എന്തിനാണ് ശുഭമുഹൂര്‍ത്തം?

Share this :

എന്തിനാണ് ശുഭമുഹൂര്‍ത്തം?

 

“മുഹുര്‍മുഹുസ്താരയതേ കര്‍ത്താരം ശ്രൗതകര്‍മ്മണാം
തസ്മാന്മുഹൂര്‍ത്തെ ഇത്യാഹുര്‍മുനയസ്തത്വദര്‍ശിന:”

ശ്രൗതകര്‍മ്മങ്ങളുടെ കര്‍ത്താവിനെ വീണ്ടും വീണ്ടും രക്ഷിക്കുന്നതിനാല്‍ ആ ശുഭസമയത്തെ ‘മുഹൂര്‍ത്തം’ എന്ന് പറയുന്നു.

സകലദോഷങ്ങളെയും ഹനിക്കുന്നതാണ് മുഹൂര്‍ത്തം. ശുഭമുഹൂര്‍ത്തം ലഭിക്കുക എന്നതുതന്നെ മഹാഭാഗ്യമാണ്. അശുഭമായൊരു സമയം നല്‍കിയിട്ട് “ഇത് ശുഭമുഹൂര്‍ത്തമാണ്” എന്ന് പറയപ്പെട്ടുകൊണ്ട് ലഭിക്കുന്നത് ഭാഗ്യദോഷവുമാണ്. അങ്ങനെ നല്‍കിയ ജ്യോതിഷിയും അത് (അറിഞ്ഞോ അറിയാതെയോ) ചെയ്യുന്ന കര്‍ത്താവും ദൈവത്തിന്‍റെ കോടതിയില്‍ പിഴ നല്‍കേണ്ടിവരും.

ശുഭമുഹൂര്‍ത്തം പറഞ്ഞുകൊടുക്കുന്നവരും അത് അനുഭവിക്കുന്നവരും ഭാഗ്യം ചെയ്തവരാകുന്നു.

ക്ഷേത്രങ്ങളിലെയും ആഡിറ്റോറിയങ്ങളിലെയും ബുക്കിംഗ് ഇല്ലാത്ത ദിവസങ്ങള്‍ കുറിച്ചുകൊണ്ടുവന്ന്‍ ആ ദിവസം വിവാഹമുഹൂര്‍ത്തം കുറിക്കണമെന്ന് ശഠിക്കരുതെന്ന് സാരം. മുഹൂര്‍ത്തം ഇല്ലെങ്കില്‍ “ആ ദിവസം മുഹൂര്‍ത്തമില്ല…” എന്ന് പറയാനുള്ള നട്ടെല്ല് ജ്യോതിഷിക്ക് ഉണ്ടായിരിക്കണം.

ദോഷകാലത്തെ വിവാഹമുഹൂര്‍ത്തം കുറിച്ചുനല്‍കാത്തതില്‍ പരിഭവപ്പെട്ടുപോയ ചിലരെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ആ പരിഭവം കുറച്ചുകാലത്തേക്ക് മാത്രമായിരിക്കും. എന്നാല്‍ മോശം മുഹൂര്‍ത്തം കുറിച്ചുനല്‍കിയാല്‍ ആ മന:സാക്ഷിക്കുത്ത് എന്‍റെ മരണംവരെ കൂടെയുണ്ടാകും. അപ്പോള്‍ ആദ്യം ചെയ്തതാണ് ശരിയെന്ന് നമുക്ക് മനസ്സിലാകും. ഈ അനുഭവമുള്ള നിരവധി ജ്യോതിഷികളെ എനിക്കറിയാം. എന്നാല്‍ അതൊക്കെ ജ്യോതിഷത്തിലെ വിശ്വാസവും ആരാധനയുമാണ്‌ കാണിക്കുന്നത് എന്ന തിരിച്ചറിവാണ് ഏറെ സന്തോഷപ്രദം.

ഒരു സുപ്രസിദ്ധ സിനിമാ താരത്തിന്റെ ആദ്യവിവാഹം നടന്നത് 05-02-2009 വ്യാഴാഴ്ച ദിവസം രാവിലെ 10.30ന് ശ്രീ മൂകാംബികദേവിയുടെ തിരുമുമ്പില്‍ വെച്ചായിരുന്നു. അതിപ്രധാനമായൊരു വിവാഹമുഹൂര്‍ത്തദോഷമുള്ള കാലം വിവാഹം നടത്തിയാല്‍ സഹായിക്കുന്നതിന് ആ ദേവിയ്ക്കും ഒരു പരിധിയില്ലേ? അതും സകല ഗ്രഹങ്ങളിലുംവെച്ച് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വ്യാഴഗ്രഹത്തിന് മൗഢ്യമുള്ളപ്പോള്‍?? അപ്പോള്‍ പിന്നെ ഏത് ശക്തിയാണ് സഹായിക്കാനുണ്ടാകുന്നത്? മുഹൂര്‍ത്തദോഷം എത്ര കഠിനമാണ് എന്ന് പറയാന്‍ മാത്രമാണ് നിങ്ങളും ഞാനുമൊക്കെ ഒരുപോലെ ഇഷ്ടപ്പെട്ട ഒരു സെലിബ്രിറ്റിയുടെ വിവാഹമുഹൂര്‍ത്തകാലം ഇവിടെ എഴുതിയത്.

അതുപോലെ ശലാകാവേധത്തില്‍ വിവാഹം നടക്കുകയും ബന്ധം വേര്‍പെടുകയും ചെയ്ത സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും കുപ്രസിദ്ധിയാര്‍ജ്ജിച്ചവരുമൊക്കെയുണ്ട്.

ചില പൂജിഷികളുണ്ട് (പൂജാരി കം ജ്യോതിഷി). അവര്‍ക്ക് എന്നാണോ അവിടെയെത്തി പൂജ ചെയ്യാന്‍ ഒഴിവുള്ളത്, ആ ദിവസം എത്ര കഠിനദോഷങ്ങളുണ്ടെങ്കിലും മുഹൂര്‍ത്തം കുറിച്ചുനല്‍കും. ശലാകാവേധദോഷമുള്ളപ്പോഴും വ്യാഴമൗഢ്യമുള്ളപ്പോഴും ഞായറാഴ്ച വരുന്നത് പൂയം നക്ഷത്രത്തില്‍ ആയാലും വ്യാഴ-ശുക്ര പരസ്പരദൃഷ്ടിയുള്ളപ്പോഴും ഗണ്ഡാന്തദോഷമുള്ളപ്പോഴും എന്തിനേറെ, മേടം രാശിയിലും ഏഴില്‍ ഗ്രഹം നില്‍ക്കുമ്പോഴും വിവാഹമുഹൂര്‍ത്തം നല്‍കുന്നവരുണ്ട്‌. ലാട-വൈധൃത-ദന്താദൂനം പിന്നെ ഇവരൊക്കെ നോക്കുകപോലുമില്ലല്ലോ!!

ലാഘവബുദ്ധിയോടെ മുഹൂര്‍ത്തഗണനം കൈകാര്യം ചെയ്യുന്നവര്‍ക്ക് നരകത്തില്‍ വസിക്കാമെന്നും ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ ലഭിക്കുന്ന നാണക്കേടും സങ്കടവും സമ്പത്തില്ലായ്മയും സത്യത്തില്‍ നരകം തന്നെയാകുന്നു.

ഭവനവുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ ഞായറാഴ്ചയും ചൊവ്വാഴ്ചയും ചെയ്യരുതെന്നും ശനി, വെള്ളി, ബുധന്‍ ഉത്തമങ്ങളാണെന്നും, വാസ്തുപുരുഷമുഹൂര്‍ത്തം ലഭ്യമെങ്കിലും ശുഭഗ്രഹനില കൂടി നോക്കണമെന്നും, കുഞ്ഞിന്‍റെ 28 കെട്ട് ആ കുഞ്ഞിന്‍റെ ജന്മനക്ഷത്രദിവസം ചെയ്യരുതെന്നും, വിവാഹമുഹൂര്‍ത്തനിയമം എന്തൊക്കെയെന്നും, മറ്റ് കഠിനദോഷങ്ങള്‍ ഏതൊക്കെയെന്നും, ദോഷം ഒഴിവാകുന്ന സ്ഥിതിഗതികള്‍ ഏതൊക്കെയെന്നും, ഉത്തമമുഹൂര്‍ത്തം ലഭ്യമല്ലെങ്കില്‍ കൃത്യമായ അഭിജിത് മുഹൂര്‍ത്തം കണ്ടുപിടിക്കണമെന്നുമൊക്കെ ഏതൊരു ജ്യോതിഷിയും പഠിച്ചിരിക്കണം. വിശ്വസിച്ചുവരുന്നവര്‍ക്ക് ശുഭമുഹൂര്‍ത്തം നല്‍കിയില്ലെങ്കില്‍ നാളെ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും വിചാരിച്ചുകൊള്ളണം. എല്ലാ ദോഷങ്ങളും ഒഴിവാക്കിയുള്ള മുഹൂര്‍ത്തം ലഭിക്കണമെന്നില്ല. എന്നാല്‍ ദോഷം കുറഞ്ഞ സമയം നോക്കിയുള്ള മുഹൂര്‍ത്തം ലഭിക്കുമല്ലോ…

ആകയാല്‍ ഉത്തമമുഹൂര്‍ത്തം ലഭിക്കുന്ന ഭാഗ്യവാന്മാരാകാന്‍ നിങ്ങള്‍ക്കേവര്‍ക്കും ഭാഗ്യമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Anil Velichappadan
https://www.uthara.in/

Share this :
× Consult: Anil Velichappadan