രാഹു-കേതു: രാശിമാറ്റം (ഫലം, ദോഷം, പരിഹാരം: ജപമന്ത്രസഹിതം)

Share this :

രാഹു-കേതു: രാശിമാറ്റം
(ഫലം, ദോഷം, പരിഹാരം: ജപമന്ത്രസഹിതം)
—————-
രാഹു-കേതുക്കള്‍ 23-9-2020 (1196 കന്നി 07) ബുധനാഴ്ച രാവിലെ 10.39.59 സെക്കന്റിന് രാശിമാറുന്നു (ഗണനം: കൊല്ലം ജില്ല, By: https://www.facebook.com/anilvelichappadan) 2022 ഏപ്രിൽ ഏപ്രിൽ 12 ചൊവ്വാഴ്ച (1197 മീനം 29) ഉച്ചയ്ക്ക് 1.37.35 സെക്കന്റ് വരെ രാഹു ഇടവത്തിലും കേതു വൃശ്ചികത്തിലും ആയിരിക്കും.

രാഹുവും കേതുവും എപ്പോഴും പിന്നിലേക്ക് സഞ്ചരിക്കുന്നതിനാല്‍ ഇവര്‍ നില്‍ക്കുന്ന രാശിയുടെ പിന്നിലെ രാശിയിലേക്കായിരിക്കും രാഹുവും കേതുവും മാറുന്നത്.

രാഹു ഇടവം രാശിയിലേക്കും കേതു വൃശ്ചികം രാശിയിലേക്കുമാണ് മാറുന്നത്. ഏകദേശം ഒന്നര വര്‍ഷക്കാലമാണ് രാഹുവും കേതുവും ഒരു രാശിയില്‍ നില്‍ക്കുന്നത്.

തുടര്‍ന്ന് 2022 ഏപ്രിൽ ഏപ്രിൽ 12 ചൊവ്വാഴ്ച (1197 മീനം 29) ഉച്ചയ്ക്ക് 1.37.36 സെക്കന്റിന് വീണ്ടും ഇവര്‍ വീണ്ടും രാശിമാറും. അന്ന് രാഹു, മേടത്തിലേക്കും കേതു തുലാത്തിലേക്കുമായിരിക്കും രാശി മാറുന്നത്.

രാഹുവിന് സര്‍പ്പി, പാതന്‍, തമസ്സ്, അഹി എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.
കേതുവിന് ശിഖി, മൃത്യുതനയന്‍ എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.

ചാരവശാല്‍ (ഗ്രഹങ്ങളുടെ രാശിമാറ്റം) ഫലം ലഭിക്കുന്നത് എപ്പോള്‍?
—————-
ജന്മരാശിയുടെ അഥവാ കൂറിന്റെ 3,6,10,11 ഭാവങ്ങളില്‍ സൂര്യന്‍ വരുമ്പോഴും
ജന്മരാശിയുടെ അഥവാ കൂറിന്റെ 1,3,6,7,10,11 ഭാവങ്ങളില്‍ ചന്ദ്രന്‍ വരുമ്പോഴും
ജന്മരാശിയുടെ അഥവാ കൂറിന്റെ 3,6,11 ഭാവങ്ങളില്‍ ചൊവ്വയോ കേതുവോ വരുമ്പോഴും
ജന്മരാശിയുടെ അഥവാ കൂറിന്റെ 2,4,6,8,10,11 ഭാവങ്ങളില്‍ ബുധന്‍ വരുമ്പോഴും
ജന്മരാശിയുടെ അഥവാ കൂറിന്റെ 2,5,7,9,11 ഭാവങ്ങളില്‍ വ്യാഴം വരുമ്പോഴും
ജന്മരാശിയുടെ അഥവാ കൂറിന്റെ 1,2,3,4,5,8,9,11,12 ഭാവങ്ങളില്‍ ശുക്രന്‍ വരുമ്പോഴും
ജന്മരാശിയുടെ അഥവാ കൂറിന്റെ 3,6,11 ഭാവങ്ങളില്‍ ശനിയോ രാഹുവോ വരുമ്പോഴും ആ ജാതകന് ശുഭപ്രദമായിരിക്കും. അല്ലെങ്കില്‍ ദോഷഫലമായിരിക്കും അനുഭവത്തില്‍ വരുന്നത്.

എന്നാല്‍ ദശാപഹാരകാലം അനുകൂലമാണെങ്കില്‍ ചാരവശാലുള്ള ദോഷം അനുഭവത്തില്‍ വരികയുമില്ല. മറിച്ച്, ദശാപഹാരകാലവും ഒപ്പം ചാരവശാലുള്ള കാലവും പ്രതികൂലമായി ഭവിച്ചാല്‍ ആ കാലഘട്ടം അത്യന്തം ക്ലേശപ്രദവുമായിരിക്കുമെന്ന് നിസ്സംശയം പറയണം.

ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ, “എനിക്ക് വ്യാഴം ചാരവശാല്‍ ഒമ്പതിലാണ്. ഇപ്പോള്‍ ശുക്രദശയുമാണ്‌. എന്നിട്ടും എന്താണ് ഫലം ലഭിക്കാത്തത്”…. എന്ന്? ഒരുപക്ഷെ ശുക്രന്‍ ആ ജാതകന് ദോഷപ്രദമായി നിന്നാല്‍ പിന്നെങ്ങനെ ചാരവശാല്‍ വ്യാഴത്തിന്‍റെ ഗുണഫലം ലഭിക്കും?

ദശാപഹാരകാലവും ചാരവശാലുള്ള കാലവും ഒരുപോലെ അനുകൂലമായി വരുന്നത് ഭാഗ്യം തന്നെയാണെന്നും ഇവ രണ്ടും പ്രതികൂലമായി വരുന്നത് അത്യന്തം ദോഷപ്രദമാണെന്നും ഇനി പറയേണ്ടതില്ലല്ലോ.

എന്താണ് രാഹു-കേതു?
—————–
ഭൂമി, സൂര്യനെ വലംവെക്കുന്ന പ്രതലത്തെ ചന്ദ്രന്‍ ഭൂമിയ്ക്ക് ചുറ്റും കറങ്ങുന്ന ഭ്രമണപഥം കട്ട് ചെയ്യുന്ന അഥവാ ഖണ്ഡിക്കുന്ന 2 പോയിന്റുകളെയാണ് രാഹുവെന്നും കേതുവെന്നും വിളിക്കുന്നത്. മുകളില്‍ ലഭിക്കുന്ന ബിന്ദു (അസെന്റിങ് നോഡ് അഥവാ നോർത്ത് നോഡ്) രാഹുവും, താഴെ ലഭിക്കുന്ന ബിന്ദു (ഡിസെൻറിംഗ് നോഡ് അഥവാ സൗത്ത് നോഡ്) കേതുവും ആയിരിക്കും. ഇത് എപ്പോഴും പരസ്പരം 180 ഡിഗ്രിയിൽ ആയിരിക്കും. അതുകൊണ്ടാണ് രാഹു-കേതുക്കള്‍ എപ്പോഴും പരസ്പരം ഏഴാംരാശികളില്‍ ഒരേ ഡിഗ്രിയില്‍ നില്‍ക്കുന്നത്.

രാഹുവും കേതുവും ഇല്ലെന്നൊക്കെ പറഞ്ഞുനടക്കുന്ന കപട യുക്തിവാദികൾ ഇപ്രകാരമുള്ള നോർത്ത് നോഡും സൗത്ത് നോഡും ഇല്ലെന്ന് പറയുമോ എന്നുകൂടി അറിയേണ്ടതുണ്ട്. സായിപ്പന്മാർ പറഞ്ഞാൽ അതൊക്കെയും യാതൊരു ചോദ്യവുമില്ലാതെ ഉൾക്കൊള്ളുകയും എന്നാൽ ഭാരതീയ ആചാര്യന്മാർ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് എഴുതിവെച്ച കാര്യങ്ങൾ വിശ്വസിക്കാൻ ഈ കപട യുക്തിവാദികൾക്ക് വലിയ മനഃപ്രയാസമാണെന്നും പറയാതെ വയ്യ. ഉദാഹരണമായി പറഞ്ഞാൽ ഈ രാഹുവിനും കേതുവിനും ഏതെങ്കിലും സായിപ്പ് “സിർക്കോ” എന്നോ “വിർക്കോ” എന്നോ പേര് നൽകിയിരുന്നെങ്കിൽ ഇവിടെയുള്ള ചില യുക്തിവാദികൾ അതെല്ലാം ഉൾക്കൊള്ളുമായിരുന്നുവെന്ന് സാരം.

എന്തൊക്കെയാണ് ദോഷപരിഹാരങ്ങള്‍?
————-
പിഴച്ചുനില്‍ക്കുന്ന ഗ്രഹങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ അതാത് കാലങ്ങളില്‍ ചെയ്യാന്‍ ശ്രമിക്കുന്നതുപോലെ, നിങ്ങളുടെ നക്ഷത്രദേവതാമന്ത്രങ്ങളും, ദശാനാഥന്റെയും അപഹാരനാഥന്റെയും ജപമന്ത്രങ്ങളും ഭക്തിയോടെ ജപിക്കാന്‍ ശീലിക്കുകയും, മറ്റുള്ളവരുടെ മുന്നില്‍ എളിമയോടെ ജീവിക്കുകയും രക്തബന്ധുക്കളെ സംരക്ഷിക്കുകയും അവരെ ദ്രോഹിക്കാതിരിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ക്ക് ഈശ്വരാനുഗ്രഹം ഒഴുകിയെത്തുന്നതായിരിക്കും. നിങ്ങളുടെ നക്ഷത്രമന്ത്രങ്ങള്‍ അറിയുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കുക: https://uthara.in/manthram/

ഇന്ന് മിക്ക ക്ഷേത്രങ്ങളിലും പരിഹാരകര്‍മ്മങ്ങള്‍ ചെയ്യാൻ സാധിക്കാത്ത സാഹചര്യം ആകയാൽ നിങ്ങള്‍ക്ക് സ്വയം ജപിക്കാവുന്ന മന്ത്രങ്ങളും ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രത്നങ്ങള്‍ ധരിക്കാമോ?
————-
രാഹുവിന്റെ രത്നമായ ഗോമേദകവും കേതുവിന്റെ രത്നമായ വൈഡൂര്യവും ധരിക്കുന്നത് രാഹു-കേതു രാശിമാറ്റത്തില്‍ ശുഭപ്രദമായിരിക്കുമെന്ന് പറയാൻ സാധിക്കില്ല. എന്തെന്നാല്‍, ഗ്രഹനില പരിശോധിക്കാതെ യാതൊരു രത്നവും ധരിക്കാന്‍ പാടുള്ളതല്ല. ശത്രുഗ്രഹങ്ങളുടെ ദശ നടക്കുമ്പോള്‍ മറ്റ് രത്നങ്ങള്‍ ധരിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമായിരിക്കും നല്‍കുക. മാത്രവുമല്ല, ഒന്നര വര്‍ഷം കഴിയുമ്പോള്‍ പിന്നെയീ രത്നം ഉപയോഗിക്കാനും സാധിച്ചെന്ന് വരികയുമില്ല. ആകയാല്‍ ഇതിനായി രത്നധാരണം നടത്തുന്നത് എല്ലാർക്കും ശുഭപ്രദമായിരിക്കില്ല.

രാഹു-കേതു രാശിമാറ്റം: ഫലം, ദോഷം, പരിഹാരം.
**************

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം):
————–
ഇവർക്ക് രാഹു രണ്ടിലും കേതു അഷ്ടമത്തിലുമായിരിക്കും. രാഹു-കേതുമാറ്റം പൊതുവെ ഇവർക്ക് പൊതുവെ മോശമായി അനുഭവത്തിൽവരും. സർക്കാർ തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂലമായ കാലമായിരിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നവർക്കും ഇത് അനുകൂലമായ കാലം തന്നെയാണ്. എന്നാൽ സാമ്പത്തികമായി വളരെയേറെ ബാദ്ധ്യതയും വന്നുചേരാവുന്ന കാലവുമാണെന്ന് കരുതിയിരിക്കണം. സുഖനാശം, ധനനാശം, സഞ്ചാരക്ലേശം, ധനവും മറ്റും മോഷണം പോകൽ, ശത്രുവർദ്ധന, രക്തദോഷം, അപമാനം. ബന്ധുക്കള്‍ ഒരുപോലെ ശത്രുതാമനോഭാവം പുലര്‍ത്തുന്ന അവസ്ഥയുമുണ്ടാകും. രോഗവും ത്വക്ക് സംബന്ധം, രക്തസംബന്ധമായ രോഗാദിക്ലേശങ്ങളും സംഭവിക്കാൻ സാദ്ധ്യത കൂടുതലാണ്. തൊഴില്‍പരമായി തടസ്സങ്ങള്‍ വരികയും ചെയ്യും. നവംബർ 20 വരെ വ്യാഴം അനുകൂലമായി നിൽക്കുന്നതിനാൽ അത്രയും കാലം ദോഷങ്ങളില്ലാതെ കടന്നുപോകും. തുടർന്ന് പ്രത്യേക ശ്രദ്ധ ആവശ്യമായി വരുന്നതാണ്.

സൗന്ദര്യലഹരിയിലെ സര്‍പ്പദോഷശമനമന്ത്രം ഭക്തിയോടെ ജപിക്കാവുന്നതാണ്. പ്രഭാതങ്ങളിലെ ജപം ഉത്തമവും അത് രാഹുകാല സമയവും ആയി വന്നാല്‍ അത്യുത്തമവും ആയിരിക്കും. ഒരുമാസം വരെയുള്ള ഓരോ ദിവസത്തെയും കൃത്യം രാഹുകാലം ഉത്തരായുടെ സൈറ്റില്‍ ലഭ്യമാണ് (ഇതാണ് ലിങ്ക്: https://uthara.in/masapanchangam/) രാഹുവിന്റെയും കേതുവിന്‍റെയും പ്രാര്‍ത്ഥനാമന്ത്രങ്ങളും അത്യുത്തമം ആകുന്നു.

സര്‍പ്പദോഷശാന്തി മന്ത്രം:
————–
“ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൌ
നിശായാം നിദ്രാണാം നിശി ചരമഭാഗേ ച വിശദൌ
വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൌ സമയിനാം
സരോജം ത്വത്പാദൌ ജനനി ജയതശ്ചിത്രമിഹ കിം”

കേതുവിന്‍റെ ധ്യാനം::
————–
“ഓം ധൂമ്രാന്‍ ദ്വിബാഹുന്‍ ഗദിനോ
വികൃതാസ്യാന്‍ ശതാത്മികാന്‍
ഗൃദ്ധ്രാ സനഗതാന്‍ കേതുന്‍
വരദാന്‍ ബ്രഹ്മണ: സുതാന്‍

ഓം യേ ബ്രഹ്മപുത്രാ ബ്രഹ്മസമാനവക്ത്രാ
ബ്രഹ്മോത്ഭവാ ബ്രഹ്മസമാ: കുമാരാ:
ബ്രഹ്മോത്തമാ വരദാ ജാമദഗ്ന്യാ:
കേതുന്‍ സദാ ശരണമഹം പ്രാപദ്യെ”

ധ്യാനം നടത്തിയ ശേഷം 108 ഉരു മൂലമന്ത്രം ജപിക്കണം:

മൂലമന്ത്രം:
——-
“ഓം കേതവേ നമ:”

ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന് പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം):
————–
രോഗാദിക്ലേശം, ദുഃഖം, ധനപരമായ നാശനഷ്ടങ്ങൾ, വൃഥാ സഞ്ചാരം, മരണഭയം, അഗ്നിമൂലമുള്ള ദോഷങ്ങൾ, ജീവിതപങ്കാളിയുമായുള്ള പിണക്കങ്ങൾ, മാനസിക പിരിമുറുക്കങ്ങൾ. തലവേദന, തലസംബന്ധമായ മറ്റ് രോഗമോ പ്രയാസങ്ങളോ സംഭവിക്കും. വിദേശസംബന്ധ കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. പുതിയ ബന്ധങ്ങൾ ഉടലെടുക്കും. വിവാഹസംബന്ധമായ കാര്യങ്ങളിൽ അപ്രതീക്ഷിത കാലതാമസം സംഭവിക്കും.

കേതുസ്തോത്രം നിത്യവും പ്രഭാതങ്ങളില്‍ കഴിയുന്നത്ര ജപിക്കണം.

കേതുസ്തോത്രം:
———–
“പലാശപുഷ്പസംകാശം താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം”

മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന്‍ പാദം):
————–
ഇവർക്ക് രാഹു-കേതുമാറ്റം ഗുണദോഷസമ്മിശ്രമായി അനുഭവപ്പെടും. ധനനാശം, വെറുതെയുള്ള സഞ്ചാരം, രോഗം, മാനസിക പിരിമുറുക്കം എന്നിവ സംഭവിക്കും. എന്നാൽ അർഹിക്കുന്ന സ്‌ഥാനമാനലാഭം, അപ്രതീക്ഷിതമായ ധനലാഭം, ശത്രുനാശം, ആശുപത്രികളിലെ ചികിത്സാവിജയം, രോഗശമനം. വിവാഹകാര്യങ്ങളിൽ അനുകൂലമായ നിലപാടുകൾ ഉണ്ടാകും. വിദേശയാത്രാ തടസ്സം നീങ്ങും. വസ്‌തുവകകളുടെ വാങ്ങലോ വിൽക്കലോ നടക്കും. സന്താനകാര്യങ്ങളിലും സന്തോഷമുണ്ടാകും.

രാഹുവിന്റെയും ശാന്തിമന്ത്രം നിത്യവും പ്രഭാതത്തില്‍ യഥാശക്തി ജപിക്കണം.

രാഹുവിന്റെ ശാന്തിമന്ത്രം:
————–
“ഓം കയാ നശ്ചിത്ര ആഭൂവദൂതി സദാവൃധ: സഖാ
കയാ ശചിഷ്ടയാ വൃതാ

ആയം ഗൌ: പൃശ്ഞിരക്രമീദസനന്മാതരം പുന:
പിതരം ച പ്രയന്‍ സുവ:

യത്തേ ദേവീ നിര്‍ഋതിരാബബന്ധ
ദാമ ഗ്രീവാസ്വവിചര്‍ത്യം

ഇദന്തേ തദ്വിഷ്യാമ്യായുഷോ ന മധ്യാദഥാ
ജീവ: പിതുമദ്ധി പ്രമുക്ത:

അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
രാഹവേ നമ: കാലായ നമ:”

കര്‍ക്കടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം):
————–
ധനലാഭം, സൽക്കീർത്തി, സ്‌ഥാനമാനലാഭം, സുഖം എന്നിവ അനുഭവത്തിൽ വരും. എന്നാൽ സന്താനകാര്യങ്ങളിലെ ദുഃഖവും തടസവും സംഭവിക്കുന്നതാണ്. കാലങ്ങളായി മനസ്സിൽ കരുതിവെച്ച ഭവനനിർമ്മാണം, പുതിയ വാഹനം വാങ്ങൽ എന്നിവയുണ്ടാകും. ബന്ധങ്ങൾ വിപുലമാക്കും. കുടുംബത്ത് സ്വസ്ഥതയും സമാധാനവും തിരിച്ചുവരും. തൊഴിൽപരമായ കാര്യങ്ങൾ പുനരാരംഭിക്കാനും സാദ്ധ്യത കാണുന്നു. വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനവുമുണ്ടാകും.

മുകളില്‍ ആദ്യം എഴുതിയിരിക്കുന്ന സര്‍പ്പദോഷശാന്തിമന്ത്രം ഭക്തിയോടെ ജപിക്കേണ്ടതാണ്. ഇവര്‍ക്ക് ജപിക്കാനുള്ള കേതുവിന്റെ പ്രാർത്ഥനാമന്ത്രം ചുവടെ എഴുതുന്നു:

കേതുവിന്‍റെ പ്രാര്‍ത്ഥനാമന്ത്രം:
————-
“നമസ്തുഭ്യം നമസ്തുഭ്യം നമ: കേതോ നമോ നമ:
ത്വത്തേജ: പരിപൂര്‍ണ്ണം തു രത്നം ഭവതു തത്പ്രഭോ
ധാരയാമി മഹാരത്നം ത്വദ്വീര്‍യ്യപരിശോഭിതം
പാപാനി മേ വിനശ്യന്തു നമസ്തുഭ്യം ച കേതവേ”

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം-ആദ്യ പാദം):
————–
എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ സംഭവിക്കും. ദാരിദ്ര്യവും സന്തോഷമില്ലായ്മയും ഫലത്തിൽ വരുന്നതാണ്. ഹൃദയസംബന്ധമായ രോഗങ്ങളിൽ ശ്രദ്ധിക്കണം. രോഗാദിക്ലേശം, ശത്രുവർദ്ധന, ചതിയിൽപ്പെടുക, മാനസിക ദുഃഖം.

സർക്കാർ സംവിധാനങ്ങളിൽ നിന്നും തിരിച്ചടികൾ പ്രതീക്ഷിക്കണം. കേസുകളും വഴക്കുകളും ഉണ്ടാകാതെ ശ്രദ്ധിക്കണം. വീട്ടിൽ സ്വസ്‌ഥതയില്ലാത്ത അവസ്‌ഥയുണ്ടാകും. എല്ലാമുണ്ടായിട്ടും ഹൃദയവേദന അനുഭവിക്കുന്ന സ്‌ഥിതി ഉടലെടുക്കും. വഴിയേ പോകുന്ന സകല അപവാദങ്ങളും തങ്ങളിലേക്ക് വരുന്നതായി തോന്നിപ്പോകുന്ന അവസ്‌ഥയുണ്ടാകും. ബന്ധുക്കൾ ശത്രുക്കളായി മാറുന്നതായി തോന്നും. 2020 നവംബർ 20 മുതൽ കാലം പൊതുവെ നല്ലതായിരിക്കില്ല. ആകയാൽ കൃത്യമായ ദോഷപരിഹാരങ്ങൾ ചെയ്യേണ്ടതാണെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകമായി ഉപദേശിക്കുന്നു.

ഇവര്‍ ദോഷപരിഹാരമായി രാഹുവിന്റെ പ്രാര്‍ത്ഥനാമന്ത്രവും കേതുവിന്റെ ശാന്തിമന്ത്രവും ഭക്തിയോടെ ജപിക്കേണ്ടതാണ്.

രാഹുവിന്റെപ്രാര്‍ത്ഥനാമന്ത്രം:
————-
“മഹാശിരാ മഹാവക്ത്രോ ദീര്‍ഘദംഷ്ട്രോ മഹാബല:
അതനുശ്ചോര്‍ധ്വകേശശ്ച പീഡാം ഹരതു മേ തമ:”
കേതുവിന്‍റെ ശാന്തിമന്ത്രം:
————-
“ഓം കേതുംകൃണ്വന്നകേതവേ പേശോ മര്യാഅപേശസേ
സമുഷദ്ഭിരജായഥാ:

ബ്രഹ്മാ ദേവാനാം പദവീ: കവീനാമൃഷിര്‍വ്വിപ്രാണാം
മഹിഷോ മൃഗാണാം

ശ്യേനോ ഗൃധ്രാണാം സ്വധിതിര്‍വ്വനാനാം സോമ:
പവിത്രമത്യേതി രേഭന്‍

സ ചിത്ര ചിത്രം ചിതയന്തമസ്മേ ചിത്രക്ഷത്ര
ചിത്രതമം വയോധാം

ചന്ദ്രം രയിം പുരുവീരം ബൃഹന്തം ചന്ദ്ര
ചന്ദ്രാഭിര്‍ഗൃണതേ യുവസ്വ

അധിദേവതാ പ്രത്യധിദേവതാ സഹിതേഭ്യോ ഭഗവദ്ഭ്യോ
കേതുഭ്യോ നമ: അഗ്നയേ നമ:”

കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന് പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം):
————–
രോഗവും പ്രത്യേകിച്ച് പിതൃസ്‌ഥാനീയർക്ക് പ്രതികൂലമായ കാലവും ആയിരിക്കും. തൊഴിൽപരമായി അലച്ചിലും വലച്ചിലും ഉണ്ടാകും. വിവാഹകാര്യങ്ങൾ അനിയന്ത്രിതമായി നീങ്ങുന്നതായി തോന്നും. പോലീസ് കേസുകളോ കോടതി വ്യവഹാരമോ ഉണ്ടാകാതെ ശ്രദ്ധിക്കണം. സ്‌ഥാനമാനലാഭം, ധനലാഭം, സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷം, ശത്രുനാശം, ആശുപത്രിയിലെ ചികിത്സാവിജയം എന്നിവയുണ്ടാകും. കിട്ടാക്കടങ്ങൾ തിരികെ ലഭിക്കും. സഹോദരങ്ങൾക്ക് ഇത് ഉത്തമ കാലവും ആയിരിക്കും. വ്യാഴമാറ്റവും വരുന്നതോടെ കന്നിക്കൂറുകാർക്ക് ഏറ്റവും മഹത്തരമായ കാലം സംജാതമാകും.

ഇവര്‍ ദോഷപരിഹാരമായി സർപ്പദോഷശാന്തി മന്ത്രം ഭക്തിയോടെ ജപിക്കേണ്ടതാണ്.

സര്‍പ്പദോഷശാന്തി മന്ത്രം:
————–
“ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൌ
നിശായാം നിദ്രാണാം നിശി ചരമഭാഗേ ച വിശദൌ
വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൌ സമയിനാം
സരോജം ത്വത്പാദൌ ജനനി ജയതശ്ചിത്രമിഹ കിം”

തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന് പാദം):
————–
കഠിനമായ ദുഃഖങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ധനപരമായും കാലം അനുകൂലമല്ല,. രോഗവും ആശുപത്രിവാസവും ഉണ്ടാകാം. ആകെ പരിതാപകരമായ അവസ്‌ഥയിൽ എത്തുന്നതായി തോന്നുന്ന കാലമാണ്. ധനനാശം, പങ്കാളിയുമായുള്ള പിണക്കവും അകൽച്ചയും, ശത്രുവർദ്ധന, സർക്കാരിൽ നിന്നുള്ള തിരിച്ചടികൾ, അഗ്നിമൂലമുള്ള ദോഷങ്ങൾ എന്നിവ ഫലത്തിൽ വരും. കുടുംബത്ത് ഒരാൾക്ക് വിദേശയാത്രയും അതുവഴി മെച്ചവുമുണ്ടാകും. സ്വന്തം കാര്യങ്ങളിൽ തടസ്സം സംഭവിക്കും. കാലിൽ എന്തെങ്കിലും രോഗാദിക്ലേശങ്ങൾക്ക് സാദ്ധ്യത. ധനപരമായ തടസ്സങ്ങൾ നീങ്ങാൻ ലക്ഷ്മീവിനായകമന്ത്രം എല്ലാ ദിവസവും പ്രഭാതത്തിലും സന്ധ്യക്കും 108 വീതം ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം ആയിരിക്കും. മന്ത്രജപത്തിന് മുമ്പായി ലക്ഷ്മീവിനായകധ്യാനം ഒരുപ്രാവശ്യം ജപിക്കണം.

ലക്ഷ്മീവിനായക ധ്യാനം:
————-
“ബിഭ്രാണ: ശുകബീജപൂരകമിലന്മാണിക്യകുംഭാങ്കുശാന്‍
പാശം കല്പലതാം ച ഖഡ്ഗവിലാസജ്ജ്യോതി: സുധാനിര്‍ഝര:
ശ്യാമേനാത്ത സരോരുഹേണ സഹിതം ദേവീദ്വയം ചാന്തികേ
ഗൗരാംഗോവരദാനഹസ്തസഹിതോ ലക്ഷ്മീഗണോശോഅവതാത്”

ലക്ഷ്മീവിനായകമന്ത്രം:

ഓം ശ്രീം ഗം സൗമ്യായ ഗണപതയെ
വരവരദ സർവ്വജനം മേ വശമാനയ സ്വാഹാ.

രാഹു-കേതു മന്ത്രങ്ങള്‍ ഭക്തിയോടെ ജപിക്കുന്നതും ശ്രേയസ്‌ക്കരമായിരിക്കും. മന്ത്രങ്ങൾ ഇവിടെ ലഭിക്കും: https://uthara.in/manthram/

വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട):
————–
വിദേശയാത്രയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങും. ധാരാളം പണം ചെലവാകും. ജീവിത പങ്കാളിക്ക് രോഗാദിക്ലേശങ്ങൾ വരും. അന്യദേശസഞ്ചാരം, രോഗാദിക്ലേശം, വിഷം-അഗ്നി മുതലായവയിൽ നിന്നുള്ള ദോഷങ്ങൾ, സ്വജനവിരഹം. സഹായം നൽകുന്നത് വളരെ ശ്രദ്ധയോടെ ആയിരിക്കണം. ഇല്ലെങ്കിൽ വാങ്ങുന്നവർ ശത്രുക്കളായി മാറാൻ സാദ്ധ്യതയുണ്ട്. ഇഷ്ടങ്ങൾ, അനിയന്ത്രിതമായ രീതിയിലേക്ക് പോകാതെ ശ്രദ്ധിക്കണം. കുടുംബത്ത് പലവിധമായ പ്രതികൂല സാഹചര്യങ്ങളും ഉടലെടുക്കും. എന്നിരിക്കിലും വിദ്യാഭ്യാസം തടസമില്ലാതെ നീങ്ങുകയും ചെയ്യും.

ഇവര്‍ രാഹു-കേതു സ്തോത്രം യഥാശക്തി ജപിക്കുന്നത് ഉത്തമം ആകുന്നു.

രാഹുസ്തോത്രം:
————
“അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം”

കേതുസ്തോത്രം:
———–
“പലാശപുഷ്പസംകാശം താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം”

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം):
————–
എല്ലാകാര്യങ്ങൾക്കും വിജയം, ശത്രുക്കൾ പരാജിതരാകും. കോടതി വ്യവഹാരങ്ങളിൽ വിജയം. വസ്തുവകകൾ വാങ്ങാൻ സാധിക്കും. എന്നിരിക്കിലും രക്തസംബന്ധം, ബ്ലീഡിങ് എന്നിവയാലുള്ള രോഗത്താൽ പ്രയാസവും നേരിടും. ധനനാശം, അപകടം, അഭിപ്രായങ്ങളിൽ ഭിന്നത. ഭവന നിർമ്മാണവുമായി മുന്നോട്ടുപോകും. സഹോദരങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിരവധിയായ സഹായങ്ങൾ ലഭിക്കും. പങ്കാളിയുമായി അഭിപ്രായഭിന്നത, തർക്കം എന്നിവയുണ്ടാകാതെ ശ്രദ്ധിക്കണം.

കേതുവിന്റെ ശാന്തിമന്ത്രം ജപിക്കുന്നത് അത്യുത്തമം ആയിരിക്കും.

കേതുവിന്‍റെ ശാന്തിമന്ത്രം:
————-
“ഓം കേതുംകൃണ്വന്നകേതവേ പേശോ മര്യാഅപേശസേ
സമുഷദ്ഭിരജായഥാ:

ബ്രഹ്മാ ദേവാനാം പദവീ: കവീനാമൃഷിര്‍വ്വിപ്രാണാം
മഹിഷോ മൃഗാണാം

ശ്യേനോ ഗൃധ്രാണാം സ്വധിതിര്‍വ്വനാനാം സോമ:
പവിത്രമത്യേതി രേഭന്‍

സ ചിത്ര ചിത്രം ചിതയന്തമസ്മേ ചിത്രക്ഷത്ര
ചിത്രതമം വയോധാം

ചന്ദ്രം രയിം പുരുവീരം ബൃഹന്തം ചന്ദ്ര
ചന്ദ്രാഭിര്‍ഗൃണതേ യുവസ്വ

അധിദേവതാ പ്രത്യധിദേവതാ സഹിതേഭ്യോ ഭഗവദ്ഭ്യോ
കേതുഭ്യോ നമ: അഗ്നയേ നമ:”

മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന്‍ പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം):
————–
സുഖക്കുറവ്, ധനനാശം, സന്താനങ്ങളെക്കൊണ്ടുള്ള ദുഃഖം, മാനസികമായി പൊതുവെ പ്രതികൂലമായ കാലം. സ്‌ഥാനമാനലാഭം, ശത്രുനാശം, എല്ലാ കാര്യങ്ങളും ചില തടസ്സങ്ങൾക്കുശേഷം അനുകൂലമായി വരുന്ന അവസ്‌ഥ, ചികിത്സാ വിജയം, രോഗശമനം. ജീവിതപങ്കാളിയുടെ രോഗത്തിൽ ആശങ്കയുണ്ടാകും. കുടുംബത്ത് അസ്വാരസ്യങ്ങൾ ഉടലെടുക്കാതെ ശ്രദ്ധിക്കണം. ആരോഗ്യപരമായ കാര്യങ്ങളിൽ രണ്ടുപേരും പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരും. സ്നേഹബന്ധങ്ങളുടെ പേരിൽ തർക്കമോ പിണക്കമോ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്.

പ്രഭാതങ്ങളില്‍ ചുവടെയുള്ള മന്ത്രം ഭക്തിയോടെ 9 ഉരു ജപിക്കുന്നത് ദാമ്പത്യസുഖമുണ്ടാക്കും.

“ഓം നമോ ഭഗവതേ രാമായ
രാമചന്ദ്രായ സൗമ്യായ
ശ്രീം നാരായണായ സീതായുക്തായ
ലക്ഷ്മണ സേവിതായ
ശ്രീ സൗഭാഗ്യരൂപാത്മനേ
ഹനുമത് സേവിതായ സത്യായ നമ:”

കൂടാതെ, രാഹുവിന്റെ ശാന്തിമന്ത്രവും ജപിക്കണം.

കുംഭക്കൂറ് (അവിട്ടം-അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി-ആദ്യ മൂന്ന്‍ പാദം):
————–
ഭാര്യാഭർതൃ ബന്ധങ്ങളിലെ വിള്ളൽ, ധനനഷ്ടം, സുഖഹാനി, മാതൃസ്‌ഥാനീയർക്കും വാഹനങ്ങൾക്കും ദോഷകരമായ അവസ്‌ഥ. കുടുംബകലഹം, തൊഴിൽതടസ്സം, ധനനാശം, ശത്രുക്കളുടെ വർദ്ധനവ്, അപമാനം. അപകടങ്ങൾക്ക് സാദ്ധ്യത വളരെ കൂടുതലാകയാൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

ഇവര്‍ ദോഷപരിഹാരമായി മൃത്യുഞ്ജയമന്ത്രം ഭക്തിയോടെ ജപിക്കേണ്ടതാകുന്നു.

മൃത്യുഞ്ജയമന്ത്രം:

ഓം ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവ്വാരുക മിവ ബന്ധനാൽ
മൃത്യോർമ്മുക്ഷീ യമാമൃതാത്.

മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി):
————–
ഉന്നതസ്‌ഥാനമാനം, ജോലിക്കാരൊക്കെ അനുകൂലമായി നിൽക്കുകയും പെരുമാറുകയും ചെയ്യുക, പുതിയ വസ്തുവകകൾ സ്വന്തമാക്കുക, പൊതുവെ ഉത്തമകാലം. പിതൃ സ്‌ഥാനീയരെക്കൊണ്ടുള്ള കഠിനമായ ദുഃഖം, തൊഴിൽതടസ്സം, ധനനാശം, ശരീരത്ത് മുറിവോ ചതവോ, ശത്രുശല്യം, മാനഹാനി എന്നിവയും സംഭവിക്കുന്നതാണ്. തൊഴിൽപരമായ കാര്യങ്ങൾ നവംബർ 20 മുതൽ ഉന്നത നിലയിലെത്തും.

കേതുവിന്റെ ശാന്തിമന്ത്രം ജപിക്കുന്നത് അത്യുത്തമം ആകുന്നു.

രാഹു-കേതു രാശിമാറ്റം, ഫലം, പരിഹാരം എന്നിവ സൂചനകള്‍ മാത്രമെന്ന് ചിന്തിച്ച് സധൈര്യം മുന്നേറാന്‍ നിങ്ങള്‍ക്ക് ദൈവാനുഗ്രഹം ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്,
________________
അനില്‍ വെളിച്ചപ്പാടന്‍
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
0476-296 6666, https://uthara.in/

Share this :
× Consult: Anil Velichappadan