കർമ്മഭാവാധിപനും നിങ്ങളുടെ തൊഴിൽ ഭാഗ്യവും

Share this :

ജാതകത്തിലെ പത്താം ഭാവമെന്നത് കർമ്മഭാവമാണ്. ഈ ഭാവം കൊണ്ട് ധനപ്രാപ്തി, ജലം, ആജ്ഞ, വിജ്ഞാനം, അന്തസ്സ്, തൊഴിൽ, സൽക്കീർത്തി, ബഹുമാനം, മേധാവിത്വം, കർമ്മകുശലത എന്നീ കാര്യങ്ങൾ ചിന്തിക്കണം. പത്താം ഭാവത്തിലെ കരകന്മാർ സൂര്യനും, ശനിയും, ബുധനുമാണ്. കരകഗ്രഹങ്ങളിലൊന്ന് പത്താം ഭാവത്തിൽ നിന്നാൽ തീർച്ചയായും തൊഴിലിൽ ഉന്നതിയിലെത്തുന്നതാണ്.

പത്താം ഭാവാധിപൻ്റെ ദശയിൽ വിദ്യാഭ്യാസവും പ്രായവും അനുകൂലമാണെങ്കിൽ സർക്കാർ ജോലിയോ, അതിനുതക്കതായ തൊഴിലോ ലഭിക്കുന്നതാണ്. അനിഷ്ടഭാവങ്ങൾ ഒഴിച്ചാൽ മറ്റെല്ലാ ഭാവങ്ങളിൽ നിൽക്കുന്ന പത്താം ഭാവാധിപൻ്റെ ദശ പൊതുവേ അനുകൂലം തന്നെയായിരിക്കും. പ്രതികൂലമാണെങ്കിൽ ആവശ്യമായ യഥാർത്ഥ പരിഹാര കർമ്മങ്ങൾ ചെയ്ത് തൊഴിലിൽ ഉന്നതിയിൽ എത്താനും കഴിയുന്നതാണ്.

പത്താം ഭാവാധിപൻറെ ദശയിൽ പാപന്മാരുടെ അപഹാരത്തിൽ ആപത്ത്, സ്ഥാനഭ്രംശം, തൊഴിൽ തടസ്സം, അപമാനം, നാശം എന്നിവ സംഭവിക്കാൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ പത്താം ഭാവാധിപൻ ബലവാനായി പത്താം ഭാവത്തിലോ, ഇഷ്ടഭാവത്തിലോ നിന്നാൽ അവൻ്റെ ദശാകാലത്ത് നല്ല നേരം നോക്കി ആരംഭിക്കുന്ന എന്തും പരിപൂർണ്ണമായും വിജയം വരിക്കും. ഉന്നത തൊഴിൽഭാഗ്യം, പ്രമോഷൻ എന്നിവയും ലഭിക്കുന്നതാണ്.

പത്താം ഭാവാധിപതി ലഗ്നത്തിലും ലഗ്നാധിപൻ പത്തിലും പരിവർത്തനം ചെയ്ത് നിൽക്കുന്നത് രാജതുല്യ പദവിയുടെ ലക്ഷണമാണ്.

പത്താം ഭാവാധിപതിയും ലഗ്നാധിപതിയും ഒന്നിച്ചോ അല്ലെങ്കിൽ ഒരാളായോ പത്താംഭാവത്തിൽ നിന്നാൽ ജാതകൻ സ്വയാർജ്ജിത ധനം കൊണ്ട് സത്പ്രവർത്തികൾ ചെയ്യുന്നവനും കീർത്തിമാനുമായും ഭവിക്കും.

ചന്ദ്രാൽ പത്താം ഭാവത്തിൽ എന്തെങ്കിലും ഒരു ശുഭഗ്രഹം ബലവാനായി ഉച്ചമോ, സ്വക്ഷേത്രമോ പ്രാപിച്ചു നിന്നാൽ ജാതകൻ ചെയ്യുന്ന തൊഴിലിൽ അത്യുന്നതിയിൽ എത്തുന്നവനാകും. ഈ ഗ്രഹത്തോടൊപ്പം വ്യാഴയോഗമോ വ്യാഴദൃഷ്ടിയോ വന്നാൽ ചെയ്ത് തുടങ്ങുന്നത് ഏറ്റവും ചെറിയ തൊഴിലായാൽ പോലും അവൻ പടിപടിയായി ഉയർന്ന് ഏറ്റവും ഉയർന്ന പദവിയിൽ എത്തുന്നതാണ്.

പത്താം ഭാവാധിപൻ നീചത്തിലോ, ശത്രുക്ഷേത്രത്തിലോ നിന്നാൽ തൊഴിലിൽ ഉന്നതി പറയാനാകില്ല. ഒരു പക്ഷേ, തക്ക പ്രതിഫലം കിട്ടിയെന്നും വരില്ല. പത്താംഭാവത്തിലെ ശുഭഗ്രഹത്തോടൊപ്പം ഒരു ഭാവഗ്രഹം നിന്നാലോ, അല്ലെങ്കിൽ പത്തിൽ ഒരു പാപഗ്രഹം മാത്രം നിൽക്കുകയും അതിനെ മറ്റൊരു ശുഭഗ്രഹം നോക്കുകയും ചെയ്താലോ ഡോക്ടറോ, ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം ഉള്ളവരായും ഭവിക്കും.

പത്താംഭാവത്തിൽ പാപഗ്രഹം മാത്രമാണെങ്കിൽ ജാതകൻ മാനമോ, നാണമോ ഇല്ലാതെ ജീവിക്കുന്നവനാകും. ഓർക്കേണ്ടതായ ഒരു കാര്യം, ഇത് പ്രസ്തുത പാപഗ്രഹത്തിൻ്റെ ആധിപത്യമുള്ള ക്ഷേത്രമാണെങ്കിൽ ദോഷമായിരിക്കില്ല സംഭവിക്കുന്നത്. മറിച്ച്, ഈ ഗ്രഹസ്ഥിതിയാൽ ജാതകൻ ഏറ്റവും ശ്രേഷ്ഠനായി മാറുന്നതാണ്.

പത്താം ഭാവാധിപൻ ഉച്ചനാണെങ്കിൽതന്നെ ആ ക്ഷേത്രം ലഗ്നാൽ 6,8,12 എന്നീ അനിഷ്ടരാശികളിലൊന്നായാൽ തൊഴിലിൽ ഉന്നതി പ്രതീക്ഷിക്കാതിരിക്കുന്നതായിരിക്കും നല്ലത്‌. തൊഴിൽ തടസ്സങ്ങൾ സംഭവ്യമാണ്.

പത്താം ഭാവാധിപൻ ബുധനാവുകയും ആ ബുധൻ പത്തിൽത്തന്നെ സ്വക്ഷേത്ര സ്ഥിതനായി നിൽക്കുകയും അല്ലെങ്കിൽ ആ ബുധൻ ശുക്രക്ഷേത്രത്തിൽ അംശിക്കുകയും ഏതെങ്കിലും ഒരു ശുഭഗ്രഹത്താൽ ദൃഷ്ടി ചെയ്യപ്പെടുകയും ചെയ്താൽ ജാതകൻ ബഹുമാനം ലഭിക്കുന്ന തൊഴിലിൽ ഏർപ്പെടും. അദ്ധ്യാപകരാകാൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ ബുധൻ പാപനായോ മൗഢ്യവാനായോ നിന്നാൽ തീർച്ചയായും പരിഹാരങ്ങൾ ചെയ്യുകയും വേണം. പത്താം ഭാവാധിപനോ, ബലവാനായ ബുധനോ ഭാഗ്യസ്ഥാനമായ ഒമ്പതിൽ നിന്നാൽ തൊഴിൽ വഴി ജാതകൻ ഉന്നതിയിലെത്തും.

പത്താം ഭാവാധിപൻ വ്യാഴമാവുകയും ആ വ്യാഴം ബലവാനായി അവിടെ സ്ഥിതിചെയ്ത് വരുകയും ചെയ്താൽ ജാതകൻ മഹാഭാഗ്യവാനാകുന്നതാണ്.

പത്താം ഭാവാധിപൻ ഉച്ചത്തിൽ ആയിരിക്കണം, പത്താം ഭാവത്തിൽ പത്താം ഭാവാധിപനോ മറ്റ് ഏതെങ്കിലും ഒരു ഗ്രഹമോ ഉച്ചനായി നിൽക്കണം. ഇത് രണ്ടിനും പുറമേ ,മൂന്നാമതൊരു ഗ്രഹം കൂടി ഉച്ചനായി വരണം. അതായത്, മൂന്ന് ഗ്രഹങ്ങൾ ഉച്ചത്തിൽ. പത്താം ഭാവാധിപനും ഉച്ചത്തിൽ. ആ പത്താം ഭാവം ഇതിലൊരു ഗൃഹത്തിന്റെ ഉച്ചക്ഷേത്രവും അവിടെ ഇതിലേതെങ്കിലുമൊരു ഗ്രഹം നിൽക്കുകയും വേണം. ലഗ്നാധിപൻ അനിഷ്ടഭാവമായ പന്ത്രണ്ടിലും വരണം. എന്നാൽ ജാതകൻ നാടുനീളെ അലഞ്ഞു നടക്കുന്ന ഒരു സന്യാസിയാകും.

പത്താം ഭാവത്തിൽ നാലുഗ്രഹങ്ങളോ അതിൽ കൂടുതലോ നിന്നാൽ ജാതകൻ സന്യാസ ജീവിതത്തിലേക്ക് തിരിയുന്നതാണ്. പ്രസ്തുത ഗ്രഹങ്ങൾ ബലവാന്മാരാണെങ്കിൽ പോലും ദോഷമായിരിക്കും സംഭവിക്കുക. ഒരു രാശിയിൽ ഗ്രഹങ്ങൾ കൂടുന്തോറും ഫലദാനശക്തി കുറയുകയാണ് സംഭവിക്കുക. ചുരുക്കിപ്പറഞ്ഞാൽ, ബലവാനായ സൂര്യനോ, ശനിയോ, ചൊവ്വയോ, ബുധനോ എന്നിവയിലൊരു ഗ്രഹാം പത്തിൽ നിന്നാൽ അവൻ ഉത്തമനായൊരു സർക്കാർ ജോലിക്കാരനാകും. അല്ലെങ്കിൽ തത്തുല്യ സ്ഥിതിവരും. എന്നാൽ ഒരു ഗ്രഹത്തിന് പകരം അവിടെ സൂര്യനും, ശനിയും നിന്നാൽ അവൻ സമൂഹത്തിൽ അപമാനിതനും അപഹാസ്യനുമായിത്തീരും. ജോലി ഇടത്തരവുമായിരിക്കും.

പത്താം ഭാവത്തിൽ പാപഗ്രഹവും പത്താംഭാവാധിപൻ പാപയോഗത്തോടെ 6,8,12 എന്നീ ഭാവത്തിലും നിന്നാൽ ജാതകൻ വെറും തന്നിഷ്ടക്കാരനായി ഭവിക്കും. ആരും പറയുന്നത് മുഖവിലക്കെടുക്കില്ല.

ആറാം ഭാവാധിപൻ പത്തിൽ വരണം. പത്താം ഭാവാധിപൻ ശനിയോഗം ചെയ്ത് 1,4,5,7,9,10 എന്നീ ഭാവങ്ങളിലൊന്ന് സ്ഥിതിയും വരണം. എങ്കിൽ ജാതകൻ വളരെ തൊഴിലാളികളുള്ള ഒരു മേധാവിയോ, മുതലാളിയോ ആകുന്നതാണ്.

പത്താം ഭാവാധിപൻ ബലഹീനനായ ഗ്രഹത്തിന്റെ ക്ഷേത്രത്തിൽ നിന്നാൽ ജാതകന്റെ തൊഴിൽ ശുദ്ധിപൂർവ്വമായിരിക്കില്ല. മിക്കപ്പോഴും തിരിച്ചടി കിട്ടുകയും ചെയ്യും.

പത്താം ഭാവാധിപന്റെ രണ്ടിലും, പന്ത്രണ്ടിലുമായി(ഇരുവശവും) രണ്ടാം ഭാവാധിപനും ഏഴാം ഭാവാധിപനും നിന്നാൽ ജാതകന് ലൈംഗിക ചിന്ത കൂടുതലായി ഉണ്ടായിരിക്കും.

പത്താം ഭാവാധിപൻ വ്യാഴമായിരിക്കുകയും വ്യാഴം ശനിയോഗത്തോടെ 1,4,5,7,9,10 എന്നീ ഭാവങ്ങളിൽ നിന്നാൽ ജാതകൻ ധനവാനും അധികാര-ആജ്ഞാശക്തിയുള്ള ജോലിക്കാരനുമായും ഭവിക്കും.

പത്താം ഭാവത്തേയോ പത്താം ഭാവാധിപനേയോ ഒരു ശുഭൻ ശനിയോട് ചേർന്നുനിന്ന് വീക്ഷിച്ചാൽ ജാതകൻ തൊഴിലാളികളെ ഭരിക്കുന്നവനായി ഭവിക്കും.

ആരൂഢലഗ്നാധിപൻ (ലഗ്നാധിപൻ നിൽക്കുന്ന രാശി തുടങ്ങി എട്ടാമത്തെ രാശിയുടെ അധിപൻ) സ്വക്ഷേത്രസ്ഥിതനായാലും ജാതകൻ തൊഴിൽ രംഗത്ത് അത്യുന്നതിയിൽ എത്തുന്നതാണ്. 1,4,7,10 എന്നീ ഭാവങ്ങളിൽ ബലമില്ലാത്ത പാപന്മാർ നിന്നാൽ ദാരിദ്ര്യവും എന്നാൽ ബലമുള്ള പാപന്മാരും അവരെ ശുഭന്മാർ വീക്ഷിക്കുക കൂടി ചെയ്താൽ ജാതകൻ രാജ്യതുല്യനായി മാറുന്നതാണ്.

ഭാവഫലം:

പത്തിൽ സൂര്യൻ നിന്നാൽ ഉത്തമ തൊഴിൽ ഭാഗ്യമുണ്ടാകും. പത്താം ഭാവത്തിലെ സൂര്യൻ ഏറ്റവും ബലവാനാണ്. ആയതിനാൽ ഇവർ ജോലിയിൽ ഏറ്റവും ഉന്നതിയിൽ എത്തുക തന്നെ ചെയ്യും. ഉന്നതമായ നിലയിൽ എത്തും. ഇത് മേടമോ, ചിങ്ങാമോ ആണെങ്കിൽ വളരെ ഗുണകരമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കും. ധനവും ഔഷധ സംബന്ധമായ തൊഴിലും അനുഭവയോഗ്യമാകും. എന്നാൽ ഇവർ മാതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടതാകുന്നു. പത്തിലെ സൂര്യന്റെ പൂർണ്ണയോഗഫലം 45 വയസ്സിനു ശേഷം മാത്രമേ പരിപൂർണ്ണതയിലെത്തുകയുള്ളൂ.

പത്തിൽ ചന്ദ്രൻ നിന്നത്‌ ഭൂമി, ഗ്രഹം എന്നിവയുണ്ടാകും. എല്ലാവർക്കും ഇഷ്ടമുള്ളവരാകും. ഉദ്യോഗമുണ്ടാകും. പതിനൊന്നാം ഭാവാധിപൻ അനിഷ്ടരാശിയിൽ നിൽക്കുന്നില്ലെങ്കിൽ ഇവർക്ക് കച്ചവടവുമാകാം. അതിൽത്തന്നെ വസ്ത്രം, കൃഷി, പാൽ എന്നിവ ഏറ്റവും ആദായകരവും ആയിരിക്കും. അന്യനാടുകളിൽ നിന്നും ധനാഗമം ഉണ്ടാകുന്നതാണ്. എന്നാൽ മറ്റൊരു ഗ്രഹം കൂടി ഇവിടെയുണ്ടെങ്കിൽ ചന്ദ്രന്റെ ഫലപ്രാപ്തി പൂർണ്ണതയിലെത്തില്ല. ഇവിടെ വ്യാഴവും നിന്നാൽ വക്കീൽ, പ്രൊഫസർ, ഉയർന്ന അധ്യാപകൻ എന്നീ ജോലികളിലൊന്ന് ലഭിക്കും.

മൗഢ്യമുള്ള കാരകഗ്രഹത്തിന് പരിഹാരം കൂടി ചെയ്യണം. പത്തിലെ ചന്ദ്രന്റെ കൂടെ ചൊവ്വയും നിന്നാൽ അധികാരമുള്ള സർക്കാർ ജോലി ലഭിക്കും. സ്ത്രീ ജാതകത്തിൽ ഈ ഗ്രഹസ്ഥിതി വന്നാൽ പ്രസ്തുതഭാഗ്യം സിദ്ധിക്കുക അവരുടെ ഭർത്താവിനായിരിക്കും. കളത്രം സ്വഭാവ ഗുണമുള്ളവളായിരിക്കുമെന്നതിൽ സംശയമേ വേണ്ട. ബലവാനായ ചന്ദ്രനാണെങ്കിൽ ജാതകൻ വൻ സമ്പത്തിന്റെ ഉടമയാകണം. പത്തിൽ ചൊവ്വ നിന്നാൽ വംശത്തിനു മുഴുവൻ മംഗളമുണ്ടാക്കും. പടിപടിയായി ഉയരും. വിദ്യാഭ്യാസമുണ്ടെങ്കിൽ പോലീസ്, പട്ടാളം, നീതിന്യായം എന്നിവയിലൊന്നിൽ ജോലി ലഭിക്കും. ഇത് മേടമോ, വൃശ്ചികമോ, മകരമോ ആകുകയും വ്യാഴത്തിന്റെ യോഗമോ ദൃഷ്ടിയോ കൂടി ലഭിച്ചാൽ തീർച്ചയായും സർക്കാർ ജോലി യോഗമാണ്. പത്തിലെ ചൊവ്വ സ്വക്ഷേത്രത്തിലോ, ഉച്ചത്തിലോ അല്ലെങ്കിൽ നീചത്തിൽ വന്നാൽ നീചഭംഗം ചെയ്തോ നിൽക്കുകയും ഇവയെ വ്യാഴം വീക്ഷിക്കുകയും ചെയ്താൽ ജഡ്ജിയാകുകയോ അതിനുതക്ക തസ്തികയിൽ കഴിവ് തെളിയിക്കുകയോ ചെയ്യും.

പത്തിൽ ബുധൻ നിന്നാൽ കവിത, സാഹിത്യം, ഗണിതം എന്നിവയിൽ ശോഭിക്കുന്നതാണ്. വ്യവഹാരത്തിൽ താല്പര്യമുള്ളതിനാൽ വക്കീൽ ആകാനും ന്യായമുണ്ട്. പതിനൊന്നാം ഭാവാധിപൻ അനിഷ്ടരാശിയിൽ അല്ലെങ്കിൽ ഇവർക്ക് കച്ചവടവും ആകാം. സുഖവും സമ്പത്തും ലഭിക്കുന്നതാണ്. കച്ചവടത്തിലും ഇവർ വിജയിക്കുന്നതാണ്.

പത്തിൽ വ്യാഴം നിന്നാൽ സ്വന്തമായി ധാരാളം പണമുണ്ടാക്കും. പൊതുസമ്മതരായിരിക്കും. ഒന്നിൽക്കൂടുതൽ വീടുണ്ടാകും. നല്ല പുത്രന്മാരുണ്ടാകുമെങ്കിലും അവർ വഴി ഗുണം പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഈ വ്യാഴം 5 അല്ലെങ്കിൽ 9 ഭാവത്തിന്റെ അധിപൻ ആണെങ്കിൽ രാജയോഗമാണ്. വ്യാഴം അഷ്ടമാധിപൻ ആയാലും ഗുണപ്രദം തന്നെയാണ്. സർക്കാർ ജോലി അല്ലെങ്കിൽ ഉന്നതസ്ഥാനം എന്നിവയിലൊന്ന് ലഭിക്കും. മറ്റുള്ളവരുടെ മനസ്സിൽ പ്രത്യേകിച്ച്, സുഹൃത്തുക്കളിൽ അസൂയ ഉണ്ടാക്കുന്നതാണ് പത്തിലെ വ്യാഴം. അതത്ര നല്ല കാര്യമല്ലല്ലോ.

പത്തിൽ ശുക്രൻ നിന്നാൽ കലാസാഹിത്യാദികളിൽ ശോഭിക്കും. കുടുംബത്തിന് ക്ഷയമുണ്ടാകുമെങ്കിലും നശിച്ചുപോയ ധനവും ഭൂമിയും വീണ്ടെടുക്കും. വിദ്യാഭ്യാസമുണ്ടെങ്കിൽ സർക്കാർ ജോലി ലഭിക്കും. പതിനൊന്നാം ഭാവാധിപൻ ബലവാനും കൂടിയാണെങ്കിൽ തുണിയുടെ വ്യാപാരം കൊണ്ട് ഇവർ വലിയ സമ്പത്തുണ്ടാക്കും.

പത്തിൽ ശനി നിന്നാൽ എന്തിന്റെയെങ്കിലും മേലധികാരിയാകും. പത്തിലെ ശനി ശുഭബന്ധമില്ലാതെ പാപക്ഷേത്രത്തിൽ നിന്നാൽ നീചപ്രവൃത്തിയിൽ താല്പര്യമുണ്ടാകും. കാർഷിക ജോലിയും ഭൃതൃവേലയും ഉണ്ടാകാം. ശുഭക്ഷേത്രത്തിലും സഭായോഗത്താലും നിൽക്കുന്ന പത്തിലെ ശനി യോഗഫലം നൽകും. പത്തിൽ ശനി നിൽക്കുന്നവർക്ക് ഒരു ദിവസമെങ്കിലും ധനമോ, വീടോ, കൃഷിഭൂമിയോ ഇല്ലാതെ വരുന്ന നിർഭാഗ്യം അനുഭവിക്കേണ്ടിവരും. കാരണം, പത്തിലെ ശനിയുടെ ഐശ്വര്യം സ്ഥായിയല്ല. പൂർവികസ്വത്ത് കിട്ടിയാൽ ഭാഗ്യം. എന്നാൽ ശനിദശയിൽ ഇവർ വളരെ ഉന്നതിയിൽ എത്തുന്നതാണ്. സ്വന്തമായി ധാരാളം ധനമുണ്ടാക്കുകതന്നെ ചെയ്യും. ആർക്കും വഴങ്ങാത്ത സ്വഭാവം ആയിരിക്കും. മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും അവരെ അനുസരിക്കാതിരിക്കുകയും പിന്നെ അതോർത്ത് പശ്ചാത്തപിക്കുകയും ചെയ്യുന്നവരായിരിക്കും.

പത്തിൽ രാഹു നിന്നാൽ അന്യർക്കുവേണ്ടി എന്തും ചെയ്യും. മദ്യപാനം ഉണ്ടെങ്കിൽ സാമ്പത്തിക ബാധ്യതയുണ്ടാക്കിവെയ്ക്കും. സ്വഭാവം കർക്കശമായിരിക്കും. വ്യത്യസ്ത സംസ്കാരമുള്ള സ്ത്രീകളുമായി സഹവസിക്കേണ്ടിവരും. ശസ്ത്രക്രീയാ വൈദഗ്ധ്യം ഉണ്ടാകുന്നതാണ്.

ലഗ്നത്തിലും ലഗ്നാധിപനും ബലവും ശുഭ ദൃഷ്ടിയുമുണ്ടെങ്കിൽ ഡോക്ടർ ആകും. പത്തിലെ രാഹു, പത്താം ഭാവാധിപനോട് ചേർന്നുനിന്നാൽ രാജയോഗമാണ്. ജാതകൻ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് രാഹുപ്രീതി വരുത്തുകയും ചെയ്യണം. കാരണം, ഇവർക്ക് ആദ്യം ഒരു തടസ്സം ഉണ്ടാകുന്നതാണ്. എങ്കിലും പത്തിലെ രാഹു യോഗപ്രദനാണ്.

പത്തിൽ കേതു നിന്നാൽ വൈദ്യശാസ്ത്രം പഠിക്കാൻ സാധ്യ കൂടുതലാണ്. പത്തിലെ കേതു പ്രസക്തി നൽകും. പല കഷ്ടതകളും തരണം ചെയ്യേണ്ടിവരും. പിതാവിന്റെ സഹായം കിട്ടാനുള്ള സാധ്യത വളരെക്കുറവായിരിക്കും. വാഹനം വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. കേതുപ്രീതി അല്ലെങ്കിൽ ഗണപതിപ്രീതി വരുത്തുകയും ചെയ്യണം. കാരണം, ഇവർക്ക് എന്തിലും ആദ്യം ഒരു തടസ്സം ഉണ്ടാകുന്നതാണ്.

ഗുളികൻ പത്തിൽ നിന്നാൽ പരോപകാര തല്പരത മുന്നിലായിരിക്കും. ശാസ്ത്രവിദ്യ കൈകാര്യം ചെയ്യും. പിശുക്കുണ്ടായിരിക്കും. അലസതയും തൊഴിൽ തടസ്സവും ഉണ്ടാകും. ഗുളികനാണ് പത്തിൽ നിൽക്കുന്നതെങ്കിൽ ഒമ്പതാം ഭാവാധിപനും പരദേവതയ്ക്കും പ്രീതിവരുത്തി പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിയ്ക്കണം. കാരണം, അവർക്ക് ആദ്യം തുടങ്ങുന്ന കാര്യങ്ങൾക്ക് ഒരു തടസ്സം ഉണ്ടാകുന്നതാണ്.

ഭാവാധിപഫലങ്ങൾ:

പത്താം ഭാവാധിപൻ ലഗ്നത്തിൽ നിന്നാൽ കവിതാവാസനയോ, സാഹിത്യവാസനയോ ഉള്ളവരാകും. കർമ്മപുഷ്ടിയും ധനപുഷ്ടിയും ഉണ്ടാകും. ചെറുപ്പത്തിൽ വളരെ ക്ലേശവും പിന്നെ ഉന്നതിയും ഉണ്ടാകും.

പത്താം ഭാവാധിപൻ രണ്ടിലോ, മൂന്നിലോ, ഏഴിലോ നിന്നാൽ നല്ല ശീലമുള്ളവരായും വിദ്യയുള്ളവരായും ഭവിക്കും.

പത്താം ഭാവാധിപൻ നാലിൽ നിന്നാൽ സർവ്വവിധസുഖവും ധനവും ഐശ്വര്യവും ലഭിക്കും. ഈ ഭാവാധിപനോട് യോഗം ചെയ്യുകയോ, ദൃഷ്ടി ചെയ്യുകയോ ചെയ്യുന്ന ഗ്രഹങ്ങളും അവരുടെ ദശയിൽ രാജയോഗഫലങ്ങൾ നൽകും.

പത്താം ഭാവാധിപൻ അഞ്ചിലോ, പതിനൊന്നിലോ നിന്നാൽ ധനവർധനവും സന്താനസൗഖ്യവും ഉന്നതസ്ഥാനവും ലഭിക്കും.

പത്താം ഭാവാധിപൻ ആറിലോ, എട്ടിലോ നിന്നാൽ പൊതുവേ ഗുണകരമായിരിക്കില്ല. എന്നാൽ ഉച്ച-സ്വക്ഷേത്രമാണെങ്കിൽ ഗുണപ്രദമാകാവുന്നതാണ്. ശത്രുക്കൾ മൂലം കർമ്മതടസ്സം ഉണ്ടാകും. പരിഹാരകർമ്മങ്ങൾ ചെയ്താൽ തൊഴിലിൽ അഭിവൃദ്ധിയുണ്ടാക്കാൻ കഴിയുന്നതാണ്. പത്താം ഭാവാധിപനേയും ലഗ്നാധിപനേയും പ്രീതിപ്പെടുത്തുകയും ഏറ്റവും അനുയോജ്യമായ യന്ത്രം ധരിക്കുകയും ചെയ്താൽ ഗുണപ്രദമാകുന്നതാണ്.

പത്താം ഭാവാധിപൻ ഒമ്പതിൽ നിന്നാൽ പലവിധ ഭാഗ്യങ്ങൾക്കും ഇടയാകുന്നതാണ്. സമൂഹത്തിൽ നല്ലൊരു സ്ഥാനം ലഭിക്കുകയും ചെയ്യും. പത്താം ഭാവാധിപൻ പന്ത്രണ്ടിൽ നിന്നാൽ സുഖം കുറയാം. ശത്രുക്കൾ മൂലം തൊഴിൽ തടസ്സവുമുണ്ടാകാം. എന്നാൽ ഇത് സ്വക്ഷേത്രമോ, ഉച്ചക്ഷേത്രമോ ആണെങ്കിൽ ഗുണപ്രദം ആകാനും സാധ്യതയുണ്ട്. ഇവർക്ക് വിദേശയോഗം പ്രബലമാണ്.

പരിഹാരങ്ങൾ:

തൊഴിലിൽ ഉന്നതിയിൽ എത്താൻ പത്താം ഭാവാധിപനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളും അതിനനുയോജ്യമായ രത്നവും (ധരിക്കാമെന്നുണ്ടെങ്കിൽ മാത്രം) ആ ഗ്രഹത്തിന്റെ ഏറ്റവും അനുയോജ്യമായ യന്ത്രവും ധരിക്കുന്നത് വളരെ ഫലപ്രദം തന്നെയാണ്. നവഗ്രഹക്ഷേത്രങ്ങളിൽ നടത്തുന്ന കർമ്മങ്ങൾ വളരെയേറെ ഗുണപ്രദവുമാണ്. ശനിയാണ് പത്താം ഭാവാധിപനെങ്കിൽ ശനിക്കും അതോടൊപ്പം നിങ്ങളുടെ ലഗ്നാധിപനും പത്തിൽ നിൽക്കുന്ന ഗ്രഹത്തിനും പിന്നെ തീർച്ചയായും നവഗ്രഹാധിപനായ സൂര്യനും ചേർത്താണ് നവഗ്രഹക്ഷേത്രത്തിൽ പൂജയോ, അർച്ചനയോ നടത്തേണ്ടത്. അല്ലെങ്കിൽ ശാസ്താപ്രീതി കർമ്മങ്ങൾ അനുഷ്ഠിക്കുകയും ശാസ്തൃയന്ത്രമോ ശൈവവൈഷ്ണവ സംഭൂതയന്ത്രമോ ധരിക്കുകയോ ചെയ്യണം. അതുപോലെ മറ്റ് ഗ്രഹങ്ങളെക്കുറിച്ചും ചിന്തിക്കാവുന്നതാണ്.

പത്താം ഭാവാധിപൻ 6, 8, 12 എന്നീ ഭാവങ്ങളിൽ നിന്നാൽ മാത്രമേ കർമ്മവിഘ്നം സംഭവിക്കുകയുള്ളൂ. എന്നിരുന്നാലും ധനത്തിന് കുറവുണ്ടാകില്ല. പത്താം ഭാവാധിപൻ മറ്റ് ഏത് ഭാവങ്ങളിൽ നിന്നാലും തൊഴിലിൽ അഭിവൃദ്ധിയുണ്ടാകുന്നതാണ്. മൗഢ്യമുള്ള ഗ്രഹത്തിന് പരിഹാരം കൂടി ചെയ്താൽ ഫലം സുനിശ്ചിതമായിരിക്കും.

അനിൽ വെളിച്ചപ്പാടൻ.

Share this :
× Consult: Anil Velichappadan