ഭഗവാൻ ശ്രീകൃഷ്ണനെനോക്കി മൃതപ്രായനായ ദുര്യോധനൻ, കണ്ണുപൊട്ടുന്ന ചില സത്യങ്ങൾ വിളിച്ചുപറഞ്ഞ് അധിക്ഷേപിക്കുന്ന ഒരുസന്ദർഭമുണ്ട്, കുരുക്ഷേത്രത്തിൽ.
“എടാ കംസന്റെ അടിമയുടെ മോനേ… നിനക്ക് നാണമില്ലല്ലോ ഇങ്ങനെയൊക്കെ പറയാൻ!! എന്റെ തുടയിൽ തല്ലാൻവേണ്ടി അർജ്ജുനനെക്കൊണ്ട് നീ ഭീമന് സൂചന കൊടുപ്പിച്ചത് ഞാൻ കണ്ടില്ലെന്നാണോ നിന്റെ വിചാരം? സത്യയുദ്ധം ചെയ്ത രാജാക്കന്മാരെ ചതിവിദ്യകൾ ചെയ്തല്ലേ നീ തോല്പിച്ചത്? വീരനായ ഭീഷ്മനെ ശിഖണ്ഡിയെ മുന്നിൽനിർത്തി വീഴ്ത്തിയത് നീയല്ലേ? യുധിഷ്ഠിരനെക്കൊണ്ട് കള്ളം പറയിച്ച് ദ്രോണനെക്കൊണ്ട് ആയുധം വെയ്പ്പിച്ചത് നീയല്ലേ? യോഗസ്‌ഥനായ ദ്രോണനെ ധൃഷ്ടദ്യുമ്നൻ കൊന്നത് നീ നോക്കി നിന്നില്ലേ? കൈമുറിഞ്ഞ് പ്രായോപവേശം ചെയ്ത ഭൂരിശ്രവസ്സിനെ സാത്യകിയെക്കൊണ്ട് കൊല്ലിച്ചത് നീയല്ലേ? നിരായുധനായി തേർച്ചക്രം പോകുന്ന സമയത്തല്ലേ കർണ്ണനെ കൊല്ലാൻ നീ അർജ്ജുനനെ പ്രേരിപ്പിച്ചത്? ഇത്രയൊക്കെ ചെയ്തിട്ടും നീ യോഗ്യത പറയുന്നോ, നാണംകെട്ടവൻ..!!”
ശ്രീകൃഷ്ണൻ കുറെ ന്യായം പറഞ്ഞു: “ഹേ ദുര്യോധനാ… നീ ഗുരുക്കന്മാരുടെ ഉപദേശം കേട്ടില്ല. നീ വൃദ്ധന്മാരെ പരിരക്ഷിച്ചിട്ടില്ല. അവരുടെ ഹിതത്തെ നീ ആദരിച്ചില്ല. നീ ലോഭത്തിനും തൃഷ്ണയ്ക്കുംവേണ്ടി പല അനർത്ഥങ്ങളും ചെയ്തു. ഏതൊക്കെ അന്യായങ്ങൾ ഞങ്ങൾ ചെയ്തതായി നിങ്ങൾ പറയുന്നുവോ, അതെല്ലാം നിന്റെ ദുഷ്ടതകൊണ്ട് നിനക്ക് ലഭിച്ചതാണ്…”
വീണ്ടും ശ്രീകൃഷ്ണന്റെ തത്വജ്ഞാനം കേട്ടപ്പോൾ ദുര്യോധനന്റെ അമർഷം നുരഞ്ഞുപൊങ്ങി.
“നാണമില്ലാത്ത കാലിച്ചെറുക്കാ… ഞാൻ എന്തുകാര്യം ചെയ്‌തെന്നാണ് നീ പറയുന്നത്? പൗരുഷംകൊണ്ടും ആജ്ഞാശക്തികൊണ്ടും ഞാൻ ഭൂമിയൊക്കെ അടക്കിവാണു. ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്ന എല്ലാ സുഖങ്ങളും ഞാൻ സുഭിക്ഷമായി അനുഭവിച്ചു. നന്നായി അദ്ധ്വാനിച്ചു, അദ്ധ്യയനം ചെയ്തു. ധാരാളം ദാനം ചെയ്തു. സ്വധർമ്മം നോക്കുന്ന രാജാക്കന്മാർക്ക് എപ്രകാരമുള്ള മരണമാണോ ശ്രേഷ്ഠമായി കണക്കാക്കുന്നത്, അങ്ങനെയുള്ള ഒരു മരണം എനിക്കും ലഭിക്കുന്നു. ശത്രുവിനോട് ധീരമായി പോരാടി ഞാൻ നിലംപതിച്ചു. ഇത്ര ഉത്തമമായ ഒരന്ത്യം ഏത് രാജാവിനുണ്ടാകും?”
എന്നിട്ടും ദേഷ്യം തീരാതെ ദുര്യോധനൻ ഇതുകൂടി പറഞ്ഞു:
“എടാ കൃഷ്ണാ… ഞാൻ എന്റെ സഹോദരന്മാരോടും സുഹൃത്തുക്കളോടുംകൂടി സ്വർഗ്ഗത്തിൽ സുഖിക്കും. നീയൊക്കെ ആശ നശിച്ച് ദുഃഖിച്ച് ദുഃഖിച്ച് നാളുകൾ കഴിച്ചുകൂട്ടും”
അനന്തരം വാനിലും വിണ്ണിലും പ്രകാശം പരന്നു. ആകാശത്തുനിന്നും സുഗന്ധപുഷ്പങ്ങൾ ധീരനായ ദുര്യോധനന്റെമേൽ വർഷിക്കപ്പെട്ടു. അവിടമാകെ സുഗന്ധം പരത്തുന്ന മന്ദമാരുതൻ വീശി. ദേവന്മാർ വാദ്യഘോഷങ്ങൾ മുഴക്കി. അപ്സരസ്സുകൾ ദുര്യോധനനെ വാഴ്ത്തിക്കൊണ്ട് പാട്ടും നൃത്തവും ആരംഭിച്ചു.
ആജന്മ ശത്രുവായ ദുര്യോധനനെ ദേവതകൾപോലും പൂജിക്കുന്നതുകണ്ട് പാണ്ഡവർ നാണിച്ചുതലതാഴ്ത്തി. നല്ലവരായ പ്രഗത്ഭരെ അധർമ്മത്താലാണ് കൊന്നതെന്ന് കേട്ട പാണ്ഡവർ ആകെ സങ്കടത്തിലായി.
(അവലംബം: ശ്രീ എം.പി. ചന്ദ്രശേഖരൻ പിള്ള, മഹാഭാരതം-ഗദ്യാഖ്യാനവും കിളിപ്പാട്ടും)
ഭാവാർത്ഥം:
ജീവിക്കുന്നെങ്കിൽ ആണായിട്ടുതന്നെ ജീവിക്കണം. ഒരുത്തനോടും ജീവനുവേണ്ടി യാചിക്കാതെ, താൻ ചെയ്തതുതന്നെയാണ് ശരിയെന്ന് അവസാന ശ്വാസത്തിലും വിളിച്ചുപറഞ്ഞ ദുര്യോധനൻ പൗരിഷി തന്നെയാണ്. തുടയെല്ല് പൊട്ടി ജീവച്ഛവമായി കിടന്നിട്ടും ശ്രീകൃഷ്ണന്റെ മുഖത്തുനോക്കി പറയാനുള്ളത് വിളിച്ചുപറഞ്ഞിട്ട് മരിച്ച ദുര്യോധനന്റെ അസാമാന്യധൈര്യത്തെ എങ്ങനെ നാം മറക്കും?