എന്തുകൊണ്ട് ഈ വൃശ്ചികത്തിലെ ഏകാദശി അടുത്ത ദിവസം?

Share this :

എന്തുകൊണ്ട് ഈ വൃശ്ചികത്തിലെ ഏകാദശി അടുത്ത ദിവസം ആചരിക്കുന്നു?

2022 ഡിസംബർ 3, 1198 വൃശ്ചിക മാസം 17ന് സൂര്യോദയത്തിനു മുമ്പ് നാല് നാഴികയ്ക്കുള്ളിൽ ദശമി കഴിയുകയും അന്ന് ഉദയാൽ പൂർവ്വം രണ്ടു നാഴിക 11 വിനാഴികക്കു മുമ്പ് ഏകാദശി ആരംഭിയ്ക്കുകയും ചെയ്യുന്നു. സൂര്യോദയത്തിനു മുമ്പുള്ള നാല് നാഴിക സമയത്തെയാണ് അരുണോദയ സമയം എന്നറിയപ്പെടുന്നത്. ഡിസംബർ മൂന്നിന് അരുണോദയ സമയത്ത് ആരംഭിയ്ക്കുന്ന ഏകാദശിയ്ക്ക് ദശമീ സ്പർശം സംഭവിയ്ക്കുന്നതിനാൽ ആ ദിവസം വ്രതം എടുക്കുവാൻ പാടില്ലതന്നെ. ആയതിനാൽ അടുത്ത ദിവസമായ ഡിസംബർ നാലിന്, വൃശ്ചികമാസം 18ന് ദ്വാദശി തിഥിയിൽ ഏകാദശീവ്രതം ആചരിയ്ക്കുകയും ത്രയോദശി ദിവസം പാരണ ചെയ്യുകയും ചെയ്യണം എന്നതാണ് വിധി. രണ്ട് ദിവസം അരുണോദയത്തിൽ ഏകാദശി വന്നാലും പിറ്റേ ദിവസം ആണ് വ്രതം.

ദശമീവേധം അഥവാ സൂര്യോദയത്തിന് 4 നാഴികയ്ക്കുള്ളിലുള്ള അരുണോദയത്തിൽ ഏകാദശി തിഥി ആരംഭിച്ചാൽ ആ ഏകാദശി കേരളത്തിൽ അനുഷ്ഠിക്കുകയില്ല. ഇപ്രകാരമുള്ള ഏകാദശിയെ ഭൂരിപക്ഷ ഏകാദശി, പിതൃപക്ഷ ഏകാദശി, സ്മാർത്തം, പാപാങ്കുശ എന്നൊക്കെ പറഞ്ഞുവരുന്നു.

എന്നാൽ ഗൗഡസാരസ്വത വിഭാഗം, ചില ഉത്തരേന്ത്യൻ വിശ്വാസികൾ എന്നിവർക്ക് മുകളിൽ പറഞ്ഞ ദശമീവേധം ബാധകമല്ല. കാരണം, അവർക്ക് ഉദയം മുതൽ ദിനാരംഭവും നമുക്ക് അതായത് വൈഷ്‌ണവ പക്ഷക്കാർക്ക് – ആനന്ദപക്ഷക്കാർക്ക് അരുണോദയം മുതൽ ദിനാരംഭവും എന്നതാണ്.

തലേദിവസം ദശമി 55 നാഴികയിൽ കൂടുതലുണ്ടാകരുത്. അങ്ങനെ വന്നാൽ അടുത്ത ദിവസം അരുണോദയത്തിൽ ദശമി വരുമല്ലോ. അഥവാ അങ്ങനെ വന്നാൽ ആ പ്രാവശ്യത്തെ ഏകാദശി വ്രതം തൊട്ടടുത്ത ദ്വാദശിയിൽ എടുക്കണം. പാരണ ത്രയോദശിയിൽ. അതിൽ പക്ഷെ ഹരിവാസരം ഉണ്ടാകില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…

ഏകാദശി നിർണയം:

“ദശമീ ശേഷ സംയുക്താ ഗാന്ഥാര്യാ സമുപോഷിതാ, തസ്യാ പുത്രശതം നഷ്ടം തസ്‌മാത്താം പരിവർജ്ജയേത്,
ദശമ്യനുമതാ യത്ര തിഥിരേകാദശീ ഭവേത് തത്രാപത്യ വിനാശ : സ്യാത് പരെദ്യ നരകം വ്രജേത്.

“ദശമീയുടെ ശേഷം സംയുക്തമായി വരുന്ന ഏകാദശി വ്രതം ചെയ്ത ഗാന്ഥാരിയ്ക്ക് 100 പുത്രൻമാരെ നഷ്ടപെടാനിടയായി. ആയതിനാൽ ദശമീ സംയുക്തമായ ഏകാദശി വർജ്ജിയ്ക്കുക തന്നെ വേണം”

ദശമ്യനുമതാ യത്ര തിഥിരേകാദശീ ഭവേത് തത്രാപത്യ വിനാശ:
സ്യാത്പരേദ്യ നരകം വ്രജേത്.

“ദശമിയോട് ചേർന്നു വരുന്ന ഏകാദശി ഭവിയ്ക്കുമ്പോൾ അവിടെ സന്താന നാശവും നരകപതനവും ഫലമാകുന്നു”

ഏകാദശീ വ്രത നിർണ്ണയം:

പ്രമാണം:

ദശമീ പഞ്ചപഞ്ചാശത് ഘടികാ ചേത് പ്രദ്ര്യശ്യതേ
തർഹിചൈകാദശീ ത്യാജ്യാ ദ്വാദശീo സമുപോഷയേത്
ദശമീപലമാത്രേണ ത്യാജ്യാ ചൈകാദശീ തിഥി:
മദിരാബിന്ദു പാതേന ത്യാ ജ്യോ ഗംഗാഘടോ യഥാ.

അർത്ഥം :

അമ്പത്തി അഞ്ച്‌ നാഴികയിൽ കൂടുതൽ ദശമി ഉള്ള ദിവസത്തിന്റ ശേഷം ഉള്ള ഏകാദശീവ്രതം അനുഷ്ഠിയ്ക്കരുത് .അങ്ങിനെ വരുന്ന സന്ദർഭത്തിൽ ഏകാദശിയുടെ പിറ്റേ ദിവസം ദ്വാദശി തിഥി വരുന്ന ദിവസം ആണ് ഏകാദശി വ്രതം അനുഷ്ഠിയ്ക്കേണ്ടത് .ദശമി കലർന്ന ഏകാദശി “മദ്യം കലർന്ന ഗംഗാജലം ” പോലെ അശുദ്ധമാണ് എന്ന് ജ്ഞാനികൾ അറിയുക.

പ്രമാണം:

സൂര്യോദയോ ഭൂരിമതേ ദിനാനി തസ്മാച്ചതസ്രോ ഘടികാ: പുരേതി
ആനന്ദിന സ്വസ്വ ദിനേഷു തസ്മിൻ രുദ്രാർക്ക തിഥ്യോർ ഭവതീഹ സന്ധി:
ഏകാദശീ യത്ര ഭവേതുപോഷ്യാ കിന്ത്വഹ്നി തസ്മിൻ ദശമീ യദിസ്യാൽ
ന തദ്ദിനെ തത്ര പരേഹ്ന്യുപോഷ്യേത്യാനന്ദപക്ഷസ്യ വിശേഷ ഏഷ:

പ്രമാണം:

“അരുണോദയ വേലായാം ദശമീ സ്പൃശ്യതേ യദി ഉപോഷ്യാ ദ്വാദശീ തത്ര ത്രയോദശ്യാം തു പാരണാ”

ഏവർക്കും ഏകാദശി ആശംസകൾ.

Share this :
× Consult: Anil Velichappadan