ശിവരാത്രി: വ്രതരീതികൾ എങ്ങനെ?

Share this :

ശിവരാത്രി വ്രതാനുഷ്ഠാനം – ഒരു ലഘുവിവരണം:
———————–
…”ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:…” എന്ന പ്രമാണപ്രകാരം ക്ഷമയും സത്യവും ദയയും ദാനവും സ്നാനവും ഇന്ദ്രിയ നിഗ്രഹവും ലഭിക്കാനായി വ്രതങ്ങൾ ആചരിക്കുന്നവർ ജീവിതത്തിൽ ഉടനീളം അവ വെച്ചുപുലർത്തേണ്ടതുമാകുന്നു. മനസ്സിൽ വിദ്വേഷവും സ്പർദ്ധയും അനാരോഗ്യമായ മത്സരബുദ്ധിയും രക്തബന്ധങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് അവരെ അകറ്റിനിർത്തുകയും ചെയ്യുന്നവരൊക്കെ ശിവരാത്രി വ്രതം പിടിച്ച് പാപങ്ങൾ കഴുകിക്കളയുകയും എന്നാൽ പിന്നെയും അതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കുകയും ചെയ്‌താൽ മഹാദേവനുപോലും അവരെ സംരക്ഷിക്കാൻ കഴിയുകയില്ല എന്ന ഭയവും തിരിച്ചറിവും ഭക്തരിൽ ഉണ്ടാകേണ്ടതാണ്.

2023ലെ മഹാശിവരാത്രി 18-02-2023, 1198 കുംഭം 06, കറുത്തപക്ഷ ചതുർദശി തിഥി രാത്രിയിൽ വരുന്ന ശനിയാഴ്ചയാണ്. കുംഭമാസത്തിലെ കറുത്തപക്ഷത്തില്‍ (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേക്ക് ചന്ദ്രന്‍ വരുന്ന കാലം) സന്ധ്യകഴിഞ്ഞ് ചതുര്‍ദശി തിഥി ലഭിക്കുന്ന കാലമാണ് ശിവരാത്രി ആഘോഷിക്കുന്നത്.

ഈ വര്‍ഷം കുംഭത്തിലെ കറുത്തപക്ഷ ചതുര്‍ദശി തിഥി ആരംഭിക്കുന്നത് ശിവരാത്രി ദിവസം രാത്രി 8 മണി 02 മിനിറ്റ് 38 സെക്കന്റ് മുതലാണ്‌ (ഗണനം: കൊല്ലം ജില്ല, By: https://www.facebook.com/uthara.astrology/)

ബലികർമ്മം അത്യുത്തമം:
——————–
മരണമടഞ്ഞ പൂർവ്വികർക്കായി കർക്കിടകവാവിനും ശിവരാത്രിദിവസവും ബലികർമ്മങ്ങൾ ചെയ്യാവുന്നതാണ്. നിരവധി ക്ഷേത്രങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ടായിരിക്കും.

ശിവരാത്രി ദിവസം പിതൃപ്രീതിക്കായി ബലിതര്‍പ്പണം അത്യുത്തമം ആകുന്നു. കര്‍ക്കടകവാവ് ബലി, ശിവരാത്രി ബലി എന്നിവ പിതൃപ്രീതിക്കായി മുടങ്ങാതെ ചെയ്യുന്ന നിരവധി ആളുകളുണ്ട്. മരിച്ച് ഒരുവർഷം കഴിഞ്ഞവരുടെ ആത്മാവിന് ശാന്തി ലഭിക്കാനായി വർഷത്തിൽ രണ്ട് ബലികർമ്മവും തിലഹോമവും ചെയ്യുന്നത് ഭാഗ്യദായകമാകുന്നു. മരിച്ച ദിവസത്തെ നക്ഷത്രം അറിയില്ലെങ്കിൽ തിരുവോണം നക്ഷത്രമെന്ന് സങ്കല്പിച്ച് തിലഹോമം ചെയ്യാവുന്നതുമാകുന്നു.

18-02-2023 ശനിയാഴ്ച പ്രഭാതത്തിലാണ് പിതൃപ്രീതിക്കായി ബലികർമ്മങ്ങൾ ചെയ്യേണ്ടത്.

ശിവരാത്രിയുടെ ഐതിഹ്യം:
——————–
പാലാഴിമഥനത്തില്‍ ലഭിച്ച കാളകൂടവിഷം ലോകര്‍ക്ക് ഭീഷണിയാകാതിരിക്കാന്‍ സാക്ഷാല്‍ പരമേശ്വരന്‍ സ്വയം പാനം ചെയ്യുകയുണ്ടായി. എന്നാല്‍ അത് കണ്ഠത്തില്‍ നിന്നും താഴേക്ക് ഇറങ്ങാതിരിക്കാന്‍ പാര്‍വ്വതീദേവി, ഭഗവാന്‍റെ കണ്ഠത്തിലും എന്നാല്‍ അത് പുറത്തേക്ക് പോകാതിരിക്കാന്‍ മഹാവിഷ്ണു, ഭഗവാന്‍റെ വായ്‌ പൊത്തിപ്പിടിച്ചുവെന്നും അങ്ങനെ കാളകൂടവിഷം പരമേശ്വരന്‍റെ കണ്ഠത്തില്‍ ഇരിക്കുകയും ചെയ്തുവെന്നും അതിനുശേഷം ഭഗവാന് നീലനിറം ലഭിച്ചെന്നും അങ്ങനെ ‘നീലകണ്ഠന്‍’ എന്ന നാമധേയം ലഭിച്ചെന്നും വിശ്വസിച്ചുവരുന്നു.

ഭഗവാന്‍ പരമേശ്വരന് ആപത്തും അത്യാപത്തും വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ച് ഭര്‍ത്താവിനായി പ്രാര്‍ത്ഥിച്ചത് മാഘമാസത്തിലെ (കുംഭമാസം) കറുത്തപക്ഷ ചതുര്‍ദശി തിഥിയിലായിരുന്നുവെന്നും അതാണ്‌ പിന്നെ മഹാശിവരാത്രിയായിആചരിച്ചുതുടങ്ങിയതെന്നും ഐതിഹ്യം പറയുന്നു.

ശിവപുരാണത്തില്‍ മറ്റൊരു ഐതിഹ്യവും നല്‍കിയിട്ടുണ്ട്:

“നീ ആര്?” എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനായി മഹാവിഷ്ണുവും ബ്രഹ്മാവും തര്‍ക്കവും ഒടുവില്‍ യുദ്ധവുമായി. ബ്രഹ്മാവ്‌, ബ്രഹ്മാസ്ത്രവും അതിനെ തകര്‍ക്കാനായി മഹാവിഷ്ണു പാശുപതാസ്ത്രവും തൊടുത്തുവിട്ടു. ലോകം മുഴുവന്‍ കറങ്ങിനടന്ന പാശുപതാസ്ത്രത്തെ തിരികെയെടുക്കാനോ ഉപസംഹരിക്കാനോ മഹാവിഷ്ണുവിനോ ബ്രഹ്മദേവനോ സാധിച്ചില്ലെന്ന് മാത്രമല്ല അവരും ഭയവിഹ്വലരായി. അപ്പോള്‍ അവിടെ ഉയര്‍ന്നുവന്ന ശിവലിംഗത്തിന്‍റെ രണ്ടറ്റവും കണ്ടെത്താനായി ബ്രഹ്മാവ്‌ മുകളിലേക്കും മഹാവിഷ്ണു താഴേക്കും സഞ്ചരിച്ചെങ്കിലും ഫലമുണ്ടായില്ല. നിരാശരായ ഇരുവരും പൂര്‍വ്വസ്ഥലത്ത് മടങ്ങിയെത്തിയപ്പോള്‍ ഭഗവാന്‍ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ട്, പാശുപതാസ്ത്രത്തെ നിര്‍വീര്യമാക്കിയത് കുംഭമാസത്തിലെ ചതുര്‍ദശി തിഥിയിലാണെന്നും തുടര്‍ന്ന് എല്ലാ വര്‍ഷവും ഇതേ രാത്രിയില്‍ വ്രതമനുഷ്ഠിക്കണമെന്നും അതിനെ ശിവരാത്രിവ്രതം എന്നറിയപ്പെടുമെന്നും ശിവപുരാണത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.

ശിവരാത്രിവ്രത മാഹാത്മ്യം:
———————
ശിവരാത്രിവ്രതം ചിട്ടയോടെ അനുഷ്ഠിക്കുന്നവര്‍ ശിവന്‍റെ വാത്സല്യത്തിന് പാത്രീഭവിക്കുമെന്ന് ഐതിഹ്യങ്ങള്‍ നമുക്ക് പഠിപ്പിച്ചുതരുന്നു. ഒരുദാഹരണം ചുവടെ എഴുതുന്നു: മഹാപാപിയായ സുന്ദരസേനന്‍ (സുകുമാരന്‍) എന്നയാള്‍ ‘നാഗേശ്വരം’ എന്ന ശിവക്ഷേത്രസന്നിധിയുടെ അടുത്ത് എത്തപ്പെട്ടു. അപ്പോഴവിടെ ‘മഹാശിവരാത്രി’ ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. യാദൃശ്ചികമായിട്ടായാലും മഹാപാപിയായ സുന്ദരസേനനും ശിവരാത്രി പൂജയില്‍ പങ്കെടുത്തു.

ഏതാനും നാളുകള്‍ക്ക് ശേഷം സുന്ദരസേനന്‍ മരിച്ചു. ആത്മാവിനെ കൊണ്ടുപോകാനായി കാലന്‍റെ ദൂതന്മാരും ശിവന്‍റെ ദൂതന്മാരും യുദ്ധം ചെയ്യേണ്ടിവന്നു. ശിവദൂതന്മാര്‍ വിജയിക്കുകയും അയാളുടെ ആത്മാവിനെ ശിവലോകത്ത് കൊണ്ടുപോകുകയും ചെയ്തു.

ശിവരാത്രിവ്രതം, പൂജ, ആത്മസമര്‍പ്പണം എന്നിവയിലൂടെ ശിവലോകത്ത് എത്താനാകുമെന്ന് ഉദാഹരണസഹിതം അഗ്നിപുരാണം, ശിവപുരാണം എന്നിവ നമുക്ക് പറഞ്ഞുതരുന്നു.

ഈ വർഷത്തെ ശിവരാത്രി, പ്രദോഷവും ചേർന്നുണ്ട്. എന്നാൽ ശിവരാത്രിയും പ്രദോഷവും ഒന്നിച്ചുവരണമെന്നില്ല. ചില വർഷങ്ങളിൽ അങ്ങനെ ലഭിക്കാറുണ്ടെന്നുമാത്രം.

സൂര്യാസ്തമയ സമയത്ത് ത്രയോദശി തിഥി വരികയും എന്നാല്‍ തൊട്ടടുത്ത ദിവസത്തെ സൂര്യോദയത്തില്‍ ത്രയോദശി തിഥി അല്ലാതിരിക്കുകയും ചെയ്താലാണ് പ്രദോഷമായി ആചരിക്കുന്നത്. ഇപ്രകാരം ഒത്തുവന്നില്ലെങ്കിലും പ്രദോഷം ആചരിക്കുന്നത് മുടക്കാറുമില്ല. എന്നാൽ എല്ലാ ശിവരാത്രിയിലും പ്രദോഷം ലഭിക്കണമെന്നുമില്ല.

ശിവരാത്രിയുടെ തലേദിവസം (17 -02-2023, വെള്ളിയാഴ്ച) വീട് കഴുകി ശുദ്ധിവരുത്തണം. വ്രതാനുഷ്ഠാനം നടത്തുന്നവര്‍ തലേദിവസം രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുഭക്ഷണമാകാം.

ശിവരാത്രി ദിവസം ‘ഉപവാസം’, ‘ഒരിക്കല്‍’ എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ പിടിക്കുകയും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ‘കാല്‍വയര്‍’ മാത്രം ഭക്ഷിക്കണം (വയര്‍ നിറയെ പാടില്ല).

“ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:
ദേവപൂജാഗ്നി ഹവനം സംതോഷ സ്തെയവര്‍ജനം
സര്‍വ വ്രതേഷ്വയം ധര്‍മ: സാമാന്യോ ദശധാ സ്ഥിത:”

ഇതിൽ അന്നപാനീയങ്ങൾ ഒഴിവാക്കി വ്രതം ആചരിക്കണമെന്ന് ആചാര്യൻ പറഞ്ഞിട്ടില്ലെന്ന് വാദിക്കുന്ന പണ്ഡിതരുമുണ്ട്. ആരോഗ്യം, ശരീരം എന്നിവ നോക്കാതെ യാതൊരു വ്രതവും പിടിക്കേണ്ടതില്ലെന്ന് സാരം.

ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും ‘നമ:ശിവായ’ എന്ന പഞ്ചാക്ഷരീമന്ത്രമോ ‘ഓം’കാര സഹിതമായി ‘ഓം നമ:ശിവായ’ മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ്.

ശിവരാത്രിയിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാകയാൽ അകത്തെ പ്രദക്ഷിണം പ്രാവർത്തികമാക്കാൻ പ്രയാസമായിരിക്കും. ആകയാൽ വിവിധ ശിവമന്ത്രങ്ങളാൽ പുറത്ത്, ക്ഷേത്രത്തെ പ്രദക്ഷിണം വെക്കാവുന്നതാണ് (ആയതിനുള്ള സൗകര്യങ്ങളുള്ള ശിവക്ഷേത്രമാണെങ്കിൽ)

ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവനാമാവലി, ശിവപഞ്ചാക്ഷരി സ്തുതി, സദാശിവകീര്‍ത്തനം, ശിവരക്ഷാസ്തോത്രം, ശിവപ്രസാദ പഞ്ചകം, ശിവകീര്‍ത്തനം, ശിവസന്ധ്യാനാമം, നമ:ശിവായ സ്തോത്രം, ദാരിദ്ര്യദഹനസ്തോത്രം എന്നിവയെല്ലാമോ അല്ലെങ്കില്‍ ഇഷ്ടമായവയോ ഭക്തിയോടെ ജപിക്കാവുന്നതാകുന്നു.

ശിവരാത്രിദിവസം ജപിക്കാനുള്ള മന്ത്രം ഇവിടെ ലഭ്യമാണ്: https://uthara.in/manthram/

ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്. അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു.

വൈകിട്ട് ക്ഷേത്രത്തില്‍ ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്.

ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പിന്നെ ഉറക്കവുമാകാം. ചിലരുടെ തെറ്റിദ്ധാരണമൂലം അന്ന് പകലും ഉറക്കമൊഴിയാറുണ്ട്. എന്നാല്‍ അതിന്റെ ആവശ്യമില്ല. അങ്ങനെയൊരു ആചാരവുമില്ല. വ്രതവും ധ്യാനവും പൂജകളും ശിവരാത്രിയും കഴിഞ്ഞാൽ പിന്നെ ഉറക്കമിളക്കേണ്ട കാര്യമില്ലല്ലോ…

പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം അവരവര്‍ക്കും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു. പാപങ്ങള്‍ നീങ്ങുന്നതിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ശിവരാത്രിവ്രതം വളരെ ഫലപ്രദമാണ്.

ശിവരാത്രി ദിവസം പിതൃപ്രീതിക്കായി ബലിതര്‍പ്പണം അത്യുത്തമം ആകുന്നു. കര്‍ക്കടകവാവ് ബലി, ശിവരാത്രി ബലി എന്നിവ പിതൃപ്രീതിക്കായി മുടങ്ങാതെ ചെയ്യുന്ന നിരവധി ആളുകളുണ്ട്.

ശിവരാത്രി ദിവസം വൈകിട്ട് മിക്ക ശിവക്ഷേത്രങ്ങളിലും പുരുഷന്മാര്‍ ശയനപ്രദക്ഷിണവും സ്ത്രീകള്‍ കാലടിവെച്ചുള്ള (പാദപ്രദക്ഷിണം) പ്രദക്ഷിണവും നടത്താറുണ്ട്‌.
———————–
ശിവരാത്രിയില്‍ ജപിക്കാന്‍ ചില മന്ത്രങ്ങള്‍:

ശിവരാത്രിവ്രതം ആചരിക്കുന്ന ഭക്തര്‍ക്കായി ചില ശിവമന്ത്രങ്ങളും അതീവ ഫലസിദ്ധിയുള്ള ശൈവമന്ത്രവും ശൈവമാലാ മന്ത്രവും എഴുതുന്നു. വ്രതകാലത്തും മറ്റ് പൂജാസമയങ്ങളിലും ഇവയിലൊരു മന്ത്രമോ അല്ലെങ്കില്‍ ഇവ രണ്ടുമോ മറ്റ് മന്ത്രങ്ങളോ ഭക്തിയോടെ ജപിക്കാവുന്നതാണ്. ക്ഷേത്രദര്‍ശന സമയത്തും ജപിക്കാം.

കുടുംബത്ത് ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, മഹാദേവനെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം ഈ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക.

മാനസപൂജ:
——–
കുടുംബത്ത് ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, ആ ദേവതയെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം ഈ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക. മാനസപൂജ എന്നാല്‍, പ്രസ്തുത ദേവനെ അല്ലെങ്കില്‍ ദേവിയെ എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാര്‍ത്തി മുഖം മിനുക്കി ധൂമ-ദീപാദികള്‍ നല്‍കി അന്ന-പാനീയങ്ങള്‍ നല്‍കി ഭഗവാന്‍റെ ഇഷ്ട പുഷ്പാഞ്ജലികള്‍ നല്‍കി ഇഷ്ട മന്ത്രങ്ങളും (അറിയുമെങ്കില്‍) സൂക്തങ്ങളും (അറിയുമെങ്കില്‍) സ്തോത്രങ്ങളും (അറിയുമെങ്കില്‍) ജപിച്ച് അര്‍ച്ചയും നടത്തി അവസാനം തെറ്റുകുറ്റങ്ങള്‍ക്ക്‌ മാപ്പും അപേക്ഷിച്ച് അവര്‍ക്ക്‌ നല്‍കുന്ന മാനസപൂജയില്‍ സന്തോഷം കണ്ടെത്തണം. അതായത്‌, ഇവയൊക്കെ നാം ഭഗവാനുവേണ്ടി അല്ലെങ്കില്‍ ഭഗവതിയ്ക്കുവേണ്ടി ചെയ്യുന്നതായി മനസ്സില്‍ ഏകാഗ്രതയോടെ കാണണമെന്ന് സാരം. മാനസപൂജയോളം വലിയ ഒരു ഈശ്വരാരാധന ഇല്ലെന്നറിയുക.

മന്ത്രോപദേശം ആര്‍ക്ക്?
—————–
“നൃസിംഹാര്‍ക്കവരാഹാണാം സിദ്ധാദി നൈവശോധയേല്‍
സ്വപ്നേലബ്ധേസ്ത്രിയാദത്തേ മാലാമന്ത്രേ ച ത്ര്യക്ഷരേ
വൈദികേഷുച സര്‍വ്വേഷു, സിദ്ധാദി നൈവശോധയേല്‍”

എന്ന പ്രമാണപ്രകാരം പലവിധ മന്ത്രങ്ങളും ഗുരുവിന്റെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ്. ‘നമ:ശിവായ’ എന്ന പഞ്ചാക്ഷരീമന്ത്രം, ‘ഓം നമോ നാരായണായ’ എന്ന അഷ്ടാക്ഷരീമന്ത്രം, ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷരമന്ത്രം, ‘ഓം നമോ ഭഗവതേ മഹാസുദര്‍ശനായ ഹും ഫള്‍’ എന്ന ഷോഡശാക്ഷരമന്ത്രം അഥവാ മഹാസുദര്‍ശനമന്ത്രം, നരസിംഹമന്ത്രം, വരാഹമന്ത്രം, പിണ്ഡമന്ത്രം, പ്രണവം, പഞ്ചദശി, ബാലാമന്ത്രം, ഷോഡശീമന്ത്രം എന്നിവയും മന്ത്രദീക്ഷയില്ലാതെ ജപിക്കാവുന്നതാകുന്നു.

സ്വപ്നവേളയിലോ, മാതാവില്‍ നിന്നോ ലഭിച്ച മന്ത്രങ്ങള്‍ക്കും ദീക്ഷയുടെ ആവശ്യമില്ലെന്ന് ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നു.
മന്ത്രങ്ങള്‍ വഴങ്ങുന്നതിന് ഗുരുവിന്റെ ഉപദേശവും അനുഗ്രഹവും ആവശ്യമാണ്‌. അതുകൊണ്ടാണ് മന്ത്രദീക്ഷ ആവശ്യമാണെന്ന് പറയുന്നത്. ദശമുദ്രകള്‍ കണ്ടുമനസ്സിലാക്കണമല്ലോ. കാരണം, മന്ത്രം, മന്ത്രദേവത, ഉപാസകന്‍ എന്നിവ മൂന്നും ഒരേ തരംഗദൈര്‍ഘ്യത്തിലെത്തി ഒരേ തലത്തില്‍ ഏകീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ ആ ഉപാസകന് തന്റെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ദേവതയെ വെറുംകണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയുകയുള്ളൂ. അപ്രകാരം ഗുരു-ഉപദേശസഹിതം മന്ത്രം ജപിച്ച് സിദ്ധി വരുത്തിയ ഒരു കര്‍മ്മിയുടെ കര്‍മ്മങ്ങള്‍ക്കായിരിക്കും പ്രാര്‍ത്ഥനകള്‍ക്കുമായിരിക്കും ക്ഷിപ്രഫലം ലഭിക്കുന്നത്.

ഇത് (മന്ത്രദീക്ഷ) ഒരു ഉപാസകനുവേണ്ടതാണ്. ഒരു വിശ്വാസിക്ക് വേണമെന്ന് നിര്‍ബ്ബന്ധം പിടിക്കാന്‍ കഴിയുകയുമില്ല. ഈശ്വരനെ വിശ്വസിക്കുന്ന ഒരു ഭക്തന്‍ മുകളില്‍പറഞ്ഞ മുദ്രകള്‍ കാട്ടി ഏതെങ്കിലും ഒരു മന്ത്രം ജപിക്കുന്നത് ഇന്നുവരെയും നമ്മള്‍ കണ്ടിട്ടുമില്ല. അപ്പോള്‍ അവര്‍ അതാത് ദേവതകളെ ഭക്തിയോടെ പ്രാര്‍ത്ഥിച്ചുകൊണ്ട് ചില മൂലമന്ത്രങ്ങള്‍ ജപിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്? ഗുരു-ഉപദേശം ലഭിക്കാത്തവര്‍ സാക്ഷാല്‍ മഹാദേവനെ സ്വന്തം ഗുരുവായി കണ്ടുകൊണ്ട് ചില മൂലമന്ത്രങ്ങള്‍ ജപിച്ചുവരുന്നു. എന്നാല്‍ നിശ്ചയമായും ഗുരു-ഉപദേശമില്ലാതെ ജപിക്കാവുന്ന ചില അതിപ്രധാന മന്ത്രങ്ങളുണ്ട്. അവയൊന്നും ഇവിടെ പ്രതിപാദിച്ചിട്ടുമില്ല. മറ്റ് മന്ത്രങ്ങള്‍ക്ക്: https://uthara.in/manthram/

പഞ്ചാക്ഷരീമന്ത്രം:
————
നമ: ശിവായ

ശൈവമന്ത്രം:
———
“ഹ്രീം നമശ്ശിവായ ശിവായ രുദ്രായ
ലോകേശായ ഘോരാകാരായ
സംഹാരവിഗ്രഹായ ത്രിപുരഹരായ
മൃത്യുഞ്ജയായ മാം രക്ഷ രക്ഷ
ഹും ഫള്‍ സ്വാഹാ”

ശൈവമാലാ മന്ത്രം:
————–
“ശിവായ ഹ്രീം നമ:ശിവായ ത്രിപുരഹരായ
കാലഹരായ സര്‍വ്വദുഷ്ടഹരായ സര്‍വ്വശത്രുഹരായ
സര്‍വ്വരോഗഹരായ സര്‍വ്വഭൂത-പ്രേത-പിശാചഹരായ
ധര്‍മ്മാര്‍ത്ഥ-കാമ-മോക്ഷപ്രദായ
മാം രക്ഷ രക്ഷ ഹും ഫള്‍”
*******************

ശിവതാണ്ഡവ സ്തോത്രം:
——————-
കൈലാസപര്‍വ്വതം പൂര്‍ണ്ണമായി ഉയര്‍ത്തികൊണ്ടുപോകാന്‍ ശ്രമിച്ച സാക്ഷാല്‍ രാവണന്‍റെ ഇരുകൈകളും ഭഗവാന്‍ പരമശിവന്‍ അവിടെ ഉറപ്പിച്ചുകളഞ്ഞു. വീരശൂരപരാക്രമിയായ രാവണന്‍ എത്ര ശ്രമിച്ചിട്ടും കൈലാസം ഉയര്‍ത്താനോ സ്വന്തം കൈകള്‍ വലിച്ചെടുക്കാനോ സാധിച്ചില്ല. അപകടം തിരിച്ചറിഞ്ഞ രാവണന്‍, അത്യന്തം കോപിഷ്ഠനായി നില്‍ക്കുന്ന മഹാദേവനെ പ്രീതിപ്പെടുത്താനായി ശിവതാണ്ഡവസ്തോത്രം ഭക്തിയോടെ ജപിച്ചു.

സാധാരണക്കാര്‍ക്ക് ജപിക്കാന്‍ വളരെയധികം പ്രയാസമുള്ള ഈ സ്തോത്രം ശിവക്ഷേത്രങ്ങളില്‍ പ്രദോഷനാളുകളില്‍ ജപിച്ചുകാണാറുണ്ട്‌. ജാതകത്തില്‍ മൂന്ന്‍ ഗ്രഹങ്ങള്‍ (രാഹുവും കേതുവും ഉള്‍പ്പെടെ അഞ്ച് ഗ്രഹങ്ങള്‍. രാഹുവും കേതുവും എപ്പോഴും വക്രഗതിയില്‍ ആയിരിക്കും) വക്രഗതിയില്‍ ആയി വന്നാല്‍ മുജ്ജന്മ പാപഫലമായി പലതരം ദു:ഖങ്ങള്‍ സഹിക്കേണ്ടി വരുമെന്നതിനാല്‍ നിത്യവും (ശുദ്ധമായ ദിവസങ്ങളില്‍) ഭക്തിയോടെ ശിവതാണ്ഡവ സ്തോത്രം ജപിക്കുന്നതും അതീവ ഫലപ്രദമായി കണ്ടുവരുന്നു.

ശിവതാണ്ഡവ സ്തോത്രം
——————
ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡ മഡ്ഡ മഡ്ഡ മന്നിനാദവഡ്ഡമര്‍വ്വയം
ചകാരചണ്ഡതാണ്ഡവം തനോതു ന: ശിവ ശിവം
ജടാകടാഹസംഭ്രമഭ്രമന്നിലിമ്പ നിര്‍ഝരീ
വിലോലവീചിവല്ലരീ വിരാജമാനമൂര്‍ദ്ധനീ
ധഗദ്ധ ഗദ്ധ ഗജ്വ ലല്ല ലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമ
ധരാധരേന്ദ്രനന്ദിനീ വിലാസബന്ധു ബന്ധുര-
സ്‌ഫുരത്‌ ദിഗന്ത സന്തതി പ്രമോദ മാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുന്ദരാപദി
ക്വചിച്ചിദംബരേ മനോ വിനോദമേതു വസ്തുനി
ജടാഭുജംഗപിംഗളസ്‌ഫുരത്‌ഫണാമണിപ്രഭാ
കദംബകങ്കുമദ്രവ പ്രലിപ്ത ദിഗ്വ ധൂമുഖേ
മദാന്ധ സിന്ധുരസ്‌ഫുരത്ത്വ ഗുത്തരീയമേദുരേ
മനോവിനോദമത്‌ഭുതം ബിഭര്‍ത്തു ഭൂതഭര്‍ത്തരി
സഹസ്രലോചനപ്രഭൃത്യ ശേഷലേഖശേഖര
പ്രസൂനധൂളിധോരണീ വിധൂര്‍സ്വരാംഘ്രിപീഠഭൂ:
ഭുജംഗരാജമാലയാ നിബദ്ധജാഡജൂഡക:
ശ്രിയേ ചിരായ ജായതാം ചകോരബന്ധുശേഖര:
ലലാടചത്വരജ്വലത്‌ ധനഞ്ജയസ്‌ഫുലിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖര
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു ന:
കരാളഫാലപട്ടികാത്‌ ധഗദ്ധഗദ്ധഗജ്ജ്വലാ
ധനഞ്ജയാഹുതീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക
പ്രകല്‍പ്പനൈകശില്‍പ്പിനി ത്രിലോചനേ മതിര്‍മമ:
നവീനമേഘമണ്ഡലീ നിരുദ്ധദുര്‍ദ്ധരസ്‌ഫുരത്‌
കുഹൂനിശീഥിനീതമ: പ്രബന്ധബന്ധുകന്ധര:
നിലിമ്പനിര്‍ഝരീ ധരസ്തനോതു കൃത്തിസിന്ധുര:
കലാനിധാനബന്ധുര: ശ്രിയം ജഗത്‌ദുരന്ധര:
പ്രഫുല്ല നീലപങ്കജപ്രപഞ്ച കാളിമഭ്രഭ
വലംബികണ്ഡകന്ധലീ രുചിപ്രബദ്ധകന്ധര
സ്‌മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ
അഗര്‍വ്വസര്‍വ്വമംഗളാകലാകദംബമഞ്ജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
സ്‌മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ
ജയത്വദഭ്ര വിഭ്രമഭ്രമത്‌ഭുജംഗമശ്വസത്
വിനിര്‍ഗ്ഗമത് ക്രമസ്ഫുരത് കരാളഫാലഹവ്യവാട്‌
ധിമിത്‌ ധിമിത്‌ ധിമിത്‌ ധനന്‍മൃദംഗതുംഗമംഗള-
ധ്വനിക്രമപ്രവര്‍ത്തിത പ്രചണ്ഡതാണ്ഡവ: ശിവ:
ദൃഷദ്വിചിത്രതല്‍പ്പയോര്‍ ഭുജംഗമൌക്തികസ്രജോര്‍-
ഗ്ഗരിഷ്ഠരത്നലോഷ്ഠയോ: സുഹൃദ്വിപക്ഷപക്ഷയോ
തൃണാരവിന്ദചക്ഷുഷോ: പ്രജാമഹീമഹേന്ദ്രയോ
സമ പ്രവര്‍ത്തികര്‍കദാ സദാശിവം ഭജാമ്യഹം
കദാ നിലിമ്പനിര്‍ഝരീ നികുഞ്ജകോടരേ വസന്‍
വിമുക്തദുര്‍മതിസ്സദാ ശിരസ്ഥമഞ്ജലിം വഹന്‍
വിലോലലോചനോല ലാമഫാലലഗ്നക:
ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യഹം
ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്‌തവം
പഠന്‍ സ്‌മരന്‍ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം”

ത്രൈയംബകമന്ത്രം (മൃത്യുഞ്ജയം, ത്ര്യംബകം, ത്രയംബകം):

ത്ര്യംബകമന്ത്രത്തെ ഉപാസിക്കുന്നവരെ അപമൃത്യു തിരിഞ്ഞുനോക്കാന്‍കൂടി ഭയപ്പെടുന്നതാണ്. ത്ര്യംബകമന്ത്രത്തെക്കുറിച്ച് അറിയാത്തവര്‍ കുറവായിരിക്കും. ശനിയുടെ ദോഷാധിക്യം കൂടുമ്പോള്‍, ദശാപഹാരകാലം പിഴച്ചുനില്‍ക്കുമ്പോള്‍, അത്യധികമായ രോഗങ്ങള്‍ സംഭവിക്കുമ്പോള്‍ അങ്ങനെ പലവിധ ദുരിതങ്ങള്‍ക്കും ത്രയംബകമന്ത്രം അഥവാ മൃത്യുഞ്ജയമന്ത്രംകൊണ്ട് പുഷ്പാഞ്ജലി, ഹോമം മുതലായവ നമ്മള്‍ ചെയ്യാറുണ്ട്.

മഹാദേവപ്രീതിക്കായി അനുഷ്ഠിക്കുന്ന ത്ര്യംബകമന്ത്രത്തെയും ഫലസിദ്ധിയേയും കുറിച്ച് എഴുതുന്നു.

മന്ത്രം:
——-
“ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യോര്‍മ്മുക്ഷീയമാമൃതാത്”

ഋഷി – വസിഷ്ഠ:
ച്ഛന്ദസ്സ് – അനുഷ്ടുപ്പ്
ദേവത – പാര്‍വ്വതീപതി ത്ര്യംബകരുദ്രോ ദേവത.

ധ്യാനം:
———
ഹസ്താഭ്യാം കലശദ്വയാമൃതരസൈരാപ്ലാവയന്തം ശിരോ
ദ്വാഭ്യാം തൗ ദധതം മൃഗാക്ഷവലയോദ്വാഭ്യാം വഹന്തം പരം
അങ്കന്യസ്തകരദ്വയാമൃതഘടം കൈലാസകാന്തം ശിവം
സ്വച്ഛാംഭോജഗതം നവേന്ദുമുകുടം ദേവം ത്രിനേത്രം ഭജേ.

അര്‍ത്ഥം:
———–
“രണ്ടുകൈകളില്‍ വെള്ളം നിറച്ച കുംഭങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും മറ്റ് രണ്ട് കൈകള്‍ കൊണ്ട് ആ കുംഭങ്ങളില്‍ നിന്നും വെള്ളമെടുത്ത് സ്വന്തം ശിരസ്സില്‍ നനച്ചും പിന്നെ കൈകളില്‍ ഓരോ ജലപൂര്‍ണ്ണകുംഭമെടുത്ത് മടിയില്‍ വെച്ചും അനന്തരം രണ്ടുകൈകളില്‍ രുദ്രാക്ഷമാലയേയും മാനിനേയും ധരിച്ചും സ്വശിരസ്സിലുള്ള ചന്ദ്രനില്‍ നിന്ന് സ്രവിക്കുന്ന അമൃതരസത്തില്‍ ആറാടിക്കൊണ്ടും ശ്രീപാര്‍വ്വതിയോടുകൂടി താമരപ്പൂവില്‍ ഇരിക്കുന്ന മുക്കണ്ണനായ മൃത്യുഞ്ജയമൂര്‍ത്തിയെ ഞാന്‍ ഭജിക്കുന്നു.”

ഈ മന്ത്രം ജപിച്ച് ഫലസിദ്ധി വരുത്തുന്നതിന് താന്ത്രികങ്ങളായ വിധികളുണ്ട്. അവയെ പരിചയപ്പെടുത്തുന്നില്ല. പകരം, ജപവും ഹോമവും നടത്തിയാലുള്ള ഫലസിദ്ധികളെക്കുറിച്ച് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രിയ ഭക്തര്‍ക്കായി ഇവിടെ പ്രതിപാദിക്കുന്നു.
ത്ര്യംബകമന്ത്രത്തെ ഉപാസിക്കുന്നവരെ അപമൃത്യു തിരിഞ്ഞുനോക്കാന്‍കൂടി ഭയപ്പെടുന്നതാണ്.

മറ്റൊരു ശിവമന്ത്രം
————–
“ഓം മഹാദേവ ദേവായ രുദ്രമൂര്‍ത്തയെ ഹരഹര ശിവായ നമ:”

പ്രശസ്തമാകാവുന്ന പല മേഖലകളിലും പ്രവര്‍ത്തിക്കുന്ന എത്രയോ ആളുകള്‍ പുറംലോകമറിയാതെ കഴിയുന്നുണ്ട്… പ്രശസ്തി കൈവരിക്കാന്‍ ഉപകരിക്കുന്ന ഈ ശിവമന്ത്രം ഒരു ശനിയാഴ്ച പ്രഭാതത്തില്‍ സ്നാനം കഴിഞ്ഞ് കിഴക്കുനോക്കി മഹാദേവനെ മനസ്സില്‍ ധ്യാനിച്ച് അടുപ്പിച്ച് 21 ദിവസം 108 ഉരു വീതം ജപിക്കേണ്ടതാണ്.

അര്‍ഹമായ സ്ഥാനത്ത് മഹാദേവന്‍ നിങ്ങളെ എത്തിക്കുന്നതാണ്.

ഇവയോടൊപ്പം ലഭ്യമായതും അറിയുന്നതുമായ മറ്റ് ശിവമന്ത്രങ്ങളും മഹാശിവരാത്രി വ്രതത്തില്‍ ജപിക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കേവര്‍ക്കും ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.

“ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യോര്‍മ്മുക്ഷീയമാമൃതാത്”

“ചെയ്യാനുള്ള കര്‍മ്മങ്ങള്‍ യഥാവിധി പൂര്‍ത്തിയാക്കി, സാമാന്യമായ ഒരു മരണംമാത്രം ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ മഹാദേവാ…”

ഏവര്‍ക്കും മഹാശിവരാത്രി ആശംസകള്‍ നേർന്നുകൊണ്ട്,

അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
കരുനാഗപ്പള്ളി, https://uthara.in/

Share this :
× Consult: Anil Velichappadan