ഗ്രഹനിലയും ആരാധനാമൂർത്തിയും

Share this :

ഗ്രഹനില പ്രകാരമുള്ള ആരാധനാമൂർത്തിയെ കണ്ടെത്തുന്നത് അവരുടെ അഞ്ചാംഭാവത്തിൽ നിൽക്കുന്ന ഗ്രഹം, അഞ്ചാംഭാവാധിപനായ ഗ്രഹം, അഞ്ചാം ഭാവത്തിലേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹം എന്നിവയിൽ ഏറ്റവും ബലവാനായ ഗ്രഹത്തെക്കൊണ്ടാകുന്നു. അഞ്ചാംഭാവമെന്നത് മന്ത്രസ്ഥാനം, മന:സ്ഥാനം, പുത്രസ്ഥാനം മുജ്ജന്മ സുകൃതം എന്നിവയെക്കുറിച്ച് ചിന്തിക്കാനുള്ള ഭാവമാണ്. അടുത്ത ജന്മം, മന്ത്രിപദവി , മനസ്സ്, ബുദ്ധി, തൊഴിൽ, പുണ്യം എന്നിവയും അഞ്ചാംഭാവം കൊണ്ട് ചിന്തിക്കാവുന്നതാണ്.

എന്നാൽ പുത്രപ്രാപ്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ അഞ്ചാംഭാവം മാത്രം പോരാ, മറിച്ച് വ്യാഴത്തെയും വ്യാഴത്തിന്റെ അഞ്ചാംഭാവത്തെയും ഒമ്പതാംഭാവത്തെയും കുറിച്ചുകൂടി ചിന്തിക്കണം. ചന്ദ്രന്റെ അഞ്ചാംഭാവവും നോക്കേണ്ടതുണ്ട്. പുരുഷജാതകമാണെങ്കിൽ ഒമ്പതാംഭാവവും നിരൂപണം ചെയ്യണം.

അഞ്ചാംഭാവത്തിന്റെ കരകഗ്രഹം വ്യാഴമാണ്‌. അഞ്ചിൽ വ്യാഴം നിന്നാൽ ജീവസംബന്ധമായ കാര്യങ്ങൾക്ക് ദോഷവും മറ്റുള്ള എല്ലാ കാര്യങ്ങള്ക്കും ഏറ്റവും ശുഭകരമാണ്. ഈ വ്യാഴം നിൽക്കുന്നത് ധനു, മീനം എന്നീ സ്വക്ഷേത്രങ്ങളിലോ അല്ലെങ്കിൽ വ്യാഴത്തിന്റെ ഉച്ചക്ഷേത്രമായ കർക്കടകത്തിലോ മൗഢ്യമില്ലാതെ നിന്നാൽ നിങ്ങളുടെ ആരാധനാമൂർത്തി മഹാവിഷ്ണു ആകുമെന്നതിൽ സംശയമില്ല. എന്നാൽ ലഗ്നാധിപൻ പൂർണ്ണബലവാനായി നിന്നാൽ ആരാധനാമൂർത്തിയെക്കുറിച്ച് തീർച്ചയായും ചിന്തിക്കുകയും വേണം.

അഞ്ചാംഭാവത്തിലെ ഗ്രഹഫലം :

അഞ്ചിൽ സൂര്യൻ നിന്നാൽ വനവുമായി ബന്ധപ്പെട്ടുള്ള തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ലഗ്നാധിപനും പത്താംഭാവാധിപനും ബലമുണ്ടായിരിക്കണം. ബന്ധമോ, യോഗമോ കൂടിയുണ്ടായിരിക്കുകയും കാരകഗ്രഹത്തിന് മൗഢ്യം ഉണ്ടായിരിക്കുകയും ചെയ്യരുത്. അഥവാ മൗഢ്യമുണ്ടെങ്കിൽ ആവശ്യമായ പരിഹാരം ചെയ്യുകയും വേണം. ഇവർക്ക് അതിബുദ്ധിയുണ്ടായിരിക്കും. ധനവും സുഖവും ലഭിക്കുന്നതാണ്. ആയുസ്സിനും വിഷമം ഉണ്ടാകില്ല. എന്നാൽ ചതി സ്വഭാവം മനസ്സിൽ നിന്നും തീർത്തും ഒഴിവാക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഈ അഞ്ചാംഭാവം ചിങ്ങാമോ, മേദമോ ആണെങ്കിൽ സൽഗുണസമ്പന്നനായ പുത്രൻ ഉണ്ടാകുന്നതാണ്. സൂര്യൻ ഉച്ച-സ്വക്ഷേത്രങ്ങളിൽ അല്ലെങ്കിൽ ആദ്യപുത്രനെയോർത്ത് ദുഃഖം ഉണ്ടാകാനും ന്യായമുണ്ട്.

അഞ്ചിൽ സൂര്യൻ നിന്നാൽ ആരാധിക്കേണ്ടത് പരമശിവനെയാണ്. പ്രഭാതത്തിലെ കുളി കഴിഞ്ഞ് സൂര്യനെ നോക്കി തലയ്ക്കുമുകളിൽ കൈകൾ കൂപ്പി സൂര്യഗായത്രി ജപിക്കുകയും രണ്ടുപ്രാവശ്യം സ്വയം വലംവയ്ക്കുകയും പിന്നെ പൂജാമുറിയിൽ വന്ന് വിലക്കുകത്തിച്ച് പരമശിവനെ പഞ്ചാക്ഷരീമന്ത്രം (നമഃ ശിവായ) ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ഉത്തമസ്വഭാവഗുണങ്ങളുള്ളവരാണെങ്കിൽ സൂര്യയന്ത്രം ധരിക്കാവുന്നതാണ്. മറ്റുള്ളവർ ശൈവയന്ത്രവിധാനമനുസരിച്ചുള്ള യന്ത്രം ഉപദേശാനുസരണം ധരിക്കാവുന്നതാണ്.

അഞ്ചിൽ ചന്ദ്രൻ നിന്നാൽ ബുദ്ധിയുള്ളവരും ഭരണവുമായി ബന്ധപ്പെടുന്നവരുമായിരിക്കും. പതിനൊന്നാംഭാവാധിപന് മൗഢ്യമോ, നീചമോ അനിഷ്ടസ്ഥിതിയോ ഇല്ലെങ്കിൽ ഇവർക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന തൊഴിൽ ഉത്തമം ആയിരിക്കും. മാന്യമായ മനസ്സിന്റെ ഉടമയായിരിക്കും. നല്ല സ്വഭാവത്തിനുടമയായ ഒരു പുത്രൻ ഉണ്ടാകുന്നതാണ്. കൂടുതൽ പുത്രന്മാരുണ്ടെങ്കിൽ അവരുടെ ആയുരാരോഗ്യത്തിനായി നിത്യപ്രാർത്ഥന ശീലമാക്കുകയും ചെയ്യണം.

അഞ്ചിൽ ചന്ദ്രൻ നിൽക്കുമ്പോൾ ദുർഗ്ഗ, പാർവ്വതി എന്നീ ദേവതകളെ ഭജിക്കുകയും ജന്മനക്ഷത്രദിവസങ്ങളിൽ ദുർഗ്ഗാപൂജ നടത്തുകയും ചെയ്യുന്നത് ഗുണകരമായിരിക്കും. ദുർഗ്ഗായന്ത്രം, അശ്വാരൂഡയന്ത്രം, അതീവശത്രുദോഷസ്ഥിതി വന്നാൽ മാത്രം വനദുർഗ്ഗായന്ത്രം അല്ലെങ്കിൽ ഉപദേശാനുസരണം മറ്റ് ദുർഗ്ഗായന്ത്രങ്ങൾ ഇവ ധരിക്കാവുന്നതാകുന്നു.

അഞ്ചാംഭാവത്തിൽ ചൊവ്വ നിൽക്കുന്നവരെ മനഃക്ലേശം വിടാതെ പിന്തുടരും. ഭരണശേഷി ഉള്ളവരായിരിക്കും. ഇവർക്ക് അസൂയയും കോപവും ഉണ്ടായിരിക്കും. ഭാര്യയുടെ ഗർഭകാല പരിരക്ഷ സുരക്ഷിതമായി ചേണിയേണ്ടതാണ്. സന്താനങ്ങളുടെ യൗവ്വനകാലത്ത് അവരുടെ ആപത്തോ, അത്യാപത്തോ കാണേണ്ടതായും വന്നേക്കും.

അഞ്ചിലെ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ ആൺരാശികളിൽ നിൽക്കുന്നവർ ശ്രീമുരുകനെ ഭജിക്കുന്നത് അത്യുത്തമം ആയിരിക്കും. “ഓം ശരവണ ഭവ” എന്ന സുബ്രഹ്മണ്യമന്ത്രം ദിവസവും ഭക്തിയോടെ 21 പ്രാവശ്യം വീതം ജപിക്കുന്നത് നല്ല ഫലം നൽകുക തന്നെ ചെയ്യും.

അഞ്ചിലെ ചൊവ്വ ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ സ്ത്രീരാശികളിൽ നിന്നാൽ അവർ ഭദ്രകാളീഭജനം നടത്തണം. ജന്മനക്ഷത്രദിവസങ്ങളിൽ ഉത്തമനായൊരു കാർമ്മിയുള്ള ഭദ്രകാളീക്ഷേത്രത്തിൽ കാളീസൂക്തപുഷ്പാഞ്ജലി നടത്തുന്നത് സർവ്വദോഷങ്ങൾക്കും പരിഹാരമാകും.

സുബ്രഹ്മണ്യനെ ആരാധിക്കുന്നവർ സുബ്രഹ്മണ്യയന്ത്രവും, ഭദ്രകാളിയെ ആരാധിക്കുന്നവർ കാളീയന്ത്രങ്ങളിലൊന്നും ഉപദേശാനുസരണം ധരിക്കുന്നത് ഉത്തമമായിരിക്കും.

അഞ്ചാംഭാവത്തിൽ ബുധൻ നിൽക്കുന്നവർ സൂത്രശാലികളായിരിക്കും. മന്ത്രം, ആഭിചാരം, വിദ്യ, സമ്പത്ത് എന്നിവയിൽ ഇവർ കഴിവ് തെളിയിക്കും. അഞ്ചിൽ ബുധൻ നിന്നാൽ അതൊരുപക്ഷേ, സന്താനക്ലേശത്തിന് പോലും കാരണമായേക്കാം. അഞ്ചിൽ ബുധൻ നിന്നാൽ ശ്രീകൃഷ്ണഭജനം നടത്തുന്നത് അത്യുത്തമമായിരിക്കും. മൗഢ്യമുള്ള ബുധനാണെങ്കിൽ “ഓം കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാം അഭയങ്കര ഗോവിന്ദ പരമാനന്ദ സർവ്വം മേ വശമാനയ” എന്ന രാജഗോപാലമന്ത്രം ഗുരുവിൽ നിന്നും ഉപദേശമായി സ്വീകരിച്ച് ഭക്തിയോടെ നിത്യവും ജപിക്കുന്നത് ഉത്തമവും അതിലുപരി സർവ്വവശ്യവുമാകുന്നു.

വിദ്യാഭ്യാസകാലത്ത് വിദ്യാരാജഗോപാലമന്ത്രമോ, ദധിവാമനയന്ത്രമോ മറ്റ് ഉത്തമമായ ശ്രീകൃഷ്ണ യന്ത്രങ്ങളിലൊന്നോ ധരിക്കാവുന്നതാകുന്നു. വിദ്യാഭ്യാസം കഴിഞ്ഞുള്ള ഘട്ടമാണെങ്കിൽ രാജഗോപാലയന്ത്രമോ മറ്റ് വൈഷ്ണവയന്ത്രങ്ങളിലൊന്നോ ഗ്രഹസ്ഥിതി അനുസരിച്ച് ധരിക്കാവുന്നതുമാണ്. ഭവനത്തിൽ പുരുഷസൂക്ത യന്ത്രം വച്ചാരാധിക്കുന്നതും ഉത്തമമായിരിക്കും.

അഞ്ചിലെ വ്യാഴം മന്ത്രികവിദ്യ, കീടനാശിനി, രാസവസ്തുക്കളുടെ കച്ചവടം എന്നിവയുമായി ബന്ധപ്പെടും. ധനവും ഭാഗ്യവും ഒക്കെയുണ്ടാകുമെങ്കിലും സന്താനദുഃഖം പറയേണ്ടിയും വരുന്നതാണ്. ശുക്ലപക്ഷത്തിലെ ചന്ദ്രൻ കർക്കിടകം അല്ലെങ്കിൽ ഇടവം രാശികളിലൊന്ന് ഈ വ്യാഴവുമായി ചേർന്നുനിന്നാൽ അപ്രതീക്ഷിത ധനം ലഭിക്കുന്നതാണ്.

അഞ്ചിൽ വ്യാഴം നിൽക്കുന്നവർ മഹാവിഷ്ണുവിനെയാണ് ഭജിക്കേണ്ടത്. സുദർശനം, മഹാസുദർശനം എന്നീ യന്ത്രങ്ങളിലൊന്ന് ധരിക്കുന്നത് ഉത്തമമായിരിക്കും. ഭവനത്തിൽ പുരുഷസൂക്തയന്ത്രം വച്ചാരാധിക്കുന്നതും ഉത്തമമായിരിക്കും.

അഞ്ചിൽ ശുക്രൻ നിൽക്കുന്നവർ പൊതുവെ മഹാലക്ഷ്മീ കടാക്ഷം ഉള്ളവരാണ്. എവിടെയും കഴിവ് തെളിയിക്കുന്നവരാണ്. ഈ സ്ഥാനം മന്ത്രിപദവിയോ, തത്തുല്യ പദവിയോ പോലും നേടിക്കൊടുക്കും.

അഞ്ചിൽ ശുക്രൻ നിൽക്കുന്നവർ അന്നപൂർണ്ണേശ്വരി, മഹാലക്ഷ്മി, യക്ഷിയമ്മ എന്നിവരിൽ ആരെയെങ്കിലും സ്ഥിരമായി പ്രാർത്ഥിക്കണം. അന്നപൂർണ്ണേശ്വരി യന്ത്രം, മഹാലക്ഷ്മി യന്ത്രം, ത്രിപുരസുന്ദരി യന്ത്രം എന്നിവയിലൊന്ന് ധരിക്കുന്നതും ഉത്തമമായിരിക്കും. എന്നാൽ യഥാർത്ഥ ഭക്തിയുള്ളവരും നല്ല മനസ്സിന്റെ ഉടമയായവരും മാത്രമേ ത്രിപുരസുന്ദരീയന്ത്രം ധരിക്കാൻ പാടുള്ളൂവെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തട്ടെ.

അഞ്ചിലെ ശനിയുള്ളവർക്ക് പുത്രന്മാർ കുറവായിരിക്കും. അഥവാ പുത്രന്മാരുണ്ടായാലോ അവർ മൂലം ദുഃഖിക്കാനും ഇടയാകുന്നതാണ്. മറ്റുള്ളവരെ കുറ്റം പറയുന്ന ശീലം ഒഴിവാക്കാൻ ശ്രമിക്കണം. എന്നാൽ ഇവർക്ക് ഐശ്വര്യകരമായ ഒരു ജീവിതം ലഭിക്കുന്നതുമാണ്.

അഞ്ചിൽ ശനിയുള്ളവർ ശാസ്താഭജനം നടത്തുന്നതാണ് ഉത്തമം. ജന്മനക്ഷത്ര ദിവസങ്ങളിൽ ശാസ്താവിന് നീരാഞ്ജനവും തൊട്ടടുത്ത ദിവസം അതേ ബിംബത്തിന് യഥാശക്തി ഒരു അഭിഷേകം കൂടി നടത്തി പ്രാർത്ഥിക്കണം. ശാസ്താപ്രീതി തീർച്ചയായും ലഭിക്കുന്നതാണ്.

ശനിദോഷ പരിഹാരമായി ശാസ്തൃയന്ത്രം, ശൈവ=വൈഷ്ണവസംഭൂതയന്ത്രം അതുമല്ലെങ്കിൽ മറ്റ് ശൈവയന്ത്രങ്ങളിലൊന്ന് ധരിക്കുന്നത് വളരെയേറെ ഗുണപ്രദമായിരിക്കും.

അഞ്ചിൽ രാഹു നിന്നാൽ കളത്രത്തെ അനുകൂലമാക്കിയെടുക്കാൻ ബുദ്ധിമുട്ടും. സന്താനദുഃഖവും ഉണ്ടാകാം. ഇവർ സ്വന്തം കാര്യത്തിൽ താൽപ്പര്യം കാണിക്കുന്നവരായിരിക്കും. ആയതിനാൽ ബന്ധുക്കൾക്ക് ഇവരോട് സ്നേഹം കാണണമെന്നില്ല. എന്നാൽ 3,6,10,11 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന രാഹുവിനെക്കൂടാതെ അഞ്ചിൽ നിൽക്കുന്ന രാഹുവും അവന്റെ ദശയിൽ രാജയോഗപദവികൾ നൽകുകയും ചെയ്യും. ദശയിലും അപഹാരങ്ങളിലും സർപ്പപ്രീതി വരുത്താതെയിരുന്നാൽ ലഭിച്ച സൗഭാഗ്യങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുമെന്നതിൽ ഇവർ സർപ്പപ്രീതി വരുത്തുക തന്നെ ചെയ്യണം.

അഞ്ചിൽ രാഹു നിൽക്കുന്നവർ സർപ്പപ്രീതി വരുത്തുന്നത് ഏറെ ഗുണകരമായിരിക്കും. ഗ്രാമക്ഷേത്രത്തിലെ സർപ്പക്കാവിൽ യഥാശക്തി വഴിപാടുകൾ നടത്തുന്നതായിരിക്കും കൂടുതൽ ഫലിക്കുക. വീടിന്റെയോ കച്ചവടസ്ഥാപനത്തിന്റെയോ വടക്കുകിഴക്കുഭാഗത്തായി സർപ്പക്കാവുണ്ടെങ്കിൽ തീർച്ചയായും അവിടെ മാസത്തിലൊരു ഞായറാഴ്ചയിലെ രാഹുകാലസമയത്ത് അവരവർക്ക് കഴിയുന്ന തരത്തിലുള്ള വഴിപാട് നടത്തി പ്രാർത്ഥിക്കേണ്ടതുമാണ്. അഞ്ചിൽ രാഹു നിൽക്കുന്നവരും അല്ലാത്തവരും ഈ കർമ്മം അനുഷ്ഠിക്കുന്നത് ഉത്തമം ആണ്. ഗുണഫലം സുനിശ്ചിതമായിരിക്കും.

അഞ്ചിൽ രാഹു ഉള്ളവർ ദുർഗ്ഗായന്ത്രങ്ങളിലൊന്നോ നാഗമോഹിനീയന്ത്രമോ ധരിക്കുന്നത് അതീവ ഗുണപ്രദമായിരിക്കും.

അഞ്ചിൽ കേതു നിൽക്കുന്നവർ വെള്ളത്തെ സൂക്ഷിക്കേണ്ടതാകുന്നു. ഇവരുടെ മനസ്സിൽ കാപട്യമായിരിക്കും. പണം ചെലവാക്കുന്നതിൽ യാതൊരു മടിയുമുണ്ടാകില്ല. ആയതിനാൽ സാമ്പത്തികപ്രയാസവും ഉണ്ടാകുന്നതാണ്. സ്വന്തമായി പണം ധൂർത്തടിക്കുമെങ്കിലും ഇവർ ദാസ്യവേലക്കാരായിരിക്കും.

കേതുവിനെ പ്രീതിപ്പെടുത്താനായി ഗണപതി, ചാമുണ്ഡിദേവി എന്നിവരെയാണ് ഭജിക്കേണ്ടത്. ഈ ദേവതകളെ നിത്യവും ഭക്തിയോടെ ഭജിക്കുന്നതും അനുയോജ്യമെങ്കിൽ വൈഡൂര്യം ധരിക്കുന്നതും അത്യുത്തമമായിരിക്കും. അഞ്ചിലെ കേതു സന്താനക്ലേശമുണ്ടാക്കിയാൽ വിശ്വസ്തനായൊരു കർമ്മിയെക്കൊണ്ട് സന്താനഗോപാല മന്ത്രത്താൽ പാൽപ്പായസം ഹോമിച്ചുകൊണ്ട് ഗണപതിഹോമം നടത്തുന്നത് ഉത്തമദോഷപരിഹാരമാണ്.

കേതുദോഷപരിഹാരമായി മഹാ ഗണപതിയന്ത്രം, ക്ഷിപ്രഗണപതി യന്ത്രം എന്നിവയിലൊന്ന് ഇവർ ധരിക്കുന്നത് സർവ്വതടസ്സപരിഹാരവും അതിലുപരി സർവ്വവശ്യവുമായിരിക്കും.

അഞ്ചിലെ ഗുളികൻ പൊതുവെ ദോഷകാരിയാണ്. സന്താനദുഃഖം, ആയുസ്സിന്റെ പ്രശ്‍നം, വയറ്റിലെ അസുഖങ്ങൾ എന്നിവ അഞ്ചിലെ ഗുളികൻ വരുത്തിവെക്കും. മനസ്സ് ഇപ്പോഴും പതറിപ്പോകുമെന്നതിനാൽ ഉറച്ചൊരു തീരുമാനം എടുക്കാൻ ഇവർക്ക് കഴിയാറില്ല.

ബുധനും ഈ ഭാവത്തിൽ നിന്നാൽ സമനില പോലും കൈവിട്ടുപോകുന്നതാണ്. വ്യാഴക്ഷേത്രങ്ങളായ ധനുവിലോ, മീനത്തിലോ ഗുളികസ്ഥിതി വരികയോ അല്ലെങ്കിൽ വ്യാഴത്തിന്റെ കൂടെയുള്ള സ്ഥിതി വരികയോ അല്ലെങ്കിൽ വ്യാഴവീക്ഷണം വരികയോ ചെയ്താൽ മാത്രമേ ഈ ഗുളികദോഷത്തിന് പരിഹാരമാകുകയുള്ളൂ.

അഞ്ചിൽ ഗുളികൻ നിൽക്കുന്നവർ പരദേവതാപ്രീതിയാണ് വരുത്തേണ്ടത്. മാതാവിന്റെയും പിതാവിന്റെയും കുടുംബക്ഷേത്രത്തിൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും സകുടുംബമായി പോകുകയും എല്ലാ വിഗ്രഹങ്ങൾക്കും മാല നൽകി, എല്ലാ വിളക്കിലും എണ്ണ ഒഴിപ്പിച്ച്, മറ്റ് യഥാശക്തി വഴിപാടുകൾ നൽകി ഗുളിക ദോഷം തീരാനായി പ്രാർത്ഥിക്കുകയും ചെയ്യണം. ഗുളികൻ നിൽക്കുന്ന രാശിയുടെ അധിപനും ഗുളികന്റെ കൂടെ നിൽക്കുന്ന ഗ്രഹങ്ങൾക്കും വളരെയേറെ ദോഷങ്ങൾ ഗുളികൻ വരുത്തിവെക്കുമെന്നതിനാൽ അവരൊക്കെയും പരദേവതാപ്രീതി വരുത്തുന്നത് അത്യുത്തമം ആയിരിക്കും. ഗുളിക ദോഷപരിഹാരമായി ഭാഗ്യഭാവാധിപന്റെ അനുകൂലമന്ത്രം ധരിക്കുന്നതും ഉത്തമം ആയിരിക്കും. അഞ്ചിൽ നിൽക്കുന്ന ഗ്രഹത്തിന്റെയോ അല്ലെങ്കിൽ അഞ്ചാംഭാവാധിപന്റെയോ രത്നം വിശ്വസ്തനായൊരു ജെമോളജിസ്റ്റിന്റെ ഉപദേശാനുസരണം സധൈര്യം വാങ്ങി ധരിക്കാവുന്നതുമാകുന്നു.

അഞ്ചിൽ ഗ്രഹങ്ങളൊന്നും നിൽക്കുന്നില്ലെങ്കിൽ ആ രാശിയുടെ അധിപനെയാണ് ആരാധിക്കേണ്ടത്. എന്നിരുന്നാലും ആദ്യം എഴുതിയതനുസരിച്ച് അഞ്ചിലെ ഗ്രഹസ്ഥിതിയും മറ്റ് ഗ്രഹദൃഷ്ടിയും അഞ്ചാംഭാവാധിപന്റെ ബലാബലവും നോക്കിയാകണം ആരാധനാമൂർത്തിയെ കണ്ടെത്തേണ്ടത്.

എന്നാൽ സർവ്വശക്തന്റെ ഉപഹാരം പോലെ ഗ്രഹനിലയെപ്പോലും മാറ്റിമറിച്ചുകൊണ്ട് ചിലരെ പ്രത്യേക ദേവതകൾ അകമഴിഞ്ഞ് അനുഗ്രഹിക്കാറുണ്ട്. അങ്ങനെയുള്ള ഒരു ഗ്രഹനിലയെ നമുക്ക് പരിചയപ്പെടാം.
നക്ഷത്രം : അത്തം, ജന്മശിഷ്ട – 8 വർഷം, 10 മാസം, 2 ദിവസം ചന്ദ്രദശ, ദിവസം : തിങ്കൾ.

ഈ ഗ്രഹനില പ്രകാരം അഞ്ചിൽ ധനുരാശിയിൽ നിൽക്കുന്ന ഗ്രഹം രാഹുവാകുന്നു. രാഹുവിന്റെ ശത്രുക്ഷേത്രമായ ധനുവിൽ നിൽക്കുന്നതിനാൽ ഗുണം നാമമാത്രമാണ്. ദിശയിലും അപഹാരങ്ങളിലും പിതാവിനും സഹോദരനും ദോഷവുമുണ്ടാക്കും. എന്നാൽ അഞ്ചിലെ രാഹുവിന്റെ ദശയിൽ നല്ല പദവിയിൽ എത്തുകയും ചെയ്യും. 18 വർഷമുള്ള രാഹുർദശയിലെ ആദ്യ 6 വർഷം ഗുണങ്ങളൊന്നും നൽകാതെയും അടുത്ത 6 വർഷം ഉത്തമഫലങ്ങൾ നൽകിയും എന്നാൽ സർപ്പപ്രീതി വരുത്താതെയിരുന്നാൽ അവസാന 6 വർഷം കൊണ്ട് ലഭിച്ച സൗഭാഗ്യങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുകയും ചെയ്യും. പരിഹാരകർമ്മങ്ങൾ നടത്താൻ ഉത്തമനായൊരു ജ്യോതിഷിയുടെ ഉപദേശം ലഭിക്കാതിരുന്നാൽ മേൽ വിവരിച്ച കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ ഈ ജാതകൻ അനുഭവിച്ചിട്ടുള്ളതാണ്.

അഞ്ചിലേക്ക് മിഥുനത്തിൽ നിന്നുകൊണ്ട് കേതുവിന്റെ ദൃഷ്ടി, അഞ്ചാംഭാവാധിപനായ വ്യാഴം നീചരാശിയായ മകരത്തിൽ അനിഷ്ടനായി എന്നാൽ നീചഭംഗരാജയോഗത്തോടെയും ഭാഗ്യാധിപനും മാതൃ-വാഹന-ഗൃഹ-സുഖസ്ഥാനാധിപനും ഉച്ചസ്ഥനുമായ ചൊവ്വയുടെ കൂടെ യോഗം ചെയ്യുന്നു. ഈ ഗ്രഹനില പ്രകാരം ആരാധനാമൂർത്തി മഹാവിഷ്ണുവാണ്. ഇദ്ദേഹം വിഷ്ണുഭക്തനും കൂടിയാണ്.

ഈ ജാതകന്റെ ജനനം മുതലുള്ള എല്ലാ ശുഭകാര്യങ്ങളും നടക്കുന്നത് ശിവന്റെ ഏറ്റവും ഇഷ്ടദിവസമായ തിങ്കളാഴ്ചകളിലാണ്. സൂര്യനും സൂര്യന്റെ അധിദേവതയായ ശിവനുമായുള്ള ജാതകന്റെ ബന്ധം നമുക്കൊന്ന് പരിശോധിക്കാം.

അത്തത്തിന്റെ നക്ഷത്രദേവത സൂര്യനും, ദേവതാമന്ത്രം “ഓം സവിത്രേ നമഃ” എന്നുമാണ്. സൂര്യന്റെ അധിദേവത പരമശിവൻ. ഈ ഗ്രഹനിലക്കാരൻ ജനിച്ചത് ശിവഭഗവാന്റെ ഇഷ്ടദിവസമായ തിങ്കളാഴ്ച്ചയാണ്. ഇദ്ദേഹത്തിന്റെ ലഗ്നം ചിങ്ങം കൂടിയാണെന്നറിയുമ്പോൾ ആർക്കാണ് ജിജ്ഞാസ വർദ്ധിക്കാത്തത്? പിന്നെയും ചിന്തിച്ചാൽ സൂര്യന്റെ ഇഷ്ടസംഖ്യയായ ഒന്ന് എന്ന സംഖ്യയിലുമാണ് ഇദ്ദേഹം ജനിച്ചിരിക്കുന്നത്.

ശിവഭഗവാനുമായുള്ള ബന്ധം അവിടെ അവസാനിച്ചില്ല. ഈ ഗ്രഹനിലക്കാരൻ ഒരേയൊരു പെൺകുട്ടിയെ മാത്രമേ വീട്ടുകാരുടെ തീരുമാനപ്രകാരം പെണ്ണുകാണാനായി പോയിട്ടുള്ളൂ. അത് 17-07-2000 തിങ്കളാഴ്ച ആയിരുന്നു. അവരുടെ വിവാഹനിശ്ചയം 11-09-2000 തിങ്കളാഴ്ചയായി വന്നുചേർന്നു. ഇവരുടെ വിവാഹം ഒരു തിങ്കളാഴ്ചയായി. അതും യാദൃശ്ചികമായി വന്നുചേർന്നു (10-12-2001). വധുവായി വന്ന പെൺകുട്ടി ഒരു യഥാർത്ഥ ശിവഭക്ത കൂടിയാണെന്ന് പറഞ്ഞാൽ മാത്രമേ ഈ മുജ്ജന്മസുകൃതത്തിന്റെ ഫലം നമുക്ക് മനസ്സിലാകുകയുള്ളൂ. ഇദ്ദേഹത്തിന്റെ ശിവനുമായുള്ള ബന്ധം അവിടെയും അവസാനിച്ചില്ല. അവർക്ക് ആദ്യമായി ലഭിച്ച പെൺകുഞ്ഞും തിങ്കളാഴ്ച ആയിരുന്നു ജനിച്ചത് (14-04-2003). ആ ജനനമോ സൂര്യൻ അത്യുച്ചത്തിൽ ആയിക്കൊണ്ടിരിക്കുന്ന മേടം ഒന്നാം തീയതി വിഷുദിവസം. സൂര്യൻ പരമോച്ചവർഗ്ഗോത്തമം ചെയ്ത കാലത്ത് പ്രദോഷദിനത്തിലും ആയിരുന്നു. ശിവനുമായുള്ള ബന്ധം തുടർന്നുകൊണ്ടേയിരുന്നു. അവരുടെ ആ പെൺകുഞ്ഞിന്റെ നക്ഷത്രം സൂര്യദശയിലുള്ള ഉത്രത്തിന്റെ ചിങ്ങക്കൂറിലായിരുന്നു.

ഇവരുടെ വിവാഹം കഴിഞ്ഞ് സാമ്പത്തിക പരാധീനതയിൽ വാടകവീട്ടിൽ കഴിയുന്ന കാലം. ജോലിത്തിരക്കിനിടയിലും ഭർത്താവിന്റെ തൊഴിൽ പുരോഗതിക്കായും അവർക്ക് സ്വന്തമായൊരു വീട് വാങ്ങാനുമായി അപേക്ഷയോടെ ശിവഭക്തയായ ആ പെൺകുട്ടി മനസ്സറിഞ്ഞ് തിങ്കളാഴ്ച വ്രതം എടുത്തുതുടങ്ങി. ഒമ്പത് മാസം കഴിഞ്ഞപ്പോൾ ആ സ്ത്രീയുടെ പേരിൽത്തന്നെ വീടും വസ്തുവും അവർക്ക് വാങ്ങാനായി. അതും പരമശിവന്റെ വളരെ പ്രസിദ്ധമായൊരു ക്ഷേത്രമുള്ള ഒരു ഗ്രാമത്തിൽ ആ ശിവക്ഷേത്രത്തിലെ മണിയൊച്ച കേൾക്കാവുന്നത്ര അകാലത്തിൽ.

അതിനുശേഷം അവർക്കുണ്ടായ രണ്ടാമത്തെ കുഞ്ഞ് ഒരു ആൺകുട്ടിയായിരുന്നു. അവൻ ജനിച്ചതും മറ്റൊരു തിങ്കളാഴ്ച (19-03-2007). പരമശിവനുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം ഇങ്ങനെ തുടർന്നുകൊണ്ടേയിരുന്നു.

ഗ്രഹനിലയിലെ സ്ഥിതിഗതികൾ അനുസരിച്ച് ആരാധനാമൂർത്തിയെ ചിന്തിക്കുന്നതിനുമുമ്പ് അവരുടെ ജീവിതവുമായി ബന്ധപ്പെട്ടുനിൽക്കുന്ന മറ്റൊരു ദേവതയുണ്ടോയെന്ന് തീർച്ചയായും ചിന്തിക്കുന്നത് വളരെ ഗുണപ്രദമായിരിക്കും.

Share this :
× Consult: Anil Velichappadan