വിദ്യാരംഭം എത്രാം വയസ്സിൽ നടത്തണം?

Share this :
ബുധമൗഢ്യം ഉള്ളതിനാൽ ഈ വർഷത്തെ വിദ്യാരംഭം ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ മാത്രം ചെയ്യുന്നത് അത്യുത്തമം:

വിദ്യാരംഭം എത്രാം വയസ്സിൽ നടത്തണം?

ഈ വിജയദശമി-വിദ്യാരംഭ ദിവസം രണ്ടര വയസ്സ് പൂർത്തിയായ കുട്ടികൾക്ക് വിദ്യാരംഭം നടത്താം. രണ്ടര വയസ്സ് പൂർത്തിയാകാത്തവർക്ക് പിന്നെ, ബുധമൗഢ്യമില്ലാത്ത ഒരു ശുഭമുഹൂർത്തത്തിൽ വിദ്യാരംഭം നടത്താവുന്നതുമാണ്.

വിജയദശമി 2024ലെ നവരാത്രി-പൂജവെയ്പ്പ്-ആയുധപൂജ-വിദ്യാരംഭം:

ഈ വർഷത്തെ വിജയദശമി, വിദ്യാരംഭം എന്നിവയുമായി ബന്ധപ്പെട്ട് ചെറിയൊരു ധാരണാ പിശക് ചില ജ്യോത്സ്യന്മാർക്കും ചില വിശ്വാസികൾക്കുമുണ്ട്. അതിനുള്ള കാരണം, മൂകാംബിക ദേവീക്ഷേത്രത്തിൽ വിജയദശമിയും വിദ്യാരംഭവും ആചരിക്കുന്നത് ഒരു ദിവസം മുമ്പെയും ബാക്കി എല്ലാ സ്‌ഥലങ്ങളിലും 13-10-2024 ഞായറാഴ്ചയുമാണ്. മൂകാംബിക ക്ഷേത്രത്തിലെ ആചാരം നവരാത്രി ആരംഭിച്ച് അതിന്റെ പത്താം നാൾ വിജയദശമിയും വിദ്യാരംഭവും എന്നതാകുന്നു. ഇതിൽ മാറ്റമുണ്ടാകില്ല. അവിടെ നിത്യവും, അതായത് ശനിയും ചൊവ്വയും നവമി തിഥിയിലും കറുത്തവാവിലും വരെ വിദ്യാരംഭം ഉള്ളതാണെന്നും ഓർക്കണം. എന്നാൽ കേരളം ഉൾപ്പെടെയുള്ള സ്‌ഥലങ്ങളിൽ വിജയദശമിയും വിദ്യാരംഭവും ആചരിക്കുന്നത് ദശമി തിഥി വരുന്ന ദിവസം തന്നെ ആയിരിക്കും. ഭക്തരുടെ വിശ്വാസപ്രകാരം വിദ്യാരംഭം ചെയ്യിപ്പിക്കാവുന്നതാണ്. ക്ഷേത്രങ്ങളിൽ ചെയ്യുമ്പോൾ അവിടുത്തെ ആചാരം നമ്മൾ പാലിക്കുക തന്നെ ചെയ്യണം. മൂകാംബിക ക്ഷേത്രത്തിലെ ആചാരം മാറ്റാനൊന്നും ഒരു ജ്യോതിഷ പണ്ഡിതനും വളർന്നിട്ടില്ല എന്നതാണ് പരമമായ സത്യം. ഇതുവരെ കേരളത്തിലെ പഞ്ചാംഗ ഏകീകരണം പറഞ്ഞവരൊക്കെ ഇനി ഭാരതത്തിലെ പഞ്ചാംഗ ഏകീകരണം നടത്താൻ മുന്നിട്ട് വരണമെന്ന് ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം വിനീതമായി അഭ്യർത്ഥിക്കുന്നു. പഞ്ചാംഗം തയ്യാറാക്കുമ്പോൾ 12ന് മൂകാംബികയിൽ വിദ്യാരംഭം, 13ന് മറ്റ് സ്‌ഥലങ്ങളിൽ വിദ്യാരംഭം എന്ന് എഴുതിയിരുന്നെങ്കിൽ വിശ്വാസികൾക്ക് സംശയം വരില്ലായിരുന്നു.

1) നവരാത്രി ആരംഭം: 03-10-2024 (1200 കന്നി 17) വ്യാഴാഴ്ച്ച)

2) 10-10-2024: വ്യാഴാഴ്ച്ച, പൂജ വെയ്പ്പ്: (വ്യാഴം, 1200 കന്നി 24, വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതൽ)

3) 12-10-2024: ശനിയാഴ്ച്ച: മഹാനവമി, ആയുധപൂജ

4) പൂജയെടുപ്പ്: 13-10-2024 ഞായറാഴ്ച്ച രാവിലെ ഉഷഃപൂജക്ക് ശേഷം (വിദ്യാരംഭത്തിന് മുമ്പ്)

5) വിദ്യാരംഭം: 13-10-2024 ഞായർ രാവിലെ പൂജയെടുപ്പിന് ശേഷം. വിജയദശമി ദിവസം വിദ്യാരംഭത്തിന് ക്ഷേത്രത്തിൽ മുഹൂർത്തം നോക്കേണ്ടതില്ല.

വിദ്യാരംഭത്തിന് മുഹൂർത്തം നോക്കണമെന്നുള്ളവർക്ക് പുലർച്ചെ മുതൽ അല്ലെങ്കിൽ പൂജയെടുപ്പിന് ശേഷം മുതൽ 08.34 വരെയും തുടർന്ന് വൃശ്ചികം രാശി ഒഴിവാക്കി (അതായത് 08.34 മുതൽ 10.45 വരെ ഒഴിവാക്കണമെന്ന് സാരം) പിന്നെയുള്ള മുഹൂർത്തവും എടുക്കാം. എന്നാൽ ബുധമൗഢ്യം ഉള്ളതിനാൽ ഈ വർഷത്തെ വിജയദശമി ദിവസം, ആഡിറ്റോറിയങ്ങളും ചില ഓഫീസുകളും വിദ്യാരംഭം നടത്തുന്നതിനെ ഒഴിവാക്കണമെന്നും ദക്ഷിണാമൂർത്തി-സരസ്വതീപൂജ എന്നിവയാൽ ദേവചൈതന്യം നിറഞ്ഞുതുളുമ്പി നിൽക്കുന്ന ക്ഷേത്രാങ്കണത്തിൽ മാത്രം വിദ്യാരംഭം കുറിക്കണമെന്നും വിജയദശമി ദിനത്തിൽ ക്ഷേത്രത്തിൽ വിദ്യാരംഭം ചെയ്യുമ്പോൾ മുഹൂർത്തഗണനം നടത്തേണ്ടതില്ലെന്നും ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം സവിനയം ഉപദേശിച്ചുകൊള്ളുന്നു.

(14-9-2024 പകൽ 12.54.33 സെക്കന്റ് മുതൽ 22-10-2024 രാത്രി 07.03.16 സെക്കന്റ് വരെ ബുധമൗഢ്യമുണ്ട്)

നവരാത്രി വ്രതത്തിന്റെ ഫലസിദ്ധി:

സർവ്വകാര്യസിദ്ധിക്കും വിദ്യാവിജയത്തിനുമാണ് നവരാത്രിവ്രതം ആചരിക്കുന്നത്. ഒമ്പത് ദിവസത്തെ വ്രതാനുഷ്ഠാനമാണ് പ്രധാനം. കുമാരി, ത്രിമൂർത്തി, കല്ല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവി, ദുർഗ്ഗ, സുഭദ്ര എന്നീ ക്രമത്തിലാണ് ആരാധന നടത്തുന്നത്. ദേവീ ഉപാസകർ 5 അല്ലെങ്കിൽ 7 പൂജകൾ അഷ്ടമി മുതൽ ദശമി വരെ ചെയ്ത് സായൂജ്യം നേടും. എന്നാൽ വിശ്വാസികൾ ഈ 10 ദിവസവും (03-10-2024, 1200 കന്നി 17, ഞായറാഴ്ച മുതൽ 13-10-2024, കന്നി 27, ഞായറാഴ്ച്ച വരെ: ഈ വർഷം 11 ദിവസം) രണ്ട് നേരങ്ങളിൽ ലളിതാസഹസ്രനാമജപവും വ്രതവും ആചരിച്ചാൽ അതീവ ഫലസിദ്ധി ലഭിക്കുകയും ചെയ്യും.

കേന്ദ്രഭാവങ്ങളിൽ ബുധനും ശുക്രനും, രണ്ടാംഭാവത്തിൽ വ്യാഴവും അതോടൊപ്പം ഈ മൂന്ന് ഗ്രഹങ്ങൾക്കും മൗഢ്യമില്ലാതെയും നിൽക്കുന്ന സാരസ്വതയോഗം ഈ വർഷവും ലഭ്യമല്ലാത്തതിനാലും ബുധമൗഢ്യമുള്ള കാലമാകയാലും ഈ പ്രാവശ്യത്തെ വിദ്യാരംഭം ക്ഷേത്രങ്ങളിൽ തന്നെ ചെയ്യുന്നതാണ് അത്യുത്തമം. തിരക്കേറിയ ക്ഷേത്രങ്ങളിൽ മുഹൂർത്തസമയം ചിലപ്പോൾ പാലിക്കാൻ സാധിച്ചെന്ന് വരില്ല. ക്ഷേത്രങ്ങളിലെ മുഹൂർത്ത ആചാരങ്ങൾ നമ്മൾ പരാതിയില്ലാതെ പാലിക്കാൻ ശ്രമിക്കണം.

പൂജവെയ്പ്പിന്റെ ജ്യോതിഷ നിയമം:

കന്നി മാസത്തിൽ കറുത്തവാവ് കഴിഞ്ഞ് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ട് പൂജവെക്കണം. പൂജയെടുപ്പ്-വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു.
കന്നിമാസത്തിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ ശുക്ലപക്ഷത്തിലെ അഷ്ടമി ദിവസം വരുന്ന ആ രാത്രിയിൽ വിശേഷ വിധികളോട് കൂടി പൂജകൾ നടത്തണം. ചില വർഷങ്ങളിൽ അങ്ങനെ വരാറുമുണ്ട്.

ഈ വർഷത്തെ നവരാത്രി ആരംഭം 03-10-2024 (1200 കന്നി 17) വ്യാഴാഴ്ച മുതലാണ്. ദേവീ ഉപാസകർക്ക് ഈ ദിവസം മുതൽ ദശമി വരെയുള്ള 10 ദിവസങ്ങൾ ഏറ്റവും പ്രിയപ്പെട്ടതും വിലപ്പെട്ടതുമാകുന്നു.

വിദ്യാരംഭം:

കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ (വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം) ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറുനാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ഏതൊരാള്‍ക്കും വിദ്യാരംഭത്തിന് ഉത്തമം ആകുന്നു. എന്നാല്‍ ഇങ്ങനെ ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന്റെ തലേദിവസമായിരിക്കും വിജയദശമി. ചില വര്‍ഷങ്ങളില്‍ വിജയദശമി വരുന്നത് അടുത്ത മാസത്തിലുമാകാം.

പൂജവെക്കുന്നത് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ടും, പൂജയെടുപ്പ്-വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു. പൂജവെയ്പ്പ് കാലത്തെക്കുറിച്ച് പറയുമ്പോൾ അസ്തമയ സമയമെന്നതിനേക്കാൾ അന്ന് രാത്രിയിലും അഷ്ടമി തിഥി ഉണ്ടായിരിക്കണമെന്ന് ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു.

ക്ഷേത്രങ്ങളിൽ പൂജവെയ്പ്പ്, വിദ്യാരംഭം എന്നിവ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സ്വന്തം വീട്ടിൽ പുസ്തകങ്ങൾ പൂജവെക്കാൻ ശ്രമിക്കാവുന്നതാണ്.

ഈ വർഷത്തെ വിദ്യാരംഭ സമയത്ത് ബുധമൗഢ്യം ഉള്ളതിനാൽ ഗണപതിയുടെയും സരസ്വതിയുടെയും ദക്ഷിണാമൂര്‍ത്തിയുടെയും കടാക്ഷമുള്ള ക്ഷേത്രത്തില്‍ മാത്രം വിദ്യാരംഭം നടത്തുന്നതാണ് ഐശ്വര്യദായകം. ഓഫീസുകളിലും മറ്റും കച്ചവടരീതിയിലോ സമ്പ്രദായത്തിലോ നടത്തപ്പെടുന്ന വിദ്യാരംഭം ഒഴിവാക്കി സ്വന്തം വീട്ടിലും പുലർച്ചെ മുതൽ 08.34 വരെയും തുടർന്ന് വൃശ്ചികം രാശി ഒഴിവാക്കി (അതായത് 08.34 മുതൽ 10.44 വരെ ഒഴിവാക്കണമെന്ന് സാരം) പിന്നെയുള്ള മുഹൂർത്തവും എടുക്കാം. എന്നാൽ വിജയദശമി ദിവസം ക്ഷേത്രങ്ങളിൽ ചെയ്യുന്ന വിദ്യാരംഭത്തിന് മുഹൂർത്ത ഗണനം നോക്കേണ്ടതില്ലെന്നും അഭിപ്രായമുണ്ട്.

കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂര്‍ത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളില്‍ മുഹൂര്‍ത്തഗണനം നടത്തിയും വിദ്യാരംഭം നടത്താവുന്നതാകുന്നു. ക്ഷേത്രങ്ങളിലും സ്വന്തം വീട്ടിലും മാത്രമാണ് മുഹൂർത്തം നോക്കാതെ വിജയദശമി ദിവസം വിദ്യാരംഭം നടത്താവുന്നത്. നിത്യനിദാനവും നിത്യപൂജയുമില്ലാത്ത മറ്റൊരു സ്‌ഥലത്ത്‌ വിദ്യാരംഭം നടത്തണമെങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങളുടെ നക്ഷത്രവുമായുള്ള ശുഭമുഹൂർത്തം നോക്കുകതന്നെ ചെയ്യണം.

ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍ നിറച്ച അരിയില്‍ കുഞ്ഞിന്റെ വിരല്‍പിടിച്ച് “ഹരിശ്രീഗണപതയെനമ:” എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതുന്നതാണ് വിദ്യാരംഭം.

മദ്യപന്മാരെക്കൊണ്ടും, അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും, കുഞ്ഞിന്റെ നക്ഷത്രക്കൂറിന്റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും വിദ്യാരംഭം കുറിപ്പിക്കരുത്.

ക്ഷേത്രത്തില്‍ നിങ്ങള്‍ നിശ്ചയിക്കുന്ന ആളെക്കൊണ്ട് വിദ്യാരംഭം നടത്താമോ?

വിശ്വാസികൾ നിശ്ചയിച്ച ആളെക്കൊണ്ട് നിർഭാഗ്യവശാൽ ക്ഷേത്രഭാരവാഹികളും ശാന്തിക്കാരും പൊതുവെ വിദ്യാരംഭം നടത്തണമെന്ന ആവശ്യം പല കാരണങ്ങളാൽ സാധിച്ചുതരാറില്ല. ക്ഷേത്രത്തിലെ രസീത്, സംഭാവന എന്നിവയും ശാന്തിക്കാരുടെ ദക്ഷിണയും ആയിരിക്കാം കാരണം. എന്നാൽ ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ അറിവിൽ കൊല്ലം ജില്ലയിലെ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ മാത്രമാണ് രസീത് എഴുതിയശേഷം വിശ്വാസികൾക്ക് അവരുടെ ബന്ധുവിനെക്കൊണ്ട് വിദ്യാരംഭം കുറിപ്പിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തിട്ടുള്ളത്.

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ സദ്പ്രവൃത്തിയെ ശ്ലാഘിച്ചുകൊണ്ട് അന്നെഴുതിയ ലേഖനം ഈ ലിങ്കിൽ പോയാൽ വായിക്കാവുന്നതാണ്: https://www.facebook.com/photo/?fbid=1085777224905884&set=a.104245266392423

വിദ്യാരംഭം സ്വന്തം വീട്ടിലെ പൂജാമുറിയിലായാലും ശുഭപ്രദം തന്നെയാകുന്നു.

ഏത് പ്രായത്തില്‍ വിദ്യാരംഭം നടത്താം?

രണ്ടര വയസ്സ് കഴിഞ്ഞാല്‍ ശുഭമുഹൂര്‍ത്തത്തില്‍ വിദ്യാരംഭം നടത്താമെന്നും വാദിക്കുന്ന ചില ആചാര്യന്മാരുമുണ്ട്‌. രണ്ടരവയസ്സ് കഴിഞ്ഞ് വിദ്യാരംഭം നടത്തുന്നതാണ് ഉചിതമെന്ന് കരുതുന്ന ആചാര്യന്മാരാണ് കൂടുതലുമുള്ളത്. ബുദ്ധി ഉദിച്ചുവരുമ്പോള്‍ പഠിക്കുന്ന ശീലങ്ങള്‍ക്ക്‌ അടുക്കും ചിട്ടയുമുണ്ടാകുമെന്നതാണ് അതിന്‍റെ നല്ലൊരു വശം. ആകയാല്‍ രണ്ടരവയസ്സ് മുതല്‍ വിദ്യാരംഭം നടത്താവുന്നതാണ്. വിദ്യാരംഭം നടത്തിയാൽ ചിട്ടയായ പഠനം ബുദ്ധിപരമായി അവർക്ക് നൽകാനും രക്ഷകർത്താക്കൾ ശ്രമിക്കേണ്ടതാണ്. എന്തെന്നാൽ, ചിട്ടയായ വിദ്യാഭ്യാസം ഒരുവനെ നല്ല മനുഷ്യനാക്കി മാറ്റുകതന്നെ ചെയ്യും.

എന്താണ് വിദ്യാരംഭം?

വരദയും കാമരൂപിണിയുമായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് വിദ്യാലാഭം കാംക്ഷിക്കുന്നവര്‍ക്ക് അത്യന്താപേക്ഷിതമാകുന്നു. വിദ്യാദേവതയായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് എപ്പോഴും അത്യുത്തമം ആയിരിക്കും. നമ്മിലെ സാംസ്ക്കാരികബോധത്തിന് അടിത്തറയിടുന്നത് സരസ്വതീ ഉപാസനയിലൂടെയാകുന്നു.

സരസ്വതീക്ഷേത്രങ്ങള്‍, ഗണപതിക്ഷേത്രങ്ങള്‍, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങള്‍, ദക്ഷിണാമൂര്‍ത്തിസങ്കല്പമുള്ള ക്ഷേത്രങ്ങള്‍, സരസ്വതീപൂജകളും ദക്ഷിണാമൂര്‍ത്തിപൂജകളും കൊണ്ട് പ്രസാദിച്ചുനില്‍ക്കുന്ന ഏതൊരു ക്ഷേത്രവും, സരസ്വതീകടാക്ഷമുള്ള ആചാര്യനോ ശ്രീവിദ്യാ ഉപാസകനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നല്‍കാന്‍ അര്‍ഹതയുള്ളവരാണ്. എന്നാല്‍ പരസ്പരം ഷഷ്ഠാഷ്ടമം വരുന്ന കൂറുകാര്‍ എഴുതിക്കാനും പാടില്ല (മേടം-വൃശ്ചികം ഈ കൂറുകള്‍ തമ്മിലും, തുലാം-ഇടവം എന്നീ കൂറുകള്‍ തമ്മിലും ഈ ദോഷം പറയാനും പാടില്ല.

വിദ്യാരംഭം കുറിയ്ക്കാനായി മാത്രം തയ്യാറാക്കിയ ചില ഓഫീസ്, ആഡിറ്റോറിയങ്ങള്‍ എന്നിവ തീര്‍ച്ചയായും ഒഴിവാക്കുകതന്നെ ചെയ്യണം. നിത്യപൂജയുള്ളതും പരമപവിത്രവുമായ ക്ഷേത്രത്തില്‍ ചെയ്യുന്ന കര്‍മ്മഫലങ്ങളൊന്നും മറ്റെവിടെയും ലഭിക്കില്ലെന്ന് മനസ്സിലാക്കണം.
മന്ത്രോച്ചാരണങ്ങള്‍ കൊണ്ട് മുഖരിതമായ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടത്തപ്പെടുന്ന ശുഭകര്‍മ്മം അത്യുത്തമം ആയിരിക്കും.

വിദ്യാരംഭം-മുഹൂർത്ത നിയമങ്ങൾ:‍

കുജനിവാരങ്ങളോ ബുധമൗഢ്യമോ പാടില്ല. അഷ്ടമത്തില്‍ ചൊവ്വയോ, രണ്ടില്‍ പാപനോ, അഞ്ചില്‍ പാപനോ ഉള്ള രാശികള്‍ പാടില്ല. ശുഭനക്ഷത്രം ആയിരിക്കണം. അങ്ങനെയെങ്കില്‍ ഈ വര്‍ഷത്തെ വിദ്യാരംഭം ഉത്തമ മുഹൂർത്ത ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുകയില്ല. എന്നാൽ വിജയദശമി ആകയാൽ മുഹൂർത്തദോഷങ്ങൾ ചിന്തിക്കേണ്ടതുമില്ല.

സ്വന്തം വീട്ടിലും നിലവിളക്ക് കൊളുത്തി, ഗണപതിയൊരുക്ക് വെച്ച്, പാത്രത്തില്‍ അരിയും നാണയവുമിട്ട്, വിരല്‍ പിടിച്ച് ആദ്യാക്ഷരങ്ങള്‍ കുറിപ്പിക്കാം. കുഞ്ഞുങ്ങളെ ക്ഷേത്രത്തില്‍ തന്നെ വിദ്യാരംഭം ചെയ്യിക്കണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല. സ്വന്തം വീട്ടിലും വിദ്യാരംഭം ചെയ്യാമെന്ന് സാരം. എന്നാൽ മിക്ക ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനുള്ള കുഞ്ഞുങ്ങളുടെ ബാഹുല്യം കാരണം കൃത്യമായ മുഹൂര്‍ത്തം പാലിക്കാന്‍ സാധിക്കുകയില്ല. ക്ഷേത്രത്തിലാണെങ്കിൽ മുഹൂര്‍ത്തദോഷങ്ങള്‍ കാര്യമാക്കേണ്ടതുമില്ല.

വിദ്യാരംഭത്തിനുള്ള മുഹൂര്‍ത്തം എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്: https://uthara.in/muhoortham/

സ്വന്തം വീട്ടില്‍ പൂജവെപ്പ്, വിദ്യാരംഭം എന്നിവ നടത്താമോ?

പൂജവെയ്പ്പ്, വിദ്യാരംഭം എന്നിവ ക്ഷേത്രത്തില്‍ മാത്രമല്ല സ്വന്തം വീട്ടിലും ചെയ്യാവുന്നതാകുന്നു. എന്നാൽ ഓഫീസുകളിൽ ചെയ്യുന്നെങ്കിൽ ശുഭമുഹൂർത്തം ഗണിക്കേണ്ടതുമാകുന്നു.

വിദ്യാരംഭത്തിന് ജന്മനക്ഷത്രം കൊള്ളാമോ?

ക്ഷേത്രത്തില്‍ വെച്ച്, സകലപൂജാദികര്‍മ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്റെ ജന്മനക്ഷത്രം വര്‍ജ്ജ്യമല്ല. ഈ വര്‍ഷത്തെ വിദ്യാരംഭം ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ ഈ വര്‍ഷം അവിട്ടം നക്ഷത്രക്കാര്‍ക്കും ചെയ്യാവുന്നതാണ്.

പൂജാരീതി:

ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തികവും ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ സമര്‍പ്പിക്കാം.
വ്യാഴാഴ്ച വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെക്കാം. ക്ഷേത്രങ്ങളില്‍ പൂജവെക്കുന്നവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും നടത്തേണ്ടതാകുന്നു.

ദേവിയുടെ മന്ത്രങ്ങള്‍ അറിയാത്തവര്‍ ഈ ദിവസങ്ങളില്‍ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം. ക്ഷേത്രദര്‍ശനസമയത്തും ജപിക്കാവുന്നതാണ്.

ഗായത്രീമന്ത്രം:

“ഓം ഭൂര്‍ ഭുവ സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്”

(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത്‌ മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാല്‍ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും)

സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രം:

“സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ”

സരസ്വതീദേവിയുടെ ധ്യാനം:

“യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കര പ്രഭൃതിഭിർദ്ദേവൈ:
സദാ പൂജിതാ സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ
ശ്രീ മഹാസരസ്വത്യെ നമഃ”

സരസ്വതീദേവിയുടെ മൂലമന്ത്രം:

“ഓം സം സരസ്വത്യെ നമഃ”

സരസ്വതീഗായത്രി:

“ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്ര്യെ ധീമഹി
തന്വോ സരസ്വതി: പ്രചോദയാത്”

സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രമോ ധ്യാനമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കില്‍ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്.

വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാന്‍ തയ്യാറാകാവൂ. ദേവീ ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാര്‍ച്ചനകള്‍ക്കായി മിക്ക കര്‍മ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന ഈ മന്ത്രമാണ്.

വിദ്യാലാഭമന്ത്രം:

“ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസ ശ്ശക്രസ്തദനു ച പരാമാര ഹരയ:
അമീഹൃല്ലേഖാഭിസ്തി സൃഭിരവസാനേഷു ഘടിതാ
ഭജന്തേ വര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം”

എന്നാണ് പൂജയെടുപ്പ്?

2024 ഒക്ടോബര്‍ 13 ഞായറാഴ്ച്ച വിജയദശമി ദിവസം രാവിലെ പൂജാദികർമ്മങ്ങൾക്കുശേഷം പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. അന്ന് പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണയും നല്‍കി വാങ്ങണം. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഇരുന്ന് മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്നമസ്തു എന്നും പിന്നെ അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്‍ന്ന്, ദേവിയുടെയും ആ ക്ഷേത്രത്തിലെ ദേവതയുടെയും അനുവാദവും ആശീര്‍വാദവും വാങ്ങി വീടുകളിലേക്ക്‌ മടങ്ങണം.

ഏവര്‍ക്കും നവരാത്രി, വിജയദശമി ആശംസകള്‍ നേര്‍ന്നുകൊണ്ട്,

Anil Velichappadan
Uthara Astro Research Center
More Details: https://linko.page/rr50cyiixjr3

home

Share this :
× Consult: Anil Velichappadan