വ്യാഴ-ശനി-രാഹു-കേതു മാറ്റം നിങ്ങൾക്കെങ്ങനെ?

Share this :

2022 ഏപ്രിൽ മാസത്തിൽ വ്യാഴവും ശനിയും രാഹുവും കേതുവും രാശി മാറുന്നു.

വ്യാഴ-ശനി രാശിമാറ്റത്തിൽ ഏറ്റവും ഗുണപ്രദം ആർക്കൊക്കെ?

മേടക്കൂർ, കന്നിക്കൂർ, തുലാക്കൂർ. ഇതിൽ കന്നിക്കൂറിനാണ് ഏറ്റവും മെച്ചം. ദശാപഹാരവും അനുകൂലമായി വന്നാൽ ഈ മൂന്ന് കൂറുകാർക്കും ഏറ്റവും മെച്ചമായിരിക്കും.

12-4-2022 (മീനം 29) ഉച്ചയ്ക്ക് 1 മണി 37 മിനിറ്റ് 37 സെക്കന്റിന് രാഹു മേടത്തിലേക്കും കേതു തുലാത്തിലേക്കും
13-4-2022 (മീനം 30) വൈകിട്ട് 3 മണി 50 മിനിറ്റ് 09 സെക്കന്റിന് വ്യാഴഗ്രഹംമീനത്തിലേക്കും
29-04-2022 (മേടം 16) രാവിലെ 07 മണി 54 മിനിറ്റ് 25 സെക്കന്റിന് ശനിഗ്രഹം കുംഭത്തിലേക്കും രാശി മാറുന്നു.

രാശിപ്രകാരമുള്ള ഫലചിന്ത അനുസരിച്ച് ശനിയും വ്യാഴവും രാഹുവും കേതുവും അവരവർക്ക് ബലം നൽകുന്ന രാശികളിലേക്കാണ് മാറുന്നത് എന്നതുകൊണ്ട് എല്ലാ നക്ഷത്രക്കാർക്കും ദോഷകാഠിന്യം പൊതുവെ കുറവായി അനുഭപ്പെടും എന്ന് മാത്രമല്ല ഗുണഗണങ്ങൾ കൂടുകയും ചെയ്യും.

രാഹുകേതുക്കൾ 30-10-2023 വൈകിട്ട് 4 മണി 35 മിനിറ്റ് 06 സെക്കന്റിന് അടുത്ത രാശിയിലേക്ക് മാറും.

വ്യാഴം മീനത്തിൽ 22-04-2023 പുലർച്ചെ 05 മണി 14 മിനിറ്റ് 39 സെക്കന്റുവരെയുണ്ടാകും.

ശനി 29-03-2025 രാത്രി 9 മണി 45 മിനിറ്റ് 19 സെക്കന്റുവരെ കുംഭം രാശിയിലുണ്ടായിരിക്കും. എന്നാൽ ഇതിനിടയിൽ കുംഭത്തിൽ നിന്ന് മകരത്തിലേക്ക് 12-07-2022 ഉച്ചയ്ക്ക് 2 മണി 46 മിനിറ്റ് 53 സെക്കന്റിന് തിരിച്ചുപോകും. തുടർന്ന് 17-01-2023 വൈകിട്ട് 6 മണി 04 മിനിറ്റ് 30 സെക്കന്റ് മുതൽ 29-03-2025 രാത്രി 9 മണി 45 മിനിറ്റ് 19 സെക്കന്റുവരെ കുംഭം രാശിയിൽ. വക്രഗതി സംഭവിച്ച് ഒരു ഗ്രഹം പഴയ രാശിയിലേക്ക് തിരികെ പോയാലും ആദ്യം നിന്ന രാശിയുടെ ഫലം തന്നെയാണ് പറയേണ്ടത്. ആകയാൽ ശനി, മകരത്തിലേക്ക് സഞ്ചരിച്ചാലും ഇപ്പോഴുള്ള ഫലം തന്നെയായിരിക്കും ഓരോ കൂറുകാർക്കും സംഭവിക്കുന്നത്.

വ്യാഴമൗഢ്യം:

28-03-2023 (1198 മീനം 14) രാവിലെ 08 മണി 59 മിനിറ്റ് 49 സെക്കന്റ് മുതൽ വ്യാഴം മേടത്തിലേക്ക് രാശി മാറിക്കഴിഞ്ഞ് 27-04-2023 (1198 മേടം 12) അതിപുലർച്ചെ 01 മണി 48 മിനിറ്റ് 56 സെക്കന്റ് വരെ വ്യാഴഗ്രഹത്തിന് മൗഢ്യമാണ്. ഈ സമയങ്ങളിൽ വിവാഹംപോലുള്ള ശുഭകർമ്മങ്ങൾക്ക് മുഹൂർത്തം കൊള്ളരുത്.

ശനിഗ്രഹ വക്രം:

05-6-2022 (1197 ഇടവം 22) 03 മണി 05 മിനിറ്റ് 10 സെക്കന്റ് മുതൽ 23-10-2022 (1198 തുലാം 06) 09 മണി 06 മിനിറ്റ് 52 സെക്കന്റ് വരെ ശനി വക്രഗതിയിൽ സഞ്ചരിച്ച് മകരം രാശിയിൽ തിരിച്ചെത്തും.

പിന്നെ 17-6-2023 (1198 മിഥുനം 02) രാത്രി 10 മണി 21 മിനിറ്റ് 58 സെക്കന്റ് മുതൽ 04-11-2023 (1199 തുലാം 18) ഉച്ചയ്ക്ക് 12 മണി 45 മിനിറ്റ് 37 സെക്കന്റ് മുതൽ 30-06-2024 (1199 മിഥുനം 16) പാതിരാത്രി കഴിഞ്ഞ് 12 മണി 45 മിനിറ്റ് 40 സെക്കന്റ് വരെ വക്രഗതിയിൽ കുംഭം രാശിയിൽ തന്നെ ആയിരിക്കും.

വേഗം കുറയുമ്പോൾ സംഭവിക്കുന്ന വക്രവും വേഗം കൂടുമ്പോൾ സംഭവിക്കുന്ന അതിചാരവും കൊണ്ട് ഒരു ഗ്രഹം രാശി മുന്നിലോ പിന്നിലോ ഉള്ള രാശിയിലേക്ക് മാറിയാൽ ആദ്യം നിന്ന രാശിയുടെതന്നെ ഫലം പറയണമെന്ന് “… അതിചാരേതു വക്രേതു പൂർവ്വരാശിഗതം ഫലം….” പ്രമാണമുണ്ട്. ശനിയുടെ വക്രഗതി പൊതുവെ ദോഷപ്രദമായിരിക്കും. എന്നാൽ ഒമ്പതിൽ ശനി വക്രത്തിൽ വരുന്ന കൂറുകാർക്ക് പൊതുവെ തൊഴിലിൽ ഉന്നതി ലഭിക്കുന്നതായി കണ്ടിട്ടുണ്ട്.

വ്യാഴമോ ശനിയോ അല്ലെങ്കിൽ ഇവ രണ്ടുമോ ദോഷപ്രദമായി വരികയും അതോടൊപ്പം ദോഷപ്രദനായ ഇരുപത്തിരണ്ടാം ദ്രേക്കാണാധിപന്റെയോ, അഷ്ടമാധിപൻ ലഗ്നത്തിൽ നില്ക്കുന്ന ഗ്രഹത്തിന്റെയോ, ലഗ്നാധിപന്റെ മൂന്നിലോ ആറിലോ എട്ടിലോ പന്ത്രണ്ടിലോ ദോഷപ്രദനായി നിൽക്കുന്ന ആരൂഢലഗ്നാധിപന്റെ ദശയോ അപഹാരകാലമോ വരികയും ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കുകയും പ്രാർത്ഥനകൾ മുടങ്ങാതെ ചെയ്യേണ്ടതുമാകുന്നു.

ചാരവശാൽ അനുകൂലമായി ഗ്രഹങ്ങൾ സഞ്ചരിക്കുന്ന കാലം, ദശാപഹാരകാലവും അനുകൂലമായി വന്നാൽ അവർക്ക് പൊതുവെ അത്യുത്തമം ആയിരിക്കും. ചാരവശാൽ അനുകൂലവും ദശാപഹാരകാലം പ്രതികൂലവും അല്ലെങ്കിൽ തിരിച്ചും സംഭവിച്ചാൽ ഗുണദോഷങ്ങൾ ഫലപ്രാപ്തിയിൽ എത്താതെയും വരുന്നതായിരിക്കും. ഈ കാര്യങ്ങൾ മനസ്സിലാക്കിവേണം ചാരവശാലുള്ള ഫലദോഷങ്ങളെ സമീപിക്കേണ്ടത്.

വ്യാഴം ചാരവശാൽ 1, 4, 10 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ ഗുണങ്ങൾ ലഭിക്കുമെന്ന് ചിലർ പ്രചരിപ്പിക്കുന്നത് തെറ്റാകുന്നു. (ഗ്രഹനിലയിൽ വ്യാഴം 1, 4, 10ൽ നില്ക്കുന്നത് ഗുണപ്രദമായതിനാൽ ചാരവശാലും അതായിരിക്കും ഫലമെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകാം) ഈ ഭാവങ്ങളിൽ വ്യാഴം ചാരവശാൽ സഞ്ചരിക്കുന്നത് പൊതുവെ ദോഷപ്രദമാകുന്നു. എന്നാൽ 3, 6, 8, 12 എന്നീ ഭാവങ്ങളിൽ വ്യാഴം സഞ്ചരിക്കുമ്പോൾ ഗുണദോഷ സമ്മിശ്രവും ആയിരിക്കും. എന്നാൽ 1, 4, 10 പൊതുവെ ദോഷപ്രദം തന്നെയാണ്.

“ജീവേ ജന്മനി ദേശനിർഗമനം അർത്ഥച്യുതിം
ശത്രുതാം ദുഃഖൈർബ്ബന്ധുജനോത്ഭവവൈശ്ച
ഹിബുകേ ദൈന്യം ചതുഷ്പാദ്ഭയം
കർമ്മണ്യർത്ഥസ്‌ഥാനപുത്രാദിപീഡാം”

എന്ന പ്രമാണപ്രകാരം വ്യാഴം ചാരവശാൽ ഒന്നിലും നാലിലും പത്തിലും സഞ്ചരിക്കുമ്പോൾ ആ കൂറുകാർക്ക് ദോഷപ്രദമായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു.

ഓരോ നക്ഷത്രക്കാർക്കും ചാരവശാൽ വ്യാഴവും ശനിയും വളരെയേറെ സ്വാധീനമുണ്ടാക്കുന്ന രണ്ട് ഗ്രഹങ്ങളാണ്.

എന്താണ് രാഹു-കേതു?
—————–
ഭൂമി, സൂര്യനെ വലംവെക്കുന്ന പ്രതലത്തെ ചന്ദ്രന്‍ ഭൂമിയ്ക്ക് ചുറ്റും കറങ്ങുന്ന ഭ്രമണപഥം കട്ട് ചെയ്യുന്ന അഥവാ ഖണ്ഡിക്കുന്ന 2 പോയിന്റുകളെയാണ് രാഹുവെന്നും കേതുവെന്നും വിളിക്കുന്നത്. മുകളില്‍ ലഭിക്കുന്ന ബിന്ദു (അസെന്റിങ് നോഡ് അഥവാ നോർത്ത് നോഡ്) രാഹുവും, താഴെ ലഭിക്കുന്ന ബിന്ദു (ഡിസെൻറിംഗ് നോഡ് അഥവാ സൗത്ത് നോഡ്) കേതുവും ആയിരിക്കും. ഇത് എപ്പോഴും പരസ്പരം 180 ഡിഗ്രിയിൽ ആയിരിക്കും. അതുകൊണ്ടാണ് രാഹു-കേതുക്കള്‍ എപ്പോഴും പരസ്പരം ഏഴാംരാശികളില്‍ ഒരേ ഡിഗ്രിയില്‍ നില്‍ക്കുന്നത്.

രാഹുവും കേതുവും ഇല്ലെന്നൊക്കെ പറഞ്ഞുനടക്കുന്ന കപട യുക്തിവാദികൾ ഇപ്രകാരമുള്ള നോർത്ത് നോഡും സൗത്ത് നോഡും ഇല്ലെന്ന് പറയുമോ എന്നുകൂടി അറിയേണ്ടതുണ്ട്. സായിപ്പന്മാർ പറഞ്ഞാൽ അതൊക്കെയും യാതൊരു ചോദ്യവുമില്ലാതെ ഉൾക്കൊള്ളുകയും എന്നാൽ ഭാരതീയ ആചാര്യന്മാർ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് എഴുതിവെച്ച കാര്യങ്ങൾ വിശ്വസിക്കാൻ ഈ കപട യുക്തിവാദികൾക്ക് വലിയ മനഃപ്രയാസമാണെന്നും പറയാതെ വയ്യ. ഉദാഹരണമായി പറഞ്ഞാൽ ഈ രാഹുവിനും കേതുവിനും ഏതെങ്കിലും സായിപ്പ് “സിർക്കോ” എന്നോ “വിർക്കോ” എന്നോ പേര് നൽകിയിരുന്നെങ്കിൽ ഇവിടെയുള്ള ചില യുക്തിവാദികൾ അതെല്ലാം ഉൾക്കൊള്ളുമായിരുന്നുവെന്ന് സാരം.

രാഹുവിന് സര്‍പ്പി, പാതന്‍, തമസ്സ്, അഹി എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.
കേതുവിന് ശിഖി, മൃത്യുതനയന്‍ എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.

ചാരവശാല്‍ (ഗ്രഹങ്ങളുടെ രാശിമാറ്റം) ഫലം ലഭിക്കുന്നത് എപ്പോള്‍?
—————-
ജന്മരാശിയുടെ അഥവാ കൂറിന്റെ 3, 6, 10, 11 ഭാവങ്ങളില്‍ സൂര്യന്‍ വരുമ്പോഴും
ജന്മരാശിയുടെ അഥവാ കൂറിന്റെ 1, 3, 6, 7, 10, 11 ഭാവങ്ങളില്‍ ചന്ദ്രന്‍ വരുമ്പോഴും
ജന്മരാശിയുടെ അഥവാ കൂറിന്റെ 3, 6, 11 ഭാവങ്ങളില്‍ ചൊവ്വയോ കേതുവോ വരുമ്പോഴും
ജന്മരാശിയുടെ അഥവാ കൂറിന്റെ 2, 4, 6, 8, 10, 11 ഭാവങ്ങളില്‍ ബുധന്‍ വരുമ്പോഴും
ജന്മരാശിയുടെ അഥവാ കൂറിന്റെ 2, 5, 7, 9, 11 ഭാവങ്ങളില്‍ വ്യാഴം വരുമ്പോഴും
ജന്മരാശിയുടെ അഥവാ കൂറിന്റെ 1, 2, 3, 4, 5, 8, 9, 11, 12 ഭാവങ്ങളില്‍ ശുക്രന്‍ വരുമ്പോഴും
ജന്മരാശിയുടെ അഥവാ കൂറിന്റെ 3, 6, 11 ഭാവങ്ങളില്‍ ശനിയോ രാഹുവോ വരുമ്പോഴും ആ ജാതകന് ശുഭപ്രദമായിരിക്കും. അല്ലെങ്കില്‍ ദോഷഫലമായിരിക്കും അനുഭവത്തില്‍ വരുന്നത്.

വ്യാഴമാറ്റം ആർക്കൊക്കെ ഗുണപ്രദം?

ഇടവക്കൂർ, കർക്കടകക്കൂർ, കന്നിക്കൂർ, വൃശ്ചികക്കൂർ, കുംഭക്കൂർ എന്നിവർക്ക് ഈ വ്യാഴമാറ്റം ഉത്തമം ആയിരിക്കും.

വ്യാഴമാറ്റം ആർക്കൊക്കെ ഗുണദോഷ സമ്മിശ്രം?

മേടക്കൂർ, ചിങ്ങക്കൂർ, തുലാക്കൂർ, മകരക്കൂർ എന്നിവർക്ക് ഈ വ്യാഴമാറ്റം ഗുണദോഷ സമ്മിശ്രം ആയിരിക്കും.

വ്യാഴമാറ്റം ആർക്കൊക്കെ അതീവ ദോഷപ്രദം?

മിഥുനക്കൂർ, ധനുക്കൂർ, മീനക്കൂർ എന്നിവർക്ക് ഈ വ്യാഴമാറ്റം അതീവ ദോഷപ്രദമായിരിക്കും. ഇതിൽ ധനുക്കൂറിന് ശനി മൂന്നിൽ വരുമെന്നതിനാൽ വ്യാഴദോഷം ഇവർക്ക് അതീവ കഠിനമാകുകയില്ല.

ശനിമാറ്റം ആർക്കൊക്കെ ഗുണപ്രദം?

മേടക്കൂർ, കന്നിക്കൂർ, ധനുക്കൂർ എന്നിവർക്ക് ഈ ശനിമാറ്റം പൊതുവെ ഗുണപ്രദമായിരിക്കും.

ശനിമാറ്റം ആർക്കൊക്കെ അതീവ ദോഷപ്രദം?

ഇടവക്കൂർ, കർക്കടകക്കൂർ, ചിങ്ങക്കൂർ, വൃശ്ചികക്കൂർ, മകരക്കൂർ, കുംഭക്കൂർ എന്നിവർക്ക് ഈ ശനിമാറ്റം അതീവ ദോഷപ്രദമായിരിക്കും. എന്നാൽ വ്യാഴം അനുകൂലമായി നിൽക്കുന്നതിനാൽ ഇടവക്കൂർ, കർക്കടകക്കൂർ, വൃശ്ചികക്കൂർ, കുംഭക്കൂർ എന്നിവർക്ക് 22-04-2023 വരെ ശനിദോഷം ഒരു പരിധിവരെ ബാധിക്കുകയുമില്ല. എന്നാൽ ചിങ്ങക്കൂറിന് വ്യാഴവും മോശമാകയാൽ പ്രത്യേകം ശ്രദ്ധിക്കണം.

ശനിമാറ്റം ആർക്കൊക്കെ ഗുണദോഷ സമ്മിശ്രം?

മിഥുനക്കൂർ, തുലാക്കൂർ എന്നിവർക്ക് ഈ ശനിമാറ്റം പൊതുവെ ഗുണദോഷ സമ്മിശ്രം ആയിരിക്കും.

രാഹു ആർക്കൊക്കെ ഗുണപ്രദം?

മിഥുനക്കൂർ, വൃശ്ചികക്കൂർ, കുംഭക്കൂർ എന്നിവർക്ക് രാഹു അനുകൂലമായിരിക്കും.

രാഹു ആർക്കൊക്കെ ഗുണദോഷ സമ്മിശ്രം?

ചിങ്ങക്കൂർ, ധനുക്കൂർ എന്നിവർക്ക് രാഹു പൊതുവെ ഗുണദോഷ സമ്മിശ്രം ആയിരിക്കും.

രാഹു ആർക്കൊക്കെ ദോഷപ്രദം?

മേടക്കൂർ, ഇടവക്കൂർ, കർക്കടകക്കൂർ, കന്നിക്കൂർ, തുലാക്കൂർ, മകരക്കൂർ, മീനക്കൂർ എന്നിവർക്ക് ഈ രാഹുമാറ്റം പൊതുവെ ദോഷപ്രദമായിരിക്കും.

കേതു ആർക്കൊക്കെ ഗുണപ്രദം?

ഇടവക്കൂർ, ചിങ്ങക്കൂർ, ധനുക്കൂർ എന്നിവർക്ക് കേതു ഗുണപ്രദമായിരിക്കും.

കേതു ആർക്കൊക്കെ ദോഷപ്രദം?

മേടക്കൂർ, മിഥുനക്കൂർ, കർക്കടകക്കൂർ, കന്നിക്കൂർ, തുലാക്കൂർ, വൃശ്ചികക്കൂർ, മകരക്കൂർ, കുംഭക്കൂർ, മീനക്കൂർ എന്നിവർക്ക് ഈ കേതുവിന്റെ മാറ്റം പൊതുവെ ദോഷപ്രദമായിരിക്കും.

പ്രത്യേകം ശ്രദ്ധിക്കുക: “പ്രാർത്ഥിക്കാൻ നമുക്കൊരു മനസ്സുണ്ടെങ്കിൽ പിന്നെ ഇടനിലക്കാരുടെ ആവശ്യമില്ല” എന്നാണ് ആപ്തവാക്യം. ആകയാൽ രണ്ട് സന്ധ്യകളിലും ഭക്തിയോടെ പ്രാർത്ഥിച്ച് ദോഷങ്ങൾ കുറയാനും ഭാഗ്യവും കാര്യസാദ്ധ്യവും അനുഭവത്തിൽ വരാനും നിങ്ങൾക്ക് ഇടവരട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഓരോ നക്ഷത്രത്തിന്റെയും ഫലദോഷങ്ങളും പരിഹാരങ്ങളും ജപിക്കാനുള്ള മന്ത്രങ്ങളും എഴുതുന്നു.

അശ്വതി:

ഇവർക്ക് പലവിധത്തിലുള്ള ശുഭകർമ്മങ്ങളും അനുഭവത്തിൽ വരും. സ്വന്തം ദേശത്തിന് പുറത്ത് വസ്തുവകകൾ വാങ്ങാനുള്ള സാഹചര്യവും ഉണ്ടാകും. തലവേദന, നീർക്കെട്ട്, സൈനിസൈറ്റിസ് പോലുള്ള രോഗങ്ങളും ഉണ്ടാകാം. ശുഭകരമായ കാര്യങ്ങൾക്ക് പണം വളരെയധികം ചെലവാകും. കോടതിയിലെ കേസ്സുകൾ അനുകൂലമായി ഭവിക്കും. വിവാഹ നിശ്ചയം, വിവാഹം, പുത്രഭാഗ്യം എന്നിത്യാദി ശുഭകർമ്മങ്ങൾക്ക് കാലം അനുകൂലം. ഇഷ്ടപ്പെട്ട ആളുകളുമായുള്ള ബന്ധം ദൃഢമാകും. വിദ്യാഭ്യാസകാര്യങ്ങൾക്ക് അനുകൂലമായ കാലം. വിദേശം വഴി സന്തോഷ വാർത്ത കേൾക്കും. ജൂലൈ മാസത്തിന് ശേഷം കൂടുതൽ അനുകൂലമായ കാലം.

മഹാവിഷ്ണു ക്ഷേത്രത്തിൽ വ്യാഴാഴ്ചകളിൽ വിംശത്യക്ഷര ഗോപാലാർച്ചന ചെയ്തും അവിടെയുള്ള സർപ്പദൈവങ്ങൾക്ക് നെയ് വിളക്കും നൽകി പ്രാർത്ഥിക്കണം. നക്ഷത്രദേവതാ മന്ത്രം “ഓം അശ്വനീകുമാരാഭ്യാം നമ:” ശുദ്ധമായ കാലങ്ങളിൽ എപ്പോഴും ജപിക്കണം.

ഭരണി:

പുതിയ വസ്തു, വീട്, വാഹനം, സ്‌ഥാവര-ജംഗമ വസ്തുക്കൾ എന്നിവ വാങ്ങാൻ പൊതുവെ അനുകൂലമായ കാലം. ഈ കാര്യങ്ങൾക്കായി കയ്യിലുള്ള എല്ലാ സമ്പാദ്യങ്ങളും ചെലവഴിക്കേണ്ടിയും വന്നേക്കും. തല സംബന്ധമായ രോഗങ്ങൾക്ക് ആശുപത്രിവാസം ഉണ്ടാകും. പിതൃസ്‌ഥാനീയർക്ക് കാലം അനുകൂലമായിരിക്കില്ല. ശ്രദ്ധിക്കണം. പുതിയ സ്നേഹബന്ധം വിവാഹത്തിൽ എത്താനും ന്യായമുണ്ട്. വഴക്കുകളും തർക്കങ്ങളും പരിഹരിക്കപ്പെടും. വിദ്യാഭ്യാസം, തൊഴിൽ, വിദേശയാത്ര എന്നിവയ്ക്കും കാലം അനുകൂലം. കുടുംബത്ത് മംഗളകർമ്മങ്ങൾക്ക് സാദ്ധ്യത. മിഥുനം, കന്നി, മകരം, കുംഭം മാസങ്ങൾ പൊതുവെ അനുകൂലമായിരിക്കും.

മഹാവിഷ്ണുക്ഷേത്രത്തിൽ വ്യാഴാഴ്ചകളിൽ പ്രഭാതത്തിൽ ഭാഗ്യസൂക്താർച്ചന ചെയ്ത് പ്രാർത്ഥിക്കണം. കൂടാതെ നക്ഷത്രദേവതാ മന്ത്രം “ഓം യമായ നമ:” സ്‌ഥിരമായി ജപിക്കുകയും ചെയ്യണം.

കാർത്തിക:

ഇവർക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. ധനവരവ് ഉണ്ടാകാവുന്ന നിരവധി കാര്യങ്ങൾക്ക് അകാരണമായ തടസ്സങ്ങൾ സംഭവിക്കും. മൂത്ത സഹോദരന് ദോഷകാലമായിരിക്കും. ശത്രുക്കളുടെ എണ്ണം കൂടുമെങ്കിലും പിന്നെ അവരൊക്കെയും വഴക്കുകൾ അവസാനിപ്പിച്ച് കൂടെ നിൽക്കുന്ന അവസ്‌ഥയുണ്ടാകുന്നത് ശുഭസൂചനയാകും. ഗൃഹോപകരണങ്ങൾ, നൂതന സാധന-സാമഗ്രികൾ എന്നിവ വാങ്ങും. വാഹനം വാങ്ങാനും കാലം അനുകൂലം. വിവാഹകാര്യത്തിൽ അനുകൂലമായ തീരുമാനം. ആശുപത്രി സംബന്ധമായ കാര്യങ്ങൾ അത്ര സുഖപ്രദമായിരിക്കില്ല. വിദ്യഭ്യാസം, തൊഴിൽ എന്നിവ തടസ്സങ്ങളില്ലാതെ കടന്നുപോകും. വിദേശയാത്രാ തടസ്സങ്ങൾ നീങ്ങും. അപ്രതീക്ഷിതമായി വിദേശത്തുനിന്നും സഹായം ലഭിക്കും. സർക്കാർ തൊഴിൽ പ്രതീക്ഷിക്കുന്നവർക്ക് അനുകൂലമായ കാലം. നിലവിൽ ജോലി ചെയ്യുന്നവർക്ക് സ്‌ഥാനചലനവും സംഭവിക്കും. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷവാർത്തയ്ക്ക് യോഗം. ജീവിതപങ്കാളിയുമായുള്ള വഴക്കുകൾ നീങ്ങും.

ദോഷപരിഹാരമായി ശാസ്താവിന് ശനിയാഴ്ചകളിൽ ശാസ്തൃമന്ത്രാർച്ചന ചെയ്ത് പ്രാർത്ഥിക്കണം. അതോടൊപ്പം നക്ഷത്രദേവതാ മന്ത്രം സ്ഥിരമായി ജപിക്കുകയും ചെയ്യണം. മന്ത്രം: “ഓം അഗ്നയേ നമ:”

രോഹിണി:

കഴിഞ്ഞ കുറെ വർഷങ്ങളിലെ തീരാതലവേദനകൾ നീങ്ങുന്ന കാലഘട്ടം. ധനം ലഭിക്കും. ഏറ്റവും മഹത്തരമായ പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കും. വാഹനവും വീടും മറ്റ് സ്വത്തുവകകളും വാങ്ങാനുള്ള കാലവും കൂടിയാണ്. തൊഴിൽപരമായി യാത്രകളും മാറ്റങ്ങളും അനിവാര്യമായിരിക്കും. മിക്കപ്പോഴും തടസ്സങ്ങൾ കയറിവരും. എന്നാൽ അതൊക്കെ നീങ്ങി വിജയത്തിലെത്തും. കുടുംബത്ത് ശാന്തിയും സമാധാനവും ലഭിക്കും. വടക്കുകിഴക്കുള്ള വലിയ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ശാസ്താപ്രീതി കർമ്മങ്ങൾ കൂടി അനുഷ്ഠിച്ചാൽ ഇവർക്ക് പൊതുവെ ഉത്തമകാലം ആയിരിക്കും.

ശനിയാഴ്ചവ്രതം കണ്ടകശ്ശനിദോഷങ്ങൾ നീക്കാൻ ഏറ്റവും ഉത്തമമാണ്. ആഴ്ചവ്രതങ്ങളെക്കുറിച്ച് അറിയാൻ ഉത്തരായുടെ ഈ ലിങ്ക് സന്ദർശിച്ചാൽ മതിയാകും: https://uthara.in/vrathangal/

നിത്യവും നക്ഷത്രദേവതാമന്ത്രം ജപിക്കുന്നതും അത്യുത്തമം തന്നെയാകുന്നു. മന്ത്രം: “ഓം ബ്രഹ്മദേവായ നമ:”

മകയിരം:

അലച്ചിലും വലച്ചിലും യാതൊരു കാര്യവുമില്ലാത്ത യാത്രകളുമുണ്ടാകും. മകയിരത്തിന്റെ ആദ്യത്തെ രണ്ട് പാദങ്ങൾ ദോഷമില്ലാതെ കടന്നുപോകുമ്പോൾ അവസാനത്തെ രണ്ട് പാദങ്ങൾ വ്യാഴമാറ്റവും ശനിമാറ്റവും കൊണ്ട് ഏറ്റവും മോശമായ അവസ്‌ഥയിലെത്തും. ഇവർക്ക് വിവാഹകാര്യങ്ങളിൽ പ്രതികൂലമായ അവസ്‌ഥയുണ്ടാക്കും. എന്നാൽ തൊഴിലിൽ അപ്രതീക്ഷിതമായ പുരോഗതിയും നൽകും. വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സമുണ്ടാകും. എന്നാൽ വിദ്യാഭ്യാസം നല്ല രീതിയിൽ മുന്നോട്ട് പോകും. പിതൃസ്‌ഥാനീയർക്ക് കാലം പ്രതികൂലമാണ്. ശത്രുദോഷവും, കുടുംബത്ത് പിതൃദോഷവും സംഭവിക്കും. കൃത്യമായ ദോഷപരിഹാരങ്ങൾ ചെയ്ത് പ്രാർത്ഥിക്കണം.

മകയിരം നക്ഷത്രത്തിലെ മൂന്നാംപാദവും നാലാംപാദവും മഹാവിഷ്ണുവിന് വ്യാഴാഴ്ചകളിൽ രാജഗോപാലമന്ത്രാർച്ചന ചെയ്യണം. അല്ലെങ്കിൽ ആ മന്ത്രം ഭക്തിയോടെ ജപിക്കണം. മകയിരം ഒന്നാംപാദവും രണ്ടാംപാദവും ശനിയാഴ്ചകളിൽ പ്രഭാതത്തിൽ ശാസ്താവിന് ഭാഗ്യസൂക്താർച്ചനയും നൽകി പ്രാർത്ഥിക്കണം. മകയിരം നക്ഷത്രക്കാർ അവരുടെ നക്ഷത്രദേവതാമന്ത്രം സ്‌ഥിരമായി ജപിക്കുകയും വേണം.

മന്ത്രം: “ഓം ചന്ദ്രമസേ നമ:”

തിരുവാതിര:

ഒമ്പതിലെ ശനി, അലച്ചിലും വലച്ചിലും നൽകുമെങ്കിലും തൊഴിലിൽ മിക്കപ്പോഴും ഉന്നതിയിലും എത്തിക്കുന്നതാണ്. എന്നാൽ വ്യാഴം ദോഷസ്‌ഥാനത്ത് ആകയാൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിൽ ഉപേക്ഷിച്ചാൽ പിന്നൊന്ന് ലഭിക്കാൻ കാലതാമസമുണ്ടാകും എന്നതിനാൽ ഉള്ള തൊഴിൽ സന്തോഷത്തോടെ കൊണ്ടുപോകാൻ ശ്രമിക്കണം. വാഹനം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സന്താനങ്ങളുടെ കാര്യത്തിൽ മാനസിക പ്രയാസം ഉണ്ടാകുമെങ്കിൽ ശ്രീകൃഷ്ണപ്രീതി അനുഷ്ഠിക്കണം. ജലവുമായി ബന്ധപ്പെട്ട് ദോഷങ്ങൾക്ക് സാദ്ധ്യതയുമുണ്ട്. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പറ്റുന്ന സമയമല്ല. വിവാഹം പോലുള്ള കാര്യങ്ങൾ അനിയന്ത്രിതമായി നീണ്ടുപോകും. മാതാവിന് ഏതെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങൾ സംഭവിക്കുമെങ്കിലും അവയൊക്കെ തരണം ചെയ്യും. ശത്രുദോഷങ്ങൾ സംഭവിക്കും. അസമയത്തെയും അനാവശ്യവുമായ അന്യഭവന സന്ദർശനം ദോഷപ്രദമായി ഭവിക്കും. ചുരുക്കത്തിൽ തിരുവാതിര നക്ഷത്രക്കാർ ഉൾപ്പെടെയുള്ള മിഥുനക്കൂറുകാർ വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ്.

ദോഷപരിഹാരമായി വ്യാഴാഴ്‌ചവ്രതം, വ്യാഴാഴ്ചകളിൽ സൂര്യോദയം മുതൽ ഒരുമണിക്കൂർ വരെയുള്ള വ്യാഴകാലഹോര സമയത്ത് മഹാവിഷ്ണുവിന് അഞ്ചുകൂട്ടം വഴിപാട് (പട്ട്, മാല, എണ്ണ, വെണ്ണ, ഭാഗ്യസൂക്തം) നൽകി വ്യാഴദോഷങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണം. അതോടൊപ്പം നക്ഷത്രദേവതാമന്ത്രമായ “ഓം രുദ്രായ നമഃ” എപ്പോഴും ഭക്തിയോടെ ജപിക്കുകയും ചെയ്യണം.

പുണർതം:

ഇവർക്ക് ഗുണദോഷസമ്മിശ്രമായിരിക്കും. ആദ്യത്തെ മൂന്ന് പാദങ്ങൾക്ക് വളരെ മോശവും അവസാന പാദക്കാർക്ക് പൊതുവെ അനുകൂലവുമായ കാലമായിരിക്കും. മിഥുനക്കൂറുകാർക്ക് സകലവിധമായ തടസ്സങ്ങളും തൊഴിലിൽ വലിയ തിരിച്ചടികളും സംഭവിക്കും. പ്രമോഷൻ സാദ്ധ്യതകൾ അവസാനിക്കുന്ന ഘട്ടം വരെയെത്തും. എന്നാൽ മഹാവിഷ്ണുപ്രീതി കർമ്മങ്ങൾ ആരംഭിച്ച് അതൊക്കെ തരണം ചെയ്യാൻ ശ്രമിക്കണം. അനാവശ്യമായ യാത്രകളും സാമ്പത്തിക ബാദ്ധ്യതകളും മാനസികമായി തളർത്തും. സഹോദരസ്‌ഥാനീയർക്ക് പക്ഷെ ഗുണമുണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷകരമായ കാലമായിരിക്കും. പുണർതം അവസാന പാദക്കാർക്ക് രോഗാദിക്ലേശം സംഭവിക്കാമെന്നതിനാൽ വളരെ ശ്രദ്ധിക്കണം.

ആഴ്ചയിലൊരു ദിവസം വീതം ശാസ്താവിന് നെയ്‌വിളക്ക്, മഹാവിഷ്ണുവിന് മദനഗോപാലാർച്ചന എന്നിവ ചെയ്ത് പ്രാർത്ഥിക്കണം. നക്ഷത്രദേവതാമന്ത്രം സ്‌ഥിരമായി ജപിക്കണം.

മന്ത്രം: “ഓം അദിതിയേ നമ:”

പൂയം:

വ്യാഴം ഉത്തമസ്‌ഥാനത്തും ശനിയും രാഹുവും കേതുവും ദോഷപ്രദവുമാണ്. കുടുംബക്ഷേത്രങ്ങൾ, മഹാക്ഷേത്രങ്ങൾ എന്നിവ സന്ദർശിക്കാൻ ഭാഗ്യം ലഭിക്കും. രോഗം വല്ലാതെ തളർത്തും. സർജറി, ആശുപത്രിവാസം എന്നിവയുണ്ടാകും. ഒരു രോഗം മാറുമ്പോൾ മറ്റൊന്ന് എന്ന രീതി തുടരും. എന്നാൽ ഭാഗ്യത്തിന്റെ ആനുകൂല്യത്താൽ അവയൊക്കെ തരണം ചെയ്യും. കുടുംബത്ത് സമാധാനം ലഭിക്കുന്നുവെന്ന പ്രതീതിയുണ്ടാകും. സന്താനങ്ങൾക്ക് മേൽഗതിയുണ്ടാകും. ജീവിതപങ്കാളിയ്ക്ക് ഏതെങ്കിലും തരത്തിലെ ദുരിതവും സംഭവിക്കാമെന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്ത് ശുഭകർമ്മങ്ങൾക്ക് നേതൃത്വം നൽകും. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും കാലം അനുകൂലമാണ്.

കൂടുതൽ ഗ്രഹങ്ങൾ മോശമായി നിൽക്കുന്നതിനാൽ നക്ഷത്രദിവസങ്ങളിൽ നവഗ്രഹാർച്ചന ചെയ്ത് പ്രാർത്ഥിക്കണം. നക്ഷത്രദേവതാമന്ത്രവും സ്‌ഥിരമായി ജപിക്കണം.

മന്ത്രം: “ഓം ബൃഹസ്പതയേ നമ:”

ആയില്യം:

പൊതുവെ ഉത്തമകാലം. കുടുംബത്ത് ശുഭകർമ്മങ്ങൾ ഉണ്ടാകും. അപ്രതീക്ഷിത ധനാഗമം. ശത്രുക്കൾ നിഷ്പ്രഭരാകും. ശത്രുക്കളോട് മനസ്താപമുണ്ടാകും. വടക്കുകിഴക്കുനിന്നും ധനലാഭം, അപ്രതീക്ഷിത വിജയം. പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കും. തൊഴിൽ ലഭിക്കുമെങ്കിലും അത് ഉപേക്ഷിക്കും. ജീവിതപങ്കാളിയ്ക്ക് ഉയർച്ചയുണ്ടാകും. സ്വന്തം ദേശത്തിനുപുറത്ത് സ്‌ഥാവര-ജംഗമവസ്തുക്കൾ വാങ്ങാൻ തുടക്കം കുറിക്കും. പിതാവിന് പൊതുവെ ഉത്തമകാലം. എന്നാൽ മാതൃസ്‌ഥാനീയർക്ക് വളരെയധികം ദോഷപ്രദവുമായ കാലമാണ്. സന്താനങ്ങൾക്ക് പുതുവെ ഉത്തമകാലമായിരിക്കും. മാനസിക സന്തോഷം ലഭിക്കാവുന്ന ഒരു വർഷമായിരിക്കും.

ഇവർ ശാസ്താപ്രീതി കർമ്മങ്ങൾ അനുഷ്ടിക്കണം. ശാസ്താവിന് പൂമാല, നെയ്‌വിളക്ക് എന്നിവ ശനിയാഴ്ചകളിൽ നൽകി പ്രാർത്ഥിക്കണം. നക്ഷത്രദേവതാമന്ത്രം പകൽ നേരത്ത് ജപിക്കുകയും വേണം.

മന്ത്രം: “ഓം സര്‍പ്പേഭ്യോ നമ:”

മകം:

വിവാഹം പോലുള്ള കാര്യങ്ങൾക്ക് അനുകൂലമായ കാലമാണ്. വിദ്യാവിജയം, തൊഴിൽവിജയം എന്നിവയും സംഭവിക്കും. കുടുംബത്ത് ശുഭകർമ്മങ്ങൾ നടക്കുന്നതിനും ഭാഗ്യമുണ്ടാകും. ജീവിതപങ്കാളിയെ കണ്ടെത്തൽ, വിവാഹനിശ്ചയം, വിവാഹം എന്നിവയ്ക്കും കാലം അനുകൂലമാണ്. പുതിയ പദ്ധതികൾ ആരംഭിക്കും. വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശുഭവാർത്ത. ധനപരമായ കാര്യത്തിൽ പ്രശ്നങ്ങളില്ലാതെ കടന്നുപോകും. കുടുംബത്ത് സ്വസ്‌ഥതയും സമാധാനവുമുണ്ടാകും. കണ്ടകശ്ശനി ആകയാൽ മിക്കപ്പോഴും തടസ്സങ്ങൾ നേരിടേണ്ടിയുംവരും. ആശുപത്രിവാസം, മാനസിക പിരിമുറുക്കം സംഭവിക്കുന്ന കാര്യങ്ങൾ എന്നിവയും സംഭവിക്കും. പൊതുവെ ഗുണദോഷസമ്മിശ്രമായ കാലമാണ്.

മഹാവിഷ്ണുവിന് ധന്വന്തരി മന്ത്രാർച്ചന, ശാസ്താവിന് നെയ്‌വിളക്ക് എന്നിവ ആഴ്ചതോറും ചെയ്ത് പ്രാർത്ഥിക്കണം. നക്ഷത്രദേവതാമന്ത്രം സ്‌ഥിരമായി ജപിക്കുന്നതും ഉത്തമം ആകുന്നു.

മന്ത്രം: “ഓം പിതൃഭ്യോ നമ:”

പൂരം:

ഉത്തരവാദിത്വങ്ങൾ കൂടും. ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. ആശുപത്രി സംബന്ധമായ കാര്യങ്ങൾ പ്രത്യേകിച്ച് സർജറി പോലുള്ളവ വിജയിക്കും. ധനപരമായ കാര്യങ്ങളും വലിയ കുഴപ്പമില്ലാതെ കടന്നുപോകും. കണ്ടകശ്ശനി ആകയാൽ മിക്ക കാര്യങ്ങളിലും തടസ്സമുണ്ടാകും. കുടുംബക്ഷേത്ര ദർശനം ഉത്തമഫലം നൽകും. ജൂലൈ മാസം വരെ ഒന്നിലധികം രോഗാദിക്ലേശങ്ങൾ സംഭവിക്കാം. ജീവിതപങ്കാളിയുമായുണ്ടായിരുന്ന പിണക്കങ്ങൾ നീങ്ങും. പിതൃസ്‌ഥാനീയർക്ക് കാര്യങ്ങൾ പ്രതികൂലമായിരിക്കും. രോഗവും സംഭവിക്കാൻ ന്യായമുണ്ട്. പുതിയ വീട് വാങ്ങുകയോ, നിർമ്മാണം ആരംഭിക്കുകയോ ചെയ്യും.

ലക്ഷ്മീനാരായണ പൂജയും ശാസ്താവിന് നീരാജനവും നക്ഷത്രദിവസങ്ങളിൽ ചെയ്ത് പ്രാർത്ഥിക്കണം. നക്ഷത്രദേവതാമന്ത്രജപം ശീലമാക്കണം.

മന്ത്രം: “ഓം ആര്യമ്ണേ നമ:”

ഉത്രം:

ഉത്രം നക്ഷത്രത്തിന്റെ ആദ്യപാദക്കാർക്ക് ഗുണദോഷ സമ്മിശ്രവും അവസാന മൂന്ന് പാദക്കാർക്ക് അത്യുത്തമവും ആയിരിക്കും. കാര്യങ്ങൾ ശുഭപ്രദമായി കടന്നുപോകും. ഇഷ്ടകാര്യസിദ്ധി, ആയുരാരോഗ്യം, കുടുംബത്ത് മംഗളകർമ്മങ്ങൾ, ദേശത്തിന് പുറത്ത് വസ്തുവകകൾ കൈകാര്യം ചെയ്യലോ വാങ്ങലോ, വിദേശഗമനം, വിദ്യാവിജയം എന്നിങ്ങനെ നാനാവിധമായ വിജയമുണ്ടാകും. പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങാൻ കഠിനാദ്ധ്വാനം ചെയ്യും. ധനപരമായ കാര്യങ്ങളിൽ ചിലപ്പോൾ വിഷമിക്കേണ്ട സാഹചര്യവും സംജാതമാകും. സന്താനങ്ങളുമായി വഴക്കോ പിണക്കമോ ഉണ്ടാകും. പിന്നെയത് മാറും. കുടുംബത്തുനിന്നും ലഭിക്കാനുള്ള സ്വത്തുവകകൾ ലഭിക്കും. പൊതുവെ ഉത്തമ കാലമായി ഭവിക്കും.

ഇവർ ശാസ്താഭജനവും വൈഷ്ണവഭജനവും നക്ഷത്രദേവതാ മന്ത്രജപവും ചെയ്‌താൽ മതിയാകും.

നക്ഷത്രദേവതാമന്ത്രം: “ഓം ഭഗായ നമ:”

അത്തം:

ഈ വ്യാഴമാറ്റവും ശനിമാറ്റവും ഏറ്റവും കൂടുതൽ ഗുണപ്രദമാകുന്നത് അത്തം നക്ഷത്രവും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്കാണ്. മുടങ്ങിക്കിടന്ന കാര്യങ്ങളെല്ലാം ശുഭപ്രദമായി വരും. വിദേശതൊഴിൽ, വിദ്യാവിജയം, പുതിയ സംരംഭം, സ്‌ഥാവര-ജംഗമ വസ്തുക്കളുടെ ഉടമസ്‌ഥാവകാശം എന്നിവ ഫലത്തിൽ വരും. പുതിയ പഠനം തുടങ്ങും. കോടതി വ്യവഹാരങ്ങൾ വിജയിക്കും. കിട്ടാക്കടങ്ങൾ തിരിച്ചുവരും. സഹോദരങ്ങളുമായും ബന്ധുക്കളുമായും നല്ല ബന്ധം തുടരും. അപ്രതീക്ഷിത വിദേശയാത്രയുണ്ടാകും. സ്വദേശത്തുനിന്നും മാറി, ദൂരെദേശത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക ബാദ്ധ്യതകൾ തീരും. ഭാവി കാര്യങ്ങൾക്കായി പണം നീക്കിവെക്കും. ശത്രുക്കൾ നിഷ്പ്രഭരാകും. ശനി, ചാരവശാൽ ഏറ്റവും അനുകൂലമായ ആറിൽ സഞ്ചരിക്കുമ്പോൾ യോഗപ്രദനായ ശനിയുടെ ദശയോ അപഹാരമോ ചേർന്നുവന്നാൽ ഇവർക്ക് രാജയോഗം ലഭിക്കും. വ്യാഴം ഏറ്റവും അനുകൂലമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇവർ സ്‌ഥിരമായി ഗായത്രിമന്ത്രം, ഗണപതിമന്ത്രം, നക്ഷത്രദേവതാമന്ത്രം എന്നിവ മാത്രം ജപിച്ചാൽ മതിയാകും.

നക്ഷത്രദേവതാമന്ത്രം: “ഓം സവിത്രേ നമ:”

ചിത്തിര:

ആദ്യത്തെ രണ്ട് പാദക്കാർക്ക് അത്യുത്തമമായ കാലമാണ്. അവസാനത്തെ രണ്ട് പാദക്കാർക്ക് ഗുണദോഷ സമ്മിശ്രവും ആയിരിക്കും. വളരെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തും. എപ്പോഴും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന്റെ ആലോചനയിൽ ആയിരിക്കും. പുതിയവ ആരംഭിക്കുകയും അത് വിജയിപ്പിക്കുകയും ചെയ്യും. സന്താനങ്ങൾ ധാരാളിത്തത്തിലേക്ക് കടക്കാതെ ശ്രദ്ധിക്കണം. വയർ സംബന്ധമായ അസുഖം, സർജറി പോലുള്ള ചികിത്സകൾ എന്നിവയും ശത്രുദോഷവും സംഭവിക്കും. എന്നാൽ വിദ്യാപുരോഗതി, വിദേശസംബന്ധമായ ആനുകൂല്യം എന്നിവ ഫലത്തിൽ വരികയും ചെയ്യും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനവും ഉണ്ടാകും.

ദോഷപരിഹാരമായി വൈഷ്ണവക്ഷേത്രത്തിൽ നക്ഷത്രത്തിൽ നരസിംഹാർച്ചന ചെയ്ത് പ്രാർത്ഥിക്കണം. അതോടൊപ്പം നക്ഷത്രദേവതാമന്ത്രജപവും ഉത്തമം.

മന്ത്രം: “ഓം വിശ്വകർമ്മണേ നമഃ”

ചോതി:

ശത്രുക്കളുടെ വർദ്ധനവ്, രോഗാദിക്ലേശം, ആശുപത്രിവാസം, സന്താനങ്ങളുടെ കാര്യത്തിൽ അമിതമായ ഉത്ക്കണ്ഠ എന്നിവ സംഭവിക്കുന്ന കാലമാണ്. എന്നാൽ തൊഴിലിൽ പുരോഗതിയുണ്ടാകും. ധനവരവ് കൂടും. ഇഷ്ടപ്പെട്ട വിവാഹം നടക്കും. കുറെ കാലമായി നീട്ടിവെച്ച സർജറി പോലുള്ള ചികിത്സയ്ക്ക് സമയം കണ്ടെത്തും. കുടുംബത്ത് മംഗളകർമ്മങ്ങൾ നടക്കും. വസ്‌തുവകകളുടെ എഴുത്തുകുത്തുകൾ, ഗൃഹപ്രവേശം എന്നിവയ്ക്കും കാലം അനുകൂലം. രോഗഭീതി പക്ഷെ മുന്നിട്ടുനിൽക്കും. എല്ലാം ഉണ്ടെങ്കിലും ഹൃദയവേദന അനുഭവിക്കും. കൃത്യമായ ദോഷപരിഹാരം അനുഷ്ഠിക്കണം.

മഹാവിഷ്ണുവിന് നക്ഷത്രദിവസങ്ങളിൽ പുരുഷസൂക്താർച്ചന, അവിടെയുള്ള സർപ്പദൈവങ്ങൾക്ക് നെയ്‌വിളക്ക് എന്നിവ നൽകി പ്രാർത്ഥിക്കണം. നക്ഷത്രദേവതാമന്ത്രം സ്‌ഥിരം ജപിക്കണം.

മന്ത്രം: “ഓം വായവേ നമ:”

വിശാഖം:

പൊതുവെ ഉത്തമം എന്ന് പറയാവുന്ന ഒരു വർഷമായിരിക്കും. ദേശാന്തര സഞ്ചാരവും മാതൃസ്‌ഥാനീയർക്ക് രോഗാദിക്ലേശവും ചിലപ്പോൾ അത്യാപത്തും സംഭവിക്കാവുന്ന കാലവും ആകയാൽ പ്രത്യേകം ശ്രദ്ധിക്കണം. മുടങ്ങിക്കിടന്ന പല കാര്യങ്ങളും പുനരാരംഭിക്കും. സ്വയംതൊഴിൽ കൂടുതൽ ലാഭപ്രദമാകും. കടബാദ്ധ്യതകൾ കുറയും. ശത്രുക്കൾ ഉണ്ടാകുമെങ്കിലും അവരൊക്കെ സാവധാനം പിന്മാറും. ത്വക്ക് സംബന്ധമായ രോഗങ്ങൾക്ക് സാദ്ധ്യതയുണ്ട്. ജീവിതപങ്കാളിയുമായി വഴക്കും പിണക്കവും ഉണ്ടാകുമെങ്കിലും അതൊക്കെ വേഗം അവസാനിപ്പിക്കും. പല ശുഭകർമ്മങ്ങളും കുടുംബത്ത് നടക്കും.

ശാസ്താവിന് നീരാജനം നക്ഷത്രദിവസം നൽകി പ്രാർത്ഥിക്കണം. നക്ഷത്രദേവതാമന്ത്രം സ്ഥിരം ജപിക്കണം.

മന്ത്രം: “ഓം ഇന്ദ്രാഗ്നിഭ്യാം നമ:”

അനിഴം:

വ്യാഴം ഉത്തമത്തിലാണ്. കണ്ടകശ്ശനിയുമാണ്. ഗുണപ്രദമായ പല കാര്യങ്ങളും തടസ്സങ്ങളോടുകൂടി മാത്രമേ പൂർത്തിയാക്കാൻ പറ്റുകയുള്ളൂ എന്ന സ്‌ഥിതിയുണ്ടാകും. ജീവിതപങ്കാളിയോട് അനാവശ്യമായ വഴക്കുണ്ടാക്കും. രക്തസംബന്ധമായ രോഗങ്ങളിലൂടെ കടന്നുപോകും. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷപ്രദമായ കാലമാണ്. സന്താനങ്ങൾക്ക് വിദ്യാവിജയം, തൊഴിൽവിജയം, വിദേശവുമായി ബന്ധപ്പെട്ട സന്തോഷ വാർത്തകൾ എന്നിവയ്ക്ക് യോഗവും ഉണ്ടാകും. ഏതെങ്കിലും വിധത്തിൽ രണ്ടാമതൊരു വരുമാന മാർഗ്ഗവും കണ്ടെത്തും. കൂട്ടുകാരുമായി ചേർന്നുള്ള പുതിയ സംരംഭം വിജയത്തിലെത്തും. ശാസ്താപ്രീതി കർമ്മങ്ങൾ അനുഷ്ഠിച്ച് തടസ്സങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണം.

ശാസ്താവിന് നക്ഷത്രദിവസങ്ങളിൽ നീലപ്പട്ട്, നെയ്‌വിളക്ക്, ശാസ്തൃമന്ത്രാർച്ചന എന്നിവ നൽകി പ്രാർത്ഥിക്കണം. നക്ഷത്രദേവതാമന്ത്രം നിത്യവും ജപിക്കണം.

മന്ത്രം: “ഓം മിത്രായ നമ:”

തൃക്കേട്ട:

നല്ല ബന്ധങ്ങൾ, വിവാഹനിശ്ചയം, ഗൃഹസംബന്ധമായ കാര്യങ്ങൾ എന്നിവയ്ക്കൊക്കെ അനുകൂലമായ കാലം. പുതിയ തൊഴിൽ ആരംഭിക്കാനും കാലം അനുകൂലം. മാനസിക പിരിമുറുക്കമുള്ള തൊഴിലായിരിക്കും. തൊഴിൽ സ്‌ഥലത്ത്‌ അനാവശ്യമായ പല തടസ്സങ്ങളും ഇടപെടലുകളും ഉണ്ടാകും. അതൊക്കെ ബുദ്ധിപരമായി തരണം ചെയ്യേണ്ടതാണ്. കുടുംബത്ത് പുതിയ അതിഥികൾ വരും. ദേശത്തിന് പുറത്ത് വസ്തുവകകൾ വാങ്ങാൻ സാധിക്കും. ബന്ധുക്കളുമായി മനസ്സറിവില്ലാത്ത കാര്യങ്ങൾക്ക് പിണക്കമുണ്ടാകും. ഊഹക്കച്ചവടം വഴി ലാഭമുണ്ടാകും. പൊതുവെ ദോഷമില്ലാതെ കടന്നുപോകുന്ന കാലമാണ്.

ശനിയാഴ്ച വ്രതം അത്യുത്തമം ആയിരിക്കും. വ്രതങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്‌താൽ മതി: https://uthara.in/vrathangal/

നക്ഷത്രദേവതാ മന്ത്രജപവും ഉത്തമം ആകുന്നു. മന്ത്രം: “ഓം ഇന്ദ്രായ നമ:”

മൂലം:

വ്യാഴം ഏറ്റവും മോശപ്പെട്ട ഭാവത്തിലാണ്. കുടുംബത്ത് അസ്വാരസ്യം സംഭവിക്കും. വഴക്കും പിണക്കവും ഉണ്ടാകും. വാഹനസംബന്ധമായി വളരെയേറെ ശ്രദ്ധിക്കണം. അപകടമുണ്ടാകും. ധനുക്കൂറുകാർക്ക് വ്യാഴം ചാരവശാൽ നാലിൽ സഞ്ചരിക്കുന്നത് ഏറ്റവും മോശപ്പെട്ട അവസ്‌ഥയുണ്ടാക്കും. ഗ്രഹനിലയിൽ നാലിലെ വ്യാഴം ഉത്തമവും, ചാരവശാൽ നാലിലെ വ്യാഴം വളരെ മോശവുമാണ്. ആയതിന്റെ പ്രമാണം ആദ്യം എഴുതിയിട്ടുണ്ട്. മാതൃസ്‌ഥാനീയർക്ക് ക്ലേശം, രോഗാവസ്‌ഥ എന്നിവയുണ്ടാകും. കുടുംബക്ഷേത്രദർശനം മുടക്കരുത്. മൂക്കിൽ രോഗം സംഭവിക്കാം. അരമുതൽ കണങ്കാൽ വരെയുള്ള ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ ശ്രദ്ധിക്കേണ്ടതാണ്. ശനി ഉത്തമ സ്‌ഥാനത്താണ്. ദേശത്തിന് പുറത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കും. എന്നാൽ അതൊക്കെ നീണ്ടുപോകും. വ്യാഴദോഷപരിഹാരം ചെയ്യണം.

വ്യാഴാഴ്ചവ്രതം അത്യുത്തമം. നക്ഷത്രദേവതാമന്ത്രം സ്‌ഥിരമായി ജപിക്കണം. മന്ത്രം: “ഓം നിര്യതയേ നമ:”

പൂരാടം:

കുടുംബവഴക്ക്, ചെയ്യാത്ത തെറ്റിന് ശിക്ഷ, വാഹനം കൊണ്ടുള്ള ദോഷം, കാലിന് ഏതെങ്കിലും തരത്തിലെ രോഗമോ അപകടമോ അങ്ങനെ പലവിധമായ ദുരിതങ്ങൾ സംഭവിക്കാവുന്ന കാലമാണ്. വാഹനം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ദൂരെദേശത്ത് ഗുണപ്രദമായ സ്‌ഥിതിയുമുണ്ടാകും. സഹോദരങ്ങളുമായി പ്രശ്നങ്ങൾ ഉടലെടുക്കും. ധനപരമായ കാര്യങ്ങളിൽ തർക്കമോ അപമാനമോ സംഭവിക്കും. മാതാവിന് രോഗദുരിതങ്ങളുണ്ടാകും. മീനം, മേടം, മിഥുനം, കർക്കടകം, ചിങ്ങം, വൃശ്ചികം മാസങ്ങൾ കൂടുതൽ ദോഷപരമായിരിക്കും. കർക്കടകമാസത്തിൽ പിതൃസ്‌ഥാനീയർക്ക് രോഗാദിക്ലേശം വർദ്ധിക്കാമെന്നതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമായിരിക്കും. ശനി, ചാരവശാൽ അനുകൂലമാണ്.

മഹാവിഷ്ണുവിന് നക്ഷത്രത്തിൽ രാജഗോപാലാർച്ചന ചെയ്ത് വ്യാഴദോഷങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണം. നക്ഷത്രദേവതാമന്ത്രം എന്നും ഭക്തിയോടെ ജപിക്കണം. മന്ത്രം: “ഓം അദ്രഭ്യോ നമ:”

ഉത്രാടം:

ഇവർക്ക് പൊതുവെ പ്രതികൂലമായ കാലമായിരിക്കും. മകരക്കൂറുകാർക്ക് ഏഴരശ്ശനിയുമാണ്. എല്ലാ കാര്യങ്ങളിലും തടസ്സവും പ്രയാസങ്ങളും അനുഭവത്തിൽ വരും. വയർ സംബന്ധമായ രോഗവും ആശുപത്രിവാസവും ഉണ്ടായേക്കും. സഹോദരസ്‌ഥാനീയർക്ക് ഗുണപ്രദമായ കാലവുമാണ്. വിവാഹ ആലോചന, നിശ്ചയം, വിവാഹം എന്നിവയ്ക്ക് അനുകൂലമായ കാലവുമാണ്. ഗൃഹനിർമ്മാണവും ഗൃഹപ്രവേശവും ഉണ്ടാകും. ധനപരമായ കാര്യങ്ങളിൽ മിക്കപ്പോഴും പ്രതിസന്ധി നേരിടേണ്ടി വരുന്നതാണ്. ബാങ്ക്, കോടതി, സർക്കാർ എന്നിവരിൽ നിന്നും നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കും. ജീവിതപങ്കാളിയുമായും കുടുംബാംഗങ്ങളുമായി ആലോചിച്ച് മാത്രമേ ധനം ചെലവാക്കിയുള്ള പദ്ധതിയാൽ ആരംഭിക്കാവൂ. ജാമ്യം നിൽക്കുന്നതും മദ്ധ്യസ്ഥത പറയുന്നതും ദോഷപ്രദമായി ഭവിക്കും.

മഹാവിഷ്ണുവിന് വ്യാഴാഴ്ചകളിലും, ശാസ്താവിന് ശനിയാഴ്ചകളിലും പ്രഭാതത്തിൽ നെയ്‌വിളക്ക്, ഭാഗ്യസൂക്താർച്ചന എന്നിവ ചെയ്ത് പ്രാർത്ഥിക്കണം. നക്ഷത്രദേവതാ മന്ത്രജപം ശീലമാക്കണം.

മന്ത്രം: “ഓം വിശ്വദേവേഭ്യോ നമ:”

തിരുവോണം:

ഏഴരശ്ശനിക്കാലം. വ്യാഴവും രാഹുവും കേതുവും ദോഷപ്രദം. മേടം, ഇടവം, കർക്കടകം, ചിങ്ങം, കന്നി, ധനു, മകരം മാസങ്ങൾ കൂടുതൽ ക്ലേശപ്രദവുമായിരിക്കും. ദശാപഹാരകാലവും പ്രതികൂലമാണെങ്കിൽ വളരെയധികം ശ്രദ്ധിക്കുകയും മഹാദേവക്ഷേത്രത്തിൽ ആയൂഷ്യസൂക്ത പുഷ്‌പാഞ്‌ജലി നക്ഷത്രദിവസങ്ങളിൽ ചെയ്ത പ്രാർത്ഥിക്കേണ്ടതുമാണ്.

എല്ലാ കാര്യങ്ങളിലും തടസ്സം, വീടിന് ഏതെങ്കിലും തരത്തിലെ ദോഷദുരിതങ്ങൾ, രോഗാവസ്‌ഥ, അത്യധികമായ മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ, ജീവിതപങ്കാളിയുമായുള്ള വഴക്ക്, കുടുംബപരമായ തർക്കങ്ങൾ, അപ്രതീക്ഷിതമായി സംഭവിക്കുന്ന ധനനഷ്ടം എന്നിവ വളരെയധികം ദുരിതമുണ്ടാക്കും. ബാങ്ക് വായ്പയുടെ തിരിച്ചടവ്, സ്വർണ്ണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന നഷ്ടം എന്നിവയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഉറക്കക്കുറവും അമിതമായ ഉത്ക്കണ്ഠയും മാനസിക തകരാറുപോലും ഉണ്ടാക്കിയേക്കാം എന്നതിനാൽ കൃത്യമായ പ്രാർത്ഥനയും പരിഹാരങ്ങളും ചെയ്യേണ്ടതാണ്.

നക്ഷത്രദിവസങ്ങളിൽ പ്രഭാതത്തിൽ ശിവക്ഷേത്രത്തിൽ ആയൂഷ്യസൂക്ത പുഷ്‌പാഞ്‌ജലി. നക്ഷത്രദേവതാ മന്ത്രം സ്‌ഥിരം ജപിക്കണം.

മന്ത്രം: “ഓം വിഷ്ണവേ നമ:”

അവിട്ടം:

കാലം പ്രതികൂലമാണ്. എന്നാൽ വിദ്യാഭ്യാസം, തൊഴിൽ എന്നിവ തടസമില്ലാതെ നടക്കും. ജോലിസ്‌ഥലത്ത് പലവിധമായ ശത്രുശല്യങ്ങളുമുണ്ടാകുമെങ്കിലും അവയൊക്കെ തരണം ചെയ്യാൻ സാധിക്കും. അവിട്ടം ആദ്യത്തെ രണ്ട് പാദങ്ങൾക്ക് ഏഴരശ്ശനിയുടെ അവസാനവും  അവിട്ടം അവസാന രണ്ട് പാദങ്ങൾക്ക് വ്യാഴം അനുകൂലമാണെങ്കിലും ഏഴരശ്ശനിയിലെ വളരെ കഠിനമായ ജന്മശ്ശനിക്കാലവും കൂടിയാണ്. രോഗാവസ്‌ഥയുണ്ടാകും. ധനപരമായ കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധയുണ്ടായിരിക്കണം. ചതിപറ്റാൻ സാദ്ധ്യതയുണ്ട്. പൂർണ്ണമായി വിശ്വാസമില്ലാത്തവർക്ക് സാമ്പത്തിക സഹായം നൽകരുത്. പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂലമായി വരും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. ഊഹക്കച്ചവടം ചെയ്യുന്നത് വളരെ ശ്രദ്ധയോടെ ആയിരിക്കണം. ശുഭകർമ്മങ്ങൾ നടക്കുന്ന കാലവുമാണ്.

ദോഷപരിഹാരമായി ശാസ്താവിന് ശനിയാഴ്ചകളിൽ നീരാജനം സമർപ്പിച്ച് ശനിദോഷങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണം. അതോടൊപ്പം നക്ഷത്രദേവതാമന്ത്രവും ജപിക്കണം.

മന്ത്രം: “ഓം വസുഭ്യോ നമ:”

ചതയം:

ഇവർക്ക് വ്യാഴവും രാഹുവും ഉത്തമസ്‌ഥാനത്തും ശനിയും കേതുവും അതീവ ദോഷസ്‌ഥാനത്തും ആകുന്നു. ധനപരമായ കാര്യങ്ങളിൽ സന്തോഷമുണ്ടാകും. പിതൃസ്‌ഥാനീയർക്ക് ഏറെ ദോഷപ്രദമായ കാലമാണ്. സഹോദരങ്ങൾക്ക് ഏതെങ്കിലും തരത്തിലെ ഉന്നതിയുണ്ടാകും. ചതയം നക്ഷത്രക്കാർക്ക് ശരീരക്ഷതവും മറ്റ് രോഗാദിക്ലേശവും സംഭവിക്കാവുന്ന കാലവുമാണ്. തൊഴിൽസ്‌ഥലം മാറേണ്ടതായ സാഹചര്യമുണ്ടാകും. വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ സംഭവിക്കും. കോടതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വലിയ മെച്ചമുണ്ടാകും. നീതിന്യായ സ്‌ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കും. അഭിനയ രംഗത്തുള്ളവർക്കും അനുകൂലമായ കാലമാണ്.

ശാസ്താപ്രീതി കർമ്മങ്ങൾ ഉത്തമ ഗുണം ചെയ്യും. നക്ഷത്രദിവസങ്ങളിൽ ശാസ്താവിന് ഉടയാട, പൂമാല, നെയ്‌വിളക്ക്, ശാസ്തൃമന്ത്രാർച്ചന എന്നിവ ചെയ്ത് പ്രാർത്ഥിക്കണം. അവിടെയുള്ള സർപ്പദൈവങ്ങൾക്ക് ഇഷ്ടവഴിപാടുകളും നൽകണം. അതോടൊപ്പം നക്ഷത്രദേവതാമന്ത്രവും ജപിക്കണം.

മന്ത്രം: “ഓം വരുണായ നമ:”

പൂരുരുട്ടാതി:

ആദ്യത്തെ മൂന്ന് പാദങ്ങൾ കുംഭക്കൂറിലും അവസാനത്തെ പാദം മീനക്കൂറിലും ആകുന്നു. കുംഭക്കൂറുകാർക്ക് ജന്മശ്ശനിക്കാലവും വ്യാഴം ഉത്തമത്തിലും ആയിരിക്കും. എന്നാൽ മീനക്കൂറുകാർക്ക് ജന്മത്തിലെ വ്യാഴവും ഏഴരശ്ശനിയുടെ ആരംഭവുമാണ്. പൊതുവെ മോശമായിരിക്കും. വാഹനം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കണം. നിരത്തുകളിൽ മത്സരയോട്ടത്തിന് മുതിരരുത്. വാഹനത്താൽ ദോഷമുണ്ടാകുന്ന കാലമാണെന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ശാരീരിക അസ്വാസ്ഥ്യങ്ങൾ കൂടും. ചെയ്തുവന്ന കാര്യങ്ങൾ മാത്രം തുടരാവുന്ന കാലമാണ്. പുതിയവ ആരംഭിക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ വലിയ പ്രതിസന്ധിയിൽ എത്തിപ്പെടും. ബന്ധുക്കളൊക്കെ നിസ്സാര കാര്യങ്ങൾക്ക് ശത്രുക്കളാകും. എന്നാൽ അതൊക്കെ ഇപ്പോഴുള്ള കാലദോഷമാണെന്ന് കരുതി തളരാതെ ദൈവവിചാരത്തോടെ ജീവിച്ചാൽ അതൊക്കെ നിഷ്പ്രയാസം തരണം ചെയ്യാനും സാധിക്കുന്നതാണ്. പൊതുവെ ദോഷപ്രദമായ ഒരു കാലമാകയാൽ മഹാദേവക്ഷേത്രത്തിൽ കൃത്യമായ വഴിപാടുകൾ ചെയ്ത് പ്രാർത്ഥിക്കണം.

നക്ഷത്രദിവസങ്ങളിൽ മഹാദേവക്ഷേത്രത്തിൽ അഘോരമന്ത്രാർച്ചനയും കൂവളമാലയും നൽകി പ്രാർത്ഥിക്കണം. നക്ഷത്രദേവതാമന്ത്രം സ്‌ഥിരമായി ജപിക്കുന്നതും അത്യുത്തമം തന്നെയാകുന്നു.

മന്ത്രം: “ഓം അജൈകപദേ നമ:”

ഉതൃട്ടാതി:

ജന്മരാശിയിൽ വ്യാഴം, ഏഴരശ്ശനിയുടെ ആരംഭം, രാഹുവും കേതുവും പ്രതികൂല ഭാവങ്ങളിൽ. വളരെയധികം ശ്രദ്ധിക്കേണ്ടതായ കാലമാണ്. വാഹനസംബന്ധമായി വളരെ ശ്രദ്ധിക്കണം. മലയാളമാസം ഒന്നാംതീയതി ഗ്രാമക്ഷേത്രത്തിൽ വാഹനപൂജ മുടങ്ങാതെ നടത്തണം. അത്യധികമായ ചെലവുകൾകൊണ്ട് നട്ടംതിരിയുന്ന സ്‌ഥിതിയുണ്ടാകും. പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് അതേ അർത്ഥത്തിൽ മനസ്സിലായിക്കൊള്ളണമെന്നില്ല. അതും വലിയ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കും. എന്നാൽ സർക്കാർ തൊഴിൽ പ്രതീക്ഷിക്കുന്നവർക്ക് സന്തോഷവാർത്തയ്ക്ക് യോഗമുണ്ട്. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് വലിയ ധനനഷ്ടമുണ്ടാകാതെ ശ്രദ്ധിക്കണം. അഷ്ടമത്തിലെ കേതു പൊതുവെ തീരാദുരിതങ്ങളും ചിന്തിക്കാൻ കഴിയാത്ത അപകടവും നൽകുന്നതിൽ മുന്നിലാണ്. എന്നാൽ തുലാം രാശിയിൽ നിൽക്കുന്നതിനാൽ ദോഷങ്ങൾക്ക് പരിധിയുണ്ടാകുമെന്ന് വിശ്വസിക്കണം. വിദേശയാത്ര, കൂട്ടുസംരംഭം എന്നിവ ഇപ്പോൾ ചെയ്യാൻ അനുകൂലമായ കാലമല്ല.

നക്ഷത്രദിവസങ്ങളിൽ നവഗ്രഹാർച്ചന ചെയ്ത് പ്രാർത്ഥിക്കണം. നക്ഷത്രദേവതാമന്ത്രജപവും അത്യുത്തമം ആയിരിക്കും.

മന്ത്രം: “ഓം അഹിര്‍ബുധ്ന്യാ നമ:”

രേവതി:

ശനി, വ്യാഴം, രാഹു, കേതു എന്നിവരൊക്കെയും പ്രതികൂലമായി നിൽക്കുന്ന കാലമാണ്. ഏഴരശ്ശനി, ജന്മരാശിയിലെ വ്യാഴം എന്നിവ ഒരുപോലെ വരുന്നത് പൊതുവെ നല്ലതല്ല. ദശാപഹാരകാലവും പ്രതികൂലമായി വന്നാൽ അതീവ ദോഷപ്രദവുമായിരിക്കും. വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ്. ശരീരത്തിൽ മുറിവുകൾ സംഭവിക്കും. വാഹനവുമായി ഇടപഴകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അപകടസാദ്ധ്യത വളരെക്കൂടുതലാണ്. ചെയ്യുന്ന ജോലിയ്ക്ക് അനുസൃതമായി വേതനം ലഭിക്കണമെന്നില്ല. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിൽ മാറാൻ ശ്രമിക്കരുത്. ജോലി നഷ്ടപ്പെട്ടാൽ ഒരുവർഷക്കാലം വളരെ കഷ്ടപ്പെടേണ്ടി വരും. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശുഭവാർത്തയ്ക്ക് യോഗം. ലോൺ, തിരിച്ചടവ് എന്നിവ മുടങ്ങാതെ ശ്രദ്ധിക്കണം. പിതൃസ്‌ഥാനീയർക്ക് കാലം പൊതുവെ മോശമായിരിക്കും. അവർക്ക് രോഗാദിക്ലേശമുണ്ടായാൽ വെച്ചുതാമസിപ്പിക്കാതെ വൈദ്യസഹായം തേടേണ്ടതുമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പറ്റിയ കാലമല്ല.

മഹാദേവക്ഷേത്രത്തിൽ നക്ഷത്രദിവസങ്ങളിൽ മൃത്യുഞ്ജയാർച്ചന, കൂവളമാല എന്നിവ നൽകി പ്രാർത്ഥിക്കണം. നക്ഷത്രദേവതാമന്ത്രവും സ്ഥിരമായി ജപിക്കണം.

മന്ത്രം: “ഓം പൂഷണേ നമ:”
————–
(ചാരവശാലുള്ള ഫലങ്ങൾ വ്യത്യസ്‌ഥമായി ഭവിക്കുന്നത് ഓരോരുത്തരുടെയും ദശാപഹാരകാലവും അനുകൂലമോ പ്രതികൂലമോ ആകുന്നത് കൊണ്ടാണ്. ചാരവശാൽ ഗുണമുള്ള ഒരാൾക്ക് ദശാപഹാരകാലവും അനുകൂലമാണെങ്കിൽ അവർക്ക് രാജയോഗങ്ങൾ അനുഭവത്തിൽ വരും. രണ്ടും മോശമാണെങ്കിൽ അതീവ നിർഭാഗ്യതയും സംഭവിക്കും. ചാരവശാൽ അനുകൂലവും ദശാപഹാരകാലം പ്രതികൂലവുമായി ഒരാൾക്ക് വന്നാൽ (അല്ലെങ്കിൽ തിരിച്ച്) അത് ഗുണമോ ദോഷമോ ഇല്ലാത്ത അവസ്‌ഥയിലൂടെ കടന്നുപോകും. ചാരവശാലുള്ള ഫലദോഷങ്ങൾ ഒരു സൂചിക മാത്രമായിക്കണ്ട് ജീവിതവിജയമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു)

Anil Velichappadan
Uthara Astro Research Center
Karunagappally, www.uthara.in

Share this :
× Consult: Anil Velichappadan