Share this :

തിരുവോണം – നാൾ വഴികൾ:

“കേരളത്തെ ഉദ്ധരിച്ച ഹേ ഭൃഗുവംശപതേ…” എന്ന് ശ്രീമദ് നാരായണീയത്തിൽ എഴുതപ്പെട്ടിരിക്കുന്നത് പലരും പലതായി പറഞ്ഞതുകൊണ്ടാകാം ചിലർക്കെങ്കിലും “വാമനൻ വാണ കാലവും കഴിഞ്ഞുവന്ന പരശുരാമൻ എങ്ങനെ കേരളം സൃഷ്ടിച്ചു” എന്ന്!! കേരളത്തെ ഉയർത്തെഴുന്നേല്പിച്ച ഹേ ഭൃഗുവംശപതേ എന്നതിന്റെ അർത്ഥം കേരളത്തെ സൃഷ്ടിച്ചു എന്നാണോ എന്ന് ഗ്രഹിച്ചാൽ അവസാനിക്കുന്ന സംശയം മാത്രമാണിത്.

ഇനി തിരുവോണത്തിന്റെ നാൾവഴികൾ ഒന്ന് പരതി നോക്കാം.

തിരുവോണത്തെക്കുറിച്ച് കൂടുതലായി വിശദീകരിക്കേണ്ടതില്ലെന്നറിയാം. എങ്കിലും ചില അറിവുകള്‍ പങ്കുവെക്കുകയാണ്.
നമ്മള്‍ പൊതുവെ ‘പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണനാളിൽ….’ എന്നൊക്കെ പറയാറുണ്ടല്ലോ.

എന്തുകൊണ്ടാണ് ‘പൊന്നിന്‍ ചിങ്ങം’ എന്ന് പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

തമിഴ്‌നാട്ടില്‍ ആദ്യകാലങ്ങളില്‍ ഓണാഘോഷം ക്ഷേത്രങ്ങളില്‍ നടത്തിയിരുന്നുവെന്ന് സംഘകാല കൃതിയായ
‘മധുരൈകാഞ്ചി’യില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവിടെ ”ഇന്ദ്രവിഴ” എന്നത് വിളവെടുപ്പ് ഉത്സവവും, ഇവിടെ ”ഓണം” എന്നത് വ്യാപാരവുമായി ബന്ധപ്പെട്ടതുമായിരുന്നു എന്ന് അനുമാനിക്കാം.

ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പെരിയാൾവാർ എന്ന വിദ്വാന്റെ ”തിരുമൊഴി” എന്ന ഗ്രന്ഥത്തിലും അതിനും വളരെക്കാലം മുമ്പ് ബി.സി. രണ്ടാം ശതകത്തില്‍ മാങ്കുടി ‘മരുതനാര്‍’ എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാനമായിരുന്ന മധുരയിലും ഓണം ആഘോഷിച്ചിരുന്നതായി ‘മധുരൈകാഞ്ചി’യിലും പറഞ്ഞിട്ടുണ്ട്.

ആറാംനൂറ്റാണ്ടില്‍ ഇവിടെ ഓണാഘോഷം നടന്നിരുന്നുവെന്ന് കേരളചരിത്ര കര്‍ത്താവ് ശ്രീ കൃഷ്ണപിഷാരടിയും എഴുതിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ പതിനൊന്നാംനൂറ്റാണ്ടില്‍ ഇവിടെ ഓണാഘോഷം ഉണ്ടായിരുന്നതായി വളരെയേറെ ഭാഗങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ‘അല്‍ബി റൂണി’യും ‘അല്‍ ഇദ്രീസി’യും പറഞ്ഞിട്ടുള്ളതും സത്യം തന്നെയാണല്ലോ.

അതിനും വളരെക്കാലം കഴിഞ്ഞ് പതിനാലാംനൂറ്റാണ്ടില്‍ രചിക്കപ്പെട്ടതും ഇന്നും രചയിതാവ് ആരെന്ന് തര്‍ക്കത്തിലുമുള്ള ‘ഉണ്ണിനീലിസന്ദേശ’ത്തിലും, അതിനും വളരെക്കാലം മുമ്പ് അഞ്ചാംനൂറ്റാണ്ടില്‍ എഴുതിയ ഉദുണ്ഡശാസ്ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി എഴിതിയിട്ടുണ്ട്.

ഉണ്ണിനീലിസന്ദേശത്തില്‍ ‘കടന്തേരി’ എന്ന പദ്യത്തില്‍ ”തോണിക്കൂട്ടം മുഴുകമുഴുകക്കൊണ്ടുചെന്‍ട്രങ്ങുനല്‍കി…” എന്ന് പറയുന്ന ഭാഗത്ത് കായംകുളത്തുനിന്നും വ്യാപാരം നടന്നിരുന്ന കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുമുണ്ട്.

എന്നാല്‍ കേരളത്തില്‍ ആദ്യമായി ഓണാഘോഷം നടന്നത് തൃക്കാക്കര തന്നെയാകുന്നു. അതുകൊണ്ടാണ് ഇന്നും ഓണാഘോഷങ്ങളുടെ തുടക്കം അവിടെത്തന്നെയായത്.

ചിങ്ങമാസം പൊതുവെ തെളിഞ്ഞ അന്തരീക്ഷവും വ്യാപാരങ്ങള്‍ക്ക് അത്യന്തം അനുയോജ്യവും പ്രകൃതിക്ഷോഭങ്ങള്‍ വളരെ കുറവുമുള്ള മാസവും ആയിരിക്കും. പണ്ടുകാലത്ത് വിദേശകപ്പലുകള്‍ വ്യാപാരത്തിനായി സ്വര്‍ണ്ണവുമായി ഇങ്ങോട്ടും, കറുത്തപൊന്നായ കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളുമായി അങ്ങോട്ടും വ്യാപാരം നടത്തിയിരുന്ന സുവര്‍ണ്ണകാലവും ഈ മാസത്തിലായിരുന്നു. അങ്ങനെയാണ് ”പൊന്നിന്‍ചിങ്ങമാസം” എന്ന പേര് വരാന്‍ കാരണമായത് എന്ന് പൊതുവെ അനുമാനിക്കുന്നു.

ചിങ്ങമാസത്തിലെ പൗര്‍ണ്ണമി (വെളുത്തവാവ്) നാളില്‍ യാനങ്ങള്‍ കടലില്‍ ഇറക്കുകയും അതിന് മുന്നോടിയായി നാളീകേരവും പഴങ്ങളും വരുണദേവന് കടലില്‍ എറിഞ്ഞ് സമര്‍പ്പിച്ചിരുന്നുവെന്നും അതുപോലെ പഴങ്ങളും പട്ടും മറ്റും നല്‍കി വിദേശവ്യാപാരികളെ സ്വീകരിച്ചിരുന്നുവെന്നും ”അകനാനൂറ്” എന്ന കൃതിയില്‍ പറഞ്ഞിരിക്കുന്നു.

എന്തുകൊണ്ട് തിരുവോണം നാളില്‍ ഈ ഓണാഘോഷം നടത്തുന്നു എന്നതിനെക്കുറിച്ച് പഠനം നടത്തിയ ചരിത്രകാരനായ ശ്രീ സോമന്‍ ഇലവംമൂട് സമര്‍ത്ഥിക്കുന്നത്, ഭഗവാന്‍ വിഷ്ണുവിന്റെ നക്ഷത്രം തിരുവോണം ആയതിലാകാം എന്നാണ്. മഹാബലിയുടെ അല്ലെങ്കില്‍ വാമനന്റെ നക്ഷത്രവും തിരുവോണം ആകാം. ശ്രാവണം എന്നത് സാവണം എന്നും പിന്നെ ഓണവും ആയി മാറിയതുമാകാം.

ശ്രോണായാം ശ്രവണ ദ്വാദശ്യാം
മുഹൂർത്തേ അഭിജിതിപ്രഭോ
സർവ്വേ നക്ഷത്ര താരാദ്യാഃ
ചക്രു തജ്ജന്മ ദക്ഷിണം

(ശ്രീമദ് ഭാഗവതം – അഷ്ടമസ്കന്ദം. ഇതിൻപ്രകാരം ശ്രീ സോമൻ ഇലവുംമൂട് പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് മനസ്സിലാകും)

ബ്രഹ്മദേവന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപരാജാവിന് ദിതി എന്ന ഭാര്യയിൽ ജനിച്ചവരാണ് അസുരന്മാർ. നിരവധി സന്തതികൾ ജനിച്ചെങ്കിലും അവരിൽ ഹിരണ്യാക്ഷൻ ഹിരണ്യകശ്യപു ശൂരപത്മാവ്, സിംഹവക്ത്രൻ, താരകാസുരൻ, ഗോമുഖൻ തുടങ്ങിയവർ കുപ്രസിദ്ധരായി. ഇതിൽ ഹിരണ്യകശ്യപുവിന് പ്രഹ്ലാദൻ, സാംഹ്രാദൻ, ഹ്രാദൻ, അനുഹ്രാദൻ എന്നീ പുത്രന്മാർ ജനിച്ചു. ഇതിൽ പ്രഹ്ലാദന് വിരോചനൻ എന്ന പുത്രനും വിരോചനന് മഹാബലി എന്ന പുത്രനും ജനിച്ചു.

അതായത്, കശ്യപന്റെ പുത്രനായ ഹിരണ്യകശ്യപുവിന്റെ പുത്രനായ പ്രഹ്ലാദന്റെ പുത്രനായ വിരോചനന്റെ പുത്രനാണ് മഹാബലി. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ ഹിരണ്യകശ്യപുവിന്റെ മകൻ പ്രഹ്ലാദന്റെ കൊച്ചുമകനാണ് മഹാബലി.

മഹാബലിയുമായി ബന്ധപ്പെട്ട നിരവധി കഥകൾ കേട്ടാണ് നമ്മൾ വളർന്നത്. എങ്കിലും യുദ്ധവീരനും രാജാവുമായിരുന്ന മഹാബലി കുടവയറൊക്കെയുള്ള ഒരാൾ ആയിരുന്നു എന്നൊന്നും പറയാൻ കഴിയില്ല.

മഹാബലിയെ നാടുകടത്താൻ വാമനൻ വരുന്ന വേളയിൽ അസുരഗുരുവായ ശുക്രാചാര്യർ “ഇവൻ തട്ടിപ്പുകാരനാണ്; ഇവന് സ്‌ഥലം നൽകരുത്” എന്ന് ഉപദേശിച്ചിട്ടും മഹാബലി ചെവിക്കൊണ്ടില്ല. ഗുരുവിന്റെ ഉപദേശം അനുസരിക്കാത്തവർക്ക് എന്ത് സംഭവിക്കുമെന്ന് പിന്നെ കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

അസത്യം എന്നതിനേക്കാള്‍ സത്യം എന്നും മുകളിലായിരിക്കും എന്ന തത്വം സകല മനുഷ്യരെയും മനസ്സിലാക്കിക്കൊടുക്കാനായി ആഘോഷിച്ചുതുടങ്ങിയ ഓണം മലയാളികള്‍ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. ജാതിയോ മതമോ നോക്കാതെ സധൈര്യം ഓണമാഘോഷിക്കുന്നത് മനുഷ്യന്റെ സമ്പത്തിന്റെ വലിപ്പവ്യത്യാസമില്ലായ്മയെ വലിച്ചെറിയാന്‍ സഹായിക്കും.

അപ്പോൾ ഓണം എന്നത് ഉത്സവങ്ങളുടെ കാലം തന്നെയാണ്. ധാർഷ്ട്യവും അഹങ്കാരവും കളഞ്ഞ് എങ്ങനെ നല്ലൊരു മനുഷ്യനായി ജീവിക്കാൻ സാധിക്കുമെന്ന് മഹാബലിയുടെ കഥകളിലൂടെ നമുക്ക് പഠിപ്പിച്ച് നല്കിക്കൊണ്ടേയിരിക്കുന്നു.

നിങ്ങളുടെ ഉത്സവങ്ങളെ ബഹുമാനത്തോടെ ആദരിക്കുന്ന നാനാ ജാതി മതസ്‌ഥരെയും നിങ്ങളും ബഹുമാനിക്കണം. നിങ്ങളുടെ ഉത്സവത്തിന് ആശംസകൾ പറയുന്നവരുടെ ഉത്സവത്തിന് നിങ്ങളും ആശംസകൾ ഉപചാരത്തോടുകൂടി പറയുകയും ചെയ്യണം. ബഹുമാനവും സ്നേഹവുമൊക്കെ ഒരു കൊടുക്കൽ-വാങ്ങൽ തന്നെയാണല്ലോ.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍….

Anil Velichappadan
Uthara Astro Research Center

Share this :
× Consult: Anil Velichappadan