ഹൈന്ദവ വ്രതങ്ങൾ

Share this :

ഹൈന്ദവ വ്രതങ്ങൾ:

മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധി, ഇഷ്ടകാര്യസിദ്ധി എന്നിവയ്ക്കായി നാം ഹിന്ദുക്കൾ വ്രതം ആചരിച്ചുവരുന്നു. ജന്മ-ജന്മാന്തരങ്ങളായി നമ്മിലുണ്ടായിട്ടുള്ള പാപങ്ങളെ ഒഴിവാക്കാൻ വ്രതം അത്യുത്തമം തന്നെയാകുന്നു.

ഇപ്പോഴുള്ള കാലത്ത് തപസ്സ് എന്നത് നമ്മിൽ പലർക്കും അചിന്തനീയമായ കാര്യമാണല്ലോ. അപ്പോൾ അതിന്റെ ലഘുവായ വ്രതംകൊണ്ട് തപസ്സിലേക്ക് എത്താനാകുന്ന ഒരു ശ്രമമെങ്കിലും നമ്മൾ, വിശ്വാസികൾ നടത്തുന്നത് വിശേഷാൽ നല്ലതുതന്നെയാണ്.

നിത്യം, നൈമിത്തികം, കാമ്യം എന്നിങ്ങനെ മൂന്ന് വിധത്തിലാണ് വ്രതങ്ങളുള്ളത്. പുണ്യലബ്ധിക്കായി അനുഷ്ഠിക്കുന്നത് നിത്യം. പാപശമനത്തിനായി അനുഷ്ഠിക്കുന്നത് നൈമിത്തികം. ആഗ്രഹസാഫല്യത്തിനായി അനുഷ്ഠിക്കുന്നത് കാമ്യം.

ഏറ്റവും പ്രചാരത്തിലുള്ള ചില വ്രതങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.

സോമവാര വ്രതം അഥവാ തിങ്കളാഴ്ച വ്രതം:

ഇഷ്ടപുരുഷനെ ഭർത്താവായി ലഭിക്കാനും ഭർത്താവിന് ആയുരാരോഗ്യ സൗഭാഗ്യമുണ്ടാകാനും കുടുംബത്തിന്റെ മുഴുവൻ ഐശ്വര്യത്തിനും വേണ്ടി തിങ്കളാഴ്ച്ചകളിൽ അനുഷ്ഠിക്കുന്ന വ്രതമാണ് സോമവാര വ്രതം. ഈ വ്രതം അനുഷ്ഠിച്ചാണ് പാർവ്വതീദേവിക്ക് പരമശിവനെ ഭർത്താവായി ലഭിച്ചതെന്ന് ഐതീഹ്യം. അതുകൊണ്ടുതന്നെ സോമവാരവ്രതം അനുഷ്ഠിക്കുന്നവർ ശിവനെയും പർവ്വതിയേയുമാണ് പ്രത്യേകിച്ച് ആരാധിക്കേണ്ടത്. തിങ്കളാഴ്ച്ച അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വെള്ള വസ്ത്രമുടുത്ത് ഭസ്മവും രുദ്രാക്ഷവും ധരിച്ച് ശിവക്ഷേത്രദർശനം നടത്തണം. നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ജപിച്ച് ക്ഷേത്രം അർദ്ധപ്രദക്ഷിണം ചെയ്യണം. പകൽ മുഴുവൻ ആഹാരം വെടിഞ്ഞ് പരമശിവനെ ഭജിക്കണം. സന്ധ്യയ്ക്ക് വീണ്ടും ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. അതിനുശേഷം അർഹനായ ബ്രാഹ്മണന് അല്ലെങ്കിൽ അതിന് യോഗ്യതയുള്ള ഒരാൾക്ക് ദക്ഷിണ നൽകി പാരണ (വ്രതത്തിനൊടുവിൽ കഴിക്കുന്ന തീർത്ഥം) കഴിച്ച് വ്രതം അവസാനിപ്പിക്കാം.

എന്നിരിക്കിലും അന്ന് രാത്രിയും കഴിഞ്ഞ് ചൊവ്വാഴ്ച പുലർച്ചെ കുളിച്ച് വിളക്കുകൊളുത്തി പ്രാർത്ഥിച്ചാൽ മാത്രമേ തിങ്കളാഴ്ചവ്രതം പൂർത്തിയാകുകയുള്ളൂ. ശുദ്ധാശുദ്ധം നോക്കി മാസത്തിലൊന്ന് എന്ന ക്രമത്തിൽ 12 മാസക്കാലം വ്രതം പിടിക്കണം.

ഏകാദശിവ്രതം :

പൊതുവെ അതികഠിനമാണ് ഏകാദശീവ്രതം. ആകയാൽ വളരെയേറെ കൃത്യതയോടെ വ്രതം അനുഷ്ടിക്കാമെന്ന് വിശ്വാസമുള്ളവർ മാത്രമേ ഏകാദശീവ്രതമെടുക്കാൻ പാടുള്ളൂ എന്ന് പ്രത്യേകം ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം ഉപദേശിച്ചുകൊള്ളുന്നു.

വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശിവ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്ന് ദിവസങ്ങളിലായി നീണ്ടുകിടക്കുന്നതാണ് ഏകാദശിവ്രതം.

ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ഏകാദശിദിവസം പരിപൂർണ്ണമായി ഉപവാസം അനുഷ്ഠിക്കണം. അരികൊണ്ടുള്ള ഭക്ഷണം നിർബന്ധമായും ഉപേക്ഷിക്കണം. തുളസീതീർത്ഥം സേവിക്കാം. പകൽ ഉറങ്ങാൻ പാടില്ല. പോഷ്‌ഠപദ ശുക്ളൈകാദശി, പരിവർത്തനൈകാദശി, കാർത്തിക ശുക്ളൈകാദശി, ഉത്ഥനൈകാദശി, ധനുശുക്ളൈകാദശി, സ്വർഗ്ഗവാതിൽ ഏകാദശി, മാഘശുക്ളൈകാദശി, ഭീമൈകാദശി തുടങ്ങിയവയാണ് പ്രാധാന്യമുള്ള ഏകാദശികൾ. ഇഹലോകത്ത് സുഖവും പരലോകത്ത് വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശി വ്രതത്തിന്റെ ഫലം.

ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ‘ഹരിവാസരം’ എന്നാണ് പറയുക. ഏകാദശീവ്രതകാലത്തെ പ്രധാന ഭാഗമാണ് ഹരിവാസരസമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്ന് വിശ്വാസമുണ്ട്. വ്രതമെടുക്കുന്നവർ തീർച്ചയായും ഹരിവാസര സമയത്ത് വൈഷ്ണവ നാമജപം ചെയ്യേണ്ടതാണ്.

പ്രദോഷവ്രതം:

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് പ്രദോഷവ്രതം. പാർവതിയെ സന്തോഷിപ്പിക്കാനായി പരമശിവൻ നടരാജരൂപത്തിൽ നൃത്തം ചെയ്തത് പ്രദോഷവ്രതദിവസമാണ്. അസ്തമയസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷവ്രതം ആചരിക്കുന്നത്. എന്നാൽ വളരെ അപൂർവ്വമായി അസ്തമയ സമയത്ത് ത്രയോദശി ലഭിക്കാതെയും വന്നേക്കാം. എങ്കിൽ ഈ കണക്കുകൾ എടുക്കാതെ പ്രദോഷം ആചരിക്കുകയും ചെയ്യണം. അങ്ങനെയും സംഭവിക്കാറുണ്ട്. ഇത് രണ്ടു ദിവസമായി വരുന്നുണ്ടെങ്കിൽ തലേദിവസം പ്രദോഷവ്രതം ആചരിക്കണം.

അതിരാവിലെ കുളിച്ച് വെളുത്തവസ്ത്രം ധരിച്ച് ഭസ്മമിട്ട് രുദ്രാക്ഷമണിഞ്ഞ് ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. വ്രതദിവസം പകൽ ആഹാരം കഴിക്കരുത്. സന്ധ്യയ്ക്ക് കുളിച്ച് നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ജപിച്ച് ശിവക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്ത് ശിവഭജനം ചെയ്ത് പാരണയോടെ വ്രതം അവസാനിപ്പിക്കാം. ശിവപ്രീതിയിലൂടെ കുടുംബസൗഖ്യമാണ് പ്രദോഷവ്രതത്തിന്റെ ഫലം.

ഷഷ്ഠിവ്രതം:

സുബ്രഹ്മണ്യപ്രീതിയിലൂടെ സന്താനാഭിവൃദ്ധി നേടിത്തരുന്നതാണ് ഷഷ്ഠിവ്രതം. സർപ്പമായി മാറിയ മകൻ സുബ്രഹ്മണ്യനെ തിരിച്ചു കിട്ടാനായി പാർവതീദേവി ഷഷ്ഠിവ്രതം അനുഷ്ഠിച്ചെന്നാണ് ഐതീഹ്യം. വെളുത്തപക്ഷത്തെ ഷഷ്ഠിദിവസമാണ് വ്രതം ആചരിക്കേണ്ടത്. വെളുത്തപക്ഷമെന്നാൽ വെളുത്തവാവിലേക്ക് ചന്ദ്രൻ വരുന്ന കാലം. പഞ്ചമി നാളിൽ ഒരിക്കൽ മാത്രം ആഹാരം. രാത്രി വെറും നിലത്തുവേണം കിടക്കാൻ. ഷഷ്ഠിദിവസം അതിരാവിലെ കുളിച്ച് സുബ്രഹ്മണ്യക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യനെ ഭജിക്കണം. രാവിലെ ആറുനാഴിക പുലരുന്നതുവരെ ഷഷ്‌ഠിയുണ്ടെങ്കിൽ അത് അർക്കഷഷ്ഠി. അസ്തമയത്തിന് ആറു നാഴിക മുമ്പ് വരുന്ന ഷഷ്ഠി സ്കന്ദഷഷ്ഠി. സർപ്പദോഷപരിഹാരമായും മഹാരോഗ നിവാരണത്തിനായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാം.

ജാതകത്തിൽ അഞ്ചാംഭാവത്തിൽ ചൊവ്വയുള്ള ജാതകർ ഷഷ്ഠിവ്രതമെടുക്കുന്നത് അവരുടെ സന്താനങ്ങൾക്ക് അതീവ ഗുണപ്രദമായി ഭവിക്കുന്നതാണ്. ചൊവ്വ, അനിഷ്ടപ്രദമായി നിൽക്കുന്നവർക്കും ഷഷ്ഠിവ്രതം വിശേഷാൽ ഗുണപ്രദം തന്നെയാകുന്നു.

തിരുവാതിരവ്രതം:

ശിവപ്രീതിയ്ക്കായി അനുഷ്ഠിക്കുന്നതാണ് തിരുവാതിരവ്രതം. പരമശിവന്റെ നക്ഷത്രമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിരക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഇതിന്റെ പരിപൂർണ്ണമായ ഒരു ലേഖനം ഈ ലിങ്കിൽ പോയാൽ വായിക്കാൻ സാധിക്കും: https://uthara.in/dhanumasa-thiruvathira/

പകൽ തിരുവാതിര വരുന്ന ദിവസം ആർദ്രാവ്രതം, രാത്രി തിരുവാതിര വരുന്ന ദിവസം ആർദ്രാ ജാഗരണം, തിരുവാതിര സമയത്ത് ആർദ്രാദർശനം. പരമശിവനെ ഭർത്താവായി കിട്ടാൻ വേണ്ടി തപസ്സു ചെയ്ത പാർവതിയുടെ മുമ്പിൽ ഒടുവിൽ പരമശിവൻ പ്രത്യക്ഷപ്പെട്ട് പാർവ്വതിയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ച ദിവസമാണ് ധനുമാസത്തിലെ തിരുവാതിര എന്നാണ് ഒരു ഐതീഹ്യം. ഈ ദിവസം ശക്തി ശിവനോട് കൂടിച്ചേരുന്നു എന്നാണ് സങ്കല്പം. അതുകൊണ്ടുതന്നെ അവിവാഹിതരായ പെൺകുട്ടികൾക്ക് മാംഗല്യസിദ്ധിക്കും വിവാഹിതർക്ക് മാംഗല്യഭിവൃദ്ധിക്കും ഏറ്റവും നല്ലതാണ് തിരുവാതിരവ്രതം.

നവരാത്രി:

ആശ്വിനമാസം ആരംഭിക്കുന്ന ശുക്ലപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നവരാത്രി ദിവസങ്ങൾ. ഇത് കന്നിമാസത്തിലോ തുലാമാസത്തിലോ വരാം. ദേവപ്രീതിയിലൂടെ സർവ്വൈശ്വര്യമാണ് നവരാത്രി വ്രതത്തിന്റെ ഫലം. വ്രതം തുടങ്ങേണ്ടത് അമാവാസി ദിനത്തിലാണ്. അന്ന് പകൽ മാത്രം ഭക്ഷണം.

ദേവിയെ കുമാരി, ത്രിമൂർത്തി, കല്യാണി, രോഹിണി, കാളി, ചണ്ഡിക, ശാംഭവി, ദുർഗ്ഗ, സുഭദ്ര എന്നീ രൂപങ്ങളിലാണ് ഒൻപത് ദിവസങ്ങളിൽ പൂജിക്കേണ്ടത്. നവരാത്രിയുടെ അവസാന ദിവസങ്ങളിലാണ് കേരളത്തിൽ പുസ്തകപൂജയും ആയുധപൂജയുമൊക്കെ നടത്തുന്നത്. ദുർഗ്ഗാഷ്ടമി ദിവസം സന്ധ്യയ്ക്ക് പുസ്തകം പൂജയ്ക്ക് വെയ്ക്കും. മഹാനവമി ദിവസം അടച്ചുപൂജയാണ്. വിജയദശമി ദിവസം രാവിലത്തെ പൂജയ്ക്കുശേഷം പുസ്തകമെടുക്കും. കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുന്നതും വിജയദശമി ദിവസം രാവിലെയാണ്.

ശിവരാത്രി:

മാഘമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദശി ദിവസമാണ് ശിവരാത്രി ആചരിക്കുന്നത്. അർദ്ധരാത്രി ചതുർദശി വരുന്ന ദിവസമാണ് ശിവരാത്രിയായി എടുക്കുക. രണ്ടു രാത്രികളിൽ ചതുർദശി വരുന്നുണ്ടെങ്കിൽ ആദ്യത്തെ ദിവസം സ്വീകരിക്കും. ശിവരാത്രി അമാവാസിയോട് ചേർന്നുവരുന്നതിനേക്കാൾ നല്ലത് ത്രയോദശിയോട് ചേർന്നുവരുന്നതാണ്. ശിവരാത്രി ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റ് സ്നാനം ചെയ്യണം. ശിവക്ഷേത്രത്തിൽ ദർശനം നടത്തി ‘നമഃശിവായ’ ജപിച്ചു ശിവഭജനം ചെയ്യണം. പകൽ ആഹാരം പാടില്ല. സന്ധ്യയ്ക്ക് വീണ്ടും കുളിച്ച് ശിവപൂജ ചെയ്യണം. ശിവഭജനയുമായി രാത്രി ഉറക്കമിളയ്ക്കണം. പിറ്റേന്ന് ശിവപൂജയ്ക്ക് ശേഷം പാരണ കഴിച്ച് വ്രതം അവസാനിപ്പിക്കാം.

അതാത് ശിവരാത്രിവ്രത കാലങ്ങളിൽ വിശദമായ ലേഖനം ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രസിദ്ധപ്പെടുത്തിവരുന്നുണ്ട്.

അമാവാസി വ്രതം:

പിതൃക്കളുടെ പ്രീതിയ്ക്കായാണ് അമാവാസി വ്രതം അനുഷ്ഠിക്കുന്നത്. എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസം അമാവാസി വ്രതം അനുഷ്ഠിക്കാം. എങ്കിലും തുലാമാസത്തിലെയും കർക്കിടകത്തിലെയും അമാവാസി പ്രധാനമാണ്. സന്ധ്യയ്ക്ക് മുമ്പ് മൂന്നേമുക്കാൽ നാഴിക പ്രഥമയുള്ള ദിവസത്തെ സ്ഥാലീപാകം എന്നാണ് പറയുന്നത്. ഇങ്ങനെ സ്ഥാലീപാകം വരുന്നതിന്റെ മുൻപത്തെ ദിവസമാണ് അമാവാസിവ്രതം ആചരിക്കേണ്ടത്. രാത്രി ഭക്ഷണം ഒഴിവാക്കണം. അമാവാസി ദിവസം പിതൃക്കൾക്ക് ശ്രാദ്ധമൂട്ടാം. പിതൃതർപ്പണം ചെയ്യാം.

അക്ഷയതൃതീയ:

വൈശാഖമാസത്തിലെ വെളുത്തപക്ഷ തൃതീയയാണ് അക്ഷയതൃതീയ. മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന തൃതീയയാണിത്. വൈശാഖമാസത്തിലെ തൃതീയ, ദ്വാദശി, പൗർണ്ണമി എന്നീ ദിവസങ്ങളിൽ വ്രതമനുഷ്ഠിച്ചാൽ വൈശാഖമാസം മുഴുവൻ അനുഷ്ഠിച്ചതുപോലെയാണെന്നു വിശ്വാസം. അക്ഷയതൃതീയ ദിവസം അക്ഷയപാത്രം പോലെയെന്നൊരു വിശ്വാസമുണ്ട്. അക്ഷയതൃതീയ നാളിൽ ധ്യാനവും ദാനവുമാണ് പ്രധാനം. ചിലരൊക്കെ പ്രചരിപ്പിക്കുന്നതുപോലെ അന്ന് സ്വർണ്ണം വാങ്ങാനുള്ള ദിവസമൊന്നുമല്ല.

മറ്റ് പ്രധാന വ്രതങ്ങളെ വരും ദിവസങ്ങളിൽ പരിചയപ്പെടുത്തുന്നതാണ്.

Anil Velichappadan
Uthara Astro Research Center

home

Share this :
× Consult: Anil Velichappadan