രാമായണ പാരായണം – അറിയേണ്ടതെല്ലാം:

Share this :

രാമായണ പാരായണം – അറിയേണ്ടതെല്ലാം:

കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം. പതിനഞ്ചാം ദിവസം ബാലിവധം, ഇരുപത്തഞ്ചാം ദിവസം കുംഭകര്‍ണവധം, ഇരുപത്തെട്ടാം ദിവസം രാവണവധം, മുപ്പതാം ദിവസം പട്ടാഭിഷേകം.

ഓരോ ദിവസവും വായന കഴിഞ്ഞാൽ “പൂർവ്വം രാമ-തപോവനാധിഗമനം, ഹത്വാമൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായുമരണം, ലങ്കാപുരീദാ ഹനം, പശ്ചാത് രാവണ കുംഭകർണ നിധനം ഹ്യേ തദ്ധി രാമായണം” എന്ന ഏകശ്ലോകരാമായണം ചൊല്ലിയിരിക്കണം.

രാമായണ പാരായണക്രമം:

ഒന്നാം ദിവസം : രാമായണ മാഹാത്മ്യം.

രണ്ടാം ദിവസം : ശ്രീരാമാവതാരം.

മൂന്നാം ദിവസം : വിശ്വാമിത്രാഗമനം, താടകാ വധം, യാഗരക്ഷ.

നാലാം ദിവസം : അഹല്യാമോക്ഷം, സീതാസ്വയം വരം.

അഞ്ചാം ദിവസം : പരശുരാമദർശനം, അയോദ്ധ്യാവാസം.

ആറാം ദിവസം : അഭിഷേക വിഘ്നം.

ഏഴാം ദിവസം : ശീരാമന്റെ വനയാത്ര.

എട്ടാം ദിവസം : ഗുഹസംഗമം.

ഒൻപതാം ദിവസം : ചിത്ര കൂട പ്രവേശം, ഭരതാഗമനം.

പത്താം ദിവസം: പാദുകപട്ടാഭിഷേകം.

പതിനൊന്നാം ദിവസം : ദണ്ഡ കാരണ്യപ്രവേശം, അഗസ്ത്യസ്തുതി.

പന്ത്രണ്ടാം ദിവസം : ജടായുസംഗമം, പഞ്ചവടിവാസം, ശൂർപ്പണഖാഗമനം.

പതിമൂന്നാം ദിവസം : സീതാപഹരണം.

പതിനാലാം ദിവസം: ജടായുമോക്ഷം, ശബരീമുക്തി.

പതിനഞ്ചാം ദിവസം : ഹനുമദ് സംഗമം, സുഗ്രീവസഖ്യം, ബാലിവധം.

പതിനാറാം ദിവസം : താരോപദേശം, സ്വീതാന്വേഷണാരംഭം.

പതിനേഴാം ദിവസം : സ്വയംപ്രഭാ ചരിതം, സമുദ്രലംഘനം.

പതിനെട്ടാം ദിവസം : ലങ്കാദഹനം.

പത്തൊമ്പതാം ദിവസം : സമുദ്ര തീരപ്രാപ്തി.

ഇരുപതാം ദിവസം : വിഭീഷണ ശരണാഗതി.

ഇരുപത്തൊന്നാം ദിവസം : രാമേശ്വര പ്രതിഷ്ഠ.

ഇരുപത്തിരണ്ടാം ദിവസം: സേതുബന്ധനം.

ഇരുപത്തിമൂന്നാം ദിവസം : ലങ്കാവിവരണം.

ഇരുപത്തിനാലാംദിവസം : യുദ്ധാരംഭം.

ഇരുപത്തഞ്ചാംദിവസം : കുംഭകർണ്ണവധം, നാരദസ്തുതി.

ഇരുപത്തിയാറാം ദിവസം : മേഘനാദവധം, രാമരാവണയുദ്ധം.

ഇരുപത്തിയേഴാംദിവസം : അഗസ്ത്യാഗമനം, ആദിത്യസ്തുതി.

ഇരുപത്തെട്ടാം ദിവസം : രാവണവധം, വിഭീഷണ പട്ടാഭിഷേകം.

ഇരുപത്തൊമ്പതാം ദിവസം : സീതാസ്വീകരണം, മടക്കയാത്ര, ഭരതസംഗമം.

മുപ്പതാം ദിവസം : അയോദ്ധ്യാ പ്രവേശം, പട്ടാഭിഷേകം.

രാമായണം വായിക്കുന്ന ചിട്ടകൾ:

ഭവനത്തിലാണ് വായിക്കുന്നതെങ്കിൽ ഉത്തമസമയം സന്ധ്യയ്ക്ക് ഏഴുമണി കഴിഞ്ഞ് പത്തുമണി വരേയ്ക്കുള്ള ദുർഗ്ഗായാമമാണ്. എന്നാൽ ക്ഷേത്രത്തിൽ വ്യത്യസ്ഥവുമാകുന്നു. തെക്കോട്ട് തിരിഞ്ഞിരുന്ന് വായിക്കരുത്.

മുന്നിൽ കത്തിച്ചുവെച്ച നിലവിളക്ക് ഉണ്ടാവണം. വിളക്കിൽ പാർവ്വതീ-പരമേശ്വരന്മാരും ഗണപതിയും ഹനുമാനും മറ്റെല്ലാ ദേവതകളും സാന്നിദ്ധ്യം ചെയ്യുന്നു. പലകമേലോ വിരിപ്പിന്മേലോ മറ്റോ ഇരുന്നു പാരായണം ചെയ്യണം. മുന്നിൽ അൽപ്പം ഉയർന്ന പീഠത്തിൽ രാമായണം വെച്ചിരിക്കണം.

കുളികഴിഞ്ഞ്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ മന:ശുദ്ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ. തുളസിയോ പൂക്കളോ കൊണ്ട് വിളക്കുപൂജ ചെയ്യുന്നതും നന്ന്. വായിച്ച് തുടങ്ങുമ്പോൾ വാല്മീകി, തുഞ്ചത്ത് എഴുത്തച്ഛൻ, ഗുരുക്കന്മാർ, ഗണപതി, സരസ്വതി, പാർവ്വതി, ശ്രീ മഹാദേവൻ, വിഷ്ണു, ഹനുമാൻ എന്നിവരെ സ്മരിക്കുകയും അറിയുമെങ്കിൽ ഇവരുടെ ശ്ലോകങ്ങൾ ചൊല്ലുകയും വേണം.

പാരായണസ്ഥലത്ത്‌ വീട്ടുകാർ എല്ലാരും ഒരുമിച്ചിരിക്കുകയും അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്ധിക്കുകയും വേണം. ഓരോ ദിവസവും പറഞ്ഞിരിക്കുന്ന ക്രമത്തിൽ വായന പൂർത്തിയാക്കണം. ഏതെങ്കിലും കാരണത്താൽ (പുല-വാലായ്മ) വായന മുടങ്ങിയാൽ അതിനുശേഷം ആ മുടങ്ങിയ ഭാഗങ്ങൾകൂടുതലായി ഉൾപ്പെടുത്തി വായന പൂർത്തിയാക്കുകയും വേണം.

രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈ വരുമെന്നാണ്‌ വിശ്വാസം. അതുകൊണ്ടാണ് വിശ്വാസികൾ ‘ഭാഗവതം കെട്ടിച്ച്’ നോക്കുന്നത്. മനുഷ്യന്റെ ജീവിതത്തിലെ എല്ലാ കാലങ്ങളും രാമായണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ശരാശരി 20 മിനിറ്റുവെച്ച് പാരായണം ചെയ്‌താൽ കർക്കടകമാസത്തിൽ രാമായണം വായിച്ച് പൂർത്തിയാക്കാം.

ശ്രീരാമന്‍റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചു തീര്‍ക്കണമെന്നാണ്‌ സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കണം. പിന്നീട്‌ കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം. അപ്പോൾ അതിന് ആനുപാതികമായി ദിവസങ്ങൾ ക്രമീകരിക്കുകയുംവേണം.

കർക്കടകം കഴിഞ്ഞ് ചിങ്ങത്തിലേക്ക് സൂര്യൻ സംക്രമിക്കുന്ന സമയത്തിന് മുമ്പായി രാമായണപാരായണം പൂർത്തിയാക്കണം. ഈ വർഷത്തെ ചിങ്ങത്തിലെ സൂര്യസംക്രമണം കർക്കടകം 31 പാതിരാത്രി കഴിഞ്ഞ് 01.17.19 സെക്കന്റിന് ആകയാൽ പാരായണക്കാരെ ബാധിക്കില്ല.

കർക്കിടക പാരായണം പൂർത്തിയായാൽ “രാമാ യണത്തിലെ സീതാ-രാമാദി സകല ദേവതകളും പട്ടാഭിഷേക രൂപത്തിൽ വരുന്ന ഒരുവർഷക്കാലം മുഴുവൻ ഞങ്ങളുടെ ഉള്ളിൽ സാന്നിദ്ധ്യം ചെയ്യണേ” എന്ന പ്രാർത്ഥനയോടെ ഓരോരുത്തരും രാമായണം ഇരുകൈകളുടേയും വിരൽത്തുമ്പുകളിൽതൊട്ട് കണ്ണുകളിൽവെച്ച് തൊഴുത് നമസ്കരിച്ച് ഉദ്വസിയ്ക്കണം. തുടർന്ന് അർഹരായ ആർക്കെങ്കിലും യഥാശക്തി അന്ന-വസ്ത്ര-ദാനാദി കർമ്മങ്ങളും ചെയ്യാം.

ഇത് കൂടാതെ മറ്റ് വിശേഷദിവസങ്ങളിലും രാമായണപാരായണം സ്വവസതിയിൽ ചെയ്യാവുന്നതാണ്. ഗൃഹപ്രവേശദിവസം രാമായണം പൂർണ്ണമായി വായിക്കുന്നത് അത്യുത്തമം തന്നെയാകുന്നു.

ഏവർക്കും രാമായണമാസ ആശംസകൾ നേരുന്നു…

Share this :
× Consult: Anil Velichappadan