പിതൃ ആവാഹനമെന്ന ചതിക്കുഴി

Share this :

മരണമെന്നത് ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെയും അതീവ ദുഃഖത്തിലാഴ്ത്തുന്ന സത്യമായ കാര്യമാണ്. മരണദോഷങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള പരിഹാരങ്ങൾ ചെയ്യുന്നതിന്റെ സാംഗത്യവും അതുതന്നെയാണ്. ശവദാഹം നടത്തിയതിന്റെ അടുത്ത മാസത്തിൽ വരുന്ന തിഥിയിലോ നക്ഷത്രത്തിലോ(മരിച്ച ദിവസത്തിലെ) ബാലികർമ്മങ്ങൾ വീട്ടിൽ അനുഷ്ഠിക്കാറുണ്ട്. ഓരോ സമുദായവും അനുസരിച്ച് ആചാരങ്ങളിൽ വ്യത്യാസമുണ്ടായിരിക്കും.

സാധാരണയായി ചെയ്തുവരുന്നത്, മരിച്ച വ്യക്തിയുടെ മകനോ, ചെറുമകനോ,ഉറ്റബന്ധുവോ 12 മാസമോ അല്ലെങ്കിൽ 18 മാസമോ ബാലികർമ്മം സ്വഭവനത്തിൽ ചെയ്യും. ചെയ്യും ജ്യോതിഷിയുടെ ഉപദേശപ്രകാരം ആവാഹനം നടത്തുകയും നിർദ്ദേശിക്കുന്ന ക്ഷേത്രത്തിൽ സമർപ്പിക്കുകയും ചെയ്യുന്ന രീതിയാണ്.

ഈ പറഞ്ഞിരിക്കുന്ന ആവാഹനകർമ്മത്തിന് മിക്ക കാർമ്മികളും അവരവരുടെ ഇഷ്ടപ്രകാരമാണ് ദക്ഷിണ സ്വീകരിക്കുന്നത്. ദക്ഷിണ ചോദിച്ചു വാങ്ങാത്ത അത്യപൂർവം കാർമ്മികളും ഉണ്ടെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തട്ടെ…. ചിലർ പൂവും പൂജാസാമഗ്രികളും ദക്ഷിണയും സഹിതം 20,000 രൂപ വാങ്ങും. മറ്റ് ചിലർ 30,000 , വേറെ ചിലർ 40,000 , മറ്റ് ചിലർ 50,000 . വീട്ടിൽ ഒരുക്കാനുള്ള കാര്യങ്ങളുടെ ചെലവ് വേറെയും വരും. പിതൃ ആവാഹനത്തിനുള്ള ചെലവുകൾ അങ്ങനെപോകുന്നു.

സ്വഭാവനത്തിൽ ഗണപതിഹോമം, മൃത്യുഞ്ജയഹോമം, ഭഗവതിസേവ, സുദർശനഹോമം എന്നിവ ചെയ്യുന്നത് അത്യുത്തമം തന്നെയാകുന്നു. ഇതിനൊക്കെയുള്ള ദക്ഷിണയുടെ കാര്യത്തിൽ യാതൊരുവിധ ഏകീകരണവുമില്ലെന്നതാണ് ഏറ്റവും ദുഃഖകരം.

ഇങ്ങനെ വളരെയധികം തുക ചെലവാക്കി ഗണപതിഹോമം, മൃത്യുഞ്ജയഹോമം, ഭഗവതിസേവ, സുദർശനഹോമം, ആവാഹനം, സായൂജ്യപൂജ എന്നിവ ചെയ്ത് ജ്യോതിഷി നിർദ്ദേശിക്കുന്ന ക്ഷേത്രത്തിൽ സമർപ്പിച്ച് ബലിയിട്ട്, തിലഹോമവും ചെയ്ത് മടങ്ങുന്നവർ വർഷാവർഷം ആ ക്ഷേത്രത്തിൽത്തന്നെ ബലികർമ്മം ചെയ്യണമെന്ന് നിർബന്ധവുമില്ല. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അതേ ക്ഷേത്രത്തിലെത്തി ബലികർമ്മങ്ങൾ അനുഷ്ഠിക്കാം. ഇല്ലെങ്കിൽ മറ്റ് ഏതൊരു ക്ഷേത്രത്തിലും ചെയ്യാവുന്നതാണ്.

ഇങ്ങനെ വർഷങ്ങളോളം അവരവരുടെ വിശ്വാസമനുസരിച്ച് ബാലികർമ്മങ്ങൾ ചെയ്തുവരുന്നവർ കുടുംബപരമായ കാര്യങ്ങൾ കവിടിപ്രശ്നത്തിലൂടെ അറിയാനായി ഒരു ജ്യോതിഷിയെ കാണാനായി ചെല്ലുമ്പോൾ, പിതൃ സംബന്ധമായ കാര്യങ്ങൾ തെളിഞ്ഞാൽ ഉത്തമനായ ഒരു ജ്യോതിഷി, പിതൃക്കളെ ആവാഹിച്ച് അതാത് ക്ഷേത്രങ്ങളിൽ സമർപ്പിച്ചതാണെന്ന് ബോദ്ധ്യപ്പെട്ടാൽ ആ പിതൃക്കൾക്കായി തിലഹോമം, ബലികർമ്മം പോലുള്ളവ ചെയ്ത് പ്രാർത്ഥിക്കാൻ നിർദ്ദേശിക്കും. അതാണ് ചെയ്യേണ്ടതും.

എന്നാൽ ചില ജ്യോതിഷികൾ അവരുടെ കൂട്ടാളികളായ കർമ്മികളെക്കൊണ്ട് പിതൃ-ആവാഹനം നടത്തിക്കുക എന്ന ലക്ഷ്യത്തിലോ, അല്ലെങ്കിൽ ക്ഷേത്രപൂജാരികളായ ചില ജ്യോതിഷികൾ അവർക്കുതന്നെ ഇത്രയും വലിയ ദക്ഷിണ ലഭിക്കുന്ന പൂജകൾ ചെയ്യുന്നതിനോ വേണ്ടി “പിതൃക്കൾ ഇരുന്നില്ല, അന്ന് ചെയ്ത കർമ്മങ്ങൾ ശരിയായില്ല, ഉടൻ വീണ്ടും കർമ്മങ്ങൾ ചെയ്യണം” എന്നൊക്കെ പറഞ്ഞ് ഭയപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സത്യസന്ധരായ വളരെയേറെ ജ്യോതിഷികളും കർമ്മികളും ഉണ്ടെന്നും പ്രത്യേകം പറഞ്ഞുകൊള്ളട്ടെ……

അങ്ങനെ പറയുന്ന ജ്യോതിഷിയോട്, ‘ഞങ്ങൾ മറ്റൊരു കർമ്മിയെ വിളിക്കാമെന്ന് പറഞ്ഞാലോ, അല്ലെങ്കിൽ ആ ജ്യോതിഷം നോക്കി പറഞ്ഞ പൂജാരിയോട് ‘മറ്റൊരു കർമ്മിയെ വിളിച്ച് ചെയ്യാമെന്ന് ‘ പറഞ്ഞാലോ അവരുടെ യഥാർത്ഥ മനോഗതി പുറത്തുവരും.

ജ്യോതിഷവും പൂജയും രണ്ടും രണ്ട് വിഷയങ്ങളാണ്. ക്ഷേത്രത്തിലെ പൂജാരിമാർ ജ്യോതിഷികൾ ആകണമെന്നില്ല. അതുപോലെ ജ്യോതിഷികൾ പൂജാദികർമ്മങ്ങൾ ചെയ്യാനും കഴിവുള്ളവർ ആകണമെന്നില്ല.

പിതൃ-ആവാഹനമൊക്കെ ചെയ്യാനായി പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കുന്നവർ ഇതൊന്ന് വായിച്ചു നോക്കൂ…

തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിൽ നിങ്ങൾ (മരിച്ചവരെ അവിടെ സമർപ്പിക്കാനുള്ളവർ അഥവാ ബാലികർമ്മം ചെയ്യാൻ അർഹതയുള്ളവർ) അതിപുലർച്ചെ എത്തുക. ഒരു ദിവസമെങ്കിലും വ്രതം നിൽക്കുന്നത് അത്യുത്തമം. മരിച്ചവർക്കായി പക്കബലി യഥാവിധി ചെയ്തവരാണ് ഇത് ചെയ്യേണ്ടത്(സമുദായം അനുസരിച്ച് പക്കബലിയിൽ വ്യത്യാസങ്ങൾ ഉണ്ടാകാം). അവിടെ ക്ഷേത്രം മേൽശാന്തി, കീഴ്‌ശാന്തിമാർ എന്നിവരോട് ആരോടെങ്കിലും നിങ്ങൾ എന്തിന് അവിടെയെത്തി എന്ന് പറയുക. അപ്പോൾ അവർ ‘എത്ര പേരാണ് ബലിയിടുന്നത്?’ എന്ന് ചോദിക്കും. അതനുസരിച്ച് അവർ ഒരു ലിസ്റ്റ് തരും. ഏകദേശം 850 രൂപയോളം ചെലവുവരുന്ന സാധനങ്ങൾ പുറത്തെ കടയിൽ നിന്നും നിങ്ങൾക്ക് ലഭിക്കും.

പിതൃ-ആവാഹനത്തിനുള്ളതും, പ്രതിമാസമർപ്പണത്തിനും, തിലഹോമത്തിനും രസീത് എഴുതിക്കണം. ഇവയൊക്കെയുമായി ക്ഷേത്രത്തിനുള്ളിൽ കയറി മേൽശാന്തിയോട് വിവരം പറഞ്ഞ് രസീത് കാണിക്കുക. അവർ നിർദ്ദേശിക്കുന്ന സ്ഥലത്ത് കാത്തുനിൽക്കുക.

ഒരു തോർത്ത് ആവശ്യമെങ്കിൽ കരുതാം. ക്ഷേത്രമേൽശാന്തി വളരെ കൃത്യമായി, വ്യക്തമായി പറഞ്ഞുതരുന്ന പിതൃ-ആവാഹന മന്ത്രങ്ങൾ നിങ്ങളെക്കൊണ്ട് ഏറ്റുചൊല്ലിക്കും. അതായത്, നിങ്ങളാണ് അവിടെ സകലതും ചെയ്യുന്നത്. മരിച്ച വ്യക്തിയുടെ മരണം നടന്ന സമയത്തെ നക്ഷത്രം അറിയില്ലെങ്കിൽ തിരുവോണം നക്ഷത്രത്തിൽ ഇവ ചെയ്തുകൊള്ളണം. അതും മേൽശാന്തി നിർദ്ദേശിക്കുന്നതായിരിക്കും.

പിതൃകർമ്മങ്ങൾ നിങ്ങൾ ചെയ്തത്, ആവാഹനം നിങ്ങൾ ചെയ്ത്, നിങ്ങൾ ബലി തൂകി, ക്ഷേത്രത്തിന് മുന്നിലെ 9 ബലിക്കല്ലിലും ബലി തൂകി, പുഴയിൽ കൈകാൽ കഴുകി, ക്ഷേത്രത്തിൽ വീണ്ടും കയറി പ്രതിമ സമർപ്പിച്ച് തിലഹോമം ചെയ്ത്, ഉപക്ഷേത്രങ്ങളിൽ എല്ലാം പ്രാർത്ഥിച്ച്, കർമ്മം ചെയ്യിച്ച മേൽശാന്തിക്ക് ദക്ഷിണയും നൽകി മടങ്ങാം.

ഞങ്ങളുടെ അനുഭവത്തിൽ പറയുകയാണ്, തിരുവല്ലം ശ്രീ പരശുരാമസ്വാമിക്ഷേത്രത്തിൽ പിതൃ-ആവാഹനകർമ്മം നടത്തുമ്പോൾ ലഭിക്കുന്ന ഒരു സംതൃപ്തി വർണ്ണനാതീതമാണ്………. ദക്ഷിണയുടെ പുറകെ പോകാത്ത ഒരു കൂട്ടം ശാന്തിമാർ, സഹായികൾ, മറ്റ് ക്ഷേത്രം ജീവനക്കാർ…….. അങ്ങനെ നിങ്ങളുടെ മനസ്സിനെ സംതൃപ്തനാക്കുന്ന അന്തരീക്ഷം നിങ്ങൾക്ക് അവിടെ നിന്നും ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തിരുനെല്ലി ക്ഷേത്രത്തിലും ഇതേ അനുഭവമാണെന്ന് അനുഭവസ്ഥർ പറഞ്ഞിട്ടുണ്ട്.

പിതൃ-ആവാഹനത്തിനായി പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കാനായി കാത്തിരിക്കുന്നവർ ഈ ക്ഷേത്രത്തിൽ ഇങ്ങനെയൊരു സംവിധാനം ഉള്ളതായി അറിഞ്ഞുകൊള്ളുക. വലിയ കർമ്മങ്ങൾ വീടുകളിൽ ചെയ്ത് നിങ്ങളുടെ സമ്പാദ്യം മുഴുവനും എന്തിനാണ് വെറുതെ കളയുന്നത്? ആയിരം രൂപയ്ക്ക് ചെയ്ത് പൂർത്തിയാക്കാവുന്ന കർമ്മത്തിനായി വെറുതെ ചെലവാക്കേണ്ടതുണ്ടോയെന്ന് ആലോചിക്കുമല്ലോ….

ഇങ്ങനെ തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിൽ പോയി കർമ്മം ചെയ്ത് പിതൃ-ആവാഹനവും സമർപ്പണവും നടത്തിയ കുടുംബക്കാർക്ക് ദോഷങ്ങൾ സംഭവിച്ചതായി ഇന്നുവരെയും ഞങ്ങൾക്ക് അറിവില്ല എന്നുകൂടി ഇവിടെ രേഖപ്പെടുത്തട്ടെ……..

ശ്രാദ്ധം (മരണാനന്തര കർമ്മം):

മരണമടഞ്ഞ ദിവസത്തെ നക്ഷത്രമോ തിഥിയോ അനുസരിച്ച് ശ്രാദ്ധം ആചരിക്കുന്നു. ചില ദേശങ്ങളിൽ മരിച്ച നക്ഷത്രത്തിലും മറ്റ് ചില ദേശങ്ങളിൽ മരണം നടന്ന തിഥിയിലും ശ്രാദ്ധം ആചരിക്കുന്നു. രണ്ടിലും തെറ്റില്ല.

നക്ഷത്രമായാലും തിഥിയായാലും സൂര്യാസ്തമയത്തിന്റെ ആറുനാഴിക മുമ്പ് മുതൽ അതുണ്ടായിരിക്കണം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ നക്ഷത്രത്തിന്റെയോ തിഥിയുടെയോ പത്തിലൊരു ഭാഗം അസ്തമയത്തിന് മുമ്പ് ഉണ്ടാകണം. അങ്ങനെ ഇല്ലെങ്കിൽ ശ്രാദ്ധം അടുത്ത ദിവസത്തേയ്ക്ക് മാറ്റണം. പ്രസ്തുത രണ്ടുദിവസങ്ങളിലും അസ്തമയത്തിന് ആറുനാഴിക മുമ്പ് മുതലുള്ള നക്ഷത്രമോ തിഥിയോ വരാത്ത അത്യപൂർവ്വ സാഹചര്യം വന്നാൽ ആദ്യത്തെ ദിവസം ശ്രാദ്ധം ആചരിക്കണം. ശ്രാദ്ധം ആചരിക്കുന്നതിന് മറ്റ് അനുകൂലഘടകങ്ങളൊന്നും (ശ്രാദ്ധ നക്ഷത്രമോ തിഥിയോ മറ്റോ) നോക്കേണ്ടതില്ല.

പിറന്നാളിന് ഉദയം കണക്കാക്കുന്നു. ശ്രാദ്ധത്തിന് അസ്തമയം കണക്കാക്കുന്നു. ശ്രാദ്ധം ആചരിക്കേണ്ട മാസത്തിൽ രണ്ട് തവണ നക്ഷത്രം വന്നാൽ(നക്ഷത്രമാണ് ആചരിക്കുന്നതെങ്കിൽ) ആദ്യത്തെ നക്ഷത്രം എടുക്കണം. എന്നാൽ പിറന്നാളിന് രണ്ടാമത്തേതും എടുക്കണം.

Share this :
× Consult: Anil Velichappadan