കുട്ടികളുടെ കർമ്മങ്ങൾ, ആചാരങ്ങൾ: (ഓരോ ഹിന്ദുവും അറിഞ്ഞിരിക്കേണ്ടത്)

Share this :

കുട്ടികളുടെ കർമ്മങ്ങൾ, ആചാരങ്ങൾ:
(ഓരോ ഹിന്ദുവും അറിഞ്ഞിരിക്കേണ്ടത്)

1) വയമ്പും ഫലങ്ങളും നൽകാൻ:

വേലിയേറ്റമുള്ള രാശി ആയിരിക്കണം. രാത്രിയെ മൂന്നായി ഭാഗിച്ചാൽ അവസാന ഭാഗവും ഊൺ നാളുകൾ ഉത്തമം. ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴിവാക്കണം.

(കൃത്യം വേലിയേറ്റവും വേലിയിറക്കവും ജ്യോതിഷദീപ്തി സോഫ്റ്റ്‌വെയറിൽ https://uthara.in/jyothishadeepthi/ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് സോഫ്റ്റ്‌വെയറുകളിൽ ഇത് കാണാറില്ല)

2) ആദ്യമായി കണ്ണെഴുതാൻ:

ജനിച്ച് ഒമ്പതാംദിവസമാണ് ഇത് പൊതുവെ ചെയ്തുവരുന്നത്.

മുഹൂർത്ത നിയമങ്ങൾ ഇപ്രകാരമാകുന്നു. വേലിയേറ്റം ആയിരിക്കണം. ദ്വിനേത്ര നക്ഷത്രത്തിൽ ആയിരിക്കണം. ദ്വിനേത്ര നക്ഷത്രം കണ്ടുപിടിക്കുന്നത് ആഴ്ചയും നക്ഷത്രവും പിന്നെ ഇവ തമ്മിലുള്ള ദൂരവുംകൊണ്ട് ചില ക്രിയകൾ ചെയ്ത് കണ്ടെത്തേണ്ടതാകുന്നു. നിത്യദോഷങ്ങളും ഒഴിവാക്കണം.

3) കരിമഷി നിർമ്മിക്കുന്നത് എങ്ങനെയാണ്?

കയ്യോന്നി നീരും നാരങ്ങാനീരും തുല്യമായി എടുക്കണം. അതിൽ അലക്കി വൃത്തിയാക്കിയ വെള്ള പരുത്തിമുണ്ടിന്റെ കഷണം മുക്കി, അത് ഉണക്കി, പ്ലാവിന്റെ വിറക് കത്തിക്കുന്ന തീനാളത്തിൽ വെച്ച് കരിച്ച്, അത് ഒരു പാത്രത്തിലാക്കി ആവശ്യത്തിന് നെയ്യ് ചേർത്ത് കരിമഷി നിർമ്മിക്കണം. എള്ളെണ്ണ ഒഴിച്ച് കത്തിച്ച വിളക്കിന് മുകളിൽ ഈ തുണി കത്തിച്ച് അത് ഒരു പാത്രത്തിൽ ചാരമാക്കി അതിൽ തുല്യം നെയ്യ് ചേർത്തതും കരിമഷി നിർമ്മിക്കുന്ന ആചാരവുമുണ്ട്.

കുഞ്ഞിന്റെ അച്ഛന്റെ സഹോദരി അല്ലെങ്കിൽ അതിന് തുല്യമായ സ്‌ഥാനമുള്ളവർ കിഴക്കുദർശനമായിരുന്ന് കുഞ്ഞിനെ മടിയിൽ തെക്കോട്ട് തലവെച്ച് കിടത്തി വലതുകയ്യിലെ മോതിരവിരൽ കൊണ്ട് ആദ്യം കുഞ്ഞിന്റെ ഇടതുകണ്ണിലും പിന്നെ വലതുകണ്ണിലും കരിമഷി എഴുതുന്നതാണ് ആചാരം.

4) നാമകരണം/28 കെട്ട്:

ജനിച്ച ദിവസം ഒന്ന് എന്ന് കണക്കുകൂട്ടി കൃത്യം ഇരുപത്തിയെട്ടാമത്തെ ദിവസം എണ്ണിയെടുക്കണം. എന്നാൽ മിക്കപ്പോഴും കുഞ്ഞിന്റെ ജന്മനക്ഷത്രം വരാൻ സാദ്ധ്യതയുമുണ്ട്. അങ്ങനെ കുഞ്ഞിന്റെ ജന്മനക്ഷത്രം വന്നാൽ മുന്നോട്ടോ പിന്നോട്ടോ നീക്കിയെടുക്കണം. കാരണം, കുഞ്ഞിന്റെ ജന്മനക്ഷത്രത്തിൽ ഈ ചടങ്ങ് ചെയ്യരുത്. അല്ലാതെ ആൺക്കുട്ടിയ്ക്ക് 28, പെൺകുട്ടിയ്ക്ക് 27 എന്നൊരു കണക്ക് ജ്യോതിഷത്തിൽ ഇല്ലെന്ന് അറിയുക. ഇതൊന്നുമറിയാതെ ചിലരെങ്കിലും ജ്യോതിഷികളോട് തർക്കത്തിന് മുതിരാറുണ്ട്.

പിതാവ് നാട്ടിലുണ്ടെങ്കിൽ ഈ ചടങ്ങ് പിതാവാണ് ചെയ്യേണ്ടത്. ഇല്ലെങ്കിൽ പിതാവിന്റെ അതിബന്ധുക്കളോ അവരില്ലെങ്കിൽ മാതാവോ അതുമില്ലെങ്കിൽ മാതാവിന്റെ അതിബന്ധുക്കളോ ഈ ചടങ്ങ് ചെയ്യണം.

കുട്ടിയുടെ ഇടതുചെവി വെറ്റിലകൊണ്ട്‌ അടച്ചുവച്ച്‌ വലതുചെവിയില്‍ മൂന്നുതവണ പേര്‌ വിളിക്കണം. ശേഷം വലതുചെവി അടച്ചുപിടിച്ച്‌ ഇടത്‌ ചെവിയില്‍ മൂന്നുതവണ പേര്‌ വിളിക്കണം. ചെവി അടച്ചുപിടിക്കാന്‍ ഉപയോഗിക്കുന്ന വെറ്റിലയുടെ ഞെട്ട്‌ മുകളിലും വാല്‍ താഴെയുമായിട്ട്‌ വേണം പിടിക്കേണ്ടതാണ്. ചെവിയില്‍ വിളിക്കുന്ന പേര്‌ വീട്ടിലെങ്കിലും വിളിക്കാൻ ശ്രമിക്കണം. അതായത്, ആ പേര് ഒഴിവാക്കരുതെന്ന് സാരം.

എന്തിനാണ് നാമകരണ മുഹൂർത്തം എന്നുകൂടി അറിയണം.

പരമോച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ യോഗമോ ദൃഷ്ടിയോ മുഹൂർത്ത രാശിയിൽ വന്നാൽ ആ ജാതകൻ പ്രസിദ്ധമായ നാമധാരിയായി ഭവിക്കും. ബന്ധുക്ഷേത്രത്തിലെ ഗ്രഹമായാലും ഉത്തമം തന്നെയായിരിക്കും. എന്നാൽ നീചഗ്രഹയോഗമോ ദൃഷ്ടിയോ മുഹൂർത്തരാശിയിൽ വന്നാൽ അത് ദോഷപ്രദവും ആയിരിക്കും.

5) ആദ്യമായി തൊട്ടിലിൽ കിടത്താൻ:

കുഞ്ഞ് ജനിച്ച് അമ്പത്തിയാറാം ദിവസം ഈ ചടങ്ങ് ചെയ്യാം. വീടിന്റെയോ മുറിയുടെയോ തെക്കുകിഴക്കേ മൂല ഒഴിവാക്കി തൊട്ടിൽ സഥാപിക്കാം. കുഞ്ഞിന്റെ തല കിഴക്ക് അല്ലെങ്കിൽ തെക്കോട്ട് തിരിച്ചുവെക്കണം. എന്നാൽ തെക്കുനിന്നോ പടിഞ്ഞാറുനിന്നോ തോട്ടിൽ ആദ്യമായി ആട്ടരുത്. വെളുത്തപക്ഷം, തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങൾ നല്ലതാണ്. കുഞ്ഞിന്റെ ജന്മനക്ഷത്രം ഒഴിവാക്കണം.

6) ഉപനിഷ്ക്രാമണം/വാതിൽ പുറപ്പാട്/ആദ്യമായി പടിപ്പുറത്ത് കൊണ്ടുപോകാൻ:

മൂന്നുമാസം പൂർത്തിയായ ശേഷം നാലാംമാസം പൂർത്തിയാകുന്നതിന് മുമ്പ് ഈ കർമ്മം ചെയ്യണം. ചോറൂണിനുള്ള മുഹൂർത്തകാലത്ത് ഈ കർമ്മവും ഒന്നിച്ച് ചെയ്യാവുന്നതുമാണ്.

7) ചോറൂണ്/അന്നപ്രാശനം:

ജനിച്ചത് ഒന്ന് എന്നുകണക്കുകൂട്ടി 148 ദിവസം തള്ളി, 149 ദിവസം മുതൽ 34 ദിവസം വരെ വിധികാലം. പിന്നെ 30 ദിവസം ചെയ്യരുത്. ഏഴാംമാസം ചെയ്യരുത്. കുഞ്ഞിന്റെ ജന്മനക്ഷത്രത്തിൽ ഈ കർമ്മം ചെയ്യാൻ പാടുള്ളതല്ല. ആണിന് ആറാംമാസം, പെണ്ണിന് അഞ്ചാംമാസം എന്നൊന്നും ജ്യോതിഷത്തിലില്ല. മുഹൂർത്തം നോക്കേണ്ടതാണ്. വിഷദ്രേക്കാണം ഒഴിവാക്കണം. മേടം, വൃശ്ചികം രാശികളും എടുക്കരുത്. രാശിയുടെ പന്ത്രണ്ടിൽ ശുഭന്മാരും ഒമ്പതിൽ ചന്ദ്രനോ ബുധനോ ആറിൽ ശുക്രനും നാലിൽ വ്യാഴവും രാശിയിൽ ചന്ദ്രനും പത്താമെടത്ത് എല്ലാ ഗ്രഹങ്ങളും അനിഷ്ടപ്രദരാണ്. അതുകൊണ്ട് ചോറൂണ് മുഹൂർത്തം കൃത്യമായി നോക്കിയെടുക്കുകതന്നെ പ്രയാസകരമായിരിക്കുമെന്ന് ആചാര്യന് ബോദ്ധ്യമുള്ളതിനാൽ ആയിരിക്കണം “സൗമ്യാംശേ ശശിനീഷ്ടകർമ്മണി…”, “കേന്ദ്രേ ജീവോ ജ്ഞാർക്കശുക്രാ…” എന്നീ പ്രമാണങ്ങൾ പ്രകാരമുള്ള മുഹൂർത്തദോഷങ്ങൾ ഒഴിവാക്കുന്ന നിയമങ്ങളും പറയപ്പെട്ടത്. ആകയാൽ ഉത്തമനായൊരു ജ്യോതിഷിയുടെ സഹായത്താൽ അന്നപ്രാശന മുഹൂർത്തം നോക്കി എടുക്കാവുന്നതാണ്.

8) കർണ്ണവേധം അഥവാ കാതുകുത്ത്:

ചോറൂണ് കഴിഞ്ഞ് ഇത് ചെയ്യാം. നക്ഷത്രമോ തിഥിയോ പകൽ അവസാനിക്കുന്ന ദിവസം കാതുകുത്തിന് മുഹൂർത്തം എടുക്കരുത്. വേലിയേറ്റം ഉള്ളപ്പോഴും പാടില്ലെന്ന് അനുഭവസ്‌ഥർ പറയുന്നുണ്ട്. ആകയാൽ ഇതിനും മുഹൂർത്തം നോക്കി എടുക്കേണ്ടതാണ്.

9) ചൗളം (മുടി മുറിക്കാൻ):

ജനനം മുതൽ 3,5,7,9 വയസ്സുകൾ വരെയും മുടി വടിച്ചുകളയാൻ ഉത്തമം. 4,6,8 വയസ്സുകളിൽ ചെയ്യരുത്. ബുധൻ, വ്യാഴം വെള്ളി എന്നീ ദിവസങ്ങളിൽ മാത്രമേ ആദ്യമായി ചൗളം ചെയ്യാൻ പാടുള്ളൂ. ബാക്കി ദിവസങ്ങൾ വർജ്ജങ്ങളാണ്.

ഇപ്പോഴുള്ള കുഞ്ഞുങ്ങൾക്ക് തലമുടി വേഗം വളരുമെന്നതിനാൽ കൃത്യമായ കാലത്തുതന്നെ ചൗളം ചെയ്യണം. മുടി മുറിക്കുന്ന കുഞ്ഞിന്റെ മാതാവ് ഗർഭിണിയാണെങ്കിൽ ചൗളകർമ്മം ചെയ്യരുതെന്നും, ഗൃഹനിർമ്മാണം പാടില്ലെന്നും വിധിയുണ്ട് (“പുംസോ ഭാര്യാ ഗർഭിണീ യസ്യ നാസൗ…”)

കുഞ്ഞ് ജനിച്ച മലയാളമാസത്തിൽ ആദ്യമായി മുടി മുറിക്കരുത്. എന്നാൽ ഉപനയനവും മുടി വടിക്കലും ഒന്നിച്ചുചെയ്താൽ ഇതും ദോഷപ്രദമല്ല. ഇപ്പോഴുള്ള കുഞ്ഞുങ്ങളുടെ കാര്യമെടുത്താൽ ജന്മമാസം ആകുന്നതിന് മുമ്പുതന്നെ മുടി വടിക്കേണ്ടിവരുന്നതാണ്. എന്തെന്നാൽ വേഗം മുടി വളരുന്നതാണ് കാരണം.

10) വിദ്യാരംഭം:

മൂന്ന് വയസ്സിനുമുമ്പ് വിദ്യാരംഭം നടത്താം. വിജയദശമി ദിനത്തിൽ ക്ഷേത്രത്തിൽ ആകാം. മറ്റ് ദിവസമാണെങ്കിൽ ഉത്തമ മുഹൂർത്തം കുറിക്കണം. ബുധമൗഢ്യം ഉള്ളപ്പോൾ ക്ഷത്രത്തിൽ ആയാലും വിദ്യാരംഭം ചെയ്യിക്കരുത്. ബുധനുമായി ബന്ധപ്പെട്ട സമയങ്ങളിൽ ഇത് ഉത്തമം ആകുന്നു. വിജയദശമി ദിനത്തിൽ കുഞ്ഞിന്റെ ജന്മനക്ഷത്രത്തിലും ചെയ്യാം. അല്ലാതെ വേറൊരു മുഹൂർത്തമാണ് എടുക്കുന്നതെങ്കിൽ കുഞ്ഞിന്റെ ജന്മനക്ഷത്രത്തിൽ ചെയ്യരുത്. സപ്തമി തിഥിയും ത്രയോദശി തിഥിയും വിദ്യാരംഭത്തിന് ശുഭമല്ല. എന്തെന്നാൽ അടുത്ത ദിവസം സ്വാദ്ധ്വായത്വം ആയിരിക്കണമല്ലോ. മുഹൂർത്തരാശിയുടെ അഞ്ചിൽ പാപഗ്രഹസ്ഥിതി പാടില്ല.

സാരസ്വതയോഗം ഭവിച്ചാൽ അന്നും വിദ്യാരംഭം ചെയ്യാം. ആ യോഗത്തെക്കുറിച്ച് ചുവടെ എഴുതുന്നു:

a) കന്നിമാസം, ബുധൻ അത്യുച്ചത്തിൽ, ബുധനാഴ്ച ദിവസം, കന്നിലഗ്നം, ബുധകാലഹോര. ഇവിടെ ബുധകാലഹോരയും ചേർന്നുവന്നാൽ ബഹുവിശേഷം എന്നറിഞ്ഞുകൊള്ളണം.

b) സൂര്യനും ചന്ദ്രനും ബുധനും കന്നിരാശിയിലും മിഥുനാംശകത്തിലും, ബുധനാഴ്ചയും കന്നി ലഗ്നവും.

c) ചന്ദ്രനും ബുധനും കന്നിരാശിയിൽ, മിഥുനാംശകത്തിൽ, കന്നി ലഗ്നം.

d) കന്നി ലഗ്നം, ബുധൻ കന്നിയിൽ വർഗ്ഗോത്തമം, വ്യാഴവും ശുക്രനും ലഗ്നാൽ കേന്ദ്രഭാവത്തിൽ എവിടെയെങ്കിലും ഒന്നിച്ചോ ഓരോരുത്തരായോ നിന്നാൽ.

e) സൂര്യൻ മേടത്തിൽ പരമോച്ചത്തിൽ, മേടലഗ്നം, ബുധൻ ഇടവത്തിൽ, ശുക്രൻ മീനത്തിൽ.

f) ബുധൻ ലഗ്നത്തിൽ, സൂര്യനും വ്യാഴവും ബുധാംശകത്തിൽ, ബുധനാഴ്ചയോ വ്യാഴാഴ്ചയോ വന്നാൽ.

g) വെള്ളിയാഴ്ച, ശുക്രൻ അത്യുച്ചത്തിൽ, മീനലഗ്നം.

h) വ്യാഴാഴ്ച, വ്യാഴം അത്യുച്ചത്തിൽ, കർക്കിടകലഗ്നം.

ഉത്തമനായൊരു ജ്യോതിഷിക്ക് ശുഭമുഹൂർത്തം ഗണിക്കാൻ സാധിക്കും.

11) ഉപനയനം:

ഏഴാം വയസ്സിൽ ഉത്തമം. ക്ഷത്രിയൻ പതിനൊന്നാം വയസ്സിലും വൈശ്യന് പന്ത്രണ്ടാം വയസ്സിലും വിധികാലം. ഉത്തരായനകാലം പ്രധാനം. പക്ഷെ അതിൽ ഇടവം, മിഥുനം മാസങ്ങൾ എടുക്കരുത്. മീനം, മേടം മാസങ്ങൾ അത്യുത്തമം. എന്നിരിക്കിലും ബ്രാഹ്മണന് വസന്തഋതുവും ക്ഷത്രിയന് ഗ്രീഷ്മവും വൈശ്യന് ശരത് ഋതുവും പ്രത്യേകം പറഞ്ഞിരിക്കുന്നു.

Anil Velichappadan
Uthara Astro Research Center
0476 – 296 6666, Mob: 9497 134 134.

Share this :
× Consult: Anil Velichappadan