എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ മറ്റൊരാളിന്റെ ആത്മാവിനെ കണ്ടെത്തൽ?

Share this :

എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ മറ്റൊരാളിന്റെ ആത്മാവിനെ കണ്ടെത്തൽ?

കുറ‌ച്ച് വർഷങ്ങൾക്കുമുമ്പ് തലസ്ഥാന നഗരിയെ നടുക്കിയ അരുംകൊലയുടെ പിന്നാമ്പുറങ്ങള്‍ അന്വേഷിച്ച പോലീസ് അക്ഷരാർത്ഥത്തിൽ അതിശയി‌ച്ചുപോയിട്ടുണ്ടാകും. സാമ്പത്തികമായി വളരെ മെ‌ച്ചപ്പെട്ട സ്ഥിതി. വിദ്യാഭ്യാസത്തിലും മുന്നിലുള്ളവർ. മകൻ ഒരു ദിവസം അ‌ച്ഛൻ, അമ്മ, സഹോദരി എന്നിവരെ ആയുധം കൊണ്ട് തലയ്ക്ക‌ടി‌ച്ച് കൊലപ്പെ‌ടുത്തിയിരിക്കുന്നു…

അവിടെ “ആസ്ട്രല്‍ പ്രൊജക്ഷന്‍’ പരീക്ഷിച്ചതായിരുന്നു എന്നാണത്രേ പ്രതി പറഞ്ഞിരിക്കുന്നത് (അവലംബം: ഏഷ്യാനെറ്റ് വാര്‍ത്ത). ശരീരം വിട്ട്, ആത്മാവ് സഞ്ചരിക്കുന്ന സൂക്ഷ്മരീതിയെയാണ് “ആസ്ട്രല്‍ പ്രൊജക്ഷന്‍” എന്ന് പറയുന്നത്. അപ്പോള്‍ ഇതിന്‍റെ വിവരങ്ങള്‍ എഴുതുമ്പോള്‍ മറ്റ് ചില ബേസിക് കാര്യങ്ങളും എഴുതിയാല്‍ മാത്രമേ ഈ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നതിനെക്കുറിച്ച് അല്പമെങ്കിലും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

“സഹസ്രാരചക്രം” ഉത്തേജിതമാകുമ്പോള്‍ മനുഷ്യന് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ പവര്‍ ലഭിക്കുമെന്ന് ആ വാര്‍ത്തയില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എന്താണ് സഹസ്രാരചക്രം എന്നുകൂടി നമ്മള്‍ അറിയണമല്ലോ.

പ്രപഞ്ചത്തെ ആറ് ആധാരങ്ങളായി മഹാമുനിമാര്‍ വിഭജിച്ചിരിക്കുന്നു. അതാണ് ‘ഷഡാധാരങ്ങള്‍’ എന്ന് പലപ്പോഴും കേട്ടിരിക്കുന്ന ആധാരങ്ങള്‍ അഥവാ ‘ചക്രങ്ങള്‍’. ഇവയെ മനുഷ്യശരീരവുമായി സംയോജിപ്പിക്കുന്നതും കൃത്യമാണ്. അതേ തത്വത്തെ അടിസ്ഥാനമാക്കിത്തന്നെയാണ് ഒരു ക്ഷേത്രത്തിലെ ബിംബത്തെ പ്രതിഷ്ഠിക്കുന്നതും. കേട്ടിട്ടില്ലേ; ‘ക്ഷേത്രത്തില്‍ ഷഡാധാര പ്രതിഷ്ഠ നടത്തപ്പെടുന്നു…’ എന്നൊക്കെയുള്ള വാര്‍ത്തകള്‍?

ഇവയാണ് ആ ആറ് ചക്രങ്ങള്‍:

1) മൂലാധാരചക്രം
2) സ്വാദിഷ്ഠാനചക്രം
3) മണിപൂരകചക്രം
4) അനാഹതചക്രം
5) വിശുദ്ധിചക്രം
6) ആജ്ഞാചക്രം.

ഈ ആറ് ചക്രങ്ങള്‍ക്കും മുകളിലാണ് ഏഴാമത് ചക്രമായ ‘സഹസ്രാരചക്രം’. ഇവയിലേക്ക് എത്തിപ്പെടാന്‍ മന്ത്രങ്ങളാല്‍ സാദ്ധ്യമാണ്. എന്നാൽ അത് അതികഠിനമാണെന്ന് പറയേണ്ടതില്ലല്ലോ…

ഇവയൊക്കെ അവിടെ നില്‍ക്കട്ടെ. സഹസ്രാരചക്രം പോയിട്ട്, ആ‌റാമത്തെ ചക്രമായ ആജ്ഞാചക്രം വരെ എത്തുന്നത് എത്രയോ പ്രയാസമാണെന്ന കാര്യം മറ്റൊരിക്കല്‍ വിശദമാക്കാം.

ആത്മാവിനെ വളയം ചെയ്തിരിക്കുന്ന കോശങ്ങളില്‍ സ്ഥൂലമായ അന്നമയകോശത്തെ പുറംതള്ളുന്ന അവസ്ഥയാണ് മരണം എന്ന് പൊതുവേ നാം പറയുന്ന അവസ്ഥ. എന്നാല്‍ ആ സമയത്തും മറ്റ് പല കോശങ്ങളാല്‍ ആവൃതമായി ആത്മാവ് നിലനില്‍ക്കുന്നുണ്ട് (ഉദാ: മരിച്ചെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ പലരും ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ളത്). അന്നമയകോശം പുറന്തള്ളപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതായത്, സ്തൂലശരീരം നഷ്ടമായിക്കഴിഞ്ഞാല്‍, പ്രാണമയകോശവും പുറന്തള്ളപ്പെടുന്നു. അന്നമയകോശത്തിന്റെ നാശത്തിനുശേഷം പ്രാണമയകോശം ദ്രവിച്ച് മറ്റുള്ളവയുമായി ലയിച്ചുചേരുന്നു.

പ്രാണമയകോശത്തിന്റെ നാശത്തെതുടര്‍ന്ന് ആത്മാവ് കാമമയകോശത്തില്‍ ഉണരുന്നു. അന്നമയകോശം പുറന്തള്ളപ്പെടുന്ന സമയം അവര്‍ വേദന അനുഭവിക്കുന്നില്ല, പക്ഷെ കണ്ടുനില്‍ക്കുന്ന നമുക്ക് അത് അനുഭവപ്പെടുന്നു. ജീവിതത്തിലെ ആദ്യാവസാനം മരിക്കാന്‍ പോകുന്ന വ്യക്തി ഓര്‍ക്കുന്നു. അന്നമയകോശത്തിന്റെയും പ്രാണമയകോശത്തിന്റെയും വേര്‍പാടിന്റെ ഇടയിലുള്ള സമയം ആ വ്യക്തിയ്ക്ക് ബോധമുണ്ടായിരിക്കുകയില്ല. എന്നാല്‍ പ്രാണമയകോശം ഉപേക്ഷിച്ചുകഴിഞ്ഞാലോ, ആ വ്യക്തി ബോധത്തിലേക്ക് വരികയും ചെയ്യുന്നു.

ഉണരുമ്പോള്‍ അന്നമയകോശം വേര്‍പെട്ട അതേ സ്ഥാനത്ത് തന്നെ വരികയും ചെയ്യും. അപ്പോള്‍ ആ വ്യക്തിയുടെ ആത്മാവിനെ ആനന്ദമയം, വിജ്ഞാനമയം, മനോമയം, കാമമയം എന്നീ കോശങ്ങള്‍ മാത്രം ആവരണം ചെയ്യുകയുള്ളൂ എന്നതിനാല്‍ കാമമയകോശത്തില്‍ ഉണരുന്ന ആളെ നമുക്ക് കാണാനും കഴിയുകയില്ല. എന്നാല്‍ ചിലര്‍ക്ക് ചിലപ്പോള്‍ കാണാനും സാധിക്കുകയും ചെയ്യും. ഇങ്ങനെ സൂക്ഷശരീരത്തെ ചിലര്‍ കാണുന്നതിനെയാണ് “പ്രേതത്തെ കണ്ടു”, “ആത്മാവിനെ കണ്ടു” എന്നൊക്കെ പൊതുവെ പറയുന്നത്.

യോഗാഭ്യാസം മൂലം സ്തൂലശരീരം ത്യജിച്ച് സൂക്ഷ്മശരീരങ്ങളില്‍ “ആസ്ട്രല്‍” തലത്തില്‍ സഞ്ചരിക്കുകയും തിരിച്ച് സ്തൂലശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യാന്‍ സാധിക്കും. അവരെയാണ് ‘യോഗികള്‍’ എന്ന് വിളിച്ചിരുന്നത്. ഇങ്ങനെ സിദ്ധിയുള്ള വ്യക്തിയ്ക്ക് അവര്‍ക്ക് ദേഹമില്ലെന്നും അതുകൊണ്ട് മരണത്തെ ഭയപ്പെടുകയില്ലെന്നും നാം അറിയേണ്ടതുണ്ട്.

ആസ്ട്രല്‍ തലത്തില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ നല്ലവരും സാത്വികരും പരോപകാരതല്‍പരരും ആണെങ്കില്‍ അവര്‍ക്ക് ആസ്ട്രല്‍ തലത്തില്‍ സന്തോഷം ലഭിക്കുന്നതാണ്. മറിച്ചാണെങ്കില്‍ ദു:ഖം ഫലത്തില്‍ വരികയും ചെയ്യും.

നമ്മുടെ ഭൂമിയാണ്‌ ‘കര്‍മ്മഭൂമി’. ഇവിടെ സല്‍ക്കര്‍മ്മം ചെയ്യുന്നവര്‍ ദേവന്മാര്‍ക്ക് സമന്മാരായി കര്‍മ്മഫലം അനുഭവിക്കും. മറിച്ചായാല്‍ ദു:ഖം മാത്രമായിരിക്കും ഫലം.

വേദാന്തപ്രകാരം അത്യുല്‍കൃഷ്ടജീവി മനുഷ്യനും അത്യുല്‍കൃഷ്ടലോകം ഭൂമിയും ആകുന്നു. എന്തെന്നാല്‍ ഇവിടെ മാത്രമാണ് മോക്ഷപ്രാപ്തിക്ക് അതിമഹത്വവും അത്യുത്തമവുമായ അവസരമുള്ളത്.

സ്തൂലശരീരത്തില്‍ നിന്നും ആത്മാവ് പുറത്തേക്കുപോകുന്ന സൂക്ഷ്മരീതി മനസ്സില്‍ കാണുന്നവനാണ് യോഗി. അല്ലാതെ സ്വന്തം രക്തത്തെ വെട്ടിക്കൊന്ന് പഠനം നടത്തുന്നവനല്ല. കൃത്യമായ പഠനം പൂര്‍ത്തിയാക്കാതെ മനസ്സിന്റെ ആധാരചക്രങ്ങളെ പരീക്ഷിക്കാന്‍ ആരും ഇറങ്ങരുത്. അങ്ങനെ ചെയ്‌താല്‍ മനസ്സിന്റെ താളംതെറ്റി അവസാനം ഇങ്ങനെയുള്ള ദുര്‍വിധി നേരിടേണ്ടിവരും.

വാൽക്കഷണം:- സ്വർഗ്ഗം ലഭിക്കുമെന്നോ മറ്റുള്ളവന്റെ ആത്മാവ് സഞ്ചരിക്കുന്നത് കാണാൻ സാധിക്കുമെന്നോ പറയുന്നവവരു‌ടെ വെറുംവാക്ക് കേട്ട്, പറഞ്ഞുതരുന്നവൻ പരീക്ഷി‌ച്ച് വിജയി‌ച്ചതാണോ എന്ന് സ്വയം അന്വേഷി‌ച്ച് കണ്ടെത്താതെ കൊലപാതകിയായി മാറിയാൽ കാരാഗൃഹവാസം ഫലത്തിൽ വരുമെന്നതാണ് തലസ്ഥന നഗരിയിലെ ഉദാഹരണം.
________________
അനില്‍ വെളിച്ചപ്പാടന്‍
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം

home

Share this :
× Consult: Anil Velichappadan