ആരാണ് സൽപുത്രൻ?
(പിതാവിന്റെ ഭൂമി കൃത്യമായി ലഭിക്കാത്തതിനാൽ മരണാസന്നനായ ആ പിതാവിനെ കൂടുതൽ സങ്കടപ്പെടുത്തുന്ന മക്കളുള്ള കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഓർക്കണം)
മാതാപിതാക്കളുടെ അന്ത്യകാലത്ത് വിധിപ്രകാരം യഥാശക്തി ദാനം ചെയ്യേണ്ടത് അത്യാവശ്യമാകുന്നു. ആ ദാനം അല്പമെന്നോ അധികമെന്നോ ചിന്തിക്കേണ്ടതുമില്ല. ഉള്ളത് സന്തോഷമായി ദാനം ചെയ്യുക.
ഭൂമിയിൽ ആതുരനായി കിടക്കുന്ന മാതാവിന്റെയോ പിതാവിന്റെയോ കൈകൊണ്ട് ദാനം കൊടുപ്പിക്കുന്ന പുത്രനെ അല്ലെങ്കിൽ പുത്രിയെ ദേവന്മാരും ആദരിക്കും; പൂജിക്കും.
പുത്രൻ തന്റെ മാതാപിതാക്കൾക്കുവേണ്ടി ചെയ്യുന്ന ദാനം അവന്റെ ആത്മശുദ്ധിക്കും അവരുടെ തലമുറകളുടെ ഉന്നമനത്തിനും കാരണമായി തീരുന്നു.
ആരാണോ തന്റെ പിതാവിന്റെ ശവശരീരം തോളിലേറ്റി ശ്മശാനത്തിലേക്ക് (ചിതയിലേക്ക്) കൊണ്ടുപോകുന്നത്, അവൻ അവന്റെ പിതാവുമായി ഓരോ കാലടി വെക്കുമ്പോഴും ഓരോ അശ്വമേധയാഗം നടത്തിയ ഫലമാണ് ലഭിക്കുന്നത്.
നീത്വാ സ്കന്ദേ സ്വപൃഷ്ടേ വാ
സദാ താതേന ലളിത:
തദൈവ തദ് ഋണാമുച്ചേ-
ൻമൃതം സ്വ പിതരം വഹേത്.
പിതാവ് അദ്ദേഹത്തിന്റെ മക്കളെ തോളിലും കഴുത്തിലും വയറിലും ഒക്കെയിരുത്തി ലാളിച്ച് വളർത്തും. പിതാവ് രോഗാതുരനായി കിടക്കുമ്പോൾ മക്കളെല്ലാരും ചേർന്നും അദ്ദേഹത്തെ മടിയിൽ കിടത്തിയും കൂടെ ചാരിവെച്ചും കടവും കടപ്പാടും തീർക്കണം. മരിച്ചാൽ ആ പിതാവിന്റെ മൃതദേഹം പുത്രൻ തോളിലേറ്റി ആ പുത്രനും തന്റെ കടവും വീട്ടണം. പുത്രൻ ഇല്ലെങ്കിൽ പുത്രന് തുല്യമായവർ ഈ കടമ നിർവ്വഹിക്കണം.
തിരിഞ്ഞുനോക്കിയിട്ടില്ലെങ്കിൽക്കൂടി നമ്മുടെ കടമ നിർവഹിക്കണം. നമ്മുടെ പ്രവൃത്തി നമ്മുടെ തലമുറകളിലൂടെ തിരിച്ചുവരും.
ഉപസംഹാരം:
———–
മാർച്ച് 19 ന് എന്റെയും മകന്റെയും ജന്മദിനമായിരുന്നു. ഞങ്ങളുടെ ആഘോഷങ്ങൾ ഒരു സദ്യയിലോ പായസത്തിലോ മാത്രം അതുമല്ലെങ്കിൽ ഒരു ഡ്രസ്സിലോ ഒതുങ്ങുന്നതാണ്. തൊഴിൽ നഷ്ടപ്പെട്ട്, ജീവിക്കാൻ പ്രയാസപ്പെടുന്ന ചെറിയൊരു കുടുംബത്തെ എനിക്കറിയാം. പത്താംക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയും അവർക്കുണ്ട്. ഞങ്ങളാൽ ചെയ്യാൻ കഴിയുന്ന സഹായം ചെറിയൊരു തുകയായും കുറച്ച് ദിവസം ഭക്ഷണം കഴിക്കാനുള്ള അരിയും സാധനങ്ങളുമായി ആ കുടുംബത്തെ ഏല്പിച്ചു. അച്ഛനാണ് അവയെല്ലാം അവർക്ക് നൽകിയത്. വളരെ പ്രായമായിരിക്കുന്ന, നിരവധി രോഗങ്ങളുള്ള അച്ഛനും അതൊരു സന്തോഷമായെന്ന് തോന്നുന്നു.
നമ്മുടെ സഹായം സ്വീകരിക്കുന്നവരുടെ ചിത്രമോ വിവരമോ വിവരണമോ നൽകരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. എന്നാൽ നൽകുന്ന ആളിന്റെ മാത്രം ചിത്രം പങ്കുവെക്കുന്നത് മറ്റുള്ളവർക്ക് അതൊരു പ്രചോദനമാകട്ടെ എന്ന ചിന്തകൊണ്ട് മാത്രവുമാണ്.
ദാനം, യാഗത്തിന് തുല്യമാണ്. എന്നാൽ പാത്രമറിഞ്ഞ് ദാനം ചെയ്യേണ്ടതുമാകുന്നു.