വിവിധ മന്ത്രങ്ങളാലുള്ള ഗണപതിഹോമവും ഫലസിദ്ധിയും

Share this :

ഗണപതിഹോമം:
വിവിധ മന്ത്രങ്ങൾ; ഫലസിദ്ധികൾ:

(ശ്രദ്ധിക്കുക: അരുണോദയത്തിൽ അഥവാ സൂര്യോദയത്തിന് 24 മിനിറ്റ് മുമ്പ് ഗണപതിഹോമം പൂർത്തിയാക്കുന്ന സാത്വികരായ കർമ്മികൾക്ക് ഗണപതി ഭഗവാൻ അനുഗ്രഹം നൽകുയും അവർ ആർക്കുവേണ്ടി ഹോമം ചെയ്തുവോ അവർക്ക് കാര്യസാദ്ധ്യമുണ്ടാകുകയും ചെയ്യും. ഉദയത്തിനുമുമ്പ് ഗണപതിഹോമം പൂർത്തിയാക്കുന്ന ക്ഷേത്രങ്ങൾ പ്രശസ്തമാകാറുമുണ്ട്. ഇവയെക്കുറിച്ച് ഗ്രാഹിയില്ലാത്ത കർമ്മികൾ വെറുതെ തർക്കിച്ച് സമയം കളയാറുമുണ്ട്)

ജാതകസംബന്ധമായ പല ദോഷപരിഹാരങ്ങൾക്കും വിവിധ മന്ത്രങ്ങൾ ജപിച്ച് ഗണപതിഹോമം ചെയ്യാവുന്നതാണ്. ക്ഷേത്രങ്ങളിൽ ഇവ ചെയ്യാൻ പ്രായോഗികമായി പ്രയാസമായിരിക്കും. അവിടുത്തെ തിരക്കും, സമയക്കുറവും കൊണ്ട് ആ കർമ്മിയ്ക്ക് വിവിധ മന്ത്രങ്ങൾ ജപിച്ച് ഹോമിക്കാൻ സാധിച്ചെന്ന് വരില്ല. ആകയാൽ പ്രത്യേകമായി ചെയ്യുന്ന ഗണപതിഹോമം സ്വഗൃഹത്തിൽ ചെയ്യുന്നതായിരിക്കും അത്യുത്തമം.

ശ്രദ്ധിക്കുക: വിവിധ മന്ത്രങ്ങൾ ജപിച്ച് ഹോമിക്കുന്ന ഗണപതിഹോമം ഉത്തമ കാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് പ്രത്യേകം ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നിങ്ങളുടെ ഉപദേശിച്ചുകൊള്ളുന്നു. തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന മന്ത്രങ്ങളും കർമ്മങ്ങളും ഗണപതിഹോമവും അത് ചെയ്യുന്നവർക്കും ചെയ്യിപ്പിക്കുന്നവർക്കും അവരുടെ തലമുറകൾക്കും ദൂരവ്യാപകമായ ദോഷങ്ങൾ വരുത്തിവെക്കുമെന്ന് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു)

വിവിധ കാര്യങ്ങൾക്കായി പൊതുവെ ഉപയോഗിച്ചുവരുന്ന ചില മന്ത്രങ്ങളും രീതികളും ചുവടെ എഴുതുന്നു. ഇനിയും നിരവധി മന്ത്രങ്ങളും രീതികളുമുണ്ട്. അത് മറ്റൊരിക്കൽ എഴുതാം.

കാര്യസാദ്ധ്യത്തിന്:

നിങ്ങൾക്ക് മാന്യമായൊരു കാര്യം സാധിക്കേണ്ടതുണ്ടോ? എങ്കിൽ സംവാദസൂക്തം 1008 പ്രാവശ്യം ജപിച്ച് നെയ്യ് ഹോമിക്കണം (ആജ്യാഹൂതി ചെയ്യണമെന്ന് സാരം). ഇത് വളരെ സമയം നീണ്ടുനിൽക്കുന്നതാകയാൽ നാല് കർമ്മികളെങ്കിലും ഒന്നിച്ചിരുന്ന് ജപിച്ച് ഹോമിക്കേണ്ടി വന്നേക്കാം)

സർവ്വൈശ്വര്യത്തിന്:

കറുക, ത്രിമധുരസഹിതമായി മഹാഗണപതിമന്ത്രം ജപിച്ച് 108 ഹോമിക്കണം.

വിവാഹതടസ്സം നീങ്ങാൻ: (ഏഴിലേയോ എട്ടിലേയോ കേതുദോഷത്തിന്):

ഉള്ളിലെ നാളം കളഞ്ഞ 108 ചുവന്ന തെറ്റിപ്പൂവ് നെയ്യിൽമുക്കി, പേരും നക്ഷത്രവും സഹിതം സ്വയംവര മന്ത്രം ജപിച്ച് 108 പ്രാവശ്യമായി ഹോമാഗ്നിയിൽ അർച്ചിച്ചുള്ളത് – ഇത് 7 വെള്ളിയാഴ്ചകളിൽ തുടരണം. വിവാഹതടസ്സം നീങ്ങും.

(ചില കർമ്മികൾ ഇത് തെറ്റായി ചെയ്തുവരുന്നുണ്ടെന്ന് പറയപ്പെടുന്നു. അത് എങ്ങനെയെന്നാൽ, ഒന്നുകിൽ ഒരു സ്വയംവരമന്ത്രം ജപിച്ചുകൊണ്ട് പത്തോ അതിൽക്കൂടുതലോ തെറ്റിപ്പൂവ് ഒന്നിച്ച് നെയ്യിൽമുക്കി ഹോമാഗ്നിയിലേക്ക് വാരിയിടും. അല്ലെങ്കിൽ ഒരു സ്വയംവരമന്ത്രം ജപിക്കുന്ന സമയത്ത് തെറ്റിപ്പൂവ് നെയ്യിൽമുക്കി ഹോമാഗ്നിയിലേക്ക് വളരെ വേഗം ഇട്ടുകൊണ്ടേയിരിക്കും. നമ്മൾ നോക്കുമ്പോൾ മന്ത്രം ജപിക്കുന്നുണ്ട്; തെറ്റിപ്പൂവും ഇടുന്നുണ്ട്. എന്നാൽ പരമ സാത്വികനായ കർമ്മി ഒരു തെറ്റിപ്പൂവിന് ഒരു മന്ത്രം എന്ന രീതിയിൽ മാത്രം ചെയ്ത് പ്രാർത്ഥിക്കും)

സന്താനഭാഗ്യത്തിന്:

ബുധ-വ്യാഴഗ്രഹ ദോഷങ്ങൾ നീക്കി സന്താനഭാഗ്യം ലഭിക്കാൻ സന്താനഗോപാലമന്ത്രം ജപിച്ച് 108 പ്രാവശ്യം പാൽപ്പായസം ഹോമിക്കണം. 9 വ്യാഴാഴ്ചകളിൽ തുടരണം (ഹോമിക്കാനുള്ള പാൽപ്പായസം, വേവിച്ച ചോറിൽ പശുവിൻപാൽ ഒഴിച്ച് എടുക്കുന്നതാണ്. പഞ്ചസാര ചേർക്കില്ല)

ഭൂമിലാഭത്തിന്:

ഭൂമി വാങ്ങാൻ താല്പര്യപ്പെടുന്നവർക്ക് അത് നടക്കുന്നില്ലെങ്കിൽ വിംശത്യക്ഷരഗോപാലമന്ത്രം ജപിച്ച് വെണ്ണ പുരട്ടി 108 താമര മൊട്ട് ഹോമിക്കണം. ഇത് 9 വ്യാഴാഴ്ച തുടരണം.

പിതൃപ്രീതിക്ക്:

മരണപ്പെട്ടവരുടെ ആത്മാക്കൾക്ക് പ്രീതി ലഭിക്കാൻ അനാദി മന്ത്രം ജപിച്ച് എള്ളും അരിയും കൊണ്ട് 108 പ്രാവശ്യം ഹോമിക്കണം. ഇത് പിതൃദോഷത്തിന്റെ കാഠിന്യമനുസരിച്ച് 3 ദിവസമോ 9 ദിവസമോ അല്ലെങ്കിൽ 12 ദിവസമോ തുടർച്ചയായി ചെയ്യണം.

കലഹശമനത്തിന്:

ഒരുമിക്കേണ്ടവരുടെ പേരും നക്ഷത്രവും സഹിതം ഐകമത്യസൂക്തം 108 പ്രാവശ്യം ജപിച്ച് നെയ്യ് ഹോമിക്കണം.

വശ്യത്തിന്:

മുക്കുറ്റിയും ചുവന്ന തെറ്റിപ്പൂവും-ഉള്ളിലെ നാളം കളഞ്ഞത്- ത്രിമധുരസഹിതം വശ്യഗണപതിമന്ത്രത്താൽ 108ഉം അശ്വാരൂഢമന്ത്രം കൊണ്ട് 108ഉം വീതം ഹോമിക്കണം. ശ്രദ്ധിക്കുക: ഇത് ഉത്തമരായവർക്ക്, മുൻ‌കൂർ ജാമ്യമെടുത്ത് മാത്രം ജപിച്ച് ഹോമിച്ചില്ലെങ്കിൽ ഇത് ചെയ്യുന്ന കർമ്മിയ്ക്കും തലമുറകൾക്കും ദൂരവ്യാപകമായ ദോഷങ്ങളും സംഭവിക്കും.

നിരവധി മന്ത്രങ്ങൾകൊണ്ട് വിവിധ ആവശ്യങ്ങൾക്ക് ഗണപതിഹോമം ചെയ്യാവുന്നതാണ്. എന്നാൽ ചെയ്യുന്നവയ്ക്ക് സാത്വികസ്വഭാവം ഉണ്ടായിരിക്കണം. ആചാരത്തിന് വിരുദ്ധമായതോ ദൈവഹിതം അല്ലാത്തതോ ആയ യാതൊന്നിനുംവേണ്ടി വിവിധ മന്ത്രങ്ങളാൽ ഗണപതിഹോമം ചെയ്യരുത്, ചെയ്യിപ്പിക്കരുത്.

അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം.

Share this :
× Consult: Anil Velichappadan