സ്കന്ദഷഷ്ഠി-18-11-2023, ശനിയാഴ്ച:

Share this :

സ്കന്ദഷഷ്ഠി-18-11-2023, ശനിയാഴ്ച:

സ്കന്ദഷഷ്ഠി വ്രതം, ആറ് ദിവസമായി പിടിച്ച് അവസാനിപ്പിക്കുന്ന ഭക്തരുണ്ട്. അങ്ങനെയുള്ളവർ 14-11-2023 ചൊവ്വാഴ്ച പ്രഭാതം മുതൽ വ്രതം ആരംഭിക്കണം. മൂന്ന് വ്യാഴവട്ടത്തിനുള്ളിൽ ഒരിക്കൽ ഒരു തിഥി കുറഞ്ഞുവരുന്ന സന്ദർഭം സംഭവിക്കാറുണ്ട്. അങ്ങനെയെങ്കിൽ ആറ് തിഥികൾക്കും കൂടിയുള്ള വ്രതം, അഞ്ച് ദിവസങ്ങളിലായി ആചരിക്കേണ്ടിവരികയും ചെയ്യും. 2023 ലെ സ്കന്ദഷഷ്ഠിയിൽ അഞ്ചാംദിവസം പഞ്ചമി, ഷഷ്ഠി എന്നീ തിഥികളുടെ വ്രതം ഒന്നിച്ച് ആചരിക്കേണ്ടി വരുമെന്ന് സാരം.

സ്കന്ദഷഷ്ഠി വ്രതം കഠിനമായി ആചരിക്കുന്നവർ 14-11-2023 ചൊവ്വാഴ്ച പുലർച്ചെ മുതലും ക്രമമായി ആചരിക്കുന്നവർ സ്കന്ദഷഷ്ഠിയുടെ രണ്ട് ദിവസം മുമ്പ്, അതായത് 16-11-2023 വ്യാഴാഴ്ച്ച മുതലും വ്രതം ആചരിക്കണം. എന്നാൽ മാസംതോറും ഷഷ്ഠിവ്രതം ആചരിക്കുന്നവർ 18-11-2023 ശനിയാഴ്ച്ച ദിവസം പുലർച്ചെ മുതൽ (സാധാരണ വ്രതം ആചരിക്കുന്ന അതേ ക്രമത്തിൽ) വ്രതം ആചരിക്കുകയും ചെയ്യണം.

സ്നേഹനിധിയായ മാതാവ്, അവരുടെ സന്താനങ്ങളുടെ ചില പ്രത്യേക കാര്യസാദ്ധ്യത്തിനായി അല്ലെങ്കിൽ അവരുടെ ഉന്നതിക്കായി സ്കന്ദഷഷ്ഠിയിൽ ആരംഭിച്ച് ആകെ 12 ഷഷ്ഠിവ്രതം നോക്കുന്ന വ്രതരീതിയാണ് പൊതുവെയുള്ള ആചാരം. അപ്പോൾ സ്കന്ദഷഷ്ഠി അതിവിശേഷമാണെന്ന് പറയേണ്ടതില്ലല്ലോ? സ്കന്ദഷഷ്ഠിയിൽ കാവടിയഭിഷേകം വിശേഷാൽ നടത്തപ്പെടുന്നു. വീട്ടിലെ കുഞ്ഞുങ്ങളെ കാവടി എടുക്കാൻ വ്രതമാചരിച്ച് കൊണ്ടുപോകുന്നത് വിശേഷാൽ നല്ലതാണ്.

ശകവർഷത്തിലെ കാർത്തിക മാസത്തിൽ കറുത്തവാവ് കഴിഞ്ഞുള്ള പ്രഥമ-ദ്വിതീയ-തൃതീയ-ചതുർത്ഥി-പഞ്ചമി തിഥികൾ കഴിഞ്ഞ് ആറാമത്തെ തിഥിയായ ഷഷ്ഠിയിലാണ് ഭാരതത്തിൽ സ്കന്ദഷഷ്ഠി ആചരിക്കുന്നത്. ഇത് മിക്കപ്പോഴും തുലാംമാസത്തിൽ വന്നേക്കാം. ചിലപ്പോൾ മാറിയും വരാം. ശകവർഷവും മാസവും എല്ലാ കലണ്ടറുകളിലും മുകളിൽ മലയാളം വർഷവും മാസവും എഴുതിയിരിക്കുന്നതിന്റെ തൊട്ടുതാഴെ വിശദമാക്കിയിട്ടുണ്ടാകും. ഓരോ ദിവസത്തെ തീയതി കണ്ടെത്താൻ കലണ്ടറിൽ നക്ഷത്രം എഴുതിയിരിക്കുന്നതിന്റെ നേരെയുള്ള നാഴിക/വിനാഴിക കഴിഞ്ഞ് രേഖപ്പെടുത്തിയിരിക്കുന്ന സംഖ്യ, ശകവർഷത്തിലെ അതാത് മാസത്തിലെ തീയതി ആയിരിക്കും.

അപ്പോൾ ശകവർഷത്തിലെ കാർത്തിക മാസത്തിലെ കറുത്തവാവ് 13-11-2023 തിങ്കളും തുടർന്ന് ഷഷ്ഠി തിഥി 19-11-2023 ഞായറും ആകുമല്ലോ? എന്നാൽ അന്ന് സൂര്യോദയശേഷം 6 നാഴിക നേരം (2 മണിക്കൂർ, 40 മിനിറ്റ്. ഒരു നാഴിക=24 മിനിറ്റ്) ലഭിക്കുന്നില്ല എന്നതിനാൽ അതിന്റെ തലേദിവസമായ 18-11-2023 ശനിയാഴ്ചയാണ് ഭാരതത്തിൽ സ്കന്ദഷഷ്ഠി ആചരിക്കുന്നത്.

ഷഷ്ഠി വ്രതം ആചരിക്കുന്നവർ തലേദിവസം വ്രതം നോക്കണം. ആരോഗ്യസ്‌ഥിതി അനുസരിച്ച് ഉപവസിക്കാം, കാൽവയർ ഭക്ഷണം കഴിക്കാം. കറുത്തവാവ് കഴിഞ്ഞ് പ്രഥമ മുതൽ ഷഷ്ഠി വരെ ഒരു നേരത്തെ അരിയാഹാരവും മറ്റ് നേരങ്ങളിൽ ലഘുഭക്ഷണവും കഴിച്ച് സ്കന്ദഷഷ്ഠി നോക്കുന്നവരുമുണ്ട്. എന്നാൽ ഈ വർഷം ഇത് അഞ്ചാംദിവസം വ്രതം പൂർത്തിയാകും. സ്കന്ദഷഷ്ഠിയിൽ ക്ഷേത്രത്തിലെ അഭിഷേകവും മറ്റ് പൂജാദികർമ്മങ്ങളും കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പടച്ചോറ് കഴിക്കാം. തുടർന്ന് വൈകിട്ട് മുരുകഭജനവും അടുത്ത ദിവസം പുലർച്ചെ കുളിച്ച് പ്രാർത്ഥിച്ച്, തുളസിയിലയിട്ട ജലവും സേവിച്ച് വ്രതം അവസാനിപ്പിക്കണം.

സന്താനങ്ങളുടെ ഉന്നതി, അവരുടെ രോഗശമനം, അവരുടെ ശത്രുദോഷശമനം എന്നിവയ്ക്ക് വേണ്ടിയാണ് പൊതുവെ ഷഷ്ഠിവ്രതം നോക്കുന്നത്.

മുരുകന്റെ ആറുപടൈ വീടുകൾ:

കറുത്തവാവ് കഴിഞ്ഞുള്ള പ്രഥമയിൽ വ്രതംനോറ്റ് കാഞ്ചീപുരത്തിന് വടക്കുള്ള തിരുത്തണിക്കോവിലിൽ തുടങ്ങി, തംബരത്തിന് തെക്കുള്ള സ്വാമിമലൈ, പിന്നെ പടിഞ്ഞാറ് പഴനിമലൈ, മധുരയ്ക്ക് വടക്കുകിഴക്കുള്ള പഴമുതിർച്ചോലൈ, മധുരയ്ക്ക് തെക്കുപടിഞ്ഞാറുള്ള തിരുപ്പുറംകുൻട്രം, പിന്നെ സ്‌കന്ദഷഷ്ഠിയിൽ കിഴക്കൻ കടൽത്തീരത്തെ തിരിച്ചെന്തൂരിലെ മുരുകനെയുമൊന്ന് കണ്ട് വണങ്ങുന്നത് അതിവിശേഷമായിരിക്കും.

സ്കന്ദഷഷ്ഠിയിൽ അടുത്തുള്ള മുരുകക്ഷേത്രദർശനവും അതോടൊപ്പം കഴിയുന്നത്ര സുബ്രഹ്മണ്യരായ ജപവും മറക്കരുത്.

സുബ്രഹ്മണ്യരായം:

ഓം ശരവണ ഭവഃ

ഓരോ മാസത്തെയും ഷഷ്‌ഠി വ്രതത്തിന് പ്രത്യേക ഫലം :
————————-
ഓരോ മാസത്തെയും ഷഷ്‌ഠിവ്രതത്തിന് പ്രത്യേക ഫലങ്ങളുണ്ട്. ഓരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതീഹ്യങ്ങളുമുണ്ട്. മാസംതോറും വെളുത്ത പക്ഷത്തിലെ ഷഷ്‌ഠിതിഥിയാണ് ഷഷ്‌ഠിവ്രതമായി മിക്ക ആളുകളും ആചരിക്കുന്നത്. ഷഷ്ഠിയുടെ തലേന്ന് പഞ്ചമിനാൾ ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രമണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞു സുബ്രമണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രമണ്യ മൂലമന്ത്രം, സുബ്രമണ്യ ദ്വാദശമന്ത്രം , ഷഷ്ഠിദേവീമന്ത്രം എന്നിവ കഴിയുന്നത്ര ജപിക്കണം. സുബ്രമണ്യസ്തോത്രങ്ങൾ , സ്കന്ദപുരാണം എന്നിവ പാരായണം ചെയ്യണം. വഴിപാടുകൾ, അന്നദാനം ഇവ നടത്തണം.

ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്ന് വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞു അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കി ആഹാരം കഴിക്കാം. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവർ അതിനനുസരിച്ച രീതിയിൽ വ്രതമെടുക്കുക.

സ്കന്ദൻതാരകാസുരനെ വധിച്ചത്‌ കണ്ട് ബ്രഹ്മാവ് സ്തുതിച്ചത് മാർഗ്ഗശീർഷമാസത്തിലെ, അതായത് വൃശ്ചികം-ധനുവിലെ ഷഷ്ഠി നാളിൽ ആയിരുന്നു. ഈ ദിവസം മുരുകനെ പൂജിച്ചാൽ കീർത്തിമാനാകുമെന്നാണ് വിശ്വാസം.

മകരമാസത്തിലെ (പൗഷ മാസം) ഷഷ്ഠിയിൽ സ്കന്ദനെയും സൂര്യനാരായണനെയും പൂജിച്ചാൽ ജ്ഞാനപ്രാപ്തി ഉണ്ടാകും. സൂര്യൻ വിഷ്ണുരൂപം പ്രാപിച്ച ദിവസമാണിത്.

കുംഭമാസത്തിലെ (മാഘ)ശുക്ലപക്ഷ ഷഷ്ഠി വരുണഷഷ്ഠിയെന്ന് അറിയപ്പെടുന്നു. അന്ന് വരുണനെയും സ്കന്ദനെയും പൂജിച്ചാൽ ധനസമൃദ്ധി ഫലം.

മീനത്തിലെ (ഫൽഗുണം) ഷഷ്ഠിയിൽ ശിവനെയും മുരുകനെയും പൂജിച്ചാൽ കൈലാസ പ്രാപ്തി ഫലം.

മേടത്തിലെ (ചൈത്രം) ഷഷ്ഠിനാളിൽ വ്രതം നോറ്റ് സ്കന്ദനെ പൂജിച്ചാൽ തേജസ്സും ദീർഘായുസ്സുമുള്ള ഒരു പുത്രനെയും രോഗശാന്തിയും ലഭിക്കും. സ്കന്ദൻ താരകാസുരനെ വധിച്ചതോടെ അവന്റെ രക്തം പ്രവഹിച്ച് നിരവധി മുനിമാർ മരിച്ചു. ഇതുകണ്ട്‌ സ്കന്ദൻ അമൃത് കൊണ്ട് അവരെ പുനർജനിപ്പിക്കുകയും താരകാസുരനെ ശരീരത്തിൽ നിന്നും ഉത്ഭവിച്ച രക്തത്തെ പർവ്വതമാക്കി മാറ്റുകയും ചെയ്തു. അങ്ങനെ അത് സ്കന്ദ പർവ്വതമായി. അവിടെ സ്കന്ദൻ സ്ഥിരവാസം ആകുകയും ചെയ്തു.

ഇടവത്തിലെ (വൈശാഖം) ഷഷ്ഠിയിൽ വ്രതമെടുത്ത് സ്കന്ദനെ പൂജിച്ചാൽ മാതൃസൗഖ്യം ഫലം.

മിഥുനത്തിലെ (ജ്യേഷ്ഠം) ഷഷ്ഠിയിൽ വ്രതമെടുത്ത് സ്കന്ദനെ പൂജിച്ചാൽ പുണ്യലോക പ്രാപ്തി ഫലം.

കർക്കടകത്തിലെ ഷഷ്ഠിനാളിൽ വ്രതം അനുഷ്ഠിച്ച് യഥാവിധി സ്കന്ദനെ പൂജിച്ചാൽ ശിവപാർവ്വതിമാരുടെ അനുഗ്രഹത്താൽ സന്തതികൾക്ക് അഭിവൃദ്ധിയുണ്ടാകും. കാര്യസിദ്ധിയും ലഭിക്കും. ഇതിനെ കുമാരഷഷ്ഠി എന്ന് അറിയപ്പെടുന്നു.

ചിങ്ങത്തിലെ ഷഷ്ഠിനാളിൽ വ്രതം അനുഷ്ഠിച്ച് സ്കന്ദനെയും ലളിതാദേവിയെയും പൂജിച്ചാൽ ഫലം ആഗ്രഹസാഫല്യം. ഈ ഷഷ്ഠിയെ ചന്ദനഷഷ്ഠി, സൂര്യഷഷ്ഠി എന്നെല്ലാം അറിയപ്പെടുന്നു. അന്നുതന്നെയാണ് ലളിതാവ്രതവും.

കന്നിയിലെ ഷഷ്ഠി നാളിൽ സ്കന്ദനെയും കാത്യായനീദേവിയെയും പൂജിച്ചാൽ ഫലം ഭർത്തൃലാഭം, സന്താനലാഭം എന്നിവയാണ്. ഈ ഷഷ്ഠിയെ കപിലഷഷ്ഠി എന്നും പറയുന്നു.

സ്‌കന്ദഷഷ്ഠി എന്നാണ് തുലാമാസത്തിലെ ഷഷ്ഠി അറിയപ്പെടുന്നത്. ചില വർഷങ്ങളിൽ ഇത് മറ്റ് മാസങ്ങളിലേക്ക് മാറാം. കാർത്തിക മാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള ഷഷ്ഠിതിഥിയിൽ ആചരിക്കുന്ന സ്കന്ദഷഷ്ഠി ഏറ്റവും പ്രധാനപ്പെട്ടതാകുന്നു. ശിവതേജസിൽ നിന്നും അവതാരമെടുത്ത സുബ്രമണ്യൻ അന്നാണ് ദേവന്മാരുടെ ജീവിതം തകർത്ത ശൂരപദ്മാസുരനെ നിഗ്രഹിച്ചത്. സന്താനങ്ങളുടെ ഉന്നതിയും അവരുടെ ശത്രുനാശവുമാണ് സ്കന്ദഷഷ്ഠി അനുഷ്ഠാനത്തിന്റെ ഫലം. 6 ദിവസം വ്രതമെടുത്തും ഒരു ദിവസം വ്രതമെടുത്തും ഇത് ആചരിക്കാറുണ്ട്. തുലാമാസത്തിൽ അവസാനിക്കും വിധം 6 മാസം ഷഷ്ഠിയെടുത്താൽ 12 ഷഷ്ഠി നോറ്റ അനുഗ്രഹം ലഭിക്കുമെന്നും വിശ്വസിക്കുന്നു. ചൊവ്വാദോഷം പരിഹരിക്കാൻ സ്കന്ദഷഷ്ഠി വ്രതം ഉത്തമമാണ്.

പ്രണവത്തിന്റെ അർത്ഥമറിയാത്ത ബ്രഹ്മാവിനെ കാരാഗ്രഹത്തിലടച്ച പാപത്തിന് പ്രായശ്ചിത്തമായി സുബ്രഹ്മണ്യൻ സർപ്പരൂപിയായി മാറി. അമ്മ പാർവ്വതി 9 വർഷം 108 ഷഷ്ഠിവ്രതം നോറ്റ് മകനെ ഈ പാപത്തിൽ നിന്നും വിഷ്ണു സ്പർശനത്താൽ മോചിപ്പിച്ചു. വൃശ്ചികത്തിലെ ഷഷ്ഠിനാളിൽ കർണാടകയിലെ സുബ്രഹ്മണ്യത്ത് വച്ചാണ് ഇപ്രകാരം സംഭവിച്ചതെന്നാണ് ഐതീഹ്യം. അതിനാൽ ഇത് സുബ്രഹ്മണ്യ ഷഷ്ഠിയായി. ഈ വ്രതമെടുത്താൽ സർപ്പശാപം, മഹാരോഗങ്ങൾ, സന്തതിദുഃഖം, പാപദോഷം മുതലായവയിൽ നിന്ന് മോചനം കിട്ടും. ഒരു വർഷത്തെ ഷഷ്ഠിവ്രതാചരണം തുടങ്ങുന്നത് ഈ ഷഷ്ഠിക്കാണ്.

സ്കന്ദൻ താരകാസുരനെ വധിച്ചത് കണ്ട് ബ്രഹ്മാവ് സ്തുതിച്ചത് മാർഗ്ഗശീർഷ മാസത്തിലെ, അതായത് വൃശ്ചികം-ധനുവിലെ ഷഷ്ഠി നാളിൽ ആയിരുന്നു. ഈ ദിവസം മുരുകനെ പൂജിച്ചാൽ കീർത്തിമാനാകുമെന്നാണ് വിശ്വാസം.

സുബ്രഹ്മണ്യരായം:

ഓം ശരവണ ഭവഃ

സുബ്രഹ്മണ്യഗായത്രീ:

സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദഃ പ്രചോദയാത്

കുമാരമന്ത്രം (1):

ഓം നമഃ കുമാരമൂർത്തയേ
സൗഭാഗ്യവർദ്ധനായ തേജസ്വിനേ
മോദമയായ ശിവാത്മജായ നമഃ

കുമാരമന്ത്രം (2):

ഓം നമഃ ഷണ്മുഖായ
രുദ്രസൂതായ സുന്ദരാംഗായ
കുമാരായ ശുഭ്രവർണ്ണായ നമഃ

സുബ്രമണ്യ മൂലമന്ത്രം:

ഓം വചത്ഭുവേ നമഃ

ഷഷ്ഠിദേവീ മന്ത്രം

ഓം ഹ്രീം ഷഷ്ഠീദേവ്യെ സ്വാഹാ

ദ്വാദശനാമ മന്ത്രങ്ങൾ:

ഓം ഷണ്മുഖായ നമഃ
ഓം മയൂര വാഹനായ നമഃ
ഓം മഹീദേവായ നമഃ
ഓം ഗന്ധശൈലാധിവാസായ നമഃ
ഓം ഗുഹായ നമഃ
ഓം സ്‌കന്ദായ നമഃ
ഓം സുവര്‍ണ്ണഭൂഷായ നമഃ
ഓം കാര്‍ത്തികേയായ നമഃ
ഓം ഷഡാസ്യായാ നമഃ
ഓം ഗണേശാനുജായ നമഃ
ഓം വിഷ്ണുപ്രിയായ നമഃ
ഓം മാര്‍ഗ്ഗായ നമഃ

ഷഷ്ഠിദേവീസ്തുതി:

ഷഷ്ഠാംശം പ്രകൃതേശുദ്ധാം
പ്രതിഷ്ഠാപ ച സുപ്രഭാം
സപുത്രദാം ച ശുഭദാം
ദയാരൂപാം ജഗത്പ്രസൂം
ശ്വേതചമ്പക വർണാഭ്യാം
രത്നഭൂഷണ ഭൂഷിതാം
പവിത്രരൂപാം പരമാം
ദേവസേനാം പരേഭജേ.

ഇവയിൽ ഏതെങ്കിലുമോ അല്ലെങ്കിൽ എല്ലാമോ കഴിയുന്നത്ര ജപിച്ച് പ്രാർത്ഥിക്കണം. സ്കന്ദഷഷ്ഠി എന്നല്ല, എല്ലാ വ്രതങ്ങളിലും 3 നേരം സ്നാനവും പ്രാർത്ഥനയും നിർബ്ബന്ധമാണെന്ന് മറക്കരുത്.

സ്കന്ദഷഷ്ഠി ആശംസകൾ…

Share this :
× Consult: Anil Velichappadan