മക്കളെക്കണ്ടും മാമ്പൂകണ്ടും അഹങ്കരിക്കരുത്

Share this :

മക്കളെക്കണ്ടും മാമ്പൂകണ്ടും അഹങ്കരിക്കരുത്
———————-
അഞ്ച് കര്‍മ്മേന്ദ്രിയങ്ങളെയും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളെയും ബഹിര്‍മുഖമാക്കിവെച്ച സാക്ഷാല്‍ രാവണന്‍റെ പുത്രനാണ് മേഘനാഥന്‍. ദേവേന്ദ്രനെ യുദ്ധം ചെയ്ത് പരാജയപ്പെടുത്തി ബന്ധനസ്ഥനാക്കിയപ്പോള്‍ മുതലാണ്‌ മേഘനാഥന് ‘ഇന്ദ്രജിത്ത്’ എന്ന പേരുകൂടി ലഭിച്ചത്. ദേവേന്ദ്രനെ പരാജയപ്പെടുത്തിയ ആള്‍ മോശക്കാരനല്ലല്ലോ.

ദേവേന്ദ്രനെ പരാജയപ്പെടുത്തി ബന്ധനസ്ഥനാക്കിയ ഒരു മകന്‍റെ പിതാവായ താന്‍ മഹാഭാഗ്യവാനും ഇനി ആരെയും ഭയപ്പെടാതെ കഴിയാനുമുള്ളവനുമാണെന്ന് രാവണന്‍ അഹങ്കരിച്ചു. മക്കളുടെ വീരപ്രവൃത്തികള്‍ വാചാലമായി സംസാരിച്ച് ആനന്ദം കണ്ടെത്തുന്ന രക്ഷകര്‍ത്താക്കള്‍ ഇന്നും ധാരാളമുണ്ട്. രാവണന്‍റെ അതിരുവിട്ട വിശ്വാസം തകര്‍ന്നുപോയ ഒരു കഥകൂടി നമ്മള്‍ അറിഞ്ഞിരിക്കണം.

ഒരിക്കല്‍ നാരദമഹര്‍ഷി രാവണനെ കണ്ടപ്പോള്‍ “അങ്ങും ‘പുല്ലും’ തുല്യമാണെന്ന് ഒരു വാനരന്‍ പറഞ്ഞുനടക്കുന്നുണ്ട്…” എന്ന് പറഞ്ഞു.

കോപം കൊണ്ട് വിറച്ച രാവണന്‍ ആ വാനരനെക്കുറിച്ച് അന്വേഷിച്ചു. അവനെ ഇന്നുതന്നെ കൊല്ലുമെന്ന് തീര്‍ച്ചപ്പെടുത്തി.

“അവന്‍റെ പേര് ബാലി എന്നാണ്. ഇന്ദ്രന്‍റെ പുത്രനാണ്. അസാധാരണ സ്വഭാവക്കാരനായ ഒരു വാനരനാണ്…” നാരദമഹര്‍ഷി ആളെക്കുറിച്ച് വിശദീകരിച്ചു.

“ബാലിയുടെ പിതാവിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ ഒരു മകന്‍റെ മഹാനായ പിതാവാണ് ഞാന്‍. ബാലിയുടെ കഥ ഞാനിന്ന് തീര്‍ക്കും” ഇതും പറഞ്ഞ് രാവണന്‍ തന്‍റെ ‘ചന്ദ്രഹാസം’ എന്ന ദിവ്യായുധവുമായി ബാലിയെ അന്വേഷിച്ച് പുറപ്പെടാനൊരുങ്ങി.

‘ചന്ദ്രഹാസം’ എന്ന ദിവ്യായുധമെടുത്ത് പുറപ്പെടാനൊരുങ്ങിയപ്പോള്‍ നാരദമഹര്‍ഷി ചോദിച്ചു: “ഒരു വാനരനെ കൊല്ലുന്നതിന് ചക്രവര്‍ത്തിയും സാക്ഷാല്‍ ഇന്ദ്രജിത്തിന്‍റെ മഹാനായ പിതാവുമായ അങ്ങേയ്ക്ക് എന്തിനാണ് ചന്ദ്രഹാസമെന്ന ദിവ്യായുധം? അങ്ങേയ്ക്ക് അവനെ നിരായുധനായി തീര്‍ക്കാവുന്നതേയുള്ളല്ലോ….”

അങ്ങനെ രാവണന്‍ നിരായുധനായി ബാലിയെ തിരഞ്ഞിറങ്ങി.

നാല് സമുദ്രങ്ങള്‍ താണ്ടി നിത്യവും സന്ധ്യാവന്ദനങ്ങള്‍ നടത്തുന്നവനും ഏഴ് വന്‍വൃക്ഷങ്ങളെ പിടിച്ചുകുലുക്കി വ്യായാമം ചെയ്യുന്നവനുമായ ബാലിയുടെ ശക്തി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

മനുഷ്യന് മാത്രമേ രാവണനെ വധിക്കാന്‍ സാധിക്കുകയുള്ളൂ എന്നറിയാവുന്ന ബാലി, തന്‍റെ പിതാവായ ഇന്ദ്രനെ ബന്ദിയാക്കിയ ഇന്ദ്രജിത്തിന്‍റെ പിതാവായ രാവണനെ ഇന്ന് ബന്ധനസ്ഥനാക്കണമെന്ന് വിചാരിച്ചു.

ബാലിയുടെ വാല് നീട്ടി രാവണനെ ബന്ധിച്ചു. ഓരോ സമുദ്രവും ഓരോ ചാട്ടത്തില്‍ കീഴടക്കി സന്ധ്യാവന്ദനം നടത്തിക്കൊണ്ടിരുന്നു. അവസാനം ദീനരോദനം കേട്ടതോടെ ബാലി തിരിഞ്ഞുനോക്കി.

സ്വന്തം മകന്‍റെ വിജയത്തില്‍ അഹങ്കാരംകൊണ്ട് വിറളിപിടിച്ചുനടന്ന രാവണചക്രവര്‍ത്തി ഒരു വാനരന്‍റെ വാലിന്‍റെ ഇടയില്‍ക്കിടന്ന് മോചനത്തിനായി കരയുന്നു!!!

മക്കളെക്കൊണ്ടും മക്കളെക്കണ്ടും ഭ്രമിച്ചുനടക്കുന്ന എല്ലാരും രാവണന്‍റെ ഈ ഗതികേടും ഒന്നറിഞ്ഞിരിക്കുന്നത് വളരെ നല്ലതായിരിക്കും.

മക്കളെക്കണ്ടും മാമ്പൂകണ്ടും അഹങ്കരിക്കരുത്.

Share this :
× Consult: Anil Velichappadan