വീണ്ടുമൊരു മണ്ഡലകാലം:
(അറിയേണ്ടതെല്ലാം)
ശബരിമലയെ മലിനപ്പെടുത്താൻ ഉത്സാഹം കാണിച്ച ഒരു പോലീസ് മേധാവി തളർവാതമോ ഹാർട്ട്-അറ്റാക്കോ ഇവ രണ്ടുംകൂടിയോ പിടിപെട്ട് ജീവച്ഛവമായി കഴിയുകയാണെന്ന് എവിടെയോ വായിച്ചറിഞ്ഞു. നമ്മുടെ ചിന്തകൾക്ക് മേലെ, അവരുടെ കണക്കുകൂട്ടലുകൾക്കും മേലെ സ്വസ്‌ഥമായി വിരാജിക്കുന്ന അയ്യപ്പസ്വാമിയെ ഉപദ്രവിക്കാൻ നോക്കിയവരൊക്കെയും നാളിതുവരെ നേരെ നിന്നിട്ടില്ല എന്ന അറിവുകൂടി പങ്കുവെച്ചുകൊണ്ട് മണ്ഡലകാല വിശേഷങ്ങളിലേക്ക് കടക്കുന്നു.
ഒരേ ഒരു ലക്ഷ്യം ശബരി മാമല
ഒരേ ഒരു മോഹം ദിവ്യ ദര്‍ശനം
ഒരേ ഒരു മാര്‍ഗം പതിനെട്ടാം പടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ
ശരണമയ്യപ്പാ… സ്വാമീ ശരണമയ്യപ്പാ…
ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം പശ്ചിമഘട്ടത്തിലെ പതിനെട്ട് മലനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നു. കടൽനിരപ്പിൽ നിന്നും ഏതാണ്ട് 914 മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്‍റെ സ്ഥാനം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്ദര്‍ശിക്കുന്ന ആരാധനാലയങ്ങളില്‍ ഒന്നായി ഇത് മാറിക്കഴിഞ്ഞു.
സാധാരണ ക്ഷേത്രങ്ങളിലെ പോലെ എല്ലാദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്. അത് കഴിഞ്ഞാൽ പ്രധാനം മകരവിളക്കാണ്. കൂടാതെ എല്ലാ മലയാള മാസവും ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ ഭക്തർക്ക് ക്ഷേത്ര ദർശനം നടത്താം.
മകരം ഒന്നിന് മുമ്പ് 9 ദിവസവും, മേടം ഒന്നിന് മുമ്പ് 4 ദിവസവും ഇടവത്തിൽ ഉത്രം, അത്തം, തിരുവോണം നാളുകളും നടതുറക്കുന്ന ദിവസങ്ങളാണ്. എടവത്തിലെ അത്തമാണ് പ്രതിഷ്ഠാദിനം. മലയാളമാസം ഒന്നാം തീയതിയുടെ തലേദിവസം മുതൽ അഞ്ചാംതീയതി വരെയും ക്ഷേത്രദർശനം നടത്താം. സൂര്യൻ രാശി മാറുന്നത് ഏത് സമയത്താണോ ആ കൃത്യസമയത്ത് സംക്രമപൂജയും ശബരിമലയിൽ കൃത്യമായി നടത്തപ്പെടുന്നു.
ശബരിമല ക്ഷേത്രത്തിലെ ഉത്സവം പത്തുദിവസമാണ്. മീനമാസത്തിലെ കാർത്തികനാളിൽ കൊടികയറും. അയ്യപ്പന്റെ പിറന്നാളായ പൈങ്കുനി ഉത്രം നാളിൽ പമ്പാനദിയിലാണ് ആറാട്ട്.
ഓരോ വർഷം കഴിയുന്തോറും അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. വർഷാവർഷം ഏതാണ്ട് 4 മുതൽ 5 കോടി വരെ തീർത്ഥാടകർ ഇവിടേക്കെത്താറുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം കൂടിയാണ് ശബരിമല. ഇവിടെ നാനാമതസ്ഥര്‍ വന്നുപോകുന്നു. ആര്‍ക്കും ഒരു തരത്തിലുമുള്ള വിലക്കും ശബരിമലയിലില്ല. സമ്പന്നനും ദരിദ്രനുമൊക്കെ ഇവിടെ ഒരേതരത്തിലാണെത്തുന്നത്. മലചവിട്ടിത്തന്നെ കയറണം.
മറ്റ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പൂജാരിയെ സ്പര്‍ശിക്കാന്‍ അനുവാദമില്ല. എന്നാല്‍ ശബരിമലയില്‍ അദ്ദേഹം ഭക്തരുടെ ആശ്രിതവത്സലനായിട്ടാണ് നിലകൊള്ളുന്നത് (ഒരു കേസ്സില്‍പ്പെട്ട്, പിന്നെ ജാമ്യത്തില്‍ ജയില്‍മോചിതനായ സിനിമാനടന് ക്ഷേത്രം മേല്‍ശാന്തി ജപിച്ച ചരട് അദ്ദേഹത്തിന്റെ കയ്യില്‍ക്കെട്ടിയത് ശബരിമലയുടെ വ്യത്യസ്ഥത അറിയാത്തതോ അല്ലെങ്കില്‍ ചില തെറ്റിദ്ധാരണകൊണ്ടോ ചിലര്‍ ചോദ്യം ചെയ്തിരുന്നുവല്ലോ? അവരുടെ ചോദ്യത്തിനുള്ള ഉത്തരവും ഇതുതന്നെയാകുന്നു) ഏറ്റവും പ്രധാനപ്പെട്ട മറ്റൊരുകാര്യം ഇവിടെ ശബരിമലയിലെ ദൈവത്തിന്റെ പേരില്‍ത്തന്നെയാണ് ഭക്തനും അറിയപ്പെടുന്നത്: ‘അയ്യപ്പൻ’ എന്ന്!!
ബ്രഹ്മചാരി സങ്കല്പത്തിലാണ് ഇവിടുത്തെ ധർമ്മശാസ്താ പ്രതിഷ്ട. അതിനാൽ ഋതുമതി പ്രായഗണത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല.
ഹരിഹരസുതനാണ് അയ്യപ്പ സ്വാമി. മഹിഷീ ശാപമോചനത്തിനായി ശാസ്താവ് സ്വയം ഭൂവായി അവതരിച്ചതാണ് അയ്യപ്പൻ എന്നാണ് വിശ്വാസം. വലതുകൈ കൊണ്ട് തള്ളവിരലും ചൂണ്ടാണി വിരലും ചേർത്തു ചിന്മുദ്ര കാണിച്ചു കൊണ്ട് വിരാജിക്കുന്ന രൂപത്തിൽ കിഴക്കോട്ട് ദർശനമായി മരുവുന്നു.
തൊട്ടടുത്താണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ ഉപദേവതയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്. മറ്റൊരു ഉപപ്രതിഷ്ഠ കന്നിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെ ഉണ്ട്. ആത്മാവ് തള്ള വിരലും ചൂണ്ടാണി വിരൽ ജീവനുമായി കല്പ്പിച്ചിരിക്കുന്നു. വ്രതമനുഷ്ടിച്ച് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ എത്തിച്ചേരുന്ന തീർഥാടകനുള്ള സന്ദേശം ‘തത്ത്വമസി’ എന്നാണ്. സാമവേദത്തിന്‍റെ സാരമായ ഈ സംസ്കൃതപദത്തിന്റെ അർത്ഥം ‘തത്-ത്വം-അസി’ അഥവാ ‘അത് നീ ആകുന്നു’ എന്നാണ്. നിങ്ങൾ ആരെയാണോ കാണാൻ വന്നിരിക്കുന്നത് അത് നിങ്ങൾ തന്നെയാണ്. അവനവന്റെയുള്ളിലെ പരമാത്മാവിനെയും ജീവാത്മാ-പരമാത്മാ ബന്ധത്തേയും ഇവ സൂചിപ്പിക്കുന്നു.
ശബരിമലയിലെ പൂജാക്രമങ്ങള്‍:
മണിയടിച്ച് ഭക്തജനസാന്നിദ്ധ്യം ഭഗവാനെ അറിയിച്ചുകൊണ്ടാണ് നട തുറക്കുന്നത്. നട തുറന്ന് ദീപം തെളിക്കും. ഭസ്മാഭിഷിക്തനായിരിക്കും അപ്പോള്‍ അയ്യപ്പന്‍.
ദിവസവും മൂന്നു പൂജകളാണ് അയ്യപ്പസന്നിധിയില്‍:
1)ഉഷഃപൂജ
2)ഉച്ചപ്പൂജ
3)അത്താഴപ്പൂജ.
(അറിഞ്ഞിരിക്കേണ്ടതായ മറ്റൊരു കാര്യംകൂടിയുണ്ട്. അതെന്തെന്നാൽ അഞ്ച് പൂജകളും മൂന്ന്‍ ശീവേലിയുമുള്ള ക്ഷേത്രങ്ങളാണ് ‘മഹാക്ഷേത്രങ്ങള്‍’.
1) ഉഷ:പൂജ
2) എതൃത്ത്പൂജ (തുടര്‍ന്ന് ശീവേലി)
3) പന്തീരടിപൂജ
4) ഉച്ച:പൂജ (തുടര്‍ന്ന് ശീവേലി)
5) അത്താഴപൂജ (തുടര്‍ന്ന് ശീവേലി)
എന്നിങ്ങനെയാണ് മഹാക്ഷേത്രങ്ങളുടെ പൂജയുടെയും ശീവേലിയുടെയും രീതി. എന്നാല്‍ ശബരിമലയില്‍ നിത്യപൂജ ഇല്ലാത്തതിനാല്‍ ഇവയൊന്നും അവിടെ ബാധകവുമല്ല. നട തുറക്കുന്ന കാലങ്ങളില്‍ അവിടെ മൂന്ന്‍ പൂജ മാത്രമാണ് നടത്തിവരുന്നതും)
ഉച്ചപ്പൂജ തന്ത്രിതന്നെ ചെയ്യണമെന്ന് നിര്‍ബന്ധമാണ്. ഈ പൂജാവേളയിലാണ് അയ്യപ്പസാന്നിദ്ധ്യം പൂര്‍ണതോതില്‍ വിഗ്രഹത്തില്‍ ഉണ്ടാവുക.
ദിവസവും രാവിലെ 3 മണിക്ക് നട തുറക്കും. ആദ്യം തന്ത്രിയാണ് അഭിഷേകം നടത്തുക. തുടര്‍ന്ന് ഗണപതിഹോമം. 7.30ന് ഉഷഃപൂജ. ഇടിച്ചുപിഴിഞ്ഞ പായസമാണ് ഉഷഃപ്പൂജയ്ക്ക് നേദ്യം. നേദ്യം സമര്‍പ്പിച്ച് അയ്യപ്പനട അടച്ച ശേഷം ഗണപതി, നാഗരാജാവ് എന്നിവര്‍ക്കും നേദ്യം നടത്തും. തുടര്‍ന്ന് അയ്യപ്പനട തുറന്ന് അടച്ച ശേഷം പ്രസന്നപൂജ. തുടര്‍ന്ന് നട തുറന്ന് ദീപാരാധന.
ഉഷഃപൂജയ്ക്കു ശേഷം നെയ്യഭിഷേകം തുടങ്ങും. 12 മണി വരെയാണ് കണക്കെങ്കിലും ഒരു മണി വരെയെങ്കിലും തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകിത്തുടച്ച് ഉച്ചപ്പൂജ തുടങ്ങും. പൂജയുടെ മദ്ധ്യത്തില്‍ 25 കലശമാടും.
പ്രധാനനേദ്യം വെള്ളനേദ്യവും അരവണയുമാണ്. ഉച്ചയ്ക്ക് ഒന്നരയോടെ നടയടയ്ക്കും. പിന്നീട് വൈകീട്ട് 3ന് തുറക്കും. സന്ധ്യയ്ക്ക് ദീപാരാധന. ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകം. നെയ്യഭിഷേകം കൊണ്ട് വിഗ്രഹത്തിനുണ്ടായ ചൂട് ശമിപ്പിക്കാനാണ് പുഷ്പാഭിഷേകം.
സ്വാമിയെ പൂകൊണ്ട് മൂടും. രാത്രി പത്തുമണി കഴിയുമ്പോള്‍ അത്താഴപ്പൂജ. ഉണ്ണിയപ്പവും, ഉഗ്രമൂര്‍ത്തിയായതുകൊണ്ട് പാനകവും നേദിക്കും. ഇവ പൂജയ്ക്കു ശേഷം അയ്യപ്പന്‍മാര്‍ക്ക് വിതരണം ചെയ്യും. പിന്നെ ശ്രീകോവില്‍ വൃത്തിയാക്കും. രാത്രി 11.45 മണിയോടെ ഹരിവരാസനം പാടി നടയടയ്ക്കും. ഒരു ദിവസത്തെ പൂജാക്രമത്തിന് അവസാനമായി.
ഐതിഹ്യം:
കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോൾ പമ്പാതീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കണ്ടെത്തി. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം.
കഴുത്തിൽ സ്വർണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് “മണികണ്ഠൻ” എന്ന് പേരിട്ട് രാജാവ് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. ആയോധന കലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്‍റെ ആഗ്രഹം. എന്നാൽ രാജ്ഞിയും മന്ത്രിയും ചേർന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു. ഇതിനായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യൻ പുലിപ്പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു.
ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാൽ, കാട്ടിൽ നിന്നും കൊണ്ടുവരാൻ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. പുലിപ്പാൽ തേടിയിറങ്ങിയ കുമാരൻ ആ കൊടുംവനത്തിൽ എത്തിച്ചേർന്നു. ഏതാനും വീടുകളെ അവിടെ ഉണ്ടായിരുന്നുള്ളൂ. സന്ധ്യ മയങ്ങിയപ്പോൾ അതിലൊരു വീട്ടിൽ അയ്യപ്പനെത്തി. അവിടെയുണ്ടായിരുന്ന വൃദ്ധമാതാവിനോട് ആ രാത്രി അവിടെ കിടക്കാൻ അനുവാദം ചോദിച്ചു. ആ അമ്മ കിടക്കാൻ അനുവാദം കൊടുക്കുകയും അവിടെ എരുമയുടെ തലയുള്ള ഒരു ഭീകര ജീവിയുടെ ശല്യമുണ്ടെന്ന് മുന്നറിയിപ്പും നല്കി.
അർദ്ധരാത്രിയിൽ ഭീകരരൂപിയായ മഹിഷി എത്തുകയും നിദ്രയിൽ നിന്നുണർന്ന അയ്യപ്പനുമായി യുദ്ധം തുടങ്ങുകയും ചെയ്തു. യുദ്ധത്തിനവസാനം മഹിഷിയെ വധിക്കുകയും ചെയ്തു. മഹിഷിയെ കൊന്നതറിഞ്ഞു ആളുകൾ ആനന്ദ നൃത്തം ചവിട്ടി. മഹിഷിയെ നിഗ്രഹിച്ച് ധർമ്മ സംസ്ഥാപനം നടത്തിയതിന്‍റെ ഓർമ്മയ്ക്കാണ് എല്ലാ വർഷവും പേട്ടതുള്ളൽ നടത്തുന്നത്.
എരുമത്തലയുള്ള മഹിഷിയെ കൊന്നതിനാൽ ഇത് എരുമക്കൊല്ലി ആയി, പിന്നീടത് ലോപിച്ച് എരുമേലി ആയി. അയ്യപ്പന്മാർ ആദ്യമെത്തുന്ന പുണ്യ സങ്കേതവും ഇത് തന്നെ. മഹിഷിയെയും വധിച്ച് പുലിപ്പാലുമായി അയ്യപ്പൻ വിജയശ്രീലാളിതനായി മടങ്ങിയെത്തി.
അയ്യപ്പൻ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്‍റെ നിർദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ച് നൽകുകയായിരുന്നു. പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോകുമ്പോൾ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷംതോറുമുള്ള തീർത്ഥയാത്രയും എന്നാണ് ഐതിഹ്യം.
ശബരിമല വ്രതാനുഷ്ഠാനം:
ശബരിമല തീർത്ഥാടകൻ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.
പത്തിനും അമ്പതിനും ഇടയ്ക്ക് വയസുള്ള സ്ത്രീകളെ മലചവിട്ടാൻ അനുവദിക്കില്ല. കുറഞത് 41 ദിവസത്തെ വ്രതാനുഷ്ടാനം നിർബന്ധമാണ്. എന്നാൽ വളരെ കുറച്ചു പേരാണ് ഇന്നിത് പാലിക്കുന്നത്.
ആദ്യമായി മലകയറാൻ വ്രതം തുടങ്ങുന്ന ആളാണ് ‘കന്നി അയ്യപ്പൻ’ എന്നറിയപ്പെടുന്നത്.
വൃശ്ചിക മാസം ഒന്നാം തിയതി ക്ഷേത്രസന്നിധിയിൽ വച്ച് മാലയിടുന്നു. അതിരാവിലെ കുളിച്ചു ശുദ്ധമായി കറുത്ത വസ്ത്രം ധരിച്ചു ശരണംവിളിയോടെ രുദ്രാക്ഷമാലയോ തുളസീമാലയോ ധരിക്കുന്നു. മാലയിൽ സ്വാമി അയ്യപ്പൻറെ രൂപം ഉൾക്കൊള്ളുന്ന ലോക്കറ്റ് ഉണ്ടായിരിക്കണം.
വൃശ്ചികം ഒന്നുമുതൽ ധനു 11 വരെ വ്രതാനുഷ്ഠാനങൾ തെറ്റാതെ അനുഷ്ഠിക്കണം. മണ്ഡലകാലത്ത് ‘വെള്ളംകുടി (ആഴിപൂജ, പടുക്ക)’ എന്ന ചടങ്ങ് നടത്തണം.
ശബരിമലക്ക് പോകും മുമ്പായി ‘കെട്ടുനിറ’ അഥവാ ‘കെട്ടുമുറുക്ക്’ എന്ന കർമ്മം നടത്തണം. ഗുരു സ്വാമിയുടെ നേതൃത്വത്തിൽ അയ്യപ്പൻമാർ ഇരുമുടിക്കെട്ട് നിറക്കുന്നു. വീട്ടിൽവച്ചോ അടുത്ത ക്ഷേത്രത്തിൽ വെച്ചോ ആകാം .കെട്ടുനിറച്ചു തിരിഞ്ഞു നോക്കാതെ, ശരണം വിളിയോടെ അയ്യപ്പൻമാർ യാത്ര പുറപെടുന്നു. എരുമേലി എത്തിയാൽ അവിടെ വച്ച് പേട്ടതുള്ളൽ എന്ന ചടങ്ങ് നടത്തുന്നു. മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളും ആയി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളൽ. ഈ പ്രാർത്ഥനയുടെ അർത്ഥം ഒരുവന്‍റെ അഹന്തയെ വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവു വയ്ക്കുക എന്നതാണ്.
പേട്ടതുള്ളുന്നവർ അയ്യപ്പക്ഷേത്രത്തിനും വാവരുടെ മോസ്കിനും ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പിന്നീട് ഇവർ നദിയിൽ പോയി കുളിക്കുന്നു. കുളികഴിഞ്ഞ ശേഷം ഭക്തർ വീണ്ടും ക്ഷേത്രം സന്ദർശിച്ച് അയ്യപ്പനിൽ നിന്ന് ശബരിമല കയറുവാനുള്ള അനുവാദം വാങ്ങുന്നു. കാണിക്കയിട്ടു തൊഴുതു നാളികേരം എറിഞ്ഞു കെട്ടുതാങ്ങി ‘സ്വാമിയുടെ കൊട്ടപടി’ എന്ന ആ സ്ഥാനം കടക്കുന്നു. പിന്നീടു അഴുത നദിയിലെ സ്നാനമാണ്. കന്നി അയ്യപ്പൻമാർ അഴുതയിൽ മുങ്ങി ഒരു കല്ലെടുത്ത് വസ്ത്രത്തിന്‍റെ തുമ്പിൽ കെട്ടിയിടണം. പിന്നീടു കല്ലിടാം കുന്നിലെത്തി ശേഖരിച്ച കല്ല് അവിടെ നിക്ഷേപിക്കുന്നു. പിന്നീടു പമ്പാനദിക്കരയിൽ എത്തുന്നു. അവിടെവച്ച് പമ്പ വിളക്കൊരുക്കും. പമ്പനദിയിൽ മുങ്ങി കുളിച്ചു പമ്പസദ്യ ഒരുക്കും. ഗുരു സ്വാമിക്കുള്ള ദക്ഷിണ ഇവിടെവച്ച് നൽകണം.
പിന്നീടുള്ള യാത്ര മദ്ധ്യേ അപ്പാച്ചിക്കുഴിയും, ഇപ്പാച്ചിക്കുഴിയും കാണാം. അവിടെ അരിയുണ്ടയും ശർക്കരയുണ്ടയും എറിയുന്നു. പിന്നീടു ശരംകുത്തിയിൽ എത്തി അവിടെ കന്നി അയ്യപ്പൻമാർ ശരക്കോൽ നിക്ഷേപിക്കുന്നു. പിന്നെ പതിനെട്ടാംപടി കയറി ക്ഷേത്ര നടയിൽ എത്തി ഇരുമുടിക്കെട്ട് അയ്യപ്പന് കാണിച്ചു കൊടുക്കുന്നു.
പതിനെട്ടു പടികൾ:
ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പൻ എന്നൊരു വിശ്വാസമുണ്ട്. ഇതിൻറെ പ്രതീകമാണ് 18 പടികൾ. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ” നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്.
പുരാണങ്ങള്‍ 18 ആകുന്നു. ഭാരതത്തിന് 18 പര്‍വങ്ങളുണ്ട്. ഗീത 18 അധ്യായങ്ങളോടു കൂടിയതാണ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്.
കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. ശബരിമല സന്നിധാനത്തിലെ തൃപ്പടികളും 18 ആണ്. സത്യധര്‍മങ്ങളാണ് തൃപ്പടിയിലെ അധിഷ്ഠാനദേവതകള്‍. പൂങ്കാവനത്തില്‍ 18 മലകളാണുള്ളത്. ആ പതിനെട്ടു മലകളും ചവിട്ടി മലനടയിലെത്തുന്നുവെന്നാണ് വിശ്വാസം. പതിനെട്ടാംപടിയിലെ ഓരോ പടിയും ഒരു മലയെ പ്രതിനിധാനം ചെയ്യുന്നു എന്ന വിശ്വാസവുമുണ്ട്.
കാളകെട്ടി, ഇഞ്ചിപ്പാറ, പുതുശ്ശേരിമല, കരിമല, നീലിമല, പൊന്നമ്പലമേട്,ചിറ്റമ്പലമേട്, മൈലാടുംമേട്, തലപ്പാറ, നിലയ്‌ക്കല്‍, ദേവന്‍മല,ശ്രീപാദമല, കല്‍ക്കിമല, മാതംഗമല, സുന്ദരമല, നാഗമല, ഗൗണ്ടമല, ശബരിമല എന്നിവയാണോ പതിനെട്ടു മലകള്‍.
ഒരു സാധാരണ വിശ്വാസിക്ക് അപ്രാപ്യമായ ഈ മലകള്‍ ആരാധിക്കാന്‍ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു. മോക്ഷപ്രാപ്‌തിക്കുമുമ്പ് മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, നാക്ക്, മൂക്ക്, തൊലി).
പതിമൂന്നാമത്തെ പടികള്‍ വരെയുള്ള അടുത്ത എട്ടു പടികള്‍ അഷ്‌ടരാഗങ്ങളെ – കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ – പ്രതിനിധീകരിക്കുന്നു. പതിനാലു മുതല്‍ പതിനാറു വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളെ – സത്വഗുണം, രജോഗുണം, തമോഗുണം – പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. ഈ പുണ്യ-പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന `മായ’യില്‍ നിന്ന് മോചനം നേടാനാവൂ.
അയ്യപ്പന്റെ മൂലമന്ത്രം:
ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ
അയ്യപ്പന്റെ ഗായത്രിമന്ത്രം:
ഓം ഭൂതാധിപായ വിദ്മഹെ
ഭവപുത്രായ ധീമഹി
തന്വോ: ശാസ്താ പ്രചോദയാത്.
അയ്യപ്പന്മാർ ഉറങ്ങുന്നതിനു മുന്നേ ചൊല്ലേണ്ടുന്ന മന്ത്രം:
“ദേവദേവ ജഗന്നാഥ നിദ്രാംദേഹി
കൃപാകര അപായരഹിതം പാതു
സർവാപായ നിവാരണ”
വീട്ടിലായാലും വനയാത്രയിലായാലും അയ്യപ്പന്മാർ ഈ മന്ത്രം ജപിക്കണം. മുദ്രാ ധാരണം വൃശ്ചികം ഒന്നാം തീയതി മാലയിട്ടാണ് അയ്യപ്പന്മാർ വ്രതം തുടങ്ങുന്നത്. മാലയിടുന്നതോട് കൂടി ആ ഭക്തൻ അയ്യപ്പനായി.
ഏത് ദിവസം മാല ഇടാമെങ്കിലും ശനിയാഴ്ചകളിലും അയ്യപ്പൻറെ നാളായ ഉത്രം നാളിലും മാല ഇടുന്നത് അതി വിശേഷമായി കരുതുന്നു. തുളസീമാലയോ രുദ്രാക്ഷമാലയോ ആണ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്.
മാല ഇടുമ്പോൾ ചൊല്ലേണ്ട മന്ത്രം:
‘ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ നമസ്തുഭ്യം നമോ നമഃ’
വ്രതം അവസാനിപ്പിക്കുമ്പോൾ ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാൽ വ്രതം അവസാനിപ്പിക്കാം. ദർശനം കഴിഞ്ഞു അയ്യപ്പൻ തിരിച്ചു വരുമ്പോൾ നിലവിളക്ക് കൊളുത്തി വച്ച് കുടുംബാംഗങ്ങൾ ശരണം വിളിയോടെ എതിരേൽക്കണം. പൂജാമുറിയിൽ കെട്ടുതാങ്ങിയതിനു ശേഷം ശരീര ശുദ്ധി വരുത്തിയിട്ടാണ് മാല ഊരേണ്ടത്. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.
മാല ഊരുന്നതിനുള്ള മന്ത്രം:
‘അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം’
ഈ മന്ത്രം ജപിച്ചു ശരണം വിളിയോടെ മാല ഊരാം. ചിലയിടങ്ങളിൽ നാളീകേരം ഉടയ്ക്കാറുമുണ്ട്.
ഇരുമുടിക്കെട്ട്:
ശബരിമലതീർത്ഥാടകർ, പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനുള്ളിൽ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുപോകും. സാധാരണയായി ഇരുമുടികെട്ടിനുള്ളിൽ നെയ്ത്തേങ്ങ, പച്ചരി, അവൽ, മലർ, മറ്റ് പൂജാസാധനങ്ങൾ എന്നിവയാണ് കൊണ്ടു പോകാറുള്ളത്.
ജീവാത്മാവും പരമാത്മാവുമായുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നാണ് വിശ്വാസം. മുന്‍കെട്ടില്‍ നിറയേ്‌ക്കണ്ട വഴിപാടു സാധനങ്ങള്‍ വെറ്റില, അടയ്‌ക്ക, നാണയം, തേങ്ങ, നെയ്‌ത്തേങ്ങ,കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, അവില്‍, മലര്, കല്‍ക്കണ്ടം, ഉണക്കമുന്തിരി, തേന്‍, പനിനീര്, കദളിപ്പഴം, വറപൊടി, ഉണക്കലരി, കുരുമുളക്, കാലിപ്പുകയില. കറുപ്പുസ്വാമിക്കും കടുത്തസ്വാമിക്കുംവഴിപാടായി.വെറ്റില, അടയ്‌ക്ക, നാളികേരം, നെയ്‌ത്തേങ്ങ എന്നിവ ആദ്യം ശരണം വിളിയോടെ കെട്ടില്‍ നിറയ്‌ക്കണം. നെയ്‌ത്തേങ്ങ അയ്യപ്പന് അഭിഷേകത്തിനുള്ളതാണ്.
മലയാത്ര കഴിഞ്ഞുവരുമ്പോള്‍ വെറ്റില, അടയ്‌ക്ക, നാണയം എന്നിവ അയ്യപ്പന്‍മാര്‍ സ്വന്തം നാട്ടിലെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയാണ് പതിവ്. കെട്ടില്‍ ഒന്നിലേറെ തേങ്ങ കരുതുന്നവരുമുണ്ട്. കരിമല മൂര്‍ത്തി, പമ്പാഗണപതി, പതിനെട്ടാംപടി
എന്നിവിടങ്ങളില്‍ തേങ്ങയടിക്കാറുണ്ട്. കര്‍പ്പൂരപ്രിയനായതു കൊണ്ട് എല്ലാ നടകളിലും അയ്യപ്പന്‍മാര്‍ കര്‍പ്പൂരം കത്തിച്ച് ശരണം വിളിക്കും.നാഗയക്ഷിക്കും നാഗരാജാവിനും മാളികപ്പുറത്തും മഞ്ഞള്‍പ്പൊടി തൂവാം. മാളികപ്പുറം ശ്രീകോവിലിനു ചുറ്റും അയ്യപ്പന്‍മാര്‍ നാളികേരമുരുട്ടാറുണ്ട്. സന്താനസൗഭാഗ്യത്തിന് അവില്‍, മലര്, കല്‍ക്കണ്ടം, മുന്തിരി, വറപൊടി എന്നിവ കടുത്ത സ്വാമിക്കുള്ള വഴിപാടാണ്.
കറുപ്പസ്വാമിക്ക് കാലിപ്പുകയില, വാവരുസ്വാമിക്ക് കുരുമുളക്.ഉണക്കലരി, ഉണ്ട ശര്‍ക്കര, കദളിപ്പഴം എന്നിവ അയ്യപ്പന് നേദ്യത്തിനാണ്.
മാളികപ്പുറത്തമ്മ:
അയ്യപ്പന്‍ മോക്ഷം നല്‍കിയ മഹിഷിയുടെ ശരീരത്തില്‍നിന്നുയര്‍ന്ന സുന്ദരീരൂപമാണ്
മാളികപ്പുറത്തമ്മ എന്നാണു വിശ്വാസം. അയ്യപ്പനില്‍ അനുരക്‌തയായ സുന്ദരി തന്നെ വിവാഹം കഴിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തന്നെ ദര്‍ശിക്കാന്‍ കന്നി അയ്യപ്പന്‍മാര്‍ എത്താത്ത കാലത്ത് വിവാഹം കഴിക്കാം എന്നാണ് അയ്യപ്പന്‍ നല്‍കിയ മറുപടി. എല്ലാ വര്‍ഷവും കന്നി അയ്യപ്പന്‍മാരെത്തിയോ എന്നറിയാന്‍ മാളികപ്പുറത്തമ്മ ശരംകുത്തിയിലേക്ക് എഴുന്നള്ളാറുണ്ട്. ഓരോ തവണയും ശരക്കോലുകള്‍ കണ്ട് ദു:ഖിതയായാണ് മടക്കം. ഭഗവതിസേവയാണ് ദേവിയുടെ ഇഷ്ടവഴിപാട്. പട്ടുടയാട, പൊട്ട്, ചാന്ത്,കണ്‍മഷി, വള തുടങ്ങിയവയും വഴിപാടായി സമര്‍പ്പിക്കാറുണ്ട്. തേങ്ങയുരുട്ടലും മാളികപ്പുറത്തെ വഴിപാടാണ്.
ആഴിപൂജ:
വൃശ്ചികമാസം ഒന്നാംതീയതി മുതല്‍ നടത്തുന്ന മണ്ഡലവ്രതാചരണത്തിന്റെ ഭാഗമാണ് ആഴിപൂജ. ദേശംതോറും അയ്യപ്പന്മാര്‍ സംഘംചേര്‍ന്നു നടത്തുന്ന ഒരു ചടങ്ങാണിത്. ശാസ്താ പ്രീതിക്കായി നടത്തപ്പെടുന്ന ഈ ചടങ്ങ് പലയിടത്തും പല പേരിലാണറിയപ്പെടുന്നത്. ഭഗവാന്‍റെ തിരുമുഖമായ അഗ്നിയെ പൂജിക്കുന്നത് ഭഗവാനെ പൂജിക്കുന്നതിനു തുല്യമായി കണക്കാക്കപ്പെടുന്നു.
വെള്ളംകുടി:
ശബരിമല യാത്രയ്ക്കൊരുങ്ങുന്ന അയ്യപ്പന്‍ സ്വന്തം വീട്ടില്‍വച്ച് നടത്തുന്ന ഒരു ചടങ്ങാണ് വെള്ളംകുടി. ഒരു പന്തലില്‍ സന്നിഹിതരായ അയ്യപ്പന്മാര്‍ കിഴക്കോട്ടുതിരിഞ്ഞ് ഒന്നാം കന്നിഅയ്യപ്പന്‍, രണ്ടാം കന്നിഅയ്യപ്പന്‍ എന്നീ ക്രമത്തില്‍
അവസാനം ഗുരുസ്വാമി എന്നിവര്‍ ഗണപതി, ശിവന്‍, വിഷ്ണു, മാളികപ്പുറത്തമ്മ, ശാസ്താവ്, വാവര്‍, കടുത്ത എന്നിവരെ പൂജിച്ചു ശരണം വിളിക്കുന്ന ചടങ്ങാണ് ‘വെള്ളംകുടി’.
ഗുരുദക്ഷിണ എട്ടുതവണ:
സ്വയം കെട്ടുനിറച്ച്, കെട്ടുതാങ്ങി മലചവിട്ടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലായിരിക്കണം അത്.ഓരോ സംഘത്തിനും ഒരു ഗുരുസ്വാമി ഉണ്ടാകണം. ഗുരുസ്വാമിക്ക് എട്ടുതവണയാണ് ദക്ഷിണ നല്‍കേണ്ടത്. പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല.
ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ്:
1 മാലയിടുമ്പോള്‍
2 കറുപ്പുകച്ച കെട്ടുമ്പോള്‍
3 എരുമേലിയില്‍ പേട്ടക്കളത്തില്‍ 4. വനയാത്ര തുടങ്ങുമ്പോള്‍
5 അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് അത് തിരികെ വാങ്ങുമ്പോള്‍
6 പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍
7 ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍
8 വീട്ടിലെത്തി മാലയൂരുമ്പോള്‍ ഗുരുദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാശക്തി പണവും ആകാം.
കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.
പമ്പയിലെ പിതൃതര്‍പ്പണം:
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യസ്‌നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലിത്തറയും കര്‍മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും – രാപക മറവപ്പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സ്വന്തം സേനാംഗങ്ങള്‍ക്ക് ശബരിമല അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ്ഐതിഹ്യം. അതിന്റെ സ്മരണ പുതുക്കലാണ് പമ്പയിലെ പിതൃതര്‍പ്പണം.
പ്രസാദങ്ങൾ:
അരവണപ്പായസവും കൂട്ടപ്പവുമാണ് ശബരിമലയിലെ പ്രധാന പ്രസാദങ്ങൾ. ഇവ ക്ഷേത്രത്തിനടുത്തുള്ള വിതരണ കൗണ്ടറുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. അരവണപ്പായസത്തിനായുള്ള അരി തിരുവിതാംകൂറ് ദേവസ്വത്തിനു തന്നെ കീഴിലുള്ള ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നുമാണ് കൊണ്ടുവരുന്നത്.
മുടക്കം കൂടാതെ 18 വര്‍ഷം മലചവിട്ടുന്നവര്‍ക്ക് തെങ്ങുവയ്ക്കാം. ഇടയ്ക്ക് മുടക്കമുണ്ടായാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങി 18 വര്‍ഷം പൂര്‍ത്തിയാക്കിയാലേ തെങ്ങുവയ്ക്കാന്‍ കഴിയൂ. 36 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ രണ്ടാമതും തെങ്ങുവയ്ക്കാം.
മണ്ഡലക്കാലം വൃശ്ചികം ഒന്ന് മുതല്‍ ആരംഭിക്കുന്നു. അത് വ്രതാനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രദര്‍ശനത്തിനും പുണ്യമായി കരുതുന്നുവെങ്കിലും ശബരിമല തീർത്ഥാടനവുമായിട്ടാണ് ഏറെ പ്രസിദ്ധമായിതീര്‍ന്നത്. മണ്ഡലക്കാലം വന്നാല്‍ കേരളത്തിന്റെ മുഖം ഭക്തിസാന്ദ്രമായി മാറുന്നു.
കറുപ്പ് വസ്ത്രങ്ങള്‍ ധരിച്ച് രുദ്രാക്ഷമാലകള്‍ അണിഞ്ഞ് കുളിച്ചു ഭസ്മവും ചന്ദനക്കുറിയുമിട്ട് അയ്യപ്പശരണമന്ത്രങ്ങള്‍ വിളിച്ച് പോകുന്ന അയ്യപ്പന്മാര്‍ കാഴ്ച്ചക്കാരിലും ഭക്തി ഉളവാക്കുന്നു. പുതിയൊരുണര്‍വ് നല്‍കുന്നു. മാലയിട്ട് ഒരയ്യപ്പനെങ്കിലും മലയ്ക്ക് പോകാത്ത ഹൈന്ദവ വീടുകള്‍ കേരളത്തില്‍ വിരളമാണ്. അയ്യപ്പഭക്തന്‍ വ്രതമനുഷ്ഠിച്ച് മല ചവിട്ടണമെന്നാണ് വിധി.
വ്രതാനുഷ്ഠാനവേളയില്‍ വീട്ടിലെ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ചുരുക്കിപറയാം:
1. മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.
2. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന്റെയോ ചിത്രത്തിന്‍റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.
3. ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം. മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്. മദ്യപാനശീലമുള്ളവരുണ്ടെങ്കില്‍ അത് ഒഴിവാക്കണം. വ്രതമനുഷ്ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് അഭികാമ്യം.
4. സര്‍വ്വചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം.
5. വാക്കുകളെകൊണ്ടുപോലും ആരെയും വിഷമിപ്പിക്കാതിരിക്കണം.
6. ദുഷ്ടചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക.
7. സന്ധ്യക്ക് മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തി അന്തരീക്ഷം ഭക്തിസാന്ദ്രമാക്കുക.
8. ബ്രഹ്മചര്യം പാലിക്കുക. ആഡംബരങ്ങള്‍ ഒഴിവാക്കി ലളിതജീവിതം നയിക്കുക.
9. ഋതുകാലം പ്രത്യേകം ചിട്ടകള്‍ പാലിക്കണം. അടുക്കളയില്‍ പ്രവേശിക്കാനോ
ആഹാരം പാകം ചെയ്യാനോ പാടില്ല. മലയ്ക്ക് പോകുന്നവരില്‍നിന്നും അകന്ന്
നില്‍ക്കണം. തങ്ങള്‍ സ്പർശിച്ച സാധനങ്ങള്‍ അവര്‍ക്ക് നല്‍കരുത്.
10. കഴിയുന്നത്ര വ്രതങ്ങള്‍ നോല്‍ക്കണം. ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനവും, എള്ളുതിരികത്തിക്കള്‍, നീരാജനം തുടങ്ങിയ വഴിപാടുകളും ചെയ്ത് ദേവനെ പ്രസാദിപ്പിക്കണം. ശനിയാഴ്ച്ചവ്രതം അതിവിശേഷമാകുന്നു.
11. സമീപത്ത് അയ്യപ്പന്‍വിളക്ക് നടക്കുന്നുണ്ടെങ്കില്‍ അവിടെ പോയി തൊഴുത് അതില്‍ പങ്കാളിയാകാന്‍ മടിക്കരുത്.
12. ഭര്‍ത്താവോ, മകനോ മറ്റു വേണ്ടപ്പെട്ടവരോ മലയ്ക്ക് പോയി എത്തും വരെ വ്രതശുദ്ധിയോടെ പോയ ആള്‍ ഭഗവാനെ ദര്‍ശനം നടത്തി ബുദ്ധിമുട്ടുകൂടാതെ മടങ്ങിവരുന്നതിന് പ്രാര്‍ഥിക്കണം.
13. കെട്ടുനിറച്ച് നാളികേരം അടിച്ച് വീട്ടില്‍ നിന്നും പോയപ്പോള്‍ വെച്ചകല്ല് ശുദ്ധിയോടെ സൂക്ഷിക്കണം. അവിടെ രണ്ടുനേരവും വിളക്ക് വെക്കേണ്ടതുമാണ്.
14. കുടുംബത്തില്‍ നിന്ന് കെട്ടുനിറച്ച് പോകുമ്പോള്‍ മറ്റംഗങ്ങള്‍ എല്ലാം പങ്കെടുക്കുകയും അരിയും കാണിപ്പണവും (കാണിപ്പൊന്ന്) കെട്ടില്‍ നിക്ഷേപിച്ച് അതില്‍ ഭാഗഭാഗാക്കുകയും വേണം.
15. വ്രതം ആരംഭിച്ച് കഴിഞ്ഞാല്‍, മലയില്‍നിന്ന് മടങ്ങി എത്തുന്നതുവരെ വീട്ടില്‍ എത്തുന്ന അയ്യപ്പഭക്തന്മാരെ സന്തോഷപൂര്‍വ്വം സ്വീകരിക്കണം.
16. കറുത്ത വസ്ത്രം ധരിച്ച് ശരണംവിളിച്ച് വീട്ടില്‍ എത്തുന്ന അപരിചിതര്‍ക്കുപോലും അന്നം നല്‍കണം. പഴകിയതും ശേഷിച്ചതുമായ
ഭക്ഷണസാധനങ്ങള്‍ നല്‍കരുത്.
17. ഹിന്ദുക്കളല്ലെങ്കില്‍ പോലും എല്ലാമതവിഭാഗങ്ങളില്‍പ്പെട്ടവരോടും സമഭാവനയോടെ സ്വീകരിച്ച് പെരുമാറണം.
18. ശാസ്താവിന്റെ പ്രാര്‍ഥനാമന്ത്രം ജപിക്കണം:
“ഭൂതനാഥ സദാനന്ദസര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോശാസ്ത്രേതുഭ്യം നമോനമ
ഭൂതനാഥമഹം വന്ദേസര്‍വ്വ ലോകഹീതേ രതം
കൃപാനിധേ സദാസ്മാകംഗ്രഹ പീഡാം സമാഹര.”
പരമ്പരാഗത പാത:
എരുമേലിയിൽ നിന്ന് പമ്പയിലേക്കുള്ള കാനനപാത വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഒട്ടേറെ പുണ്യസ്ഥലങ്ങൾ താണ്ടി കാനനത്തിലൂടെ കാൽനടയായുള്ള ഈ യാത്ര ഭക്തർക്ക് ആത്മനിർവൃതിയേകുന്ന ഒന്നാണ്. പേരൂർ തോട്, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്, കരിമല, വലിയാനവട്ടം,
ചെറിയാനവട്ടം എന്നിവയാണ് എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങൾ. എരുമേലിയിൽ നിന്ന് കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയിൽ നിന്ന് അഴുതയിലേയ്‌ക്ക് രണ്ടര കിലോമീറ്ററും അഴുതയിൽ നിന്ന് പമ്പവരെ 37 കിലോമീറ്ററുമാണ് ദൂരം. പേരൂർ തോടിൽ നിന്ന് ഇരുമ്പൂന്നിക്കരയിലേയ്‌ക്ക് മൂന്നു കിലോമീറ്ററുണ്ട്. ഇരുമ്പൂന്നിക്കരയിൽ നിന്ന് കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയിൽ നിന്ന് അരശുമുടിക്കോട്ടയിലേക്കും മൂന്ന് കിലോമീറ്ററാണ് ദൂരം.
അവിടെ നിന്ന് കാളകെട്ടിയ്‌ക്ക് 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാർ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ് എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യൻ നിർമ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്.
ശാസ്‌താക്ഷേത്രത്തിൽ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌തഅനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയിൽ നിന്നും കാൽനടയായി പുറപ്പെട്ട് പുണ്യസങ്കേതമായ പേരൂർ തോട്ടിലെത്തുന്ന തീർത്ഥാടകർ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു.
തുടർന്ന് ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തർ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരൻ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാള കെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ഭക്തർ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു.
അടുത്തദിനം രാവിലെ അഴുതാനദിയിൽ മുങ്ങിക്കുളിച്ച് ഒരു ചെറിയ കല്ലുമെടുത്ത് യാത്ര തുടരുന്ന അയ്യപ്പഭക്തർ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠൻ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട് സംസ്‌ക്കരിച്ചതിന്റെ ഓർമ്മയ്‌ക്ക് അഴുതയിൽ നിന്നെടുത്ത കല്ല് ഭക്തർ ഇവിടെ ഇടുന്നു. തുടർന്ന് കാട്ടുവഴിയിലൂടെ നടന്ന് മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന് കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന് കറുപ്പുനിറമായതുകൊണ്ടാണ് ഈ മലയ്‌ക്ക് കരിമല എന്ന് പേരുവന്നതത്രേ. തുടർന്ന് ഭക്തർ ശരണംവിളിച്ചുകൊണ്ട് കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളിൽ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാർ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങൾ പിന്നിട്ട് പുണ്യനദിയായ പമ്പയുടെ തീരത്ത് എത്തിച്ചേരുന്നു.
പമ്പയില്‍ നിന്ന് നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേയ്‌ക്കുള്ള ഏഴ് കിലോമീറ്റര്‍ ദൂരം കാല്‍ നടയായി മാത്രമേ പോകാന്‍ കഴിയൂ. പമ്പയില്‍ നിന്നു തുടങ്ങി മരക്കൂട്ടം വരെ ചെല്ലുന്ന, കുത്തനെയുള്ള കയറ്റം കുറഞ്ഞ സ്വാമി അയ്യപ്പന്‍ റോഡിലൂടെയും മല കയറാം.
പമ്പയില്‍ കുളിച്ച് പാപവിമുക്തരായി ഇരുമുടിക്കെട്ടുമേന്തി മലകയറ്റം ആരംഭിക്കുന്ന അയ്യപ്പന്മാര്‍ ആദ്യം നാളികേരമുടച്ച് പമ്പാഗണപതിയെ വന്ദിക്കുന്നു. ശക്തി, ശ്രീരാമന്‍, ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ആരാധന നടത്തി, പന്തളരാജാവിന്റെ സങ്കേതത്തിലെത്തി പ്രസാദം വാങ്ങിയ ശേഷം മല കയറിത്തുടങ്ങുന്നു.
കുത്തനെയുള്ള നീലിമല കയറി അപ്പാച്ചിമേടിലെത്തുമ്പോള്‍ കന്നി അയ്യപ്പന്മാര്‍ അരിപ്പൊടി കൊണ്ടുള്ള ഉണ്ടകള്‍ താഴ്‌വാരത്തിലേക്ക് വലിച്ചെറിയുന്നു.
ദുര്‍ദ്ദേവതകളെ പ്രീതിപ്പെടുത്താനാണിങ്ങനെചെയ്യുന്നത്. കുറച്ചുദൂരംകൂടി കയറുമ്പോള്‍ ശബരീപീഠത്തിലെത്തുന്നു. ശബരിയുടെ സ്വര്‍ഗ്ഗാരോഹണം ഇവിടെ വച്ചായിരുന്നു എന്നു പറയുന്നു. അയ്യപ്പന്മാര്‍ ശബരീപീഠത്തില്‍ തേങ്ങയുടച്ച്, കര്‍പ്പൂരം കത്തിച്ച്,
വഴിപാടര്‍പ്പിച്ച് മലകയറ്റം തുടരുന്നു. തുടർന്ന് സമതലമായമരക്കൂട്ടത്തിലെത്തുന്നു. പമ്പയില്‍ വെച്ചു പിരിയുന്ന സ്വാമി അയ്യപ്പൻ റോഡ് ഇവിടെയെത്തിച്ചേരുന്നു. തുടര്‍ന്നാണ് ശരംകുത്തി. കന്നി അയ്യപ്പന്മാര്‍ കയ്യില്‍ കരുതുന്ന ഇവിടെ കുത്തി വെച്ചശേഷമേ പതിനെട്ടാം പടി കയറാനും അയ്യപ്പദര്‍ശനം നടത്താനും പാടുള്ളൂ എന്നാണ് വിശ്വാസം. തുടര്‍ന്ന് സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തന്മാര്‍ പതിനെട്ടാം പടിയ്‌ക്കിരുവശത്തുമുള്ള കറുപ്പുസ്വാമിയെയും കടുത്തസ്വാമിയെയും വണങ്ങി നാളികേരമുടച്ച് ശരണം വിളിച്ചുകൊണ്ട് പതിനെട്ടാം പടി കയറി അയ്യപ്പദര്‍ശനം നടത്തുന്നു.
മാലയിട്ട്, വ്രതമെടുത്ത് ഇരുമുടിയേന്തി വരാത്ത അയ്യപ്പഭക്തര്‍ പതിനെട്ടാംപടി കയറാന്‍ പാടില്ല. വടക്കുവശത്തുള്ള പടികളിലൂടെ കയറി അവര്‍ക്ക് അയ്യപ്പദര്‍ശനം നടത്താം. സന്നിധാനത്തിലുള്ള ഭസ്‌മക്കുളത്തില്‍ മുങ്ങുന്ന ഭക്തര്‍ തിരുസന്നിധിയില്‍ ചെന്നു വണങ്ങി ശയനപ്രദക്ഷിണം നടത്തുന്നു. അയ്യപ്പദര്‍ശനത്തിനുശേഷം അയ്യപ്പന്മാര്‍ കന്നിമൂല ഗണപതിയെയും മാളികപ്പുറത്തെത്തി ദേവിയെയും വണങ്ങുന്നു.
നെയ്യഭിഷേകം:
കഠിനമായ കാനനപാത താണ്ടി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ അയ്യപ്പദര്‍ശനം കഴിഞ്ഞാല്‍ ആദ്യം നടത്തുന്നത് നെയ്യഭിഷേകത്തിനുള്ള ഒരുക്കങ്ങളാണ്. ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നാണ് നെയ്യഭിഷേകം.
ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കര്‍മ്മങ്ങളിലൊന്നും ഭഗവാന് നെയ്യഭിഷേകം നടത്തുക എന്നുള്ളതാണ്. വ്രതശുദ്ധിയുടെ നിറവില്‍, ശരണം വിളികളുടെ അകമ്പടിയോടെ നാളികേരത്തില്‍ നിറച്ച് ഇരുമുടിക്കെട്ടിലാക്കി കൊണ്ടുവരുന്ന പരിശുദ്ധമായ നെയ്യ് ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതോടെ ഓരോ അയ്യപ്പഭക്തനും നിര്‍വൃതി നേടുന്നു.
യഥാര്‍ത്ഥത്തില്‍ ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരലിന്റെ പ്രതീകമാണ് നെയ്യഭിഷേകം. ഹിന്ദുമത വിശ്വാസമനുസരിച്ച് ജനനമരണങ്ങളിലൂടെ, വേദനകളില്‍പ്പെട്ടുഴലുന്ന ജീവാത്മാവ് ഭഗവത്സായൂജ്യം നേടുന്നതോടെ, അതായത് പരമാത്മാവില്‍ ലയിക്കുന്നതോടെ അതിന് ജനനമരണങ്ങളില്‍ നിന്ന് മോക്ഷം കിട്ടുന്നു. നെയ്‌ത്തേങ്ങയിലെ നെയ്യ് ഭഗവാന് അഭിഷേകം ചെയ്‌തശേഷം
മുറിത്തേങ്ങ പതിനെട്ടാംപടിയുടെ താഴെയുള്ള അഗ്നികുണ്‌ഠത്തിലെറിയുന്നു.
ഹരിവരാസനം:
ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ഭക്തർക്കുള്ള ദർശനത്തിനുശേഷം ഭഗവാനെ പള്ളിയുറക്കാനുള്ള ഒരു ഗീതമാണ് ഇതെന്നാണ് വിശ്വാസം. കുമ്പക്കുടി കുളത്തൂർ സുന്ദരേശയ്യർ ആണ് ഈ ഉറക്കുപാട്ട് എഴുതിയത്.
ഈ രചനയിൽ 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളുമുണ്ട്.
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ.
ശരണകീർത്തനം ശക്‌തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ.
പ്രണയസത്യകം പ്രാണനായകം
പ്രണതകൽപ്പകം സുപ്രഭാഞ്‌ജിതം
പ്രണവമന്ദിരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ.
തുരഗവാഹനം സുന്ദരാനനം
വരഗദായുധം വേദവർണിതം
ഗുരുകൃപാകരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ.
ത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ.
ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ.
കളമൃദുസ്‌മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരീ വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ.
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ. …
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ…
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ……
———-
ഏവര്‍ക്കും മണ്ഡലകാല ആശംസകള്‍ നേരുന്നു.
“സ്വാമിയേ ശരണമയ്യപ്പാ….”
———-
അനിൽ വെളിച്ചപ്പാടൻ
(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം)
രാജേഷ് പകൽക്കുറി
(പേജ് അഡ്മിൻ: ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും)