ആത്മപരിശോധന നടത്തി കുറവുകള്‍ പരിഹരിക്കാത്ത ഒരാളും കര്‍മ്മരംഗത്ത് ഉയരുകയില്ല.

Share this :

പറഞ്ഞുകേട്ടൊരു കഥയാണ്.

ഒരു യുവാവ് പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ നിന്നും ഏതോ പ്രഗല്‍ഭയായ ഡോക്ടറെ ഫോണ്‍ ചെയ്ത് ഒരു ജോലി അന്വേഷിച്ചു. അവിടെ ജോലിയൊന്നും ഇപ്പോഴില്ലെന്ന് ആ ഡോക്ടര്‍ മറുപടി പറഞ്ഞു.

“അവിടെയൊരു ഗാര്‍ഡനുണ്ടല്ലോ ഡോക്ടര്‍…. ഞാന്‍ ഗാര്‍ഡനര്‍ ആയി ജോലി ചെയ്തോട്ടെ?”

“ഇവിടെ നല്ലൊരു പൂന്തോട്ടക്കാരനുണ്ട്. അയാള്‍ മിടുക്കനാണ്. തല്‍ക്കാലം വേറെ ഒരാളെ വെക്കാന്‍ നിര്‍വ്വാഹമില്ല” ഡോക്ടറും മറുപടി നല്‍കി.

“അയാള്‍ക്ക് നല്‍കുന്ന ശമ്പളത്തിന്‍റെ പകുതി എനിക്ക് നല്‍കിയാല്‍ മതി ഡോക്ടര്‍. ഞാന്‍ ജോലി ചെയ്തോളാം…”

“നോക്കൂ… അയാള്‍ കൃത്യമായി ജോലി ചെയ്യുന്നു; ഞാന്‍ അതിന്‍റെ പ്രതിഫലം അയാള്‍ക്ക് നല്‍കുന്നു. പിന്നെ എന്തിനാണ് മറ്റൊരാളെ ഞാന്‍ അന്വേഷിക്കുന്നത്? ഇനി, താങ്കള്‍ വന്നാലും ഞാന്‍ ഇപ്പോള്‍ നല്‍കുന്ന ശമ്പളത്തിന്‍റെ പകുതിയാക്കുകയുമില്ല” ഡോക്ടര്‍ മറുപടി നല്‍കി.

യുവാവ് വിടുന്ന ലക്ഷണമില്ല.

“ഞാന്‍ പൂന്തോട്ടം നോക്കുന്നതുപോലെ മറ്റ് ജോലികൂടി ചെയ്തുകൊള്ളാം. മാത്രവുമല്ല മൂന്ന്‍ മാസം എനിക്ക് ശമ്പളവും നല്‍കേണ്ട. ജോലി നല്ലതെങ്കില്‍ മാത്രം എന്നെ സ്ഥിരപ്പെടുത്തിയാല്‍ മതി”

“അത് പറ്റില്ല. ഞങ്ങള്‍ക്ക് നല്ലൊരു പൂന്തോട്ടക്കാരനുണ്ട്. അയാള്‍ കഴിവിന്‍റെ പരമാവധി നന്നായി ജോലി ചെയ്യുന്നുവെന്നാണ് ഞങ്ങളുടെ വിശ്വാസം. തല്‍ക്കാലം മറ്റൊരാളെ എടുക്കാന്‍ നിര്‍വ്വാഹമില്ല” ഡോക്ടര്‍ പറഞ്ഞുനിര്‍ത്തി.

യുവാവ് ഫോണ്‍ താഴെവെച്ച് ബില്‍ നല്‍കാന്‍ വന്നു. ആ ചെറുപ്പക്കാരന്‍റെ അവസ്ഥയോര്‍ത്ത് ടെലിഫോണ്‍ ബൂത്തിന്‍റെ ഉടമസ്ഥന്‍ തന്‍റെ വീട്ടിലൊരു പൂന്തോട്ടമുണ്ടെന്നും അവിടെ ജോലി ചെയ്യാമോ എന്നും ചോദിച്ചു.

എന്നാല്‍ അയാളെ ഞെട്ടിച്ചുകൊണ്ട് ആ യുവാവ് പറഞ്ഞു: “വേണ്ട ചേട്ടാ. എനിക്ക് നല്ലൊരു ജോലിയുണ്ട്”

“എന്നിട്ടിപ്പോള്‍ ജോലിക്കുവേണ്ടി ഫോണിലൂടെ അന്വേഷിച്ചതോ?”

“ഞാന്‍ ആ ഡോക്ടറുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്. എന്‍റെ ജോലിയില്‍ അവര്‍ സംതൃപ്തരാണോ എന്നറിയാനാണ് ശബ്ദം മാറ്റി ഞാന്‍ ഫോണ്‍ ചെയ്തത്. നമ്മുടെ ജോലിയില്‍ നമുക്കും ആത്മാര്‍ത്ഥതയും പുരോഗതിയും ഉണ്ടായിരിക്കണമല്ലോ….”

സ്വയംപരിശോധന നടത്തി കുറവുകള്‍ പരിഹരിക്കാത്ത ഒരാളും കര്‍മ്മരംഗത്ത് ഉയരുകയില്ല. അഥവാ അങ്ങനെയുള്ളവരുണ്ടെങ്കില്‍ അവരെ കൈപിടിച്ചുയര്‍ത്താനായി ഒരാള്‍ വേണ്ടിവരും; സംശയവുമില്ല.

കടമകളെയും കര്‍ത്തവ്യങ്ങളെയും മനസ്സിലാക്കിത്തരുന്ന ഒരാള്‍ നമ്മുടെ സമീപം എപ്പോഴും ഉണ്ടായിരിക്കും. അര്‍ജ്ജുനന്‍റെ കൂടെ ഭഗവാന്‍ കൃഷ്ണന്‍ ഉണ്ടായിരുന്നതുപോലെ… നമ്മെ നയിക്കുന്ന മാതാവ്, പിതാവ്, ഗുരുക്കന്മാര്‍, ഗുരുതുല്യര്‍, ദൈവങ്ങള്‍ തുടങ്ങിയ പല രൂപങ്ങളിലുള്ളവരെ നമ്മള്‍ കാണാതെപോകുന്നതാണ് നമ്മുടെ തെറ്റ്.


അനില്‍ വെളിച്ചപ്പാടന്‍
Uthara Astro Research Center
www.uthara.in

Share this :
× Consult: Anil Velichappadan