പത്താമുദയം അഥവാ മേടപ്പത്ത്

Share this :

-സൂര്യ – നാഗപ്രീതി മന്ത്രജപം ക്ഷിപ്രഫലം നൽകും-(ഈ വർഷത്തെ പത്താമുദയം 1195 മേടം 10 (23-04-2020 വ്യാഴാഴ്‌ച)
കാർഷികവൃത്തി ഈശ്വരകർമ്മമെന്ന് വിശ്വസിച്ച നല്ലവരായ മനുഷ്യരുടെ അനുഷ്ഠാനമാണ് മേടപ്പത്ത് അഥവാ പത്താമുദയം. മേടവിഷു ശ്രീകൃഷ്ണ പ്രീതികരവും മേടപ്പത്ത് അഥവാ പത്താമുദയം സൂര്യപ്രീതികരവുമാകുന്നു.
പത്താമുദയം പൊതുവെ രണ്ടെണ്ണമാണ്. മേടപ്പത്തും തുലാപ്പത്തും. എന്നാൽ നമ്മുടെ ആചാരപ്രകാരം മേടപ്പത്തിനാണ് ഏറെ പ്രാധാന്യമുള്ളത്. തിരുവിതാംകൂർ ഭാഗത്ത് മേടപ്പത്തിന് അഥവാ പത്താമുദയത്തിന് പ്രാധാന്യം കൂടുതലായി കണ്ടുവരുന്നു. എന്നാൽ മലബാർ ഭാഗത്ത് തുലാപ്പത്ത് വിശേഷമായി കൊണ്ടാടുകയും ചെയ്തുവരുന്നുണ്ട്.
കടുത്ത വേനൽ കഴിഞ്ഞ്, സൂര്യൻ ഉച്ചരാശിയിലെ പരമോച്ചത്തിൽ എത്തിനിൽക്കുന്ന കാലമാണ് പത്താമുദയം. വേനൽമഴയും ലഭിക്കുന്ന കാലമാണ്. കൃഷി സംബന്ധം അഥവാ ഭൂമി സംബന്ധം, ഭവന സംബന്ധം എന്നിത്യാദി ശുഭകർമ്മങ്ങൾക്ക് ഏറ്റവും ഉത്തമം പത്താമുദയം ആകുന്നു. മേടവിഷുവിന്റെ അതിപ്രാധാന്യം മേടപ്പത്തുവരെയാണ്.
വിഷുദിനത്തിൽ ശ്രീകൃഷ്ണചിന്തയോടെ കൃഷിയിടങ്ങൾ പാകമാക്കും. സൂര്യപ്രീതി കർമ്മങ്ങളോടെ പത്താമുദയത്തിൽ അതിൽ വിത്തിറക്കും. ഇതാണ് ആചാരം.
ചില പ്രത്യേക സമുദായങ്ങളിലെ ആയോധനകലകളുടെ മത്സരമോ പ്രദർശനമോ നടത്തുന്നതും പത്താമുദയ ദിവസമായിരിക്കും. മേടവിഷുപോലെ പത്താമുദയത്തിനും പുലർച്ചെ ഉണർന്ന് കണികാണുന്ന രീതി പണ്ടുകാലങ്ങളിൽ നിലവിലുണ്ടായിരുന്നു. ഇന്ന് അപൂർവ്വം കർഷക കുടുംബങ്ങളിൽ മാത്രമായി ആ ആചാരം തുടരുന്നുമുണ്ട്. 
ഉണക്കലരി പൊടിച്ച് മുറത്തിലാക്കി പത്താമുദയ ദിവസം സൂര്യോദയശേഷം വീടിന്റെ മുറ്റത്ത് കൊളുത്തിയ നിലവിളക്കിനുമുന്നിൽ വെച്ച് വെയിൽകൊള്ളിച്ചശേഷം ആ അരിമാവുകൊണ്ട്  സൂര്യ-ശിവപ്രീതികരങ്ങളായ പലഹാരങ്ങളുണ്ടാക്കി അത് നിവേദ്യമായി സങ്കല്പിച്ച് കുടുംബങ്ങൾക്ക് നൽകുന്ന ആചാരം ഇപ്പോഴും തുടരുന്ന പ്രദേശങ്ങളുണ്ട്. അടുത്ത ഒരു കൊല്ലം ആ കുടുംബത്ത് സർവ്വൈശ്വര്യമുണ്ടാകുന്നതിന് സൂര്യദേവന്റെ എല്ലാ അനുഗ്രഹവും അവർക്ക് ലഭിക്കുന്നതുമാണ്. ഈ ചടങ്ങിന് “വെള്ളിമുറം” എന്നാണ് പറയുന്നത്. ഇത് ചെയ്യുന്നത് കുടുംബത്തെ സ്ത്രീജനങ്ങളായിരിക്കും. സൂര്യക്ഷേത്രങ്ങളിലും സ്ത്രീകൾ ഇതേ ചടങ്ങ് അനുഷ്ഠിക്കാറുണ്ട്.
പത്താമുദയത്തിൽ കൃഷിയിറക്കാൻ ശുഭപ്രദമാകയാൽ അന്ന് മറ്റ് കൃഷി ആരംഭിക്കുന്നതുപോലെ സൂര്യനെ നോക്കി ഭജിച്ചശേഷം തെങ്ങിൻ തൈകൾ നടുന്നത് ഇപ്പോഴും തുടർന്നുവരുന്നു. അതായത്, പത്താമുദയത്തിൽ കൃഷി ആരംഭിക്കാൻ മറ്റൊരു മുഹൂർത്തം നോക്കേണ്ടതില്ലെന്ന് സാരം.
മേടപ്പത്ത് പുലർച്ചെ സൂര്യോദയം തുടങ്ങി ആറാം നാഴിക മുതൽ (രണ്ട് മണിക്കൂർ നാല്പ്പത് മിനിറ്റ് മുതൽ) ഒന്നര മണിക്കൂർ നേരം വാസ്തുപുരുഷൻ ഉണർന്നിരിക്കുന്നതിനാൽ ഈ സമയം ഗൃഹസംബന്ധമായ മുഹൂർത്തങ്ങൾക്കും ശുഭപ്രദമായിരിക്കും. എന്നാൽ പത്താമുദയത്തിനും രാശിപ്രകാരമുള്ള മുഹൂർത്തം നോക്കണമെന്ന് മറ്റ് പല ജ്യോതിഷ പണ്ഡിതരെപ്പോലെ ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രവും അഭിപ്രായപ്പെട്ടിട്ടുണ്ട്. 
പത്താമുദയത്തിന് മുഹൂർത്തം നോക്കണമെന്ന് പറയാനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്: അന്ന് ഭരണി, തിരുവാതിര, ആയില്യം, പൂരം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി എന്നീ ഏഴ് നക്ഷത്രങ്ങളിൽ ഒന്നിലാണ് പത്താമുദയം വരുന്നതെങ്കിൽ യാതൊരു ശുഭകർമ്മവും ചെയ്യരുത്. ഈ വർഷത്തെ പത്താമുദയദിവസം ഇരുപത്തിനാലര നാഴിക അശ്വതി നക്ഷത്രമാണ്. എന്നാൽ അന്ന് സൂര്യോദയം മുതൽ നാലേകാൽ നാഴികയോളം കറുത്തവാവുമാണ്. ശുഭകർമ്മങ്ങൾക്ക് പൊതുവെ അനുകൂലമല്ല. എന്നാൽ ആചാരപരമായി ചെയ്തുവരുന്ന കർമ്മങ്ങൾ തടസ്സമില്ലാതെ ചെയ്യേണ്ടതുമാണ്. അതുകൊണ്ടാണ് കൃഷിയും മറ്റും മുടക്കംകൂടാതെ മേടപ്പത്തിന് ആരംഭിക്കുന്നത്. മുഹൂർത്തനിയമങ്ങൾ ഇവിടെ വായിക്കാം: https://uthara.in/muhoortham/
പത്താമുദയം അഥവാ മേടപ്പത്ത് സർപ്പപ്രീതി കർമ്മങ്ങൾക്ക് ഏറ്റവും ശ്രേയസ്‌ക്കരമാകുന്നു. മിക്ക സർപ്പകാവുകളിലും ആയില്യത്തിനോ അല്ലെങ്കിൽ പത്താമുദയത്തിനോ സർപ്പങ്ങൾക്ക് അഭിഷേകവും പൂജാദികർമ്മങ്ങളും ‘തളിച്ചുകുട’ പോലുള്ള കർമ്മങ്ങളും  ചെയ്തുവരുന്നു. പത്താമുദയം ഉത്തമസർപ്പങ്ങൾക്ക് പൂജാദികർമ്മങ്ങൾ ചെയ്യാൻ ഏറ്റവും അനുയോജ്യമായ ദിവസമാകുന്നു. മേടപ്പത്ത് മുതൽ ഇടവപ്പത്ത് വരെ തെയ്യങ്ങളുടെ കാലംകൂടിയാണ്.
തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാരും ഇപ്പോൾ രാഹുവിന്റെ ദശയോ അപഹാരമോ ഛിദ്രകാലമോ വരുന്നവരും, രാഹു ചാരവശാൽ ഏറ്റവും ദോഷപ്രദമായി നിൽക്കുന്ന കാർത്തിക – ഇടവക്കൂർ, രോഹിണി, മകയിരം, പുണർതം, പൂയം ആയില്യം, ഉത്രം-കന്നിക്കൂർ, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം-ധനുക്കൂർ, അവിട്ടം-കുംഭക്കൂർ, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രക്കാരും പത്താമുദയ ദിവസം സർപ്പങ്ങൾക്ക് യഥാശക്‌തി അഭിഷേകവും മറ്റ് ഇഷ്ടവഴിപാടുകളും സർപ്പക്ഷേത്ര ദർശനവും ചെയ്യുന്നത് ഏറ്റവും ഉത്തമം ആയിരിക്കും. ഇവയൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ചെയ്യാൻ സാധിക്കാത്തതിനാൽ “ഓം രാഹവേ നമഃ” എന്ന മന്ത്രം 108 പ്രാവശ്യമെങ്കിലും ജപിച്ച് സർപ്പപ്രീതിക്കായി പ്രാർത്ഥിക്കേണ്ടതാണ്.
മേടമാസത്തിലെ ജനനമെങ്കിൽ സൂര്യൻ ഉച്ചരാശിയിൽ നിൽക്കുന്നതിന്റെ ഗുണങ്ങൾ ലഭിക്കുന്നതാണ്. അപ്പോൾ മേടമാസത്തിൽ ഒന്നിനും പത്തിനുമിടയിൽ ജനിക്കുന്നവർക്ക് സൂര്യൻ പരമോച്ചത്തിൽ നിൽക്കുന്ന ഗുണഗണങ്ങൾ ലഭിക്കാൻ പര്യാപ്തമാക്കും. ഇത് അതിവിശേഷം തന്നെയാകുന്നു.
പത്താമുദയത്തിന് പുലർച്ചെ കുളിച്ച് ശുദ്ധമായി നെയ്‌വിളക്ക് കൊളുത്തി സൂര്യന്റെ ശാന്തിമന്ത്രവും തുടർന്ന് സൗന്ദര്യലഹരിയിലെ സർപ്പദോഷശാന്തിമന്ത്രവും ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം ആകുന്നു. ശിവക്ഷേത്രദർശനവും രുദ്രസൂക്താർച്ചനയും രുദ്രസൂക്തമന്ത്രസഹിതം അഭിഷേകം നടത്തിയ അഭിഷേകജലം കൃഷിസ്‌ഥലങ്ങളിലും വ്യാപാരസ്‌ഥാപനങ്ങളിലും ഗൃഹത്തിലും തളിയ്ക്കുന്നതും ശ്രേയസ്‌ക്കരം തന്നെയാകുന്നു. 
പത്താമുദയത്തിൽ വാഹനങ്ങൾ പൂജിച്ചുവാങ്ങുന്ന ആചാരവും ചില സ്‌ഥലങ്ങളിൽ കണ്ടുവരുന്നുണ്ട്. ഇവയൊക്കെയും ഈശ്വരവിചാരത്താൽ അത്യുത്തമം തന്നെയാണ്. 


സൂര്യശാന്തിമന്ത്രം:
“ഓം ആസത്യേന രജസാ വര്‍ത്തമാനോനിവേശയന്നമൃതം മര്‍ത്ത്യഞ്ച.ഹിരണ്യയേന സവിതാ രഥേനാ ദേവോയാതി ഭുവനാ വിപശ്യന്‍അഗ്നിം ദൂതം വൃണീമഹേ ഹോതാരം വിശ്വവേദസം അസ്യ യജ്ഞസ്യ സുക്രതും.യേഷാമീശേ പശുപതി: പശൂനാം ചതുഷ്‌പദാമുത ച ദ്വിപദാംനിഷ്ക്രീതോഅയം യജ്ഞിയം ഭാഗമേതു രായസ്പോഷാ  യജമാനസ്യ സന്തു.അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ ആദിത്യായ നമ: ശംഭവേ നമ:”  


സർപ്പദോഷശാന്തി മന്ത്രം:
ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൗ നിശായാം നിദ്രാണാം നിശി ചരമഭാഗേ ച വിശദൗ വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൗ സമയിനാം സരോജം ത്വത്പാദൗ ജനനി ജയതശ്ചിത്രമിഹ കിം.
പത്താമുദയത്തിൽ സൂര്യദേവൻ ഉദിച്ചുയരുന്നതും നോക്കി അഞ്ചുതിരിയിട്ട് നെയ്യൊഴിച്ച് കത്തിച്ച നിലവിളക്കും, വാലറ്റം കിഴക്കോട്ട് തിരിച്ചുവെച്ച കിണ്ടിയിൽ നിറച്ച ജലവും, വാഴയിലയിലോ നിറപറയിലോ ഉണക്കലരിയുമായി വീട്ടുകാർ കാത്തിരിക്കും. പത്താമുദയത്തിൽ, പരമോച്ചത്തിൽ സൂര്യദേവൻ ഉദിച്ചുയരുമ്പോൾ സൂര്യമന്ത്രത്താൽ കിണ്ടിയിലെ ജലം ഇരുകൈകളിലുമെടുത്ത് സൂര്യദേവനായി നീട്ടിയെറിഞ്ഞ്, പിന്നെ ഉണക്കലരി ഇരുകൈകളിലുമെടുത്ത് സൂര്യദേവനായി നീട്ടിയെറിഞ്ഞ് പിന്നെയാ നിലവിളക്കുമായി വീട്ടിലേക്ക് പത്താമുദയത്തെ ആനയിക്കുന്നതാണ് യഥാർത്ഥ ആചാരം. ഇപ്രകാരം അനുഷ്ഠിക്കുന്നവർക്ക് ആ ഒരുകൊല്ലം വിഭവങ്ങളുടെ കൂമ്പാരമായിരിക്കും. സമ്പത്സമൃദ്ധിയും ശത്രുദോഷശമനവും കുടുംബൈശ്വര്യവും സൂര്യദേവന്റെ അനുഗ്രഹത്താൽ ലഭിക്കുന്നതുമാണ്. 
ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഗായത്രിമന്ത്രം ജപിക്കുന്നതും അത്യുത്തമം ആകുന്നു. 


ഗായത്രിമന്ത്രം:
ഓം ഭുർ ഭുവ:സ്വ:തത് സവിതുർ വരേണ്യം ഭർഗോദേവസ്യ ധീമഹി ധിയോയോന: പ്രചോദയാത്.
ഒമ്പത് അല്ലെങ്കിൽ ഒമ്പതിന്റെ ഗുണിതങ്ങളായി ജപിക്കുന്നത് അത്യുത്തമം.
പത്താമുദയത്തിൽ സർവ്വൈശ്വര്യം ലഭിക്കാൻ ശിവക്ഷേത്രത്തിലും സർപ്പക്ഷേത്രത്തിലും ഇഷ്ടവഴിപാടുകൾ അത്യുത്തമം ആകുന്നു. കൊറോണക്കാലമാകയാൽ ക്ഷേത്രങ്ങളൊന്നുമില്ലാത്തതിനാൽ സർപ്പപ്രീതി പ്രാർത്ഥനകൾ സ്വവസതിയിൽ ചെയ്യാവുന്നതാണ്.
നിത്യപൂജയില്ലാത്ത സർപ്പക്കാവുകളിൽ പത്താമുദയത്തിന് അഭിഷേകവും പൂജാദികർമ്മങ്ങൾ ചെയ്യുന്നതും ആ ഗ്രാമത്തിനുതന്നെ ഐശ്വര്യം നൽകും. ശിവക്ഷേത്രദർശനവും രുദ്രസൂക്താർച്ചനയും അവരവർക്കും നാടിനും ഏറ്റവും ശ്രേയസ്‌ക്കരുവുമാണ്. ഈ വർഷത്തെ പത്താമുദയത്തിൽ ഇവയൊക്കെ ചെയ്യാൻ സാധിക്കാത്ത ക്ഷേത്രങ്ങളിൽ അടുത്ത പത്താമുദയത്തിന് വളരെ ഗംഭീരമായി ഇവയൊക്കെ ചെയ്ത് പ്രീതിപ്പെടുത്തേണ്ടതാണ്.

_________________YouTube:https://www.youtube.com/utharaastrologyജ്യോതിഷ സോഫ്റ്റ്‌വെയറിന്:https://uthara.in/jyothishadeepthi/

Share this :
× Consult: Anil Velichappadan