ഉത്സവം നടത്താനും, വിവാഹഫണ്ടും മരണഫണ്ടും വാങ്ങാനും മാത്രമാണോ ചില ഗ്രാമക്ഷേത്രങ്ങൾ?

Share this :

ഉത്സവം നടത്താനും, വിവാഹഫണ്ടും മരണഫണ്ടും വാങ്ങാനും
മാത്രമാണോ ചില ഗ്രാമക്ഷേത്രങ്ങൾ?

ക്ഷേത്രങ്ങളും അതിന്റെ സംഘാടകർ അഥവാ കരയോഗങ്ങൾ ദേശ-ദേവതയുടെ ഉന്നതിക്കും അതാത് ദേശത്തെ ജനങ്ങളുടെ ഉന്നമനത്തിനും ഊന്നൽ നൽകേണ്ടതുണ്ട്.

മിക്ക സ്‌ഥലങ്ങളിലും കാണുന്ന ഒരു പ്രവണത എന്തെന്നാൽ അപ്പുറത്തെ ഗ്രാമത്തിലെ ക്ഷേത്രം പുതുക്കി നിർമ്മിച്ചാൽ നമ്മുടെ നാട്ടിലെ ക്ഷേത്രം അതിനേക്കാൾ ഗംഭീരമാക്കി പുതുക്കി നിർമ്മിക്കണം എന്നത് ഇപ്പോഴൊരു ട്രെന്റായിരിക്കുന്നു എന്നതാണ്. കോടിക്കണക്കിന് രൂപയുടെ നിർമ്മാണം, ലക്ഷക്കണക്കിന് രൂപയുടെ ചെലവോടെയുള്ള താന്ത്രിക കർമ്മങ്ങൾ, ഗ്രാമ-ഗ്രാമാന്തരങ്ങളിലൂടെയുള്ള ശോഭായാത്രകൾ, പരസ്യപ്രചരണങ്ങൾ അങ്ങനെ നിരവധി കടമ്പകളിലൂടെ കടന്നുപോയി ഒടുവിൽ ഭാരിച്ച ബാദ്ധ്യതകളിൽ വീണുപോകുന്ന പല ഗ്രാമക്ഷേത്രങ്ങളെയും നമുക്ക് കാണാൻ കഴിയും.

ഒരു നാട്ടിൽ സ്ട്രോക്ക് വന്ന് തളർന്നുവീണ ഒരു സ്ത്രീയുണ്ടായിരുന്നു. പ്രഭാതകർമ്മങ്ങൾ പോലും സ്വന്തമായി ചെയ്യാൻ കഴിയാത്ത, ബന്ധുക്കളില്ലാത്ത ആ സ്ത്രീയെ അയൽക്കാരും മറ്റുമാണ് നോക്കിയിരുന്നത്. പ്രഭാതകർമ്മങ്ങൾ ചെയ്യിപ്പിച്ച്, കുളിപ്പിച്ച്, മരുന്നുകൾ നൽകി അയലത്തുകാർ ആ സ്ത്രീയെ പരിപാലിച്ചുവന്നു. എന്നാൽ ഒരുദിവസം അയലത്തുകാർ ഈ വിവരങ്ങൾ അവരുടെ ദേശത്തെ ക്ഷേത്രഭരണസമിതിയെ അഥവാ കരയോഗം ഭാരവാഹികളെ വിളിച്ച് അറിയിച്ച്, ഒരു സഹായിയെ ലഭ്യമാക്കാൻ അപേക്ഷിക്കുകയുണ്ടായി. ആ സ്ത്രീ മരണപ്പെട്ട്, ശ്രാദ്ധവും കഴിഞ്ഞിട്ടുപോലും കരയോഗം ഭാരവാഹികൾ സഹായം ചെയ്തില്ലെന്ന് പറയപ്പെടുന്നു. അവശത അനുഭവിക്കുന്ന കാലത്ത് മലവും മൂത്രവും വാരി, വൃത്തിയാക്കി, കുളിപ്പിച്ച്, ആഹാരം നൽകി ആശ്വസിപ്പിക്കുന്ന പുണ്യപ്രവൃത്തി ചെയ്യാതെ ആരോഗ്യമുള്ള കാലത്ത് എല്ലാം നേടിയവർ അല്ലെങ്കിൽ അല്പമെങ്കിലും നേടിയവർ അതുമല്ലെങ്കിൽ ക്ഷേത്രത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തവരെ ഒന്ന് തിരിഞ്ഞുപോലും നോക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് ക്ഷേത്രവും കരയോഗവും?

സ്വന്തം നാട്ടിലെ 80 വയസ്സ് കഴിഞ്ഞവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ അവരുടെ മെഡിസിനും സ്നഗ്ഗിയും ലഘുഭക്ഷണ കിറ്റുകളും നൽകുന്ന ഏതെങ്കിലും ക്ഷേത്ര-കരയോഗങ്ങൾ ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

രോഗാവസ്‌ഥയിൽ കഴിയുന്നവർക്ക്, ജീവിതത്തിൽ പരാജയപ്പെട്ടുപോയവർക്ക്, നിന്നനിൽപ്പിൽ സകലതും നഷ്ടപ്പെട്ടുപോയവർക്ക്, പഠിക്കാൻ പണമില്ലാതെ വലയുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈസഹായം ചെയ്യാൻ സാധിക്കാത്ത ഗ്രാമക്ഷേത്രങ്ങളും അതിന്റെ കരയോഗം ഭാരവാഹികളും ആ നാട്ടുകാർക്ക് വലിയൊരു ബാദ്ധ്യതയായി മാറിയേക്കാം.

ക്ഷേത്രത്തിന്റെ ദർശനത്തിന് ഭംഗം വരുത്താതെയുള്ള നിർമ്മാണം, അഥവാ നിർമ്മാണം നടത്തുന്നത് നിയമവിരുദ്ധമായിട്ടാണെങ്കിൽ അത് മുളയിലേ നിയമം പറഞ്ഞ് തടയാനുള്ള ആർജ്ജവം, ഭക്തർക്ക് താങ്ങാവുന്ന തുകയ്ക്കുള്ള പ്രധാന വഴിപാടുകൾ, ദർശനം നടത്തുന്ന ഭക്തർക്ക് കണ്ണിനും കാതിനും കുളിരേകുന്ന കാഴ്ചകളും മന്ത്രോച്ചാരണങ്ങളും, ഭക്തർക്ക് ദാഹശമനിയും അന്നദാനവും എന്നിവയൊക്കെ ഒരുക്കാനും നാട്ടുകാരുടെ ഉന്നതിക്കുവേണ്ടിയുള്ള മറ്റ് പ്രവർത്തനങ്ങളും ചില ക്ഷേത്രഭരണസമിതിക്കാർ ചെയ്യുന്നത് കാണുമ്പോൾ ആ നാട്ടുകാർ എത്ര ഭാഗ്യം ചെയ്തവരാണെന്നും നമ്മളൊക്കെ എത്ര ഭാഗ്യദോഷികളുമാണെന്ന് പലപ്പോഴും ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകില്ലേ?

ചില ക്ഷേത്രഭരണസമിതിക്കാർ അവരുടെ കാലാവധി കഴിഞ്ഞാലും പുതിയ ഭാരവാഹികളെ കണ്ടെത്താൻ പൊതുയോഗമോ കമ്മിറ്റിയോ പോലും വിളിക്കാറില്ലത്രേ!! എന്തെന്നാൽ ഒന്നും ചെയ്തില്ലെങ്കിലും അവർക്ക് ആ പദവി മാത്രം മതിയെന്ന് ഉള്ളതുകൊണ്ടായിരിക്കാം. മറ്റ് ചിലർ, ഏതെങ്കിലും ഒരു ജാതിക്കാരെ മാത്രം ഉൾക്കൊള്ളിച്ച് ക്ഷേത്രഭരണം നടത്തും. മറ്റ് ചില ഭരണസമിതിക്കാർ പബ്ലിക് ഓഡിറ്റിങ് നടത്തുകയില്ല. ഇതെല്ലാം ഓരോ രീതിയിൽ പറഞ്ഞാൽ തെറ്റ് തന്നെയാണ്. ഇതിനെല്ലാം വിഭിന്നമായി നല്ല ചിട്ടയോടെ, മികവോടെ എല്ലാരെയും ഉൾക്കൊള്ളിച്ച് ഭരണം നടത്തുന്ന നിരവധി നിരവധി ക്ഷേത്രങ്ങളുണ്ടെന്നും നമ്മൾ ഓർക്കണം.

കൊറോണ വന്ന് പട്ടിണി കിടന്ന ഗ്രാമവാസികൾക്ക് ഒരുനേരത്തെ ഭക്ഷണം പോലും നൽകാൻ ശ്രമിക്കാത്ത നിരവധി ക്ഷേത്രഭരണ സമിതിക്കാരുമുണ്ടെന്ന് പറയപ്പെടുന്നു. പ്രൈവറ്റ് ആഡിറ്റോറിയങ്ങളിൽ വാങ്ങുന്ന തുകയോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ തുകയോ വാങ്ങുന്ന ക്ഷേത്ര-ആഡിറ്റോറിയങ്ങൾപോലും ഉണ്ടത്രേ! നാട്ടുകാരുടെ മക്കളുടെ വിവാഹനിശ്ചയവും വിവാഹവും നടത്താൻ അവരുടെ നാട്ടിലെ ക്ഷേത്രത്തിലെ ഓഡിറ്റോറിയം എന്തിനാണ് ഇത്രയേറെ തുക വാങ്ങുന്നത്? അവിടുത്തെ ജീവനക്കാരുടെ ശമ്പളവും വൈദ്യുതി-ജലം എന്നിവയുടെ ചെലവിനുള്ള തുകയും മാത്രം വാങ്ങിയാൽ പോരെ? എന്തിനാണ് നമ്മുടെ ക്ഷേത്രങ്ങളിൽ പണം കുന്നുകൂട്ടുന്നത്? ആ കുന്നുകൂട്ടിയ പണമെടുത്ത് നാട്ടിലെ രോഗികൾക്കും വയോധികർക്കും പാവപ്പെട്ട വിദ്യാർത്ഥികൾക്കും സഹായം ചെയ്‌താൽ ആ ദേശത്തെ ദേവത സന്തോഷിക്കുകയല്ലേ ചെയ്യൂ….?

കൃത്യമായ കാലാവധിയോടെയുള്ള ഭരണസമിതി അവരുടെ കാലം കഴിഞ്ഞാൽ പുതിയ ഭാരവാഹികളെ കണ്ടെത്തി ഭരണം ഏല്പിക്കുകയോ അല്ലെങ്കിൽ ജനങ്ങളുടെ ആശീർവാദത്തോടെ വീണ്ടും ഭരണത്തിൽ തുടരുകയോ ചെയ്യണം. എന്നിട്ട് ദേശ-ദേവതയ്ക്കും ഒപ്പം ആ നാട്ടുകാർക്കും ഉപകാരപ്പെടുന്ന പ്രവൃത്തികൾ ആരംഭിക്കണം. ക്ഷേത്രഭരണസമിതി നല്ലതാണെങ്കിൽ ആ ദേശത്തെ ജനങ്ങളും സന്തോഷവാന്മാർ ആയിരിക്കുമല്ലോ…

അനിൽ വെളിച്ചപ്പാടൻ.

Share this :
× Consult: Anil Velichappadan