എന്തുകൊണ്ട് 2022 ലെ വിഷു മേടം-2 ന് (ഏപ്രിൽ 15) ആഘോഷിക്കുന്നു?
സൂര്യോദയത്തിനുമുമ്പാണ് നമ്മള്‍ വിഷുക്കണി കാണുന്നത്. അപ്പോള്‍ മേടം ഒന്നാംതീയതി സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് സൂര്യന്‍, മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറിയിട്ടില്ലെങ്കിലോ? എങ്കില്‍ നമ്മള്‍ അതിനെ മീനക്കണി എന്നല്ലേ വിളിക്കേണ്ടത്? അതുകൊണ്ടാണ് സൂര്യോദയം കഴിഞ്ഞുവരുന്ന മേടവിഷു, തൊട്ടടുത്ത ദിവസം ആചരിക്കുന്നത്.
മലയാളം ഒന്നാംതീയതി നമ്മള്‍ പൊതുവേ ആചരിക്കുന്നത് കലണ്ടര്‍ നോക്കിയാണ്. എന്നാല്‍ സൂര്യസംക്രമം (അതായത് സൂര്യന്‍ അടുത്ത രാശിയിലേക്ക് മാറുന്നത്) നടക്കുന്നത് സൂര്യോദയത്തിന് ശേഷമാണെങ്കില്‍, ആ ദിവസത്തെ ദിനമാനം (ഉദയം മുതല്‍ അസ്തമയം വരെയുള്ള സമയം) എടുത്ത്, അതിനെ അഞ്ചായി ഭാഗിച്ചാല്‍ ആദ്യത്തെ മൂന്ന് ഭാഗയില്‍ സംക്രമം വന്നാല്‍ മലയാളം ഒന്നാംതീയതി അന്നുതന്നെയും, മൂന്ന് ഭാഗയ്ക്ക് ശേഷമാണ് അന്നത്തെ സൂര്യസംക്രമം നടന്നതെങ്കില്‍ മലയാളം ഒന്നാംതീയതി ആചരിക്കുന്നത് അടുത്ത ദിവസമായിരിക്കും. ഈ പറഞ്ഞത് മലയാളം ഒന്നാംതീയതി എപ്രകാരം ഗണിക്കണം എന്നതിനെക്കുറിച്ചാണ്. മേടവിഷുവിനെ കുറിച്ച് താഴെ എഴുതുന്നുണ്ട്. വായിക്കാം.
2022 ലെ (കൊല്ലവര്‍ഷം1197) വിഷു ആചരിക്കേണ്ടത് മേടം 02, 2022 ഏപ്രില്‍ 15 ന് ആയിരിക്കണം. എന്തെന്നാല്‍ ആ മേടമാസത്തിലെ സൂര്യസംക്രമം നടക്കുന്നത് മേടം ഒന്നാംതീയതി രാവിലെ 08.41.18 സെക്കന്റിനാകുന്നു. ഈ സൂര്യസംക്രമം സൂര്യോദയശേഷമാകയാല്‍ സ്വാഭാവികമായും വിഷു എന്ന ആഘോഷവും വിഷുക്കണി കാണുന്നതും മേടം രണ്ടിനായിരിക്കും.
സൂര്യന്‍ ഓരോ രാശിമാറുന്നതും ഒരേ സമയക്രമം പാലിച്ചല്ല. എന്തെന്നാല്‍ സൂര്യനും ഭൂമിയും അടുത്തുവരുമ്പോള്‍ ഭൂമിയുടെ സഞ്ചാരവേഗം കൂടുതലും എന്നാല്‍ സൂര്യനുമായി ഭൂമി അകന്നുപോകുമ്പോള്‍ ഭൂമിയുടെ വേഗം കുറയുകയും ചെയ്യും. ഭൂമിയുടെ സഞ്ചാരം വൃത്താകൃതിയിലല്ല; ദീര്‍ഘവൃത്താകൃതിയിലാണെന്നും ഓര്‍ക്കണം. അല്പം കൂടി ലളിതമായി പറഞ്ഞാല്‍ ഒരു രാശി കടക്കാന്‍ സൂര്യന്‍ എടുക്കുന്ന സമയം കൃത്യമല്ല. ആദ്യാവസാന ഭാഗകളില്‍ വേഗം കൂടിയും കുറഞ്ഞുമിരിക്കാം. തുല്യവിസ്തീര്‍ണ്ണത്തിന് തുല്യസമയം (Equal Area in Equal Time) എന്ന തത്വമാണ് എല്ലാ ഗ്രഹങ്ങളുടെയും സഞ്ചാരനിയമം.
മുമ്പും ചില വര്‍ഷങ്ങളില്‍ ഇങ്ങനെ വിഷു, തൊട്ടടുത്ത ദിവസം ആചരിച്ചിട്ടുണ്ട്. ഇനി വരുന്ന ചില വര്‍ഷങ്ങളിലും മേടവിഷു, മേടം രണ്ടിനായിരിക്കും.
2003 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2006 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2007 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2010 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2011 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2014 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2018 ലെ വിഷു ആചരിച്ചത് മേടം രണ്ടിനാണ് (ഏപ്രില്‍ 15)
2022 ലെ വിഷു ആചരിച്ചത് മേടം രണ്ടിനാണ് (ഏപ്രില്‍ 15)
2026 ലെ വിഷു ആചരിക്കുന്നത് മേടം രണ്ടിനാണ് (ഏപ്രില്‍ 15)
ഇങ്ങനെ കണക്കിലെ ഒരു തര്‍ക്കം വടക്കന്‍ കേരളവും തെക്കന്‍ കേരളവും തമ്മിലുണ്ട്. ദിനരാത്രങ്ങള്‍ തുല്യമായി വരുന്ന മാര്‍ച്ച് 21 (ഇപ്പോള്‍ മാര്‍ച്ച് 20), സെപ്റ്റംബര്‍ 22 എന്നീ ദിവസങ്ങളെക്കുറിച്ചും തര്‍ക്കമുള്ള ഇക്കാലത്ത് കലണ്ടറിലെ തര്‍ക്കം ശക്തമായി തുടരുകയും ചെയ്യുന്നു.
പയ്യന്നൂരില്‍ നിന്നുമുള്ള ‘ഉത്തര മലയാളപഞ്ചാംഗം’, കണ്ണൂരില്‍ നിന്നുമിറങ്ങുന്ന ‘കൃഷ്ണന്‍ കലണ്ടര്‍’ എന്നിവയില്‍ മേടവിഷു പൊതുവെ മേടം ഒന്നിന് ആചരിക്കുന്ന രീതിയിലാണ് എഴുതിവരുന്നത്. ഈ വർഷവും അവർ അപ്രകാരംതന്നെ ആയിരിക്കും എഴുതിയിട്ടുള്ളതെന്ന് കരുതുന്നു. എന്നാൽ ജ്യോതിഷഗണനപ്രകാരം ഇത് തെറ്റാകുന്നു.
സൂര്യോദയത്തില്‍ സെക്കന്റുകളുടെ വ്യത്യാസം തിരുവനന്തപുരവും കാസര്‍ഗോഡും തമ്മില്‍ ഉണ്ടാകുക സ്വാഭാവികമാണല്ലോ. എന്നാല്‍ ഒരു മലയാളമാസത്തിന്‍റെ ആദ്യം ഇപ്രകാരം സംഭവിക്കുകയും ഉദയത്തിന്റെ ശേഷം (അതും സെക്കന്റുകളുടെ വ്യത്യാസം മാത്രം) സൂര്യസംക്രമം വരികയും ആ സംക്രമം നടന്നത് അന്നത്തെ ദിനമാനത്തെ അഞ്ചായി ഭാഗിച്ചതിന്റെ ആദ്യ മൂന്നില്‍ ആയി വരുന്നതില്‍ തിരുവിതാംകൂറും മലബാറും തമ്മില്‍ സെക്കന്റുകളുടെ വ്യത്യാസം സംഭവിച്ചാല്‍ തിരുവിതാംകൂറിലും മലബാറിലും ഒന്നാം തീയതിയില്‍പ്പോലും മാറ്റമുണ്ടാകാം. മുമ്പും ഇതുപോലുള്ള തര്‍ക്കങ്ങള്‍ ജ്യോതിഷപണ്ഡിതര്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ കേരളത്തിലെ ചില പ്രമുഖ കലണ്ടര്‍ മുതലാളിമാര്‍ കാര്യം മനസ്സിലാക്കാതെ പക്ഷം പിടിച്ചിട്ടുമുണ്ട്.
മുമ്പൊരിക്കല്‍ തൃശൂര്‍ പൂരദിവസത്തെച്ചൊല്ലിയും ഇതുപോലൊരു തര്‍ക്കമുണ്ടായിരുന്നു. ജ്യോതിഷത്തിൽ, വിവാഹപ്പൊരുത്തചിന്തയിലും ചൊവ്വാദോഷചിന്തയിലും പിന്നെ ഇതുപോലുള്ള മലയാളം ഒന്ന്, മേടവിഷു എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന ചില പ്രധാന കാര്യങ്ങള്‍ ഇവയൊക്കെയാണെന്നും ജ്യോതിഷ പണ്ഡിതർ ഒന്നിച്ചിരുന്ന് ഇവയ്ക്കൊക്കെ ഒരു ഏകീകരണം നടപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും വിഷമത്തോടെ പറയേണ്ടിയിരിക്കുന്നു.
എന്തുകൊണ്ടാണ് മേടവിഷു ചിലപ്പോള്‍ മേടം രണ്ടിന് അല്ലെങ്കില്‍ ഏപ്രില്‍ 15 ന് വരുന്നതെന്ന് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു.
നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇത് ഷെയര്‍ ചെയ്യാൻ മറക്കരുത്.
അനിൽ വെളിച്ചപ്പാടൻ
Mob: 9497 134 134
https://uthara.in/