അഷ്ടമിരോഹിണിയിൽ ജപിക്കേണ്ട മന്ത്രങ്ങൾ

Share this :
അഷ്ടമിരോഹിണി അഥവാ ശ്രീകൃഷ്ണ ജയന്തി ആഗസ്റ്റ് 18 ന്:

ചിങ്ങമാസത്തിൽ കറുത്തപക്ഷത്തിലെ അഥവാ വെളുത്തവാവിലേക്ക് ചന്ദ്രൻ വന്നുകൊണ്ടിരിക്കുന്ന കാലം അഷ്ടമി തിഥി സൂര്യാസ്തമയത്തിന് ശേഷം വന്നാൽ അതിന് മുമ്പുള്ള പകലാണ് “ശ്രീകൃഷ്ണജയന്തി” അഥവാ “ജന്മാഷ്ടമി” അഥവാ “കൃഷ്ണാഷ്ടമി” അഥവാ “അഷ്ടമിരോഹിണി”.

അഷ്ടമിതിഥിയും രോഹിണി നക്ഷത്രവും ഒന്നിച്ച് ഈ ചടങ്ങിന് വരണമെന്ന് നിർബ്ബന്ധമില്ല. എന്നാൽ അപൂർവ്വമായി അങ്ങനെയും വരാം എന്നേയുള്ളൂ.

ആവണി അവിട്ടം കഴിഞ്ഞുവരുന്ന അഷ്ടമി, തമിഴ്-വടക്കേ ഇന്ത്യൻ പഞ്ചാംഗപ്രകാരം ‘കൃഷ്ണാഷ്ടമി’ ആയി ആചരിച്ചുവരുന്നു. സന്ധ്യയ്ക്കോ അല്ലെങ്കിൽ അർദ്ധരാത്രിയിലോ അഷ്ടമി വരുന്ന ദിവസം അഷ്ടമിരോഹിണി ആചരിക്കുന്നു. ഈ വർഷത്തെ അഷ്ടമി തിഥി ആരംഭിക്കുന്നത്  രാത്രി 9.21.19 സെക്കന്റ് മുതലാണ്. അപ്പോൾ അർദ്ധരാത്രിയിൽ അഷ്ടമി തിഥി ലഭിക്കുകയും ചെയ്യും.

എന്നാൽ മലയാളികൾക്ക് ശ്രീകൃഷ്ണ ജയന്തി അഥവാ അഷ്ടമി രോഹിണി എന്നത് ചിങ്ങമാസത്തിലെ വെളുത്തവാവ് കഴിഞ്ഞ് അഷ്ടമി തിഥി രാത്രിയിൽ വരുന്ന ദിവസമാണ്. അവിടെയും നക്ഷത്രം രോഹിണി ഉണ്ടായിരിക്കണമെന്ന് നിർബ്ബന്ധവുമില്ല. ഈ വർഷത്തെ അഷ്ടമി രോഹിണി ആഘോഷിക്കുന്ന ദിവസം ഭരണിയും തുടർന്ന് കാർത്തികയും ആകുന്നു.

ബുധദശയോ ബുധന്റെ അപഹാരമോ നടക്കുന്നവർ ശ്രീകൃഷ്ണജയന്തി ആചരിക്കുകയും അന്ന് മന്ത്രജപങ്ങൾ നടത്തുകയും ചെയ്യുന്നത് അത്യുത്തമം ആകുന്നു.

ആവണി അവിട്ടം കഴിഞ്ഞുവരുന്ന അഷ്ടമി, തമിഴ്-വടക്കേ ഇന്ത്യൻ പഞ്ചാംഗപ്രകാരം കൃഷ്ണാഷ്ടമി ആയി ആചരിച്ചുവരുന്നു. ഇതിൽ സന്ധ്യയ്ക്ക് അല്ലെങ്കിൽ അർദ്ധരാത്രിയിൽ അഷ്ടമി വരണമെന്ന് നിർബ്ബന്ധമുള്ളതായി കാണുന്നുമില്ല. ആകയാൽ കേരളം ഒഴികെയുള്ള ചില ഭാഗങ്ങളിലും “കൃഷ്ണാഷ്ടമി” കർക്കടകത്തിലെ കറുത്തപക്ഷ അഷ്ടമിയിലും ആചരിച്ചിരുന്നു.

എന്നാൽ മലയാളികൾക്ക് ശ്രീകൃഷ്ണ ജയന്തി അഥവാ അഷ്ടമി രോഹിണി എന്നത് ചിങ്ങമാസത്തിലെ വെളുത്തവാവ് കഴിഞ്ഞ് അഷ്ടമി തിഥി രാത്രിയിൽ വരുന്ന ദിവസമാണ്.

ചിങ്ങമാസത്തിലെ അഷ്ടമിദിവസം രാത്രിയിലെ കോരിച്ചൊരിയുന്ന പേമാരിയിലും ഭയപ്പെടുത്തുന്ന കൊടുങ്കാറ്റും തകര്‍ത്താടുന്ന സമയത്താണ് കംസന്റെ കല്‍ത്തുറുങ്കില്‍ ഭഗവാന്‍ കൃഷ്ണന്റെ ജനനം.

വൃന്ദാവനത്തിലെ ഗോപാലന്‍മാരുടെ നേതാവായ കണ്ണന്‍ വെണ്ണക്കള്ളനായതും കംസനയച്ച പൂതനയേയും ശകടാസുരനേയും നിഗ്രഹിച്ചതും കാളിന്ദീനദിയെ വിഷമയമാക്കി ഗോക്കളെ കൊന്നൊടുക്കിയ കാളിയനെന്ന നാഗത്തെ മര്‍ദ്ദിച്ചതും ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കാനായി ഗോവര്‍ദ്ധന പര്‍വ്വതത്തെ എടുത്തുയര്‍ത്തിയതും നമ്മളൊക്കെ എത്രയോ തവണ വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമാണ്.

ലോകനന്മയ്ക്ക് അപചയം സംഭവിക്കുമ്പോള്‍ ധര്‍മ്മസംരക്ഷണത്തിനായി ഓരോരോ രൂപത്തില്‍ ഭഗവാന്‍ മഹാവിഷ്ണു അവതരിക്കുന്നു. ഭൂമീദേവിയുടെ അപേക്ഷയനുസരിച്ച് ഭൂമിയിലെ അധര്‍മ്മികളെ ശുദ്ധീകരിച്ച് ധര്‍മ്മം പുനസ്ഥാപിക്കാനാണ് ഭഗവാന്‍ കൃഷ്ണന്‍ അവതാരമെടുത്തത്.

ശ്രീകൃഷ്ണന്റെ ജനനത്തെ സ്മരിക്കുന്ന ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഇന്ന് നാനാജാതി മതസ്ഥര്‍ പങ്കെടുത്തുവരുന്നു. ഈശ്വരവിശ്വാസം അനീതിയാണെന്ന് പറഞ്ഞിരുന്ന രാഷ്ട്രീയക്കാര്‍വരെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കാനായി രംഗത്ത് വരികയെന്നത്, അധര്‍മ്മത്തെ പരാജയപ്പെടുത്താന്‍ അവതരിച്ച ഭഗവാൻ ശ്രീകൃഷ്ണൻ സത്യമാണെന്ന തിരിച്ചറിവുണ്ടായി എല്ലാവരും ആദരിക്കാൻ തയ്യാറായി എന്നതിന്റെ തെളിവാണ്.

ശ്രീകൃഷ്ണൻ പൗരുഷത്തിന്റെ പ്രതീകമായിരുന്നു:

പൗരുഷം തികഞ്ഞ ഭഗവാൻ ശ്രീകൃഷ്ണനെ ഇപ്പോൾ കുറേക്കാലമായി പെൺകുട്ടികൾ വേഷംകെട്ടിക്കൊണ്ട് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിലും ഉറിയടിച്ചും സ്ത്രൈണതയോടെ കാണിക്കുമ്പോൾ സത്യത്തിൽ അവരാരുംതന്നെ ഭഗവാൻ ശ്രീകൃഷ്ണന്റെ പൗരുഷത്തെയും നീതിബോധത്തെയും കുറിച്ച് യാതൊന്നും വായിച്ചിട്ടുണ്ടാകില്ല എന്ന് നമ്മുടെ മനസ്സിനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കേണ്ടിവരും. ശ്രീകൃഷ്ണൻ, എപ്പോഴെങ്കിലും സ്ത്രൈണതയോടെ സംവദിച്ചതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? എല്ലാം തികഞ്ഞ ഉത്തമ പുരുഷനായി അവരോധിക്കേണ്ട സ്‌ഥാനത്ത്‌ പെൺകുട്ടികൾ മാത്രമായി ശ്രീകൃഷ്ണവേഷം ധരിച്ച് കൃഷ്ണവിശേഷദിവസങ്ങളിൽ നിറയുന്നതിന്റെ പൊരുൾ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല എന്നതാണ് സത്യം.

ഭഗവാൻ ശ്രീകൃഷ്ണൻ കൗരവരോട് സന്ധിസംഭാഷണം നടത്താൻ പോയതുമാത്രം മതിയല്ലോ, ശ്രീകൃഷ്ണന്റെ പൗരുഷവും നീതിബോധവും ലക്ഷ്യവും നമുക്ക് തിരിച്ചറിയാൻ… ഒന്ന് വായിച്ചുനോക്കൂ.

12 വർഷത്തെ വനവാസം കഴിഞ്ഞ് പിന്നെ ഒരുവർഷത്തെ അജ്ഞാതവാസവും കഴിഞ്ഞിരിക്കുന്നു.

പാണ്ഡവർക്ക് അവകാശപ്പെട്ട പകുതി രാജ്യത്തിനായി പല ദൂതന്മാരും കൗരവ രാജസന്നിധിയിലെത്തി കുരുവംശ രാജാവായ ധൃതരാഷ്ട്രരോട് അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നല്ലോ ഫലം?

രാജമാതാവ് സത്യവതി, തന്റെ പുത്രൻ വേദവ്യാസനെ സന്ധി സംഭാഷണത്തിനായി അയച്ചെങ്കിലും ചർച്ച പരാജയപ്പെട്ടു. പിതാമഹനായ ഭീഷ്മർ പലതവണ ധൃതരാഷ്ട്രരെ ഉപദേശിച്ചു. ഫലമുണ്ടായില്ല.

കൗരവർ മറ്റൊരു അതിബുദ്ധികൂടി പ്രയോഗിക്കുകയുണ്ടായി. ദുര്യോധനൻ കൗരവപക്ഷത്തുനിന്നും സഞ്ജയനെ, പാണ്ഡവരെ കണ്ട് ഇപ്രകാരം കള്ളം പറയാനും ഏല്പിച്ചു: “ധൃതരാഷ്ട്രർ പറഞ്ഞതാണ്, പകുതി രാജ്യം നൽകാൻ പറ്റുകയില്ല” എന്ന്. വിഷണ്ണനായി തിരികെയെത്തി പാണ്ഡവപക്ഷത്തുനിന്നും കിട്ടാവുന്ന വലിയ തിരിച്ചടിയെക്കുറിച്ച് സഞ്ജയൻ, ധൃതരാഷ്ത്രരെ പറഞ്ഞുബോധിപ്പിച്ചു. അങ്ങനെ ദുഃഖിതനായിരുന്ന ധൃതരാഷ്ട്രർ അന്നുരാത്രിതന്നെ അനുജനായ വിദുരരെ വിളിപ്പിക്കുന്നു. വിദുരർ ഉദാഹരണസഹിതം കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിയെങ്കിലും അമിതമായ പുത്രവാത്സല്യത്താൽ അദ്ദേഹത്തിന്റെ മനസ്സ് അപ്പോഴും മാറിയില്ല. പുത്രവാത്സല്യം ഒന്നുകൊണ്ട് മാത്രം എത്രയെത്ര രാജാക്കന്മാരുടെയും നേതാക്കന്മാരുടെയും ഭാവിയാണ് തകർന്നിട്ടുള്ളത്… തകർന്നുകൊണ്ടിരിക്കുന്നത്!!

പാണ്ഡവർക്കുവേണ്ടി മഹാതപസ്വിയായ സനൽക്കുമാര മഹർഷിയും കൗരവപക്ഷത്തെ ദുര്യോധനനോട് സംസാരിച്ചു. എന്നിട്ടും ഫലമുണ്ടായില്ല.

പിന്നെ കൃഷ്ണന്‍ ദൂതുമായി പോകേണ്ടതായ സാഹചര്യം ഉടലെടുത്തു. ആകെ സങ്കടത്തിലായ ദ്രൗപദിയെ ശ്രീകൃഷ്ണൻ സമാധാനിപ്പിച്ചു. “ദ്രൗപദി… ഭവതിയോട് പറഞ്ഞ വാക്കു പാലിയ്ക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. എന്റെ സൗമ്യ വാക്കുകളൊന്നും അവര്‍ സ്വീകരിച്ചേക്കില്ല. പിന്നെ ധര്‍മ്മവും, നീതിയും ഒരിയ്ക്കല്‍ കൂടി അവരെ ബോദ്ധ്യപ്പെടുത്തണം. സമാധാനമായിരിയ്ക്കൂ… എല്ലാം ഭവതി വിചാരിച്ച പോലെ തന്നെയേ വരികയുള്ളൂ…”

അങ്ങനെ ഭഗവാൻ ശ്രീകൃഷ്ണൻ കൗരവ രാജസന്നിധിയിൽ സന്ധിസംഭാഷണത്തിനെത്തി.

കൃഷ്ണൻ എത്തുമെന്ന് മുൻകൂട്ടിയറിഞ്ഞ ശകുനിയും ദുര്യോധനനും ചേർന്ന് “അയോഗ്യനായ ആര് ഇതിൽ ഇരുന്നാലും അവരുടെ തല പൊട്ടിച്ചിതറും” എന്ന ശാപമുള്ള ശന്തനുരാജാവിന്റെ സിംഹാസനം ശ്രീകൃഷ്ണനുവേണ്ടി ഒരുക്കിവെച്ചു. അഥവാ തലപൊട്ടിത്തെറിക്കുന്നെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്നൊരു ദുഷ്ചിന്തകൂടി അവർ നടത്തിയെന്ന് സ്പഷ്ടം. എന്നാൽ ശ്രീകൃഷ്ണൻ അതീവ യോഗ്യനായതിനാൽ തല പൊട്ടിത്തെറിച്ചില്ല എന്ന് തിരിച്ചറിഞ്ഞപ്പോഴെങ്കിലും കൗരവർക്ക് യുദ്ധം വേണ്ടാ എന്നുപറഞ്ഞുകൊണ്ട് പാണ്ഡവർക്ക് അവരുടെ അവകാശങ്ങൾ വിട്ടുനല്കാമായിരുന്നു. പക്ഷെ ചെയ്തില്ല.

രാജ്യത്തിന്റെ പകുതി, അല്ലെങ്കിൽ അഞ്ച് ദേശം, അല്ലെങ്കിൽ അഞ്ച് ഗ്രാമം, അല്ലെങ്കിൽ അഞ്ച് ഭവനം, അതുമല്ലെങ്കിൽ പാണ്ഡവർക്ക് ഒന്നിച്ച് താമസിക്കാൻ ഒരു ഭവനമെങ്കിലും നൽകിയാൽ മതിയെന്ന് അഭ്യർത്ഥിച്ചു. “ഇതൊന്നും നൽകില്ല. പാണ്ഡവർക്ക് സൂചികുത്താൻപോലും കുരുദേശത്ത് സ്‌ഥലം നൽകില്ലെന്ന് കൗരവർ തീർത്തുപറഞ്ഞു.

യുധിഷ്ഠിരൻ ആവശ്യപ്പെട്ട അഞ്ച് ഗ്രാമങ്ങൾ ഇവയായിരുന്നു:

ഒന്ന് – വാരണാവതം
രണ്ട് – ഇന്ദ്രപ്രസ്ഥം
മൂന്ന് – വൃകപ്രസ്ഥം
നാല് – ജയന്തം
അഞ്ച് – കൗരവർ നൽകുന്ന ദേശം.

വാരണാവതം:

വാരണാവതം എന്ന സ്‌ഥലത്തെ ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ നടത്തിപ്പവകാശം പാണ്ഡവർക്ക് നൽകി. അവിടെയെത്തിയ പാണ്ഡവരെ സഹായിക്കാൻ ദുര്യോധനന്റെ ചാരനായ പുരോചനൻ ഒരു മണിമാളിക നിർമ്മിച്ചുനൽകി. അതിൽ കയറിയ യുധിഷ്ഠിരന് അത് ഒരൊറ്റ തീപ്പൊരിയിൽ തങ്ങളെ ചാമ്പലാക്കാൻ വേണ്ടി അരക്ക് കൊണ്ട് ഉറപ്പിച്ച മാളികയാണെന്ന് മനസ്സിലായി. എന്നാൽ കൗരവപക്ഷത്തെ ചതി മണത്തറിഞ്ഞ വിദുരർ ഈ വിവരം കാലേകൂട്ടി പാണ്ഡവരെ അറിയിച്ചിരുന്നു. വിദുരർ പറഞ്ഞയച്ച ഒരു പണിക്കാരൻ പാണ്ഡവർക്ക് വളരെവേഗം രക്ഷപ്പെടാനായി ഗുഹ നിർമ്മിച്ചുനൽകി. അങ്ങനെയാണ് അരക്കില്ലം വെണ്ണീറായിട്ടും പഞ്ചപാണ്ഡവർ രക്ഷപ്പെട്ടത്. അതാണ് പാണ്ഡവർക്ക് വാരണാവതവുമായുള്ള ബന്ധം. അന്നത്തെ വാരണാവതം ഇന്ന് മീററ്റിന് വടക്കുപടിഞ്ഞാറ് വർണ്ണവ എന്ന പേരിൽ അറിയപ്പെടുന്നു.

ഇന്ദ്രപ്രസ്ഥം:

പാണ്ഡവർക്ക് ഖാണ്ഡവപ്രസ്‌ഥത്തിൽ ഇന്ദ്രപ്രസ്ഥം നിർമ്മിച്ച് നൽകിയത് മയൻ എന്ന അസുരശില്പിയാണ്. ഖാണ്ഡവ വനത്തിലെ അഗ്നിയിൽ പെട്ടുപോയ മയനെയും മറ്റ് 5 പേരെയും അർജ്ജുനൻ രക്ഷിച്ചതിന് പ്രത്യുപകാരമായി പതിനായിരം മുഴം വാസ്‌തുക്കണക്കിൽ 14 മാസം കൊണ്ട് കൊട്ടാരം നിർമ്മിച്ച്, അർജ്ജുനന് ദേവദത്തം എന്ന ശംഖും ഭീമന് അത്യത്ഭുതമായ ഗദയും സ്നേഹത്തോടെ നൽകി. കാണികൾ വന്നാൽ അവർക്ക് വഴി തെറ്റിയും പിന്നെ സ്‌ഥല-ജല-വിഭ്രാന്തി വരുന്ന രീതിയിലുമായിരുന്നു മയൻ ആ മണിമാളികയിലെ അകത്തളങ്ങൾ നിർമ്മിച്ചത്. ആ സ്‌ഥലം പാണ്ഡവർക്ക് ഏറെ പ്രിയപ്പെട്ടത് തന്നെയായിരുന്നു.

വൃകപ്രസ്ഥം:

കൗമാരം തികയുന്നതിന് മുമ്പ് ഭീമന് കൗരവർ വിഷം കൊടുത്തത് വൃകപ്രസ്ഥം എന്ന സ്‌ഥലത്ത്‌ വെച്ചായിരുന്നു. വാനപ്രസ്ഥം ആരംഭിച്ച ആദ്യദിനം പാണ്ഡവർ ഇതിന് അടുത്തുള്ള പ്രമണാവതത്തിൽ കഴിച്ചുകൂട്ടിയശേഷമാണ് കാടുകയറിയത്. പാണ്ഡവർ ഈ സ്‌ഥലവും മറക്കുകയില്ല.

ജയന്തം:

കൗരവർ നിർമ്മിച്ച സഭ. ഇവിടേക്ക് വിളിച്ചുവരുത്തിയാണ് കള്ളച്ചൂതിൽ പാണ്ഡവരെ ഒന്നുമില്ലാത്തവരാക്കിയത്. അവരുടെ ഭാര്യയെ വസ്ത്രാക്ഷേപം നടത്തിയത്. പാണ്ഡവർ അതും മറക്കാൻ വഴിയില്ല.

ഇതിൽ എടുത്ത് ചോദിച്ച 4 ഗ്രാമങ്ങൾക്കും പാണ്ഡവരുമായി അഭേദ്യമായ ബന്ധംകൂടിയുണ്ടെന്ന് കൗരവർക്ക് തിരിച്ചറിയാൻ സാധിച്ചില്ല.

മര്യാദയുടെയും നിയമത്തിന്റെയും ഭാഷയിൽ സംസാരിച്ചുമുന്നേറിയ ശ്രീകൃഷ്ണനെ ദുര്യോധനനും ദുശ്ശാസനനും പിടിച്ചുകെട്ടുമെന്ന ഘട്ടമെത്തി. അപ്പോൾ ശ്രീകൃഷ്ണൻ തന്റെ യഥാർത്ഥരൂപം കാണിച്ചുകൊടുത്തു. “മൂഢാ… നിന്റെ കുഴി നീതന്നെ തോണ്ടുകയാണ്. അത് അങ്ങനെയല്ലേ വരൂ…” പറഞ്ഞുകൊണ്ടിരിക്കെ ശ്രീകൃഷ്ണന്റെ രൂപം വലുതായിക്കൊണ്ടിരുന്നു.

അവിടെയുള്ളവരും, അല്പനേരത്തേക്ക് കാഴ്ച തിരിച്ചുകിട്ടിയ ധൃതരാഷ്ട്രരും ആ രൂപം കണ്ട് സ്തംഭിച്ചുനിന്നു. ഭയാനകമായ ഒരു തേജസ്സ് സഭയില്‍ നിറഞ്ഞു. കൃഷ്ണന്റെ വായില്‍ നിന്ന് അഗ്നിയും തിരുനെറ്റിയില്‍ നിന്ന് ബ്രഹ്മാവും പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്‍റെ മാറിടത്തില്‍ നിന്ന് ഏകാദശരുദ്രന്‍മാരും തോളുകളില്‍ നിന്ന് ഇന്ദ്രന്‍, വരുണന്‍, കുബേരന്‍, യമന്‍ തുടങ്ങിയ ദിക്ക്-പാലകരും പ്രത്യക്ഷപ്പെട്ടു. പ്രപഞ്ചത്തോളം ഉയര്‍ന്നു പൊങ്ങിയ തീജ്വാലകള്‍ക്കിടയിലായി സൂര്യനെ പ്രദക്ഷിണം വെയ്ക്കുന്ന ഭൂമിയും അതിലെ സകല ജീവജാലങ്ങളും കാണുമാറായി.

കൃഷ്ണന്റെ സംരക്ഷണയില്‍ ഇടതു ഭാഗത്തായി പാണ്ഡവരും, വലതു ഭാഗത്തായി വൃഷ്ണികളും കാണപ്പെട്ടു. ഇടത്തെ കൈവെള്ളയില്‍ അര്‍ജ്ജുനനും, വലത്തെ കൈവെള്ളയില്‍ ബലരാമനും കാണപ്പെട്ടു. എണ്ണമറ്റ കൈകളുള്ള ഭഗവാന്‍റെ കൈകളില്‍ കൗമേദകി എന്ന ഗദ, പാഞ്ചജന്യമെന്ന ശംഖ്, നന്ദനമെന്ന വാള്‍ എന്നിവയ്ക്ക് പുറമേ വിശ്വരക്ഷാര്‍ത്ഥം മറ്റായുധങ്ങളും കാണപ്പെട്ടു. ലോകം എല്ലാമത് കണ്ട് സ്തംഭിച്ചുനിന്നു. ദേവകൾ പുഷ്പവൃഷ്ടി നടത്തി.

പിന്നെ യുദ്ധസന്നാഹങ്ങളായി. രാജ്യം ഭരിക്കുന്ന രാജാവിനെ സഹായിക്കാൻ സ്വാഭാവികമായും പല രാജാക്കന്മാരും രംഗത്ത് വരുമല്ലോ. അങ്ങനെ ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, വാൽഹികം എന്നീ രാജ്യങ്ങൾ കൗരവരെ സഹായിക്കാമെന്നേറ്റു.

പാണ്ഡവരെ സഹായിക്കാൻ വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ എന്നീ രാജ്യങ്ങളും തയ്യാറായി. ചില രാജ്യങ്ങൾ രണ്ടുകൂട്ടർക്കുമായി യുദ്ധം ചെയ്യാൻ സൈനികരെ വിട്ടുനൽകി.

പിന്നെ ശ്രീകൃഷ്ണന്റെ സഹായത്തിനായി രണ്ടുപക്ഷവും പോയതും നാരായണസേനയെ കൗരവർക്കും ശ്രീകൃഷ്ണനെ മാത്രമായി പാണ്ഡവർക്കും ലഭിച്ച കാര്യമൊക്കെ എല്ലാർക്കും അറിവുള്ളതാണല്ലോ…

ശ്രീകൃഷ്ണൻ അർജ്ജുനനോട് ചോദിച്ചു: “എന്ത് അവിവേകമാണ് അർജ്ജുനൻ കാണിച്ചത്? ഞാൻ മാത്രമായി വന്നാൽ നിനക്കെന്ത് നേട്ടം?”

അർജ്ജുനൻ കൈകൾകൂപ്പി ഇടറിയ ശബ്ദത്തിൽ പറഞ്ഞു. “കൃഷ്ണാ… അങ്ങയെ എനിയ്ക്കറിയാം. എന്റെ ശ്വേതാശ്വങ്ങളുടെ കടിഞ്ഞാണ്‍ അങ്ങയുടെ കയ്യിലുണ്ടെങ്കില്‍ ഞാനെന്തിന്, ആരെ ഭയക്കണം? അങ്ങ് ഇവിടമാകെ ഉഴുതുമറിച്ച് പാപികളായ ക്ഷത്രിയരുടെ രക്തം കൊണ്ട് ഭൂമിയ്ക്ക് തിലകം ചാര്‍ത്തും”

അര്‍ജുനന്‍ നീട്ടിയ കൈകളില്‍ ശ്രീകൃഷ്ണ ശരീരം അര്‍പ്പിയ്ക്കപ്പെട്ടു. “എല്ലാരും പറയുന്നു; അവർക്കെല്ലാം എന്നെ അറിയാമെന്ന്… ഇപ്പോൾ അർജ്ജുനനും പറയുന്നു എന്നെ അറിയാമെന്ന്… എന്നിട്ടും ഞാന്‍ മാത്രമറിയുന്നില്ല; ഞാന്‍ ആരാണെന്ന്…” ഭഗവാൻ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ കൈ പിടിച്ചുകൊണ്ട്, ആത്മമിത്രങ്ങളെന്നപോലെ കൊട്ടാരത്തിലേയ്ക്ക് നടന്നു.

അതെ. ശ്രീകൃഷ്ണൻ എല്ലാം തികഞ്ഞ പുരുഷൻ തന്നെയായിരുന്നു.

അഷ്ടമിരോഹിണിയിൽ ജപിക്കാനുള്ള 4 മന്ത്രങ്ങള്‍ എഴുതുന്നു:

സര്‍വൈശ്വര്യത്തിന്
വിംശത്യക്ഷരഗോപാലം:

അഷ്ടമിരോഹിണിയുടെ തലേദിവസം ഒരിക്കലൂണ് ആയിരിക്കണം. ഭവനം കഴുകി വൃത്തിയാക്കണം. അഷ്ടമിരോഹിണി ദിവസം സൂര്യോദയം മുതല്‍ നെയ്‌വിളക്ക് കൊളുത്തി ഭഗവാന്‍ കൃഷ്ണനെ ധ്യാനിച്ചുകൊണ്ട് വിംശത്യക്ഷരഗോപാലമന്ത്രം ജപിക്കണം. 108 ആണ് ജപസംഖ്യ. 1008, 10008 എന്നീ സംഖ്യകള്‍ അത്യുത്തമ ഫലം നല്‍കും.

“ഓം ക്ലീം ഗോപാലവേഷധരായ ഗോപീജന വല്ലഭായ സ്വാഹാ”

കുടുംബത്ത് സര്‍വ്വൈശ്വര്യങ്ങളും നിറയും. ഭവനത്തില്‍ നാളിതുവരെ അനുഭവിച്ചുവന്ന സകല തടസ്സങ്ങളും നീങ്ങും. നാനാമേഖലകളില്‍ നിന്നും ധനാഗമം ലഭിക്കും. ശത്രുദോഷവും സംഭവിക്കുകയില്ല. വിംശത്യക്ഷരഗോപാല മന്ത്രജപം അഷ്ടമിരോഹിണിയില്‍ ആരംഭിച്ച് 18 ബുധാനാഴ്ചകളില്‍ തുടരാവുന്നതാണ്. അത്യത്ഭുതങ്ങള്‍ സംഭവിക്കുന്നതായിരിക്കും.

പ്രായഭേദമന്യേ ആര്‍ക്കും ഇഷ്ടകാര്യസിദ്ധിക്കായി വിംശത്യക്ഷരഗോപാലമന്ത്രം ഭക്തിയോടെ ജപിക്കാവുന്നതാണ്.

വിദ്യാതടസ്സം നീക്കുന്ന
വിദ്യാരാജഗോപാലം:

അഷ്ടമിരോഹിണി ദിവസം ജപം ആരംഭിക്കണം. 9 പ്രാവശ്യം ജപിച്ചാല്‍ മതിയാകും. വിദ്യാതടസ്സം നീങ്ങുന്നതാണ്. ഗ്രഹനിലയില്‍ ബുധന്‍ ബലക്കുറവോടെ നിന്നാൽ സംഭവിക്കാവുന്ന വിദ്യാതടസ്സം നീങ്ങുന്നതിന് ഈ മന്ത്രജപം അത്യുത്തമം ആയിരിക്കും.

വിദ്യാരാജഗോപാലമന്ത്രം ജപിക്കുന്നതിന് മുമ്പ് കൃഷ്ണഗായത്രി ഒരു പ്രാവശ്യം ജപിക്കണം.

കൃഷ്ണഗായത്രി:

“ദാമോദരായ വിദ്മഹേ
വാസുദേവായ ധീമഹീ
തന്വോ കൃഷ്ണ: പ്രചോദയാത്”

വിദ്യാരാജഗോപാലമന്ത്രം:

“ഓം ക്ലീം കൃഷ്ണ കൃഷ്ണ ഹരേകൃഷ്ണ
സര്‍വ്വജ്ഞ ത്വം പ്രസീദ മേ
രമാരമണ വിശ്വേശ
വിദ്യാമാശു പ്രയശ്ച മേ”

ഭയപ്പാടുകള്‍ നീങ്ങുന്നതിന്:

കുഞ്ഞുങ്ങളിലെ ഭയം മാറുന്നതിനുള്ള ഒരു വൈഷ്ണവമന്ത്രമാണിത്.

വിദ്യാലയത്തില്‍ പോകുന്നതിനും അദ്ധ്യാപകരെ കാണുന്നതിനും തൊഴില്‍ മേധാവികളെ കാണുന്നതിനും മിക്കവര്‍ക്കും വലിയ ഭയമാണ്. മനസ്സിലെ ഭയപ്പാടുകൾ നീങ്ങുന്നതിന് സമ്മോഹനഗോപാലമന്ത്രം ജപിക്കുന്നത് ഉത്തമം ആകുന്നു.

അഷ്ടമിരോഹിണിയില്‍ ജപം ആരംഭിക്കാം. നിത്യവും 3 നേരം 9 പ്രാവശ്യം വീതം ജപിക്കാവുന്നതാണ്. അശുദ്ധിയുള്ളപ്പോള്‍ ജപിക്കരുത്‌. മനസ്സിന് ധൈര്യം പകരുകയും മറ്റുള്ളവര്‍ നമ്മളെ മനസ്സിലാക്കുകയും ചെയ്യുന്നതാണ്.

സമ്മോഹന ഗോപാലമന്ത്രം:

“ഓം ക്ലീം നമ: കൃഷ്ണായ വാസുദേവായ
കരകമല മധുകരായ സര്‍വ്വജന സമ്മോഹനായ
സര്‍വ്വ വിഘ്നവിനാശായ
സര്‍വ്വകാര്യൈക സാധനായ സ്വാഹാ”

തൊഴില്‍ തടസ്സം നീങ്ങുന്നതിന്
രാജഗോപാലം:

ജാതകത്തിലോ ചാരവശാലോ ബുധഗ്രഹമോ വ്യാഴഗ്രഹമോ അനിഷ്ടമായാല്‍ രാജഗോപാലമന്ത്രജപം അത്യുത്തമം ആയിരിക്കും.

മന്ത്രം ചുവടെ എഴുതുന്നു. ഇത് എപ്പോഴും ഭക്തിയോടെ ജപിക്കാവുന്ന മന്ത്രമാണ്‌. തൊഴില്‍ തടസ്സം നീങ്ങാന്‍ ഇതിനേക്കാള്‍ വലിയൊരു മന്ത്രമില്ല.

“ഓം കൃഷ്ണകൃഷ്ണ മഹയോഗിന്‍ ഭക്താനാം അഭയങ്കര
ഗോവിന്ദ പരമാനന്ദ സര്‍വ്വം മേ വശമാനയ”

കൂടുതല്‍ ശൈവ-വൈഷ്ണ-ദേവീ മന്ത്രങ്ങള്‍ https://uthara.in/manthram/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. നിങ്ങളുടെ ഇഷ്ടമന്ത്രങ്ങള്‍ അവിടെ നിന്നും എഴുതിയെടുത്ത് ചിട്ടയോടെ ജപിക്കാവുന്നതാണ്.

ഏവർക്കും ഹൃദയം നിറഞ്ഞ അഷ്ടമിരോഹിണി ആശംസകൾ…

Anil Velichappadan

home

Share this :
× Consult: Anil Velichappadan