സ്നേഹവും ലാളനയും കരുതലും നല്‍കിയ മാതാവും പിതാവും, ഭയഭക്തി ബഹുമാനം നല്‍കിയ പുത്രനും (പുത്രിയും) മന:സാക്ഷിയുള്ള സഹോദരങ്ങളും കുടുംബ ബന്ധങ്ങളിലെ ഭാഗ്യങ്ങളാകുന്നു. ജന്മം നല്കിയതുകൊണ്ടുമാത്രം എന്ത് പ്രസക്തി? കടപ്പാടിന്‍റെ കണക്കുകള്‍ പറയുമ്പോള്‍ ചെയ്ത കര്‍മ്മങ്ങളും നമ്മള്‍ ഓര്‍ക്കുകതന്നെവേണം.
“പിതു: ശതഗുണം പുണ്യം
സഹസ്രം മാതുരേവ ച
ഭഗിനീദശസാഹസ്രം
സോദരേ ദത്തമക്ഷയം”
(പിതാവിന് പുത്രന്‍ ചെയ്യുന്ന ദാനത്തിന് നൂറിരട്ടി പുണ്യം ലഭിക്കും. മാതാവിന് വേണ്ടിയാണ് ദാനം ചെയ്യുന്നതെങ്കില്‍ ആയിരം ഇരട്ടിയാണ് ഫലം. സഹോദരിക്കുവേണ്ടിയാണ് ദാനം ചെയ്യുന്നതെങ്കില്‍ പതിനായിരം ഇരട്ടിയാണ് ഫലം. സഹോദരനുവേണ്ടിയാണ് ദാനം ചെയ്യുന്നതെങ്കില്‍ അക്ഷന്തവും അനന്തവുമായ പുണ്യം ലഭിക്കും)
“ആത്മവിത്താനുസാരേണ
തത്ര ദാനമനന്തകം
ദേയം വിപ്രായ വിദുഷേ
സ്യാത്മന: ശ്രേയ ഇച്ഛതാ”
(തന്‍റെ സ്വന്തം സമ്പല്‍സ്ഥിതിയനുസരിച്ച് ചെയ്യുന്ന ദാനത്തിന്‍റെ ഫലം അനന്തമാണ്. അതിനാല്‍ സ്വന്തം ശ്രേയസ്സ് ആഗ്രഹിക്കുന്ന മനുഷ്യന്‍ ഉത്തമ മനുഷ്യന് ദാനം ചെയ്യേണ്ടതാകുന്നു)
ഒന്നിനോടൊന്ന് ബന്ധപ്പെട്ട് കിടക്കുന്ന രണ്ട് സംഭവകഥകള്‍ പറയാം.
(ഭാഗം ഒന്ന്‍)
കുറച്ചുകാലം മുമ്പാണ്.
മുഹമ്മദ് റിസ്വാന്‍ എന്നൊരു ഇന്ത്യക്കാരന്‍ അയാളുടെ കാറുമായി ഒമാന്‍, മസ്ക്കറ്റിലെ ഖുബ്രയിലൂടെ വരികയായിരുന്നു. സിഗ്നല്‍ കാത്തുകിടന്ന ഇദ്ദേഹത്തിന്‍റെ കാറില്‍ മറ്റൊരു വാഹനം ശക്തിയായി ഇടിച്ചു, കാറുകള്‍ രണ്ടും തകര്‍ന്നു.
ദൈവാനുഗ്രഹം; ആര്‍ക്കും പരിക്കില്ല.
ഒരു വാഹനത്തിന്‍റെ പിന്നില്‍ വന്നിടിക്കുന്നതും, സിഗ്നല്‍ കാത്തുകിടന്ന ഒരു വാഹനത്തിന്‍റെ പിന്നില്‍ ഇടിക്കുന്നതും (ഇവ രണ്ടും) വലിയ കുറ്റമാണല്ലോ; പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍.
മുഹമ്മദ് റിസ്വാന്‍ തന്‍റെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. പിന്നില്‍ വന്നിടിച്ചത് പഴയൊരു കാറാണ്. അത് പൂര്‍ണ്ണമായും തകര്‍ന്നുവന്നുതന്നെ പറയാം. കാര്‍ ഓടിച്ചിരുന്ന മദ്ധ്യവയസ്ക്കന്‍ പുറത്തിറങ്ങി രണ്ട് കാറുകളും നിറകണ്ണുകളോടെ നോക്കുന്നു. ആ കാറില്‍ അഞ്ച് കുഞ്ഞുങ്ങളും അവരുടെ അമ്മയും ആകെ വിഷമിച്ച് ഇരിക്കുന്നു. ആകെ വിഷമം ജനിപ്പിക്കുന്ന അന്തരീക്ഷം.
ആളുകള്‍ അടുത്തുകൂടിക്കൊണ്ടിരുന്നു. മുഹമ്മദ് റിസ്വാന്‍റെ കാറിനും നല്ല പണിയുണ്ട്. കാര്‍ ഓടിച്ചിരുന്ന ഒമാനി, മുഹമ്മദ് റിസ്വാന്‍റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു: “സഹോദരാ…. സഹായിക്കണം. എന്‍റെ കാറിന് ഇന്‍ഷുറന്‍സില്ല. എന്നും വിചാരിക്കും, പുതുക്കണമെന്ന്. കുഞ്ഞുങ്ങള്‍ക്ക് നല്ലൊരു വസ്ത്രം വാങ്ങാന്‍പോലും എനിക്ക് സാധിക്കുന്നില്ല. പിന്നെങ്ങനെ ഞാന്‍ കാറിന്‍റെ ഇന്‍ഷുറന്‍സ് പുതുക്കും? അള്ളാഹുവിനെ വിളിച്ചുകൊണ്ട് കാറുമായി ഇറങ്ങുന്നതാണ്…..” അയാള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
മുഹമ്മദ് റിസ്വാന്‍ ആ കാറിലിരിക്കുന്ന അഞ്ച് കുട്ടികളെയും അവരുടെ അമ്മയുടെയും ദയനീയസ്ഥിതി ഒന്നുകൂടി നോക്കി. എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരവസ്ഥ. അവിടെ കൂടിയിരിക്കുന്ന ആളുകള്‍ ആകെ സ്തംഭിച്ചുനില്‍ക്കുന്നു. പോലീസ് വന്നാല്‍ ആകെ പ്രശ്നമാകും. അവരുടെ മുമ്പില്‍ ഒമാനിയെന്നോ ഇന്ത്യനെന്നോ ഇല്ല. കുറ്റം ആര് ചെയ്തുവെന്ന് മാത്രമേ അവര്‍ നോക്കുകയുള്ളൂ.
മുഹമ്മദ് റിസ്വാന്‍ പതിയെ ഒമാനിയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു: “സഹോദരാ…. നിന്നോട് ഞാന്‍ പറഞ്ഞോ, എന്‍റെ കാര്‍ നീ ശരിയാക്കി നല്‍കണമെന്ന്? നിന്‍റെ കാര്‍ നീ തന്നെ ശരിയാക്കണമെന്നും ഞാന്‍ പറഞ്ഞോ? ദൈവം ഒരാള്‍ക്ക് പണം നല്‍കുന്നത് ഇല്ലാത്തവരെയും സഹായിക്കാനാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ദൈവം എന്നെ ശിക്ഷിക്കില്ലേ….എന്‍റെ അപേക്ഷ ദൈവം പിന്നെ സ്വീകരിക്കുമോ?…..”
പിന്നെ എന്താണ് സംഭവിച്ചതെന്ന് പറയുന്നില്ല.
ആ ഹൃദയബന്ധം ഇന്നും തുടരുകയാണ്.
“നാ ചൈവോപദ്രവാ ദാതുര്‍ന
വാ നരകയാതന:
മൃത്യുകാലേ ച ഭയം
യമദൂതസമുദ്ഭവം”
(ദാനം ചെയ്യുന്നവന് ഒരു കാരണവശാലും ഉപദ്രവം ഉണ്ടാകുകയില്ല. ഒരുതരത്തിലും നരകയാതനകളും ഉണ്ടാകുകയില്ല. മൃത്യുകാലത്ത് യമഭടന്മാരില്‍ നിന്നും ഉപദ്രവം ഉണ്ടാകുന്നതുമല്ല)
(ഭാഗം രണ്ട്)
മുഹമ്മദ് റിസ്വാന്‍ മാസത്തിലോ അല്ലെങ്കില്‍ ഇഷ്ടമുള്ള സമയങ്ങളിലോ ഇന്ത്യയില്‍ വന്ന് മാതാപിതാക്കളെയും സഹോദരങ്ങളെയും കാണുമായിരുന്നു. ബിസിനസ്സ് നല്ല നിലയില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
പിതാവിന് അസുഖമായിത്തുടങ്ങി. “എനിക്ക് അവനെയൊന്ന് കാണണം….” എന്ന് പിതാവ് അറിയിച്ചു. പക്ഷേ, ചില സാങ്കേതിക കാരണങ്ങളാല്‍ മുഹമ്മദ് റിസ്വാന് മൂന്ന്‍ ദിവസം കഴിഞ്ഞേ നാട്ടിലെത്താന്‍ സാധിച്ചുള്ളൂ. അപ്പോഴേക്കും ആ വൃദ്ധപിതാവ് ശരീരം തളര്‍ന്ന്, അത്യാഹിതവിഭാഗത്തില്‍ കിടപ്പിലായിക്കഴിഞ്ഞിരുന്നു. മരണം ആസന്നമായ പ്രതീതി.
ആശുപത്രിയിലെത്തിയ ഇദ്ദേഹം പിതാവിനെ നോക്കി സങ്കടത്തോടെ നിന്നു. പിന്നെ ദൈവത്തെ വിളിച്ചുകരഞ്ഞു. “എന്‍റെ പിതാവ് ഒരു പ്രാവശ്യം കണ്ണൊന്ന് തുറന്ന് എന്നെയൊന്ന് നോക്കണേ… ഇല്ലെങ്കില്‍ ഈ ജന്മം എനിക്ക് മന:സമാധാനം ലഭിക്കില്ല…”
വേറെ എങ്ങോട്ടും പോകാതെ അദ്ദേഹം ദൈവത്തെ വിളിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു. അടുത്ത ദിവസം പിതാവിനെ കാണാനായി അകത്തേയ്ക്ക് വിളിച്ചു. പിതാവിനെ നോക്കിയും കൈപിടിച്ചും ഉമ്മവെച്ചും കരഞ്ഞുകൊണ്ട് പറഞ്ഞു: “ഒരു പ്രാവശ്യം എന്നെയൊന്ന് നോക്കിയാലും…. എനിക്ക് അന്ന് ഓടിയെത്താന്‍ കഴിഞ്ഞില്ല…. എന്നോട് എന്തെങ്കിലുമൊന്ന് പറയൂ…”
പിതാവിന്‍റെ കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുന്നതുപോലെ ഒരു തോന്നല്‍. നഴ്സിനെ വിവരമറിയിച്ചു. “കോമാസ്റ്റേജില്‍, അതും ഇത്ര ക്രിട്ടിക്കല്‍ സ്റ്റേജില്‍ കിടക്കുന്ന രോഗി അങ്ങനെയൊക്കെ ചെയ്യുമോ? സാദ്ധ്യത തീരെക്കുറവ്…” നഴ്സ് പറഞ്ഞുനിര്‍ത്തി.
എന്നാല്‍ ആ പിതാവ് കണ്ണുകള്‍ തുറന്ന് മകനോട് എന്തോ പറയുന്നതുപോലെ തോന്നി. മുഹമ്മദ് റിസ്വാന്‍ പിതാവിന്‍റെ കണ്ണുകള്‍ വെള്ളത്തില്‍ മുക്കിയ പഞ്ഞികൊണ്ട് തുടച്ചുകൊടുത്തു…. കണ്ണുകള്‍ വൃത്തിയാക്കി…. കെട്ടിപ്പിടിച്ച് ഉമ്മകൊടുത്തു. ഡോക്ടേഴ്സ് ഓടിയെത്തി. ഇനിയെല്ലാം അനുകൂലമായി വരുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.
മൂന്നാംദിവസം പിതാവ് എഴുന്നേറ്റു. മംഗലാപുരത്തെ ഏറ്റവും വലിയ ആശുപത്രിയിലെ ഹാളിലൂടെ അദ്ദേഹം മകനുമായി സംസാരിച്ച് നടന്ന് കാറില്‍ക്കയറി. വിദേശത്തെ സകല ബിസിനസ്സുകളും ഉപേക്ഷിച്ച് രണ്ടുമാസം പിതാവിനെ ശുശ്രൂഷിച്ചുകൊണ്ട് നാട്ടില്‍ നിന്നു. പിതാവിന്‍റെ മരണംവരെ ആ മകന്‍ കൂടെയുണ്ടായിരുന്നു.
“പിതു: ശതഗുണം പുണ്യം
സഹസ്രം മാതുരേവ ച
ഭഗിനീദശസാഹസ്രം
സോദരേ ദത്തമക്ഷയം”
(പിതാവിന് പുത്രന്‍ ചെയ്യുന്ന ദാനത്തിന് നൂറിരട്ടി പുണ്യം ലഭിക്കും. മാതാവിന് വേണ്ടിയാണ് ദാനം ചെയ്യുന്നതെങ്കില്‍ ആയിരം ഇരട്ടിയാണ് ഫലം. സഹോദരിക്കുവേണ്ടിയാണ് ദാനം ചെയ്യുന്നതെങ്കില്‍ പതിനായിരം ഇരട്ടിയാണ് ഫലം. സഹോദരനുവേണ്ടിയാണ് ദാനം ചെയ്യുന്നതെങ്കില്‍ അക്ഷന്തവും അനന്തവുമായ പുണ്യം ലഭിക്കും)
എന്നിരിക്കിലും എല്ലാ ദാനങ്ങള്‍ക്കും അര്‍ഹത അത്യന്താപേക്ഷിതം തന്നെയാകുന്നു.