്ര രീതിയിൽ പിതൃക്കൾക്കായുള്ള എല്ലാ പൂജാരീതികളും സമർപ്പിക്കുന്നു’ എന്ന് മനസ്സിൽ പ്രാർത്ഥിച്ച്, അല്പം പൂവെടുത്ത് മുന്നിലെ പിണ്ഡത്തിലേക്കിട്ട് കുമ്പിട്ട് തൊഴുത്, ഈ കർമ്മത്തിൽ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ മഹാദേവൻ ക്ഷമിച്ചുകൊള്ളണം എന്ന് പ്രാർത്ഥിക്കണം. പിന്നെ എഴുന്നേറ്റ് ആ പിണ്ഡത്തിന് 3 പ്രാവശ്യം വലംവെച്ച്, പിന്നെ അതിൽ നിന്നും ഒരു പൂവെടുത്ത് മൂക്കിനോട് ചേർത്ത് മണപ്പിച്ചശേഷം ആ പൂവ് തലയിൽ വെക്കണം.

പിന്നെ ഇല കൂട്ടി എല്ലാ പിണ്ഡവും ഇലയിൽ മടക്കിയെടുത്ത് അത് തലയിൽ വെച്ച് വസ്തുവിന്റെ അല്ലെങ്കിൽ ബലികർമ്മം ചെയ്യുന്നതിന്റെ തെക്കുപടിഞ്ഞാറേ ഭാഗത്ത് വെക്കണം. കടൽ, കായൽ, പുഴ എന്നിവിടെ ഒഴുക്കുന്നതും പതിവുണ്ട്.

പിന്നെ വീട്ടിൽ പൂജാമുറിയിൽ അല്ലെങ്കിൽ അതിന് പറ്റിയ സ്‌ഥലത്ത്‌ ഉപ്പില്ലാതെ വേവിച്ചെടുത്ത 3 അട, ചാവ് വെക്കണം. പിന്നെ നിലവിളക്ക് അനക്കി, തിരി അണച്ച്, വിളക്ക് എടുക്കാവുന്നതാണ്. ചാവ് വെച്ചത് ഒരുമണിക്കൂർ കഴിഞ്ഞ് എടുക്കാം.

വിദേശത്തോ, ഫ്‌ളാറ്റിലോ, മുറികളിലോ ഇവ ചെയ്യുന്നവർ സൗകര്യപ്രദമായ രീതിയിൽ അവയൊക്കെ നീക്കം ചെയ്യണം. കാക്കയും മറ്റ് പക്ഷികളുമൊന്നുമില്ലാത്ത സ്‌ഥലങ്ങളിൽ ആളുകൾക്ക് പിന്നെ ഇവയൊക്കെ സൗകര്യമായി നീക്കം ചെയ്യുകയോ കായലിലോ കടലിലോ മത്സ്യങ്ങൾക്ക് നൽകാം. അതാത് സ്‌ഥലങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ, നിയമങ്ങൾ എന്നിവ പാലിക്കാൻ മറക്കരുത്.

ശ്രദ്ധിക്കുക: ഇതിൽ പവിത്രം, കൂർച്ചം, മറ്റ് മന്ത്രങ്ങൾ എന്നിവയൊന്നും എഴുതിയിട്ടില്ല. കാരണം, ആദ്യമായി സ്വന്തമായിട്ട് ഇങ്ങനെയൊരു ബലികർമ്മം ചെയ്യുന്നവർക്ക് മന്ത്രങ്ങൾ സഹിതമായി ഇവ ചെയ്യാൻ പ്രായോഗികമായി പ്രയാസമായിരിക്കും. തന്നെയുമല്ല, തെറ്റായുള്ള മന്ത്രപ്രയോഗങ്ങൾ ചിലപ്പോൾ ദോഷവും വരുത്തിവെച്ചേക്കാം. ആകയാൽ പിതൃക്കൾക്കും ദേവതകൾക്കും ഒപ്പം നമുക്കും മനസ്സിലാകുന്ന രീതിയിൽ ഏറ്റവും ലളിതമായി പ്രാർത്ഥനകൾ നടത്തി കർമ്മങ്ങൾ ചെയ്യുന്നതാണ് ഏറ്റവും ശുഭപ്രദം. ഒരു പഴമോ പച്ചക്കറിയോ കൊണ്ടുപോലും പിതൃകർമ്മം ചെയ്യാമെന്ന് ശ്രീ പറവൂർ ശ്രീധരൻ തന്ത്രിയും പറഞ്ഞിട്ടുള്ളതാകുന്നു.

കർക്കടകവാവ് ബലികർമ്മം നിങ്ങളാൽ ആകുന്ന വിധം ചെയ്യാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
*****************
എന്നാൽ വാവുബലിക്രിയകളിലെ അനാചാരങ്ങൾ ഭക്തർ കാണാതെ പോകരുത്. ഭക്തിയോ‌ടെയും സൂക്ഷ്മതയോടെയും ബഹുമാനത്തോ‌ടെയും ചെയ്യേണ്ടതായ കർമ്മങ്ങൾ ധനമോഹത്താൽ ചെയ്യുന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെയാകുന്നു.

ബലികർമ്മത്തിലെ അനാചാരങ്ങൾ ഒഴിവാക്കാനും ചെയ്യുന്നവർക്കും ചെയ്യിക്കുന്നവർക്കും ആ നാടിനുതന്നെയും സർവ്വൈശ്വര്യം ലഭിക്കാൻ ഭാഗ്യമുണ്ടാകണമെന്നും മുഹൂർത്ത നിയമങ്ങൾ പാലിക്കണമെന്നും ആയതിനുവേണ്ടി പഞ്ചാംഗ ഗണിതാക്കളും തന്ത്രിവര്യന്മാരും ജ്യോതിഷ പണ്ഡിതരും ഒന്നിച്ചുനിന്ന് ഇതിനൊരു ഏകീകരണം ലഭ്യമാക്കുമെന്നും പ്രതീക്ഷിച്ചുകൊണ്ട് പൂർണ്ണ സദുദ്ദേശ്യത്തോടെ ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം ഇത് വിശ്വാസികൾക്കായി സമർപ്പിക്കുകയാണ്.

വാവുബലികർമ്മം രാത്രിയും വൈകുന്നേരവുമൊക്കെ ചെയ്ത് അതീവദോഷം വരുത്തിവെക്കുന്ന രീതി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഏത് ഗ്രന്ഥത്തിലാണ് രാത്രിയിൽ ചെയ്യുന്ന ബലികർമ്മത്തെക്കുറി‌ച്ച് പ്രതിപാദി‌ച്ചിരിക്കുന്നത്? അപ്പോൾപ്പിന്നെ പാതിരാത്രിയിലൊക്കെ വാവുബലികർമ്മം ചെയ്ത് നമ്മൾ വെറുതെ പിതൃശാപം ഏറ്റുവാങ്ങുന്നത് എന്തിനാണ്?

രാത്രിയിൽ ബലികർമ്മം ചെയ്ത് നൽകുന്ന കർമ്മികൾ അവരുടെ സ്വന്തം കുടുംബത്തിനായി പാതിരാത്രിയിൽ ബലികർമ്മം ചെയ്യുമോ? ഒരിക്കലുമില്ല. അപ്പോൾ ഇതൊക്കെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ കർമ്മങ്ങൾ, ക്രിയകൾ എന്നിവയൊക്കെയും മന്ത്രമുഖരിതങ്ങളാണ്. തെറ്റായി ഇവയൊക്കെ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും നമുക്ക് മാത്രമല്ല ഒരുപക്ഷെ ഭൂഗോളത്തിനുതന്നെ ദോഷമായി ഭവിക്കുകയും ചെയ്യും.
നമ്മൾ ചെയ്യുന്ന ക്രിയകൾ പ്രയോജനപ്രദമാകണമെങ്കിൽ അത് ധർമ്മമായി പരിണമിക്കണം. ഭക്തിയും ശ്രദ്ധയുമില്ലാതെ ചെയ്യുന്ന കർമ്മങ്ങൾ ധർമ്മമായി പരിണമിക്കുന്നതല്ല. അതുകൊണ്ടാണ് “ശ്രദ്ധയാ ക്രിയമാണം കർമ്മ ശ്രാദ്ധം” എന്ന് പറഞ്ഞിരിക്കുന്നത്. അപ്പോൾ ഈ പിതൃകർമ്മം ദോഷകാലത്ത് ചെയ്‌താൽ എന്താണ് സംഭവിക്കുക? രാത്രിയും ഉച്ചയ്ക്ക് ശേഷവും പിതൃകർമ്മങ്ങൾ ചെയ്ത് ദുരിതമുണ്ടാക്കരുത്.

നമ്മൾ ചെയ്യുന്ന കർമ്മങ്ങളാൽ പരേതാത്മാക്കളെ നാരായണലോകത്ത് എത്തിക്കാനാണ് ബലികർമ്മം ചെയ്യുന്നത്. അഞ്ച് തലമുറകൾക്കുവേണ്ടി നമ്മൾ ബലികർമ്മം ചെയ്യേണ്ടതുണ്ട്. ശിവരാത്രി, കർക്കടകവാവ്‌ എന്നീ രണ്ട് ദിവസങ്ങളിലെ പിതൃബലികർമ്മം അത്യുത്തമം തന്നെയാകുന്നു.

“മുഹൂർമുഹുസ്താരയതേ
കർത്താരം ശ്രൗതകർമ്മണാം
തസ്മാന്മുഹൂർത്ത ഇത്യാഹുർ-
മുനയസ്തത്വദർശിനഃ”

ശ്രൗതകർമ്മങ്ങളുടെ കർത്താവിനെ വീണ്ടും വീണ്ടും രക്ഷിക്കുന്നതിനാലാണ് തത്വദർശികളായ മഹർഷിമാർ ശുഭകാലത്തെ ‘മുഹൂർത്തം’ എന്ന് പറയുന്നത്. അപ്പോൾ ആചാര്യന്മാർ പറഞ്ഞിരിക്കുന്ന ശുഭകാലംതന്നെ വാവുബലിക്കും എടുക്കേണ്ടതുണ്ട്.

“അവിജ്ഞായ തു ദോഷാണാം ഗുണാനാഞ്ച ബലാബലം
കാലോ വിധീയതേ യേന നരകം യാതി ധ്രുവം”

അറിയാമായിരുന്നിട്ടും തെറ്റായി ചെയ്താലോ, ഗുണദോഷങ്ങൾ ചിന്തിക്കാതെ പ്രവർത്തിച്ചാലോ അവർ നിശ്ചയമായും നരകത്തെ പ്രാപിക്കും. ഈ പ്രമാണങ്ങളൊക്കെയും പറയുന്നത്, തെറ്റായി ചെയ്യുന്ന കർമ്മങ്ങളൊക്കെയും ദോഷങ്ങളായി പരിണമിക്കുമെന്ന് തന്നെയാണ്.

സ്വന്തം ഗൃഹത്തിൽ ബലികർമ്മം ചെയ്യാമോ?
—————
ഇപ്പോഴത്തെ കോവിഡ് കാലത്ത് കർശനമായ സർക്കാർ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വീട്ടിൽ നമ്മൾ സ്വയം ബലികർമ്മം ചെയ്ത് പ്രാർത്ഥിക്കുന്നതായിരിക്കും ഏറ്റവും മഹത്തരം.

പിതൃകർമ്മത്തിന് “ഇല്ലം-വല്ലം-നെല്ലി” എന്നായിരുന്നല്ലോ പണ്ടുമുതലേയുള്ള ചൊല്ല്. അതായത് സ്വന്തം വീട്, തിരുവല്ലം ക്ഷേത്രം, തിരുനെല്ലി ക്ഷേത്രം. ഇതിൽപ്പോലും പറഞ്ഞതും വിശ്വസിച്ചതും ആചരിച്ചതും ആദ്യം, ‘സ്വന്തം വീടെന്ന്’ തന്നെ ആയിരുന്നു. സ്വന്തം ഗൃഹമാണ് ഏറ്റവും ഉത്തമം. വിദേശത്ത് ഇവയൊന്നും ചെയ്യാൻ കഴിയാത്തവർ ക്ഷേത്രമുണ്ടെങ്കിൽ അവിടെ ചെയ്യാൻ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനുള്ള യാതൊരു സാദ്ധ്യതയുമില്ലെങ്കിൽ റൂമിൽ ഇരുന്നെങ്കിലും പിതൃകർമ്മം ചെയ്ത് പ്രാർത്ഥിക്കണം.

ഒരു കഷണം പച്ചക്കറിയോ ഒരു പഴമോ കൊണ്ടുപോലും പിതൃകർമ്മം ചെയ്ത് സായൂജ്യം നേടാമെന്ന് പറവൂർ ശ്രീധരൻ തന്ത്രിയും പറഞ്ഞിട്ടുണ്ട്.

വീടിന്റെ മുറ്റത്തോ, വീടിന്റെ ഉള്ളിലോ, വീടിന്റെ ടെറസ്സിലോ തെക്കോട്ട് തിരിഞ്ഞുനിന്ന് മുന്നിൽ തുമ്പ് തെക്കോട്ട് നീട്ടി വാഴയിലയിട്ട് അതിൽ പൂവും പിണ്ഡവും വെച്ച് പിതൃക്കൾക്ക് പ്രാർത്ഥന നടത്തുന്നതാണ് ആ കുടുംബത്തിനും പരമ്പരകൾക്കും ഭാഗ്യദായകം. കേരളത്തിലെ മിക്ക സ്‌ഥലങ്ങളിലും ഇപ്പോൾ സ്വന്തമായി വാവുബലി കർമ്മം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. അസമയത്ത് ചെയ്ത് ദുരിതം കൂട്ടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് സ്വന്തമായി ഈ ക്രിയ നല്ല സമയത്ത് ചെയ്ത് പ്രാർത്ഥിക്കുന്നതാണ്.

തെക്കോട്ട് തിരിഞ്ഞുനിന്ന് ഒരു വാഴയിലയുടെ തുമ്പ് തെക്കോട്ട് നീട്ടിയിട്ട്, അതിന്റെ നടുക്ക് അരിമാവും എള്ളും കൊണ്ട് ഒരേയൊരു പിണ്ഡം ഉരുട്ടിയത് ഭക്തിയോടെ വെച്ച് “പരേതാത്മാക്കൾ നാരായണലോകത്ത് സസന്തോഷം വാഴട്ടെ…” എന്ന് പ്രാർത്ഥിച്ച്, അതിൽ പൂവിട്ട് പ്രാർത്ഥിച്ച്, ഗ്ലാസ്സിലെ അല്ലെങ്കിൽ കിണ്ടിയിലെ വെള്ളം തളിച്ച്, ചന്ദനത്തിരി ഉഴിഞ്ഞ്, കർപ്പൂരം കത്തിച്ച് ഉഴിഞ്ഞ് പ്രാർത്ഥിച്ച് ശേഷം ഇവ എടുത്ത് പക്ഷികൾക്കോ മത്സ്യങ്ങൾക്കോ ഭക്ഷണമായി നൽകാം, അല്ലെങ്കിൽ ഇവയൊക്കെ വൃത്തിയുള്ള മറ്റൊരു സ്‌ഥലത്തോട്ട് മാറ്റി വെക്കാം. അല്ലെങ്കിൽ ഓരോരോ പ്രദേശത്ത് ഇപ്പോൾ വാവുബലി കർമ്മങ്ങൾ സ്വന്തമായി ചെയ്യുന്നത് എങ്ങനെയാണോ അപ്രകാരം ചെയ്യാവുന്നതുമാണ്. അല്ലെങ്കിൽ ആദ്യം എഴുതിയിരിക്കുന്നതുപോലെ നിങ്ങൾക്ക് വാവുബലികർമ്മം കൃത്യമായി ചെയ്യാവുന്നതുമാണ്. നമ്മൾ നമ്മുടെ പരേതാത്മാക്കൾക്കുവേണ്ടി സ്വന്തമായി നൽകുന്ന ബലികർമ്മവും പ്രാർത്ഥനയും മാത്രമായിരിക്കും അവരെ കൂടുതൽ സന്തോഷിപ്പിക്കുന്നത്.

സ്വന്തമായി വാവുബലി കർമ്മം ചെയ്യുന്നവർക്ക് മന്ത്രജപങ്ങളോ മറ്റ് തന്ത്രങ്ങളോ ആവശ്യമില്ല. സ്വന്തം കുടുംബത്തെ ആത്മാക്കളെ സായൂജ്യരാക്കാൻ ദശാംഗങ്ങളോ മുദ്രകളോ പിടിക്കേണ്ടതുമില്ല. അതൊക്കെ ചെയ്യുന്നത് മറ്റുളളവർക്കുവേണ്ടി ചെയ്യുന്നവരാണ്. അതായത് കർമ്മികളാണ് ദശാംഗങ്ങൾ പിടിച്ചുള്ള മന്ത്ര-തന്ത്ര-കർമ്മങ്ങൾ ചെയ്യുന്നത്. പ്രാർത്ഥിക്കാൻ നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ പിന്നെ ഇടനിലക്കാരുടെ ആവശ്യമില്ല. ഇവയൊന്നും സ്വന്തമായി ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ വാവുബലി ദിവസം സൂര്യോദയശേഷം മാത്രം ക്ഷേത്രങ്ങൾ ഒരുക്കിയിരിക്കുന്ന ബലിസ്‌ഥാനത്ത്‌ പോയി ബലികർമ്മം ചെയ്യണം.

മരണശേഷം വീട്ടിൽ ചെയ്യുന്ന മാസബലി അഥവാ പക്കബലി സൂര്യോദയശേഷം മാത്രമാണ് ചെയ്തിരുന്നത്. കർക്കിടകവാവിലെ ബലികർമ്മവും സൂര്യൻ ഉദിച്ചശേഷം മാത്രമാണ് ചെയ്തുവന്നത്. എന്നാൽ ചിലരുടെ കച്ചവട താല്പര്യാർത്ഥം ബലികർമ്മ വിധികളെപ്പോലും കാറ്റിൽപ്പറത്തി, വിശ്വാസികളോട് യാതൊരു പ്രതിബദ്ധതയും കാണിക്കാതെ പാതിരാത്രിമുതൽ ബലികർമ്മം നടത്തി വരുന്നു. ചെയ്യിക്കുന്നവർക്കും ചെയ്യുന്നവർക്കും അവരുടെ തലമുറകൾക്കും നടത്തപ്പെടുന്ന ആ നാടിനുതന്നെയും പിതൃശാപം വരുത്തിവെക്കുന്ന രീതി നല്ലതായിരിക്കില്ലെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.

“ഉത്തമൗ പ്രാഹ്ന പൂർവ്വാഹ്നൗ
മദ്ധ്യാഹ്‌നേ മദ്ധ്യമസ്മൃതാഃ
നിന്ദ്യോഽപരാഹ്നോ
സായാഹ്നേതു വിവർജ്ജയേൽ”
എന്ന ആചാര്യവചനപ്രകാരം സൂര്യോദയം മുതൽ ആദ്യത്തെ 12 നാഴിക (5 മണിക്കൂർ 20 മിനിറ്റ്) ഉത്തമകാലവും പിന്നെയുള്ള 2 നാഴിക (48 മിനിറ്റ്) മദ്ധ്യമവും ആകുന്നു. പിന്നെയുള്ള സമയമെല്ലാം വർജ്ജ്യമെന്നും ആചാര്യന്മാർ പറഞ്ഞിരിക്കുന്നു. അപ്പോൾ എങ്ങനെയാണ് വൈകിട്ടും പാതിരാത്രിയിലും ഉദയത്തിനുമുമ്പും പിതൃബലി ചെയ്യുന്നത്? കർക്കിടകവാവുബലി അസമയത്തും ചെയ്യുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ തെറ്റ് പറയാൻ പറ്റില്ല.

സൂര്യോദയശേഷം ആദ്യത്തെ പത്ത് നാഴിക ദൈവീകകർമ്മങ്ങൾക്കും പിന്നെയുള്ള പത്ത് നാഴിക പിതൃകർമ്മങ്ങൾക്കും എന്ന് പ്രതിപാദിക്കുന്ന ചില ആചാര്യന്മാരുമുണ്ട്. അപ്പോഴും ഇപ്പോൾ ചെയ്യുന്നപോലുള്ള പാതിരാത്രിയിലെ ബലികർമ്മങ്ങൾ പറഞ്ഞിട്ടില്ല എന്നും ഓർക്കണം.

ക്ഷേത്രങ്ങൾ ഇല്ലാത്ത സ്‌ഥലങ്ങളിലെ കടൽക്കരയിൽ പന്തലുകെട്ടിയും, നദീതീരങ്ങളിലും അങ്ങനെ എവിടെയൊക്കെ ഇരുന്നുകൊണ്ട് വിശ്വാസികളെ വാവുബലി ചെയ്യിക്കാൻ ക്ഷണിക്കുന്ന പ്രവണത കണ്ടുതുടങ്ങിയിട്ട് കുറഞ്ഞ വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ.

ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിൽ മാത്രം സൂര്യോദയശേഷം ബലികർമ്മങ്ങൾ ചെയ്യാനുള്ള ഒരു പദ്ധതിയാണ് ആദ്യം ഉരുത്തിരിയേണ്ടത്. വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് ചെയ്യണമെങ്കിൽ അതാത് പ്രദേശത്തെ ക്ഷേത്രങ്ങളുടെ അനുവാദം വാങ്ങുകതന്നെ ചെയ്യണം. ആ ക്ഷേത്രഭാരവാഹികൾ പറയുന്ന സമയക്രമം പാലിക്കുകയും ചെയ്യണം. സമയത്തിലെ ഏകീകരണം തന്ത്രികൾ, ജ്യോതിഷികളുമായും പഞ്ചാംഗ ഗണിതാക്കളുമായും ആലോചിച്ച് തീർപ്പാക്കിയാൽ ഇനിയുള്ള വാവുബലി കർമ്മങ്ങളെങ്കിലും ദോഷപ്രദമല്ലാത്ത സമയത്ത് ചെയ്യാൻ സാധിച്ചേക്കും.

തെറ്റായ ആചാരങ്ങളും അതിലും തെറ്റായ ബലികർമ്മങ്ങളുംകൊണ്ട് നാടും രാജ്യവും ഭൂഖണ്ഡങ്ങളും നശിക്കുന്ന കാഴ്ച ഇനിയും ഉണ്ടാകാതിരിക്കാൻ ആചാര്യന്മാർ പറഞ്ഞ കൃത്യമായ ബലികർമ്മങ്ങൾ ആചരിക്കാൻ ഇനിയെങ്കിലും നമുക്ക് ശ്രദ്ധിക്കാം.

ബലികർമ്മത്തിനുള്ള ഉത്തമ സമയങ്ങൾ പഞ്ചാംഗത്തിൽ ഉൾപ്പെടുത്തുന്നില്ല എന്നത് വലിയൊരു പോരായ്മ തന്നെയാണ്. ബാക്കി എല്ലാ ശുഭസമയങ്ങളും ഉൾപ്പെടുത്തുന്ന ഇവർ, ബലികർമ്മത്തിലെ ശുഭകാലം എന്തുകൊണ്ടാണ് എഴുതാത്തത്? ബലികർമ്മങ്ങളിലെ ചിട്ടകൾ വിശ്വാസികൾക്ക് പകർന്നുനൽകാൻ കേരളത്തിലെ പഞ്ചാംഗ ഗണിതാക്കൾ മുന്നോട്ട് വന്ന് വാവുബലിയിലെ അനാചാരങ്ങൾ തുടച്ചുനീക്കി, നാടിന് ഐശ്യര്യം പ്രദാനം ചെയ്യുന്ന ശുഭസമയങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന് ഞങ്ങൾ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം സവിനയം അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു.

Anil Velichappad
www.uthara.in

Share this :
× Consult: Anil Velichappadan