ലോകപ്രശസ്തമായ “മണികെട്ടുംകോവിൽ”

Share this :

കൊല്ലം ജില്ലയിലെ എന്നല്ല, കേരളത്തിലെ എന്നുമല്ല ഇപ്പോൾ തെക്കേ ഇന്ത്യയിലെതന്നെ ഏറ്റവും പ്രശസ്തമായി മാറിയ കാട്ടിൽമേക്കതിൽ ദേവീക്ഷേത്രം തമിഴ്നാട്ടുകാർക്കും കന്നഡക്കാർക്കും ആന്ധ്രാക്കാർക്കും “മണികെട്ടുംകോവിൽ” എന്നുതന്നെയാണ്. കാട്ടിൽമേക്കതിൽ ദേവീക്ഷേത്രം എന്നതിനേക്കാൾ അവർക്ക് പറയാൻ ഏറ്റവും എളുപ്പം “മണികെട്ടുംകോവിൽ” എന്നതായിരിക്കാം അതിന്റെ കാരണം. പൂജിച്ച ചെറിയ മണി, അവിടെയുള്ള പേരാലിൽ കെട്ടി പ്രാർത്ഥിക്കുന്നതാണല്ലോ പ്രധാന വഴിപാട്….

14-02-2020 വെള്ളിയാഴ്ച കുംഭം ഒന്നാംതീയതി സന്ധ്യ കഴിഞ്ഞ് മണികെട്ടും കോവിലിൽ പോകാമെന്ന് തീരുമാനിച്ചത്, അപ്പോഴെങ്കിലും ഭക്തജനത്തിരക്ക് കുറയുമല്ലോ എന്ന് കരുതിയായിരുന്നു. എന്നാൽ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് അപ്പോഴും ഭക്തർക്ക് കായംകുളം കായൽ കടന്നുപോകാനുള്ള ജങ്കാർ നിറയെ ഭക്തജനങ്ങളായിരുന്നു. ജങ്കാർ ഇറങ്ങി കാൽ പുതയുന്ന, IRE എടുത്ത കറുത്തമണ്ണിന്റെ ബാക്കിയായ വെള്ളമണ്ണിലൂടെ ദേവീദർശനത്തിനായി നടക്കുമ്പോൾ ലഭിക്കുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

അന്ന് ദേവിയുടെ മുടിപ്പുര തുറന്ന്, പറയിടുന്ന ദിവസമായിരുന്നു. മണികെട്ടുംകോവിലിന്റെ എല്ലാ ശേഖരങ്ങളിലും ഉത്സവത്തിന് മുന്നോടിയായി ദേവി ദർശനം നടത്തുക പതിവാണ്. മൂലസ്‌ഥാനത്തേക്ക് കാൽകഴുകിച്ച് ആനയിച്ച്, പറയിട്ട് ആചാരം ആരംഭിക്കും. പിന്നെ IRE ഭക്തരായ ജീവനക്കാർ നൽകുന്ന പറ വഴിപാട് സ്വീകരിച്ച് കായൽ കടന്ന് ദേശങ്ങൾ താണ്ടി പുലർച്ചെ അഞ്ചുമണിയോടെ അതാത് ദേശത്തെ നിർദ്ദിഷ്ട ക്ഷേത്രത്തിൽ ദേവിയെ കുടിയിരുത്തും. വീണ്ടും അടുത്ത രാത്രിയിൽ അവിടെ നിന്നും യാത്ര. അങ്ങനെ കുംഭമാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച മണികെട്ടുംകോവിലിൽ തിരികെയെത്തി കൊടികയറാൻ ഒരുങ്ങും. അങ്ങനെ ഈ വർഷത്തെ ഉത്സവത്തിന് മണികെട്ടുംകോവിലിൽ തുടക്കമാകും.

ആലപ്പുഴ – കൊല്ലം ഹൈവേയിൽ (പഴയ NH47, ഇപ്പോൾ NH66) ചവറ KMML അഥവാ ടൈറ്റാനിയം ഫാക്ടറിയുടെ വടക്കേ മതിലിനോട് ചേർന്ന്, പന്മന മേജർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രഗോപുരത്തിനും കൂട്ടുകാരൻ കാർ വർക്ക്ഷോപ്പിനും തെക്കുഭാഗത്തുള്ള റോഡിലൂടെ പടിഞ്ഞാറോട്ട് (കൊല്ലത്തുനിന്നും വരുന്നവർക്ക് ഇടത്തോട്ടും, ആലപ്പുഴ നിന്നും വരുന്നവർക്ക് വലത്തോട്ടും) സഞ്ചരിച്ചാൽ മണികെട്ടുംകോവിലിൽ എത്താൻ സാധിക്കും. ഓരോ വളവിലും ബോർഡ്, സഹായത്തിന് ആളുകൾ എന്നിവയുള്ളത് ഏറ്റവും സഹായകരം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. ഹൈവേയിൽ നിന്നും തിരിയുമ്പോൾ വളരെ ശ്രദ്ധിക്കണം; ഇവിടെ ചെറിയ വളവും പൊതുവെ തിരക്കുമുള്ള ഭാഗവുമാകുന്നു.

ബസ്സുകൾ പാർക്ക് ചെയ്യാൻ പ്രത്യേക സ്‌ഥലം, കാറുകൾക്കും ബൈക്കുകൾക്കും പ്രത്യേക പാർക്കിങ് സ്‌ഥലം എന്നിവയെല്ലാം ക്ഷേത്ര കമ്മിറ്റിക്കാർ ഒരുക്കിയിട്ടുണ്ട്. പിന്നെ കായൽ കടന്ന് ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യാം.

ശ്രീകോവിലും അറബിക്കടലും തമ്മിൽ ഏകദേശം 10 മീറ്റർ മാത്രമേ അകലമുള്ളൂ എന്നറിയുമ്പോൾ നമ്മളെല്ലാം ഒരുനിമിഷം ദേവിയുടെ അത്ഭുതശക്തിയിൽ നമിച്ചുപോകും. സുനാമിയിലും IRE യുടെ കടുത്ത മണ്ണുവാരലിലും തകരാതെ കാലങ്ങളോളം ഈ ക്ഷേത്രത്തെ നിലനിർത്തുന്ന ആ ശക്തിചൈതന്യത്തെ നമുക്ക് അത്ഭുതത്തോടെയല്ലാതെ കാണാൻ കഴിയില്ല.

ക്ഷേത്രമേൽശാന്തി ശ്രീ വിനോദ് ശാന്തികൾ കരുനാഗപ്പള്ളി സ്വദേശിയാണ്. പൊതുവെ സൗമ്യനായ അദ്ദേഹം ഈ മണികെട്ടുംകോവിലിനെ ലോകപ്രശസ്തിയിലേക്ക് നയിച്ചതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയുമാണ്. ഈ പ്രദേശങ്ങളിലെ മിക്ക ക്ഷേത്രങ്ങളിലെയും മേൽശാന്തിമാർ ആഴ്ചയിൽ മിക്ക ദിവസങ്ങളിലും അവധിയെടുത്ത് കീഴ്ശാന്തിമാരെ ക്ഷേത്രം ഏല്പിച്ച് പല വീടുകളിലും സ്‌ഥലങ്ങളിലും പൂജയും ഹോമവും ചെയ്യാൻ പോകുമ്പോൾ ഇവിടുത്തെ മേൽശാന്തി ഇവിടെത്തന്നെയുണ്ടാകുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ചൈതന്യത്തിന് മകുടോദാഹരണം. ഒരു ക്ഷേത്രം ഉയർന്ന് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തണമെങ്കിൽ മേൽശാന്തി സാത്വികനും അർപ്പണമനോഭാവമുള്ളവനും ക്ഷേത്രത്തോടും മൂർത്തിയോടും ആത്മബന്ധമുള്ളവനുമായിരിക്കണമെന്ന് സാരം.

ലോകപ്രശസ്തമായി മാറിക്കൊണ്ടിരിക്കുന്ന മണികെട്ടുംകോവിൽ ക്ഷേത്ര ഭാരവാഹികൾക്കും ശാന്തിക്കാർക്കും സർവ്വോപരി ദേവീഭക്തർക്കും ഞങ്ങളുടെ വിനീതമായ കൂപ്പുകൈ…. ഒപ്പം ക്ഷേത്രവികസനം മാത്രമല്ലാതെ, ജനോപകാരപ്രദമായ പല സംരംഭങ്ങളും ആരംഭിക്കാനുള്ള തീരുമാനം നിങ്ങൾക്കുണ്ടാകട്ടെയെന്നും പ്രാർത്ഥിക്കുന്നു….


അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
www.uthara.in

Share this :
× Consult: Anil Velichappadan