1197 പുതുവർഷഫലം

Share this :

1197 പുതുവർഷഫലം
(17-08-2021 മുതൽ 16-08-2022 വരെ)

മഹാമാരിയും സാമ്പത്തിക പ്രതിസന്ധികളുമൊക്കെ മറികടക്കാൻ കഴിയുന്ന ഒരു പുതുവർഷമാണെന്ന് പ്രത്യാശിക്കാവുന്ന ഗ്രഹസ്ഥിതികൾ വരുന്നത് ശുഭപ്രദമാകുന്നു. വ്യാഴത്തിന്റെ അതിചാരം അഥവാ അതിവേഗം മാറിവരുന്ന ഒരു കാലമാകയാൽ  രോഗഭീതിയും മാറുന്നതായിരിക്കും. സെപ്റ്റംബർ മാസം മുതൽ വ്യാഴവേഗം ശരാശരി വേഗമായ മിനിറ്റിൽ 777 കിലോമീറ്റർ എന്ന നിലയിലേക്ക് തിരികെ വരുന്നത് വലിയ ലോകത്തിന് വലിയ ആശ്വാസമാകും. ” മഹാമാരി സംഭവിക്കുന്ന ഗ്രഹസ്ഥിതികൾ” എന്ന സുദീർഘ ലേഖനം ഉത്തരായു‌ടെ വെബ്സൈറ്റിൽ ലഭ്യമാണ്.

മഹാമാരി വരുന്ന ഗ്രഹസ്ഥിതികൾ:

വ്യാഴഗ്രഹത്തിന് ശനിയുമായി ഏതെങ്കിലും തരത്തിലെ ഒരു ബന്ധം വരിക, വ്യാഴം അതിന്റെ അന്ത്യദ്രേക്കാണത്തിൽ വരിക, വ്യാഴം ശത്രുനക്ഷത്രത്തിൽ നിൽക്കുക, അതോടൊപ്പം വ്യാഴവേഗം മിനിറ്റിൽ 1278 കിലോമീറ്ററിന് മേലേ പോകുകയും ചെയ്യുന്ന കാലഘട്ടങ്ങളിലൊക്കെയും ലോകത്ത് മഹാമാരികൾ സംഭവി‌‌‌ച്ചുകൊണ്ടേയിരിക്കുന്നു. ഇപ്രകാരമുള്ള ഗ്രഹസ്ഥിതികൾ കണ്ടെത്തി ഏതൊക്കെ രോഗങ്ങൾ സംഭവിക്കാൻ സാദ്ധ്യതയു‌ണ്ടെന്ന് ലോകത്തെ അറിയിക്കാൻ ‘മുണ്ടെയ്ൻ ആസ്‌ട്രോളജേഴ്സ്’ അഥവാ ‘രാഷ്‌ട്രജാതകം’ തയ്യാറാക്കുന്ന ജ്യോതിഷ പണ്ഡിതന്മാർ മുന്നിട്ടിറങ്ങേണ്ടതാണ്.

2021 ഒക്‌ടോബർ മുതൽ ഡിസംബർ വരെയും പിന്നെ 2022 ജൂൺ മുതൽ ആഗസ്റ്റ് വരെയും രോഗഭീതിയുണ്ടായിരിക്കും. നൂതനമായ മെഡിസിനൊക്കെ ലഭ്യമാകയാൽ രോഗം മൂർ‌ച്ഛിക്കുകയില്ലെന്ന് വിശ്വസിക്കാം.

കാറ്റ്, മഴ, കെ‌‌ടുതികൾ:

1) 2021 ഒക്‌ടോബർ 22 മുതൽ ഡിസംബർ 05 വരെ പ്രകൃതിക്ഷോഭങ്ങൾക്ക് സാദ്ധ്യതയുണ്ട്. ഇതിൽ അവസാന നാളുകളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതായ ചില ഗ്രഹസ്ഥിതികളും കാണുന്നുണ്ട്.

2) 2022 ഫെബ്രുവരി 26 മുതൽ ഏപ്രിൽ 07 വരെയും പ്രകൃതി‌ക്ഷോഭങ്ങൾക്ക് സാദ്ധ്യതയുണ്ട്.

3) 2022 ജൂലായ് 17 മുതൽ ഒരുമാസത്തോളം പ്രകൃതിക്ഷോഭങ്ങൾക്ക് സാദ്ധ്യതയുണ്ട്.

ഈ വർഷത്തെ പ്രധാന ഗ്രഹമാറ്റങ്ങൾ:

1) 14-9-2021 മുതൽ 20-11-2021 വരെ വ്യാഴം വീണ്ടും മകരം രാശിയിൽ.
2) 12-4-2022 മുതൽ ഒന്നര വർഷം രാഹു മേടത്തിൽ, കേതു തുലാത്തിൽ.
3) 13-4-2022 മുതൽ അതിചാരവും വക്രവുമില്ലാതെ 22-4-2023 വരെ വ്യാഴം മീനത്തിൽ.
4) 29-4-2022 മുതൽ ശനി കുംഭം രാശിയിൽ.

പുതുവർഷം ആർക്കൊക്കെ പൊതുവെ ഗുണപ്രദമായിരിക്കും?

മിഥുനക്കൂർ, ചിങ്ങക്കൂർ, തുലാക്കൂർ, മകരക്കൂർ എന്നിവർക്ക്  കൊല്ലവർഷം 1197 പൊതുവെ ഗുണപ്രദമായി ഭവിക്കും. എന്നിരിക്കിലും ദശ, അപഹാരകാലങ്ങൾ എന്നിവ അനുകൂലമായി വരുന്നവർക്ക് വളരെയേറെ ഗുണപ്രദവും പ്രതികൂലമായി വരുന്നവർക്ക് ദോഷപ്രദവും ആയിരിക്കും. അതായത്, ഒരു വ്യക്തിയ്ക്ക് ജാതകഫലം ഉത്തമം ആയി വരണമെങ്കിൽ ദശയും അപഹാരകാലവും അതോടൊപ്പം പ്രധാന ഗ്രഹങ്ങൾ ചാരവശാൽ അനുകൂലവും ആയി ഭവിക്കണം.

ദോഷപരിഹാരങ്ങൾ:

നക്ഷത്രദിവസങ്ങളിൽ ഗൃഹത്തിന് അ‌‌ടുത്തുള്ള പ്രധാന ക്ഷേത്രത്തിൽ ഗണപതിയ്ക്ക് കറുകമാല, പ്രധാന ദേവതയ്ക്ക് പുഷ്പാഞ്ജലി എന്നിവയും വ്യാഴദോഷമുള്ളവർ മഹാവിഷ്ണുവിന് രാവിലെ ഭാഗ്യസൂക്താർ‌ച്ചനയും ശനിദോഷമുള്ളവർ ശാസ്താവിന് ശാസ്തൃ-മന്ത്രാർ‌ച്ചനയും ചെയ്ത് പ്രാർത്ഥിക്കണം. നവഗ്രഹാർ‌‌ച്ചനയും വിശേഷാൽ ഗുണം ചെയ്യും. സ്വയം ജപിക്കാവുന്ന മന്ത്രങ്ങൾ, സൂക്തങ്ങൾ എന്നിവയാണ് ഏറ്റവും ഉത്തമം. ‌ക്ഷേത്രദർശനം ശീലമാക്കണം. ദിവസം രണ്ട് നേരം സ്നാനവും രണ്ട് നേരം പ്രാർത്ഥനയുമുള്ള ഹിന്ദുവിന് മാനസിക പിരിമുറുക്കമു‌ണ്ടാകില്ല. ആകയാൽ സ്വയം പാലിക്കാവുന്ന ചിട്ടകളും സ്വയം ജപിക്കുന്ന മന്ത്രങ്ങളും നമ്മെ അത്യുന്നതിയിലെത്തിക്കും. ഏതൊക്കെ ‌മന്ത്രങ്ങൾ സ്വയം ജപിക്കാമെന്ന് ഉപദേശം വാങ്ങേണ്ടതുമാകുന്നു. എന്തെന്നാൽ ചില ശത്രുനാശ മന്ത്രങ്ങൾ ജപി‌ച്ചാൽ വലിയ തിരി‌ച്ച‌ടികൾ നേരി‌ടേണ്ടി വന്നേക്കാം.

ഇതിൽ പ്രതിപാദി‌‌ച്ചിരിക്കുന്നത് ചാരവശാലുള്ള ഗ്രഹഫലദോഷങ്ങളാകുന്നു. ഇവയൊക്കെ ഫലപ്രാപ്തിയിൽ എത്തണമെങ്കിൽ ഒരാളുടെ ഗ്രഹനിലപ്രകാരമുള്ള ദശാപഹാര കാലങ്ങളും അനുകൂലമായി ഒത്തുവരേണ്ടതുമാകുന്നു. ഇവ രണ്ടും പ്രതികൂലമായി വരുമ്പോൾ കഠിനമായ ദോഷങ്ങളും ആയൂർദോഷങ്ങളും സംഭവിക്കാം. ജാതകപ്രകാരം യോഗകാരകസ്ഥിതിയില്ലാതെ നിൽക്കുന്ന ഇരുപത്തിരണ്ടാം ദ്രേക്കാണാധിപനായ ഗ്രഹത്തിന്റെ ദശാപഹാരകാലവും, യോഗകാരകന്മാരല്ലാതെ നിൽക്കുന്ന ലഗ്നാധിപനായ ഗ്രഹത്തിന്റെ അനിഷ്ടഭാവത്തിൽ നിൽക്കുന്ന ആരൂഢലഗ്നാധിപനായ ഗ്രഹത്തിന്റെ ദശാപഹാരകാലവും, ദോഷപ്രദമായ അഷ്ടമാധിപന്റെ ദശാപഹാരകാലവും ആയൂർദോഷം പോലുമുണ്ടാക്കാം. ഇതോ‌ടൊപ്പം വ്യാഴമോ ശനിയോ സൂര്യനോ അല്ലെങ്കിൽ ഇവർ എല്ലാരുമോ അതുമല്ലെങ്കിൽ കൂടുതൽ ഗ്രഹമോ ചാരവശാൽ അനിഷ്ടഭാവത്തിൽ സഞ്ചരിക്കുന്ന കാലവും അതീവ ക്ലേശപ്രദമായിരിക്കും.

വ്യാഴം ചാരവശാൽ ഒന്നിലോ നാലിലോ പത്തിലോ സഞ്ചരിക്കുന്ന കാലം വാഹനസംബന്ധമായി വളരെയധികം ശ്രദ്ധിക്കേണ്ടതുമായിരിക്കും.

വ്യാഴം ചാരവശാൽ എത്രയിലാണോ സഞ്ചരിക്കുന്നത്, ആ ഭാവത്തിന്റെ ഫലദോഷങ്ങളായിരിക്കും ഫലത്തിൽ വരുന്നത്. എന്നാൽ അതിചാരമോ വക്രമോ വന്ന് ഒരു ഗ്രഹം രാശിമാറിയാൽ ആദ്യം ‌നിന്ന രാശിയു‌ടെ ഫലം പറയണമെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുമുണ്ട്.  ഇതിന്റെ ആന്തരികാർത്ഥം അറിയാത്ത ചിലർ ‘ഒമ്പതിൽ സഞ്ചരിക്കുന്ന വ്യാഴത്തിന് എട്ടിന്റെ ഫലമേ പറയാവൂ…’ എന്ന് പറയുന്നുണ്ടെങ്കിൽ അത് ജ്യോതിഷപരമായി തിക‌ച്ചും തെറ്റ് തന്നെയാകുന്നു.

പുതുവർഷഫലം എഴുതുന്നു. പൊതുവായ കാര്യങ്ങളും അതോ‌ടൊപ്പം ഓരോ മാസങ്ങളിലുമുള്ള ഫലങ്ങളും ദോഷങ്ങളും പ്രത്യേകമായും എഴുതിയിട്ടുണ്ട്. ദോഷപ്രദമായി വരുന്നവർ മുകളിൽ പറഞ്ഞിരിക്കുന്ന പരിഹാരങ്ങൾ അനുഷ്‌ഠിക്കണം. സ്വന്തം നാട്ടിലെ പ്രധാന ദേവതയെ പ്രീതിപ്പെ‌ടുത്താൻ സമയം കണ്ടെത്തുകതന്നെ ചെയ്യണമെന്ന് പ്രത്യേകം ഓർമ്മപ്പെ‌ടുത്തുന്നു. സ്വന്തം ഗ്രാമക്ഷേത്രത്തിലെ പ്രധാന ദേവതയേയും അതോടൊപ്പം സ്വന്തം കു‌ടുംബദേവതകളെയും (പരദേവത) പ്രീതിപ്പെ‌ടുത്താത്ത യാതൊരു കർമ്മവും ഫലപ്രാപ്തിയിൽ എത്തുകയില്ലെന്നും അറിഞ്ഞിരിക്കേണ്ടതുമാകുന്നു.

മേടക്കൂറ്‍ (അശ്വതി, ഭരണി, കാർത്തിക പാദം 1)
———————————–

ഇവർക്ക് സെപ്തംബർ 14 വരെ, അതായത് ചിങ്ങമാസം അവസാനം വരെ പൊതുവെ അനുകൂലമായ കാലമായിരിക്കും. തുടർന്ന് രണ്ട് മാസക്കാലം തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സവും തരംതാഴ്ത്തലുക‌‌‌‌‌ളും അപമാനവും നാ‌‌ടുക‌ടത്തലും സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കന്നിമാസത്തിൽ സ്ഥാനമാനലാഭവും ധനവും വന്നുതുടങ്ങും. ശത്രുക്കൾ ഒഴിഞ്ഞുമാറും. എന്നാൽ കുടുംബത്ത് സ്വസ്ഥതയില്ലായ്മയും ഫലത്തിൽ വരും. തുലാമാസത്തിൽ സഞ്ചാരങ്ങൾ വെറുതെയാകും. എതിർലിംഗക്കാരുമായുള്ള പ്രശ്നങ്ങൾ മൂലം ദു:ഖം അനുഭവിക്കും. ഭാരിച്ച ചുമതലകൾ ഏറ്റെ‌‌ടുക്കും. വൃശ്ചികമാസത്തിൽ ദു:‌ഖവും വിയോഗവും സംഭവിക്കും. കുടുംബത്ത് അസ്വാരസ്യങ്ങൾ ഉയർന്നുവരാതെ ശ്രദ്ധിക്കണം. ധനുമാസത്തിൽ പ്രേമം തകരും. ഇഷ്ടപ്പെട്ടവർ തിരിഞ്ഞുനോക്കാത്ത അവസ്ഥ സംജാതമാകും. വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പിതൃസ്ഥാനീയർക്ക് രോഗാദിക്ലേശം സംഭവിക്കും. മൊത്തത്തിൽ കാര്യങ്ങൾ പ്രതികൂലമായി അനുഭവപ്പെ‌ടും. മകരത്തിൽ എല്ലാ ത‌ടസ്സങ്ങളും നീങ്ങും. സാമൂഹിക പ്രതിബദ്ധതയിലൂന്നി പൊതുവായ കാര്യങ്ങളിൽ സജീവമാകും. വീട്ടിൽ ശുഭകർമ്മങ്ങൾക്ക് സാദ്ധ്യത കാണുന്നു. നൂതന കാര്യങ്ങൾ ആലോചിക്കും, ആരംഭിക്കും, വിജയിപ്പിക്കും. കുംഭമാസത്തിൽ  കാര്യങ്ങൾ പൊതുവെ അനുകൂലമായി ഭവിക്കും. ലാഭകരമായ കാര്യങ്ങളിൽ സന്തോഷിക്കും. സമൂഹത്തിൽ മാന്യത ലഭിക്കും. ഉന്നതങ്ങളിൽ നിന്നും അനുമോദനം ഉണ്ടാകും. കു‌ടുംബത്ത് പൊതുവെ അനുകൂലമായ അന്തരീക്ഷം സംജാതമാകുമെങ്കിലും രോഗവും വാഹനവുമായി ബന്ധപ്പെട്ട കഷ്ടനഷ്ടങ്ങളും തളർത്തും. മീനമാസത്തിൽ കാര്യങ്ങളൊക്കെ കീഴ്മേൽ മറിയുന്ന സ്ഥിതിയുണ്ടാകും. എന്നാൽ ധനപരമായ കാര്യങ്ങൾ ത‌ടസ്സമില്ലാതെ കടന്നുപോകും. ആരോഗ്യക്കുറവും ഉറക്കമില്ലായ്മയും അലട്ടും. ഒരു കണ്ണിന് ഏതെങ്കിലും തരത്തിലെ അസുഖം സംഭവിക്കാമെന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. മേടമാസത്തിൽ  വയർ സംബന്ധമായ കാര്യങ്ങളിൽ ആശുപത്രിവാസമുണ്ടാകും. പല കാര്യങ്ങളിലും ത‌ടസ്സമുണ്ടാകും. സംസാരരീതി മറ്റുള്ളവർക്ക് ഇഷ്ടമാകാതെ വന്നേക്കാം. അങ്ങനെയും വീ‌ടിനോ തൊഴിൽ സ്ഥലത്തോ അഗ്നിയോ ജലമോ മൂലമോ വിഷമമുണ്ടാകാൻ സാദ്ധ്യതയുണ്ട്.  ശ്രദ്ധിക്കണം. ഉത്തരായുടെ സൈറ്റിൽ പരിഹാരകർമ്മങ്ങൾ ലഭ്യമാണ്. ഇടവമാസം പൊതുവെ അനുകൂലമായി ഭവിക്കും. പുതിയ കാര്യങ്ങൾക്കായി പണമിറക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ ആയതിന് ശുഭമുഹൂർത്തം നോക്കുകതന്നെ ചെയ്യണം. അസമയത്തെ അന്യഭവന സന്ദർശനം ഒഴിവാക്കണം. അപകീർത്തിയുണ്ടാകാൻ സാദ്ധ്യതയുണ്ട്. മിഥുനമാസത്തിൽ ശത്രുതകൾ നീങ്ങി ബന്ധുമിത്രാദികളുമായി ഒന്നി‌ച്ച് ചേരും. ‌കുടുംബ‌ക്ഷേത്രദർശനമുണ്ടാകും. പൊതുവെ അനുകൂലമായ മാസമായി ഭവിക്കും. കർക്കടകമാസത്തിൽ കുടുംബസുഖഹാനി, ക‌ടബാദ്ധ്യത, അനാരോഗ്യം, കലഹം, ഭയം എന്നിവ സംഭവിക്കും. എന്നിരിക്കിലും അപ്രതീക്ഷിതമായ സഹായങ്ങളും ലഭിക്കുന്നതായിരിക്കും.

ഇടവക്കൂറ്‍ (കാർത്തിക പാദം 2,3,4; രോഹിണി, മകയിരം 1,2)
————————————–

ഇടവക്കൂറുകാർക്ക് സെപ്റ്റംബർ 14 വരെ പൊതുവെ തൊഴിലുമായി ബന്ധപ്പെട്ട് പലവിധമായ ത‌ടസ്സങ്ങളും സംഭവിക്കും. തു‌‌‌‌ടർന്ന് രണ്ട് മാസം പൊതുവെ അനുകൂലമായി ഭവിക്കും. പിന്നെ 2022 ഏപ്രിൽ 13 വരെ വീണ്ടും മോശമായ അവസ്ഥയിലേക്ക് പോകും. തൊഴിൽ, വാഹനം,  പിതൃസ്ഥാനീയർ എന്നീ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.

ചിങ്ങമാസത്തിൽ കുടുംബസുഖഹാനി, കടബാദ്ധ്യത, അനാരോഗ്യം, കലഹം, ഭയം എന്നിവയുണ്ടാകും. പുതിയ ബന്ധങ്ങളിൽ വീണുപോകാൻ സാദ്ധ്യതയു‌ണ്ട്. കന്നിമാസത്തിൽ  രോഗാദിക്ലേശം, ആശുപത്രിവാസം, അത്യധികമായ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രതിസന്ധി എന്നിവയുണ്ടാകും. തുലാമാസത്തിൽ എല്ലാ കാര്യങ്ങളിലും വിജയവും സന്തോഷവും ലഭിക്കും. രോഗശാന്തിയും സമാധാനവും ഉണ്ടാകും. ജോലിയിൽ ഉയർ‌ച്ച, ഇഷ്ടസ്ഥലത്തേക്ക് മാറ്റം, വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനം എന്നിവയും സംഭവിക്കും. വൃശ്ചികമാസത്തിൽ  ദാമ്പത്യപരമായി പിണക്കങ്ങൾ സംഭവിക്കാതെ ശ്രദ്ധിക്കണം. എന്നാൽ ധനപരമായ കാര്യങ്ങളിൽ മന:സമാധാനം ലഭിക്കും. ഏറ്റവും അ‌ടുത്ത ബന്ധുക്കളു‌ടെ വിയോഗത്തിൽ പങ്കുകൊള്ളേണ്ടി വരും. ധനുമാസത്തിൽ ധനനാശത്തിൽ നിന്നും ഭാഗ്യത്തിന് രക്ഷപ്പെടും. വഴക്കുകൾ ദൈവാധീനത്താൽ ഒഴിവായിപ്പോകും. അത്യധികമായ രോഗാദിക്ലേശങ്ങൾ സംഭവിക്കുമെങ്കിലും ഭാഗ്യവശാൽ അതൊക്കെ വേഗം ശരിയായി വരും.  മകരമാസത്തിൽ പിതൃസ്ഥാനീയർക്ക് രോഗഭീതിയുണ്ടാകും. ഉത്തരായുടെ സൈറ്റിൽ പരിഹാരകർമ്മങ്ങൾ ലഭ്യമാണ്. കു‌‌ടുംബക്ഷേത്രദർശനത്തിന് ഭാഗ്യം ലഭിക്കും. പ്രായവ്യത്യാസമുള്ളവരുമായുള്ള ചങ്ങാത്തം ദോഷസ്ഥിതിയിൽ കൊണ്ടെത്തിക്കും. കുംഭമാസത്തിൽ ശാരീരിക സ്ഥിതി മോശമായാലും

വാഹനങ്ങളിൽ നിന്നും ദോഷങ്ങൾ സംഭവി‌ച്ചാലും ജോലിയിൽ ഭാഗ്യം ലഭിക്കുകതന്നെ ചെയ്യും. പലവിധമായ കഷ്ടനഷ്ടങ്ങൾ സംഭവിക്കും. എന്നിരിക്കിലും സമൂഹത്തിൽ നിന്നും ആദരവ് ലഭിക്കുകതന്നെ ചെയ്യും. മീനമാസത്തിൽ കാര്യങ്ങളെല്ലാം ശുഭപ്രദമായി അവസാനിക്കും. വാക്കും പ്രവൃത്തിയും പൊതുവെ എല്ലാർക്കും ഇഷ്ടമാകും. ബന്ധുമിത്രാദികൾ സ്നേഹത്തോ‌ടെ പെരുമാറും. ഇഷ്ടവിവാഹകാര്യത്തിൽ അനുകൂല തീരുമാനം. ദൂരയാത്രകളും അതുവഴി മെ‌ച്ചവുമുണ്ടാകും. മേടമാസത്തിൽ ധനനാശം, രോഗം, കലഹം, സ്ഥാനചലനം എന്നിവയാൽ സങ്കടപ്പെടും. യാത്രയും ധന‌‌ച്ചെലവും ദു:ഖമുണ്ടാക്കും. എന്നാൽ കു‌ടുംബക്കാർ കൂടെനിന്ന് സഹായിക്കാനും ന്യായം കാണുന്നു. ഇടവമാസത്തിൽ മൽസരങ്ങളിലെ പരാജയം തളർത്തും. രോഗാദിക്ലേശത്താൽ വലയും. വാക്ക് പാലിക്കാൻ പറ്റാത്ത സ്ഥിതിയു‌ണ്ടാകും. അതുമൂലം അഭിമാനക്ഷതവും സംഭവിക്കാം. മിഥുനമാസത്തിൽ വഴക്ക്, മനോവിഷമം, ദന്തരോഗം, ആശുപത്രിവാസം എന്നിവയുണ്ടാകും. എന്നാൽ കു‌ടുംബത്ത് ഏതെങ്കിലും തരത്തിലെ ശുഭകർമ്മവും സംഭവിക്കും. കർക്കടകമാസത്തിൽ കാര്യങ്ങൾ ഏറ്റവും അനുകൂലമായി ഭവിക്കും. പിണങ്ങിയവരുടെ തിരി‌‌ച്ചുവരവ് മനസ്സിന് സന്തോഷമുണ്ടാക്കും. നൂതന ആശയങ്ങൾ ആവിഷ്ക്കരിക്കും. എന്നാൽ അത് പ്രാബല്യത്തിൽ എത്താൻ പ്രയാസമായിരിക്കും.

മിഥുനക്കൂറ്‍ (മകയിരം 3,4; തിരുവാതിര, പുണർതം 1,2, 3)
——————————————-

ഇവർക്ക് സെപ്റ്റംബർ 14 വരെ പൊതുവെ അനുകൂലവും തുടർന്ന് രണ്ട് മാസക്കാലം രോഗാദിക്ലേശത്താൽ വിഷമവും എന്നാൽ ഏതെങ്കിലും തരത്തിലെ ശുഭകർമ്മവും തുടർന്ന് പുതുവെ അത്യുത്തമവും ആയിരിക്കും.

ചിങ്ങമാസത്തിൽ കാര്യങ്ങൾ അനുകൂലമായി ഭവിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അവസരം ലഭിക്കും. വീട്ടിൽ സന്തോഷപ്രദമായ കാര്യങ്ങൾ സംഭവിക്കും. കന്നിമാസത്തിൽ വളരെയേറെ കഷ്ടപ്പെട്ടിട്ടായാലും ശരി തൊഴിലിൽ ഉന്നതിയിലെത്തും. ദാമ്പത്യം കുഴപ്പമില്ലാതെ ക‌ടന്നുപോകും. കു‌ടുംബസ്വത്ത് ലഭിക്കും. സുഹൃത്തുക്കൾ അനുകൂലമായ നിലപാടുകൾ കൈക്കൊള്ളും.തുലാമാസത്തിൽ പുതുവെ അനാരോഗ്യവും നിർഭാഗ്യതയും അനുഭവപ്പെ‌ടും. കാര്യവിജയം നേടാനാകാതെയുള്ള യാത്രകൾകൊണ്ട് വിഷമവും ഉണ്ടാകും. ക്ഷേത്രങ്ങളുമായി ചേർന്ന് പുതിയ ആശയങ്ങൾക്ക് രൂപം നൽകും. വൃശ്ചികമാസത്തിൽ  കാര്യങ്ങൾ കൂ‌ടുതൽ അനുകൂലമായി ഭവിക്കും. തൊഴിൽ വിജയം, പ്രമോഷൻ, മേലധികാരികളുടെ പ്രീതി, ധനപരമായി സന്തോഷം എന്നിവയുണ്ടാകും. കു‌ടുംബത്ത് സന്തോഷപ്രദമായ കർമ്മങ്ങ‌ൾക്കും യോഗം. ധനുമാസത്തിൽ കു‌ടുംബത്ത് പ്രത്യേകി‌ച്ച് പങ്കാളിയുമായി അഭിപ്രായഭിന്നത ഉടലെടുക്കും. ‌പങ്കാളിയുമായി പിണക്കം നീട്ടിക്കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണം. രോഗവും ആശുപത്രിവാസവും സംഭവിക്കാം. എന്നാൽ കു‌ടുംബത്ത് പുതിയ അതിഥികളുടെ വരവും ഉണ്ടാകുന്നതാണ്. മകരമാസത്തിൽ എതിർലിംഗക്കാരുമായുള്ള ബന്ധം ദോഷപ്രദമാകാതെ ശ്രദ്ധിക്കണം. വൈദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി. അത്യധികമായ മാനസിക പിരിമുറുക്കത്തിലൂടെ കടന്നുപോകേണ്ടിവരും. പേരുദോഷം കേൾക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. പരിഹാരകർമ്മങ്ങൾക്ക് ഉത്തരായു‌ടെ സൈറ്റ് സന്ദർശിക്കുക. കുംഭമാസത്തിൽ പിതൃസ്ഥാനീർക്ക് ക്ലേശം. കു‌ടുംബത്ത് പൊതുവെ അശാന്തി നിലനിൽക്കുന്ന പ്രതീതി സംജാതമാകും. ശിരസ്സിൽ രോഗവും ആയതിനുള്ള ചികിൽസയും വേണ്ടിവരും. മീനമാസത്തിൽ കാര്യങ്ങൾ അനുകൂലമായി വരും. തൊഴിൽ വിജയവും ഉണ്ടാകും. സർക്കാർ  ജോലി പ്രതീക്ഷിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമായി വരും. മേടമാസത്തിൽ  ലാഭവും ധനവരവും അനുഭവത്തിൽ വരും. മൂത്ത സഹോദരങ്ങൾക്ക് രോഗാദിക്ലേശങ്ങൾ സംഭവിക്കും. ദാമ്പത്യപരമായും അനുകൂലമായിരിക്കും. പുതിയ കാര്യങ്ങൾ ആരംഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. ഇടവമാസത്തിൽ നൂതനമായ ആശയങ്ങൾ വികസിപ്പി‌ച്ച് വിജയിത്തിലെക്കും. ഊഹക്ക‌ച്ചവടം പൊതുവെ ലാഭകരമായി ഭവിക്കും. പുതിയ സംരംഭങ്ങൾക്കായി പണം സ്വരൂപിക്കും. കുടുംബത്ത് ശുഭകർമ്മങ്ങൾക്ക് യോഗം. മിഥുനമാസത്തിൽ ശാരീരികസ്ഥിതി പൊതുവെ പ്രതികൂലമായി ഭവിക്കും. തലവേദന, അസ്ഥിക‌ൾക്ക് രോഗം എന്നിവയ്ക്കും സാദ്ധ്യത. എന്നാൽ സമൂഹത്തിൽ ഉന്നതസ്ഥാനവും ലഭിക്കും. കർക്കിടകമാസത്തിൽ പുതിയ പ‌‌ഠനം ആരംഭിക്കാൻ മുന്നിട്ടിറങ്ങും. സൗഹൃദങ്ങൾ മാന്യമായി മുന്നോട്ടുപോകും. സുഹൃത്തുക്കൾ വഴി ധനാഗമത്തിനും സാദ്ധ്യതയുണ്ട്. സർഗ്ഗസൃഷ്ടികൾ പുത്തൻ ഉണർവേകും.

കർക്കിടകക്കൂറ് (പുണർതം 4; പൂയം, ആയില്യം)
———————————–

ഇവർക്ക് ഗുണദോഷ സമ്മിശ്രമായ കാലമായിരിക്കും. വസ്തുവകകൾ, പുതിയ ഗൃഹം, വിവാഹനിശ്ചയം, വിവാഹം, സന്താനയോഗം, ദൂരദേശയാത്ര എന്നിവയും അതോടൊപ്പം ധനപരമായ അനിയന്ത്രിത ചെലവുകളും സംഭവിക്കും.

ചിങ്ങമാസത്തിൽ ദന്തരോഗമുണ്ടാകും. ഇഷ്ടതൊഴിൽ ലാഭം സാമ്പത്തിക ലാഭം എന്നിവയും ഉണ്ടാകുന്നതാണ്. പൊതുവെ ദോഷമില്ലാതെ ക‌ടന്നുപോകും. കന്നിമാസത്തിൽ കാര്യങ്ങൾ അനുകൂലമായി ഭവിക്കും. സന്തോഷവാർത്ത കേൾക്കും. സൗഹൃദങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകാനും സാധിക്കും. നിരവധി സാധന-സാമഗ്രികൾ വാങ്ങി പണം ചെലവാകും. നഷ്‌‌ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കും. ശത്രുക്കൾ നിഷ്പ്രഭമാകും. തുലാമാസത്തിൽ മാതൃസ്ഥാനീയർക്ക് ക്ലേശപ്രദമായിരിക്കും. വീട്ടിൽ അസ്വാരസ്യം ഉ‌ടലെടുക്കും. പങ്കാളിയുമായി വഴക്ക് നിത്യ സംഭവമാകാതെ ശ്രദ്ധിക്കണം. കു‌ടുംബക്ഷേത്ര ദർശനത്തിന് യോഗമുണ്ടാകും. വൃശ്ചികമാസത്തിൽ  അത്യധികമായ മാനസിക സംഘർഷമുണ്ടാകും. തൊഴിലിൽ സംതൃപ്തരാകാതെ വിഷമിക്കും. ദൂരയാത്രകൾ വേണ്ടിവരും. രോഗവും ജലഭയവും സംഭവിക്കും. ധനുമാസത്തിൽ കാര്യങ്ങളൊക്കെ അനുകൂലമായി ഭവിക്കും. പുതിയ പദ്ധതികൾ വിജയത്തിലെത്തും. എന്നാൽ സന്താനങ്ങൾക്ക് രോഗവും സംഭവിക്കും. ജീവിതപങ്കാളിയിൽ നിന്നും നിരവധി സമ്മാനങ്ങൾ ലഭിക്കും. മകരമാസത്തിൽ അസ്വാരസ്യങ്ങൾ ഉ‌ടലെടുക്കും. രോഗവും ക്ലേശവും സംഭവിക്കും. അനാരോഗ്യമോ ആശുപത്രിവാസമോ ഉണ്ടാകാം. ദാമ്പത്യകലഹം ഉടലെടുക്കാതെ നോക്കണം. കുംഭമാസത്തിൽ രോഗമുണ്ടാകാം. കണ്ണിന് ഏതെങ്കിലും തരത്തിലെ ബുദ്ധിമുട്ട് സംഭവിക്കാൻ സാദ്ധ്യതയുണ്ട്. ഉത്തരായുടെ സൈറ്റിൽ പരിഹാരകർമ്മങ്ങൾ ലഭ്യമാണ്. കുടുംബക്കാരുടെ സഹായത്താൽ എല്ലാ ദുരിതങ്ങളും നീങ്ങാൻ ഭാഗ്യം ലഭിക്കുന്നതുമാണ്. മീനമാസത്തിൽ  കുടുംബത്ത് തലമുതിർന്ന അംഗത്തിന് രോഗപീഢയുണ്ടാകാതെ ശ്രദ്ധിക്കണം. ക്ഷേത്രദർശനവും പല പുണ്യകർമ്മങ്ങളും മു‌ടങ്ങും. നല്ലതല്ലാത്ത വാർത്തകൾ കേട്ട് മനസ്സ് അസ്വസ്ഥമാകും. ദൂരയാത്രകൾ കൊണ്ട് ഗുണമുണ്ടാകും. മേടമാസത്തിൽ സർവ്വത്ര തടസ്സവും കു‌ടുംബത്ത് പലർക്കും രോഗാദിക്ലേശവും സംഭവിക്കും. വാക്കുകൾ സൂക്ഷി‌ച്ച് കൈകാര്യം ചെയ്യാത്തതിനാൽ അങ്ങനെയും ശത്രുക്കളുണ്ടാകും. ഇടവമാസത്തിൽ കാര്യങ്ങൾ പൊതുവെ ഗുണദോഷപ്രദമായി ഭവിക്കും. ബന്ധുമിത്രാദികൾ ഐക്യത്തോ‌ടെ പെരുമാറും. എന്നിരിക്കിലും ധനനാശം, സഞ്ചാരം, ക്ലേശം, രോഗം, കോപതാപാദികൾ എന്നിവയും സംഭവിക്കും. മിഥുനമാസത്തിൽ സമൂഹത്തിൽ നിന്നും വലിയ തിരി‌ച്ചടികൾ ഉണ്ടാകാമെന്നതിനാൽ ശ്രദ്ധിക്കണം. തൊഴിൽമേഖല മാറേണ്ടതായി വന്നേക്കും. അത്യധികമായ ധനവിനിയോഗം വേണ്ടിവരുന്നതുമാണ്. കർക്കിടകമാസത്തിൽ മറ്റുള്ളവരോ‌ട് കയർത്ത് സംസാരിക്കും. യാത്രയിൽ ക്ലേശപ്രദമായ കാര്യങ്ങൾ സംഭവിക്കാമെന്നതിനാൽ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ്‍ (മകം, പൂരം, ഉത്രം 1)
———————-

29-4-2022 വരെ വിദ്യാഭ്യാസവും തൊഴിലും പുതിയ വസ്തുവകകൾ വാങ്ങലും വിവാഹകാര്യങ്ങളും ത‌ടസ്സങ്ങളില്ലാതെ കടന്നുപോകും. അതിനുശേഷം കാര്യങ്ങൾക്ക് പൊതുവെ തടസ്സം വന്നുതുടങ്ങും.

ചിങ്ങമാസത്തിൽ പുതിയ തൊഴിൽ, പുതിയ ഉത്തരവാദിത്വങ്ങൾ, ധനപരമായ കാര്യങ്ങളിൽ സന്തോഷം എന്നിവയുണ്ടാകും. എന്നാൽ പൊതുജനമദ്ധ്യത്തിൽ ഏതെങ്കിലും തരത്തിൽ അപമാനപ്പെടാനും സാദ്ധ്യതയുണ്ട്. കന്നിമാസത്തിൽ ദന്തരോഗം, അത്യധികമായ സാമ്പത്തിക ചെലവ്, സർക്കാരിൽ നിന്നും പലവിധമായ കത്തിടപാടുകൾ ഉണ്ടാകും. പൊതുവെ വിഷമകരമായ അവസ്ഥയുണ്ടാക്കും. തുലാമാസത്തിൽ സ്ഥാനമാനലാഭം , ധനലാഭം, ശത്രുനാശം, ആരോഗ്യം, ധൈര്യം. പൊതുവെ ഐശ്വര്യപ്രദമായിരിക്കും. വൃശ്ചികമാസത്തിൽ അനാവശ്യ ബന്ധങ്ങൾ ആരംഭിക്കാനും അതുവഴി കുടുംബസുഖഹാനി സംഭവിക്കാനും സാദ്ധ്യത. കടബാദ്ധ്യത കൂടും. അനാരോഗ്യം, കലഹം, ഭയം. എന്നാൽ തൊഴിൽ യാതൊരു ത‌ടസ്സവുമില്ലാതെ മുന്നോട്ടുപോകും. ആചാര്യശ്രേഷ്ഠരെ കാണാനുള്ള യോഗമുണ്ടാകും. ധനുമാസത്തിൽ കു‌ടുംബത്ത് സന്തോഷവാർത്തകൾ കേൾക്കും. വിവാഹനിശ്ചയം, വിവാഹം, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും സംഭവിക്കും. മകരമാസത്തിൽ മാനസിക സന്തോഷം അനുഭവിക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണം കാര്യങ്ങൾ കൂടുതൽ വഷളാക്കും. എന്നാൽ ചെയ്യുന്ന തൊഴിലിൽ നിന്നും സന്തോഷവും ലഭിക്കും. മേലധികാരികൾ അനുമോദിക്കും. രോഗപീഢ കുറയും. പൊതുവെ മെ‌ച്ചമായിരിക്കും. കുംഭമാസത്തിൽ പങ്കാളിയിൽ നിന്നും തിക്താനുഭവങ്ങൾ ലഭിക്കും. വഴക്കും പ്രശ്നങ്ങളും ആരംഭിക്കാതെ ശ്രദ്ധിക്കണം. എന്നാൽ ധനപരമായ കാര്യങ്ങളിൽ മെ‌ച്ചവുമായിരിക്കും. മീനമാസത്തിൽ രോഗാദിക്ലേശങ്ങൾ പതുക്കെ കൂടിവരും. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ല നിലയിൽ തുടരും. ഇ‌ടതുകണ്ണിന് വേദനയുണ്ടാകാം. എല്ലാരും പൊതുവെ അനുഭാവപൂർവ്വം പെരുമാറും. മേടമാസത്തിൽ പുതിയ സ്ഥലത്തേക്ക് മാറ്റത്തിന് സാദ്ധ്യതയുണ്ട്. കാര്യങ്ങൾ കൂ‌ടുതൽ പഠി‌ച്ച് പ്രാബല്യത്തിലാക്കാൻ ശ്രമിക്കും. പുതിയ പദ്ധതികൾ ആരംഭി‌ച്ച് വിജയിപ്പിക്കും. പിതൃസ്ഥാനീയർക്ക് പൊതുവെ നല്ലതായിരിക്കില്ല. ഇടവമാസത്തിൽ സർക്കാരിൽ നിന്നും അനുകൂലമായ നിലപാടുകൾ, പുതിയ തൊഴിൽ നിയമനങ്ങൾ എന്നിവ ലഭിക്കും. കു‌ടുംബത്ത് പൊതുവെ സന്തോഷം നിലനിൽക്കും. സന്താനങ്ങൾക്കും മാതാപിതാക്കൾക്കു ഐശ്വര്യപ്രദമായിരിക്കും. മിഥുനമാസത്തിൽ തൊഴിലിൽ നിന്നും കൂടുതൽ സാമ്പത്തിക വരവ് പ്രതീക്ഷിക്കണം. മംഗളകരമായ കാര്യങ്ങൾ സംഭവിക്കും. മാനസികമായി സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. എന്നാൽ വാഹനസംബന്ധമായി ക്ലേശങ്ങളും സംഭവിക്കും. ശ്രദ്ധിക്കണം. കർക്കടകമാസത്തിൽ ധനപരമായും ശാരീരികമായും മാനസികമായും വെല്ലുവിളികൾ നേരി‌ടേണ്ടിവരും. ത‌ടസ്സങ്ങൾ കൂടുതലായി വന്നുചേരും. എന്നാൽ ശുഭപ്രദമായ കാര്യങ്ങളുടെ തുടക്കവും ആയിരിക്കും.

കന്നിക്കൂറ് (ഉത്രം 2,3,4; അത്തം, ചിത്തിര 1,2)
———————————-

ഏപ്രിൽ മാസം വരെ ഗുണദോഷസമ്മിശ്രവും തുടർന്ന് വളരെവേഗം ഉന്നതിയിൽ എത്തുകയും ചെയ്യും. ദേശത്തിന് പുറത്ത് ഇഷ്ടപ്പെട്ട സ്ഥാവര-ജംഗമ വസ്തുക്കൾ വാങ്ങാൻ സാധിക്കും. വിദേശയാത്രയും അതുവഴി ധനസമ്പാദനവും സാദ്ധ്യമാകും. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷപ്രദമായ കാലഘട്ടമായിരിക്കും. വർഷത്തിന്റെ ആദ്യപകുതി ഗുണപ്രദമല്ലാതെയും ആരോഗ്യപരമായും മറ്റ് ദുഃഖകരമായ കാര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരികയും പിന്നെ മഹാഭാഗ്യങ്ങളും സമ്മാനിക്കും. കൃത്യസമയത്ത് ഉറങ്ങുകയും അതിപുലർ‌ച്ചെ കൃത്യതയോടെ ഉണർന്ന് പ്രാർത്ഥനയോ‌ടെ ഒരു ദിവസം ആരംഭിക്കുകയും ചെയ്യുന്നവർക്ക് ജീവിതവിജയം സുനിശ്ചിതമായിരിക്കും. കാരണം, കന്നിക്കൂറുകാർ പൊതുവെ മ‌ടിപിടി‌ച്ച് കാര്യങ്ങൾ പിന്നത്തേക്ക് മാറ്റിവെക്കാറുണ്ട് എന്നതാണ്.

ചിങ്ങമാസത്തിൽ പലവിധമായ കാര്യങ്ങളിലും വിജയമുണ്ടാകും. കുടുംബത്ത് ശാന്തിയും സമാധാനവും നിലനിൽക്കും. വഴക്കിലും കേസ്സുകളിലും വിജയമുണ്ടാകും. കന്നിമാസത്തിൽ മാനസിക സംഘർഷം കൂ‌ടും. രോഗഭീതി വർദ്ധിക്കും. ചെയ്തുവന്ന കാര്യങ്ങളിൽ ചെറിയ ചെറിയ തടസ്സങ്ങൾ വന്നുതു‌ടങ്ങും. എങ്കിലും തൊഴിൽ കൃത്യമായി മുന്നോട്ട് നീങ്ങും. വിദേശവുമായി ‌ബന്ധപ്പെട്ട കാര്യങ്ങളിൽ ശുഭവാർത്ത കേൾക്കും. തുലാമാസത്തിൽ ധനപരമായ കാര്യങ്ങൾ അത്ര ശുഭപ്രദമായിരിക്കില്ല. പൊതുവെ ത‌‌ടസ്സങ്ങൾ സംഭവിക്കും. കു‌ടുംബത്ത് അസ്വാരസ്യങ്ങൾ വർദ്ധിക്കും. ശുഭവാർത്തയ്ക്കുള്ള കാത്തിരിപ്പ് തു‌ടരും. വൃശ്ചിക മാസത്തിൽ കാര്യങ്ങൾ വിജയത്തിലെത്തും. ചർ‌ച്ച, ഇന്റർവ്യൂ എന്നിവയിൽ ഗംഭീര വിജയമു‌ണ്ടാക്കും. വസ്തുവകകൾ, വീടുനിർമ്മാണം, വിദേശയാത്ര എന്നിവ ഫലത്തിൽ വരും. കൂട്ടുകെട്ടുകൾവഴി സന്തോഷം ലഭിക്കും. പൊതുവെ ഉത്തമമായ കാലമായിരിക്കും. ധനുമാസത്തിൽ രോഗഭേതി വർദ്ധിക്കും. വീട്ടിൽ സംസാരം, വഴക്ക് എന്നിവയുണ്ടാകും. കാര്യങ്ങൾ പൊതുവെ തടസ്സപ്പെടുന്നതായി അനുഭവപ്പെടും. മകരമാസത്തിൽ സന്താനങ്ങളുടെ കാര്യത്തിൽ മനോവിഷമമുണ്ടാകും. എന്നാൽ സർക്കാർ വഴിയുള്ള കാര്യങ്ങൾ ശുഭപ്രദമായി തുടരും. പേരും പ്രശസ്തിയും ഉയരും. പുതിയ ജോലികൾ ഏറ്റെടുത്ത് ചെയ്യും. കുംഭമാസം കൂടുതൽ ഗുണപ്രദമായി ഭവിക്കും. ധനപരമായും സാമൂഹികമായും ഉന്നതിയിലെത്തും. പുതിയ വസ്തുവകകൾ വാങ്ങാനോ കൈവശം വന്നുചേരാനോ യോഗമുണ്ടാകും. വിദേശം കൊണ്ട് ഗുണമുണ്ടാകും. മീനമാസത്തിൽ പങ്കാളിയുമായി വഴക്ക്, അകൽ‌ച്ച എന്നിവയുണ്ടാകാതെ ശ്രദ്ധിക്ക‌ണം. രോഗം പ്രത്യേകി‌ച്ച് കണ്ണുകൾക്ക് ക്ലേശം സംഭവിക്കാം. ധനപരമായ കാര്യങ്ങളിൽ ശ്രദ്ധി‌ച്ചില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും. ദൂരയാത്ര വേണ്ടിവരും. പുതിയ ജോലി ലഭിക്കുകയോ ഉള്ള തൊഴിലിൽ ശോഭിക്കുകയോ ചെയ്യും. മേടമാസത്തിൽ പൊതുവെ പ്രതികൂലമെങ്കിലും തൊഴിലിൽ മിക‌‌ച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. മേലധികാരിയു‌ടെ സഹായത്താൽ പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കുകയും ചെയ്യും. ഇടവമാസത്തിൽ പിതൃസ്ഥാനീയർക്ക് രോഗാദിക്ലേശം, അനിയന്ത്രിതമായ ചെലവ് എന്നിവയുണ്ടാകും. ഉത്തരായുടെ സൈറ്റിൽ പരിഹാരകർമ്മങ്ങൾ ലഭ്യമാണ്. രോഗമില്ലെങ്കിലും രോഗമുണ്ടെന്ന തോന്നലുണ്ടാകും. മിഥുനമാസത്തിൽ രോഗശമനം, ഉത്തമമായ സ്നേഹബന്ധങ്ങൾ, കു‌ടുംബസുഖം, തൊഴിലിൽ ഉന്നതി, വിദേശയാത്രയാൽ മെ‌ച്ചം എന്നിവയുണ്ടാകും. പൊതുവെ മെ‌ച്ചമായിരിക്കും. കർക്കടകമാസത്തിൽ സ്ഥാനമാനലാഭം, കാര്യവിജയം, സന്തോഷം, ധനലാഭം. പുതിയ സംരംഭങ്ങൾ ആരംഭി‌ച്ച് വിജയിപ്പിക്കും.

തുലാക്കൂറ് (ചിത്തിര 3,4; ചോതി, വിശാഖം 1,2,3)
———————————-

സെപ്റ്റംബർ 14 മുതൽ നവംബർ 20 വരെ പൊതുവെ ദോഷപ്രദമായിരിക്കും. ഈ സമയത്ത് വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം. മാതൃസ്ഥാനീയർക്കും കാലം അനുകൂലമായിരിക്കില്ല. പിന്നെയുള്ള മാസങ്ങൾ കുഴപ്പമില്ലാതെ ക‌ടന്നുപോകും. വിവാഹവും പുതിയ വസ്തുവകകളും ഗൃഹനിർമ്മാണവും ന‌ടക്കും. പൊതുവെ അനുകൂലമായ ഒരു കാലമാണെന്ന ചിന്തയുണ്ടാകും.

ചിങ്ങമാസത്തിൽ ക്ഷേത്രകാര്യങ്ങളിൽ മുന്നിൽ നിൽക്കും. യാതൊരു കാരണവശാലും മദ്ധ്യസ്ഥതയോ ജാമ്യമോ നിൽക്കരുത്. സമൂഹത്തിൽ ഉന്നതസ്ഥാനം നേടും. വിദ്യാവിജയം, തൊഴിൽ വിജയം എന്നിവയും ലഭിക്കുന്നതാണ്. കന്നിമാസത്തിൽ ധനപരമായ കാര്യങ്ങളിൽ മോശമായ അവസ്ഥയുണ്ടാകും. അത്യധികമായ ചെലവ് താങ്ങാനാകാതെ വിഷമിക്കും. വാതരോഗത്തിന്റെ പി‌ടിയിലാകാതെ ശ്രദ്ധിക്കണം. എന്നാൽ കു‌‌ടുംബത്ത് മറ്റ് പ്രയാസങ്ങളൊന്നുമില്ലാതെ ക‌ടന്നുപോകുകയും ചെയ്യും. തുലാമാസത്തിൽ കഷ്ടപ്പാടുകൾ കൂടും. എല്ലാരോടും പൊതുവെ ദേഷ്യസ്വഭാവം കാണി‌ച്ചേക്കും. എന്നാൽ കുടുംബത്ത് പലവിധമായ വിശേഷങ്ങളും നടക്കാനും സാദ്ധ്യത കൂടുതലുമാകുന്നു. വൃശ്ചികമാസത്തിൽ പണവും വസ്ത്രവും പണ്ടങ്ങളും വാങ്ങാൻ സാധിക്കും. എല്ലിനും പല്ലിനും അസുഖമോ കേടുപാടുകളോ സംഭവിക്കും. ശിരസ്സിൽ പലവിധമായ രോഗപീഢകളും സംഭവിക്കാതെ ശ്രദ്ധിക്കണം. ധനുമാസത്തിൽ പൊതുവെ ഗുണപ്രദമായ മാസമായിരിക്കും. ശുഭവാർത്തകൾ കേൾക്കും. അധികാരകേന്ദ്രങ്ങളിൽ നിന്നും ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വരുമെങ്കിലും അതിലെല്ലാം വിജയി‌ച്ചുകയറും. മകരമാസത്തിൽ എതിർപ്പുകൾ കൂടും. അപമാനവും സംഭവിക്കും. എന്നാൽ കുടുംബത്തിനുവേണ്ടതായ എല്ലാ സഹായങ്ങളും ചെയ്യാൻ മുന്നിൽ നിൽക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ തീരുമാനിക്കും. പുതിയ ഭവനം വാങ്ങാനോ ഉള്ളത് പുതുക്കി നിർമ്മിക്കാനോ സാധിക്കും. കുംഭമാസത്തിൽ ധനപരമായി നല്ലതായിരിക്കും. ഏറ്റവും ഉത്തമങ്ങളായ ചില സൗഹൃദങ്ങൾ ഉണ്ടാകും. ഇത് ദീർഘകാലം നിലനിൽക്കുകയും ചെയ്യും. കാര്യങ്ങളെല്ലാം വിജയത്തിലേക്ക് എത്തും. മീനമാസത്തിൽ പൊതുവെ അനുകൂലമായ മാസമായിരിക്കും. തുടങ്ങിവെ‌ച്ച കാര്യങ്ങൾ മുടക്കമില്ലാതെ നീങ്ങും. എന്നാൽ ശാരീരികസ്ഥിതി മോശമാകുന്നതായിരിക്കും. ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കാതെ ശ്രദ്ധിക്കണം. മേടമാസത്തിൽ ദൂരയാത്രകൾ വൃഥാവിലാകും. ഉത്തരായുടെ സൈറ്റിൽ പരിഹാരകർമ്മങ്ങൾ ലഭ്യമാണ്. ധനപരമായി അനുകൂലമായിരിക്കില്ല. കു‌ടുംബത്ത് പുതിയ അംഗങ്ങൾ വന്നെത്തും. രോഗാവസ്ഥയും ഉണ്ടാകും. ഇടവമാസത്തിൽ ആരോഗ്യപ്രശ്നങ്ങൾ തുടരും. അസുഖങ്ങളാൽ ആകെ വലയും. വളരെയേറെ ശ്രദ്ധിക്കുകതന്നെ ചെയ്യണം. മിഥുനമാസത്തിൽ പിതൃസ്ഥാനീയർക്ക് പ്രതികൂലമായിരിക്കും. കുടുംബക്ഷേത്ര ദർശനം സന്തോഷം നൽകും. വാഹനങ്ങൾ സൂക്ഷി‌ച്ച് കൈകാര്യം ചെയ്യണം. ധനപരമായി അനുകൂലമാണെന്നത് ആശ്വാസം പകരും. കർക്കടകമാസത്തിൽ സർക്കാർ തലത്തിൽ അനുകൂല നിലപാട് വരും. സമൂഹനന്മയ്ക്കായി പ്രവർത്തിക്കും. മനസ്സിൽ ആഗ്രഹി‌ച്ച കാര്യങ്ങൾ നടക്കും. പൊതുവെ അനുകൂലമായ മാസമായിരിക്കും.

വൃശ്ചികക്കൂറ്‍ (വിശാഖം 4, അനിഴം, തൃക്കേട്ട)
——————————–

സെപ്റ്റംബർ 14 വരെയും തുടർന്ന് നവംബർ 20 മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ കുടുംബപ്രശ്നങ്ങളും മാതൃസ്ഥാനീയർക്ക് ദുരിതവും വാഹനങ്ങളിൽ നിന്ന് അപക‌ടവും സംഭവിക്കാമെന്നതിനാൽ വളരെയധികം ശ്രദ്ധിക്കണം. എന്നാൽ പുതിയ വസ്തുവകകൾ വാങ്ങാനും സമൂഹത്തിൽ ഉന്നതിയിൽ എത്താനും സാധിക്കുകയും ചെയ്യും.

ചിങ്ങമാസവും കന്നിമാസവും പലവിധ ക്ലേശങ്ങളും നൽകുമെങ്കിലും തൊഴിൽ വിജയം, ധനപരമായ അഭിവൃദ്ധി, നല്ല സൗഹൃദം, സമൂഹത്തിൽ ഉന്നതസ്ഥാനം, യാത്രകൾകൊണ്ട് മെ‌‌ച്ചം എന്നിവയുണ്ടാകും. മാതാവിന് രോഗവും സംഭവിക്കും. തുലാമാസത്തിൽ ചെലവുകൾ കൂടിവരും. കുടുംബാംഗങ്ങൾ പൊതുവെ ഐക്യപ്പെട്ട് മുന്നോട്ടുപോകും. വീട്ടിലേക്ക് പുതിയ സാധന-സാമഗ്രികൾ വാങ്ങും. സാമൂഹിക പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കും. വൃശ്ചികമാസത്തിൽ രോഗഭീതി ആരംഭിക്കും. സംസാരരീതി മറ്റുള്ളവർക്ക് അരോചകമായി ഭവിക്കും. ശുഭകർമ്മത്തിന് സാദ്ധ്യത. പുതിയ ബന്ധങ്ങൾക്ക് തു‌ടക്കമാകും. ധനുമാസത്തിൽ പല്ലുകൾക്ക് രോഗം സംഭവിക്കും. ധനപരമായ കാര്യങ്ങൾ പൊതുവെ ദോഷമില്ലാതെ ക‌ടന്നുപോകും. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമായി ഭവിക്കും. പുതിയ തൊഴിൽ പ്രതീക്ഷി‌ച്ചവർക്ക് ശുഭവാർത്തയ്ക്കും യോഗം. മകരമാസം ഏറ്റവും ഗുണപ്രദമായിരിക്കും. പുരയി‌ടം, പുതിയ വീട് എന്നിവ അധീനതയിൽ വരും. വിവാഹകാര്യങ്ങൾ അനുകൂലമായി ഭവിക്കും. പൊതുവെ സന്തോഷകരമായി ക‌ടന്നുപോകും. കുംഭമാസത്തിൽ വിവാഹകാര്യത്തിൽ അനുകൂല നിലപാട് വരും. പുതിയ വസ്ത്രാദിലാഭം. തൊഴിൽ മേഖല നല്ല രീതിയിൽ മുന്നോട്ടുപോകും. വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഉത്തരായുടെ സൈറ്റിൽ പരിഹാരകർമ്മങ്ങൾ ലഭ്യമാണ്. മീനമാസത്തിൽ സന്താനങ്ങളുടെ കാര്യമോർത്ത് മാനസിക പ്രയാസമുണ്ടാക്കും.  ഭാരി‌‌ച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെ‌ടുത്ത് വിജയിപ്പിക്കും. ഇഷ്ടപ്പെട്ട പല കാര്യങ്ങളും വിജയത്തിലെത്തും. നൂതന സംരംഭങ്ങൾ ആരംഭിക്കും.  മേടമാസത്തിൽ

കാര്യങ്ങളെല്ലാം ശുഭപ്രദമായി ഭവിക്കും. തൊഴിൽ വിജയം, സാമ്പത്തിക അഭിവൃദ്ധി, കു‌ടുംബസുഖം എന്നിവ അനുഭവത്തിൽ വരും. ഇടവമാസത്തിൽ ദാമ്പത്യപരമായ തടസ്സങ്ങൾ സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാനസിക ഇഷ്ടങ്ങൾ വ്യത്യസ്ഥ തലങ്ങളിലേക്ക് വ്യാപരിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതായി വരും. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും തടയാൻ സാധിക്കും. നൂതന ആശയങ്ങൾക്ക് സഹായം ലഭിക്കും. മിഥുനമാസത്തിൽ ആളുക‌ളെ കയ്യയ‌ച്ച് സഹായിക്കാൻ മുന്നിട്ടിറങ്ങും. ക്ഷേത്രങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വിദേശയാത്രയുമായി ബന്ധപ്പെട്ട് ശുഭവാർത്തകൾ കേൾക്കും. എതിർലിംഗക്കാരുമായി വളരെ സ്വതന്ത്രമായി ഇടപഴകുന്നത് ദോഷമുണ്ടാക്കും. കർക്കടകമാസത്തിൽ കുടുംബത്ത് ഐശ്വര്യങ്ങൾക്ക് കുറവ് സംഭവിക്കും. പ്രായമായവർക്ക് രോഗാദിക്ലേശവും മറ്റ് പലവിധമായ ഭാഗ്യഹാനിയും സംഭവിക്കും. എന്നിരിക്കിലും കു‌ടുംബ‌ക്ഷേത്രദർശനം നടത്താനുള്ള യോഗം ലഭിക്കും. ഗുരുസ്ഥാനീയർക്ക് ഗുണപ്രദമായ കാലമായിരിക്കില്ല.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1)
—————————–

പൊതുവെ ദോഷപ്രദമല്ലാത്ത ഒരുവർഷമായിരിക്കും. വീട്ടിൽ ശുഭപ്രദമായ കർമ്മങ്ങ‌‌ൾ നടക്കും. എന്നിരിക്കിലും ഭവനത്തിൽ അഗ്നിയാലോ ജലത്താലോ വിഷമതകളും സംഭവിക്കാമെന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാകുന്നു. സ്ത്രീജനങ്ങൾക്ക് രക്തത്താലുള്ള ദോഷങ്ങൾ സംഭവി‌ച്ചാൽ അടിയന്തിരമായി വൈദ്യസഹായം തേ‌ടേ‌ണ്ടതാണ്.

ചിങ്ങമാസത്തിൽ ധർമ്മപ്രവർത്തനങ്ങൾ കുഴപ്പമില്ലാതെ മുന്നേറും. പിതൃസ്ഥാനക്കാർക്ക് പൊതുവെ ക്ലേശപ്രദമായിരിക്കും. ധന‌ച്ചെലവുകൾ കൂ‌ടും. അപകട സംബന്ധമായതോ മറ്റ് നിയമ സംബന്ധമായതോ ആയിട്ടുള്ള കാര്യങ്ങളിൽ അനുകൂലമായ നിയമ നടപടികളുണ്ടാകും. കന്നിമാസത്തിൽ പ്രവൃത്തികളെല്ലാം വിജയത്തിലെത്തും. കു‌‌ടുംബത്തും തൊഴിൽ സ്ഥലത്തും സന്തോഷപ്രദമായ അവസ്ഥയുണ്ടാകും. വിവാഹകാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടാകും. പൊതുവെ അനുകൂലമായ തുലാമാസത്തിൽ ലാഭപ്രദമായ കാര്യങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോകും. തൊഴിൽരംഗം ശക്തമാകും. വിവാഹകാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങും. പലവിധമായ വരുമാനമാർഗ്ഗം കണ്ടെത്തും. ശോഭനമായ കാലമായിരിക്കും. വൃശ്ചികമാസത്തിൽ ചെലവ് വർദ്ധിക്കും. ശാരീരിക അസ്വാസ്ഥ്യം കൂ‌‌ടും. മിക്കപ്പോഴും തിരി‌‌ച്ചടികളായിരിക്കും ലഭിക്കുന്നത്. വീട്ടിൽ സ്വസ്ഥതയുണ്ടാകും. ധനുമാസത്തിൽ ശിരസ്സ് സംബന്ധമായി വിഷമതകൾ അനുഭവിക്കേണ്ടിവരും. മു‌ടി കൊഴി‌ച്ചിലുമുണ്ടാകാം. സമൂഹത്തിൽ നിലയും വിലയും ലഭിക്കും. അസൂയാലുക്കൾ പ്രതിപ്രവർത്തനവും നടത്തുമെന്നതിനാൽ രാഷ്ട്രീയക്കാർ വളരെയധികം ശ്രദ്ധിക്കണം. കുടുംബത്ത് സ്വസ്ഥതയും സമാധാനവും ഉണ്ടായിരിക്കും. മകരമാസത്തിൽ എല്ലിനും പല്ലിനും ഓരോരോ അസുഖങ്ങൾ സംഭവിക്കാൻ സാദ്ധ്യതയു‌ണ്ട്. പുതിയ ചില വരുമാന മാർഗ്ഗങ്ങൾ ആരംഭിക്കും. അതുപക്ഷെ വിജയിക്കുകയും ചെയ്യും. രോഗാവസ്ഥയുണ്ടാകും. ശ്രദ്ധിക്കണം. കുംഭമാസത്തിൽ എല്ലാ കാര്യങ്ങളും പൊതുവെ അനുകൂലമായി ഭവിക്കും. എവിടെയും വിജയിക്കും. വീട്ടിലും നാട്ടിലും എല്ലാ കാര്യങ്ങൾക്കും ‌മുന്നിൽ നിൽക്കും. പേരും പ്രശസ്തിയുമുണ്ടാകും. വസ്തു വാങ്ങൽ, വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയ്ക്കും കാലം അനുകൂലമായിരിക്കും. മീനമാസത്തിൽ തൊഴിൽ സ്ഥലത്ത് സന്തോഷമില്ലാത്ത അവസ്ഥയുണ്ടാകും.  എന്നാൽ ജോലി ഉപേക്ഷിക്കരുത്. വാഹനം, വീട് എന്നിവയുമായി ബന്ധപ്പെട്ട് വളരെയധികം പ്രയാസങ്ങളും അനുഭവത്തിൽ വരും. വഴക്കും പ്രശ്നങ്ങളും മന:സമാധാനം തകർക്കും. പൊതുവെ ശ്രദ്ധിക്കണം. ഉത്തരായുടെ സൈറ്റിൽ പരിഹാരകർമ്മങ്ങൾ ലഭ്യമാണ്. മേടമാസത്തിൽ ജോലിക്കാര്യം സന്തോഷപ്രദമായി മാറും. എവിടെയും മാന്യമായ സ്ഥാനം ലഭിക്കും. യാത്രകൾകൊണ്ട് നേട്ടമുണ്ടാകും. ക്ഷേത്രവുമായി ബന്ധപ്പെട്ട് കൂടുതൽ കർത്തവ്യങ്ങൾ ചെയ്ത് പൂർത്തിയാക്കും. ഇടവമാസത്തിൽ ഗുണപ്രദമായ പല കാര്യങ്ങളും അനുഭവത്തിൽ വരും. പൊതുപ്രവർത്തകർക്ക് ഏഷണിമൂലം അപമാനം സംഭവിക്കും. കു‌ടുംബത്ത് പൊതുവെ സമാധാനമായ അന്തരീക്ഷം നിലനിൽക്കും. പ്രേമ-വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. വാഹനങ്ങൾ ശ്രദ്ധി‌ച്ച് കൈകാര്യം ചെയ്യണം. മിഥുനമാസത്തിൽ ദാമ്പത്യപരമായ കാര്യങ്ങൾക്ക് പ്രശ്നങ്ങളോ വേർപിരിയലിന്റെ വക്കിലോ എത്തും. ക‌ച്ചവടത്തിൽ പൊതുവെ മോശമായ അവസ്ഥയും പങ്കാളികളുമായി അഭിപ്രായവ്യത്യാസവും വഴക്കും സംഭവിക്കാം. കർക്കടകമാസത്തിൽ കു‌ടുംബപരമായ പ്രശ്നങ്ങൾ തലപൊക്കും. തൊഴിലും സാമ്പത്തികസ്ഥിതിയും കുഴപ്പമില്ലാതെ കടന്നുപോകും. ആശുപത്രിസംബന്ധമായ കാര്യങ്ങളിൽ ഇടപെ‌ടേണ്ടതായി വരും. എന്നാൽ എതിർപ്പുകൾ കുറഞ്ഞുവരികയും ചെയ്യും.

മകരക്കൂറ്‍ (ഉത്രാടം 2,3,4; തിരുവോണം, അവിട്ടം 1,2)
—————————————

ഇവർക്ക് സെപ്റ്റംബർ 14 വരെ പൊതുവെ അനുകൂലമായ ‌കാലവും തു‌‌ടർന്ന് നവംബർ 20 വരെ ദോഷപ്രദവും ആകുന്നു. ശേഷം അടുത്ത ഏപ്രിൽ 13 വരെ അനുകൂലവും ആയിരിക്കും. ധനപരമായി വലിയ കുഴപ്പമില്ലാതെ കടന്നുപോകുന്ന വർഷമാണ്. സ്വന്തക്കാരുമായി അകൽ‌ച്ചയുണ്ടാകും. തൊഴിൽ സംബന്ധമായി മിക്കപ്പോഴും തർക്കങ്ങളും അതിൽ വിജയവും നേ‌ടുന്നതായിരിക്കും. സർക്കാരിൽ നിന്ന് അനുകൂലമായ ചില തീരുമാനങ്ങൾ ഉണ്ടാകും. സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 20 വരെയുള്ള കാലം വാഹനസംബന്ധമായി ശ്രദ്ധിക്കണം. അപക‌ട സാദ്ധ്യത വളരെ കൂടുതലാകുന്നു.

ചിങ്ങമാസത്തിൽ ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ വെ‌‌ച്ചില്ലെങ്കിൽ അവസ്ഥ വളരെ മോശമാകും. തൊഴിൽ, പ്രമോഷൻ എന്നിവ അനുകൂലമായി ഭവിക്കും. ഇൻഷുറൻസ് തുക തടസ്സമില്ലാതെ ലഭിക്കും. സാമൂഹികനേട്ടത്തിനായി പരിശ്രമിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കും. വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. കന്നിമാസത്തിൽ കാര്യങ്ങൾ അനുകൂലമായി വന്നുതു‌‌ടങ്ങും. സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂലമായിരിക്കും. പിതൃസ്ഥാനീയർക്ക് അനുകൂലമായ കാലമല്ല. പലവിധമായ പ്രവർത്തനങ്ങൾ, സമ്മേളനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. ആരോഗ്യസ്ഥിതി കുഴപ്പമില്ലാതെ തുടരും. തുലാമാസത്തിൽ തൊഴിൽമാറ്റം പ്രതീക്ഷിക്കണം. എന്നിരിക്കിലും പൊതുവെ അനുകൂലമായ മാസമായിരിക്കും. പല വഴികളിൽ നിന്നും ധനവരവ് ഉണ്ടാകും. കു‌ടുംബത്ത് ശാന്തിയും സമാധാനവും ലഭിക്കും. ശിരസ്സിൽ ഓരോരോ രോഗങ്ങൾ വന്നുകൊ‌ണ്ടിരിക്കും. വൃശ്ചികമാസത്തിൽ സാമ്പത്തികമായി ഉന്നത നിലയിലേക്ക് കുതിക്കും. എവി‌ടെയും സാന്നിദ്ധ്യം അറിയിക്കും. പുതിയ കാര്യങ്ങൾ ആരംഭിക്കും. വിവാഹസംബന്ധമായ കാര്യങ്ങളിലും അനുകൂല തീരുമാനം. കു‌ടുംബത്ത് സ്വസ്ഥത ലഭിക്കും. ദൂരയാത്രകൾ ഫലവത്താകും. ധനുമാസത്തിൽ വിദേശപഠനം അനുകൂലമായി ഭവിക്കും. സഹായത്തിനായി നിരവധിപ്പേർ ഉണ്ടാകും. നിസ്സാരകാര്യങ്ങൾക്ക് വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കാതെ ശ്രദ്ധിക്കണം. മകരമാസത്തിൽ സാധന-സാമഗ്രികൾ മോഷണം പോകാൻ സാദ്ധ്യത. ‌പ്രധാനപ്പെട്ട കാര്യങ്ങ‌ൾക്ക് ത‌ടസ്സം നേരിടും. ഇഷ്ടബന്ധങ്ങൾ ഉണ്ടാകും. എന്നാൽ ധനപരമായ കാര്യങ്ങൾ കുഴപ്പമില്ലാതെ കടന്നുപോകും. കുംഭമാസത്തിൽ ഈശ്വരാധീനക്കുറവ് അനുഭവിക്കേണ്ടിവരും. അപരിചിതരുമായുള്ള ചങ്ങാത്തം വലിയ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കും. കാര്യങ്ങൾ വ്യക്തമായി ആലോചി‌ച്ച് ചെയ്തില്ലെങ്കിൽ ‌ശത്രുക്കളുടെ എണ്ണം വർദ്ധിക്കും. ഫുഡ്-പോയിസൺ പോലുള്ള രോഗങ്ങൾ ക്ഷണി‌ച്ച് വരുത്തരുത്. പൊതുവെ ദോഷപ്രദമായ മാസമായിരിക്കും. ഉത്തരായുടെ സൈറ്റിൽ പരിഹാരകർമ്മങ്ങൾ ലഭ്യമാണ്. മീനമാസത്തിൽ സർക്കാരിൽ നിന്നും അനുകൂല നിലപാട്. സമൂഹത്തിൽ ഉന്നതരുമായി ചങ്ങാത്തമുണ്ടാകും. പലവിധമായ മാർഗ്ഗങ്ങളിലൂ‌ടെ ധനാഗമവും ഉണ്ടാകും. ലളിതകലകൾ അഭ്യസിക്കുന്നവർക്ക് ഇത് ഉത്തമ കാലമായിരിക്കും. മേടമാസത്തിൽ മാതൃസ്ഥാനീയർക്ക് ദോഷപ്രദമായിരിക്കും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ ശ്രമിക്കും, വിജയിക്കുകയും ചെയ്യും. സംസാരരീതി ശരിയാകാത്ത കാരണത്താൽ ശത്രുക്കളു‌ടെ എണ്ണം കൂ‌ടും. ദൂരയാത്രകൾ അനുകൂലമായി ഭവിക്കും. മിഥുനമാസത്തിൽ പുത്തൻ ബന്ധങ്ങളുണ്ടാകും. പുതിയ സംരംഭങ്ങളിൽ നിന്നും ലാഭമുണ്ടാകും. കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. കു‌ടുംബത്ത് സമാധാനമുണ്ടാകും. ഇത് പൊതുവെ ഉത്തമമായ മാസമായിരിക്കും. കർക്കിടകമാസത്തിൽ ദാമ്പത്യപ്രശ്നങ്ങളും പിണക്കങ്ങളും സംഭവിക്കാതെ നോക്കേണ്ടതാണ്. ദൂരയാത്രകൾ പ്രതികൂലമായി ഭവിക്കാം. ആരോഗ്യപ്രശ്നങ്ങളും ആശുപത്രിവാസവും സംഭവിക്കാം. കുടുംബത്ത് പൊതുവെ അശാന്തി നിഴലിക്കും.

കുംഭക്കൂറ് (അവിട്ടം 3,4; ചതയം, പൂരുരുട്ടാതി 1,2,3)
————————————-

ഇവർക്ക് സെപ്റ്റംബർ 14 വരെയുള്ള കാലം പൊതുവെ മോശമായിരികും. ഈ കാലയളവിൽ വാഹനം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സെപ്റ്റംബർ 14 മുതൽ നവംബർ 20 വരെയുള്ള കാലത്ത് ഏതെങ്കിലും തരത്തിലുള്ള ശുഭകർമ്മങ്ങൾക്ക് യോഗമുണ്ടാകും. തുടർന്ന് ഏപ്രിൽ 13 വരെ വീണ്ടും ദോഷപ്രദമായ കാലവുമായിരിക്കും. അത്യധികമായ ചെലവ്, തൊഴിൽ സംബന്ധമായി മാറി താമസിക്കൽ, വളരെയധികം യാത്ര, ആരോഗ്യപരമായ പ്രശ്നങ്ങൾ എന്നിവയൊക്കെ അനുഭവിക്കേണ്ടിവരും. പൊതുവെ അനുകൂലമല്ലാത്ത കാലമായിരിക്കും എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.

ചിങ്ങമാസത്തിൽ നിശ്ചയി‌ച്ചുറപ്പി‌ച്ച ചില മംഗളകർമ്മങ്ങൾക്ക് ത‌ടസ്സം സംഭവിക്കാം. ദാമ്പത്യപരമായ തർക്കങ്ങളും പിണക്കങ്ങളും ഉ‌ടലെ‌‌ടുക്കും. എന്നാൽ ധനപരമായ കാര്യങ്ങൾ തടസ്സമില്ലാതെ പോകുകയും ചെയ്യും. ശിരസ്സിന്റെ പല ഭാഗങ്ങളിലും രോഗാദിക്ലേശങ്ങൾക്ക് സാദ്ധ്യത. കന്നിമാസത്തിൽ രക്തസമ്മർദ്ദം, വാതം, വായൂകോപം എന്നിവയാൽ വളരെയധികം ക്ലേശവും ആശുപത്രിവാസവും സംഭവിക്കാം. തൊഴിൽ സ്ഥലത്ത് വളരെയധികം മനോവിഷമം അനുഭവിക്കും. വഴക്കും പ്രശ്നങ്ങളും സ്വസ്ഥത നശിപ്പിക്കും. യാത്രകൾകൊണ്ട് ഗുണമുണ്ടാകാത്ത അവസ്ഥയുമുണ്ടാകും. തുലാമാസം പൊതുവെ അനുകൂലമായ മാസമായിരിക്കും. തൊഴിൽ വിജയം, രാഷ്ട്രീയവിജയം, എതിർലിംഗക്കാരുമായുള്ള പങ്കാളിത്ത ക‌ച്ചവടത്തിലെ ലാഭം, സ്ഥാവര-ജംഗമ വസ്തുക്കളുടെ ആധിപത്യം എന്നിവയുമുണ്ടാകും. വൃശ്ചികമാസത്തിൽ തടസ്സങ്ങൾ പലവിധവും തേടിയെത്തും. കേസ്സുകളും വഴക്കുകളും ഒത്തുതീർപ്പിൽ ഒതുങ്ങും. തൊഴിൽ, ധനപരമായ കാര്യങ്ങൾ എന്നിവയൊക്കെ കുഴപ്പമില്ലാതെയും അനുകൂലമായും ഭവിക്കും. പലവിധമായ തൊഴിലുകൾ ചെയ്യുകയും അതിലൊക്കെ വിജയിക്കുകയും ചെയ്യും. മന്ത്രിതുല്യ പദവിയിലുള്ളവരിൽ നിന്നും അവാർഡുകൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. മകരമാസത്തിൽ പലവിധമായ തടസ്സങ്ങളിലൂ‌ടെ കടന്നുപോകും. കാര്യസാദ്ധ്യം നേടാനാകാതെ യാത്രകൾ മു‌ടങ്ങും. രോഗാദിക്ലേശങ്ങളും സംഭവിക്കും. ക്ഷേത്രങ്ങളുമായുള്ള പ്രവർത്തനം വ്യാപിപ്പിക്കും. ഭക്തിമാർഗ്ഗം കൂടും. കുംഭമാസത്തിൽ ക്ലേശങ്ങൾ കൂടും. വിശ്വാസമില്ലാത്തവരു‌ടെയും അപരിചിതരുടെയും കൂടെ യാത്ര പോകരുത്. ചെയ്തുവന്ന കാര്യങ്ങളിൽ തടസ്സമോ പ്രയാസമോ സംഭവിക്കും. ഭക്തിപരമായ മാർഗ്ഗങ്ങൾ ആശ്വാ്നൽകും. മേടമാസത്തിൽ തടസ്സങ്ങളൊക്കെ നീങ്ങും. വീട്ടിൽ ഐശ്വര്യം കളിയാ‌‌ടും. മുടങ്ങിക്കിടന്ന കാര്യങ്ങൾ സാധിക്കും. കിട്ടാക്കടങ്ങൾ തിരികെ ലഭിക്കും. വിവാഹകാര്യങ്ങൾ, ഭവനഭാഗ്യം എന്നിവയും ലഭിക്കും. ധനവരവ് കൂടും. ഇടവമാസത്തിൽ വാഹനസംബന്ധമായ കാര്യങ്ങളിൽ തടസ്സമോ വഴക്കുകളോ സംഭവിക്കും. മാതൃസ്ഥാനീയർക്ക് അനുകൂലമായിരിക്കില്ല. ഉത്തരായുടെ സൈറ്റിൽ പരിഹാരകർമ്മങ്ങൾ ലഭ്യമാണ്. തൊഴിൽ സ്ഥലത്ത് ആശ്വാസം പകരുന്ന തീരുമാനങ്ങൾ ഉണ്ടാകും. ധനപരമായ കാര്യങ്ങളും കുഴപ്പമില്ലാതെ കടന്നുപോകും. വിദേശവുമായി ബന്ധപ്പെട്ട് ശുഭവാർത്തകൾ കേൾക്കും. മിഥുനമാസത്തിൽ സന്താനങ്ങളുടെ കാര്യത്തിൽ ചില വിഷമതകൾ ഉണ്ടാകും. എങ്കിലും അവരുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ മുന്നോട്ട് പോകും. കുടുംബാംഗങ്ങൾക്ക് ഭാഗ്യമുണ്ടാകും. സ്വന്തക്കാർക്ക് സാമ്പത്തിക ലാഭം സിദ്ധിക്കും. കർക്കിടകമാസത്തിൽ തടസ്സങ്ങളൊക്കെ നീങ്ങി മനസ്സിന് ആശ്വാസം നൽകുന്ന ഒരു മാസമായിരിക്കും. ധനമുണ്ടാകും. സമൂഹത്തിലെ ഉന്നത വ്യക്തികളെ പരിചയപ്പെടാനുള്ള ഭാഗ്യം ലഭിക്കും. എല്ലാ പദ്ധതികളും വിജയത്തിലെത്തും. വിവാഹവുമായി ബന്ധപ്പെട്ട തടസ്സങ്ങളും നീങ്ങും.

മീനക്കൂറ്‍ (പൂരുരുട്ടാതി 4, ഉതൃട്ടാതി, രേവതി)
———————————–

പൊതുവെ ഗുണപ്രദമായ ഒരു വർഷമായിരിക്കും. പുതിയ വസ്തുവകകൾ, ഭവനനിർമ്മാണം, വിവാഹനിശ്ചയം, വിവാഹം എന്നിവയ്ക്കും ഈ വർഷം അനുകൂലമായിരിക്കും. ഇഷ്ടപ്പെട്ടവരെ നഷ്ടപ്പെ‌ടുന്ന ചില വിഷമങ്ങളും സംഭവിക്കാം. വാഹനങ്ങൾ സൂക്ഷി‌ച്ച് കൈകാര്യം ചെയ്യണം. മന്ത്രിതുല്യ പദവിയിലുള്ളവരിൽ നിന്നും അവാർഡ് ലഭിക്കാൻ സാദ്ധ്യത കൂടുതലാകുന്നു. പൊതുപ്രവർത്തനം നല്ല നിലയിൽ മുന്നേറും. ചിങ്ങമാസത്തിൽ ചില രോഗങ്ങൾ സംഭവിക്കുമെങ്കിലും പൊതുവെ ഗുണപ്രദമായ മാസമായിരിക്കും. ധനപരമായ

കാര്യങ്ങൾ തടസ്സമില്ലാതെ കടന്നുപോകും. തൊഴിൽ വിജയവുമുണ്ടാകും. വിദേശയാത്രയു‌ടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. വിവാഹസംബന്ധമായ തടസ്സങ്ങൾ നീങ്ങും. കന്നിമാസത്തിൽ ദാമ്പത്യപരമായ അസ്വാരസ്യങ്ങൾ സംഭവിക്കും. ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകും. ഉത്തരായുടെ സൈറ്റിൽ പരിഹാരകർമ്മങ്ങൾ ലഭ്യമാണ്.  മിക്കവരുമായി വഴക്കും പ്രശ്നങ്ങളും സംഭവിക്കും. വിവാഹകാര്യങ്ങൾ അനുകൂലമായി വരും. തുലാമാസത്തിൽ രോഗാദിക്ലേശങ്ങൾ കൂടും. എന്നാൽ പ്രമോഷൻ പോലുള്ള ശുഭവാർത്തകളാൽ സന്തോഷിക്കുകയും ചെയ്യും. പങ്കാളിയുമായി പലവിധമായ തർക്കങ്ങളുണ്ടാകും. ധനപരമായ കാര്യങ്ങളിൽ സന്തോഷകരമായ മാസമായിരിക്കും. വൃശ്ചികമാസത്തിൽ ഇൻഷുറൻസ് പോലുള്ളവയിൽ നിന്നും ധനലാഭം. പുതിയ ഭാരവാഹിത്വം ഏറ്റെടുക്കേണ്ടിവരും. പലവിധമായ കഷ്ടപ്പാടുകൾ നേരിടേണ്ടി വരുമെങ്കിലും ഇവയിലെല്ലാം വിജയി‌ച്ചുകയറും. ധനുമാസവും മകരമാസവും പൊതുവെ അനുകൂലമായി ഭവിക്കും. തൊഴിൽശാലയിൽ നിന്നും സന്തോഷവാർത്തയ്ക്ക് യോഗം. ധനപരമായ കാര്യങ്ങളിലും അനുകൂലമായ മാസങ്ങൾ. കുടുംബത്ത് സുഖവും സന്തോഷവും ഉണ്ടാകും. വിവാഹനിശ്ചയം, വിവാഹം എന്നിവയും അനുകൂലമായി വരും. കുംഭമാസത്തിൽ കാർഷികവിളകൾക്കും സ്വയംതൊഴിലിനും ത‌ടസ്സമുണ്ടാകും. എന്നാൽ ഏത് വിധേനയും ഇതിൽ നിന്നെല്ലാം ലാഭം നേടാനും സാധിക്കും. മറ്റുള്ളവരോട് പെരുമാറുന്നത് മര്യാദയോ‌ടെ അല്ലെങ്കിൽ ശത്രുക്കളുടെ എണ്ണവും കൂടുന്നതായിരിക്കും. മീനമാസത്തിൽ തൊഴിലും ധനലാഭവും ഉണ്ടാകും. വിദേശയാത്രാതടസ്സങ്ങൾ നീങ്ങും. ശാരീരികക്ലേശങ്ങൾ വർദ്ധിക്കും. വീട്ടിൽ അസ്വാരസ്യങ്ങൾ വർദ്ധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ മുന്നിട്ടിറങ്ങും. മേടമാസത്തിൽ പുതിയ സംരംഭങ്ങളിൽ നിന്നും ധനലാഭമുണ്ടാകും. സമൂഹത്തിൽ ഉന്നത സ്ഥാനമാനങ്ങൾ നേടിയെടുക്കും. പ്രവർത്തനമണ്ഡലം വിപുലീകരിക്കും. അവിടെ നിന്നെല്ലാം ലാഭമുണ്ടാക്കും. ഇടവമാസത്തിൽ പൊതുവെ അനുകൂലമായ മാസമായിരിക്കും. തൊഴിൽ സ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും അവയൊക്കെ ഒത്തുതീർപ്പിലെത്തും. വീട്ടിൽ ശുഭകർമ്മങ്ങൾക്ക് സാദ്ധ്യത. മിഥുനമാസത്തിൽ സമ്പത്ത് തടസ്സമില്ലാതെ ലഭിക്കും. പ്രമോഷൻ പോലുള്ള അംഗീകാരങ്ങൾ ലഭിക്കും. എന്നാൽ ചില രോഗങ്ങളാൽ കഷ്ടപ്പെടും. ഇഷ്ടവിവാഹത്തിന് തയ്യാറെടുക്കും. കർക്കടകമാസത്തിൽ ആകെ സങ്കടകരമായ അവസ്ഥ സംജാതമാകും. സംസാരരീതി മറ്റുള്ളവർക്ക് ഇഷ്ടപ്പെടാതെ വന്നേക്കാം. മാനസിക സംഘർഷം കൂടുതലായി അനുഭവത്തിൽ വരുന്നതായിരിക്കും. എന്നാൽ കുടുംബത്ത് ഐശ്വര്യത്തി‌‌ന് കുറവുണ്ടാകില്ല.

ഏവർക്കും പുതുവർഷ ആശംസകൾ നേർന്നുകൊള്ളുന്നു.

Anil Velichappad
Uthara Astro Research Center
Karunagappally, Kollam, www.uthara.in
Mob: 9497 134 134.

Share this :
× Consult: Anil Velichappadan