സർവ്വൈശ്വര്യത്തിന് മഹാസുദർശനയന്ത്രം:

Share this :

സർവ്വൈശ്വര്യത്തിന് മഹാസുദർശനയന്ത്രം:

 

വൈഷ്ണവയന്ത്രങ്ങളിൽ ഏറ്റവും പ്രമുഖവും പ്രചാരവുമുള്ളതും ഉത്തമഫലം ലഭിക്കുന്നതുമാണ് മഹാസുദർശനയന്ത്രം. ഭൂത പ്രേത-പിശാചുക്കളുടെ ബാധോപദ്രവങ്ങളിൽ നിന്നുള്ള മോചനത്തിനും മറ്റ് ആഭിചാരദോഷപരിഹാരത്തിനും ശത്രുഭയം നീക്കുന്നതിനും മനോവിഭ്രാന്തി അകറ്റുന്നതിനും അപസ്മാരരോഗ പരിഹാരത്തിനും യഥാവിധി തയ്യാറാക്കിയ മഹാസുദർശനയന്ത്രം ശാശ്വത പരിഹാരമാകും. വിധിപ്രകാരം യന്ത്രം എഴുതി പൂജാദികൾ ചെയ്ത് ധരിച്ചാൽ സകല ഭയങ്ങളേയും നിവാരണം ചെയ്യും. ക്ഷുദ്രാഭിചാരദോഷങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനും അപമൃത്യുവിനെ തടുക്കുന്നതിനും സർവ്വരക്ഷകരവും ഐശ്വര്യവർദ്ധനകരവും സർവ്വകാര്യ വിജയപ്രദവുമാണ് ഇതെന്ന് ശ്രീ ശാരദാ തിലകം ഉദ്ഘോഷിക്കുന്നു.

ഇത് ധരിക്കുന്നവർ സമൂഹത്തിൽ ബഹുമാനിക്കപ്പെടുകയും ധനം, ധാന്യം, യശസ്സ് എന്നിവ ഇവർക്ക് പടിപടിയായി വർദ്ധിക്കുകയും ചെയ്യുന്നതാണ്. എന്നാൽ ഈ യന്ത്രം യഥാവിധി തയ്യാറാക്കി ധരിക്കുന്നവർ അരുതാത്ത യാതൊരു പ്രവൃത്തികളിലും ഏർപ്പെടാൻ പാടില്ല.

സ്വന്തം കളത്രവുമായുള്ള ബന്ധമല്ലാതെ മറ്റാരുമായും യാതൊരുവിധമായ അവിഹിതബന്ധവും അരുത്. ഈശ്വരന് നിരക്കാത്ത പ്രവൃത്തികൾ ചെയ്യാനോ ചിന്തിക്കാനോ പാടില്ല. മനസ്സുകൊണ്ടുപോലും വ്യഭിചരിക്കരുത്. അങ്ങനെ നിഷ്കർഷയോടെ മഹാവിഷ്ണുവിനെ ആരാധിച്ച് കഴിയുന്നവരെ മഹാവിഷ്ണു സർവ്വൈശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുക തന്നെ ചെയ്യുന്നതാണ്.

മഹാസുദർശനയന്ത്രം ധരിക്കേണ്ടത് ആരൊക്കെ?

ഗ്രഹനില പ്രകാരം വ്യാഴം ഭാഗ്യസ്ഥാനത്ത് വരുന്നവർ വ്യാഴം 3,6,8,12 എന്നീ ഭാവങ്ങളിൽ നിൽക്കുന്നവർ, വ്യാഴം നീചരാശിയായ മകരത്തിൽ നിൽക്കുന്നവർ, വ്യാഴദശയുള്ളവർ, ചാരവശാൽ വ്യാഴം 1,3,4,6,8,10,12 എന്നീ രാശികളിൽ സഞ്ചരിക്കുന്നവർ, വ്യാഴത്തിന് ശനിയുമായോ രാഹുവുമായോ കേതുവുമായോ യോഗമോ ദൃഷ്ടിയോ ഉള്ളവർ, ഇടവം, മിഥുനം, മകരം, കുംഭം എന്നീ ലഗ്നക്കാർ വ്യാഴത്തിന് കേന്ദ്രാധിപത്യ ദോഷമുള്ളവർ, വ്യാഴം പാപനായി ജാതകത്തിൽ നിൽക്കുന്നവർ, അശ്വതി, മകം, മൂലം, കാർത്തിക, ഉത്രാടം, മകയിരം, ചിത്തിര, അവിട്ടം, പുണർതം, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാർ അതിലുപരി എല്ലാ വിഷ്ണുഭക്തരും പരിപാവനമായ മഹാസുദർശനയന്ത്രം ധരിക്കുകയും വീട്ടിൽ ആരാധിക്കുകയും ചെയ്യേണ്ടതുതന്നെയാണ്.

ജാതകത്തിൽ ബുധൻ പാപമോ അനിഷ്ടപ്രദനോ മൗഢ്യത്തിലോ ആണെങ്കിൽ അവരുടെ ബുധദശാപഹാര കാലങ്ങളിൽ മാനസിക പ്രശ്നങ്ങൾ സംഭവിക്കാവുന്നതാണ്. ഇവർക്ക് ഈ മഹാസുദർശനയന്ത്രം വളരെയേറെ ഗുണം ചെയ്യും. കൂടാതെ ഗ്രഹനിലയിൽ അഞ്ചാംഭാവത്തിൽ ബുധൻ ഗുളികയോഗത്തോടെ നിന്നാലുണ്ടാകാവുന്ന ഉന്മാദരോഗപരിഹാരത്തിനും മഹാസുദർശനയന്ത്രം ക്ഷിപ്രഫലം നൽകുന്നതാണ്.

യന്ത്രനിർമ്മാണം:

ഷഡ്കോൺ, വൃത്തം അഷ്ടദളം, വൃത്തം 16 ദളം, മൂന്നുവീഥി വൃത്തം ഇതാണ് നിർമ്മാണരീതി. പ്രണവം മദ്ധ്യത്തിൽ, ചക്രമന്ത്രത്തിലെ ഓരോ അക്ഷരം ഷഡ്‌കോണുകളിൽ, കോണുകളുടെ ഇടയിൽ ആചക്രാദി അംഗങ്ങൾ, അഷ്ടദളത്തിൽ അഷ്ടാക്ഷര മന്ത്രമായ ‘ഓം നമോ നാരായണായ’ എന്ന മന്ത്രം ഓരോ അക്ഷരം വീതവും ദളകേസരത്തിൽ ഈരണ്ട് അച്ചുകൾ വീതം, ഷോഡശദളത്തിൽ ഷോഡശാക്ഷര സുദർശന മന്ത്രമായ ‘ഓം നമോ ഭഗവതേ മഹാസുദർശനായ ഹും ഫൾ’ എന്ന മന്ത്രം ഓരോ അക്ഷരം വീതവും, ‘ക’ തുടങ്ങി ‘സ’ വരെയുള്ള മുപ്പത്തിരണ്ടക്ഷരങ്ങൾ ഷോഡശദള കേസരത്തിലും.

ആദ്യത്തെ വീഥിവൃത്തത്തിൽ ‘ഹം’ എന്ന ആകാശബീജം പതിനാറ് പ്രാവശ്യവും, രണ്ടാമത്തെ വീഥിവൃത്തത്തിൽ ‘ക്ഷം’ എന്ന അക്ഷരം ഇരുപത്തിനാല് പ്രാവശ്യവും, മൂന്നാമത്തെ വീഥിവൃത്തത്തിൽ ‘ആം’ എന്ന പാശവും ‘ക്രോം’ എന്ന അങ്കുശവും ആർക്കാണോ യന്ത്രം നിർമ്മിക്കേണ്ടത്, ആ ആളിന്റെ നാമദേയത്തിന്റെ ഓരോ അക്ഷരവും പിന്നെ ശർമ്മയെന്നോ, വർമ്മയെന്നോ, ഗുപ്തയെന്നോ, ദാസനെന്നോ യഥാവിധി കൂട്ടിച്ചേർത്ത് ഒടുവിൽ ‘രക്ഷ രക്ഷ പാലയ പാലയ’ എന്നുകൂടി ചേർത്ത് 12 പ്രാവശ്യം എഴുതണം. അതായത് അനിൽ വെളിച്ചപ്പാടൻ എന്നാണെങ്കിൽ ആംക്രോം അ, ആംക്രോം നിൽ, ആംക്രോം കു, ആംക്രോം മാ, ആംക്രോം ര, ആംക്രോം ദാ, ആംക്രോം സ, ആംക്രോം രക്ഷ , ആംക്രോം രക്ഷ, ആംക്രോം പാല, ആംക്രോം യപാ, ആംക്രോം ലയ എന്നെഴുതണം. ഇത് മഹാസുദർശന യന്ത്രത്തിന്റെ ഏറ്റവും പ്രധാനമായ വീഥിവൃത്തം കൂടിയാണ്.

പിന്നെ മറ്റ് ദശാംഗങ്ങൾ കൂടി പൂർത്തിയാക്കി ഒരു മണ്ഡലകാലം (41 ദിവസം) പൂജ ചെയ്ത്, ആറായിരം ഉരു മന്ത്രം തൊട്ടു ജപിക്കുകകൂടി ചെയ്താൽ മഹാസുദർശന യന്ത്രം ധരിക്കാനോ, വീട്ടിലോ സ്ഥാപനത്തിലോ വെച്ചാരാധിക്കാനോ ആയി സ്വീകരിക്കാവുന്നതാണ്.

പിന്നെ ഇരുപത്തിയൊന്നാം ദിവസം ഒന്നുകൂടി പൂജിച്ച് വാങ്ങുക. ദിവസവും സുഗന്ധമുള്ള പുഷ്പങ്ങളാലോ ചന്ദനത്തിരികളാലോ ആരാധിക്കുക. അശുദ്ധമാക്കുകയോ താഴെ വീഴുകയോ ചെയ്യാതെ ശ്രദ്ധിക്കുകയും വേണം. എങ്കിൽ ആ ഭക്തനെ മഹാവിഷ്ണു ഏറെ ഇഷ്ടപ്പെടുകതന്നെ ചെയ്യും.

താങ്കളുടെ ഭവനത്തിലേക്ക് ഒരു മഹാസുദർശനയന്ത്രം തയ്യാറാക്കി വാങ്ങുമ്പോൾ ആ യന്ത്രത്തിൽ താങ്കളുടെ പേരും മറ്റ് വിവരങ്ങളും അടങ്ങിയിട്ടുണ്ടോ എന്ന് ഏറ്റവും മദ്ധ്യഭാഗത്തെക്കൊണ്ടും ഏറ്റവും പുറത്തെ വീഥിവൃത്തത്തിലെ മുകളിൽപ്പറഞ്ഞ സംഗതികളാലും മനസ്സിലാക്കാവുന്നതാകുന്നു.

ഒരു കാര്യം ശ്രദ്ധിക്കാനുള്ളത്, ഈ പറഞ്ഞിരിക്കുന്നത് മഹാസുദർശനയന്ത്രത്തിന്റെ മാത്രം കാര്യമാണ്. മറ്റ് സുദർശനയന്ത്ര നിർമ്മാണരീതി തികച്ചും വ്യത്യസ്തമാണെന്ന് പ്രത്യേകം ഓർത്തുകൊള്ളുക. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ, താങ്കൾ മഹാസുദർശന യന്ത്രത്തിന് പറഞ്ഞാൽ ആ യന്ത്രത്തിൽ നിർബന്ധമായും ഈ സംഗതികൾ ഉണ്ടായിരിക്കും.

കടകളിൽ നിന്നും റെഡിമെയ്ഡ് യന്ത്രം വാങ്ങി, പൂജ ചെയ്യുന്ന ചില ആളുകളുണ്ടെങ്കിൽ അവരെ ബഹുമാന്യരായ വായനക്കാർ തിരിച്ചറിയാൻ ശ്രമിക്കുകയെങ്കിലും ചെയ്യണം.

അനിൽ വെളിച്ചപ്പാടൻ.

Share this :
× Consult: Anil Velichappadan