അഭിജിത് മുഹൂര്‍ത്തം:
ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും ശൂദ്രര്‍ക്കും തുടങ്ങി എല്ലാര്‍ക്കും ദിനമദ്ധ്യത്തിലെ അഭിജിത് മുഹൂര്‍ത്തം സകല കര്‍മ്മങ്ങള്‍ക്കും എടുക്കാവുന്നതാണ്. ഈ സമയത്തെ മുഹൂര്‍ത്തദോഷങ്ങള്‍ പൊതുവേ നോക്കാറില്ല.
“ബ്രഹ്മക്ഷത്രിയവൈശ്യാനാം ശൂദ്രാണാഞ്ചാപി നിത്യശ:
സര്‍വേഷാമേവ വര്‍ണ്ണാനാം യോഗോ മദ്ധ്യന്ദിനേഭിജിത്
അഭിജിത്സര്‍വകാമായ സര്‍വകാമാര്‍ത്ഥസാധക:
അര്‍ത്ഥസഞ്ചയമാനാനാം അദ്ധ്വാനം ഗന്തുമിച്ഛതാം”
ദിനമദ്ധ്യത്തില്‍ വരുന്ന അഭിജിത് മുഹൂര്‍ത്തമാണ് ഇന്ന് ഒട്ടുമിക്ക ജ്യോതിഷികളും നല്‍കുന്നത്; പ്രത്യേകിച്ച് വിവാഹത്തിന്. അഭിജിത് മുഹൂര്‍ത്തം ഏകദേശം 11.36 to 12.24 വരെ ആയിരിക്കും. എന്നാല്‍ സൂര്യോദയപ്രകാരം ഈ സമയത്തിന് വളരെയേറെ മാറ്റവും സംഭവിക്കുന്നതാണ്. ആകയാല്‍ അഭിജിത് മുഹൂര്‍ത്തം അറിയുന്നതിന് നല്ലൊരു ജ്യോതിഷിയെ സമീപിക്കുകതന്നെ ചെയ്യണം.
എങ്ങനെയാണ് അഭിജിത് മുഹൂര്‍ത്തം ഗണിക്കുന്നത്?
സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള സമയം ആദ്യം കണക്കുകൂട്ടണം. എന്നിട്ട് അതിന്‍റെ കൃത്യം മദ്ധ്യത്തില്‍ നിന്നും 4 മിനിറ്റ് ഒഴിവാക്കണം (അതായത്, മദ്ധ്യാഹ്നം ഒഴിവാക്കണം). പിന്നെ പിന്നിലേക്ക് 22 മിനിറ്റ്, മുന്നിലേക്ക് 22 മിനിറ്റ് (ആകെ 22+4+22=48 മിനിറ്റ് അഥവാ രണ്ട് നാഴിക) കണക്കുകൂട്ടി എഴുത്താല്‍ ലഭിക്കുന്ന ആകെ 48 മിനിറ്റാണ് അഭിജിത് മുഹൂര്‍ത്തം.
മൊത്തം വരുന്ന 12 മണിക്കൂറിനെ ഭാഗിച്ച് അതിന്‍റെ ആറാംഭാഗം എടുക്കുന്ന രീതിയാണ് പക്ഷെ പൊതുവേ കണ്ടുവരുന്നത്. എന്നാല്‍ ഇത് കൃത്യമായിരിക്കില്ലെന്ന് മുകളില്‍ എഴുതിയതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.
ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം, രാഹുകാലസമയം ആകയാലും, വെള്ളിയാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തത്തിലെ ആദ്യഭാഗം രാഹുകാലസമയത്ത് ആകയാലും ഇവ പൊതുവേ ഒഴിവാക്കാറുണ്ട്. ഇവ ഒഴിവാക്കിയുള്ള അഭിജിത് മുഹൂര്‍ത്തമാണ് ഞങ്ങള്‍, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രവും നല്‍കിവരുന്നത്. ഓരോ മാസത്തെയും നക്ഷത്ര, തിഥി, വാര, അഭിജിത് മുഹൂര്‍ത്തങ്ങള്‍ വായിക്കുന്നതിനും https://uthara.in/masapanchangam/
അഭിജിത് മുഹൂര്‍ത്തം എടുത്താലും ശരി, മറ്റ് മുഹൂര്‍ത്തനിയമങ്ങള്‍ പാലിക്കുകതന്നെ ചെയ്യണം. കര്‍തൃദോഷങ്ങളും നിത്യദോഷങ്ങളും ഒഴിവാക്കണമെന്ന് സാരം. ഉദാ: ഗണ്ഡാന്തദോഷകാലം, ചില നക്ഷത്രങ്ങള്‍, വേധനക്ഷത്രം, ശുഭഗ്രഹമൗഢ്യം എന്നിത്യാദിയില്‍ ശ്രദ്ധവെച്ചുവേണം ഇത് തെരഞ്ഞെടുക്കേണ്ടത്. മുഹൂര്‍ത്തദോഷപരിഹാരമായി പറഞ്ഞിരിക്കുന്നവയുണ്ടെങ്കില്‍ അതുമാകാം.
എന്നാല്‍ ഇങ്ങനെ അഭിജിത് മുഹൂര്‍ത്തം മാത്രമല്ല, ‘വിശേഷാല്‍ നല്ലത്’ എന്ന ഗണത്തില്‍പ്പെടുന്നത്.
ഒരു ദിവസം ആരംഭിക്കുന്നതുമുതല്‍ അസ്തമിക്കുന്നതുവരെ 15 മുഹൂര്‍ത്തങ്ങള്‍ ആചാര്യന്മാര്‍ എഴുതിവെച്ചിട്ടുണ്ട്. അവയില്‍ അഭിജിത് മുഹൂര്‍ത്തം ഒഴികെ മറ്റൊന്നും മിക്കവര്‍ക്കും അറിയില്ല എന്നതാണ് പരമസത്യം.
അവയുടെ പേരുകള്‍ മാത്രം ചുവടെ എഴുതുന്നു. വിശദമായ ലേഖനം മറ്റൊരിക്കല്‍ എഴുതുന്നതാണ്:
1) രൗദ്ര മുഹൂര്‍ത്തം
2) ശ്വേത മുഹൂര്‍ത്തം
3) മൈത്ര മുഹൂര്‍ത്തം
4) സാരഭട മുഹൂര്‍ത്തം
5) സാവിത്ര മുഹൂര്‍ത്തം
6) വൈരാജ മുഹൂര്‍ത്തം
7) വിശ്വാവസു മുഹൂര്‍ത്തം
😎 അഭിജിത് മുഹൂര്‍ത്തം
9) രോഹിണ മുഹൂര്‍ത്തം
10) ബല മുഹൂര്‍ത്തം
11) വിജയ മുഹൂര്‍ത്തം
12) നൈര്യത മുഹൂര്‍ത്തം
13) വാരുണ മുഹൂര്‍ത്തം
14) സൗമ്യ മുഹൂര്‍ത്തം
15) ഭഗ മുഹൂര്‍ത്തം.
ഈ 15 മുഹൂര്‍ത്തങ്ങളിലും ചെയ്യാവുന്ന പ്രത്യേക കര്‍മ്മങ്ങള്‍ ഏതൊക്കെയെന്നും എഴുതപ്പെട്ടിരിക്കുന്നു. എന്നാല്‍ ജ്യോതിഷികള്‍ക്ക് താല്പര്യം ഇപ്പോഴും ‘അഭിജിത് മുഹൂര്‍ത്തം’ മാത്രമാണ്. തെരഞ്ഞെടുക്കാനുള്ള എളുപ്പമാകാം അതിന്‍റെ പ്രധാന കാരണം.
അനില്‍ വെളിച്ചപ്പാടന്‍
Mob: 9497 134 134