ആദ്യമായി ഋതുമതി ആയാൽ (തിരണ്ടുകല്യാണം)

Share this :

തിരണ്ടുകല്യാണം
(ഋതുമതി)

പെൺകുട്ടി ആദ്യമായി ഋതുമതി ആയതിന്റെ ചടങ്ങാണ് തിരണ്ടുകല്യാണം എന്ന് പൊതുവെ അറിയപ്പെടുന്നത്.

പനംചക്കര അഥവാ കരുപ്പോട്ടി, താറാവിൻ മുട്ട, എള്ളെണ്ണ, വറുത്ത അരിപ്പൊടി എന്നിവ ചേർത്ത് ഉരുളയാക്കിയും നെല്ലുകുത്തിയ അരി വേവിച്ച് അതിൽ തേങ്ങാപ്പാലും കരിപ്പോട്ടിയും ചേർത്ത് വെള്ളം വറ്റിച്ചെടുത്ത ചക്കരച്ചോറും തുടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണമാണ് ആദ്യമായി ഋതുമതിയാകുന്ന പെൺകുട്ടിയ്ക്ക് കൂടുതലായി നൽകുന്നത്. ‘മാവ്കൊട’ എന്നാണ് ഇതിനെ പറയുന്നത്.

അച്ഛന്റെ സഹോദരി അല്ലെങ്കിൽ മുത്തശ്ശി അതുമല്ലെങ്കിൽ ഇവർ രണ്ടുപേരും ചേർന്ന് ഈ വിഭവങ്ങൾ എന്നാണോ ചടങ്ങ്, ആ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തി പാചകം ചെയ്ത് നൽകണമെന്നാണ് പൂർവ്വികമായ ആചാരം. ഇതൊക്കെ അക്ഷരംപ്രതി ചെയ്തുവരുന്ന ചില സമുദായങ്ങൾ ഇപ്പോഴുമുണ്ട് എന്നതാണ് ആശ്വാസം.

മുൻകാലങ്ങളിൽ ഇത് ബന്ധുമിത്രാദികളായ സ്ത്രീകളെ ക്ഷണിച്ചുകൊണ്ട് വിപുലമായി നടത്തിയിരുന്നു. എന്നാൽ ഇന്ന് പെൺകുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുക്കളെ പേരിനുമാത്രമായി വിളിച്ചുപറയുന്ന ചടങ്ങായി മാറിയിരിക്കുന്നു.

ഏഴാംദിവസം ഔപചാരികമായി മുത്തശ്ശി അല്ലെങ്കിൽ അച്ഛന്റെ സഹോദരി അതുമല്ലെങ്കിൽ ഇവർ രണ്ടുപേരുംചേർന്ന് പെൺകുട്ടിയെ കുളിപ്പിക്കുന്ന ചടങ്ങാണ് പ്രധാനം. ആദ്യമായി ഋതുമതി ആകുമ്പോൾ
ദിവസം, നക്ഷത്രം, തിഥി, രാശി എന്നിവകൊണ്ട് ഫലദോഷങ്ങൾ ചിന്തിക്കുന്ന രീതിയുമുണ്ട്. അപൂർവ്വമായി ദോഷവും ഉണ്ടായേക്കാം. ആകയാൽ പൊതുവെ ചെയ്യാവുന്ന ദോഷപരിഹാരം ഇതാണ്:

ഔപചാരികമായി കുളി നടത്തപ്പെടുന്ന ദിവസം പുലർച്ചെ അടുത്തുള്ള മഹാദേവക്ഷേത്രത്തിൽ രുദ്രസൂക്തം ജപിച്ചഅഭിഷേകജലം വാങ്ങി, കുളിക്കാനുള്ള വെള്ളത്തിൽ ഒഴിച്ച് ഒന്നിച്ചാക്കി, സകല ദോഷങ്ങളും നീങ്ങാൻ പ്രാർത്ഥിച്ചുകൊണ്ട് മുത്തശ്ശി അല്ലെങ്കിൽ അപ്പച്ചി (അച്ഛന്റെ സഹോദരി) അതുമല്ലെങ്കിൽ
ഇവർ രണ്ടുപേരുംചേർന്ന് മൂർദ്ധാവിൽ ഒഴിച്ചുകൊണ്ട് സ്നാനം ചെയ്യിപ്പിക്കുന്നു. വാകപ്പൊടിയും ഇഞ്ചയും തേച്ചുകുളിയ്ക്ക് ഉപയോഗിക്കും.

ഇതുമായി ബന്ധപ്പെട്ട മറ്റ് ദോഷങ്ങൾക്ക് മുരുകനെയും ദുർഗ്ഗാദേവിയെയും പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളും ഉത്തമം തന്നെയാകുന്നു.

പല സമുദായങ്ങളിലും നാലാംദിവസമാണ് കുളി ആചരിക്കുന്നത്. എന്നാൽ ഈഴവ സമുദായത്തിൽ ഇത് പന്ത്രണ്ടാംദിവസത്തിലും നടത്തപ്പെടുന്നു. ദേശങ്ങൾ അനുസരിച്ച് ആചാരത്തിൽ വ്യത്യാസമുണ്ടാകും.

ബ്രാഹ്മണർ, നായർ, ഈഴവർ, ധീവരർ, പാണന്‍, പുള്ളുവന്‍, വേലന്‍, മുക്കുവന്‍, കണിയാന്‍, കമ്മാളര്‍, പറയര്‍, പുലയര്‍, വിഷവര്‍, ഊരാളികള്‍, പളിയര്‍, കൊച്ചുവേലര്‍, മുതുവര്‍, മലങ്കുറവന്‍ എന്നിങ്ങനെ നിരവധി ജാതിഭേദങ്ങളിൽ അതാത് ദേശാചാരങ്ങൾ അനുസരിച്ച് അഞ്ചുമുതൽ പന്ത്രണ്ട് ദിവസം വരെയുള്ള ദിവസങ്ങളിൽ ‘കുളി’ എന്ന പ്രധാന ചടങ്ങ് നടത്തിവരുന്നു. നായർ സമുദായത്തിൽ പക്ഷെ ഈ ആചാരം പൊതുവെ കുറഞ്ഞുവന്നതായി കാണാൻ സാധിക്കും.

വടക്കൻകേരളത്തിൽ ‘വാകകർമ്മം’ പോലുള്ള ചില ചടങ്ങുകളും ചെയ്യാറുണ്ട്. ഏഴ് ദിവസംവരെ മത്സ്യവും ഉപ്പും നല്കാതെയുള്ള ചടങ്ങുകളുമുണ്ട്. എന്നാൽ ഇന്ന് ഇതൊക്കെ പലരും ഒഴിവാക്കിയതായി കാണാൻ സാധിക്കും.

ഏഴാംദിവസം ഔപചാരികമായ കുളിയോടെ ചടങ്ങ് അവസാനിക്കുന്നതാണ് പൊതുവെ കണ്ടുവരുന്നത്.

‘പൂപ്പുനിത നീരാട്ടുവിഴാ’ എന്ന പേരിൽ ബന്ധുക്കൾക്ക് ക്ഷണക്കത്തുകൾവരെ നൽകി ആഡിറ്റോറിയങ്ങളിൽവെച്ച് വലിയ ചടങ്ങായും തമിഴ്‌നാട്ടിൽ ഈ തിരണ്ടുകല്യാണം ആചരിച്ചുവരുന്നുണ്ട്.

പെൺകുട്ടിയിൽ നിന്നും സ്ത്രീയിലേക്കുള്ള കാൽവെപ്പ് അവളുടെ ആരോഗ്യസംരക്ഷണത്തിനായി ഓരോ സമുദായവും പ്രത്യേകമായി ചെയ്യുന്ന ചടങ്ങുകൾകൊണ്ട് പോഷകസമൃദ്ധമായും ഹിന്ദുവിന്റെ
ആചാരമായും നിലനിൽക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്.

Anil Velichappadan
Uthara Astro Research Center
Tel: 0476 – 296 6666, Mob: 9497 134 134.

Share this :
× Consult: Anil Velichappadan