ചൊവ്വാദോഷമെന്ന (അ)പ്രഖ്യാപിത ദോഷം

Share this :

വിവാഹത്തിനായി തയ്യാറെടുക്കുന്ന ജ്യോതിഷ വിശ്വാസികളായവരുടെ രക്ഷിതാക്കൾക്ക് ചൊവ്വാദോഷവും പാപസാമ്യവും നക്ഷത്രപ്പൊരുത്തവും പേടിസ്വപ്നമായി മാറുകയാണ്.

സ്ത്രീജാതകത്തിലെ ലഗ്നാലോ ചന്ദ്രാലോ ഏഴിലോ എട്ടിലോ ചൊവ്വ നിന്നാലും പുരുഷജാതകത്തിൽ ഏഴിൽ ചൊവ്വ നിന്നാലും ചൊവ്വാദോഷമുണ്ട് എന്ന് പൊതുവേ പറയപ്പെടുന്നു. എന്നാൽ ഇങ്ങനെയുള്ള സ്ഥിതി വന്നാലും ആ ജാതകത്തിൽ പ്രസ്തുത ദോഷങ്ങൾ നീങ്ങുന്ന സ്ഥിതി കൂടി ഈശ്വരകൃപയാൽ ഉണ്ടായിരിക്കുകയും ചെയ്യും.

എന്നാൽ ചൊവ്വാദോഷം നീങ്ങുന്ന കാര്യമൊന്നും ബോധ്യപ്പെടുത്താതെ, ഏഴിൽ ചൊവ്വയാണ്, എട്ടിൽ ചൊവ്വയാണ് എന്നൊക്ക പറയുന്നത് ശരിയല്ല. കാരണം ചൊവ്വാദോഷം ഒഴിവാകുന്ന സ്ഥിതികളും ആചാര്യന്മാരാൽ എഴുതി വെച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ചൊവ്വാദോഷം ഒരു ജാതകത്തിലും കാണുകയുമില്ല.

ഇതുപോലെതന്നെയാണ് നക്ഷത്രപ്പൊരുത്തവും. പത്തിൽ പത്ത് പൊരുത്തവും വേണമെന്ന് നിർബന്ധം പിടിക്കുന്നവർ അറിയേണ്ടതായ ചില കാര്യങ്ങളുണ്ട്. രണ്ടരപ്പൊരുത്തമുള്ളവർ സുഖമായി ജീവിക്കുകയും ഒമ്പത് പൊരുത്തമുള്ളവരിൽ പലർക്കും ദാമ്പത്യപരാജയം സംഭവിച്ചിട്ടുമുണ്ടല്ലോ. എന്താണ് കാരണമെന്ന് അന്വേഷിച്ചിട്ടുണ്ടോ?

നക്ഷത്രപ്പൊരുത്തത്തിൽ കൃത്യമായ രാശിപ്പൊരുത്തവും കൃത്യമായ യോനിപ്പൊരുത്തവും കൃത്യമായ രജ്ജുദോഷസാമ്യവും കൃത്യമായ വേധദോഷസാമ്യവും വരികയും, ഉത്തമമോ മദ്ധ്യമമോ ആയി പാപസാമ്യം വരികയും ചെയ്താൽ വിവാഹത്തിനായി യോജിപ്പിക്കാവുന്നതാണ്. (ഇവിടെ ‘കൃത്യമായ’ എന്നെഴുതാൻ കാരണമുണ്ട്. അധമം ചിലപ്പോൾ ശുഭവും, ഉത്തമം ചിലപ്പോൾ അധമവും ആകാവുന്നതാണ്. ഉത്തമനായൊരു ജ്യോതിഷിക്ക് മാത്രമേ ഇവ കൃത്യമായി കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ). അനുവദനീയ പരിധിയിലും അധികമായ പാപതയുള്ളവർക്ക് ദാമ്പത്യപരാജയം പൊതുവേ കണ്ടുവരുന്നു.

പാപത പരിശോധിക്കുമ്പോൾ ദോഷപ്രദമായ ഭാവങ്ങളിൽ നിൽക്കുന്ന ചൊവ്വയെക്കൂടി പരിഗണിക്കാറുണ്ട്. പിന്നെന്തിനാണ് പ്രത്യേകമായി ‘ചൊവ്വാദോഷ’ പരിശോധന നടത്തുന്നത്? കേരളത്തിലെ ജ്യോതിഷ പണ്ഡിതന്മാർ ഒരുമിച്ചിരുന്ന് ഇതിനൊരു തീരുമാനം അടിയന്തിരമായി കൈക്കൊള്ളേണ്ടതാകുന്നു.

ചൊവ്വാദോഷം എന്നത് അതിലഘുവായ ഒരു ഗ്രഹസ്ഥിതി മാത്രമാണെന്നും ഈ ദോഷം കൊണ്ട് മരണപ്പെട്ട ആരെയും ഞങ്ങൾക്ക് അറിയില്ലെന്നും നല്ലവരായ വായനക്കാരെ വിനയത്തോടെ, ഭക്തിയോടെ അറിയിച്ചുകൊള്ളുന്നു.

ജ്യോതിഷത്തിന്റെ പേരും പ്രശക്തിയും മികച്ച ജ്യോതിഷപണ്ഡിതന്മാരാൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെയെന്ന് അകമഴിഞ്ഞ് പ്രാർത്ഥിച്ചുകൊണ്ട്,

അനിൽ വെളിച്ചപ്പാടൻ.

Share this :
× Consult: Anil Velichappadan