(Prepared By: Anil Velichappadan, Uthara Astro Research Center, Karunagappally)
വ്യാഴം രാശിമാറുന്നു.
-ഫലം, ദോഷം, പരിഹാരം, ജപമന്ത്രം-
(ലേഖനം പൂർണ്ണമായി ഉത്തരായുടെ ഫെയ്‌സ്ബുക്ക് പേജിൽ വായിക്കാൻ: https://www.facebook.com/uthara.astrology/photos/a.104245266392423/1551711231645812/?type=3&theater)
(30-06-2020 മുതൽ 20-11-2020 വരെ വീണ്ടും ധനുരാശിയിൽ)
(Prepared By: https://www.facebook.com/uthara.astrology/)
വ്യാഴഗ്രഹം: ചില പ്രത്യേക അറിവുകള്‍:
നവഗ്രഹങ്ങളില്‍ അതീവപ്രാധാന്യമുള്ള ഗ്രഹമാണ് ദേവഗുരുവായ വ്യാഴം അഥവാ ബൃഹസ്പതി. വ്യാഴത്തിന്‍റെ രാശിമാറ്റം അതിപ്രധാനമാകുന്നു. ഏതൊരാള്‍ക്കും സൂര്യനും വ്യാഴവും ശനിയും ചാരവശാല്‍ മോശമാകുകയും അതോടൊപ്പം അവരുടെ ദശാപഹാരകാലവും മോശമായി വന്നാല്‍ അത് അതീവദോഷപ്രദം തന്നെയായിരിക്കും.
എത്ര ദോഷപ്രദമായി നിന്നാലും വ്യാഴത്തിന്‍റെ ദൃഷ്ടി ‘ലക്ഷം ദോഷങ്ങളെ ഹനിക്കും’ എന്നാണ് പ്രമാണം.
പൊതുവെ ഗുണപ്രദം ആർക്കൊക്കെ?
വ്യാഴം ശുഭസ്‌ഥാനത്ത് വരികയും അതോടൊപ്പം വ്യാഴദൃഷ്ടികൂടി വരുന്നതിനാൽ താഴെപ്പറയുന്ന കൂറുകാർക്ക് ഈ വ്യാഴമാറ്റം അത്യുത്തമം ആയിരിക്കും:
1) മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം)
2) മിഥുനക്കൂര്‍ (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന്‍ പാദം)
3) ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം-ആദ്യ പാദം)
4) വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട)
ഇതില്‍ ചിങ്ങക്കൂറുകാര്‍ക്ക് (മകം, പൂരം, ഉത്രം-ആദ്യ പാദം) 24-01-2020 മുതൽ ആറില്‍ ശനിയും അത്യുത്തമസ്ഥാനത്താകയാല്‍ ഈ കാലഘട്ടം വളരെ അനുകൂലമായി ഭവിക്കും.
വ്യാഴവും ശനിയും ചാരവശാൽ അനുകൂലമായി വരികയും അതോടൊപ്പം ദശാപഹാരകാലവും അനുകൂലമായി ഭവിച്ചാല്‍ അവർക്കൊക്കെയും മഹാഭാഗ്യങ്ങള്‍ അനുഭവത്തില്‍ വരികതന്നെ ചെയ്യും.
സന്താനം, ധനം, സ്വര്‍ണ്ണം, കീര്‍ത്തി, ബന്ധുക്കള്‍, ബുദ്ധിവൈഭവം, ചൈതന്യം, സുഖം, ഈശ്വരഭക്തി, ദയ, ഭാര്യാ-ഭര്‍തൃസുഖം, സത്ഗതി, സാത്വികകര്‍മ്മം, ശുഭപ്രവൃത്തി, വടക്കുകിഴക്ക് ദിക്ക് എന്നിവയുടെ കാരകനായ ഗ്രഹമാണ് വ്യാഴം.
വ്യാഴം അനുകൂലമായാല്‍ ഇവയില്‍ നിന്നൊക്കെ സദ്‌ഫലവും പ്രതികൂലമായാല്‍ ദുഷ്ഫലവും അനുഭവിക്കേണ്ടി വരികയും ചെയ്യും.
വ്യാഴമാറ്റം ആര്‍ക്കൊക്കെ വളരെ ദോഷപ്രദം?
1) കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന്‍ പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം):
2) ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം): ഇവര്‍ക്ക് വ്യാഴവും ശനിയും ഒരുപോലെ ദോഷപ്രദമായി നില്‍ക്കുന്നതിനാല്‍ വളരെയധികം ശ്രദ്ധിക്കണം. പ്രാർത്ഥന മുടക്കരുത്.
3) മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി):
ഇവർക്ക് 24-01-2020 മുതൽ ശനി അനുകൂലമായി ഭവിക്കും. എന്നിരിക്കിലും വ്യാഴപ്രീതി വരുത്തേണ്ടതാകുന്നു.
വ്യാഴമാറ്റം ആര്‍ക്കൊക്കെ ഗുണദോഷസമ്മിശ്രം?
1) ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന്‍ പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം)
2) കര്‍ക്കിടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം)
3) തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന്‍ പാദം)
4) മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന്‍ പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം)
വ്യാഴ മൗഢ്യം:
30-06-2020 മുതൽ 20-11-2020 വരെയുള്ള കാലം വ്യാഴമൗഢ്യമില്ല.
വ്യാഴഗ്രഹം എത്ര അകലെയാണ്?
വ്യാഴം അതിചാരവും വക്രവുമൊക്കെ കഴിഞ്ഞ് ധനുരാശിയിൽ നിന്നും മകരത്തിലേക്ക് മാറുന്ന 20-11-2020 ന് ഇപ്പോഴുള്ളതിനേക്കാള്‍ വീണ്ടും 5,13,77,893 Km (5 കോടി 13 ലക്ഷത്തി 77 ആയിരത്തി 893 km) കിലോമീറ്ററിന്‍റെ കുറവുണ്ടായി 83,79,48,538 Km (83 കോടി 79 ലക്ഷത്തി 48 ആയിരത്തി 538 Km) ആയിരിക്കും.
വ്യാഴം വക്രത്തില്‍:
14-05-2020 (1195 മേടം 31) രാത്രി 8.03.36 സെക്കന്റ് മുതല്‍ അതിചാരത്താൽ മകരം രാശിയിലെത്തിയ വ്യാഴം വക്രഗതി ആരംഭിച്ച് 13-09-2020 (1196 ചിങ്ങം 28) രാവിലെ 06.17.13 ന് ധനുരാശിയിൽത്തന്നെ മൂന്നാം ദ്രേക്കാണതിന്റെ ആദ്യമെത്തി ആ വക്രഗതി അവസാനിക്കും.
സൂര്യന്‍ നില്‍ക്കുന്ന ഡിഗ്രിയില്‍ നിന്നും 116 ഡിഗ്രിയില്‍ വ്യാഴം വന്നാല്‍ വക്രഗതി ആരംഭിക്കും. ഇത് 13 ഡിഗ്രി വരെ മാത്രമേ പോകുകയുമുള്ളൂ.
വക്രഗതി വരുന്നത് ശുഭപ്രദമാണോ?
—————
ശുഭഗ്രഹങ്ങളായ വ്യാഴം, ബുധന്‍, ശുക്രന്‍ എന്നിവയുടെ വക്രഗതി ഗുണപ്രദവും എന്നാല്‍ പാപഗ്രഹങ്ങളായ ശനി, ചൊവ്വ എന്നിവയുടെ വക്രഗതി ദോഷപ്രദവും എന്ന അഭിപ്രായമാണ് ശരിയായി തോന്നുന്നത്. എന്തെന്നാല്‍ വക്രഗതിക്കാരനായ ശനി, ഉച്ചരാശിയായ തുലാത്തില്‍ നിന്നിട്ടും അതീവ ദോഷപ്രദമായ ശനിദശ അനുഭവിക്കേണ്ടിവന്നവരേയും, ലഗ്നാധിപനായ ശനി, വക്രഗതിക്കാരനായി നിന്ന ശനിദശയില്‍ വളരെയേറെ അനിഷ്ടങ്ങള്‍ സംഭവിച്ച ശനിദശക്കാരനേയും ഞങ്ങള്‍, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന് നേരിട്ടറിവുള്ളതാകുന്നു. എന്നാല്‍ വക്രഗതിക്കാരായ ശുഭഗ്രഹങ്ങളുടെ ദശയില്‍ അനുഭവഗുണങ്ങളുണ്ടായവരെയും അറിയുകയും ചെയ്യാം.
ആകയാല്‍ വക്രഗതി, വ്യാഴം, ബുധന്‍, ശുക്രന്‍ എന്നിവര്‍ക്ക് ഗുണപ്രദമാകുന്നു.
ശനി, ചൊവ്വ എന്നിവര്‍ക്ക് വക്രഗതി വന്നാല്‍ ദോഷപ്രദവുമാകുന്നു.
യഥാര്‍ത്ഥത്തില്‍ ഗ്രഹങ്ങള്‍ പിന്നിലേക്ക് സഞ്ചരിക്കുകയില്ല. ഇത് ജ്യോതിഷത്തിലെ ഒരു കണക്ക് മാത്രമാണ്. നമ്മള്‍ നോക്കിയാല്‍ അങ്ങനെയൊരു തോന്നല്‍ നമ്മുടെ കണ്ണുകള്‍ക്ക് സംഭവിക്കാവുന്ന ചിന്ത മാത്രമാണിത്. എന്നാല്‍ വക്രത്തില്‍ (പിന്നിലേക്ക്) സഞ്ചരിക്കുന്ന വ്യാഴത്തിന് ഇരട്ടിബലമുണ്ടായിരിക്കും. എന്നാല്‍ ഗ്രഹനിലയിലെ വക്രശ്ശനി ദോഷപ്രദവുമാണെന്ന് മിക്ക ജ്യോതിഷികളും വിശ്വസിച്ചുവരുന്നു. ഒമ്പതിൽ വക്രത്തിൽ നിൽക്കുന്ന ശനിയെങ്കിൽ അവർ തൊഴിലിൽ ഏറ്റവും ഉന്നതിയിൽ എത്തുകയും ചെയ്യും.
ഇവിടെ വ്യാഴത്തിന് വേഗതകൂടി ‘അതിചാരം’ സംഭവിച്ച് മുന്നിലെ രാശിയായ മകരത്തിലേക്കാണ് സഞ്ചരിച്ചത്. മകരത്തിലേക്ക് വ്യാഴം മാറിയത് 30-03-2020 (1195 മീനം 17) പുലർച്ചെ 03.55.10 സെക്കന്റിലാണ്.
അതായത്, ഒരുവർഷംകൊണ്ട് ക്രമത്തിലും വക്രത്തിലുമായി സഞ്ചരിച്ച് ധനുരാശി കടക്കേണ്ടത് ഏകദേശം അഞ്ച് മാസംകൊണ്ട് ഒരുപ്രാവശ്യം രാശി മാറുന്നു. അതിനുശേഷം വ്യാഴത്തിന് വക്രഗതി വരികയും വീണ്ടും ധനുരാശിയിലേക്ക് 30-06-2020 പുലർച്ചെ 05.20.49 സെക്കന്റിന് വരികയും ചെയ്യും. ആ വക്രഗതി 13-09-2020 രാവിലെ 06.17.13 സെക്കന്റുവരെയുണ്ടാകും. വ്യാഴത്തിന്റെ വക്രഗതിക്കാലം പൊതുവെ ശുഭപ്രദമായിരിക്കും.
വ്യാഴഗ്രഹം 12 രാശികളും പൂര്‍ത്തിയാക്കാന്‍ ഏകദേശം 11 വര്‍ഷവും 10 മാസവും 12 ദിവസവുമെടുക്കുന്നു. സാമാന്യമായി പറഞ്ഞാല്‍ 12 വര്‍ഷം അഥവാ ഒരു ‘വ്യാഴവട്ടം’. അപ്പോള്‍ ഒരു രാശിയില്‍ വ്യാഴം സ്ഥിതിചെയ്യുന്നത് ഏകദേശം ഒരുവര്‍ഷക്കാലമായിരിക്കുമല്ലോ..? ആ ഒരുവര്‍ഷക്കാലം പൂര്‍ത്തിയാകുന്നതിനുമുമ്പ് വ്യാഴം (അല്ലെങ്കില്‍ ഏതൊരു ഗ്രഹവും അതിന് പറഞ്ഞിട്ടുള്ള കാലത്തിനുമുമ്പ്) പിന്നെയുള്ള രാശിയിലേക്ക് മാറുന്നതിനെയാണ് ‘അതിചാരം’ എന്ന് പറയുന്നത്. ഇപ്രാവശ്യവും വ്യാഴത്തിന് ‘അതിചാരം’ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രാശിമാറ്റസമയത്തും വ്യാഴത്തിന് അതിചാരമുണ്ടായിരുന്നു.
‘വക്രം’, ‘അതിചാരം’ എന്നിവ വിശദമായി വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: https://www.facebook.com/uthara.astrology/photos/a.104245266392423.10966.104223383061278/783909208426022/?type=3&theater
വ്യാഴം രാശിമാറിയാല്‍ ഓരോ കൂറുകാര്‍ക്കും സംഭവിക്കാവുന്ന ഗുണം, ദോഷം എന്നിവയെക്കുറിച്ചും ദോഷപരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചും എഴുതുന്നു. ഇവിടെയുള്ള മന്ത്രങ്ങള്‍, സൂക്തങ്ങള്‍, പ്രാര്‍ത്ഥനകള്‍, ധ്യാനങ്ങള്‍ എന്നിവയില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് ഭക്തിയോടെ ജപിച്ചാല്‍ ദോഷങ്ങള്‍ കുറയുന്നതാണ്. അനുവാദമുണ്ടെങ്കിൽ ക്ഷേത്രദര്‍ശനവും ആകാം. അല്ലെങ്കില്‍ അവ രണ്ടുമാകാം.
വ്യാഴമാറ്റം: പൊതുഫലം, ദോഷം, പരിഹാരം, ജപമന്ത്രം:
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം):
ഇവര്‍ക്ക് വ്യാഴം ഒമ്പതില്‍ ഉത്തമസ്ഥാനത്താണ്. 24-01-2020 മുതൽ പത്തിൽ കണ്ടകശ്ശനിയാണല്ലോ. ആയതിനുള്ള ശനിദോഷപരിഹാരം മാത്രം ചെയ്‌താൽ മതിയാകും. പിതൃസ്‌ഥാനീയർക്ക് ഗുണദോഷപ്രദമായ കാലമായിരിക്കും. സകുടുംബമായി കുടുംബക്ഷേത്രദർശനത്തിന് യോഗം. വിദേശരാജ്യത്ത് ഇഷ്ടതൊഴിൽലാഭവും, സന്താനങ്ങളെക്കൊണ്ട് സന്തോഷം, ധനയോഗം എന്നിവയാല്‍ അനുഗ്രഹിക്കപ്പെടും. ദാമ്പത്യപരമായി സുഖവും സന്തോഷവും സംജാതമാകും. തൊഴിലില്‍ പുരോഗതി, പ്രമോഷന്‍, സാമ്പത്തികമെച്ചം എന്നിവയും അനുഭവത്തില്‍ വരുന്നതാണ്. നല്ലവരുമായുള്ള സഹവാസം, വിവാഹകാര്യങ്ങളിലും, പുതിയ ഭവനം, വസ്തു, വാഹനം എന്നിവയിലും സന്തോഷവാര്‍ത്തയ്ക്ക് യോഗം കാണുന്നു. വിദേശയാത്രയ്ക്ക് കാലം അനുകൂലമാണ്. ഈ വ്യാഴമാറ്റം ഇവർക്ക് ഭാഗ്യദായകമായിരിക്കും.
ഇവര്‍ വ്യാഴദോഷപരിഹാരങ്ങള്‍ ചെയ്യേണ്ടതില്ല. എന്നാല്‍ ശനിദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കണം.
ശനിയാഴ്ചകളില്‍ വ്രതം പിടിച്ച് ശാസ്താവിന്‍റെ ക്ഷിപ്രമന്ത്രം ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം ആയിരിക്കും.
ശാസ്താവിന്‍റെ ക്ഷിപ്രമന്ത്രം:
“ഓം നമോ ഭഗവതേ ശനൈശ്ചരായ
ക്ഷിപ്ര പ്രസാദനായ സ്വാഹാ”
*********************
ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന്‍ പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം):
ഇവര്‍ക്ക് വ്യാഴം അഷ്ടമത്തിലാകുന്നു. പൊതുവെ ദോഷപ്രദമായി പറയുമെങ്കിലും അഷ്ടമത്തിൽ വ്യാഴം സഞ്ചരിക്കുമ്പോൾ വിവാഹനിശ്ചയം, വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്കും യോഗമുണ്ടാകും. അലച്ചിലും വലച്ചിലുമുണ്ടാകും. ഭാഗ്യഹാനിയ്ക്കും സാദ്ധ്യത. രോഗവും അനിയന്ത്രിതമായ മാനസികസമ്മർദ്ദവും സംഭവിക്കും. തൊഴില്‍സ്ഥലം മാറേണ്ടതായ പല ഘട്ടങ്ങളും സംജാതമാകും. തൊഴിലിൽ തുടരാൻ കഴിയുമെങ്കിൽ അതാകും ശുഭപ്രദം. സര്‍ക്കാര്‍ ജോലിസംബന്ധമായി ചില ശുഭവാര്‍ത്തകള്‍ക്ക് യോഗം. അപ്രതീക്ഷിതമായി തൊഴില്‍ മാറ്റമുണ്ടാകും. എന്നാൽ തൊഴിലില്‍ ഉന്നതിയിലെത്തും. സകുടുംബമായുള്ള വിദേശയാത്ര സംഭവിക്കുന്നതാണ്. സാമ്പത്തിക ബാദ്ധ്യത പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വിഷമിക്കും. കുടുംബാംഗങ്ങള്‍ക്ക് ഓരോരോ അസുഖങ്ങള്‍ മാറിമാറി വന്നുകൊണ്ടിരിക്കും. കാര്യങ്ങളെല്ലാം കയ്യില്‍ നില്‍ക്കാത്ത സ്ഥിതിയുണ്ടാകും. ബന്ധുക്കള്‍ ശത്രുക്കളാകും. എന്നാല്‍ ബന്ധുക്കളല്ലാത്തവര്‍ മിത്രങ്ങളെപ്പോലെ പെരുമാറുന്നത് സന്തോഷമുണ്ടാക്കും. ശത്രുക്കള്‍ അവസരം നോക്കി ദ്രോഹിക്കും. നല്ല സൗഹൃദങ്ങള്‍ മനസ്സിന് കുളിര്‍മ്മയേകും. വഴക്കും അതുവഴിയുള്ള മാനസികപിരിമുറുക്കവും കൂടി വരാതെ പ്രത്യേകം ശ്രദ്ധിക്കണം. രോഗങ്ങളും ചെലവുകളും കൊണ്ട് മാനസികമായി തളരും. ഭാഗ്യഹാനി സംഭവിക്കുന്നതായി എപ്പോഴും ചിന്തയുണ്ടാകും. പിതൃസ്ഥാനീയര്‍ക്ക് രോഗാദിക്ലേശങ്ങള്‍ക്ക് സാദ്ധ്യത. കുടുംബത്ത് വിവാഹസംബന്ധമായി ശുഭവാര്‍ത്തകള്‍ക്ക് യോഗം.
ഇടവക്കൂറുകാർക്ക് മാത്രം 11-05-2020 മുതൽ 29-09-2020 വരെയുള്ള വക്രശ്ശനി ഗുണപ്രദമായി ഭവിക്കും. ഒമ്പതിലെ വക്രശ്ശനി പൊതുവെ തൊഴിലിൽ ഉന്നതിയിൽ എത്തിക്കാറുണ്ട്. ആകയാൽ ഈ കാലഘട്ടത്തിൽ തൊഴിലിൽ ഉന്നതിയുണ്ടാകുന്നതാണ്. എന്നാൽ വിവാഹം പോലുള്ള കാര്യങ്ങൾക്ക് തടസ്സവും സംഭവിക്കുന്നതായിരിക്കും.
മഹാവിഷ്ണുക്ഷേത്രത്തിൽ ധന്വന്തരീമന്ത്രാർച്ചന വ്യാഴാഴ്ചകളിൽ ചെയ്ത് പ്രാർത്ഥിക്കണം.
*********************
മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന്‍ പാദം):
പങ്കാളിയ്ക്ക് ശാരീരികസുഖവും ഭാഗ്യവും ലഭിക്കും. കുറെ നാളുകളായി സംഭവിച്ചുകൊണ്ടിരുന്ന കഷ്ടതകൾക്കും ക്ലേശങ്ങൾക്കും അവസാനമാകും. ഇനി ഭാഗ്യദായകമായ നാളുകളായിരിക്കും. അതീവ ഗുണപ്രദമായ കാലം. മുടങ്ങിക്കിടന്ന സകലതും പുനരാരംഭിക്കും. സര്‍വ്വൈശ്വര്യം ഫലത്തില്‍ വരും. ബന്ധുക്കളുമായുള്ള ശത്രുത കുറയും. എതിര്‍ത്ത് സംസാരിച്ചവര്‍ അനുകൂലമായി സംസാരിക്കുന്നതുകണ്ട് ഇവര്‍ ആശ്ചര്യപ്പെടും. കേസ്സുകള്‍ അനുകൂലമായി വരും. പ്രേമസാഫല്യമുണ്ടാകും. കളത്രദുരിതം മാറി, ഉത്തമദാമ്പത്യം ലഭിക്കും. വിശ്വസ്തരായ ജോലിക്കാരെ ലഭിക്കും. പണം പെരുകും. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന ദൂരെയുള്ള ചില ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. ദൂരയാത്രകൾ ഫലത്തിൽവരും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും അതിന്‍റെ വിജയത്തില്‍ ആഹ്ലാദിക്കുകയും ചെയ്യും. വിദേശതൊഴിൽ ലഭിക്കാനുള്ള തടസ്സങ്ങൾ നീങ്ങും.
വിവാഹകാര്യം, പങ്കാളിത്ത കച്ചവടം എന്നിവ ഗുണപ്രദമായി ഭവിക്കും. എന്നാല്‍ ശനിയുടെ സ്ഥിതിമൂലം ഇവർക്ക് ശാരീരികക്ലേശം വർദ്ധിക്കും. 29-09-2020 വരെയുള്ള കാലം ശാസ്താപ്രീതികർമ്മം അനുഷ്ഠിക്കണം.
ചാരവശാല്‍ ഏഴില്‍ വ്യാഴം സഞ്ചരിക്കുന്ന കാലത്ത് വ്യാഴദോഷപരിഹാരം ചെയ്യേണ്ടതില്ല. എന്നാല്‍ കണ്ടകശ്ശനിയുടെയും തുടർന്നുവരുന്ന അഷ്ടമശ്ശനിയുടെയും ദോഷപരിഹാരമായി ശാസ്താവിന്‍റെ മന്ത്രജപം ഗുണപ്രദമായി ഭവിക്കും. ശാസ്താക്ഷേത്രത്തിൽ നക്ഷത്രംതോറും നെയ്‌വിളക്ക്, ഭാഗ്യസൂക്താർച്ചന എന്നിവയും ചെയ്ത് പ്രാർത്ഥിക്കാവുന്നതാണ്.
“ഓം മണികണ്ഠായ മഹിഷീമര്‍ദ്ദനനായ
മന്ത്രതന്ത്രരൂപായ മഹാശക്തായ സര്‍വ്വാമയ
വിനാശനായ നമോ നമ:”
***************
കര്‍ക്കിടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം):
വ്യാഴം ആറിലാകുന്നു. അതോടൊപ്പം കണ്ടകശ്ശനിയുമാണ്. സൂക്ഷിക്കണം. ആറിലെ വ്യാഴം ശത്രുവര്‍ദ്ധനയുണ്ടാക്കും. രോഗവും ആശുപത്രിവാസവുമുണ്ടാക്കും. തൊഴില്‍പരമായും ശാരീരികമായും കഷ്ടതകള്‍ അനുഭവിക്കേണ്ടിവരും. തൊഴിൽ നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം. എവിടെയും തിരിച്ചടികള്‍ നേരിടും. ശത്രുക്കളുടെ എണ്ണം ദിവസംപ്രതി കൂടുന്നത് എങ്ങനെയെന്ന് അതിശയിച്ചുപോകും. രക്തബന്ധുക്കള്‍, സഹോദരങ്ങള്‍ എന്നിവരില്‍നിന്നും തിക്താനുഭവങ്ങള്‍ പ്രതീക്ഷിക്കണം. ശത്രുക്കളെ വര്‍ദ്ധിപ്പിക്കരുത്. ആശുപത്രിവാസത്തിന് സാദ്ധ്യത വളരെക്കൂടുതലാണ്. കേസുകളും വഴക്കുകളും കോടതി വ്യവഹാരവും സ്വസ്ഥത നശിപ്പിക്കും. കോടതിവഴിയുള്ള കാര്യങ്ങളെല്ലാം അവതാളത്തിലാകും. ബാങ്കുകള്‍ ജപ്തി നടപടികള്‍ ആരംഭിക്കാനായി കാത്തിരിക്കുന്നതുപോലെ തോന്നിപ്പോകുന്ന സ്ഥിതിയുണ്ടാക്കും. കൂടെനിന്നവര്‍ കാലുമാറും. രോഗാദിക്ലേശങ്ങള്‍ കൂടുതലായി അനുഭവപ്പെടും. എന്നിരിക്കിലും കുടുംബത്ത് വിവാഹം, സത്പുത്രഭാഗ്യം, മറ്റ് വിശേഷചടങ്ങുകള്‍ എന്നിവയ്ക്ക് അനുകൂലസമയവുമാകുന്നു. വസ്തു വാങ്ങല്‍, ഭവനനിര്‍മ്മാണം എന്നിവയും അനുഭവത്തിൽ വരുന്നതായിരിക്കും.
വിദേശഗുണം ലഭ്യമല്ലാത്ത അവസ്ഥ സംജാതമാകും. പുതിയ യാതൊരു സംരംഭവും ഇപ്പോള്‍ ആരംഭിക്കരുത്. മേടം, ഇടവം, കന്നി, ധനു എന്നീ മാസങ്ങള്‍ പൊതുവേ ആശ്വാസമായി അനുഭവപ്പെടും.
ദോഷപരിഹാരമായി ഗുരുവായൂരപ്പനെ ധ്യാനിച്ചുകൊണ്ട് ദിവസവും പ്രഭാതത്തില്‍ ഭാഗ്യസൂക്തം ജപിക്കുന്നതും വിഷ്ണുക്ഷേത്രത്തില്‍ നരസിംഹമന്ത്രാര്‍ച്ചന നടത്തുന്നതും അതീവ ഗുണപ്രദമാകുന്നു.
ശനിദോഷത്തിന് ശാസ്താവിന് നീരാജനം, സംവാദസൂക്ത പുഷ്‌പാഞ്ജലി എന്നിവ നക്ഷത്രംതോറും നൽകി പ്രാർത്ഥിക്കുകയും ചെയ്യണം.
ഭാഗ്യസൂക്തം:
ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ.
പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമമുത രുദ്രം ഹുവേമ.
പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ
വയം പുത്രമദിതേര്‍യ്യോ വിധര്‍ത്താ.
ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ
ചിദ്യം ഭഗം ഭക്ഷീത്യാഹ.
ഭഗ പ്രണേതര്‍ഭഗ സത്യ രാധോ ഭഗേമാം
ധിയമുദവദദന്ന: ഭഗ പ്ര ണോ ജനയ
ഗോഭിരശ്വൈര്‍ഭഗപ്രനൃഭിര്‍ നൃവന്തസ്യാമ.
ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ
ഉത മദ്ധ്യേ അഹ്നാം. ഉതോദിതാ മഘവന്‍
സൂര്‍യ്യസ്യ വയം ദേവാനാം സുമതൗ സ്യാമ.
ഭഗ ഏവ ഭഗവാന്‍ അസ്തു ദേവാസ്തേന
വയം ഭഗവന്തസ്സ്യാമ. തന്ത്വാ ഭഗ സര്‍വ്വ
ഇജ്ജോഹവീമി സ നോ ഭഗ പുര ഏതാ ഭവേഹ.
സമദ്ധ്വരായോഷസോ നമന്ത ദധിക്രാവേവ
ശുചയേ പദായ. അര്‍വ്വാചീനം വസുവിദം
ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു.
അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ
വീരവതീസ്സദമുച്ഛന്തു ഭദ്രാ:
ഘൃതം ദുഹാനാ വിശ്വത:
പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന:
യോ മാഗ്നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി.
അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു.
നരസിംഹമന്ത്രം (ശത്രുദോഷ ശമനത്തിനായി ഈ മന്ത്രം ജപിക്കാവുന്നതാണ്):
‘ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം
ഭദ്രം മൃത്യുമൃത്യും നമാമ്യഹം’
ശത്രുദോഷം നീങ്ങാനും മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കാനും നരസിംഹമന്ത്രം ജപിക്കാം. ആവശ്യമായത് അപേക്ഷിച്ചുകൊണ്ട് ജപിക്കുന്നതാണ് ഉത്തമം.
ശാസ്താവിന് നീരാജനം കത്തിച്ച് പ്രാര്‍ത്ഥിക്കുന്നതും ഉത്തമം ആകുന്നു. (നീരാജനം എന്നത് രണ്ട് നാഴിക നേരമെങ്കിലും (48 മിനിട്ട്) കത്തി നില്‍ക്കുകയും അതിന് തൊട്ടടുത്ത ദിവസം അതേ ബിംബത്തിന് യഥാശക്തി അഭിഷേകം (പാല്‍, ഇളനീര്‍, തേന്‍, പനിനീര്‍, ജലം എന്നിവയിലൊന്ന്) നടത്തുകയും ചെയ്യേണ്ടതുമാകുന്നു. ആകയാല്‍ നീരാജനം ഒരു കച്ചവടമായി കാണാത്ത ഒരു ക്ഷേത്രത്തില്‍ ഇവ ചെയ്യുന്നതായിരിക്കും നല്ലത്.
നീരാജനം കച്ചവടമായി കാണുന്ന ക്ഷേത്രങ്ങളില്‍ നാളീകേരത്തില്‍ എള്ളെണ്ണ ഒഴിക്കാതെ, എള്ളുകിഴി പേരിനുമാത്രം പാത്രത്തിലെ എണ്ണയില്‍ മുക്കിയിട്ട് നാളീകേരത്തില്‍ വെച്ച് കത്തിക്കും. ഇത് രണ്ട് മിനിറ്റുകൊണ്ട് കത്തിത്തീരുന്നതിനാല്‍ ആ നാളീകേരം മാറ്റിവെക്കും.
ഇങ്ങനെയൊക്കെ ചെയ്യുന്ന ക്ഷേത്രങ്ങള്‍ നമ്മളില്‍ പലര്‍ക്കും അറിയാവുന്നതുമാണ്. നിങ്ങള്‍ പണം മുടക്കുന്ന വഴിപാടുകളാണെങ്കില്‍ ആ നാളീകേരത്തില്‍ നിറയെ എള്ളെണ്ണ ഒഴിക്കണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവകാശവുമുള്ളതിനാല്‍ ഇങ്ങനെ ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ സധൈര്യം ചോദ്യം ചെയ്യണം)
*****************
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം-ആദ്യ പാദം)
വ്യാഴം അഞ്ചിലാണ്. വ്യാഴം ഉത്തമസ്ഥാനത്ത് വരുന്നത് ഭാഗ്യമായി കരുതണം. കുടുംബത്ത് ഉണ്ടായിരുന്ന വഴക്കുകളും ദാമ്പത്യപ്രശ്നങ്ങളും അവസാനിക്കും. നടക്കാതെ പോയ പല പദ്ധതികളും ഇപ്പോള്‍ പ്രാബല്യത്തിലാകുന്നതായിരിക്കും. അവാർഡ്, പ്രമോഷൻ, ഉന്നതവിജയം എന്നിവയ്ക്കും കാലം അനുകൂലം. വസ്തു, ഭവനം, വാഹനം എന്നിവയില്‍ ഭാഗ്യം ലഭിക്കുന്നതാണ്. സന്താനങ്ങളുടെ കാര്യത്തിൽ മാനസികപിരിമുറുക്കമുണ്ടാകും. സന്താനങ്ങളുടെ രോഗാദിക്ലേശങ്ങളില്‍ വിഷമവും സംഭവിക്കാന്‍ ന്യായം കാണുന്നു. ദാമ്പത്യബന്ധങ്ങളുടെ കാര്യത്തിൽ ഈശ്വരകൃപയാല്‍ സന്തോഷം ലഭിക്കും. വിവാഹകാര്യത്തില്‍ അനുകൂലതീരുമാനം. കുടുംബത്ത് പൊതുവേ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ വസ്തുവകകള്‍ വാങ്ങാനുള്ള അവസരവും സംജാതമാകും. വിദേശയാത്രാതടസ്സവും നീങ്ങും. വിദ്യാഭ്യാസം നല്ല നിലയില്‍ തുടരും. പരീക്ഷകളില്‍ വിജയം നേടും. തൊഴില്‍പരമായ കാര്യങ്ങളില്‍ സന്തോഷവാര്‍ത്തയ്ക്ക് യോഗം. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടും. നല്ല സൗഹൃദങ്ങള്‍, ഉത്തമ ബന്ധങ്ങള്‍ എന്നിവ മനസ്സിന് ബലം നല്‍കും. കുടുംബത്ത് പലവിധമായ ശുഭകര്‍മ്മങ്ങള്‍ക്കും സാക്ഷ്യംവഹിക്കും. ഭാഗ്യത്തിന്‍റെ ആനുകൂല്യം ലഭിക്കുകതന്നെചെയ്യും.
ഇടവം, മിഥുനം, തുലാം, മകരം മാസങ്ങള്‍ കൂടുതല്‍ ശ്രേയസ്ക്കരമായി ഭവിക്കും. ദശാപഹാരകാലവും അനുകൂലമായി വരുന്നവര്‍ക്ക് ഈ വ്യാഴമാറ്റം അത്യുത്തമം ആയിരിക്കും.
ചിങ്ങക്കൂറുകാർ ഈ വ്യാഴമാറ്റത്തിൽ പ്രത്യേക ദോഷപരിഹാരങ്ങള്‍ ചെയ്യേണ്ടതില്ല. ആവശ്യമെങ്കില്‍ ദശാപഹാരപരിഹാരങ്ങള്‍ നല്ലൊരു ജ്യോതിഷിയുടെ ഉപദേശാനുസരണം ചെയ്‌താല്‍ മതിയാകും.
കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന്‍ പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം):
ഈ വ്യാഴമാറ്റം ഏറ്റവും അനിഷ്ടപ്രദമാകുന്നത് കന്നിക്കൂറുകാർക്കാണ്. ചാരവശാല്‍ നാലിലെ വ്യാഴം പൊതുവേ ദോഷപ്രദനാകുന്നു. മാതൃസ്‌ഥാനീയർക്കും ഗുണപ്രദമായിരിക്കില്ല. അപകടങ്ങള്‍ സംഭവിക്കാന്‍ സാദ്ധ്യത കൂടുതലാകയാല്‍ വളരെയധികം ശ്രദ്ധിക്കണം.
വാഹനങ്ങളും യന്ത്രങ്ങളും കൈകാര്യം ചെയ്തുതുടങ്ങുമ്പോള്‍ ഈശ്വരഭജനം നടത്തുകതന്നെവേണം. സംശയമോ ഭയമോ ഉണ്ടായാല്‍ ഇവ കൈകാര്യം ചെയ്യാതിരിക്കണം. കുടുംബത്ത് പൊതുവേ അസ്വാരസ്യങ്ങള്‍ കടന്നുവരും. ജീവിതപ്രയാസങ്ങള്‍ തലപൊക്കും. ഏതൊക്കെ കാര്യങ്ങള്‍ പറഞ്ഞാണോ അഭിമാനിച്ചിരുന്നത് അതൊക്കെ പ്രതികൂലമായി ഭവിക്കുന്നത് വിഷമത്തോടെ തിരിച്ചറിയും. കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴാതെ ശ്രദ്ധിക്കുകയെന്നത് വളരെ ശ്രമകരമായിരിക്കും. തൊഴില്‍വിജയം നേടാനായി അത്യദ്ധ്വാനം ചെയ്യേണ്ടി വരുന്നതാണ്; തൊഴില്‍വിജയമുണ്ടാകുന്നതുമാണ്.
സാമ്പത്തിക ചെലവ് കൂടും. മുടങ്ങിക്കിടന്ന, സമ്പത്ത് ഇറക്കിയുള്ള പല പദ്ധതികളും ആലോചിക്കും. പക്ഷെ അവ വലിയ നഷ്ടത്തില്‍ കലാശിക്കും. കേസ്സുകളിലും വഴക്കുകളിലും ജാമ്യത്തിലും ഉള്‍പ്പെടുന്നത് ഒഴിവാക്കണം. ജീവിതപങ്കാളിയുടെ മാനസികപ്രയാസം കാണാനിടയാകും. ചെയ്യുന്നതെല്ലാം തകരുന്നതുകണ്ട് മനസ്സ് ആകെ അസ്വസ്ഥമാകും. കുടുംബത്ത് പലവിധ അസ്വസ്ഥതകളും സംജാതമാകും. മാതൃസ്ഥാനീയര്‍ക്ക് ദു:ഖവും മാനസികപിരിമുറുക്കവും ഉണ്ടാകുന്നതാണ്. അനാവശ്യമായ കൂട്ടുകെട്ടുകള്‍ ഇവര്‍ക്ക് തീരാദു:ഖം വരുത്തിവെക്കുകയും ചെയ്യും.
വിദ്യഭ്യാസകാര്യത്തില്‍ പുരോഗതിയുണ്ടാകും. വിദേശയാത്രയാലുള്ള തൊഴില്‍ വിജയത്തിലെത്തുന്നത് ആശ്വാസമാകും. വൃശ്ചികം, കുംഭം, മിഥുനം, കർക്കിടകം എന്നീ മാസങ്ങൾ പൊതുവെ ശോഭനമായിരിക്കും. തീര്‍ച്ചയായും ദോഷപരിഹാരം ചെയ്യേണ്ടതാണ്.
നക്ഷത്രദിവസങ്ങളില്‍ മഹാവിഷ്ണുപ്രീതി, ശാസ്താപ്രീതി എന്നിവയ്ക്കുപുറമേ പ്രഭാതത്തില്‍ ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തി പ്രാര്‍ത്ഥിക്കുകയോ അല്ലെങ്കില്‍ മൃത്യുഞ്ജയമന്ത്രം പകല്‍നേരം ഭക്തിയോടെ ജപിക്കുകയോ ചെയ്യണം.
മഹാമൃത്യുഞ്ജയ മന്ത്രം:
“ഓം ത്രയംബകം യജാമഹേ
സുഗന്ധീം പുഷ്ടി വര്‍ദ്ധനം
ഉര്‍വ്വാരുക മിവ ബന്ധനാല്‍
മൃതോര്‍മ്മുക്ഷീ യമാമൃതാത്”
മഹാവിഷ്ണുവിന് രാജഗോപാലാര്‍ച്ചന (വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാരാജഗോപാലാര്‍ച്ചന), സംവാദസൂക്താര്‍ച്ചന എന്നിവയും ശാസ്താവിന് ശാസ്തൃമന്ത്രാര്‍ച്ചനയും നക്ഷത്രദിവസങ്ങളില്‍ നല്‍കി പ്രാര്‍ത്ഥിക്കണം.
വ്യാഴാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള വ്യാഴകാലഹോരയില്‍ ഒരു പ്രാവശ്യം സൂര്യന്‍റെ നമസ്ക്കാരമന്ത്രവും തുടര്‍ന്ന്‍ ഒമ്പത് പ്രാവശ്യം വ്യാഴഗ്രഹനമസ്ക്കാരമന്ത്രവും ജപിക്കണം.
ആദിത്യന്‍റെ നമസ്ക്കാരമന്ത്രം:
“ഓം ആസത്യേന രജസാ വര്‍ത്തമാനോ
നിവേശയന്നമൃതം മര്‍ത്ത്യഞ്ച
ഹിരണ്യയേന സവിതാ രധേനാ ദേവോ
യാതി ഭുവനാ വിപശ്യന്‍
അഗ്നിം ദൂതം വൃണീമഹേ ഹോതാരം വിശ്വവേദസം
അസ്യ യജ്ഞസ്യ സുക്രതും
യേഷാമീശേ പശുപതി: പശൂനാം
ചതുഷ്പദാമുത ച ദ്വിപദാം
നിഷ്ക്രീതോയം യജ്ഞിയം ഭാഗമേതു
രായസ്പോഷാ യജമാനസ്യ സന്തു
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ആദിത്യായ നമ: ശംഭവേ നമ:”
വ്യാഴഗ്രഹ നമസ്ക്കാരമന്ത്രം:
“ഓം ബൃഹസ്പതേ അതി യദര്യോ അര്‍ഹാദ്
ദ്യുമദ്വിഭാതി ക്രമതജ്ജനേഷു
യദ്ദീദയച്ഛവസര്‍ത്തപ്രജാത
തദസ്മാസു ദ്രവിണം ധേഹി ചിത്രം
ഇന്ദ്ര മരുത്വ ഇഹ പാഹി സോമം
യഥാ ശാര്യാതെ അപിബസ്സുതസ്യ
തവ പ്രണീതി തവ ശൂര ശര്‍മ്മന്നാ
വിവാസന്തി കവയ: സുയജ്ഞാ:
ബ്രഹ്മ ജജ്ഞാനം പ്രഥമം പുരസ്താദ്വി
സീമത: സുരുചോ വേന ആവ:
സ ബുധ്നിയാ ഉപമാ അസ്യ വിഷ്ഠാ:
സതശ്ച യോനിമസതശ്ച വിവ:
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ബൃഹസ്പതേ നമ: ബ്രഹ്മണേ നമ:”
കൂടുതല്‍ ജപമന്ത്രങ്ങള്‍ക്ക്: https://uthara.in/manthram/
**********************
തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന്‍ പാദം):
വ്യാഴം മൂന്നിലാണ്. ‘മൂന്നിലെ വ്യാഴം മുറവിളി കൂട്ടും’ എന്ന് പറയാറുണ്ട്. ഭവനമോ താമസമോ തൊഴിൽസ്‌ഥലമോ മാറാന്‍ സാദ്ധ്യതയുണ്ട്. ദൂരെദേശങ്ങളിലെ തൊഴില്‍ ലഭിക്കുന്നതാണ്. മൂന്നിലെ വ്യാഴം പൊതുവെ പ്രതികൂലമായിരിക്കും. കണ്ടകശ്ശനിയുമാണ്.
എന്നാല്‍ ഇവര്‍ക്കോ കുടുംബത്തോ അടുത്ത ബന്ധുമിത്രാദികള്‍ക്കോ വിവാഹം പോലുള്ള ശുഭകര്‍മ്മങ്ങള്‍ നടക്കുന്നതുമാണ്. ആവശ്യമില്ലാത്ത സകല കാര്യങ്ങളിലും ചെന്ന് അവസാനം അബദ്ധമായെന്ന് മുറവിളി കൂട്ടുന്ന കാലമാകുന്നു. സഹോദരസ്ഥാനീയര്‍ക്ക് നല്ലകാലമായിരിക്കും. കോടതിയുമായി ബന്ധപ്പെട്ട് സമയനഷ്ടവും ധനനഷ്ടവുമുണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗവുമായി ബന്ധപ്പെട്ട് അനുകൂലമായ തീരുമാനങ്ങളുണ്ടാകും. വിവാഹസാക്ഷാത്കാരം നടക്കുന്ന കാലവും ആകുന്നു. തൊഴില്‍ മാറുന്നതിന് അനുകൂലമായ കാലമായിരിക്കില്ല, എന്നാൽ തൊഴിൽസ്‌ഥലം മാറും. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന തൊഴില്‍ തല്‍ക്കാലം തുടരുന്നതായിരിക്കും നല്ലത്. കുടുംബത്ത് മംഗളകര്‍മ്മങ്ങള്‍ നടക്കാനും ന്യായം കാണുന്നു. മൂന്നിൽ വ്യാഴം ചാരവശാൽ സഞ്ചരിക്കുന്ന കാലത്ത് വിവാഹനിശ്ചയം, വിവാഹം എന്നിവയുമുണ്ടാകും.
ദോഷപരിഹാരമായി മഹാവിഷ്ണുക്ഷേത്രത്തിലും ശാസ്താക്ഷേത്രത്തിലും ഭാഗ്യസൂക്തപുഷ്പാഞ്ജലി ചെയ്ത് പ്രാര്‍ത്ഥിക്കണം. അല്ലെങ്കില്‍ നിത്യവും പ്രഭാതങ്ങളില്‍ ഗുരുവായൂരപ്പനെയും ശാസ്താവിനെയും ധ്യാനിച്ചുകൊണ്ട് ഭാഗ്യസൂക്തം ഭക്തിയോടെ മൂന്ന് പ്രാവശ്യം ജപിക്കണം. കണ്ടകശ്ശനിക്കാലവും ആകയാൽ ശാസ്തൃഭജനവും മുടക്കരുത്.
(ഭാഗ്യസൂക്തം മുമ്പ് എഴുതിയിട്ടുളളത് നോക്കുമല്ലോ…)
——————
കൂടുതല്‍ ജപമന്ത്രങ്ങള്‍ക്ക്: https://uthara.in/manthram/
നാലില്‍ കണ്ടകശ്ശനിയുള്ള പെണ്‍കുട്ടികളുടെ മാതാവിനും കാലം പൊതുവെ അനുകൂലമായിരിക്കില്ല. ആകയാല്‍ ആ കാലയളവിൽ ശനീശ്വരഭജനം അത്യുത്തമം ആയിരിക്കും.
ശനീശ്വരശാന്തി മന്ത്രം:
“ഓം ശന്നോ ദേവീരഭിഷ്ടയ ആപോഭവന്തു പീതയേ
ശം യോരഭി സ്രവന്തു ന:
പ്രജാപതേ ന ത്വദേതാന്യന്യോ
വിശ്വാ ജാതാനി പരി താ ബഭൂവ
യത്കാമാസ്തേ ജൂഹുമസ്തന്നോ അസ്തു
വയം സ്യാമ പതയോ രയീണാം
ഇമം യമ പ്രസ്തരമാ ഹി സീദാ-
ങ്ങ്ഗിരോഭി: പിതൃഭിസ്സംവിദാന:
ആ ത്വാ മന്ത്രാ: കവിശാസ്താ വഹ-
ന്ത്വേനാ രാജന്‍ ഹവിഷാ മാദയസ്വ
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ശനൈശ്ചരായ നമ: യമായ നമ:”
മന്ത്രജപം നടത്താന്‍ അസൗകര്യമാണെങ്കില്‍ ശാസ്താക്ഷേത്രത്തില്‍ നെയ്‌വിളക്ക് നടത്തി പ്രാര്‍ത്ഥിക്കുന്നതും ശുഭപ്രദമായിരിക്കും. സ്വയം ജപിക്കുന്ന മന്ത്രങ്ങള്‍ ക്ഷിപ്രഫലം നല്‍കുമെന്ന് ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.
*****************
വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട):
വ്യാഴം രണ്ടിലാണ്. വിദ്യാവിജയവും നല്ല തൊഴിലും ലഭിക്കും. ശനിയും നല്ല സ്‌ഥാനത്താണ്. രണ്ടിലെ വ്യാഴം ഏറ്റവും നല്ല ഫലങ്ങള്‍ നല്‍കും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ ശുഭപ്രദമായി ആരംഭിച്ച് വിജയിപ്പിക്കാന്‍ സാധിക്കും. വിദേശയാത്രാതടസ്സങ്ങള്‍ നീങ്ങുന്നതാണ്. കുടുംബത്ത് ശുഭകര്‍മ്മങ്ങള്‍ നടക്കും. കഷ്ടപ്പാടുകള്‍ വിട്ടൊഴിയും. ധനപരമായി അനുകൂലമായ കാലമായിരിക്കും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും. എല്ലാം തടസ്സമില്ലാതെ ലഭിക്കും. പുതിയ നല്ല നല്ല ബന്ധങ്ങള്‍ അനുഭവത്തില്‍ വരും. വിവാഹകാര്യത്തില്‍ തീരുമാനമാകും. എന്നാല്‍ വിവാഹം നീണ്ടുപോകാനും ന്യായം കാണുന്നു. ധനം, തൊഴില്‍, പ്രമോഷന്‍, ആഹാരം, കോടതി വിജയം എന്നിവ അനുകൂലമായി വരുന്നതില്‍ അഭിമാനിക്കും.
ഇവര്‍ക്ക് വ്യാഴവും ശനിയും അതീവ ഗുണപ്രദമാകയാല്‍ ദോഷപരിഹാരങ്ങള്‍ ആവശ്യമില്ല.
******************
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം):
ഇവര്‍ക്ക് വളരെയേറെ ദോഷപ്രദമായിരിക്കും. ജന്മരാശിയില്‍ നില്‍ക്കുന്ന വ്യാഴം അനിഷ്ടപ്രദമാകുന്നു. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ ആവശ്യമായി വരുന്നതായിരിക്കും. അരമുതല്‍ കാല്‍പ്പാദം വരെയുള്ള ഭാഗത്തും രഹസ്യഭാഗങ്ങളിലും ഏതെങ്കിലുംതരത്തിലെ രോഗങ്ങൾ വരാതെ ശ്രദ്ധിക്കണം. ഏഴരശ്ശനിമാണ്. അടുത്ത വ്യാഴമാറ്റക്കാലംവരെയും വളരെയേറെ സൂക്ഷിക്കണം.
സകല ശുഭകര്‍മ്മങ്ങള്‍ക്കും തടസ്സം, ചതി, വിശ്വാസവഞ്ചന, ബന്ധനം എന്നിവപോലും സംഭവിക്കാവുന്ന കാലമാകയാല്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ കാലമല്ല. തൊഴില്‍പരമായും ആരോഗ്യപരമായും വളരെയേറെ ശ്രദ്ധിക്കേണ്ടിവരുന്നതാണ്. നിത്യവും എക്സര്‍സൈസ് ചെയ്യുന്നത് അതീവ ഗുണപ്രദമായിരിക്കും. പുതിയ വസ്തു, വാഹനം എന്നിവ വാങ്ങാന്‍ അനുകൂലസമയമല്ല. അസമയത്തെ അന്യഭവന സന്ദര്‍ശനം, യാത്ര എന്നിവ കഴിവതും ഒഴിവാക്കണം. വിദേശയാത്ര ഗുണദോഷപ്രദമായിരിക്കും. ഏറ്റവുമടുത്ത സുഹൃത്തിന്റെ ചതിയിൽപ്പെടാതെ സൂക്ഷിക്കണം. സ്വന്തം കുടുംബത്തുനിന്നും തിക്താനുഭവം ഉണ്ടാകാനും ന്യായമുണ്ട്. തീർച്ചയായും അടുത്ത വ്യാഴമാറ്റംവരെ ദോഷപരിഹാരം ചെയ്യേണ്ടതാകുന്നു.
മേടം, മിഥുനം, കർക്കിടകം, ചിങ്ങം, വൃശ്ചികം, ധനു, മകരം, മീനം എന്നീ മാസങ്ങൾ വളരെ ക്ലേശപ്രദമായിരിക്കും. ഈ മാസങ്ങളിൽ ശിവക്ഷേത്രത്തിൽ ആയൂഷ്യസൂക്തപുഷ്‌പാഞ്‌ജലി ചെയ്ത് പ്രാർത്ഥിക്കുന്നത് അത്യുത്തമം ആയിരിക്കും.
ഇവര്‍ തീര്‍ച്ചയായും വ്യാഴപ്രീതി ചെയ്യേണ്ടതാണ്. നിത്യവും മഹാവിഷ്ണുവിനെ ധ്യാനിച്ച് മൂന്ന്‍ പ്രാവശ്യം മഹാസുദര്‍ശന മാലാമന്ത്രജപം ചെയ്യുന്നത് അത്യുത്തമം. വിഷ്ണുക്ഷേത്രത്തില്‍ സുദര്‍ശനമന്ത്രാര്‍ച്ചന, നെയ്‌വിളക്ക്, പാല്‍പ്പായസം എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം.
മഹാസുദര്‍ശന മാലാമന്ത്രം:
“ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്ര യന്ത്രൌഷധാസ്ത്ര ശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേജ്വാലാപരീതായ
സര്‍വ്വദിക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ ഹും ഫള്‍”
ശാസ്താപ്രീതിക്കായി ശനീശ്വരപീഡാഹരസ്തോത്രം നിത്യവും ജപിച്ച് ശനിദോഷങ്ങള്‍ നീങ്ങാന്‍ പ്രാര്‍ത്ഥിക്കണം. ശനിയാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ശനികാലഹോരസമയത്ത് നെയ്‌വിളക്ക് കൊളുത്തി ജപിക്കുന്നത് അത്യുത്തമം.
ശനീശ്വരപീഡാഹരസ്തോത്രം:
“സൂര്യപുത്രോ ദീര്‍ഘദേഹോ
വിശാലാക്ഷ: ശിവപ്രിയ:
മന്ദചാര: പ്രസന്നാത്മാ
പീഡാം ഹരതു മേ ശനി:”
*******************
മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന്‍ പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം):
ഇവര്‍ക്ക് വ്യാഴം പന്ത്രണ്ടില്‍ സ്ഥിതിയാകയാല്‍ അത്യധികമായ ചെലവുകളാല്‍ വിഷമിക്കും. വ്യാഴം മോശമായ അവസ്ഥയുണ്ടാക്കും. മുതലുകള്‍ മോഷണം പോകാനും ന്യായമുണ്ട്. ജന്മശ്ശനിക്കാലവുമായതിനാല്‍ ദോഷം ഇരട്ടിയായി അനുഭവപ്പെടും. ദശാപഹാരകാലവും പ്രതികൂലമായി ഭവിച്ചാല്‍ ഈ കാലഘട്ടം അതീവക്ലേശപ്രദം തന്നെയായിരിക്കുമെന്ന് അനുമാനിക്കണം. ഇപ്പോള്‍ ചെയ്യുന്ന തൊഴില്‍ നഷ്ടപ്പെടുത്തിയാല്‍ രണ്ടുവര്‍ഷക്കാലം അലയേണ്ടിവരുമെന്നതിനാല്‍ തൊഴില്‍സ്ഥലത്ത് എപ്പോഴും ശ്രദ്ധയുണ്ടായിരിക്കണം. അനാവശ്യമായ യാത്രകള്‍ വേണ്ടിവരും. അങ്ങനെയും ധനനഷ്ടം സംഭവിക്കും. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന് അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് പലവിധമായ രോഗാദിക്ലേശങ്ങള്‍ സംഭവിക്കാതിരിക്കാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം.
എന്നാല്‍ ഇവര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ വിവാഹം നടക്കാവുന്ന കാലവും ആകുന്നു. വീട്, വസ്തു എന്നിവയുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങളും അതുമായി മുന്നോട്ടുപോകുകയുംചെയ്യും. ഭവനനിർമ്മാണം ഫലപ്രാപ്തിയിലെത്തും. എന്നാൽ അതുവഴി ധനനഷ്ടമുണ്ടാകാതെ ശ്രദ്ധിക്കണം. കുടുംബത്ത് വിവാഹം, സന്താനങ്ങളുടെ മംഗളകർമ്മം, ഗൃഹപ്രവേശം എന്നീ ശുഭകരമായ പല കര്‍മ്മങ്ങള്‍ നടക്കാനും സാദ്ധ്യത കൂടുതലാണ്. എന്നിരിക്കിലും പൊതുവേ മോശമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരും. ഇപ്പോഴുള്ള തൊഴില്‍ മാറാന്‍ ശ്രമിക്കുന്നത് ദോഷപ്രദമായി ഭവിക്കും.
ദോഷപരിഹാരമായി മഹാവിഷ്ണുക്ഷേത്രത്തില്‍ നെയ്‌വിളക്ക്, പാല്‍പ്പായസം, തുളസിമാല എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം. ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തവര്‍ ദിവസം മൂന്ന്‍ നേരം ഗീതാഗായത്രി ഭക്തിയോടെ ജപിക്കുന്നതും അത്യുത്തമമാകുന്നു.
ഗീതാഗായത്രി:
“സ്ഥാനേ ഹൃഷികേശ തവ പ്രകീര്‍ത്യാ
ജഗത് പ്രഹൃഷ്യത്യാനുരജ്യതേ ച
രക്ഷാംസി ഭീതാനി ദിശോ ദ്രവന്തി
സര്‍വ്വേ നമസ്യന്തി ച സിദ്ധസംഘാ:”
ശനിയാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ശനികാലഹോരസമയത്ത് നെയ്‌വിളക്ക് കൊളുത്തി ശാസ്താഭജനം, ധ്യാനം എന്നിവ നടത്തുന്നത് അത്യുത്തമം ആയിരിക്കും.
ശാസ്താവിന്‍റെ ധ്യാനം:
“ആരൂഢ: പ്രൌഢവേഗ പ്രവിജിതപവനം
തുംഗതുംഗം തുരംഗം
ചേലം നീലം വസാനം കരതലവിലസത്
കാണ്ഡകോദണ്ഡ ദണ്ഡ
രാഗദ്വേഷാദി നാനാവിധ മൃഗപടലീ
ഭീതികൃദ് ഭൂതഭര്‍ത്താ
കൂര്‍വ്വാണാഖേടലീലാം പരിലസ്തൂ
മന:കാനനേ മാമകീനേ”
******************
കുംഭക്കൂറ് (അവിട്ടം-അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി-ആദ്യ മൂന്ന്‍ പാദം):
വ്യാഴം പതിനൊന്നില്‍ അത്യുത്തമസ്ഥാനത്താണ്. “പതിനൊന്നാം വ്യാഴത്തിന് കൊടുത്തുവെക്കേണ്ട” എന്നാണ് ചൊല്ല്. നല്ല ബന്ധങ്ങളുണ്ടാകും. പണം പെരുകും. കടങ്ങള്‍ നീങ്ങും. കുറെ നാളുകളായി വന്നുഭവിച്ച സകല ദുരിതങ്ങള്‍ക്കും അവസാനമാകും. പുതിയ ഭവനമോ വാസസ്ഥലമോ കൈവശമാകാനുള്ള ഭാഗ്യം സിദ്ധിക്കും. സുഖദാമ്പത്യം ഫലത്തില്‍ വരും. മാനസികമായി സന്തോഷം അനുഭവിക്കാന്‍ യോഗമുണ്ടാകും.
ആകെയൊരു മാറ്റം പ്രതീക്ഷിക്കണം. മൂത്ത സഹോദരസ്ഥാനീയര്‍ക്ക് ഗുണപരമായ മാറ്റത്തില്‍ സന്തോഷിക്കും. ധനം വന്നുചേരും. പുതിയ ജോലിയില്‍ പ്രവേശിക്കുകയോ പ്രമോഷനോ ലഭിക്കും. വാഹനം സ്വന്തമാക്കും. വിവാഹകാര്യത്തില്‍ അനുകൂലതീരുമാനം വരും. മുടങ്ങിക്കിടന്ന പല കേസുകളും കുത്തിപ്പൊക്കി വിജയിപ്പിക്കും. രാഷ്ട്രീയമായും ഗുണമുണ്ടാക്കും. തന്നില്‍നിന്നും തട്ടിയെടുത്ത പദവികള്‍ തിരിച്ചുപിടിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കാലം അനുകൂലമായിരിക്കും. കോടതിവ്യവഹാരമുണ്ടെങ്കില്‍ വിജയം സുനിശ്ചിതമായിരിക്കും. ഭവനനിര്‍മ്മാണം, വസ്തുവകകള്‍ വാങ്ങല്‍, പുതിയ വാഹനം എന്നിവയ്ക്കും കാലം അനുകൂലം.
ഇവര്‍ക്ക് ഏഴരശ്ശനി പക്ഷെ ദോഷപ്രദമായിരിക്കും. ആയതിന് പരിഹാരമായി ശാസ്താപ്രീതികർമ്മങ്ങൾ ചെയ്‌താൽ മതിയാകും.
ശനിദോഷനിവാരണത്തിനായി ശനിയാഴ്ചകളിൽ പ്രഭാതത്തിൽ ശാസ്താവിന്റെ ഇഷ്ടമന്ത്രം ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം.
ശാസ്താവിന്‍റെ ഇഷ്ടമന്ത്രം:
“ഓം ഹ്രീം ഹരിഹരസുതായ
രാജവാഹനായ ശത്രുനാശകായ
പുത്രലാഭായ മഹാശാസ്ത്രേ നമ:”
———————
മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി):
പത്തിലെ വ്യാഴമാണ്. ദോഷപ്രദമായിരിക്കും. “കര്‍മ്മത്തില്‍ ഗുരു, മര്‍മ്മത്തില്‍ കുരു” എന്നൊരു ചൊല്ല് തന്നെയുണ്ട്. അതായത്, കര്‍മ്മം എന്നാല്‍ പത്താംഭാവം. ഗുരു എന്നാല്‍ വ്യാഴം. മര്‍മ്മം എന്നാല്‍ ശ്വാസം നിര്‍ത്താന്‍ കഴിയുന്ന ഭാഗം. അപ്പോള്‍ ആ ചൊല്ലിന്‍റെ അര്‍ത്ഥം മനസ്സിലാകുമല്ലോ… ഗ്രഹനിലയില്‍ പത്തിലെ വ്യാഴം ശോഭനവും ചാരവശാല്‍ പത്തിലെ വ്യാഴം പരിതാപകരവും ആകുന്നു. ഇത്, ചാരവശാല്‍ പത്തിലെ വ്യാഴമാണ്.
ശനി ഇവർക്ക് ഏറ്റവും അനുകൂലമാകയാൽ കൂടുതൽ ദോഷങ്ങൾ സംഭവിക്കാതെ കടന്നുപോകുന്നതാണ്.
തൊഴില്‍തടസ്സം എടുത്തുപറയണം. തൊഴിൽസ്‌ഥലത്ത് പലവിധമായ അസ്വാരസ്യങ്ങൾ ഉടലെടുക്കും. തൊഴില്‍രംഗം ശോഭനമായിരിക്കില്ല. മേലധികാരികളുടെ അപ്രീതി കൂടിവരും. ചെയ്യുന്ന തൊഴില്‍ ഉപേക്ഷിച്ചാലോ എന്നുപോലും ചിന്തിക്കും. ജോലി നഷ്ടപ്പെട്ടാല്‍ പിന്നൊന്ന് ലഭിക്കാന്‍ കാലതാമസം വരുമെന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാകുന്നു. എന്നാല്‍ സര്‍ക്കാര്‍ തൊഴില്‍വഴി ലാഭമുണ്ടാകുകയും ചെയ്യും. കേസുകളും വഴക്കുകളും സ്വസ്ഥത നശിപ്പിക്കും. ഇവയൊക്കെ തിരിച്ചടിയുണ്ടാക്കുകയും ചെയ്യും. വഴക്കുകളില്‍ മദ്ധ്യസ്ഥത വഹിക്കുന്നതിനും കാലം അനുകൂലമായിരിക്കില്ല. ജീവിതപങ്കാളിയുടെ വരുമാനം കുറയും. ജീവിതം അതീവക്ലേശപ്രദമായി നീങ്ങുന്നതായി മനസ്സിലാകും. തീര്‍ച്ചയായും വ്യാഴദോഷപരിഹാരം ചെയ്യേണ്ടതാകുന്നു.
വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നീണ്ടുപോകും. എല്ലാ രംഗങ്ങളിലും തടസ്സം അനുഭവപ്പെടുന്നതായി ഭയപ്പെടും. ദൈവാനുഗ്രഹം നേടാനായി ശ്രമിക്കേണ്ടതാകുന്നു.
നിത്യവും വിഷ്ണുവിന്‍റെ ദ്വാദശനാമാവലിയും തുടര്‍ന്ന്‍ 9 ഉരു രാജഗോപാലമന്ത്രവും ഭക്തിയോടെ ജപിക്കണം. ധനപരമായ ഉന്നതിക്കായി അഷ്ടദശാക്ഷരീഗോപാലമന്ത്രവും ജപിക്കണം.
ദ്വാദശനാമാവലി:
“ഓം കേശവായ നമ:
ഓം നാരായണായ നമ:
ഓം മാധവായ നമ:
ഓം ഗോവിന്ദായ നമ:
ഓം വിഷ്ണവേ നമ:
ഓം മധുസൂദനായ നമ:
ഓം ത്രിവിക്രമായ നമ:
ഓം വാമനായ നമ:
ഓം ശ്രീധരായ നമ:
ഓം ഋഷികേശായ നമ:
ഓം പത്മനാഭായ നമ:
ഓം ദാമോദരായ നമ:”
————-
രാജഗോപാലമന്ത്രം:
“ഓം കൃഷ്ണ കൃഷ്ണ മഹായോഗിന്‍
ഭക്താനാം അഭയങ്കര
ഗോവിന്ദ പരമാനന്ദ
സര്‍വ്വം മേ വശമാനയ”
രാജഗോപാലമന്ത്രജപം തൊഴില്‍വിജയത്തിന് അത്യുത്തമമാകുന്നു. നിത്യവും പ്രഭാതങ്ങളില്‍ അല്ലെങ്കില്‍ വ്യാഴാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള വ്യാഴകാലഹോരയില്‍ നെയ്‌വിളക്ക് കൊളുത്തി ഗുരുവായൂരപ്പനെ ധ്യാനിച്ചുകൊണ്ട് അഷ്ടദശാക്ഷരീഗോപാലമന്ത്രം ഭക്തിയോടെ ജപിക്കുന്നത് അതീവ ഗുണപ്രദമാകുന്നു.
അഷ്ടദശാക്ഷരീഗോപാലമന്ത്രം:
“ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ സ്വാഹാ”
വ്യാഴമാറ്റവും ഫലദോഷങ്ങളും ഒരു സൂചികമാത്രമായിക്കണ്ട്, പ്രാര്‍ത്ഥനകള്‍ ഭക്തിയോടെയും കൃത്യതയോടെയും ചെയ്ത് ജീവിതവിജയം നേടാനായി പ്രാര്‍ത്ഥിച്ചുകൊണ്ട്,
അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
Visit: https://www.uthara.in/
Follow: https://www.facebook.com/anilvelichappadan
Mob: 9497 134 134, 0476-296 6666.