ആത്മകാരകഗ്രഹത്തിന്റെ നവാംശത്തിൽ സൂര്യനും രാഹുവും യോഗം ചെയ്ത്, ശുഭദൃഷ്ടിയില്ലാതെ നിന്നാൽ പാമ്പുകടിമൂലം ദോഷം സംഭവിക്കും. ഗ്രഹനിലയിൽ രണ്ടിൽ രാഹുവിന് ഗുളികയോഗം ഭവിച്ചാലും പാമ്പുകടിമൂലം ദോഷം സംഭവിക്കും.
നാല്, പത്ത് ഭാവങ്ങളിലൊന്നിൽ സൂര്യനും ചൊവ്വയും യോഗം ചെയ്തുനിന്നാൽ കല്ലുകൊണ്ട് ദോഷം സംഭവിക്കും.
നാലിൽ ശനി, ഏഴിൽ ചന്ദ്രൻ, പത്തിൽ ചൊവ്വ എന്നിങ്ങനെ നിന്നാൽ കിണറ്റിൽ വീണ് ദോഷം സംഭവിക്കും.
ലഗ്നം ഉഭയരാശിയായ മിഥുനം, കന്നി, ധനു, മീനം എന്നിവയും അവിടെ സൂര്യനും ചന്ദ്രനും യോഗം ചെയ്തോ പരസ്പരം ദൃഷ്ടി ചെയ്തോ നിന്നാലും ജലത്തിൽ വീണ് ദോഷം സംഭവിക്കും.
മേടം, വൃശ്ചികം രാശികളിൽ ചന്ദ്രൻ പാപമദ്ധ്യസ്ഥിതനായി നിന്നാൽ ആയുധമോ അഗ്നിയോ മൂലം ദോഷം സംഭവിക്കും.
മകരം, കുംഭം രാശികളിൽ ചൊവ്വ പാപമദ്ധ്യസ്ഥിതനായി നിന്നാൽ തൂക്കുമരമോ അഗ്നിയോ മൂലം ദോഷം സംഭവിക്കും.
നാലിലെ സൂര്യൻ, പത്തിലെ ചൊവ്വ ഇവരെ ക്ഷീണചന്ദ്രൻ യോഗം ചെയ്താലോ ദൃഷ്ടി ചെയ്താലോ ലാത്തി, വടി എന്നിവയാൽ ദോഷം സംഭവിക്കും.
അഷ്ടമത്തിൽ ക്ഷീണചന്ദ്രൻ, പത്തിൽ ചൊവ്വ, ലഗ്നത്തിൽ ശനി, നാലിൽ സൂര്യൻ എന്നിങ്ങനെ വന്നാലും ലാത്തി, വടി എന്നിവയാൽ ദോഷം സംഭവിക്കും.
ലഗ്നത്തിൽ ചൊവ്വ, ഏഴിൽ സൂര്യൻ, പത്തിൽ ശനി എന്നിങ്ങനെ വന്നാൽ ആയുധം മൂലമോ അഗ്നിമൂലമോ രാജശിക്ഷ മൂലമോ ദോഷം സംഭവിക്കും.
നാലിൽ ചൊവ്വ, പത്തിൽ സൂര്യൻ എന്നിങ്ങനെ വന്നാൽ വാഹനാപകടത്താൽ ദോഷം സംഭവിക്കും.
ലഗ്നത്തിൽ സൂര്യനും ചന്ദ്രനും ശനിയും, ഏഴിൽ ചൊവ്വ എന്നിങ്ങനെ വന്നാൽ യന്ത്രത്തിനുള്ളിൽ കുടുങ്ങി ദോഷം സംഭവിക്കും.
എട്ടിൽ ശനിയും ക്ഷീണചന്ദ്രന് ചൊവ്വയുടെ ദൃഷ്ടിയും ഭവിച്ചാൽ വെടിയേറ്റ് ദോഷം സംഭവിക്കും.
നാലിൽ ക്ഷീണചന്ദ്രൻ, ഏഴിൽ സൂര്യനും ചൊവ്വയും, ഒൻപതിൽ ശനിയും എന്നിവ വന്നാൽ പക്ഷികൾ മൂലമോ കടന്നൽ മുതലയാവ മൂലമോ ദോഷം സംഭവിക്കും.
ലഗ്നത്തിൽ സൂര്യൻ, അഞ്ചിൽ ചൊവ്വ, എട്ടിൽ ശനി, ഒമ്പതിൽ ക്ഷീണചന്ദ്രൻ എന്നിങ്ങനെ വന്നാൽ മലയുടെ മുകളിൽ നിന്നോ വീടിന് മുകളിൽ നിന്നോ വീണ് ദോഷം സംഭവിക്കും.
ആറാംഭാവാധിപന് ചൊവ്വയുടെ യോഗവും ലഗ്നാധിപനും അഷ്ടമാധിപനും ദുർബലരായും ഭവിച്ചാൽ വഴക്കിനിടയിൽ ആയുധം മൂലം ദോഷം സംഭവിക്കും.
എട്ടിൽ ചൊവ്വയും ക്ഷീണചന്ദ്രനും നിന്നാൽ ഭൂത-പ്രേത-പിശാച്-ബാധാ ഉപദ്രവം കൊണ്ട് ദോഷം സംഭവിക്കും.
എട്ടിൽ ക്ഷീണചന്ദ്രൻ രാഹുവുമായി യോഗം ചെയ്താൽ തീയിൽ ചാടി ദോഷം സംഭവിക്കും.
ലഗ്നത്തിൽ സൂര്യൻ, ഏഴിൽ ചന്ദ്രൻ, ആ ചന്ദ്രന് പാപദൃഷ്ടി എന്നിവയുണ്ടായാൽ ജലത്തിൽ പതിച്ച് ദോഷം സംഭവിക്കും.
ലഗ്നത്തിൽ ബുധൻ, നാലിൽ ചൊവ്വ, പത്തിൽ സൂര്യൻ എന്നിവയുണ്ടായാൽ മൃഗത്തിന്റെ കൊമ്പുകൊണ്ട് അപകടം സംഭവിക്കും.
രണ്ടിൽ ചന്ദ്രൻ, നാലിൽ ചൊവ്വ, പത്തിൽ സൂര്യൻ എന്നിവയുണ്ടായാൽ വാഹനാപകടത്താൽ ദോഷം സംഭവിക്കും.
നാലിൽ സൂര്യൻ, എട്ടിൽ ശനി, പത്തിൽ ക്ഷീണചന്ദ്രൻ എന്നിവയുണ്ടായാൽ കെട്ടിടം തകർന്ന് ദോഷം സംഭവിക്കും.
ലഗ്നത്തിൽ മൂന്നാംഭാവാധിപനും അഷ്ടമാധിപനും യോഗം ചെയ്തുനിന്നാൽ അഗ്നിയിൽ വീണ് ദോഷം സംഭവിക്കും.
ലഗ്നാധിപന് ചൊവ്വയുടെ യോഗവും, കേതു മകരത്തിലോ കുംഭത്തിലോ നിൽക്കുകയും ചെയ്താൽ അഗ്നിയിൽ വീണ് ദോഷം സംഭവിക്കും.
ലഗ്നാധിപനും അഷ്ടമാധിപനും ശനി, രാഹു എന്നിവരുടെ യോഗത്തോടെ നിന്നാൽ ആയുധംകൊണ്ട് ദോഷം സംഭവിക്കും.
ജാതകത്തിൽ ബലമുള്ള കേസരിയോഗമോ മറ്റ് ദീർഘായുസ് യോഗങ്ങളോ, മുകളിൽ പറഞ്ഞ യോഗങ്ങൾക്ക് വ്യാഴയോഗമോ ദൃഷ്ടിയോ ഭവിച്ചാലോ ദോഷങ്ങൾക്ക് കുറവുണ്ടാകും.
ജാതകത്തിൽ ലഗ്നാധിപൻ നിൽക്കുന്ന രാശിയുടെ മൂന്നിലോ ആറിലോ എട്ടിലോ പന്ത്രണ്ടിലോ ആരൂഢലഗ്നാധിപൻ ഇരുവർക്കും യോഗകാരകസ്ഥിതിയില്ലാതെ നിന്നാലും ജാതകത്തിൽ മറ്റ് ദീർഘായുസ്സ് യോഗങ്ങളില്ലാതെവന്നാലും ശാശ്വതമായ പരിഹാരങ്ങൾ ഉത്തമനായ ജ്യോതിഷിയുടെ അഭിപ്രായപ്രകാരം അനുഷ്ഠിക്കുന്നത് അത്യുത്തമം ആയിരിക്കും.
അനിൽ വെളിച്ചപ്പാടൻ.