കർക്കടകവാവ്: 28-7-2022, വ്യാഴാഴ്ച

Share this :

എങ്ങനെ ജനിച്ചു എന്നല്ല;എങ്ങനെ വളർന്നു എന്നതാണ് കാര്യം. എങ്ങനെ വളർന്നു എന്നല്ല; എങ്ങനെ വളർത്തി എന്നതാണ് അതിലും വലിയ കാര്യം. നമ്മെ നോക്കേണ്ടവരെ വേർതിരിവില്ലാതെ കറകളഞ്ഞും കഴിവിന് അനുസരിച്ചുള്ള കടമകൾ ചെയ്തും സ്നേഹിച്ച് കൂടെ നിർത്തണം. ആർക്ക് എപ്പോൾ അവശത വരും എന്നൊന്നും പറയാൻ സാധിക്കാത്ത കാലമാണ്. അവശത വരുമ്പോൾ മനഃസാക്ഷിയുടെ മുന്നിൽ, ദൈവത്തിന്റെ മുന്നിൽ അവകാശം പറയാൻ എന്തെങ്കിലുമൊക്കെ നമുക്കും ഉണ്ടായിരിക്കണം. ചെയ്യാനുള്ള കർമ്മങ്ങൾ യഥാവിധി ചെയ്ത്, സ്നേഹിച്ച്, സുഖ-ദുഃഖങ്ങളിൽ കൂടെ നിന്ന്, പിന്നെയൊരു ദിവസം അകാലത്തിലേക്ക് പറന്നുപോയവരെ നാം മറക്കില്ലല്ലോ. ശ്രാദ്ധം അവിടെ ആരംഭിക്കുന്നു.

കർക്കടകവാവ് 1197 കർക്കടകം 12 വ്യാഴാഴ്ച (2022 ജൂലായ് 28)

ശ്രാദ്ധാല്‍ പരതരം നാന്യല്‍ ശ്രേയസ്കരമുദാഹൃതം
തസ്മാല്‍ സര്‍വ്വപ്രയത്നേന ശ്രാദ്ധം കുര്യാല്‍ വിചക്ഷണ:
യേ യേന വിധിനാ ശ്രാദ്ധം കുര്യാദേകാഗ്രമാനസ:
വ്യപേതകല്‍മഷൊ നിത്യം യാതി നാലവര്‍ത്തനെ പുന:

ശ്രാദ്ധമെന്നാല്‍ ശ്രദ്ധയോടെ ചെയ്യേണ്ടതാകുന്നു. ശ്രദ്ധയെന്നാല്‍ മറ്റുള്ളവര്‍ക്ക് ദോഷം
വരാതെയുള്ളതെന്നും അല്പം കൂടി കടന്നുചിന്തിച്ചാല്‍ മറ്റുള്ളവര്‍ക്ക് നന്മയുണ്ടാക്കുന്നതെന്നും
നമുക്ക് വ്യാഖ്യാനിക്കാം.

അഞ്ച് യജ്ഞങ്ങളിൽ ഏറ്റവും മഹത്തരം പിതൃയജ്‌ഞം:

ബ്രഹ്മയജ്‌ഞം – ബ്രഹ്മത്തിന്റെ പരമാത്മാവിനെ അറിയാനുള്ള യജ്‌ഞം.
ദേവയജ്‌ഞം – ഉപാസനാമൂർത്തിയെ ആരാധിച്ച് കൂടെ നിർത്താനുള്ള യജ്‌ഞം.
മനുഷ്യയജ്‌ഞം – മറ്റുള്ളവരെയും സഹായിക്കാനുള്ള യജ്‌ഞം.
ഭൂതയജ്‌ഞം – പഞ്ചഭൂതങ്ങളെ സേവിച്ചുള്ള യജ്‌ഞം.
പിതൃയജ്‌ഞം – മുൻതലമുറകൾക്ക് ചെയ്യുന്ന പുണ്യയജ്‌ഞം.

മരണം കഴിഞ്ഞ് മരിച്ച നക്ഷത്രത്തിലോ മരിച്ച തിഥിയിലോ 12 മാസക്കാലം മാസബലി അഥവാ പക്കബലി അനുഷ്ഠിക്കണം. സമുദായങ്ങളും ദേശവും അനുസരിച്ച് ഇതിൽ മാറ്റങ്ങളും ഉണ്ടാകാം. ഇപ്രകാരം 12 മാസം കഴിഞ്ഞാൽ പിന്നെ ആവാഹനവും സമർപ്പണവും നടത്തുന്ന ക്ഷേത്രങ്ങളിലെത്തി അപ്രകാരമുള്ള കർമ്മവും ചെയ്യണം. തുടർന്ന് എല്ലാ വർഷവും ആ ക്ഷേത്രത്തിൽ തന്നെയെത്തി ബലികർമ്മം, തിലഹോമം എന്നിവ ചെയ്യേണ്ടതില്ല. പല ക്ഷേത്രങ്ങളിലും അവിടെത്തന്നെയെത്തി വർഷാവർഷം ബലികർമ്മങ്ങൾ ചെയ്യണമെന്ന് പ്രേരിപ്പിക്കാറുണ്ട്. എന്നാൽ നിർബ്ബന്ധമില്ല. പകരം ശിവരാത്രിയിലും കർക്കടകവാവിനും നമ്മുടെ സൗകര്യാർത്ഥം ബലികർമ്മവും തിലഹോമവും ചെയ്ത് പിതൃപ്രീതിക്കായി പ്രാർത്ഥിച്ചാൽ മതി.

പിതൃപ്രീതിക്കായി നമുക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും? പലരുടെയും അന്വേഷണമാണ്. ഉത്തമനായൊരു ജ്യോതിഷി പറയുന്നത് ഇപ്രകാരം മാത്രമായിരിക്കും: “ദാരിദ്ര്യമില്ലാതെ ജീവിച്ചുമരിക്കാന്‍ കൂടെ നില്‍ക്കുകയും അവരുടെ മരണശേഷം മരണാനന്തരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ശേഷം ശിവരാത്രിവ്രതവും ശിവരാത്രിയിലെ ബലിതര്‍പ്പണവും തിലഹോമവും പിന്നെ കര്‍ക്കിടകവാവ് ബലിയും തിലഹോമവും ചെയ്‌ത് ധൈര്യമായി പിതൃപ്രീതി നേടുകയും ചെയ്യുക…” എന്നായിരിക്കും.

ഇങ്ങനെ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പിതൃപ്രീതികര്‍മ്മങ്ങളായ രണ്ട് ബലിതര്‍പ്പണങ്ങള്‍
നടത്തുന്നവര്‍ക്ക് യാതൊരുവിധ പിതൃദോഷവും സംഭവിക്കുന്നതല്ലെന്ന് നിരവധി
അനുഭവസാക്ഷ്യങ്ങളുമുണ്ട്‌. ലക്ഷങ്ങള്‍ മുടക്കിയുള്ള പിതൃകര്‍മ്മങ്ങളേക്കാള്‍ അത്യുത്തമം നമ്മള്‍
സ്വന്തമായി അനുഷ്ഠിക്കുന്ന ഈ ബലികര്‍മ്മങ്ങള്‍ തന്നെയാകുന്നു.

പിതൃകര്‍മ്മം ചെയ്യാനുള്ള ഉത്തമദിനങ്ങള്‍ ഏതൊക്കെയാണ്?

1) ഉത്തരായന പുണ്യകാലം (മകരം 01)
2) ശിവരാത്രി
3) ദക്ഷിണായന പുണ്യകാലം (കര്‍ക്കിടകം 01)
4) കര്‍ക്കടകവാവ്
5) വിഷുവത് പുണ്യകാലം (മേടം 01)
6) അക്ഷയതൃതീയ.

ഈ ദിവസങ്ങളിലെല്ലാം ശ്രാദ്ധം നടത്തി പ്രാര്‍ത്ഥിക്കാന്‍ സാധിച്ചില്ലെങ്കിലും കഴിയുന്ന ദിവസങ്ങളില്‍ ശ്രാദ്ധം അനുഷ്ഠിക്കാന്‍ ശ്രമിക്കണം.

ബലികര്‍മ്മം: ഒരു അവലോകനം.

“ശ്രദ്ധയാ ധാര്യതെ ധര്‍മ്മ ബഹുഭിന്നാര്‍ത്ഥരാശിഭി:
നിഷ്കിഞ്ചിനോപി മുനയ: ശ്രദ്ധാവന്തൊ ദിവംഗത:”

നാം ചെയ്യുന്ന ക്രിയകള്‍ പ്രയോജനമായി വരണമെങ്കില്‍ അത് ധര്‍മ്മമായി പരിണമിക്കണം. ശ്രദ്ധയോടുകൂടി ചെയ്യുന്ന കര്‍മ്മങ്ങള്‍ മാത്രം ധര്‍മ്മമായി പരിണമിക്കുന്നു. ഭക്തിയും ശ്രദ്ധയുമില്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ധര്‍മ്മമായി പരിണമിക്കുന്നതല്ല.

മൃതരായ മാതൃ-പിതൃ-പിതാമഹ-പ്രപിതാമഹന്മാര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കര്‍മ്മത്തിന് ശ്രാദ്ധം അഥവാ ബലികര്‍മ്മം എന്ന് പറയുന്നു. ശ്രാദ്ധം ചെയ്യുന്ന പുണ്യത്തെക്കുറിച്ച് കൂര്‍മ്മപുരാണത്തിലും ബ്രഹ്മപുരാണത്തിലും ഗരുഡപുരാണത്തിലും ആദിത്യപുരാണത്തിലും വിഷ്ണുസ്മൃതിയിലും പറഞ്ഞിട്ടുണ്ട്.

ഒരു കഷണം പച്ചക്കറിയോ ഒരു പഴമോ കൊണ്ടെങ്കിലും ശ്രാദ്ധം നടത്തിയാല്‍ ആ വംശത്തില്‍ നിന്നും സര്‍വ്വദു:ഖങ്ങളും ഒഴിഞ്ഞുമാറുന്നു.ദേവഗണങ്ങള്‍ക്ക് അതീവപ്രാധാന്യമുള്ള ഉത്തരായനകാലം കഴിഞ്ഞ് പിതൃക്കള്‍ക്ക് അതീവപ്രാധാന്യമുള്ള ദക്ഷിണായനകാലം ആരംഭിക്കുന്ന കര്‍ക്കടകത്തിലെ കറുത്തവാവ് (അമാവാസി) ബലികര്‍മ്മത്തിന് അത്യുത്തമം. മരിച്ചുപോയവര്‍ ആ മരണമടഞ്ഞ നക്ഷത്രദിവസമോ അല്ലെങ്കില്‍ തിഥിദിവസമോ വീട്ടുപടിക്കല്‍ എത്തുമെന്നും അവരെ പ്രീതിപ്പെടുത്തണമെന്നും പറഞ്ഞിരിക്കുന്നു. ഇവ തുടരുന്നവരും ഇവയൊന്നും സാധിക്കാത്തവരും കര്‍ക്കടകത്തിലെ കറുത്തവാവ് (അമാവാസി) ബലികര്‍മ്മം ആചരിച്ചുവരുന്നു.

ഈ വര്‍ഷത്തെ കർക്കടകത്തിലെ കറുത്തവാവ് 27-7-2022, ബുധനാഴ്ച രാത്രി 9.12.09 സെക്കന്റിന് ആരംഭിച്ച് വ്യാഴാഴ്ച രാത്രി 11.24.50 സെക്കന്റിന് അവസാനിക്കും (ഗണനം: കൊല്ലം ജില്ല)

വ്യാഴാഴ്ച അതിപുലര്‍ച്ചെ മുതല്‍ മിക്ക ക്ഷേത്രങ്ങളിലും ബലികര്‍മ്മങ്ങള്‍ ആരംഭിക്കും. ഇടവം രാശി അതിപുലർച്ചെ അവസാനിക്കുമെന്നതിനാൽ (പുലർച്ചെ 03.20.18 സെക്കന്റ് വരെയുള്ള ഇടവം രാശിയിൽ ബലികർമ്മം ചെയ്യരുത്) അതിന് ശേഷം ആചാര്യന്മാരുടെ നിർദ്ദേശപ്രകാരം ബലികർമ്മം ചെയ്യാവുന്നതാണ്.

കര്‍ക്കടകവാവ് ബലി എപ്പോള്‍?

സാധാരണ ഗതിയില്‍ വെളുപ്പിന് 5.30 മുതല്‍ ബലികര്‍മ്മങ്ങള്‍ മിക്ക ക്ഷേത്രങ്ങളിലും സമുദ്ര-നദീതീരങ്ങളിലും ആരംഭിക്കാറുണ്ട്. ചില അതിപ്രധാന ക്ഷേത്രങ്ങില്‍ അതിപുലര്‍ച്ചെ 3.21 മണിമുതല്‍ ബലികര്‍മ്മങ്ങള്‍ ആരംഭിച്ചേക്കും. വലിയ ക്ഷേത്രങ്ങളില്‍ മുഹൂര്‍ത്തമൊന്നും പാലിക്കാന്‍ കഴിയാത്തത്, വിശ്വാസികളുടെ ആധിക്യം കാരണമാണ്. ആകയാല്‍ സന്തോഷത്തോടെ നിങ്ങളാല്‍ കഴിയുന്ന നല്ല മുഹൂര്‍ത്തത്തില്‍ ബലികര്‍മ്മം ചെയ്ത് പിതൃപ്രീതിക്കായി പ്രാര്‍ത്ഥിക്കുക.

ബലികര്‍മ്മത്തിന് അനുകൂലമല്ലാത്ത സമയം

അതിപുലര്‍ച്ചെയുള്ള 01.16.30 സെക്കന്‍റ് am മുതല്‍ 03.20.18 സെക്കന്റ് വരെയുള്ള ഇടവം രാശിയും

പകല്‍ 11.35.17 സെക്കന്റ് മുതല്‍ ഉച്ചയ്ക്ക് 1.38.55 സെക്കന്റ് വരെയുള്ള തുലാം രാശിയിലും ബലികര്‍മ്മം പാടില്ല.

ആകയാൽ സമയബന്ധിതമായി ബലികർമ്മം ചെയ്ത് പ്രാർത്ഥിക്കാൻ ശ്രമിക്കേണ്ടതാകുന്നു.

അന്നത്തെ സമയവിവരങ്ങള്‍ (ഗണനം: കൊല്ലം ജില്ല)‍:

ഉദയം: 06.17.35am
അസ്തമയം: 6.42.14pm
കൃത്യം രാഹുകാലം: 2.02pm to 3.36pm
ഗുളികകാലം: 09.23am to 10.56am
യമകണ്ടകാലം: 06.17am to 07.50am
മദ്ധ്യാഹ്നം: 12.29.54 Second pm
അഭിജിത് മുഹൂര്‍ത്തം: 12.05pm to 12.27pm & 12.31pm to 12.53pm (കൃത്യം മദ്ധ്യാഹ്നം ഒഴിവാക്കിയിട്ടുണ്ട്)
——————–
ചില പ്രധാന കര്‍ക്കടക വാവ് ബലികേന്ദ്രങ്ങള്‍ എവിടെയൊക്കെ?

തിരുനെല്ലി, വര്‍ക്കല-പാപനാശം, ശിവഗിരി-ശാരദാമഠം, തിരുനാവായ, കണ്ണൂരിലെ ശ്രീസുന്ദരേശ്വരക്ഷേത്രം, ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, തിരുവില്വാമല, തിരുവനന്തപുരം-ശംഖുംമുഖം, തിരുവല്ലം, കൊല്ലം-തിരുമുല്ലവാരം, ആലുവാ-ചേലാമറ്റം, കരുനാഗപ്പള്ളിയ്ക്ക് പടിഞ്ഞാറ് കായംകുളം കായലിനും അറബിക്കടലിനും ഇടയിലായി നീണ്ടുകിടക്കുന്ന ആലപ്പാട് പഞ്ചായത്തില്‍ വടക്ക് അഴീക്കല്‍ മുതല്‍ തെക്ക് വെള്ളനാതുരുത്ത് വരെയുള്ള പ്രധാന ഗ്രാമക്ഷേത്രങ്ങള്‍ എന്നിവിടെയെല്ലാം ബലികര്‍മ്മം നടത്താനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.

കര്‍ക്കടകവാവിന് ബലിതര്‍പ്പണം നടത്തുന്ന മറ്റ് ചില പ്രധാന ക്ഷേത്രങ്ങള്‍:

തിരുവനന്തപുരം – തിരുവല്ലം പരശുരാമ ക്ഷേത്രം
വര്‍ക്കല പാപനാശം
പിതൃകുന്നം ക്ഷേത്രം (വൈക്കം)
മലപ്പുറം – തിരുനാവായ നാവാമുകുന്ദ ക്ഷേത്രം
ശ്രീ സലിഗ്രാം അരീക്കോട്
ആലുവ മഹാദേവ ക്ഷേത്രം
ഹരിഹരസുതക്ഷേത്രം (പാലാരിവട്ടം)
ശിവക്ഷേത്രം (നെട്ടൂര്‍)
ശ്രീ ഭുവനേശ്വരി ക്ഷേത്രം (പള്ളുരുത്തി)
പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം
മൂവാറ്റുപുഴ മുടവൂര്‍ ചാക്കൂന്നത്ത് ശ്രീ മഹാദേവക്ഷേത്രം
കണ്ണൂര്‍ – തളാപ്പ്‌ സുന്ദരേശ്വര ക്ഷേത്രം
ചൊവ്വ ശിവക്ഷേത്രം
തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്രം
ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം
തലായി ബാലഗോപാലക്ഷേത്രം
പഞ്ചവടി ക്ഷേത്രം, ചാവക്കാട്-പൊന്നാനി റൂട്ടില്‍
വയനാട് – തിരുനെല്ലി
ഗുരുപുണ്യാവ്- കൊയിലാണ്ടി
തൃശൂര്‍ – തിരുനാവായ
തിരുവില്വാമല ഐവര്‍മഠം
മഴുവഞ്ചേരി ശിവക്ഷേത്രം (കേച്ചേരി)
കൂര്‍ക്കന്‍ഞ്ചേരി മഹാദേവ ക്ഷേത്രം
തൃപ്രയാര്‍ ക്ഷേത്രം
ആലപ്പുഴ – തിരുവമ്പാടി
പതിയംകുളങ്ങര, കണ്ടിയൂര്‍മഹാദേവക്ഷേത്രം-(മാവേലിക്കര)
തൃക്കുന്നപ്പുഴ ക്ഷേത്രം (കാര്‍ത്തികപ്പള്ളി, ഹരിപ്പാട്)
ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം(ചെങ്ങന്നൂര്‍)
കൊല്ലം – തിരുമുല്ലാവരം മഹാവിഷ്ണു ക്ഷേത്രം
വെളിനെല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം
ആറാമട ശ്രീ ചക്രം മഹാദേവക്ഷേത്രം (ശംഖ്മുഖം കടപ്പുറം)
പാലക്കാട്‌ – തിരുമിറ്റക്കോട്
ത്രിമൂര്‍ത്തി ക്ഷേത്രം (കല്‍പ്പാത്തി)
തമലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
അരുവിക്കര ശിവക്ഷേത്രം
കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം (പാലാ)
പന്തളം മഹാദേവ ക്ഷേത്രം.

(ചില പ്രധാന ബലിതര്‍പ്പണക്ഷേത്രങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. അറിവുള്ളവര്‍ ഇവിടെ കമന്‍റായി എഴുതി ചേര്‍ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. അല്ലെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക)

എന്തെങ്കിലും കാരണത്താല്‍ കര്‍ക്കിടകവാവിന് പിതൃതര്‍പ്പണം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയുള്ള കറുത്തവാവില്‍ ബലികര്‍മ്മം നടത്തുകയും ചെയ്യാം. മുകളില്‍ എഴുതിയ മിക്ക ക്ഷേത്രങ്ങളിലും എല്ലാ അമാവാസി നാളിലും ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും. തിരുവല്ലം, വര്‍ക്കല, തിരുവില്വാമല എല്ലാ ദിവസവും ബലികര്‍മ്മങ്ങള്‍ ചെയ്യാനുള്ള പ്രത്യേക സൗകര്യമുണ്ട് (മറ്റ് ക്ഷേത്രങ്ങളുണ്ടെങ്കില്‍ ദയവായി ഞങ്ങള്‍ക്കെഴുതുക)
________________
അനില്‍ വെളിച്ചപ്പാടന്‍
www.uthara.in
Mob: 9497 134 134.

Share this :
× Consult: Anil Velichappadan