ഹിന്ദുവിന്റെ വിവാഹം

Share this :

ഹിന്ദുവിന്റെ വിവാഹം:

ഹിന്ദുവിന്റെ അതിവിശാലമായ ഉപജാതിസമ്പ്രദായങ്ങളില്‍ വിവാഹം നടക്കുന്ന ചടങ്ങ് വളരെ വ്യത്യസ്തമായി കാണാന്‍ കഴിയും. ഇതില്‍ വളരെയേറെ വിവാഹങ്ങളും നടക്കുന്നത് ‘ഈശ്വരാ…’ എന്നൊരു ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന പോലുമില്ലാതെയാണ്. വിവാഹത്തിന് സകലരെയും ക്ഷണിക്കുന്നു, അവരെ സ്വീകരിക്കുന്നു, ഭക്ഷണത്തിന് തിരക്കുകൂട്ടുന്നു, പാരിതോഷികം നല്‍കുന്നു, മടങ്ങുന്നു. മറ്റൊരുഭാഗത്ത് വിവാഹം നടക്കുന്നു. ഇതെന്തൊരു കീഴ്‌വഴക്കമാണ്!!!

ചില സമുദായങ്ങളില്‍ ഭക്തിപൂര്‍വ്വം വിവാഹമണ്ഡപത്തില്‍ ക്ഷേത്രത്തിലെ കര്‍മ്മി വന്നിരുന്ന് ഇരുവര്‍ക്കുമായി കൂര്‍ച്ചം കെട്ടിയുള്ള കര്‍മ്മങ്ങളും താലിപൂജയുമൊക്കെ ചെയ്യാറുണ്ട്. വധുവിന്റെ പിതാവിന് പ്രധാന കര്‍മ്മി മന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത് ഏറ്റുചൊല്ലിക്കുകയും ചെയ്തുവരുന്നു. അതൊക്കെ എത്ര സന്തോഷം നല്‍കുന്ന കര്‍മ്മങ്ങളാണ്…

കാണികളായ നമ്മള്‍ എന്താണ് ചെയ്യേണ്ടത്, എന്താണ് പറയേണ്ടത് എന്നറിയാതെ വധുവിന്‍റെ സ്വര്‍ണ്ണവും അവളുടെ വസ്ത്രങ്ങളുടെ വ്യത്യസ്തതയും നോക്കി അത്ഭുതപരവശരായി അങ്ങനെയിരിക്കും. ഇതിനൊക്കെ മാറ്റം വരേണ്ടതാകുന്നു.

മണ്ഡപത്തില്‍ വിവാഹം നടക്കുന്ന മുഹൂര്‍ത്തത്തില്‍:

“ഓം മഹാധനസ്യ പുരുഹൂതേ സംസൃജി….” എന്നുതുടങ്ങി

“സ മഞ്ജന്തു വിശ്വേ ദേവാ: സ മാപോ ഹൃദയാനി നൌ.
സം മാ തരിശ്വാ സം ധാതാ സ മു ദേ ഷ്ട്രീ ദധാതു നൌ.”

എന്ന് അവസാനിക്കുന്ന 49 ഋക്ക് അഥവാ ഭാഗകളുള്ള ‘വിവാഹമന്ത്രം’ അഥവാ ‘വേളിഓത്ത്’ കാണികളായ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മറ്റ് മതസ്ഥര്‍ എന്നിവര്‍ വധൂവരന്മാര്‍ക്കായി ജപിക്കണമെന്ന് പറയുന്നത് അപ്രായോഗികമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്നാല്‍ ഈ വിവാഹമന്ത്രം അഥവാ വേളിഓത്ത് പ്രധാനകര്‍മ്മി ജപിക്കുകയും ഓരോ ഭാഗ കഴിയുമ്പോഴും എഴുന്നേറ്റ് നില്‍ക്കുന്ന ബന്ധുമിത്രാദികള്‍

“ദീര്‍ഘസുമംഗലീ ഭവ:” എന്ന് വധുവിനെ നോക്കിയും, “ചിരംജീവി ഭവ:” എന്ന് വരനെ നോക്കിയും പൂര്‍ണ്ണമനസ്സോടെ ജപിച്ച് അവര്‍ക്ക് നേരെ പുഷ്പം എറിയാമല്ലോ? ഓരോ ഭാഗ വേളിഓത്ത് കഴിയുമ്പോഴും കാണികള്‍ക്ക് മന്ത്രം ജപിച്ച് പുഷ്പം വര്‍ഷിക്കാനുള്ള സാവകാശം കൊടുത്താല്‍ മാത്രം മതിയാകുന്നതുമാണ്.

ഭാഗ്യസൂക്തം അറിയാവുന്നവര്‍ക്ക് അത് ജപിക്കാം. ഐകമത്യം അഥവാ സംവാദസൂക്തം അറിയാവുന്നവര്‍ക്ക് അതും ജപിക്കാം. എങ്കിലും, മണ്ഡപത്തില്‍ നില്‍ക്കുന്ന പ്രധാനകര്‍മ്മി ഇങ്ങനെയൊരു വേളിഓത്ത് ജപിച്ചാല്‍ ആ പ്രദേശം മുഴുവന്‍ ഭക്തിസാന്ദ്രമാകും. ഇപ്രകാരമുള്ള അതിപ്രധാനമന്ത്രങ്ങള്‍ കേള്‍ക്കുന്നതുപോലും അതീവഭാഗ്യമാണെന്നും അതില്‍ പങ്കെടുക്കുന്നത് മഹാഭാഗ്യമാണെന്നും തിരിച്ചറിഞ്ഞാല്‍ മാത്രം മതി, ഹിന്ദുവിന്‍റെ വിവാഹം ഭക്തിസാന്ദ്രമാകാന്‍.

വിവാഹം അതിഗംഭീരമായി നടത്തണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരെങ്കിലും നമ്മുടെ കേരളത്തിലുണ്ടാകുമോ? വളരെ സംശയമാണ്. അത്യന്താധുനികമായ ആഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്ത് വിവാഹം നടത്തുന്ന നമ്മള്‍ക്ക് അതിന്‍റെകൂടെ ഒരു കര്‍മ്മിയെ വിളിച്ചുവരുത്തി ഇതുപോലുള്ള വിവാഹഓത്ത് അല്ലെങ്കില്‍ മറ്റ് ഹിന്ദുവിവാഹസംസ്ക്കാരങ്ങള്‍ ഒന്ന് കാണിച്ചുകൊടുത്തുകൂടെ?

പപ്പടം കിട്ടാത്തത്തിന്റെ പേരിലും, പായസം കിട്ടാത്തതിന്റെ പേരിലും നിര്‍ഭാഗ്യവശാല്‍ അടിപിടിയുണ്ടാക്കാതെ നമുക്ക് ഒരു വിവാഹം ഭക്തിസാന്ദ്രമായി നടത്താന്‍ കഴിയില്ലേ? ഇത് ഹിന്ദുമതത്തിലെ എല്ലാ ഉപജാതികളിലും അനുവര്‍ത്തിക്കുന്നില്ല എന്നല്ല.

ഇന്ന് വിവാഹാലോചന വന്നാല്‍ വധുവിന്റെ വീട്ടുകാരേക്കാള്‍ ആദ്യം പൊരുത്തം നോക്കാന്‍ വരുന്നത് വരന്റെ വീട്ടുകാരാണ്. അവരോട് പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട്, “വധുവിന്റെ വീട്ടുകാര്‍ ആദ്യം നോക്കിയോ, അവരല്ലേ ആദ്യം നോക്കേണ്ടത്…” എന്നൊക്കെ. ഇന്ന് കാലം മാറിയിരിക്കുന്നു. ആദ്യം, ഗ്രഹനില എടുക്കാന്‍ വരുന്ന വരന്റെ വീട്ടുകാര്‍ പറയും, “ഒരു നല്ല കുട്ടിയുടെ ജാതകവിവരം ഉണ്ടെങ്കില്‍ ഒന്ന് പറയുക… ഞങ്ങള്‍ക്ക് നല്ലൊരു പെണ്‍കുട്ടിയെ മാത്രം മതി”

അങ്ങനെ ഇവിടെ വന്നിട്ടുള്ള ഒരു പെണ്‍കുട്ടിയുടെയും അവളുടെ വീട്ടുകാരുടെ വിവരവും കൊടുത്തുകഴിഞ്ഞാല്‍ രണ്ട് ദിവസം കഴിഞ്ഞ് വരന്റെ രക്ഷകര്‍ത്താവ് പറയുന്നത് ഇപ്രകാരമായിരിക്കും: “മോന് നല്ല ജോലിയല്ലേ…. അപ്പോള്‍ എന്തെങ്കിലുമൊക്കെ നമുക്കും കിട്ടേണ്ടേ….” ഇതാണ് നമ്മുടെ ജീര്‍ണ്ണിച്ച ചിന്താഗതി.

കുറഞ്ഞുപോയ സ്വര്‍ണ്ണവും സ്വത്തുമോര്‍ത്ത് വിവാഹദിവസം തുടങ്ങുന്ന ടെന്‍ഷനും പ്രഷറും വാക്കിലും പ്രവൃത്തിയിലും പ്രാവര്‍ത്തികമായി ഭവിക്കുമെന്നത് സ്വാഭാവികവുമാണല്ലോ… അത് വലിയ പ്രശ്നങ്ങളായി ഒടുവില്‍ കോടതിയില്‍വരെ എത്തപ്പെടുന്നു. എന്നാല്‍ ഉത്തമമായ ഒരു വിവാഹമുഹൂര്‍ത്തത്തില്‍ യഥാവിധി ജപിക്കുന്ന മന്ത്രങ്ങള്‍ക്ക് അവരുടെ ഭാവിജീവിതത്തെ ശക്തിപ്പെടുത്താനുള്ള അപാരമായ ശക്തിയുണ്ടായിരിക്കും.

നിങ്ങളുടെ കുടുംബത്ത് ഇനി നടക്കുന്ന ഒരു വിവാഹത്തില്‍ ഈ മന്ത്രജപങ്ങള്‍ ഒന്ന് ഉള്‍പ്പെടുത്തിനോക്കൂ… അതിന്റെ ദൈവീകഗുണം തീര്‍ച്ചയായും അവരുടെ വിവാഹജീവിതത്തില്‍ ഉണ്ടാകുകതന്നെ ചെയ്യും.

പ്രാര്‍ത്ഥനകളോടെ….

Anil Velichappadan
Uthara Astro Research Center
Karunagappally.

LIKE: https://www.facebook.com/uthara.astrology
VISIT: https://uthara.in/

(ഞങ്ങൾ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ ഫെയ്‌സ്ബുക്ക് പേജിൽ 29-7-2014 ൽ പോസ്റ്റ് ചെയ്ത ലേഖനം)

Share this :
× Consult: Anil Velichappadan