വാവ് ബലി വീട്ടിൽ ചെയ്യാം

Share this :

വാവ് ബലി വീട്ടിൽ ചെയ്യാം:
(ഏറ്റവും ലളിതമായി എല്ലാർക്കും വീട്ടിൽ ചെയ്യാം)

20-07-2020 (1195 കർക്കിടകം 05) തിങ്കളാഴ്ച കർക്കിടകവാവ്. അന്ന് അതിപുലർച്ചെ 12.10.19 സെക്കന്റ് മുതൽ രാത്രി 11.02.48 വരെ കറുത്തവാവ് അഥവാ അമാവാസി ആകുന്നു. പാതിരാത്രിയിലെ അല്ലെങ്കിൽ അസമയത്തെ ബലികർമ്മം ദോഷപ്രദമാകയാൽ നേരം പുലർന്നുകഴിഞ്ഞുള്ള ബലികർമ്മം എന്തുകൊണ്ടും ശുഭപ്രദമായിരിക്കും.

ക്ഷേത്രങ്ങളൊക്കെ ഭക്തർക്കായി തുറന്നുകൊടുക്കാൻ സാധിക്കാത്ത ഈ കാലത്ത് നമ്മൾ, വിശ്വാസികൾക്ക് വീട്ടിൽ അല്ലെങ്കിൽ ഫ്‌ളാറ്റിൽ ബലികർമ്മം ചെയ്യാവുന്നതാണ്. നമ്മൾ സ്വന്തമായി ചെയ്യുന്ന സദ്കർമ്മങ്ങൾ എപ്പോഴും സന്തോഷപ്രദമായി ഭവിക്കും. ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ എന്നുമാത്രമല്ല, എല്ലാ വർഷവും സ്വന്തമായി വീട്ടിൽ ബലികർമ്മം ചെയ്യാവുന്നതുമാണ്.

എങ്ങനെ ബലികർമ്മം ചെയ്യാം?

തലേദിവസം വ്രതം, ഒരിക്കലൂണ് അനുഷ്ഠിക്കണം. ഈ വർഷത്തെ കർക്കികടവാവ് തിങ്കളാഴ്ച ആകയാൽ ആവശ്യമായ സാധനങ്ങൾ ശനിയാഴ്ച തന്നെ വാങ്ങിവെക്കാൻ മറക്കരുത്.

ആവശ്യമുള്ള സാധനങ്ങൾ:

നിലവിളക്ക്, കിണ്ടി അല്ലെങ്കിൽ മൊന്ത അല്ലെങ്കിൽ ഗ്ലാസ്സ്, 3 പഴം, വാഴയില-2 (തൂശനില), കുറച്ച് തുളസിയില, കുറച്ച് പൂവ്, 50 ഗ്രാം എള്ള് അല്പം വെള്ളത്തിൽ മിക്സ് ചെയ്ത് ഒരു ചെറിയ പാത്രത്തിൽ വെച്ചത്, വേവിച്ച ചോറിൽ എള്ള് ചേർത്ത് കുഴച്ച് ഉരുളയാക്കിയത് – 5 ഉരുള, പിന്നെ കുറച്ച് ചോറും എള്ളും ഉരുളയാക്കാതെയുള്ളത്, ഉപ്പില്ലാതെ വേവിച്ചെടുത്ത 3 അട (ബലികർമ്മം കഴിഞ്ഞ് വീട്ടിൽ ‘ചാവ് വെക്കാൻ’ ഉള്ളതാണ് അട)

നിലവിളക്ക് 5 തിരിയിട്ട് കൊളുത്തി, അതിനുമുന്നിൽ വാഴയിലയിട്ട്, കിണ്ടിയിലെ/ഗ്ളാസ്സിലെ വെള്ളത്തിൽ ഗംഗാദേവിയെ ഭജിച്ച് അല്പം തുളസിയിലയിട്ട്, ആ വെള്ളം നമ്മുടെ ശരീരത്തിലും പൂജാസാധനങ്ങളിലും ബലിചെയ്യുന്ന സ്‌ഥലത്തും തളിച്ച് ശുദ്ധി വരുത്തി, 3 പഴം നിലവിളക്കിന് മുന്നിലെ വാഴയിലയിൽ ഗണപതിയ്ക്ക് വെച്ച്, ഗണപതിയെ പ്രാർത്ഥിച്ച് അവിടെ അല്പം പൂവ് വെക്കണം.

അപ്പോൾ നിലവിളക്കിന് മുന്നിൽ ഒരു വാഴയിലയിൽ ഗണപതിയ്ക്കും പിന്നെ അതിന് കിഴക്കായി മറ്റൊരു വാഴയില തെക്കുഭാഗത്തേക്ക് തുമ്പ് വരുന്ന രീതിയിലും വെച്ചിട്ടുണ്ടാകുമല്ലോ. ആ വാഴയിലയുടെ പിന്നിൽ (വടക്കുവശം) നമ്മൾ തെക്കോട്ട് നോക്കി സ്വസ്‌ഥമായി ഇരുന്ന് (മുട്ടിൽ
ഊന്നി ഇരിക്കാൻ മിക്കവർക്കും പൊതുവെ പ്രയാസമായിരിക്കുമല്ലോ) നമുക്ക് ഏറ്റവും ലളിതമായി ബലികർമ്മം ചെയ്തുതുടങ്ങാം.

അഞ്ച് പിണ്ഡം വെച്ചതിൽ നിന്നും ഒരെണ്ണമെടുത്ത് നമ്മുടെ കുടുംബത്തെയും അച്ഛന്റെയും അമ്മയുടെയും കുടുംബത്തെയും പരമ്പരയിൽപ്പെട്ട സകല പിതൃക്കൾക്കുമായി ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഇലയുടെ മദ്ധ്യഭാഗത്തായി ആദ്യത്തെ പിണ്ഡം വെക്കണം.

രണ്ടാമത്തെ പിണ്ഡം കയ്യിലെടുത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും കുലത്തിൽ മരണപ്പെട്ടവർക്കും എന്റെ ഗുരുക്കന്മാർക്കും അവരുടെ കുലത്തിൽപ്പെട്ട പിതൃക്കൾക്കും സകല ആശ്രിതർക്കും മോക്ഷത്തിനായി ഞാൻ ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ആദ്യം വെച്ച പിണ്ഡത്തിന്റെ മുന്നിൽ അതായത് തെക്ക് വശത്തായി രണ്ടാമത്തെ പിണ്ഡം വെക്കണം.

മൂന്നാമത്തെ പിണ്ഡം കയ്യിലെടുത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും കുലത്തിലെ ഏതെങ്കിലും പിതൃക്കൾ നരകയാതന അനുഭവിക്കുന്നെങ്കിൽ അവരുടെ മോചനത്തിനായും ഞാൻ ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നടുക്ക് ആദ്യം വെച്ച പിണ്ഡത്തിന്റെ വടക്ക്, അതായത് പിന്നിലായി ഒന്നുകൂടി പറഞ്ഞാൽ ആദ്യം നടുക്കുവെച്ച പിണ്ഡത്തിനും നമ്മുടെയും ഇടയിലായി മൂന്നാമത്തെ പിണ്ഡം വെക്കണം. ഇപ്പോൾ ആ മൂന്ന് പിണ്ഡവും തെക്കുവടക്ക് ക്രമത്തിൽ ആയിട്ടുണ്ടാകും.

നാലാമത്തെ പിണ്ഡമെടുത്ത് എന്റെയും മാതാവിന്റെയും പിതാവിന്റെയും കുലം വിട്ടൊഴിഞ്ഞ് പോയവരും കുലം ഇല്ലാതായവരുടെയും പിതൃ-പ്രീതിക്കായും മോക്ഷത്തിനായും ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നടുക്ക് ആദ്യം വെച്ച പിണ്ഡത്തിന്റെ ഇടതുഭാഗത്ത് അതായത് കിഴക്ക് ഭാഗത്തായി വെക്കണം.

അഞ്ചാമത്തെ പിണ്ഡമെടുത്ത് എന്റെ ബന്ധത്തിലെയും അന്യരുടെ ബന്ധത്തിലേയും സകല പിതൃക്കൾക്കുമായി ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നടുക്ക് ആദ്യം വെച്ച പിണ്ഡത്തിന്റെ വലതുഭാഗത്ത് അതായത് പടിഞ്ഞാറ് ഭാഗത്തായി വെക്കണം. ഇപ്പോൾ നടക്കും കിഴക്കുപടിഞ്ഞാറായി മൂന്ന് പിണ്ഡം ഉണ്ടായിരിക്കും.

അഞ്ച് പിണ്ഡവും പിന്നെ കുറെ ചോറും എള്ളും കുഴച്ചത് നമ്മൾ ആദ്യമെടുത്ത് ഒരു പാത്രത്തിൽ വെച്ചിരുന്നല്ലോ. അതിൽ ഇനി ബാക്കിയുള്ളത് കുറച്ച് ചോറ് മാത്രമായിരിക്കും. ആ ചോറ് എല്ലാം കൂടി കയ്യിലെടുത്ത് (ഉരുള ആക്കരുത്) എല്ലാ പിണ്ഡങ്ങളുടെയും മുകളിലായി ചൊരിഞ്ഞിട്ട്
ഇവയും കൂടി സ്വീകരിച്ച് സന്തോഷമാകണം എന്ന് പ്രാർത്ഥിക്കണം.

അതിനുശേഷം കുറച്ച് എള്ളും വെള്ളവും ചേർത്ത് (ഇവ ഒരു പാത്രത്തിൽ മിക്സ് ചെയ്ത് ആദ്യം തന്നെ വെച്ചിട്ടുണ്ടല്ലോ) ആ അഞ്ച് പിണ്ഡങ്ങളുടെയും പുറത്തായി വിതറുക.

പിന്നെ ഞങ്ങളെക്കൊണ്ട് കഴിയുന്നത്ര രീതിയിൽ പിതൃക്കൾക്കായുള്ള എല്ലാ പൂജാരീതികളും സമർപ്പിക്കുന്നു എന്ന് മനസ്സിൽ പ്രാർത്ഥിച്ച്, അല്പം പൂവെടുത്ത് മുന്നിലെ പിണ്ഡത്തിലേക്കിട്ട് കുമ്പിട്ട് പിതൃക്കളെ പ്രാർത്ഥിച്ച് തൊഴുത്, പിന്നെ ഈ കർമ്മത്തിൽ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ മഹാദേവൻ ക്ഷമിച്ചുകൊള്ളണം എന്നുകൂടി പ്രാർത്ഥിക്കണം. പിന്നെ എഴുന്നേറ്റ് ആ പിണ്ഡത്തിന് 3 പ്രാവശ്യം വലംവെച്ച്, പിന്നെ അതിൽ നിന്നും ഒരു പൂവെടുത്ത് മൂക്കിനോട് ചേർത്ത് മണപ്പിച്ചശേഷം ആ പൂവ് തലയിൽ വെക്കണം.

പിന്നെ ഇല കൂട്ടി എല്ലാ പിണ്ഡവും ഇലയിൽ മടക്കിയെടുത്ത് അത് തലയിൽ വെച്ച് വസ്തുവിന്റെ അല്ലെങ്കിൽ ബലികർമ്മം ചെയ്യുന്നതിന്റെ തെക്കുപടിഞ്ഞാറേ ഭാഗത്ത് വെക്കണം.

പിന്നെ വീട്ടിൽ പൂജാമുറിയിൽ അല്ലെങ്കിൽ അതിന് പറ്റിയ സ്‌ഥലത്ത്‌ ഉപ്പില്ലാതെ വേവിച്ചെടുത്ത 3 അട, ചാവ് വെക്കണം. പിന്നെ നിലവിളക്ക് അനക്കി, തിരി അണച്ച്, വിളക്ക് എടുക്കാവുന്നതാണ്. ചാവ് വെച്ചത് ഒരുമണിക്കൂർ കഴിഞ്ഞ് എടുക്കാം.

വിദേശത്തോ, ഫ്‌ളാറ്റിലോ, മുറികളിലോ ഇവ ചെയ്യുന്നവർ സൗകര്യപ്രദമായ രീതിയിൽ അവയൊക്കെ നീക്കം ചെയ്യണം. കാക്കയും മറ്റ് പക്ഷികളുമൊന്നുമില്ലാത്ത സ്‌ഥലങ്ങളിൽ ആളുകൾക്ക് പിന്നെ ഇവയൊക്കെ സൗകര്യമായി നീക്കം ചെയ്യുകയോ കായലിലോ കടലിലോ
മത്സ്യങ്ങൾക്ക് നൽകാം. അതാത് സ്‌ഥലങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ, നിയമങ്ങൾ എന്നിവ പാലിക്കാൻ മറക്കരുത്.

ശ്രദ്ധിക്കുക: ഇതിൽ പവിത്രം, കൂർച്ചം, മറ്റ് മന്ത്രങ്ങൾ എന്നിവയൊന്നും എഴുതിയിട്ടില്ല. കാരണം, ആദ്യമായി സ്വന്തമായിട്ട് ഇങ്ങനെയൊരു ബലികർമ്മം ചെയ്യുന്നവർക്ക് മന്ത്രങ്ങൾ സഹിതമായി ഇവ ചെയ്യാൻ പ്രായോഗികമായി പ്രയാസമായിരിക്കും. തന്നെയുമല്ല, തെറ്റായുള്ള മന്ത്രപ്രയോഗങ്ങൾ ചിലപ്പോൾ ദോഷവും വരുത്തിവെച്ചേക്കാം. ആകയാൽ പിതൃക്കൾക്കും ദേവതകൾക്കും ഒപ്പം നമുക്കും മനസ്സിലാകുന്ന രീതിയിൽ ഏറ്റവും ലളിതമായി പ്രാർത്ഥനകൾ നടത്തി കർമ്മങ്ങൾ ചെയ്യുന്നതാണ് ഏറ്റവും ശുഭപ്രദം. വിശ്വാസികൾക്ക് ദശാംഗങ്ങൾ പിടിച്ചുള്ള കർമ്മങ്ങൾ ആവശ്യമില്ല. അവയൊക്കെയും കർമ്മികൾക്കാണ് പറഞ്ഞിട്ടുള്ളത്. ഒരു പഴമോ പച്ചക്കറിയോ കൊണ്ടുപോലും പിതൃകർമ്മം ചെയ്യാമെന്ന് ശ്രീ പറവൂർ ശ്രീധരൻ തന്ത്രിയും പറഞ്ഞിട്ടുള്ളതാകുന്നു.

ഏവർക്കും കർക്കിടകവാവ്‌ ആശംസകൾ…

അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം

home

Share this :
× Consult: Anil Velichappadan