ഇതാണോ ഹിന്ദുവിന്റെ ഉത്സവാഘോഷം?

Share this :

ഇതാണോ ഹിന്ദുവിന്റെ ഉത്സവാഘോഷം?

 

നിത്യപൂജയുള്ള ഒരു ക്ഷേത്രത്തില്‍ വര്‍ഷംതോറും കൊടിയേറ്റ്, ഉത്സവബലി എന്നിവ നടത്തിവരാറുണ്ട്. കൊടിയേറ്റ്, കൊടിയിറക്ക് എന്നീ ദിവസങ്ങള്‍ ആ നാട്ടിലെ ജനങ്ങള്‍ പൊതുഅവധിയായി ആചരിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ടും, ദൂരെയുള്ള ബന്ധുമിത്രാദികളെ ക്ഷണിച്ച് അവര്‍ക്ക് വിശേഷപ്പെട്ട ആഹാരങ്ങളും മറ്റും നല്‍കി ആദരിച്ചുമാണ്‌ നമ്മുടെ പൂര്‍വ്വികര്‍ ഒരു ദേശത്തെ ഉത്സവം ആഘോഷിച്ചിരുന്നത്.

ഇന്ന് മിക്ക ക്ഷേത്രങ്ങളിലെയും ഉത്സവച്ചെലവ് കോടിക്കണക്കിന് രൂപയില്‍ വരെ എത്തിനില്‍ക്കുന്നു. സ്വന്തം ഗ്രാമത്തിലെ ഒരു പാവപ്പെട്ടവന്‍ ചികിത്സാചെലവിന് പിരിവെടുക്കുമ്പോഴാണ്‌ അതേ ദേശത്തിലെ മിക്ക ക്ഷേത്രഭാരവാഹികളും കോടികള്‍ പൊടിച്ച് ക്ഷേത്രത്തില്‍ ഓഫീസ്സ് സമുച്ചയം കെട്ടുന്നതും, ഉത്സവാഘോഷങ്ങള്‍ നടത്തുന്നതും. ഇതാണോ ഹിന്ദുത്വം? ഇതാണോ നാം മറ്റ് മതക്കാരെ പഠിപ്പിക്കുന്നത്?

ക്ഷേത്രങ്ങളിലെ വര്‍ഷാവര്‍ഷമുള്ള ഉത്സവാഘോഷങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ ‘സപ്താഹം’, ‘നവാഹം’, ഇതൊന്നുമല്ലെങ്കില്‍ മറ്റൊരു പേരില്‍ വേറൊരു ആഘോഷം കൂടി നടത്തിവരുന്നു. ശ്രീകൃഷ്ണന്‍ ഇല്ലാത്ത ക്ഷേത്രത്തിലെ സപ്താഹവും നമുക്ക് കേള്‍ക്കേണ്ടി വരുന്നുണ്ട്. സപ്താഹം നടത്തുന്ന ക്ഷേത്രാങ്കണത്തില്‍ ശ്രീകൃഷ്ണന്‍റെ അവതാരകഥയുടെ ഒരു ഭാഗമെങ്കിലും കേള്‍ക്കാനായി നിങ്ങള്‍ പോയിട്ടുണ്ടോ? അതോ, നിങ്ങളോ നിങ്ങളുടെ കുടുംബാംഗങ്ങളോ അന്നത്തെ അന്നദാനം കഴിക്കാനായി മാത്രമേ പോയിട്ടുള്ളോ?

നിങ്ങളുടെ ഹൃദയത്തില്‍ കൈവെച്ച് പറയൂ, ആഴ്ചയില്‍ ഒരുദിവസമെങ്കിലും ദീപാരാധന കാണാനായി കുറച്ച് പുഷ്പങ്ങളും ക്ഷേത്രത്തിലെ ഭണ്ടാരത്തിലേക്ക് രണ്ടുരൂപയുമായി നിങ്ങള്‍ നിങ്ങളുടെ ദേശത്തിലെ ക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് മുമ്പായി പോകാറുണ്ടോ? കോടികള്‍ ചെലവാക്കി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് അവിടെ സ്വന്തം ദേശത്തിലെ ആളുകള്‍ ആഴ്ചയിലൊരു ദിവസമെങ്കിലും ദര്‍ശനം നടത്തിയില്ലെങ്കില്‍, പ്രിയപ്പെട്ട ഹിന്ദു, നിങ്ങള്‍ക്ക് എവിടെയോ അപചയം സംഭവിച്ചിരിക്കുന്നു.

ലക്ഷങ്ങള്‍ ചെലവാക്കി നിങ്ങളുടെ ദേശത്തെ ഒരു രോഗിയെ ചികിത്സിക്കാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങനെയാണ് കോടിക്കണക്കിന് രൂപാ ചെലവാക്കി ക്ഷേത്രോല്‍സവം നടത്തുന്നത്? ഒരു വാഹനം വാങ്ങി, നിങ്ങളുടെ നാട്ടുകാരുടെ യാത്രാതടസ്സം മാറ്റാത്ത നിങ്ങള്‍ക്കെങ്ങനെ മണിക്കൂറുകളോളം റോഡ്‌ ബ്ലോക്ക് ചെയ്തുകൊണ്ട് ഉത്സവം ആഘോഷിക്കാന്‍ കഴിയുന്നു? സ്വന്തം ദേശത്തെ ആഘോഷത്തിന് എന്തിനാണ് നാം മറ്റ് ദേശങ്ങളിലേയും നാഷണല്‍ ഹൈവേയിലേയും പാവം യാത്രക്കാരെയും മണിക്കൂറുകളോളം നരകത്തിലാക്കുന്നത്? ഇതാണോ ഹിന്ദുവിന്‍റെ ഉത്സവാഘോഷം?

ഉത്സവാഘോഷങ്ങള്‍ക്ക് കോടികള്‍ ചെലവിടുന്ന നിങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നിങ്ങളുടെ ഗ്രാമത്തില്‍ ഒരു പൊതു ശ്മശാനം നിര്‍മ്മിച്ചിട്ടുണ്ടോ? അടിയന്തിരഘട്ടങ്ങളില്‍ ഇടപെടുന്നതിനായി ഒരു വാഹനം നിങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടോ? സമൂഹത്തിന് നന്മ ചെയ്യാതെ, ആഡംബരപൂര്‍ണ്ണമായ വമ്പന്‍ ‘ഓഫീസ്സ് സമുച്ചയം’ നിര്‍മ്മിച്ചതുകൊണ്ട് ക്ഷേത്രത്തിന്‍റെ പേരും പ്രശസ്തിയും എങ്ങനെയാണ് ഉയരുന്നത്? ശ്രീകോവിലിനേക്കാള്‍ ഉയരത്തിലുള്ള ഓഫീസ്സ് സമുച്ചയവും അതിന്‍റെ ഏറ്റവും മുകളില്‍ ( അതായത്, ശ്രീകോവിലിനും മേലെ!!! ) ക്ഷേത്രഭരണസമിതിക്കാര്‍ക്കുള്ള കക്കൂസും കുളിമുറിയും, ക്ഷേത്രത്തിന്‍റെ ഈശാനകോണില്‍ ഭക്തര്‍ക്കുള്ള കക്കൂസും നിര്‍മ്മിച്ച് ക്ഷേത്രത്തിന്‍റെ സകലവിധ ചൈതന്യവും തകര്‍ക്കുന്ന എത്രയോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിഷമത്തോടെയെങ്കിലും, നമുക്ക് കാണാന്‍ കഴിയും… ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ ഓഫീസ്സ് സമുച്ചയമുള്ള എത്രയോ ക്ഷേത്രങ്ങളാണ് നമുക്കുള്ളത്!!

വൃശ്ചികമാസത്തില്‍ 12 ദിവസം കുടില്‍കെട്ടി ഭജനം പാര്‍ത്തിരുന്നവര്‍ക്ക്, ‘സീസണ്‍’ അനുസരിച്ച് കൂടുതല്‍ പണം വാങ്ങി വലിയ കെട്ടിടങ്ങളില്‍ താമസിക്കാനുള്ള സൗകര്യവും ചില ക്ഷേത്രങ്ങളില്‍ ചെയ്തിരിക്കുന്നു. ഭജനം പാര്‍ക്കുന്നത് മിക്ക ക്ഷേത്രങ്ങളും ഏറ്റെടുത്തപ്പോള്‍ പഴയ ചില ക്ഷേത്രങ്ങള്‍ വലിയ തുക ചെലവിട്ട് പത്രത്തില്‍ പരസ്യവും നല്‍കിത്തുടങ്ങിയിരിക്കുന്നു. ഭക്തിയെ വാണിജ്യവല്ക്കരിച്ചാല്‍ അത് ദൂരവ്യാപകമായ ദോഷങ്ങളുണ്ടാക്കും.

കന്യാകുമാരി മുതല്‍ മംഗലാപുരം വരെ ലക്ഷക്കണക്കിന്‌ രൂപാ ചെലവിട്ട് ചില ക്ഷേത്രങ്ങളിലെ ഉത്സവത്തിന്‍റെ ആയിരക്കണക്കിന് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു. ഉത്സവം കഴിഞ്ഞ് ഇവയില്‍ എത്രയെണ്ണം നമ്മള്‍ തിരിച്ചെടുക്കുന്നുണ്ട്? പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നാമും അറിഞ്ഞോ അറിയാതെയോ വീണുപോകുന്നുണ്ട്. പറയൂ, ആരോടാണ് നമ്മുടെയീ മത്സരം?

കോടിക്കണക്കിന് രൂപ ചെലവില്‍ ഉത്സവം നടത്തുന്ന നമ്മള്‍ ഹിന്ദുക്കള്‍ 14 ജില്ലാ കളക്ടര്‍മാര്‍ക്കും കത്തെഴുതിയാല്‍ അവരുടെ ജില്ലകളില്‍ നിന്നും വിവാഹം നടത്താന്‍ കഴിയാത്ത പാവപ്പെട്ട ഓരോ പെണ്‍കുട്ടിയുടെങ്കിലും വിശദവിവരം നല്‍കില്ലേ? അല്ലെങ്കില്‍ അവശതയനുഭവിക്കുന്ന എത്രയോ പാവപ്പെട്ടവരുടെ വിവരം നിങ്ങള്‍ക്ക് ലഭിക്കും… ഒന്നാം ഉത്സവം മുതല്‍ പത്താം ഉത്സവം വരെ അധികമായി ചെലവാക്കുന്ന തുകകൊണ്ട് അങ്ങനെ എത്ര പെണ്‍കുട്ടികള്‍ക്ക് നല്ലൊരു ജീവിതം നിങ്ങളുടെ ക്ഷേത്രം വഴി ചെയ്തുകൊടുക്കാന്‍ കഴിയും? അല്ലെങ്കില്‍ എത്രയോ ആളുകള്‍ക്ക് ചികിത്സാസഹായം നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയും….

ചിന്തിക്കൂ… അലോസരങ്ങളൊന്നും വരാതെ സമാധാനമായി ചിന്തിക്കൂ… നിങ്ങളുടെ ക്ഷേത്രത്തിന്‍റെ പേരും സംസ്ക്കാരവും പുറംലോകം മുഴുവനും അറിയട്ടെ…. സമൂഹത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്ന നിങ്ങളും നിങ്ങളുടെ ക്ഷേത്രവുമാകും പിന്നെ, സാധാരണക്കാരന്‍റെ ഹൃദയത്തില്‍. സംശയമില്ല. ഗതാഗതം സ്തംഭിപ്പിച്ചും കോടികള്‍ അനാവശ്യമായി ചെലവാക്കിയും നമ്മള്‍ ഒന്നും നേടുകയില്ല. പൊതുസമൂഹത്തിന് ഹിന്ദു ഒരു വഴികാട്ടിയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.


Anil Velichappadan
www.facebook.com/uthara.astrology
www.uthara.
in

Share this :
× Consult: Anil Velichappadan