ഏറ്റവും വലിയ മോട്ടിവേഷൻ നടത്തി എന്നെ ഞെട്ടിച്ച രണ്ടുപേർ:
ഫായിസ് & സന്തോഷ് ജോർജ്ജ് കുളങ്ങര:
(2)
ഒരു ചെക്കൻ അവന്റെ എല്ലാ ആത്മവിശ്വാസത്തോടെയും ഒരു പൂവുണ്ടാക്കുന്ന വീഡിയോ ചിത്രീകരിക്കുന്നു. ക്ലൈമാക്സിൽ പൂവ് നിർമ്മാണം പാളിയെന്ന് കണ്ടപ്പോൾ അവൻ വളരെ സിമ്പിളായി പറഞ്ഞത് നമ്മളൊക്കെയും കണ്ടു; കേട്ടു: “ചിലർക്ക് ശര്യാവും. ചിലർക്ക് ശരിയാവൂല. എനക്ക് ശെര്യായിട്ടില്ല..”
പാളിപ്പോകുന്ന ഘട്ടം വന്നപ്പോൾ വെറുമൊരു ആറാംക്ലാസ്സുകാരൻ കയറിയിപ്പിടിച്ച ആ ആത്മവിശ്വാസവും ധൈര്യവുമുണ്ടല്ലോ. അതവന്റെ കുടുംബപാരമ്പര്യമായിരിക്കാം. നമ്മുടെ തലമുറകൾ കണ്ടും കേട്ടും പഠിച്ചുവളരേണ്ടതുതന്നെയാണ്.
(1)
സന്തോഷ് ജോർജ്ജ് കുളങ്ങര ഒരിക്കൽ വിശദീകരിച്ചു: “അമേരിക്ക സന്ദർശിക്കുന്ന സമയത്ത് എന്തിന്റെയൊക്കെയോ ചരിത്രവും മറ്റും വിശദമാക്കാനായി ആ ടീമിലുണ്ടായിരുന്ന എല്ലാരെയും ഗൈഡ് ഒരു തിയേറ്ററിൽ കൊണ്ടുപോയി. അല്പം കഴിഞ്ഞപ്പോൾ പ്രൊജക്ടർ കേടായി. അവർ ഉടനെ ടെക്‌നീഷ്യനെ വിളിച്ചുവരുത്തി. ‘ഒരു അഞ്ച് മിനിറ്റുകൊണ്ട് ശരിയാക്കാം…’ എന്ന് പറഞ്ഞു. ഓൺ ചെയ്തപ്പോൾ വീണ്ടും കംപ്ലയിന്റ്. ‘ഒരു അഞ്ച് മിനിറ്റും കൂടി നൽകൂ. ഇപ്പോൾ ശരിയാകും’ എന്നായി. വീണ്ടും ഓൺ ചെയ്തപ്പോൾ പിന്നെയും കംപ്ലയിന്റ്. അക്ഷമരായ കാണികൾ കൂകിവിളിക്കാൻ തുടങ്ങി. ചെറുപ്പക്കാരനായ, അമേരിക്കൻ ടെക്‌നീഷ്യനും ഒന്ന് അപ്‌സെറ്റായി.
എന്നാൽ അവന്റെ അപ്പോൾ കിട്ടിയ ഐഡിയയിൽ കാണികൾ വീണു. അവൻ എല്ലാവരോടുമായി ചോദിച്ചു: “ഇന്ന് ഇതിൽ എത്രപേരുടെ ബെർത്ത്ഡേ ആഘോഷിക്കാനുണ്ട്??? അവരൊന്ന് കൈപൊക്കൂ, പ്ലീസ്….” ആറേഴുപേർ കൈ ഉയർത്തി. അയാൾ അടുത്തുവന്ന് ഒരാളോട് പാട്ടുപാടി ബെർത്ത്ഡേ വിഷ് ചെയ്തു. എന്നിട്ട് പറഞ്ഞു: “ബാക്കിയുള്ളവർക്ക് നിങ്ങൾ ചെന്ന് ബെർത്ത്ഡേ വിഷ് ചെയ്യൂ… അവരൊന്ന് സന്തോഷിക്കട്ടെ. അപ്പോഴേക്കും മെഷീൻ ഞാൻ റിപ്പയർ ചെയ്യാം…” എല്ലാരും വലിയ ഉത്സാഹത്തിലായി. തിയേറ്റർ ഉത്സവപ്പറമ്പായി മാറി. ടെക്‌നീഷ്യൻ മെല്ലെ നടന്ന് പ്രൊജക്ടർ റിപ്പയറിംഗ് ആരംഭിച്ചു. മുക്കാൽ മണിക്കൂർ കൊണ്ട് അത് ശരിയായി. എല്ലാരേയും വിളിച്ച് പ്രൊജക്ടർ റെഡിയായ കാര്യം ആ യുവാവ് അറിയിച്ചു. ഗംഭീര കയ്യടിയോടെ അയാൾക്ക് കാണികൾ നന്ദി രേഖപ്പെടുത്തി.
അത് ഇവിടെ ആയിരുന്നെങ്കിലോ? ഒന്നുകിൽ കാണികൾ എന്തെങ്കിലുമെടുത്ത് അയാളെ എറിയുമായിരുന്നു. അല്ലെങ്കിൽ പരിഹസിച്ച് ഒരു പരുവമാക്കുമായിരുന്നു. ആ ടെക്‌നീഷ്യനോ? രണ്ടുനേരവും ചീറ്റിപ്പോയ ആത്മവിശ്വാസത്തെയോർത്ത് അയാൾ പൊട്ടിക്കരയുമായിരുന്നു. അല്ലെങ്കിൽ ഓടി രക്ഷപ്പെടുമായിരുന്നു.
മോട്ടിവേഷൻ നൽകുന്നവരുടെ പ്രായമോ പരിചയമോ ഒന്നും നോക്കേണ്ടതില്ല. അക്സപ്റ്റ് ചെയ്യാൻ കൊള്ളാമെങ്കിൽ ജാതിയോ മതമോ വർണ്ണമോ ഒന്നും നോക്കാതെ അതങ്ങ് എടുത്തോണ്ട് പോകുകതന്നെ ചെയ്യണം. ചെലതെങ്കിലും ശര്യാവും.
Anil Velichappadan
Uthara Astro Research Center
www.uthara.in