വ്യാഴം രാശി മാറുന്നു. നിങ്ങൾക്കെങ്ങനെ?

Share this :

വ്യാഴം 20-11-2021 (1197 വൃശ്ചികം 05)ൽ രാശിമാറുന്നു:
(കുംഭത്തിൽ: 20-11-2021, 11.31.20 pm to 13-4-2022, 3.50.08 pm)
-ഫലം, ദോഷം, പരിഹാരം, ജപമന്ത്രം-

നവഗ്രഹങ്ങളിൽ ഏറ്റവും പ്രധാനിയായ വ്യാഴഗ്രഹത്തിന്റെ രാശിമാറ്റം 27 നക്ഷത്രക്കാരെയും ബാധിക്കുന്നതാണ്. ചില നക്ഷത്രങ്ങൾക്ക് മഹാഭാഗ്യവും മറ്റ് ചിലർക്ക് നിർഭാഗ്യതയും വേറെ ചിലർക്ക് ഗുണദോഷ സമ്മിശ്രവുമായത് വ്യാഴമാറ്റത്തിൽ സംഭവിക്കുകതന്നെ ചെയ്യും.

20-11-2021, ശനിയാഴ്ച രാത്രി 11.31.20 സെക്കന്റ് മുതൽ കുംഭത്തിലേക്ക് രാശി മാറുന്ന വ്യാഴം അവിടെ 13-4-2022, വൈകിട്ട് 3.50.08 സെക്കന്റുവരെ തുടരും. തുടർന്ന് മീനം രാശിയിൽ അതിചാരമോ, പിന്നിലെ രാശിയിലേക്ക് മാറ്റമോ ഒന്നുമില്ലാതെ 22-4-2023 പുലർച്ചെ 05.14.39 വരെ മീനം രാശിയിലായിരിക്കും.

സന്താനം, ധനം, സ്വര്‍ണ്ണം, കീര്‍ത്തി, ബന്ധുക്കള്‍, ബുദ്ധിവൈഭവം, ചൈതന്യം, സുഖം, ഈശ്വരഭക്തി, ദയ, ഭാര്യാ-ഭര്‍തൃസുഖം, സത്ഗതി, സാത്വികകര്‍മ്മം, ശുഭപ്രവൃത്തി, വടക്കുകിഴക്ക്‌ ദിക്ക് എന്നിവയുടെ കാരകനായ ഗ്രഹമാണ് വ്യാഴം. വ്യാഴം അനുകൂലമായാല്‍ ഇവയില്‍ നിന്നൊക്കെ സദ്‌ഫലവും പ്രതികൂലമായാല്‍ ദുഷ്ഫലവും അനുഭവിക്കേണ്ടി വരികയും ചെയ്യും.

വ്യാഴത്തിന്റെ അടുത്ത രാശിപ്പകർച്ചകൾ:

മീനത്തിൽ: 13-4-2022, വൈകിട്ട് 3.50.09 സെക്കന്റ് മുതൽ 22-4-2023 പുലർച്ചെ 05.14.39 വരെ മീനം രാശിയിൽ.

നവഗ്രഹങ്ങളില്‍ അതീവപ്രാധാന്യമുള്ള ഗ്രഹമാണ് ദേവഗുരുവായ വ്യാഴം അഥവാ ബൃഹസ്പതി. വ്യാഴത്തിന്റെ രാശിമാറ്റം അതിപ്രധാനമാകുന്നു. ഏതൊരാള്‍ക്കും സൂര്യനും വ്യാഴവും ശനിയും ചാരവശാല്‍ മോശമാകുകയും അതോടൊപ്പം അവരുടെ ദശാപഹാരകാലവും മോശമായി വന്നാല്‍ അത് അതീവദോഷപ്രദം തന്നെയായിരിക്കും.

എത്ര ദോഷപ്രദമായി നിന്നാലും വ്യാഴത്തിന്‍റെ ദൃഷ്ടി ‘ലക്ഷം ദോഷങ്ങളെ ഹനിക്കും’ എന്നാണ് പ്രമാണം. ഇപ്പോഴുള്ള വ്യാഴമാറ്റത്തിൽ ഈ ‘വ്യാഴദൃഷ്ടി’യാൽ കൂടുതൽ ഗുണങ്ങൾ ലഭിക്കുന്നത് മിഥുനക്കൂർ, ചിങ്ങക്കൂർ, തുലാക്കൂർ എന്നിവർക്കായിരിക്കും.

പൊതുവെ ഗുണപ്രദം ആർക്കൊക്കെ?

താഴെപ്പറയുന്ന കൂറുകാർക്ക് ഈ വ്യാഴമാറ്റം അത്യുത്തമം ആയിരിക്കും. അതിൽ മിഥുനക്കൂർ, ചിങ്ങക്കൂർ, തുലാക്കൂർ എന്നിവർക്ക് വ്യാഴദൃഷ്ടികൂടി ഉള്ളതിനാൽ ഏറ്റവും ശുഭപ്രദവുമായിരിക്കും.

1) മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം)
2) മിഥുനക്കൂര്‍ (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന് പാദം)
3) ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം-ആദ്യ പാദം)
4) തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന് പാദം)
5) മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന്‍ പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം)

ഇവർക്കൊക്കെയും ദശാപഹാരകാലവും അനുകൂലമായി ഭവിച്ചാല്‍ ഇവര്‍ക്ക് മഹാഭാഗ്യങ്ങള്‍ അനുഭവത്തില്‍ വരികതന്നെ ചെയ്യും.

വ്യാഴമാറ്റം ആര്‍ക്കൊക്കെ വളരെ ദോഷപ്രദം?

1) ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന് പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം)
3) വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട)
3) കുംഭക്കൂർ (അവിട്ടം-അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി ആദ്യ മൂന്ന് പാദം)

വ്യാഴമാറ്റം ആര്‍ക്കൊക്കെ ഗുണദോഷസമ്മിശ്രം?

1) കര്‍ക്കിടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം)
2) കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന്‍ പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം)
3) ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം)
4) മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി)

വ്യാഴ മൗഢ്യം:

വ്യാഴം മൗഢ്യത്തിലാകുന്നത് 19-02-2022, രാവിലെ 10.08.07 സെക്കന്റ് മുതല്‍ 20-3-2022 പകൽ 08.26.19 സെക്കന്റ് വരെയാകുന്നു. ഈ സമയങ്ങളില്‍ വിവാഹം മുതലായ ശുഭകര്‍മ്മങ്ങള്‍ക്ക് മുഹൂര്‍ത്തം എ‌ടുക്കരുത്.

വ്യാഴം വക്രത്തില്‍:

ഈ പ്രാവശ്യം വ്യാഴത്തിന് വക്രഗതിയില്ല.

‘വക്രം’, ‘അതിചാരം’ എന്നിവ വിശദമായി വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: https://www.facebook.com/uthara.astrology/photos/a.104245266392423.10966.104223383061278/783909208426022/?type=3&theater

ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ വഴിപാടുകളും സംഭാവനകളും നൽകാമോ?

തീർ‌ച്ചയായും നൽകണം. ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ വഴിപാടുകളും സംഭാവനകളും നൽകരുതെന്ന് പറയുന്നവരെ മുഖവിലയ്ക്കെ‌ടുക്കരുത്. കാരണം, നമ്മൾ നൽകുന്ന പണമൊക്കെ സ്വരൂപി‌ച്ച് ആയിരക്കണക്കി‌ന് ജീവനക്കാർക്കും, വരുമാനമില്ലാത്ത മറ്റ് നിരവധി ചെറിയ ക്ഷേത്രങ്ങളു‌ടെ നിത്യനിദാനത്തിനും ഈ തുകയാണ് ഉപയോഗിക്കുന്നതെന്ന് നമ്മൾ അറിഞ്ഞിരിക്കണം.

ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ വലിയ തുകയു‌ടെ വഴിപാടുകൾ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങളാൽ കഴിയുന്ന ചെറിയ വഴിപാ‌ടുകൾ രസീത് എഴുതി ന‌ടത്താൻ ശ്രമിക്കണം. ഇല്ലെങ്കിൽ കഴിയുന്ന പണം ഭണ്ഡാരത്തിലെങ്കിലുമിട്ട് പ്രാർത്ഥിക്കണം. ദേവസ്വംബോർഡ് ക്ഷേത്രങ്ങളെ കുറ്റം പറയുന്നവർ, നാട്ടുകാർക്ക് യാതൊരു ഉപകാരവും ചെയ്യാത്ത, വരുമാനമുള്ള നിരവധി പ്രൈവറ്റ് ക്ഷേത്രങ്ങളും ഇവി‌‌‌ടെയുണ്ടെന്ന കാര്യം മറക്കരുത്. ഇവി‌ടെ മുസ്ലീം ദേവസ്വംബോർഡും ക്രിസ്റ്റ്യൻ ദേവസ്വംബോർഡും ഉയർന്നുവരാൻ ശ്രമിക്കേണ്ടതുണ്ട്.

വ്യാഴമാറ്റം – പൊതുഫലം, ദോഷം, പരിഹാരം, ജപമന്ത്രം:

വ്യാഴം രാശിമാറിയാല്‍ ഓരോ കൂറുകാര്‍ക്കും സംഭവിക്കാവുന്ന ഗുണം, ദോഷം എന്നിവയെക്കുറിച്ചും ദോഷപരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചും എഴുതുന്നു. ഇവിടെയുള്ള മന്ത്രങ്ങള്‍, സൂക്തങ്ങള്‍, പ്രാര്‍ത്ഥനകള്‍, ധ്യാനങ്ങള്‍ എന്നിവയില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് ഭക്തിയോടെ ജപിച്ചാല്‍ ദോഷങ്ങള്‍ കുറയുന്നതാണ്. ക്ഷേത്രദര്‍ശനവുമാകാം. അല്ലെങ്കില്‍ അവ രണ്ടുമാകാം. സ്വന്തമായി ജപിക്കാൻ നിങ്ങൾക്കൊരു മനസ്സുണ്ടെങ്കിൽ പിന്നെ ഇടനിലക്കാരുടെ ആവശ്യമില്ല.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം):

ഇവർക്ക് വ്യാഴം ഏറ്റവും ഉത്തമ സ്‌ഥാനത്താകുന്നു. “പതിനൊന്നാം വ്യാഴത്തിന് കൊടുത്തുവെക്കേണ്ട” എന്നാണ് ചൊല്ല്. നല്ല ബന്ധങ്ങളുണ്ടാകും. ബിസിനസ്സ് വിപുലപ്പെടുത്തും. കടങ്ങള്‍ നീങ്ങും. കുറെ നാളുകളായി വന്നുഭവിച്ച സകല ദുരിതങ്ങള്‍ക്കും അവസാനമാകും. പിണങ്ങിയ ബന്ധുക്കൾ സഹായത്തിനായി വന്നുചേരും. പുതിയ ഭവനമോ വാസസ്ഥലമോ കൈവശമാകാനുള്ള ഭാഗ്യം സിദ്ധിക്കും. സന്താനങ്ങൾക്ക് ഉന്നതിയുണ്ടാകും. സഹോദരസ്‌ഥാനീയർക്ക് സുഖജീവിതവും പുതിയ തൊഴിലും ലഭിക്കും. ഇവരുടെ ജീവിതപങ്കാളിയിൽ നിന്നും അനവധി സന്തോഷകരമായ സമ്മാനങ്ങൾ ലഭിക്കും. സുഖദാമ്പത്യം ഫലത്തില്‍ വരും. മാനസികമായി സന്തോഷം അനുഭവിക്കാന്‍ യോഗമുണ്ടാകും. ആകെയൊരു മാറ്റം പ്രതീക്ഷിക്കണം. ധനം വന്നുചേരും. പുതിയ ജോലിയില്‍ പ്രവേശിക്കുകയോ പ്രമോഷനോ ലഭിക്കും. പുതിയ വാഹനം സ്വന്തമാക്കും. വിവാഹകാര്യത്തില്‍ അനുകൂലതീരുമാനം വരും. രാഷ്ട്രീയമായും ഗുണമുണ്ടാക്കും. പുതിയ പദവികൾ ലഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കാലം അനുകൂലമായിരിക്കും. കോടതിവ്യവഹാരമുണ്ടെങ്കില്‍ വിജയം സുനിശ്ചിതമായിരിക്കും. ഭവനനിര്‍മ്മാണം, വസ്തുവകകള്‍ വാങ്ങല്‍, പുതിയ വാഹനം എന്നിവയ്ക്കും കാലം അനുകൂലം.

മേടക്കൂറുകാർ കണ്ടകശ്ശനി നീങ്ങാനായി ശാസ്താവിന് ശനിയാഴ്ചകളിൽ പ്രഭാതത്തിൽ ഭാഗ്യസൂക്താർ‌ച്ചന നൽകി പ്രാർത്ഥിക്കണം. അല്ലെങ്കിൽ ഭക്തിയോ‌ടെ ജപിക്കണം. അപരാധങ്ങൾ ചെയ്തവർ, നിരപരാധികളെ ചതി‌ച്ചും വഞ്ചി‌‌ച്ചും ജീവിക്കുന്നവർ എന്നിങ്ങനെ മാപ്പർഹിക്കാത്ത കുറ്റങ്ങൾ ചെയ്തവരെ ശനിദോഷം അതികഠിനമായി ബാധിക്കും. പ്രത്യേകം ശ്രദ്ധിക്കണം.

“ചെയ്തുപോയൊരപരാധം കൊണ്ടങ്ങ്
നീയും ബന്ധുമിത്രാദികളത്രയുമുയരുമോ?
കർമ്മമെന്നാൽ കറങ്ങിവരുന്നൊരു നല്ല
കുളിർത്തെന്നലും, വസൂരി, കൊടുങ്കാറ്റുമായി‌ടാം
കാലം എണ്ണിയെണ്ണി ചോദിക്കും നിശ്ചയം”

(പ്രസിദ്ധീകരണത്തിന് തയ്യാറെ‌ടുക്കുന്ന “ഉത്തരാജ്യോതിഷചിന്താമണി” എന്ന ഗ്രന്ഥത്തിലെ പത്താം അദ്ധ്യായം “കർമ്മത‌ടസ്സം ശനിയിലൂ‌ടെ തലമുറകളിലേക്ക്”)

ഭാഗ്യസൂക്തമന്ത്രം ഇവി‌‌ടെ ലഭിക്കും: https://uthara.in/manthram/

*********************
ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന് പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം):

പത്തിലെ വ്യാഴമാണ്. ശുഭപ്രദമായ കുറെ നാളുകൾക്കുശേഷം തിരിച്ചടികളും ലഭിക്കുന്ന കാലത്തിലേക്ക് കടക്കുകയാണ്. ഗ്രഹനിലയില്‍ പത്തിലെ വ്യാഴം ശോഭനവും ചാരവശാല്‍ പത്തിലെ വ്യാഴം തൊഴിൽപരമായി അശുഭവും ആകുന്നു. ഇത്, ചാരവശാല്‍ പത്തിലെ വ്യാഴകാലമാകയാൽ തൊഴിൽപരമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധയുണ്ടായിരിക്കണം. കൃത്യമായ പ്രാർത്ഥനകൾ നടത്തിയാൽ ദോഷകാഠിന്യങ്ങളൊക്കെയും തരണം ചെയ്യാവുന്നതാണ്. ധനപരമായി തടസ്സങ്ങൾ സംഭവിക്കുന്നതല്ല. എന്നാൽ തൊഴില്‍തടസ്സമോ സ്തംഭനാവസ്‌ഥയോ അനുഭവത്തിൽ വരും. തൊഴിൽസ്‌ഥലത്ത്‌ പലവിധമായ അസ്വാരസ്യങ്ങൾ ഉടലെടുക്കും. പുതിയ തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കാൻ പറ്റുന്ന ഒരു കാലമല്ല. ചെയ്യുന്നവ മേലധികാരികളുടെ അപ്രീതി കൂടിവരും. ജോലി നഷ്ടപ്പെട്ടാല്‍ പിന്നൊന്ന് ലഭിക്കാന്‍ കാലതാമസം വരുമെന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാകുന്നു. എന്നാല്‍ സര്‍ക്കാര്‍ സംബന്ധമായതും സ്വന്തമായി ആരംഭിച്ചുകഴിഞ്ഞതുമായ തൊഴിലുകൾ തടസ്സമില്ലാതെ നടന്നുപോകും. ഈ കാലയളവിൽ ആരംഭിക്കുന്ന സംരംഭങ്ങൾ കൃത്യമായ വ്യാഴപ്രീതി കർമ്മങ്ങളോടെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. വഴക്കുകളില്‍ മദ്ധ്യസ്ഥത വഹിക്കുന്നതിനും കാലം അനുകൂലമായിരിക്കില്ല. ജീവിതപങ്കാളിയുടെ വരുമാനം കുറയാനുള്ള സാദ്ധ്യതകളുമുണ്ട്. വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ അല്പം നീണ്ടുപോകുമെങ്കിലും അനുകൂല തീരുമാനമുണ്ടാകും. എല്ലാ രംഗങ്ങളിലും തടസ്സം നീങ്ങുന്നതിനായി ദൈവാനുഗ്രഹം നേടാനായി ശ്രമിക്കേണ്ടതാകുന്നു.

ദോഷപരിഹാരമായി നിത്യവും 9 പ്രാവശ്യം രാജഗോപാലമന്ത്രം ഭക്തിയോടെ ജപിക്കണം.

രാജഗോപാലമന്ത്രം:

“ഓം കൃഷ്ണ കൃഷ്ണ മഹായോഗിന്‍
ഭക്താനാം അഭയങ്കര
ഗോവിന്ദ പരമാനന്ദ
സര്‍വ്വം മേ വശമാനയ”

രാജഗോപാലമന്ത്രജപം തൊഴില്‍വിജയത്തിന് ഏറ്റവും നല്ലതാണ്.
************
മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന് പാദം):

വ്യാഴം ഒമ്പതില്‍ ഉത്തമസ്ഥാനത്തായി വന്നിരിക്കുന്നു. ഏറ്റവും ശുഭപ്രദമായ കാലമായിരിക്കും. പിതൃസ്‌ഥാനീയർക്ക് ഗുണദോഷപ്രദമായ കാലമായിരിക്കും. കുടുംബക്ഷേത്രങ്ങളിൽ പ്രധാന പങ്കുവഹിക്കാനുള്ള യോഗമുണ്ടാകും. സകുടുംബമായി കുടുംബക്ഷേത്രദർശനത്തിന് ഭാഗ്യമുണ്ടാകും. വിദേശരാജ്യത്ത് ഇഷ്ടതൊഴിൽലാഭവും, സന്താനങ്ങളെക്കൊണ്ട് സന്തോഷം, ധനയോഗം എന്നിവയാല്‍ അനുഗ്രഹിക്കപ്പെടും. ദാമ്പത്യപരമായി സുഖവും സന്തോഷവും സംജാതമാകും. തൊഴിലില്‍ പുരോഗതി, പ്രമോഷന്‍, സാമ്പത്തികമെച്ചം എന്നിവയും അനുഭവത്തില്‍ വരുന്നതാണ്. നല്ലവരുമായുള്ള സഹവാസം, വിവാഹകാര്യങ്ങളിലും, പുതിയ ഭവനം, വസ്തു, വാഹനം എന്നിവയിലും സന്തോഷവാര്‍ത്തയ്ക്ക് യോഗം കാണുന്നു. വിദേശയാത്രയ്ക്ക് കാലം അനുകൂലമാണ്. ഈ വ്യാഴമാറ്റം ഇവർക്ക് ഭാഗ്യദായകമായിരിക്കും. ശത്രുക്കൾക്ക് തിരിച്ചടി ലഭിക്കുന്ന കാലമാണ്. ധനപരമായ കാര്യങ്ങളിൽ ഉന്നതി. ചില കാര്യങ്ങളിൽ മദ്ധ്യസ്‌ഥത വഹിക്കാനുള്ള യോഗവും ലഭിക്കുന്നതാണ്. എന്നാൽ അഷ്‌ടമശ്ശനിയു‌ടെ കാഠിന്യത്താൽ രോഗാദിക്ലേശങ്ങൾ സംഭവിക്കാൻ സാദ്ധ്യത കൂ‌ടുതലാകുന്നു.

ഇവര്‍ വ്യാഴദോഷപരിഹാരങ്ങള്‍ ചെയ്യേണ്ടതില്ല. എന്നാൽ ശാസ്താവിന് ശനിയാഴ്ചക‌ളിൽ നീരാജനം നടത്തി പ്രാർത്ഥിക്കണം.
***************

കര്‍ക്കടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം):

ഇവര്‍ക്ക് വ്യാഴം അഷ്ടമത്തിലും ഏഴിൽ കണ്ടകശ്ശനിയുമാകുന്നു. പൊതുവെ ദോഷപ്രദമായി പറയുമെങ്കിലും അഷ്ടമത്തിൽ വ്യാഴം സഞ്ചരിക്കുമ്പോൾ വിവാഹനിശ്ചയം, വിവാഹം, ഗൃഹപ്രവേശം, ധനാഗമം എന്നിവയ്ക്കും യോഗമുണ്ടാകും. രോഗാദിക്ലേശവും അലച്ചിലും വലച്ചിലുമുണ്ടാകും. പങ്കാളിയുമായുള്ള പിണക്കം കൂടുതൽ നീട്ടിക്കൊണ്ടുപോകരുത്. രോഗവും അനിയന്ത്രിതമായ മാനസികസമ്മർദ്ദവും സംഭവിക്കും. ധന-സ്വർണ്ണാഭരണകാര്യങ്ങളിൽ തർക്കവും വഴക്കുകളും സംഭവിക്കും. തൊഴില്‍സ്ഥലം മാറേണ്ടതായ പല ഘട്ടങ്ങളും സംജാതമാകും. തൊഴിലിൽ തുടരാൻ കഴിയുമെങ്കിൽ അതാകും ശുഭപ്രദം. സര്‍ക്കാര്‍ ജോലിസംബന്ധമായി ചില ശുഭവാര്‍ത്തകള്‍ക്ക് യോഗം. അപ്രതീക്ഷിതമായി തൊഴില്‍ മാറ്റമുണ്ടാകും. എന്നാൽ തൊഴിലില്‍ ഉന്നതിയിലെത്തും. സകുടുംബമായുള്ള വിദേശയാത്ര സംഭവിക്കുന്നതാണ്. സാമ്പത്തിക ബാദ്ധ്യത പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വിഷമിക്കും. കുടുംബാംഗങ്ങള്‍ക്ക് ഓരോരോ അസുഖങ്ങള്‍ മാറിമാറി വന്നുകൊണ്ടിരിക്കും. കാര്യങ്ങളെല്ലാം കയ്യില്‍ നില്‍ക്കാത്ത സ്ഥിതിയുണ്ടാകും. ബന്ധുക്കള്‍ ശത്രുക്കളാകും. ശത്രുക്കള്‍ അവസരം നോക്കി ദ്രോഹിക്കും. നല്ല സൗഹൃദങ്ങള്‍ മനസ്സിന് കുളിര്‍മ്മയേകും. വഴക്കും അതുവഴിയുള്ള മാനസികപിരിമുറുക്കവും കൂടി വരാതെ പ്രത്യേകം ശ്രദ്ധിക്കണം. രോഗങ്ങളും ചെലവുകളും കൊണ്ട് മാനസികമായി തളരും. ഭാഗ്യഹാനി സംഭവിക്കുന്നതായി എപ്പോഴും ചിന്തയുണ്ടാകും. പിതൃസ്ഥാനീയര്‍ക്ക് രോഗാദിക്ലേശങ്ങള്‍ക്ക് സാദ്ധ്യത. കുടുംബത്ത് വിവാഹസംബന്ധമായി ശുഭവാര്‍ത്തകള്‍ക്ക് യോഗം. ഭവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് നീങ്ങും.

വ്യാഴവും ശനിയും ദോഷകരമായ സ്‌ഥിതിയിൽ നിൽക്കുന്നതിനാൽ നക്ഷത്രദിവസങ്ങളിൽ ശിവക്ഷേത്രദർശനവും രുദ്രസൂക്താർച്ചനയും ചെയ്ത് പ്രാർത്ഥിക്കുന്നത് അത്യുത്തമം ആകുന്നു. രുദ്രസൂക്തം പ്രഭാതത്തിൽ ചെയ്ത് പ്രാർത്ഥിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

നിത്യജപത്തിന് പകൽനേരത്ത് മൃത്യുഞ്ജയമന്ത്രം ശുഭപ്രദം.

മൃത്യുഞ്ജയമന്ത്രം:

ഓം ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വർദ്ധനം
ഉർവ്വാരുക മിവ ബന്ധനാൽ
മൃത്യോർമ്മുക്ഷീ യമാമൃതാത്.
*****************
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം-ആദ്യ പാദം)

ഏഴിലെ വ്യാഴവും ആ‌റിലെ ശനിയും ഉത്തമം ആയിരിക്കും. ശാരീരികക്ലേശങ്ങൾ നീങ്ങും. സഹോദരങ്ങൾക്ക് സന്തോഷവാർത്തയ്ക്ക് യോഗവും കാണുന്നു. പങ്കാളിയ്ക്ക് ശാരീരികസുഖവും ഭാഗ്യവും ലഭിക്കും. കുറെ നാളുകളായി സംഭവിച്ചുകൊണ്ടിരുന്ന കഷ്ടതകൾക്കും ക്ലേശങ്ങൾക്കും അവസാനമാകും. ഇനി ഭാഗ്യദായകമായ നാളുകളായിരിക്കും. അതീവ ഗുണപ്രദമായ കാലം. മുടങ്ങിക്കിടന്ന സകലതും പുനരാരംഭിക്കും. സര്‍വ്വൈശ്വര്യം ഫലത്തില്‍ വരും. ബന്ധുക്കളുമായുള്ള ശത്രുത കുറയും. എതിര്‍ത്ത് സംസാരിച്ചവര്‍ അനുകൂലമായി സംസാരിക്കുന്നതുകണ്ട് ഇവര്‍ ആശ്ചര്യപ്പെടും. കേസ്സുകള്‍ അനുകൂലമായി വരും. പ്രേമസാഫല്യമുണ്ടാകും. കളത്രദുരിതം മാറി, ഉത്തമദാമ്പത്യം ലഭിക്കും. വിശ്വസ്തരായ ജോലിക്കാരെ ലഭിക്കും. പണം പെരുകും. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന ദൂരെയുള്ള ചില ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. ദൂരയാത്രകൾ ഫലത്തിൽവരും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും അതിന്റെ വിജയത്തില്‍ ആഹ്ലാദിക്കുകയും ചെയ്യും. വിദേശത്തോ സ്വദേശത്തോ തൊഴിൽ ലഭിക്കാനുള്ള തടസ്സങ്ങൾ നീങ്ങും. ഭവന നിർമ്മാണം തടസ്സമില്ലാതെ നടക്കും. പൊതുവെ സന്തോഷപ്രദമായ കാലമായിരിക്കും. വിവാഹകാര്യം, പങ്കാളിത്ത കച്ചവടം എന്നിവ ഗുണപ്രദമായി ഭവിക്കും.

ഇവർ ദോഷപരിഹാരം ചെയ്യേണ്ടതില്ല.

കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന് പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം):

ആറിലെ വ്യാഴം ശത്രുവര്‍ദ്ധനയുണ്ടാക്കും. രോഗവും ആശുപത്രിവാസവുമുണ്ടാക്കും. തൊഴില്‍പരമായും ശാരീരികമായും കഷ്ടതകള്‍ അനുഭവിക്കേണ്ടിവരും. തൊഴിൽ നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം. തൊഴിൽ, ഉന്നത വിദ്യ എന്നിവ തടസ്സമില്ലാതെ തുടരും. ശത്രുക്കളുടെ എണ്ണം ദിവസംപ്രതി കൂടുന്നത് എങ്ങനെയെന്ന് അതിശയിച്ചുപോകും. രക്തബന്ധുക്കള്‍, സഹോദരങ്ങള്‍ എന്നിവരില്‍നിന്നും തിക്താനുഭവങ്ങള്‍ പ്രതീക്ഷിക്കണം. ശത്രുക്കളെ വര്‍ദ്ധിപ്പിക്കരുത്. ആശുപത്രിവാസത്തിന് സാദ്ധ്യത വളരെക്കൂടുതലാണ്. കേസുകളും വഴക്കുകളും കോടതി വ്യവഹാരവും സ്വസ്ഥത നശിപ്പിക്കും. കോടതിവഴിയുള്ള കാര്യങ്ങളെല്ലാം അവതാളത്തിലാകും. അപ്രതീക്ഷിതമായി ധനപരമായ കാര്യങ്ങൾ നല്ല രീതിയിൽ എത്തുന്നത് ആശ്വാസമായി ഭവിക്കും. രോഗാദിക്ലേശങ്ങള്‍ കൂടുതലായി അനുഭവപ്പെടും. എന്നിരിക്കിലും കുടുംബത്ത് വിവാഹം, സത്പുത്രഭാഗ്യം, വിദേശഗമനം, മറ്റ് വിശേഷചടങ്ങുകള്‍ എന്നിവയ്ക്ക് അനുകൂലസമയവുമാകുന്നു. വസ്തു വാങ്ങല്‍, ഭവനനിര്‍മ്മാണം എന്നിവയും അനുഭവത്തിൽ വരുന്നതായിരിക്കും. വിവാഹ നിശ്ചയം, വിവാഹം എന്നിവയ്ക്കും അനുകൂലമായ കാലമായിരിക്കും.

ദോഷപരിഹാരമായി ഗുരുവായൂരപ്പനെ ധ്യാനിച്ചുകൊണ്ട് ദിവസവും പ്രഭാതത്തില്‍ ഭാഗ്യസൂക്തം ജപിക്കുന്നതും വിഷ്ണുക്ഷേത്രത്തില്‍ നരസിംഹമന്ത്രാര്‍ച്ചന നടത്തുന്നതും അതീവ ഗുണപ്രദമാകുന്നു. ഭാഗ്യസൂക്തമന്ത്രം ഇവി‌‌ടെ ലഭിക്കും: https://uthara.in/manthram/

നരസിംഹമന്ത്രം (ശത്രുദോഷ ശമനത്തിനായി ഈ മന്ത്രം ജപിക്കാവുന്നതാണ്):

‘ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം
ഭദ്രം മൃത്യുമൃത്യും നമാമ്യഹം’

ശത്രുദോഷം നീങ്ങാനും മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാനും നരസിംഹമന്ത്രം ജപിക്കാം. ആവശ്യമായത് അപേക്ഷിച്ചുകൊണ്ട് ജപിക്കുന്നതാണ് ഉത്തമം.
**********************

തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന് പാദം):

വ്യാഴം അഞ്ചിലാണ്. ഇത് ഉത്തമസ്ഥാനമാകുന്നു. കുടുംബത്ത് ഉണ്ടായിരുന്ന വഴക്കുകളും ദാമ്പത്യപ്രശ്നങ്ങളും അവസാനിക്കും. നടക്കാതെ പോയ പല പദ്ധതികളും ഇപ്പോള്‍ പ്രാബല്യത്തിലാകുന്നതായിരിക്കും. അവാർഡ്, പ്രമോഷൻ, ഉന്നതവിജയം എന്നിവയ്ക്കും കാലം അനുകൂലം. വസ്തു, ഭവനം, വാഹനം എന്നിവയില്‍ ഭാഗ്യം ലഭിക്കുന്നതാണ്. സന്താനങ്ങളുടെ കാര്യത്തിൽ മാനസികപിരിമുറുക്കമുണ്ടാകും. സന്താനങ്ങളുടെ രോഗാദിക്ലേശങ്ങളില്‍ വിഷമവും സംഭവിക്കാന്‍ ന്യായം കാണുന്നു. ദാമ്പത്യബന്ധങ്ങളുടെ കാര്യത്തിൽ ഈശ്വരകൃപയാല്‍ സന്തോഷം ലഭിക്കും. വിവാഹകാര്യത്തില്‍ അനുകൂലതീരുമാനം. പിണക്കങ്ങൾ നീങ്ങി എല്ലാ ബന്ധുമിത്രാദികളും സ്നേഹത്തോടെ ഇടപഴകും. കുടുംബത്ത് പൊതുവേ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ വസ്തുവകകള്‍ വാങ്ങാനുള്ള അവസരവും സംജാതമാകും. വിദേശയാത്രാതടസ്സവും നീങ്ങും. വിദ്യാഭ്യാസം നല്ല നിലയില്‍ തുടരും. പരീക്ഷകളില്‍ വിജയം നേടും. തൊഴില്‍പരമായ കാര്യങ്ങളില്‍ സന്തോഷവാര്‍ത്തയ്ക്ക് യോഗം. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടും. നല്ല സൗഹൃദങ്ങള്‍, ഉത്തമ ബന്ധങ്ങള്‍ എന്നിവ മനസ്സിന് ബലം നല്‍കും. കുടുംബത്ത് പലവിധമായ ശുഭകര്‍മ്മങ്ങള്‍ക്കും സാക്ഷ്യം വഹിക്കും. ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കുകതന്നെചെയ്യും. വിദേശയാത്രയുടെ ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീങ്ങുന്നതാണ്. ഉന്നത പഠനത്തിനുള്ള ഭാഗ്യവും ഉണ്ടാകും. തൊഴിൽപരമായി ഏറ്റവും അനുകൂലമായ കാലമാണ്. പൊതുപ്രവർത്തനം, ബാങ്ക്-ഇൻഷുറൻസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും കാലം അനുകൂലം. മുടങ്ങിക്കിടന്ന പല സാമ്പത്തിക ഇടപാടുകളും അനുകൂലമായി വരും. പോലീസ്, കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. പൊതുവെ അനുകൂലമായ കാലമായിരിക്കും.

തുലാക്കൂറുകാർ ഈ വ്യാഴമാറ്റത്തിൽ പ്രത്യേക ദോഷപരിഹാരങ്ങള്‍ ചെയ്യേണ്ടതില്ല. ശാസ്താപ്രീതി കർമ്മങ്ങൾ, മന്ത്രജപം എന്നിവ നൽകി മാതൃസ്ഥാനീയർക്ക് അനിഷ്‌ടങ്ങൾ സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കണം. നാലില്‍ കണ്ടകശ്ശനിയുള്ള സ്ത്രീജനങ്ങളുടെ മാതാവിനും കാലം പൊതുവെ അനുകൂലമായിരിക്കില്ല.

ശാസ്താമന്ത്രം:

“ഓം മണികണ്ഠായ മഹിഷീമര്‍ദ്ദനനായ
മന്ത്രതന്ത്രരൂപായ മഹാശക്തായ സര്‍വ്വാമയ
വിനാശനായ നമോ നമ:”
**********************

വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട):

ഇവർക്ക് വ്യാഴം ചാരവശാല്‍ നാലിലാകുന്നു. ചാരവശാൽ നാലിലെ വ്യാഴം അതീവ ദോഷപ്രദമാകുന്നു. മാതൃസ്‌ഥാനീയർക്കും വാഹന സംബന്ധമായ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണം. തൊഴിൽപരമായ കാര്യങ്ങൾ മുടക്കമില്ലാതെ മുന്നോട്ടുപോകും. എന്നാൽ വാഹനങ്ങളും യന്ത്രങ്ങളും കൈകാര്യം ചെയ്തുതുടങ്ങുമ്പോള്‍ ഈശ്വരഭജനം നടത്തുകതന്നെവേണം. കുടുംബത്ത് പൊതുവേ അസ്വാരസ്യങ്ങള്‍ കടന്നുവരും. ജീവിതപ്രയാസങ്ങള്‍ തലപൊക്കും. കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴാതെ ശ്രദ്ധിക്കുകയെന്നത് വളരെ ശ്രമകരമായിരിക്കും. തൊഴിൽവിജയമുണ്ടാകുന്നതാണ്. സാമ്പത്തിക ചെലവ് കൂടും. സാമ്പത്തിക ചെലവുള്ള പുതിയ സംരംഭങ്ങൾ ഇപ്പോൾ ആരംഭിക്കുന്നത് ശുഭകരമല്ല. കേസ്സുകളിലും വഴക്കുകളിലും ജാമ്യത്തിലും ഉള്‍പ്പെടുന്നത് ഒഴിവാക്കണം. ജീവിതപങ്കാളിയ്ക്ക് ദൂരെദേശയാത്ര ഫലത്തിൽ വരും. മാതൃസ്ഥാനീയര്‍ക്ക് ദു:ഖവും മാനസികപിരിമുറുക്കവും ഉണ്ടാകുന്നതാണ്. അനാവശ്യമായ കൂട്ടുകെട്ടുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കണം. ഇല്ലെങ്കിൽ മാനസിക പ്രയാസം കൂടുതലായി അനുഭവിക്കേണ്ടിവരും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതിയുണ്ടാകും. വിദേശയാത്ര തൊഴില്‍ വിജയത്തിലെത്തുന്നത് ആശ്വാസമാകും.

നക്ഷത്രദിവസങ്ങളില്‍ മഹാവിഷ്ണുക്ഷേത്രത്തിൽ വ്യാഴാഴ്ചകളിൽ രാവിലെ സംവാദസൂക്തപുഷ്‌പാഞ്‌ജലി നടത്തുന്നതും നിത്യവും മൃത്യുഞ്ജയമന്ത്രം പകല്‍നേരം ഭക്തിയോടെ ജപിക്കുന്നതും ഉത്തമം ആകുന്നു. മഹാവിഷ്ണുവിന് രാജഗോപാലാര്‍ച്ചന (വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാരാജഗോപാലാര്‍ച്ചന), സംവാദസൂക്താര്‍ച്ചന എന്നിവ നക്ഷത്രദിവസങ്ങളില്‍ നല്‍കി പ്രാര്‍ത്ഥിക്കണം.

വ്യാഴാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള വ്യാഴകാലഹോരയില്‍ മൂന്ന് പ്രാവശ്യം വ്യാഴഗ്രഹ നമസ്ക്കാരമന്ത്രവും ശനിയാഴ്‌ചകളിൽ ഇതേ സമയത്ത് ശനീശ്വര ശാന്തിമന്ത്രവും ജപിക്കണം.

വ്യാഴഗ്രഹ നമസ്ക്കാരമന്ത്രം:

“ഓം ബൃഹസ്പതേ അതി യദര്യോ അര്‍ഹാദ്
ദ്യുമദ്വിഭാതി ക്രമതജ്ജനേഷു
യദ്ദീദയച്ഛവസര്‍ത്തപ്രജാത
തദസ്മാസു ദ്രവിണം ധേഹി ചിത്രം
ഇന്ദ്ര മരുത്വ ഇഹ പാഹി സോമം
യഥാ ശാര്യാതെ അപിബസ്സുതസ്യ
തവ പ്രണീതി തവ ശൂര ശര്‍മ്മന്നാ
വിവാസന്തി കവയ: സുയജ്ഞാ:
ബ്രഹ്മ ജജ്ഞാനം പ്രഥമം പുരസ്താദ്വി
സീമത: സുരുചോ വേന ആവ:
സ ബുധ്നിയാ ഉപമാ അസ്യ വിഷ്ഠാ:
സതശ്ച യോനിമസതശ്ച വിവ:
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ബൃഹസ്പതയേ നമ: ബ്രഹ്മണേ നമ:”

കൂടുതല്‍ ജപമന്ത്രങ്ങള്‍ക്ക്: https://uthara.in/manthram/
******************

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം):

‘മൂന്നിലെ വ്യാഴം മുറവിളി കൂട്ടും’ എന്ന് പറയാറുണ്ട്‌. ഭവനമോ താമസമോ തൊഴിൽസ്‌ഥലമോ മാറാന്‍ സാദ്ധ്യതയുണ്ട്. ദൂരെദേശങ്ങളിലെ തൊഴില്‍ ലഭിക്കുന്നതാണ്. മൂന്നിലെ വ്യാഴം പൊതുവെ പ്രതികൂലമായിരിക്കും. വയർ സംബന്ധമായ അസുഖങ്ങൾ ആരംഭിക്കും. ജലം, അഗ്നി എന്നിവയാൽ ക്ലേശമുണ്ടാകാനും സാദ്ധ്യത. ധനപരമായി വളരെയേറെ ക്ലേശപ്രദമായ കാലമായിരിക്കും. പിതൃസ്‌ഥാനീയർക്ക് രോഗാദിക്ലേശവും രോഗശമനവും ഉണ്ടാകുന്നതാണ്. ഭവനം, തൊഴിൽ സ്‌ഥലം എന്നിവിടെ അഗ്നിമൂലമുള്ള വിഷമതകൾ സംഭവിക്കാമെന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം. ഇവര്‍ക്കോ കുടുംബത്തോ അടുത്ത ബന്ധുമിത്രാദികള്‍ക്കോ വിവാഹം പോലുള്ള ശുഭകര്‍മ്മങ്ങള്‍ നടക്കുന്നതുമാണ്. ആവശ്യമില്ലാത്ത സകല കാര്യങ്ങളിലും ചെന്ന് അവസാനം അബദ്ധമായെന്ന് മുറവിളി കൂട്ടുന്ന കാലമാകുന്നു. കോടതിയുമായി ബന്ധപ്പെട്ട് സമയനഷ്ടവും ധനനഷ്ടവുമുണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗവുമായി ബന്ധപ്പെട്ട് അനുകൂലമായ തീരുമാനങ്ങളുണ്ടാകും. വിവാഹസാക്ഷാത്കാരം നടക്കുന്ന കാലവും ആകുന്നു. തൊഴില്‍ മാറുന്നതിന് അനുകൂലമായ കാലമായിരിക്കില്ല, എന്നാൽ തൊഴിൽസ്‌ഥലം മാറും. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന തൊഴില്‍ തല്‍ക്കാലം തുടരുന്നതായിരിക്കും നല്ലത്. കുടുംബത്ത് മംഗളകര്‍മ്മങ്ങള്‍ നടക്കാനും ന്യായം കാണുന്നു. മൂന്നിൽ വ്യാഴം ചാരവശാൽ സഞ്ചരിക്കുന്ന കാലത്ത് വിവാഹനിശ്ചയം, വിവാഹം എന്നിവയുമുണ്ടാകും.

വ്യാഴാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള വ്യാഴകാലഹോരയില്‍ നെയ്‌വിളക്ക് കൊളുത്തി ഗുരുവായൂരപ്പനെ ധ്യാനിച്ചുകൊണ്ട് ഭാഗ്യസൂക്തമന്ത്രം ഭക്തിയോടെ മൂന്ന് പ്രാവശ്യം ജപിക്കുന്നത് ധനപരമായ ഉന്നതിയ്ക്ക് അതീവ ഗുണപ്രദമാകുന്നു. ഭാഗ്യസൂക്തമന്ത്രം ഇവി‌ടെ ലഭിക്കും: https://uthara.in/manthram/
*******************

മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന് പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം):

വ്യാഴം രണ്ടിലാണ്. ഏറ്റവും അനുകൂലമായ കാലം. വാക്കുകൾ ഏറ്റവും ലാളിത്യത്തോടെയും ബഹുമാനത്തോടെയുമാകും. തൊഴിലും ആയുരാരോഗ്യസൗഖ്യവും സംജാതമാകും. വിദ്യാവിജയവും നല്ല തൊഴിലും ലഭിക്കും. രണ്ടിലെ വ്യാഴം ഏറ്റവും നല്ല ഫലങ്ങള്‍ നല്‍കും. എന്നാൽ ജന്മശ്ശനിക്കാലമാണെന്ന ചിന്തയും ഉണ്ടായിരിക്കണം. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ ശുഭപ്രദമായി ആരംഭിച്ച് വിജയിപ്പിക്കാന്‍ സാധിക്കും. വിദേശയാത്രാതടസ്സങ്ങള്‍ നീങ്ങുന്നതാണ്. കുടുംബത്ത് ശുഭകര്‍മ്മങ്ങള്‍ നടക്കും. കഷ്ടപ്പാടുകള്‍ വിട്ടൊഴിയും. ധനപരമായി അനുകൂലമായ കാലമായിരിക്കും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും. എല്ലാം തടസ്സമില്ലാതെ ലഭിക്കും. പുതിയ നല്ല നല്ല ബന്ധങ്ങള്‍ അനുഭവത്തില്‍ വരും. വിവാഹകാര്യത്തില്‍ തീരുമാനമാകും. ധനം, തൊഴില്‍, പ്രമോഷന്‍, ആഹാരം, കോടതി വിജയം എന്നിവ അനുകൂലമായി വരുന്നതില്‍ അഭിമാനിക്കും. പങ്കാളിയുമായുള്ള പിണക്കങ്ങൾ നീങ്ങും. കുടുംബത്ത് സുഖവും സന്തോഷവും ഉടലെടുക്കും. ആശുപത്രി സംബന്ധമായ കാര്യങ്ങളിൽ വേഗം പരിഹാരമാകും. പുതിയ വസ്തുവകകൾ വാങ്ങുകയോ ഭവന നിർമ്മാണമോ ഗൃഹപ്രവേശമോ ഉണ്ടാകും. ഇവര്‍ക്ക് വ്യാഴം അനുകൂലമാകയാൽ മറ്റ് ദോഷപരിഹാരങ്ങൾ ആവശ്യമില്ല. എന്നാൽ ശനിദോഷപരിഹാരമായി ശാസ്താവിന് നെയ്‌വിളക്ക് ശനിയാഴ്ചകളിൽ നൽകി പ്രാർത്ഥിക്കണം.
******************

കുംഭക്കൂറ് (അവിട്ടം-അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി-ആദ്യ മൂന്ന് പാദം):

ഇവർക്ക് ജന്മരാശിയില്‍ നില്‍ക്കുന്ന വ്യാഴവും അതോടൊപ്പം ഏഴരശ്ശനിക്കാലവും ആകുന്നു. പൊതുവെ തടസ്സങ്ങളുടെയും നിർഭാഗ്യതയുടെയും കാലമായിരിക്കും. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ ആവശ്യമായി വരും. ക്ഷതമോ രോഗങ്ങളോ വരാതെ ശ്രദ്ധിക്കണം. സകല ശുഭകര്‍മ്മങ്ങള്‍ക്കും തടസ്സമുണ്ടാകുന്നതായി തോന്നും. നിർമ്മാണ പ്രവർത്തനങ്ങൾ പൊതുവെ ദോഷപ്രദമോ നീണ്ടുപോകുന്നതോ ആയി അനുഭവപ്പെടും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ കാലമല്ല. എന്നാൽ വിദ്യാർത്ഥികൾക്ക് കാലം അനുകൂലമായി മുന്നോട്ടുപോകുന്നതാണ്. തൊഴിൽപരമായും ദോഷങ്ങൾ സംഭവിക്കുകയില്ല. എന്നാൽ ആരോഗ്യപരമായ കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധിക്കണം. നിത്യവും എക്സര്‍സൈസ് ചെയ്യാൻ ശ്രമിക്കണം. പുതിയ വസ്തു, വാഹനം എന്നിവ വാങ്ങാന്‍ അനുകൂലസമയമല്ല. അസമയത്തെ അന്യഭവന സന്ദര്‍ശനവും സ്വന്തം വീട്ടിലെ അനാവശ്യ വിരുന്നുസൽക്കാരങ്ങളും അത്യാവശ്യമില്ലാത്ത യാത്രകളും കഴിവതും ഒഴിവാക്കണം. വിദേശയാത്ര നീണ്ടുപോകാതിരിക്കാൻ മഹാവിഷ്‌ണു-ശാസ്താപ്രീതി കർമ്മങ്ങൾ ചെയ്ത് പ്രാർത്ഥനയോടെ കാര്യങ്ങൾ നീക്കണം. പൊതുവെ അനുകൂലമല്ലാത്ത കാലമാകയാൽ അടുത്ത വ്യാഴമാറ്റംവരെ ദോഷപരിഹാരം ചെയ്യേണ്ടതാകുന്നു.

നക്ഷത്രദിവസങ്ങളിൽ മുടങ്ങാതെ ശിവക്ഷേത്രത്തിൽ ആയൂഷ്യസൂക്തപുഷ്‌പാഞ്‌ജലി പ്രഭാതത്തിൽ ചെയ്ത് പ്രാർത്ഥിക്കുന്നത് അത്യുത്തമം ആയിരിക്കും. ഇവര്‍ തീര്‍ച്ചയായും വ്യാഴപ്രീതിയും ശനീശ്വരപ്രീതിയും ചെയ്യേണ്ടതാണ്. നിത്യവും മഹാവിഷ്ണുവിനെ ധ്യാനിച്ച് മൂന്ന് പ്രാവശ്യം മഹാസുദര്‍ശന മാലാമന്ത്രജപം ചെയ്തശേഷം ജലപാനം ചെയ്യുന്നത് അത്യുത്തമം. അല്ലെങ്കിൽ വിഷ്ണുക്ഷേത്രത്തില്‍ സുദര്‍ശനമന്ത്രാര്‍ച്ചന, നെയ്‌വിളക്ക്, പാല്‍പ്പായസം എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം.

മഹാസുദര്‍ശന മാലാമന്ത്രം (ജപത്തിന്):

“ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്ര യന്ത്രൌഷധാസ്ത്ര ശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേജ്വാലാപരീതായ
സര്‍വ്വദിക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ ഹും ഫള്‍”

ശാസ്താപ്രീതിക്കായി ശനീശ്വര-ശാസ്താമന്ത്രങ്ങൾ  നിത്യവും ജപിച്ച് ശനിദോഷങ്ങള്‍ നീങ്ങാന്‍ പ്രാര്‍ത്ഥിക്കണം. ശനിയാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ശനികാലഹോരസമയത്ത് നെയ്‌വിളക്ക് കൊളുത്തി ജപിക്കുന്നത് അത്യുത്തമം.

“ഓം ഹ്രീം ഹരിഹരസുതായ
രാജവാഹനായ ശത്രുനാശകായ
പുത്രലാഭായ മഹാശാസ്ത്രേ നമ:”
*****************

മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി):

വ്യാഴം പന്ത്രണ്ടില്‍ സ്ഥിതിയാകയാല്‍ അത്യധികമായ ചെലവുകളാല്‍ വിഷമിക്കും. വരവിനേക്കാൾ ചെലവ് സംഭവിക്കുന്നതോർത്ത് വിഷമിക്കും. മുതലുകള്‍ മോഷണം പോകാനും ന്യായമുണ്ട്. ദശാപഹാരകാലവും പ്രതികൂലമായി ഭവിച്ചാല്‍ ഈ കാലഘട്ടം അതീവക്ലേശപ്രദം തന്നെയായിരിക്കുമെന്ന് അനുമാനിക്കണം. ഇപ്പോള്‍ ചെയ്യുന്ന തൊഴില്‍ നഷ്ടപ്പെടുത്തിയാല്‍ ഈ വ്യാഴമാറ്റക്കാലവും തുടർന്നുള്ള ജന്മരാശിയിലെ വ്യാഴവും ചേർന്നുവരുന്ന ഒന്നരവർഷക്കാലം വലിയ രീതിയിൽ അലയേണ്ടിവരുമെന്നതിനാല്‍ തൊഴില്‍സ്ഥലത്ത് എപ്പോഴും ശ്രദ്ധയുണ്ടായിരിക്കണം. അനാവശ്യമായ യാത്രകള്‍ വേണ്ടിവരും. അങ്ങനെയും ധനനഷ്ടം സംഭവിക്കും. കുടുംബത്ത് പുതിയ വാഹനം വാങ്ങാനുള്ള യോഗമുണ്ട്. എന്നാല്‍ ഇവര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ വിവാഹം നടക്കാവുന്ന കാലവും ആകുന്നു. വീട്, വസ്തു എന്നിവയുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങളും അതുമായി മുന്നോട്ടുപോകുകയും ചെയ്യും. പതിനൊന്നിൽ നിൽക്കുന്ന ശനി ശുഭപ്രദനാകുന്നു. ഭവനനിർമ്മാണം ഫലപ്രാപ്തിയിലെത്തും. എന്നാൽ അതുവഴി ധനനഷ്ടമുണ്ടാകാതെ ശ്രദ്ധിക്കണം. കുടുംബത്ത് വിവാഹം, സന്താനങ്ങളുടെ മംഗളകർമ്മം, ഗൃഹപ്രവേശം എന്നീ ശുഭകരമായ പല കര്‍മ്മങ്ങള്‍ നടക്കാനും സാദ്ധ്യത കൂടുതലാണ്. എന്നിരിക്കിലും പൊതുവേ മോശമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടിയും വരും. ഇപ്പോഴുള്ള തൊഴില്‍ മാറാന്‍ ശ്രമിക്കുന്നത് ദോഷപ്രദമായി ഭവിക്കും.

ദോഷപരിഹാരമായി മഹാവിഷ്ണുക്ഷേത്രത്തില്‍ നെയ്‌വിളക്ക്, പാല്‍പ്പായസം, തുളസിമാല എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം. ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തവര്‍ ദിവസം മൂന്ന് നേരം സമ്മോഹന ഗോപാലമന്ത്രം ഭക്തിയോടെ ജപിക്കുന്നതും അത്യുത്തമമാകുന്നു.

സമ്മോഹന ഗോപാലമന്ത്രം:

“ഓം ‌ക്ലീം നമ: കൃഷ്ണായ വാസുദേവായ കര-കമല-മധുകരായ
സർവ്വജന സമ്മോഹനായ സർവ്വ വിഘ്നവിനാശായ
സർവ്വകാര്യെയ്ക സാധനായ സ്വാഹാ”
*********************
വ്യാഴമാറ്റവും ഫലദോഷങ്ങളും ഒരു സൂചികമാത്രമായിക്കണ്ട്, പ്രാര്‍ത്ഥനകള്‍ ഭക്തിയോടെയും കൃത്യതയോടെയും ചെയ്ത് ജീവിതവിജയം നേടാനായി പ്രാര്‍ത്ഥിച്ചുകൊണ്ട്,

അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
കരുനാഗപ്പള്ളി.

Visit: https://www.uthara.in/
Follow: https://www.facebook.com/uthara.astrology
Mob: 9497 134 134, 0476-296 6666.

Share this :
× Consult: Anil Velichappadan