ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത്, അല്ലെങ്കിൽ പൂജാമുറിയിലെ പുണ്യജലം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പിന്നെ ഉറക്കവുമാകാം. ചിലരുടെ തെറ്റിദ്ധാരണമൂലം അടുത്ത ദിവസം പകലും ഉറക്കമൊഴിയാറുണ്ട്. എന്നാല്‍ അതിന്റെ ആവശ്യമില്ല. അങ്ങനെയൊരു ആചാരവുമില്ല. വ്രതവും ധ്യാനവും പൂജകളും ശിവരാത്രിയും കഴിഞ്ഞാൽ പിന്നെ ഉറക്കമിളക്കേണ്ട കാര്യവുമില്ല.
ശിവരാത്രി വ്രതാനുഷ്ഠാനം – ഒരു ലഘുവിവരണം:
…”ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:…” എന്ന പ്രമാണപ്രകാരം ക്ഷമയും സത്യവും ദയയും ദാനവും സ്നാനവും ഇന്ദ്രിയ നിഗ്രഹവും ലഭിക്കാനായി വ്രതങ്ങൾ ആചരിക്കുന്നവർ ജീവിതത്തിൽ ഉടനീളം അവ വെച്ചുപുലർത്തേണ്ടതുമാകുന്നു. മനസ്സിൽ വിദ്വേഷവും സ്പർദ്ധയും അനാരോഗ്യമായ മത്സരബുദ്ധിയും രക്തബന്ധങ്ങൾക്ക് വിലകല്പിക്കാതെ വ്യക്തിബന്ധവും കുടുംബബന്ധവും ശിഥിലമാക്കിയവരും ശിവരാത്രി വ്രതം പിടിച്ച് പാപങ്ങൾ കഴുകിക്കളയേണ്ടതുമാകുന്നു. എന്നാൽ പിന്നെയും അതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കുകയും ചെയ്‌താൽ മഹാദേവനുപോലും അവരെ സംരക്ഷിക്കാൻ കഴിയുകയില്ല എന്ന ഭയവും തിരിച്ചറിവും ഭക്തരിൽ ഉണ്ടാകേണ്ടതുമാണ്.
2024ലെ മഹാശിവരാത്രി 08-03-2024, 1199 കുംഭം 24, കറുത്തപക്ഷത്തിലെ ചതുർദശി തിഥി രാത്രിയിൽ വരുന്ന വെള്ളിയാഴ്ചയാണ്. കുംഭമാസത്തിലെ കറുത്തപക്ഷത്തില്‍ (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേക്ക് ചന്ദ്രന്‍ വരുന്ന കാലം) സന്ധ്യകഴിഞ്ഞ് ചതുര്‍ദശി തിഥി ലഭിക്കുന്ന കാലമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ വർഷം അപ്രകാരം വെള്ളിയാഴ്ച രാത്രി 9 മണി 58 മിനിറ്റ് 04 സെക്കന്റ് മുതലാണ് ചതുർദശി തിഥി ലഭിക്കുന്നത് (ഗണനം: കൊല്ലം ജില്ല, By: https://www.facebook.com/uthara.astrology/)
ബലികർമ്മം അത്യുത്തമം:
മരണമടഞ്ഞ പൂർവ്വികർക്കായി കർക്കടകവാവിനും ശിവരാത്രിദിവസവും ബലികർമ്മങ്ങൾ ചെയ്യാവുന്നതാണ്. നിരവധി ക്ഷേത്രങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ടായിരിക്കും.
ശിവരാത്രി ദിവസം പിതൃപ്രീതിക്കായി ബലിതര്‍പ്പണം അത്യുത്തമം ആകുന്നു. കര്‍ക്കടകവാവ് ബലി, ശിവരാത്രി ബലി എന്നിവ പിതൃപ്രീതിക്കായി മുടങ്ങാതെ ചെയ്യുന്ന നിരവധി ആളുകളുണ്ട്. മരിച്ച് ഒരുവർഷം കഴിഞ്ഞവരുടെ ആത്മാവിന് ശാന്തി ലഭിക്കാനായി വർഷത്തിൽ രണ്ട് ബലികർമ്മവും തിലഹോമവും ചെയ്യുന്നത് ഭാഗ്യദായകമാകുന്നു. മരിച്ച ദിവസത്തെ നക്ഷത്രം അറിയില്ലെങ്കിൽ തിരുവോണം നക്ഷത്രമെന്ന് സങ്കല്പിച്ച് തിലഹോമം ചെയ്യാവുന്നതുമാകുന്നു. അതുമല്ലെങ്കിൽ കുടുംബപ്പേരും സ്‌ഥലപ്പേരുംകൊണ്ടും തിലഹോമം ചെയ്യാവുന്നതാണ്.
08-03-2024 വെള്ളിയാഴ്ച പ്രഭാതത്തിലാണ് പിതൃപ്രീതിക്കായി ബലികർമ്മങ്ങൾ ചെയ്യേണ്ടത്. ശിവരാത്രി വ്രതം ആചരിക്കുന്നവർ വീണ്ടും സ്നാനാദി കർമ്മങ്ങൾ ചെയ്ത് വ്രതം ശിവരാത്രി തുടരണം.
ശിവരാത്രിയുടെ ഐതിഹ്യം:
പാലാഴിമഥനത്തില്‍ ലഭിച്ച കാളകൂടവിഷം ലോകര്‍ക്ക് ഭീഷണിയാകാതിരിക്കാന്‍ സാക്ഷാല്‍ പരമേശ്വരന്‍ സ്വയം പാനം ചെയ്യുകയുണ്ടായി. എന്നാല്‍ അത് കണ്ഠത്തില്‍ നിന്നും താഴേക്ക് ഇറങ്ങാതിരിക്കാന്‍ പാര്‍വ്വതീദേവി, ഭഗവാന്‍റെ കണ്ഠത്തിലും എന്നാല്‍ അത് പുറത്തേക്ക് പോകാതിരിക്കാന്‍ മഹാവിഷ്ണു, ഭഗവാന്‍റെ വായ് പൊത്തിപ്പിടിച്ചുവെന്നും അങ്ങനെ കാളകൂടവിഷം പരമേശ്വരന്‍റെ കണ്ഠത്തില്‍ ഇരിക്കുകയും ചെയ്തുവെന്നും അതിനുശേഷം ഭഗവാന് നീലനിറം ലഭിച്ചെന്നും അങ്ങനെ ‘നീലകണ്ഠന്‍’ എന്ന നാമധേയം ലഭിച്ചെന്നും വിശ്വസിച്ചുവരുന്നു.
ഭഗവാന്‍ പരമേശ്വരന് ആപത്തും അത്യാപത്തും വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ച് ഭര്‍ത്താവിനായി പ്രാര്‍ത്ഥിച്ചത് മാഘമാസത്തിലെ (കുംഭമാസം) കറുത്തപക്ഷ ചതുര്‍ദശി തിഥിയിലായിരുന്നുവെന്നും അതാണ് പിന്നെ മഹാശിവരാത്രിയായിആചരിച്ചുതുടങ്ങിയതെന്നും ഐതിഹ്യം പറയുന്നു.
ശിവപുരാണത്തില്‍ മറ്റൊരു ഐതിഹ്യവും നല്‍കിയിട്ടുണ്ട്:
“നീ ആര്?” എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനായി മഹാവിഷ്ണുവും ബ്രഹ്മാവും തര്‍ക്കവും ഒടുവില്‍ യുദ്ധവുമായി. ബ്രഹ്മാവ്, ബ്രഹ്മാസ്ത്രവും അതിനെ തകര്‍ക്കാനായി മഹാവിഷ്ണു പാശുപതാസ്ത്രവും തൊടുത്തുവിട്ടു. ലോകം മുഴുവന്‍ കറങ്ങിനടന്ന പാശുപതാസ്ത്രത്തെ തിരികെയെടുക്കാനോ ഉപസംഹരിക്കാനോ മഹാവിഷ്ണുവിനോ ബ്രഹ്മദേവനോ സാധിച്ചില്ലെന്ന് മാത്രമല്ല അവരും ഭയവിഹ്വലരായി. അപ്പോള്‍ അവിടെ ഉയര്‍ന്നുവന്ന ശിവലിംഗത്തിന്‍റെ രണ്ടറ്റവും കണ്ടെത്താനായി ബ്രഹ്മാവ് മുകളിലേക്കും മഹാവിഷ്ണു താഴേക്കും സഞ്ചരിച്ചെങ്കിലും ഫലമുണ്ടായില്ല. നിരാശരായ ഇരുവരും പൂര്‍വ്വസ്ഥലത്ത് മടങ്ങിയെത്തിയപ്പോള്‍ ഭഗവാന്‍ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ട്, പാശുപതാസ്ത്രത്തെ നിര്‍വീര്യമാക്കിയത് കുംഭമാസത്തിലെ ചതുര്‍ദശി തിഥിയിലാണെന്നും തുടര്‍ന്ന് എല്ലാ വര്‍ഷവും ഇതേ രാത്രിയില്‍ വ്രതമനുഷ്ഠിക്കണമെന്നും അതിനെ ശിവരാത്രിവ്രതം എന്നറിയപ്പെടുമെന്നും ശിവപുരാണത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.
ശിവരാത്രിവ്രത മാഹാത്മ്യം:
ശിവരാത്രിവ്രതം ചിട്ടയോടെ അനുഷ്ഠിക്കുന്നവര്‍ ശിവന്റെ വാത്സല്യത്തിന് പാത്രീഭവിക്കുമെന്ന് ഐതിഹ്യങ്ങള്‍ നമുക്ക് പഠിപ്പിച്ചുതരുന്നു. ഒരുദാഹരണം ചുവടെ എഴുതുന്നു: മഹാപാപിയായ സുന്ദരസേനന്‍ (സുകുമാരന്‍) എന്നയാള്‍ ‘നാഗേശ്വരം’ എന്ന ശിവക്ഷേത്രസന്നിധിയുടെ അടുത്ത് എത്തപ്പെട്ടു. അപ്പോൾ അവിടെ ‘മഹാശിവരാത്രി’ ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. യാദൃശ്ചികമായിട്ടായാലും മഹാപാപിയായ സുന്ദരസേനനും ശിവരാത്രി പൂജയില്‍ പങ്കെടുത്തു.
ഏതാനും നാളുകള്‍ക്ക് ശേഷം സുന്ദരസേനന്‍ മരിച്ചു. ആത്മാവിനെ കൊണ്ടുപോകാനായി കാലന്റെ ദൂതന്മാരും ശിവന്റെ ദൂതന്മാരും യുദ്ധം ചെയ്യേണ്ടിവന്നു. ശിവദൂതന്മാര്‍ വിജയിക്കുകയും അയാളുടെ ആത്മാവിനെ ശിവലോകത്ത് കൊണ്ടുപോകുകയും ചെയ്തു.
ശിവരാത്രിവ്രതം, പൂജ, ആത്മസമര്‍പ്പണം എന്നിവയിലൂടെ ശിവലോകത്ത് എത്താനാകുമെന്ന് ഉദാഹരണസഹിതം അഗ്നിപുരാണം, ശിവപുരാണം എന്നിവ നമുക്ക് പറഞ്ഞുതരുന്നു.
ഈ വർഷത്തെ ശിവരാത്രിയും, പ്രദോഷവും ഒന്നിച്ചാണ് വരുന്നത്. ഇത് അതിവിശേഷവുമാണ്. ശിവരാത്രിയും പ്രദോഷവും ഒന്നിച്ചുവരണമെന്നില്ല. ചില വർഷങ്ങളിൽ അങ്ങനെ ലഭിക്കാറുണ്ടെന്നുമാത്രം. സൂര്യാസ്തമയ സമയത്ത് ത്രയോദശി തിഥി വരികയും എന്നാല്‍ തൊട്ടടുത്ത ദിവസത്തെ സൂര്യോദയത്തില്‍ ത്രയോദശി തിഥി അല്ലാതിരിക്കുകയും ചെയ്താലാണ് പ്രദോഷമായി ആചരിക്കുന്നത്. ഇപ്രകാരം ഒത്തുവന്നില്ലെങ്കിലും പ്രദോഷം ആചരിക്കുന്നത് മുടക്കാറുമില്ല. എന്നാൽ എല്ലാ ശിവരാത്രിയിലും പ്രദോഷം ലഭിക്കണമെന്നുമില്ല.
ശിവരാത്രിയുടെ തലേദിവസം (07-03-2024, വ്യാഴാഴ്ച) വീട് കഴുകി ശുദ്ധിവരുത്തണം. വ്രതാനുഷ്ഠാനം നടത്തുന്നവര്‍ തലേദിവസം രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുഭക്ഷണമാകാം.
ശിവരാത്രി ദിവസം ‘ഉപവാസം’, ‘ഒരിക്കല്‍’ എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ പിടിക്കുകയും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ‘കാല്‍വയര്‍’ മാത്രം ഭക്ഷിക്കണം (വയര്‍ നിറയെ പാടില്ല).
“ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:
ദേവപൂജാഗ്നി ഹവനം സംതോഷ സ്തെയവര്‍ജനം
സര്‍വ വ്രതേഷ്വയം ധര്‍മ: സാമാന്യോ ദശധാ സ്ഥിത:”
ഇതിൽ അന്നപാനീയങ്ങൾ ഒഴിവാക്കി വ്രതം ആചരിക്കണമെന്ന് ആചാര്യൻ പറഞ്ഞിട്ടില്ലെന്ന് വാദിക്കുന്ന പണ്ഡിതരുമുണ്ട്. ആരോഗ്യം, ശരീരം എന്നിവ നോക്കാതെ യാതൊരു വ്രതവും പിടിക്കേണ്ടതില്ലെന്ന് സാരം.
ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും ‘നമ:ശിവായ’ എന്ന പഞ്ചാക്ഷരീമന്ത്രമോ ‘ഓം’കാര സഹിതമായി ‘ഓം നമ:ശിവായ’ മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ്.
ഇന്ത്യയിലെ മറ്റ് പല മഹാദേവക്ഷേത്രങ്ങളെപ്പോലെ കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവക്ഷേത്രം, മരുതൂർക്കുളങ്ങര മഹാദേവക്ഷേത്രം, ചെറിയഴീക്കൽ ശ്രീ കാശിവിശ്വനാഥ ക്ഷേത്രം എന്നിവിടെ ആചാരപരമായ ശിവരാത്രി അനുഷ്ഠാനങ്ങൾ തുടർന്നുവരുന്നുണ്ട്. ഈ ക്ഷേത്രങ്ങളിൽ ശിവരാത്രി വ്രതക്കാരുടെ ബാഹുല്യം പറഞ്ഞറിയിക്കാൻ സാധിക്കാത്തതും ക്ഷേത്രം അടക്കുന്ന സമയം വരെ ശിവമന്ത്രങ്ങൾ മുഴക്കി അർദ്ധപ്രദക്ഷിണം വെച്ച് ശിവരാത്രിവ്രതം ആചരിക്കുന്നവരുടെ അഭൂതപൂർവ്വമായ തിരക്കുമായിരിക്കും.
ശിവരാത്രിയിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാകയാൽ അകത്തെ പ്രദക്ഷിണം പ്രാവർത്തികമാക്കാൻ പ്രയാസമായിരിക്കും. ആകയാൽ വിവിധ ശിവമന്ത്രങ്ങളാൽ പുറത്ത്, ക്ഷേത്രത്തെ പ്രദക്ഷിണം വെക്കാവുന്നതാണ് (ആയതിനുള്ള സൗകര്യങ്ങളുള്ള ശിവക്ഷേത്രമാണെങ്കിൽ)
ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവനാമാവലി, ശിവപഞ്ചാക്ഷരി സ്തുതി, സദാശിവകീര്‍ത്തനം, ശിവരക്ഷാസ്തോത്രം, ശിവപ്രസാദ പഞ്ചകം, ശിവകീര്‍ത്തനം, ശിവസന്ധ്യാനാമം, നമ:ശിവായ സ്തോത്രം, ദാരിദ്ര്യദഹനസ്തോത്രം എന്നിവയെല്ലാമോ അല്ലെങ്കില്‍ ഇഷ്ടമായവയോ ഭക്തിയോടെ ജപിക്കാവുന്നതാകുന്നു.
ശിവരാത്രിദിവസം ജപിക്കാനുള്ള മന്ത്രം ഇവിടെ ലഭ്യമാണ്: https://uthara.in/manthram/
ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്. അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു.
വൈകിട്ട് ക്ഷേത്രത്തില്‍ ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്.
ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പിന്നെ ഉറക്കവുമാകാം. ചിലരുടെ തെറ്റിദ്ധാരണമൂലം അടുത്ത ദിവസം പകലും ഉറക്കമൊഴിയാറുണ്ട്. എന്നാല്‍ അതിന്റെ ആവശ്യമില്ല. അങ്ങനെയൊരു ആചാരവുമില്ല. വ്രതവും ധ്യാനവും പൂജകളും ശിവരാത്രിയും കഴിഞ്ഞാൽ പിന്നെ ഉറക്കമിളക്കേണ്ട കാര്യമില്ലല്ലോ…
പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം അവരവര്‍ക്കും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു. പാപങ്ങള്‍ നീങ്ങുന്നതിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ശിവരാത്രിവ്രതം വളരെ ഫലപ്രദമാണ്.
ശിവരാത്രി ദിവസം വൈകിട്ട് മിക്ക ശിവക്ഷേത്രങ്ങളിലും പുരുഷന്മാര്‍ ശയനപ്രദക്ഷിണവും സ്ത്രീകള്‍ കാലടിവെച്ചുള്ള (പാദപ്രദക്ഷിണം) പ്രദക്ഷിണവും നടത്താറുണ്ട്.
———————–
ശിവരാത്രിയില്‍ ജപിക്കാന്‍ ചില മന്ത്രങ്ങള്‍:
ശിവരാത്രിവ്രതം ആചരിക്കുന്ന ഭക്തര്‍ക്കായി ചില ശിവമന്ത്രങ്ങളും അതീവ ഫലസിദ്ധിയുള്ള ശൈവമന്ത്രവും ശൈവമാലാ മന്ത്രവും എഴുതുന്നു. വ്രതകാലത്തും മറ്റ് പൂജാസമയങ്ങളിലും ഇവയിലൊരു മന്ത്രമോ അല്ലെങ്കില്‍ ഇവ രണ്ടുമോ മറ്റ് മന്ത്രങ്ങളോ ഭക്തിയോടെ ജപിക്കാവുന്നതാണ്. ക്ഷേത്രദര്‍ശന സമയത്തും ജപിക്കാം.
മറ്റ് മന്ത്രങ്ങള്‍ക്ക്: https://uthara.in/manthram/
പഞ്ചാക്ഷരീമന്ത്രം:
“നമ: ശിവായ”
മൃത്യുഞ്ജയമന്ത്രം (മൃത്യുഞ്ജയം, ത്ര്യംബകം, ത്രയംബകം):
“ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യോര്‍മ്മുക്ഷീയമാമൃതാത്”
ശൈവമന്ത്രം:
“ഹ്രീം നമശ്ശിവായ ശിവായ രുദ്രായ
ലോകേശായ ഘോരാകാരായ
സംഹാരവിഗ്രഹായ ത്രിപുരഹരായ
മൃത്യുഞ്ജയായ മാം രക്ഷ രക്ഷ
ഹും ഫള്‍ സ്വാഹാ”
ശൈവമാലാ മന്ത്രം:
“ശിവായ ഹ്രീം നമ:ശിവായ ത്രിപുരഹരായ
കാലഹരായ സര്‍വ്വദുഷ്ടഹരായ സര്‍വ്വശത്രുഹരായ
സര്‍വ്വരോഗഹരായ സര്‍വ്വഭൂത-പ്രേത-പിശാചഹരായ
ധര്‍മ്മാര്‍ത്ഥ-കാമ-മോക്ഷപ്രദായ
മാം രക്ഷ രക്ഷ ഹും ഫള്‍”
അര്‍ഹമായ സ്ഥാനം ലഭിക്കാൻ:
“ഓം മഹാദേവ ദേവായ രുദ്രമൂര്‍ത്തയെ ഹരഹര ശിവായ നമ:”
ഇവയോടൊപ്പം ലഭ്യമായതും അറിയുന്നതുമായ മറ്റ് ശിവമന്ത്രങ്ങളും മഹാശിവരാത്രി വ്രതത്തില്‍ ജപിക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കേവര്‍ക്കും ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.
ഏവര്‍ക്കും മഹാശിവരാത്രി ആശംസകള്‍ നേർന്നുകൊണ്ട്,
അനിൽ വെളിച്ചപ്പാടൻ
For more information: https://linko.page/rr50cyiixjr3