ഒമ്പതിലെ വ്യാഴം ദാമ്പത്യദോഷത്തിന് പരിഹാരമോ?

Share this :

ഒമ്പതിൽ വ്യാഴം നിന്നാൽ അവർ പിതാവിനെ വളരെയേറെ സ്നേഹിക്കുന്നവരും ധർമ്മവും നീതിയും വച്ചു പുലർത്തുന്നവനും ആയിരിക്കും. സദാചാരം പുലർത്തുന്നവരും ആയിരിക്കും. മക്കൾ മിക്കവരും അത്യുന്നത നിലയിൽ എത്തുന്നതായിരിക്കും. ഭാഗ്യത്തിന്റെ ആനുകൂല്യം യഥേഷ്ടം ലഭിക്കുന്നവരായിരിക്കും.

ഒമ്പതിലെ വ്യാഴത്തിന് മൗഢ്യമോ മറ്റ് ദോഷങ്ങളോ ഇല്ലാതെയിരിക്കുകയും ബുധഗ്രഹത്തിന് മൗഢ്യമില്ലാതിരിക്കുകയും ലഗ്നാധിപനും പത്താംഭാവാധിപനും ബന്ധുത്വം ഉണ്ടായിരിക്കുകയും കൂടി ചെയ്താൽ ഇവർ ഉന്നതമായ തൊഴിലിൽ ഏർപ്പെടുന്നവരുമായിരിക്കും. പക്ഷേ, ഇവരിൽ മിക്കവർക്കും പന്ത്രണ്ട് വയസ്സുവരെ സ്വന്തം വീട്ടിൽ ജീവിതപ്രയാസവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതുമാണ്.

സ്ത്രീജാതകമാണെങ്കിൽ അതിയോഗ്യനായ ഒരു പുത്രൻ ഉണ്ടായിരിക്കുന്നതായിരിക്കും. നല്ല ഭർത്താവായിരിക്കും. പാതിവ്രത്യം സൂക്ഷിക്കുന്നവളുമായിരിക്കും. കേന്ദ്രാധിപത്യം കൂടിയുള്ള വ്യാഴമാണ്‌ ഒമ്പതിൽ നിൽക്കുന്നതെങ്കിൽ അതായത്, സ്ത്രീജാതകം മിഥുനലഗ്നമോ, കന്നി ലഗ്നമോ ആയിരുന്നാൽ അത് ഏറ്റവും ശുഭകരവും ആ ഗ്രഹസ്ഥിതി ദാമ്പത്യദോഷത്തെപ്പോലും മാറ്റുമെന്നും ആചാര്യന്മാർ പറഞ്ഞിരിക്കുന്നു. അഷ്ടമത്തിലെ ക്രൂരഗ്രഹത്തിന് പകരമായി ഒമ്പതിൽ ഒരു ശുഭഗ്രഹം നിന്നാൽ അവൾ കളത്ര പുത്രാദികളോടെ സുഖമായി കഴിമെന്ന് പ്രമാണം. എത്രകാലം എന്ന് പറയുന്നുമില്ല.

എന്നാൽ ചുവടെ എഴുതുന്ന ജനനവിവരങ്ങൾ മിഥുനലഗ്നത്തിൽ ജനിച്ച ഒരു വിവാഹിതയുടേതാണ്.

നക്ഷത്രം : തിരുവോണം, ജന്മശിഷ്ട : 8 വർഷം, 2 മാസം, 16 ദിവസം, ചന്ദ്രൻ.

കേന്ദ്രാധിപത്യമുള്ള വ്യാഴം കർക്കിടകത്തിന് തുല്യമായ കുംഭം രാശിയിൽ ഒമ്പതിൽ നിൽക്കുന്നു. ഈ സ്ത്രീയുടെ വിവാഹത്തിനായി പൊരുത്തം നോക്കിയത് കേരളത്തിൽ ഏറെ പ്രചാരമുള്ള ഒരു സോഫ്റ്റ് വെയറിന്റെ (ജ്യോതിഷദീപ്തിയല്ല) സഹായത്തോടെ ആയിരുന്നു.

ഏഴിലെ പാപഗ്രഹത്തിന്റെ തുല്യപരിഹാരം പുരുഷജാതകത്തിൽ കാണാതിരുന്നിട്ടും അതിൽ എഴുതിവന്നത് “ഒമ്പതിൽ വ്യാഴം നിൽക്കുന്നതിനാൽ ഏഴിലെ പാപതയ്ക്ക് പരിഹാരമാകുന്നു” എന്നുതന്നെയായിരുന്നു. അതിൽ വിശ്വസിച്ച് വിവാഹം നടത്തുകയും തുടർന്ന് രണ്ടുവർഷം തികയുന്നതിന് മുമ്പ് ഇവരുടെ വിവാഹജീവിതം പാടേ തകർന്നുപോകുകയും ചെയ്തു.

ആചാര്യന്മാരുടെ നിഗമനങ്ങൾ പ്രയോഗികചിന്താബോധമില്ലാതെ അതുപോലെ പകർത്തി വയ്ക്കുന്ന സോഫ്റ്റ്‌വെയർ കമ്പനിക്കാർക്ക് ഒരു പാവം സ്ത്രീയുടെ തകർന്ന ദാമ്പത്യത്തിന്റെ ദുഃഖം പിന്നീട് അറിയേണ്ട കാര്യമില്ലല്ലോ.

മൂന്നാം ഭാവാധിപത്യവും പന്ത്രണ്ടാം ഭാവാധിപത്യവുമുള്ള വ്യാഴം ഒമ്പതിൽ നിൽക്കുന്ന മറ്റൊരു സ്ത്രീയുടെ ജനനവിവരങ്ങൾ ആണ് താഴെ നൽകുന്നത്.

നക്ഷത്രം : അനിഴം, ജന്മശിഷ്ട : 17 വർഷം: 1 മാസം, 26 ദിവസം, ശനി.

കർക്കിടകത്തിൽ നിൽക്കുന്ന ശുക്രന്റെ ദോഷത്തെ ഈ ഒമ്പതിലെ വ്യാഴം ഹനിച്ചില്ല. ബുധദശയിൽ രാഹുവിന്റെ അപഹാരത്തിൽ ഈ എം.ബി.എ.ക്കാരിക്ക് വിവാഹമോചനം. വ്യാഴം ഇവർക്ക് പാപനായി സ്ഥിതി ചെയ്യുന്നു.

ഒമ്പതിൽ ഉച്ചത്തിൽ വ്യാഴം നിൽക്കുന്ന മറ്റൊരു ജനനവിവരങ്ങൾ കൂടി കാണുക.

നക്ഷത്രം : തിരുവോണം, ജന്മശിഷ്ട : 2 വർഷം, 11 മാസം, 18 ദിവസം, ചന്ദ്രൻ.

ഒമ്പതിലേയോ, ഉച്ചത്തിലെയോ അല്ലെങ്കിൽ ചൊവ്വയും വ്യാഴവും ഒന്നിച്ചുനിൽക്കുന്ന പ്രത്യേക യോഗഫലമോ ഈ ജാതകയ്ക്ക് ലഭിച്ചില്ല.

ചന്ദ്രാൽ ഏഴിൽ നിൽക്കുന്ന പാപഗ്രഹത്തിന് പരിഹാരവും ഈ വ്യാഴം നൽകിയില്ല. 41 വയസ്സിൽ വൈധവ്യം സംഭവിച്ചു.

ഒരു ജാതകത്തിൽ വ്യാഴം ബലവാനായി നിന്നാൽ മറ്റ് ഗ്രഹങ്ങളുടെ ദോഷത്തെപ്പോലും ഹനിച്ച് ശുഭജീവിതം നല്കാൻ കഴിവുള്ളവനാണ്. കേന്ദ്രാധിപത്യ ദോഷം വന്നാലോ, പാപനായി നിന്നാലോ വ്യാഴം വളരെ ദോഷങ്ങളുണ്ടാക്കുകയും ചെയ്യുന്നതായിരിക്കും. കേന്ദ്രാധിപത്യദോഷം എന്നത് ലഗ്നാൽ 4, 7, 10 എന്നീ ഭാവങ്ങളുടെ ആധിപത്യം വ്യാഴത്തിന് വരികയും ആ വ്യാഴം ലഗ്നാധിപനോ, സ്വക്ഷേത്രവാനോ, ഉച്ചക്ഷേത്രസ്ഥിതനോ അല്ലാതെയും നിൽക്കുക എന്നതാകുന്നു.

അതായത്, ധനു, മീനം, മിഥുനം, കന്നി എന്നീ കോൺ രാശികളിലൊന്ന് ലഗ്നമായാൽ വ്യാഴം കൂടാതെ ബുധനും കേന്ദ്രാധിപത്യദോഷമുണ്ടാകും. എന്നാൽ ധനുവും മീനവും ലഗ്നാധിപനായാൽ വ്യാഴത്തെക്കൊണ്ടും, മിഥുനം കന്നി എന്നിവയിലൊന്ന് ലഗ്നമായാൽ ബുധനെക്കൊണ്ടും കേന്ദ്രാധിപത്യ ദോഷം സംഭവിക്കുന്നതുമല്ല. കാരണം, ഇവിടെ പ്രസ്തുത ഗ്രഹങ്ങൾ ലഗ്നാധിപന്മാർ ആകുന്നതിനാലാണ്.

മിഥുനം ലഗ്നമായാൽ കേന്ദ്രഭാവമായ ഏഴിന്റെ ആധിപത്യം വ്യാഴക്ഷേത്രമായ ധനുവിന് വരുന്നതിനാലും മറ്റൊരു കേന്ദ്രഭാവമായ പത്തിന്റെ ആധിപത്യം വ്യാഴത്തിന്റെ മറ്റൊരു സ്വക്ഷേത്രമായ മീനത്തിന് വരുന്നതിനാലുമാണ് വ്യാഴത്തിന് കേന്ദ്രാധിപത്യദോഷം സംഭവിക്കുന്നത്. കന്നിലഗ്നത്തിന് കേന്ദ്രഭാവമായ നാലിന്റെ ആധിപത്യം വ്യാഴത്തിന്റെ സ്വക്ഷേത്രമായ ധനുവിന് വരുന്നതുകൊണ്ടും മറ്റൊരു കേന്ദ്രഭാവമായ ഏഴിന്റെ ആധിപത്യം വ്യാഴത്തിന്റെ മറ്റൊരു സ്വക്ഷേത്രമായ മീനത്തിന് വരുന്നതുകൊണ്ടുമാണ് ഇവർക്ക് വ്യാഴം കേന്ദ്രാധിപത്യദോഷമുണ്ടാക്കുന്നത്. എന്നാൽ, വ്യാഴം നിൽക്കുന്നത് ഉച്ചക്ഷേത്രമായ കർക്കിടകത്തിലായാലോ, സ്വക്ഷേത്രങ്ങളായ ധനുവിലോ മീനത്തിലോ നിൽക്കുന്നതായ ഗ്രഹനിലയിലും വ്യാഴത്തെക്കൊണ്ടുള്ള കേന്ദ്രാധിപത്യദോഷം ഉണ്ടാകുന്നതുമല്ല.

വ്യാഴത്തിന് ബുധനെക്കാളും ശുക്രനേക്കാളും കേന്ദ്രാധിപത്യദോഷമുണ്ടാക്കാൻ ശേഷിയുള്ളതിനാൽ കേന്ദ്രാധിപത്യദോഷമുള്ള വ്യാഴത്തെ ഭയപ്പെടുകയും ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യണം.

കേന്ദ്രാധിപത്യദോഷമുള്ള വ്യാഴത്തിന്റെ ദശയിൽ സൂക്ഷിക്കുകയും പ്രത്യേക ശ്രദ്ധയും ആവശ്യമായി വരുന്നതാണ്. കൂടാതെ കേന്ദ്രാധിപത്യദോഷമുള്ള വ്യാഴം രണ്ടിലോ, ഏഴിലോ നിൽക്കുകയും പ്രസ്തുത ദോഷത്തിന് പരിഹാരമില്ലാതിരിക്കുകയും ചെയ്താൽ അവരുടെ വ്യാഴദശയിൽ ആപത്തോ, അത്യാപത്തോ സംഭവിക്കാമെന്നതിനാൽ തീർച്ചയായും ദോഷപരിഹാരങ്ങൾ ചെയ്യേണ്ടതുമാകുന്നു.

എത്ര നല്ല ബലമുള്ള വ്യാഴത്തിന്റെ ദശയാണെങ്കിലും ശരി, 16 വർഷത്തെ വ്യാഴദശയിൽ വ്യാഴത്തിന്റെ സ്വാപഹാരവും (2 വർഷം, 1 മാസം, 18 ദിവസം) പിന്നെ ശനിയുടെ അപഹാരവും (2 വർഷം, 6 മാസം, 12 ദിവസം) കഴിഞ്ഞു വരുന്ന സമയം മുതൽ മാത്രമേ ബലവാനായ വ്യാഴത്തിന്റെ പൂർണ്ണഫലം അനുഭവത്തിൽ വരികയുള്ളൂ. എന്നാൽ വ്യാഴം അനിഷ്ടത്തിലോ, പാപനായോ ആണ് നിൽക്കുന്നതെങ്കിൽ ദോഷവുമായിരിക്കും ഫലത്തിൽ വരുക.

എത്ര ബലവാനായ വ്യഴത്തിന്റെ ദശയിലും ചാരവശാൽ ഏഴരശ്ശനിയും അഷ്ടമശ്ശനിയും വന്നാൽ വ്യാഴഘട്ടം വളരെ മോശമായിരിക്കും. ചാരവശാൽ 1, 4, 10 എന്നീ രാശികളിൽ വ്യാഴം സഞ്ചരിക്കുമ്പോഴും ബലവാനായ വ്യാഴത്തിന്റെ ദശയിൽ തിക്താനുഭവങ്ങൾ സംഭവിക്കുന്നതാണ്. എന്നാൽ മറ്റ് ബലമുള്ള ദശകളിൽ മുകളിൽ പറഞ്ഞ ഗോചരാലുള്ള ദോഷം പ്രബലവുമായിരിക്കില്ല.

അഷ്ടകവർഗ്ഗത്തിൽ വ്യാഴത്തേക്കാൾ ഏഴിലോ എട്ടിലോ നിൽക്കുന്ന പാപഗ്രഹത്തിനാണ് ബലമെങ്കിൽ തീർച്ചയായും അതിന്റെ ദോഷം ഒഴിവാക്കാൻ വ്യാഴത്തിന് സാധിക്കുന്നതുമല്ല. ആയതിനാൽ പാപദോഷം പരിഗണിക്കുമ്പോൾ ഒമ്പതിൽ വ്യാഴം നിൽക്കുന്നുവെന്ന പ്രത്യേക പരിഗണന നൽകി (ആ വ്യാഴത്തിന്റെ ബലാബലം അതിവിശദമായി പരിശോധിക്കാതെ) ജാതകങ്ങളിൽ ഏഴിലെയോ എട്ടിലേയോ പാപദോഷത്തിന് പരിഹാരമായി കണ്ട് അവ കൂട്ടിച്ചേർക്കരുതെന്ന് പ്രമുഖ സോഫ്റ്റ് വെയർ കമ്പനികളും ചില ജ്യോതിഷികളും തീരുമാനിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പരിഹാരങ്ങൾ:

വ്യാഴദശയിലും ചാരവശാൽ വ്യാഴം 1, 4, 6, 8, 10, 12 എന്നീ രാശികളിൽ സഞ്ചരിക്കുമ്പോഴും വിഷ്ണുപൂജ നല്ലതാണ്. ഗരുഡാരൂഢനായ മഹാവിഷ്ണുവിന്റെ ചിത്രത്തെ ഭക്തിയോടെ ആരാധിക്കുന്നതും നന്ന്. മന്ത്രോപദേശമായി സ്വീകരിച്ച് ഭക്തിയോടെ ജപിക്കുന്ന മഹാസുദർശനമന്ത്രം, പുരുഷസൂക്തമന്ത്രജപം, ജന്മനക്ഷത്രദിവസങ്ങളിലെ വിഷ്ണുക്ഷേത്ര ദർശനവും ഉത്തമം. തൃക്കൈവെണ്ണ, തുളസിമാല, ഭാഗ്യസൂക്താർച്ചന തുടങ്ങിയ വഴിപാടുകൾ നടത്തുക. ഗുരുവായൂർ ക്ഷേത്രദർശനവും നടത്തുക.

ഗ്രഹനിലപ്രകാരം വ്യാഴത്തിന്റെ രത്നമായ മഞ്ഞ പുഷ്യരാഗം ധരിക്കാമെന്നുള്ളവർ രത്നം ധരിക്കുകയും ഏഴരശ്ശനിയും അഷ്ടമശ്ശനിയും ഉണ്ടെങ്കിൽ നീരാജനം ശാസ്താക്ഷേത്രത്തിൽ നടത്തി പ്രാർത്ഥിക്കുകയും ചെയ്താൽ (നീരാജനം നടത്തുന്നവർ തൊട്ടടുത്ത ദിവസം അതെ ബിംബത്തിന് പാലഭിഷേകമോ, ഇളനീരഭിഷേകമോ, ജലാഭിഷേകമോ യാഥാസ്ഥിതി നടത്തുന്നത് അത്യുത്തമം ആയിരിക്കും) ദോഷങ്ങൾ പൂർണ്ണമായി നീങ്ങുകയും മഹാവിഷ്ണുവിന്റെ ഇഷ്ടക്കാരായി മാറുകയും ചെയ്യുമെന്നതിൽ സംശയമില്ല.


അനിൽ വെളിച്ചപ്പാടൻ.

Share this :
× Consult: Anil Velichappadan