ജ്യോത്സ്യനെ തെരഞ്ഞെടുക്കുമ്പോൾ:

Share this :

ജ്യോത്സ്യനെ തെരഞ്ഞെടുക്കുമ്പോൾ:

മൂപ്പെത്തിയ പാണ്ഡിത്യവും തുള്ളിച്ചാടുന്ന ബാല്യവും ഒപ്പം ഗുരുത്വവും ദൈവാധീനവും ഉള്ളവർ ജ്യോതിഷത്തിൽ പേരും പ്രശസ്തിയും നേടും.

എന്തിനും കൃത്യമായൊരു വ്യവസ്‌ഥ ഉണ്ടായിരിക്കണം. അതൊരു അന്തസ്സ് തന്നെയാണ്. ഒരു സംഭവകഥ പറയാം.

ദേവപ്രശ്‌നത്തിനായി മാസപൂജ മാത്രമുള്ള ഒരു കുടുംബക്ഷേത്രത്തിന്റെ ഭാരവാഹികൾ ജ്യോത്സ്യനെ കാണാനെത്തി. കാര്യങ്ങളൊക്കെ സംസാരിച്ചുകഴിഞ്ഞപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ അങ്ങേയ്ക്ക് ദക്ഷിണയായി എത്ര തുക കരുതണം?”

ഏറ്റവും വലിയ ആദർശവാനായി അദ്ദേഹം കത്തിക്കയറി: “ഞാൻ ദക്ഷിണ ചോദിച്ചുവാങ്ങി എങ്ങും ദേവപ്രശ്നം നടത്താൻ പോകാറില്ല”

ക്ഷേത്രഭാരവാഹികൾക്ക് വളരെയേറെ സമാധാനമായി.

അങ്ങനെ ദേവപ്രശ്നം ആരംഭിച്ചു. ആരൂഢം മറഞ്ഞു. ഏകദേശം പതിനായിരം രൂപയുടെ പരിഹാരവും എഴുതി നൽകി അദ്ദേഹം ദക്ഷിണയൊന്നും വാങ്ങാതെ വളരെ നല്ല മനുഷ്യനായി ഏവരുടെയും ഹൃദയത്തിൽ അദ്ദേഹം പടർന്നുകയറി.

നിശ്ചയിച്ച പ്രകാരം മറ്റൊരു ദിവസം വീണ്ടും ദേവപ്രശ്നം നടന്നു. അദ്ദേഹം മാത്രമാണ് പ്രശ്നമെടുക്കാൻ വന്നത്. എല്ലാം കഴിഞ്ഞപ്പോൾ ദക്ഷിണ ഒരു കവറിലാക്കി നൽകി കാൽതൊട്ടു വന്ദിച്ച് യാത്രയാക്കി. അദ്ദേഹം സ്വയം ഓടിച്ചുവന്ന കാറിൽ കയറി, ലഭിച്ച ദക്ഷിണ അദ്ദേഹം തുറന്നുനോക്കിയിട്ട് ക്ഷേത്രഭാരവാഹികൂടിയായ കുടുംബത്തിലെ പ്രധാനിയെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു: “ഇത് വെറും 6000 രൂപ മാത്രമേയുള്ളൂ. ഇനി ഒരു 6000 രൂപ കൂടി വേണം. 10,000 എന്റെ ഫീസും 2000 കാറിന്റെ വാടകയുമാണ്”

വീട്ടുകാർ പിരിവെടുത്ത് ബാക്കി തുകകൂടി നൽകിയിട്ട് പറഞ്ഞു: “അങ്ങ് അന്ന് തുക പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു കൺഫ്യൂഷൻ വരില്ലായിരുന്നു. ഞങ്ങളോട് ക്ഷമിക്കണം…”

ദക്ഷിണ ചോദിക്കില്ല എന്ന് വീമ്പ് പറയുകയും എന്നാൽ കാര്യത്തോട് അടുക്കുമ്പോൾ ഏറ്റവും കൂടിയ ദക്ഷിണയും വന്ന കാറിന്റെ വാടകയും വഴിയിൽ മൂത്രശങ്ക തീർക്കാൻ നൽകിയ ഒരുരൂപ വരെയും ഇങ്ങനെ വിശ്വാസികളോട് ചോദിച്ചുവാങ്ങുന്ന ചില ജ്യോതിഷികളും തന്ത്രികളുമുള്ള പ്രദേശമാകയാൽ വിശ്വാസികൾക്ക് എല്ലാരേയും ഭയമായി വന്നിട്ടുണ്ട് എന്നത് രണ്ടരത്തരം.

ചൂണ്ടുപലകകൾ നിരവധിയുണ്ട്.

ദോഷപരിഹാരത്തിനായോ ഭാവി സംബന്ധമായോ ജ്യോത്സ്യനെ സമീപിക്കുന്നത് സ്വാഭാവികം. എന്നാൽ വരുന്നവർക്ക് ജ്യോത്സ്യന്റെ മനസ്സിലെ നല്ല ബുദ്ധിയോ കുടില ബുദ്ധിയോ അറിയാൻ സാധിക്കില്ലല്ലോ. ചിലർ പണത്തെ മാത്രം സ്നേഹിച്ചുകൊണ്ട് കാര്യങ്ങൾ നീക്കും. മറ്റ് ചിലർ തന്നെ സമീപിക്കുന്നവർക്ക് സർവ്വഫലങ്ങളും ലഭിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യും. ഇതാണല്ലോ ഇപ്പോൾ പൊതുവെ കണ്ടുവരുന്ന ഒരു രീതി. അതിനുള്ള ഒരു സംഭവകഥയാണ് മുകളിൽ സൂചിപ്പിച്ചത്.

ജ്യോതിഷത്തിലും ജ്യോതിശാസ്ത്രത്തിലും അറിവ്, കണക്കുകൾ കൂട്ടാൻ വൈദഗ്ദ്ധ്യം, സദാചാരി, സത്സ്വഭാവി, വിനയമുള്ളവൻ, അസത്യം പറയാത്തവൻ, വേദങ്ങൾ പഠിച്ചവൻ, പൂജ-ഹോമാദിയിൽ അറിവുള്ളവൻ, ഹോരാശാസ്ത്രങ്ങൾ മനസ്സിലാക്കിയവൻ, ദിനകലി-ഗ്രഹമദ്ധ്യം-ഗ്രഹസ്ഫുടം-സൂര്യ,ചന്ദ്ര ഗ്രഹണങ്ങൾ-ഗ്രഹയുദ്ധം-ചന്ദ്രബന്ധം-മൗഢ്യം-മൗഢ്യശേഷമുള്ള ഉദയം-ഗ്രഹങ്ങൾ നിൽക്കുന്ന നക്ഷത്രം തുടങ്ങിയ 10 ഗണിതങ്ങൾ പഠിച്ചവൻ, പഞ്ചസിദ്ധാന്തങ്ങൾ പഠിച്ചവൻ, മന്ത്രസിദ്ധിയുള്ളവൻ, ഗുരുവിന്റെ ഉപദേശത്താൽ ജപവും ഹോമവും ചെയ്ത് ഇഷ്ടമൂർത്തിയെ സന്തോഷിപ്പിച്ച് കൂടെ നിർത്തുന്നവൻ, സംസ്ക്കാരമുള്ള കുടുംബത്ത് ജനിച്ചവൻ, സമൂഹത്തിന് ഇഷ്ടപ്പെട്ടവൻ, ലളിത ജീവിതരീതി പുലർത്തുന്നവൻ, അംഗവൈകല്യം ഇല്ലാത്തവൻ, ശുചിത്വം, പ്രാഗത്ഭ്യം, ദേശകാലജ്ഞാനം, സാത്വികൻ, സാത്വിക കർമ്മവും ആഭിചാര കർമ്മവും അറിയാവുന്നവൻ എന്നിങ്ങനെ നിരവധി കാര്യങ്ങൾ പഠിച്ചവനായിരിക്കണം ഉത്തമനായ ജ്യോതിഷി.

പരിഹാരം നിർദ്ദേശിച്ചാൽ പ്രാർത്ഥന, മന്ത്രജപം, വ്രതം എന്നിവയിലൂടെ ഫലപ്രാപ്തിയിലെത്താൻ ശ്രമിക്കുന്നവരും, അവയെല്ലാം ഒരു കർമ്മിയെക്കൊണ്ട് ക്ഷേത്രത്തിലോ വീട്ടിലോ ചെയ്യിക്കുന്നവരും നിരവധിയാണ്. എന്നാൽ മനഃശക്തിയും തപഃശക്തിയും ഇല്ലാത്തവരെക്കൊണ്ട് അവയൊക്കെ ചെയ്യിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടും.

കേവലമൊരു പുഷ്‌പാഞ്‌ജലിയിൽ തീർക്കാൻ താല്പര്യമില്ലാത്ത വിശ്വാസികളും, അതിൽ മാത്രമൊതുക്കാൻ തീരെ താല്പര്യമില്ലാത്ത വിശ്വാസികളും തൊട്ടടുത്ത ക്ഷേത്രത്തിൽ അല്പം പുഷ്പവുമായി പോകുന്നതിനേക്കാൾ വളരെ ദൂരെയുള്ള ക്ഷേത്രദർശനത്തിന് താൽപര്യപ്പെടുന്നവരുമുള്ള കാലമാണ്.

പരിഹാരം നിർദ്ദേശിക്കുന്ന ജ്യോത്സ്യർക്കും ആ പരിഹാരകർമ്മം ചെയ്യുന്ന കർമ്മിയ്ക്കും അതിലുപരി അതിന്റെ ഗുണഭോക്താവായ വ്യക്തിയ്ക്കും ഈശ്വരാധീനവും സത്ഗുണവും ഉണ്ടായിരിക്കണം. കാര്യം സാധിച്ചുകഴിഞ്ഞാൽ അതിൽ ഇവർക്കെല്ലാം അഭിമാനിക്കാവുന്നതാണ്. അഥവാ ആ വിശ്വാസിയുടെ കാര്യം സാധിച്ചില്ലെങ്കിൽ ഇവരെല്ലാം ഇവരുടെ ദൈവാധീനത്തെക്കുറിച്ച് സ്വയം ചിന്തിക്കുകയും ചെയ്യണം.

വരുന്നവരെ ഭയപ്പെടുത്താതെ, കൃത്യമായ ദോഷപരിഹാരകർമ്മങ്ങൾ നിർദ്ദേശിക്കുന്ന ജ്യോതിഷികൾ നിരവധിയാണ്. അവർ ചിരിച്ചുകൊണ്ട് സംസാരിച്ചുകൊണ്ടേയിരിക്കും. എന്നാൽ ഉള്ളിൽ ആയുസ്സ് നീട്ടിനൽകാനുതകുന്ന ദേവനെയും കർമ്മിയെയും അവർക്കുവേണ്ടി ചിന്തിച്ചുകൊണ്ടുമിരിക്കും. ചില ജ്യോതിഷികൾ “എന്റെ ഗ്യാരന്റിയാണ്. നിങ്ങളിത് നടത്തിക്കോളൂ…” എന്ന് പറഞ്ഞ് വിശ്വാസികളുടെ ആത്മവിശ്വാസത്തെ പതിന്മടങ്ങ് വർദ്ധിപ്പിക്കും.

ദൈവത്തിൽ അർപ്പിച്ചുകൊണ്ടുള്ള കർമ്മങ്ങൾ കൃത്യമായി പാലിക്കേണ്ടതുതന്നെയാണ്. അങ്ങനെ ചെയ്യുന്നവരെ കണ്ടത്തുന്നവരാണ് യഥാർത്ഥ ഭാഗ്യശാലികൾ.

Anil Velichappadan
Uthara Jyotisham
www.uthara.in

Share this :
× Consult: Anil Velichappadan